Saturday, 24 May 2014

ഹൗ ഓള്‍ഡ് ആര്‍ യു 


പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് ആരാണ് പരിധി നിശ്ചയിക്കുന്നത്?

ഇന്ത്യയുടെ പതിമൂന്ന് രാഷ്ട്രപതിമാരില്‍ ആകെയുള്ളത് ഒരു സ്ത്രീ. പതിനാല് പ്രധാനമന്ത്രിമാര്‍ക്കിടയിലെ സ്ത്രീ പ്രാതിനിധ്യവും ഒന്ന്. മറ്റു പ്രധാന ഔദ്യോഗിക സ്ഥാനങ്ങളുടെ സ്ഥിതിയും വേറിട്ടതല്ല. ജനസംഖ്യാ അനുപാതത്തിലും വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും വലിയ ശതമാനം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടായിരിക്കും സ്ത്രീകള്‍ ഇങ്ങനെ പിന്നോട്ടു പോകുന്നത്? സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് ആരെങ്കിലും പരിധി നിശ്ചയിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങളാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ഉത്തരവും സിനിമ തന്നെ തരുന്നുണ്ട്.
നിരുപമ എന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥയായ വീട്ടമ്മ നമുക്കു ചുറ്റിലുമുള്ള ഒരുപാട് സ്ത്രീകളുടെ പ്രതിനിധി തന്നെയാണ്. ഓഫീസിനും വീട്ടിനുളളിലും മാത്രമായി ഒതുങ്ങി (ഒതുക്കി) ഭര്‍ത്താവിനും കുട്ടികള്‍ക്കും വീടിനും വേണ്ടി ജീവിച്ച് സ്വപ്നങ്ങള്‍ കാണാന്‍ മറന്നുപോയ (?) സ്ത്രീ. തന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും മറ്റുള്ളവര്‍ നിശ്ചയിച്ച പരിധിക്കും കൂച്ചുവിലങ്ങിനും ഇടയില്‍പെട്ട് എല്ലാ ദിവസങ്ങളും ഒരുപോലെയായി മാറി, കഴിവുണ്ടായിട്ടും യാതൊരു പ്രോത്സാഹനവും ലഭിക്കാതെ വെച്ചും വിളമ്പിയും മടുത്ത് മടുപ്പ് പുറത്തുകാട്ടാതെ അത് തന്റെ കര്‍ത്തവ്യനിര്‍വഹണമാണെന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തുന്ന സ്ത്രീ...
ഒരു തള്ളോ ഓര്‍മ്മപ്പെടുത്തലോ കിട്ടിയാല്‍ ബോധപൂര്‍വ്വം മറന്നുതുടങ്ങിയ തന്റെ ഭൂതകാലത്തെയും കഴിവുകളെയും അവള്‍ ഓര്‍ത്തെടുക്കും. ഏതെങ്കിലുമൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമത്തിന്റെ പേരാണ് ജീവിതം എന്ന് ബോധ്യപ്പെടുന്ന നേരം മുതല്‍ അവളും ആലോചിച്ചു തുടങ്ങുന്നു. എന്താണ് തന്റെ ജീവിതലക്ഷ്യം?, എന്തിനാണ് താന്‍ ജീവിക്കുന്നത?, സാര്‍ഥകമാക്കേണ്ട ഒരു സ്വപ്നമെങ്കിലും തനിക്കുണ്ടോ?, അതിനു വേണ്ടിയാണോ ജീവിക്കുന്നത്? ഇവ്വിധ തോന്നലുകളെ അവളില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്താനാണ് കുടുംബവും സമൂഹവും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.
ഒരു സ്ത്രീയില്‍ സ്വപ്നവും സ്വാതന്ത്ര്യചിന്തയും ഉടലെടുത്തുകൂടാ എന്നും അത് കുടുംബത്തിനും വ്യവസ്ഥിതിക്കും ഒരേസമയം ആപത്താണെന്നും കരുതുന്നവര്‍ വീടിനോടുള്ള അവളുടെ കര്‍ത്തവ്യത്തെപ്പറ്റി സദാ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. സമൂഹം മാത്രമല്ല സാഹിത്യവും മതവും രാഷ്ട്രീയവും സിനിമയുമെല്ലാം ആ ജോലി ഏറ്റെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞാല്‍ ഒരു പെണ്ണിന്റെ ജീവിതം വീടിനകത്താണ്. ഭര്‍ത്താവും കുട്ടികളുമാണ് അവളുടെ സന്തോഷം എന്നു പറഞ്ഞുറപ്പിക്കുകയാണ് സിനിമ പോലും. ഈ ഉദാഹരണമാകട്ടെ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കുടുംബങ്ങള്‍ കണ്ട് ജനപ്രീതി നേടിയ സിനിമയില്‍ നിന്നാണെന്നതും കുടുംബങ്ങളുടെയും കുടുംബനാഥന്‍മാരുടെയും ഉള്ളിലിരിപ്പ് പുറത്തുകൊണ്ടുവരുന്നു.
