ലോകസിനിമയിലെ പുത്തന്‍ കാഴ്ചകളും പ്രവണതകളും ചര്‍ച്ചചെയ്ത് ഒരാഴ്ചക്കാലം ചലച്ചിത്രാസ്വാദകരുടെ മനം നിറച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനമായി. വിവിധ വിഭാഗങ്ങളിലായി വൈവിധ്യവുമാര്‍ന്ന പ്രമേയങ്ങളും പരീക്ഷണങ്ങളുമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തത പകരുന്നതായി മേളയുടെ കാഴ്ചാനുഭവം മാറി. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രം 'മാലു'വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സംവിധായകന്‍ പെഡ്രോ ഫ്രെയ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയന്‍ ചിത്രം 'മീ മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സി'ന്റെ സംവിധായകന്‍ ഫര്‍ഷാദ് ഹഷമിക്കാണ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം 'ദ ഹൈപ്പര്‍ബോറിയന്‍സ്' എന്ന ചിത്രം സ്വന്തമാക്കി.
മേളയില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈ സിനിമയുടെ തിരക്കഥയ്ക്ക് ഫാസില്‍ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി. സംവിധായിക പായല്‍ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. പായലിന്റെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്. വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാര്‍ഥ്യങ്ങളേയും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കലാമൂല്യമുള്ള സിനിമകള്‍ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തങ്ങളായ പ്രമേയങ്ങളും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ടാണ് ഇത്തവണ മേളയിലെ ചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. വ്യക്തിബന്ധങ്ങള്‍, സാമൂഹിക ജീവിതം, സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയര്‍ത്തുന്നവ എന്നിവയെല്ലാം ഇത്തവണ സിനിമകള്‍ക്ക് വിഷയമായി. യുദ്ധം, പലായനം, ആഭ്യന്തര സംഘര്‍ഷം, ചരിത്ര സംഭവങ്ങള്‍ തുടങ്ങിയവയിലേക്ക് കടന്നുചെല്ലുന്ന സിനിമകളും നിരവധിയായിരുന്നു.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഒരു നൂറ്റാണ്ടു പാരമ്പര്യമുള്ള അര്‍മേനിയന്‍ സിനിമ വിഭാഗത്തിലുള്ള ഏഴ് ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ആഭ്യന്തര യുദ്ധവും വംശഹത്യയും പലായനവുമെല്ലാം ഈ സിനിമകളില്‍ പ്രമേയമായി. മൂന്നാം ലോക സിനിമയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കുന്ന മേളയായിരുന്നു ഇത്തവണത്തേത്. ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ കഥപറയുന്ന ഐ ആം സ്റ്റില്‍ ഹിയര്‍ ആയിരുന്നു ഉദ്ഘാടന ചിത്രം.
വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ ആന്‍ ഹുയിക്ക് ഐഎഫ്എഫ്കെയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഹോങ്കോങ് സിനിമയെ അടിമുടി മാറ്റിപ്പണിത നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിയായാണ് ആന്‍ ഹുയി അറിയപ്പെടുന്നത്. തന്റെ പ്രയത്‌നങ്ങള്‍ക്കു ലഭിച്ച വലിയ അംഗീകാരമാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമെന്ന് ആന്‍ ഹുയി പറഞ്ഞു.
ഇന്ത്യന്‍ സിനിമയേയും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളേയും സമ്പന്നമാക്കിയ ശബാന ആസ്മിക്കും മേള ആദരം നല്‍കി. ചലച്ചിത്രാഭിനയ രംഗത്ത് അരനൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തോടുള്ള ആദരവായി അഞ്ചു സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരുന്നു.
ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ദി സബ്സ്റ്റന്‍സ്, അനോറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോണ്‍ക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് തുടങ്ങിയ ചിത്രങ്ങള്‍ ഐഎഫ്എഫ്കെയിലെ പ്രദര്‍ശനത്തിലും അഭിനന്ദനം നേടി. ഏറെ പ്രേക്ഷക പ്രശംസ നേടിയ മി മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്‌സ്, മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി, റിഥം ഓഫ് ദമാം, ലിന്‍ഡ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ബോഡി, കോണ്‍ക്ലേവ്, ക്വീര്‍ എന്നിവ ലോകസിനിമാ വിഭാഗത്തിലും ദ റൂം നെക്സ്റ്റ് ഡോര്‍ ഫെസ്റ്റിവല്‍, ഗ്രാന്‍ഡ് ടൂര്‍ തുടങ്ങിയ സിനിമകള്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു. മേളയിലെ പ്രധാന ആകര്‍ഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളായ അപ്പുറവും ഫെമിനിച്ചി ഫാത്തിമയും മികച്ച പ്രേക്ഷക പ്രതികരണം നേടി. റീസ്റ്റോര്‍ഡ് ക്ലാസിക്‌സ് വിഭാഗത്തില്‍ അകിരാ കുറൊസാവയുടെ സെവന്‍ സമുറായ് കാണികള്‍ക്ക് മികച്ച അനുഭവമായി.
ജാഫര്‍ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്നസ്, വനിതകളുടെ അവകാശപോരാട്ടങ്ങള്‍ പറഞ്ഞ സീഡ്‌സ് ഓഫ് ദി സേക്രഡ് ഫിഗ്, ക്വീര്‍ രാഷ്ട്രീയം പ്രമേയമായ യങ് ഹേര്‍ട്ട്സ്, എമിലിയ പരേസ്, പാരിസ്ഥിതിക വിഷയങ്ങള്‍ പറഞ്ഞ വില്ലേജ് റോക്ക് സ്റ്റാര്‍സ് -2, വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം അങ്കമ്മാള്‍, കൃഷാന്തിന്റെ സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി.
ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, 'ദ ഫീമേല്‍ ഗെയ്സ്' എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്റ്റോര്‍ഡ് ക്ളാസിക്സ് എന്നിവ മേളയുടെ പ്രത്യേകതകളായിരുന്നു. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് 'ലിറ്റററി ട്രിബ്യൂട്ട്' വിഭാഗത്തില്‍ മൂലധനം, അരനാഴികനേരം, നീലക്കുയില്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
13000 -ല്‍പരം ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയില്‍ വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തി. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും നടന്നു. ക്രൗഡ് ഫണ്ടിങ് മുതല്‍ നിര്‍മിതബുദ്ധി വരെയുള്ള ഗൗരവകരമായ വിഷയങ്ങള്‍ മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ ചര്‍ച്ചയായി. 50 ലോക ചലച്ചിത്രാചാര്യന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള 'സിനിമ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എക്‌സിബിഷന്‍ പ്രധാന വേദിയായ ടാഗോറില്‍ നടന്നു. ചലച്ചിത്രോത്സവത്തിലെ വ്യത്യസ്തമായ കലാപ്രകടനങ്ങള്‍ക്ക് മാനവീയം വീഥി വേദിയായി.
മേളയോടനുബന്ധിച്ച് മലയാള സിനിമയിലെ മണ്‍മറഞ്ഞ മഹാപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ച് നെയ്യാറ്റിന്‍കര മുതല്‍ തിരുവനന്തപുരം വരെ സ്മൃതിദീപ പ്രയാണവും നടത്തി. നെയ്യാറ്റിന്‍കരയില്‍ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്മൃതികുടീരത്തിന് മുന്നില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയിലാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്‌നേച്ചര്‍ ഫിലിം ഒരുക്കിയത്.
മലയാള സിനിമയുടെ ആദ്യകാലം മുതല്‍ തൊണ്ണൂറുകള്‍ വരെ വെള്ളിത്തിരയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ 'മറക്കില്ലൊരിക്കലും' എന്ന പരിപാടിയിലൂടെ ചലച്ചിത്ര അക്കാദമി മേളയില്‍ ആദരിച്ചു. ടി.ആര്‍. ഓമന, വഞ്ചിയൂര്‍ രാധ, വിനോദിനി, രാജശ്രീ, കെ.ആര്‍. വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുര്‍ഗ, റീന, മല്ലിക സുകുമാരന്‍, ഹേമ ചൗധരി, ഭവാനി, അനുപമ മോഹന്‍, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവരെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.
ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ഡിസംബര്‍ 23





_poster.jpg)
No comments:
Post a Comment