Wednesday, 14 May 2025

വായനയുടെ മധുരം പകര്‍ന്ന് നിയമസഭ പുസ്തകോത്സവം; മൂന്നാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം അവലോകനം

 


വായനയാണ് ലഹരിയെന്ന പ്രമേയം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവാര്‍ന്ന അനുഭവമായി മാറി. വായനക്കാരുടെയും എഴുത്തുകാരുടെയും പ്രസാധകരുടെയും സജീവ സാന്നിധ്യം കൊണ്ടും സമകാലിക വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ കൊണ്ടുമാണ് ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേള ശ്രദ്ധേയമായത്. ജനുവരി ഏഴ് മുതല്‍ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയമാണ് പുസ്തകോത്സവത്തിന് വേദിയായത്. 

സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായി മാറി. ഒന്നും രണ്ടും പതിപ്പുകളുടെ ശ്രദ്ധേയമായ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ കെ എല്‍ ഐ ബി എഫിനായി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പുസ്തകസ്‌നേഹികളും പൊതുജനങ്ങളും പുസ്തകോത്സവത്തെ ആവേശത്തോടെ ഏറ്റെടുത്തു. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നിയമസഭ ഇത്രയും ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുക്കുന്നത്.

250 സ്റ്റാളുകളിലായി 150 ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുത്ത പുസ്തകോത്സവം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചര്‍ച്ചകളും ഈ വേദികളില്‍ നടന്നു. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ജനുവരി 7 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തലസ്ഥാനത്തിന് യുനെസ്‌കോയുടെ ലോക പുസ്തക തലസ്ഥാനമാകാനുള്ള സര്‍വ്വ യോഗ്യതയുമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ലോക സാഹിത്യ നഗരമായതു പോലെ തിരുവനന്തപുരം യുനെസ്‌കോയുടെ ബുക്ക് ക്യാപിറ്റല്‍ ആകണം. ലോകത്ത് വായന മരിക്കുന്നു എന്നു കേള്‍ക്കുമ്പോഴും വായന തളിര്‍ക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങള്‍ക്കും അരാജക ചിന്തകള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പാണ് നിയമസഭ രാജ്യാന്തര പുസ്തകോത്സവമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

കേരള നിയമസഭയുടെ മാതൃകയില്‍ കര്‍ണാടക നിയമസഭയും അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കര്‍ണാടക സ്പീക്കര്‍ യു. ടി ഖാദര്‍ ഫരീദ് വ്യക്തമാക്കി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് അനുശോചനമര്‍പ്പിച്ചാണ് മൂന്നാമത് നിയമസഭാ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചത്. മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളാണ് പുസ്തകോത്സവത്തിന് പ്രധാന വേദിയായത്. അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്‌സ് കോര്‍ണര്‍, പ്രസാധകരുടെ പരിപാടികള്‍ക്കുള്ള വേദികള്‍, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉള്‍പ്പെടെ 7 വേദികളിലാണ് പരിപാടികള്‍ അരങ്ങേറിയത്.

പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, പ്രഭാഷണം, മീറ്റ് ദ ഓതര്‍, സാഹിത്യ - നാടക സംവാദം, പുസ്തക ചര്‍ച്ചകള്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, ഏകപാത്ര നാടകം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും, മാജിക് ഷോ, പപ്പറ്റ് ഷോ, വിദ്യാര്‍ത്ഥികളുടെയും നിയമസഭാ ജീവനക്കാരുടെയും കലാപരിപാടികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ എഴുപതിലധികം പരിപാടികള്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു.

പ്രഭാവര്‍മയുടെ അംഗാര നൂപുരം, ബൃന്ദാ കാരാട്ടിന്റെ ഇന്ത്യന്‍ വര്‍ഗീയ ഫാസിസവും സ്ത്രീകളും, ജി കാര്‍ത്തികേയന്റെ രാഷ്ട്രീയജീവിതം, ഡോ. ടി എം തോമസ് ഐസക്കിന്റെ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ: നിയോ ലിബറല്‍ കാലത്തെ സാമ്പത്തിക നീതി, ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ പറയാതെ വയ്യ, നജീബ് കാന്തപുരം എം.എല്‍.എയുടെ പച്ച ഇലകള്‍, പ്രൊഫ എസ് ശിവദാസ് രചിച്ച കുട്ടികള്‍ക്കായുളള 14 സാഹിത്യ രചനകള്‍ ഉള്‍പ്പെടെ നിരവധി സര്‍ഗരചനകളാണ് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തത്.

വിവിധ വിഷയങ്ങളില്‍ നടന്ന പ്രഭാഷണങ്ങള്‍ പുസ്തകോത്സവത്തിന്റെ സവിശേഷതയായിരുന്നു. ഒരു ജനാധിപത്യവാദിയുടെ ആകുലതകള്‍ എന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, എം വി ഗോവിന്ദന്‍, യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കിട്ടു. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി പി ഐ എം നേതാവ് എം. സ്വരാജും കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനും പങ്കെടുത്തു. പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തില്‍ എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി ഇളയിടവും, വായനയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും പ്രഭാഷണം നടത്തി.


മന്ത്രിമാരായ പി. രാജീവ്, കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, എഴുത്തുകാരായ എം മുകുന്ദന്‍, ടി ഡി രാമകൃഷ്ണന്‍, ബെന്യാമിന്‍, പി എഫ് മാത്യൂസ്, ഒ വി ഉഷ, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രൊഫ. ആദിത്യ മുഖര്‍ജി, പി സായ്‌നാഥ് തുടങ്ങി രാഷ്ട്രീയ സാഹിത്യ  കലാ മേഖലകളിലെ പ്രശസ്ത വ്യക്തികള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

പുസ്തകോത്സവത്തിന്റെ ഭാഗമായി വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ പങ്കുവെയ്ക്കാന്‍ പുസ്തകാസ്വാദനം, പദ്യപാരായണം, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, വനിതാ പാര്‍ലമെന്റ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

വിവിധ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകളും പുസ്തകോത്സവത്തിന് മികവേറ്റി. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാനായി കുട്ടികള്‍ക്ക് സ്റ്റുഡന്റ്‌സ് കോര്‍ണര്‍ ഒരുക്കിയിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാനും അവസരമൊരുക്കിയിരുന്നു.

സ്ത്രീശാക്തീകരണത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുസ്തക കലവറ പരിചയപ്പെടുന്നതിനും പുസ്തകങ്ങള്‍ വാങ്ങാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും മൂന്നാം പതിപ്പ് അവസരമൊരുക്കി. 

ജനുവരി 13 ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയായി. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പുസ്തകോത്സവത്തില്‍ പങ്കാളികളാക്കുമെന്നും പുസ്തക വായനയ്ക്കും പത്രവായനയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും സമാപന സമ്മേളനത്തില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2026 ജനുവരി 7 മുതല്‍ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജനുവരി 15

No comments:

Post a Comment