സ്വപ്നങ്ങള്‍ ചെറുതും വലുതുമാകാം. അത് തെരഞ്ഞെടുക്കേണ്ടതും അതിനായി ശ്രമിക്കേണ്ടതും അവരവരുടെ സ്വാതന്ത്ര്യമാണ്. തൊട്ടടുത്ത് നമ്മള്‍ തീരെ ശ്രദ്ധിക്കാതെ പോയ ചെറിയൊരു കാര്യമാകും ചിലപ്പോള്‍ സമൂഹത്തിനും നാടിനാകെയും പ്രചോദനമാകാന്‍ പോകുന്ന ഒന്നായി മാറുന്നതെന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ സിനിമയിലുണ്ട്.
സ്വപ്നങ്ങള്‍ കൂടെത്തന്നെയുണ്ട്. അവയെ കണ്ടെത്താനും പൊടിതട്ടിയെടുക്കാനും കഴിയുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന മനുഷ്യനാകുന്നു. ആ സ്വപ്നം സാക്ഷാത്കാരമാകുമ്പോഴാണ് ജീവിച്ചിരുന്നുവെന്നതിന്റെ അടയാളപ്പെടുത്തല്‍ ഭൂമിയില്‍ അവശേഷിപ്പിച്ചു പോകാന്‍ സാധിക്കുന്നത്.
സ്വപ്നത്തെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ് അതിലേക്കെത്താനുള്ള വഴി വെട്ടിത്തെളിച്ചു കൊണ്ടിരിക്കുന്നവരുണ്ട്. മറ്റു ചിലര്‍ക്ക് ഒരു ജീവിതം മുഴുവന്‍ തിരഞ്ഞാലും സ്വന്തം സ്വപ്നത്തെ കണ്ടെത്താനാവില്ല. ഇനിയും ചിലര്‍ക്ക് വഴി കാണിക്കുന്നത് മറ്റേതെങ്കിലും വ്യക്തിയോ സംഭവമോ നിമിത്തമോ ആയിരിക്കും. അവയെ നമുക്ക് കൈത്തിരി എന്നു വിളിക്കാം. ഈ സിനിമയിലെ നിരുപമ അവസാനം പറഞ്ഞ കൂട്ടത്തിലാണ്. സ്വന്തം കഴിവുകളെ കെടുത്തിവച്ച് കുടുംബത്തിനുവേണ്ടി ജീവിക്കുന്നവള്‍. അവള്‍ക്ക് നാളം പകര്‍ന്നു കൊടുക്കാനെത്തുന്നത് കോളേജ് കാലത്തെ കൂട്ടുകാരിയാണ്. ഈ പ്രചോദനത്തില്‍ നിന്നുമാണ് നിരുപമയും സിനിമയും നമുക്കുമുന്നില്‍ വളര്‍ച്ച പ്രാപിക്കുന്നത്. സ്വന്തം കഴിവു തിരിച്ചറിയാന്‍ അവസരം ലഭിച്ചാല്‍, അതിനുവേണ്ടി പരിശ്രമിച്ചാല്‍ നിങ്ങളില്‍ തന്നെയുള്ള അത്ഭുതം മറനീക്കി പുറത്തുവരുമെന്ന് പറഞ്ഞുവച്ചാണ് സിനിമ അവസാനിക്കുന്നത്.
കുടുംബത്തിനകത്തും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ സംഭവങ്ങളുടെ പിന്തുണയില്ലാതെ തന്നെ പറയാന്‍ ശ്രമിക്കുന്നു ഹൗ ഓള്‍ഡ് ആര്‍ യു. ആരെങ്കിലുമൊക്കെ ഇടയ്ക്കുവന്ന് ഒന്നന്വേഷിക്കുമ്പോഴാണ് താനെന്ന ജീവി ഇവിടെ ജീവിക്കുന്നുണ്ടെന്ന് മനുഷ്യനു തോന്നുന്നതെന്ന് സിനിമയിലെ ഒരു സ്ത്രീ കഥാപാത്രം പറയുന്നുണ്ട്. അന്വേഷിക്കുവാന്‍ നിറയെ ആളുകളുള്ളവരും അനാഥരും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഒരു നോട്ടം, ചിരി, നല്ല വാക്ക് ഇതൊക്കെ ചേര്‍ന്നാല്‍ ജീവിതമായി എന്ന ചെറിയ വലിയ അര്‍ഥവും സിനിമ കൈമാറുന്നു.
ബോബി-സഞ്ജയ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടി വിജയിക്കുകയാണ് ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ. സ്ത്രീയുടെ പക്ഷം ചേര്‍ന്ന് കഥ പറയാന്‍ അവര്‍ തെരഞ്ഞെടുക്കുന്ന ലളിതമായ വഴികളും മുന്നോട്ടുപോകാന്‍ ഇഴചേര്‍ക്കുന്ന കണ്ണികളും ഫലപ്രദമാകുന്നു. ജൈവകൃഷിയെപ്പറ്റി ഒരു പ്രബന്ധം തന്നെ അവതരിപ്പിക്കുന്നുണ്ട് നായികാ കഥാപാത്രം. കഥാപാത്രത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഒരു മനുഷ്യന്റെ വളര്‍ച്ച കൂടി കാണിക്കാന്‍ ആ സീക്വന്‍സ് ഉപയോഗിക്കുമ്പോഴാണ് കാഴ്ചക്കാര്‍ അത് സ്വീകരിക്കുന്നതും അവര്‍ക്കു പ്രചോദകമാകുന്നതും.

സിനിമയെന്ന ആകെത്തുകയില്‍ മികച്ച ഒരു സൃഷ്ടിയല്ല ഹൗ ഓള്‍ഡ് ആര്‍ യു. പതിവു സങ്കേതങ്ങളില്‍ വിജയഘടകങ്ങള്‍ സമം ചേര്‍ത്ത് മഞ്ജുവാര്യരുടെ തിരിച്ചുവരവ് എന്ന ആകര്‍ഷകഘടകം പരമാവധി ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് സാധാരണ വീട്ടമ്മമാര്‍ക്ക് രുചിക്കുംവിധം തയ്യാറാക്കിയ ഒരു പരിചിതവിഭവമാണിത്. ദിവസവും ഭക്ഷിക്കുന്ന ഒരു ആഹാര പദാര്‍ഥത്തിന് രുചിവ്യത്യാസം വേണമെന്നില്ല. ആരുമത് ആവശ്യപ്പെടുന്നുമില്ല. വ്യത്യസ്തത വേണമെന്ന് നിബന്ധനയുള്ള തീരെ ചെറിയ പക്ഷം ഈ അടുക്കളയിലേക്ക് കയറിയില്ലെങ്കിലും തങ്ങള്‍ തയ്യാറാക്കിയത് ഭക്ഷിക്കാന്‍ വലിയൊരു ഭൂരിപക്ഷം ഉണ്ടെന്നത് നന്നായി തിരിച്ചറിയുന്നവരാണ് റോഷനും ബോബി സഞ്ജയ്മാരും. ആ ധാരണയില്‍ അവര്‍ നന്നായി വിജയിക്കുകയും ചെയ്തു. അപ്പോള്‍ മറ്റു ചില സിനിമകളുടെ കഥാപരിസരവുമായി തോന്നുന്ന സാമ്യവും തീര്‍ത്തും സ്വാഭാവികമെന്നു പറയേണ്ടിവരും.
പതിനഞ്ചു വര്‍ഷത്തിനുശേഷം മഞ്ജുവാര്യരുടെ തിരിച്ചുവരവ് എന്നതാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ഹൈലൈറ്റ്. പതിനഞ്ചുവര്‍ഷം പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു എന്നു തോന്നിപ്പിക്കും വിധമാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന് മഞ്ജുവിലൂടെ കിട്ടിയ സ്വീകരണം. ഒരുപക്ഷേ മറ്റൊരു നടിയുടെയും തിരിച്ചുവരവ്  മലയാളം ഇത്രമാത്രം വലിയൊരു ആഘോഷമാക്കിയിട്ടില്ല. വിവാഹശേഷം നടിമാര്‍ തിരിച്ച് സിനിമയിലെത്താറില്ല. അഥവാ എത്തിയാല്‍ തന്നെ പ്രേക്ഷകര്‍ അതൊട്ട് ഗൗനിക്കാറുമില്ല. മഞ്ജുവിന്റെ കാര്യത്തില്‍ മാത്രം സ്ഥിതി നേരെ മറിച്ചാണ്.

പതിനഞ്ചുവര്‍ഷം മുന്‍പ് അഭിനയം നിര്‍ത്തിപ്പോകുമ്പോള്‍ ഉള്ള സിനിമയല്ല തിരിച്ചെത്തിയപ്പോള്‍ ഇവിടെ ഉള്ളതെന്ന് മഞ്ജു മനസ്സിലാക്കി എന്നത് സിനിമയിലെ അവരുടെ പ്രകടനം കാണുമ്പോള്‍ നമുക്കും മനസ്സിലാകും. പഴയ മഞ്ജുവാകാനുള്ള ശ്രമം നടത്തിയ സീനുകളിലൊക്കെ അത് മുഴച്ചുതന്നെ നിന്നു. ആദ്യപകുതിക്കു ശേഷമാണ് മഞ്ജുവിന്റെ തിരിച്ചുവരവും സിനിമയുടെ വളര്‍ച്ചയും കാണാനാകുക. എങ്കിലും പ്രചോദനമാകുന്ന ഒരു കഥാപാത്രം, സിനിമ എന്നീ നിലകളില്‍ മഞ്ജുവിന്റെ തിരിച്ചുവരവും ഹൗ ഓള്‍ഡ് ആര്‍ യുവും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

 സ്ത്രീശബ്ദം, ജൂണ്‍

No comments:

Post a Comment