Wednesday, 28 May 2014


മഞ്ചാടിക്കുരുവുമായി ഒരു പെണ്‍കുട്ടി
അമ്മൂമ്മയുടെ കൈപിടിച്ച് വീടിനടുത്തുള്ള പറമ്പില്‍ നടക്കുമ്പോഴാണ് ആ ചുവന്ന മുത്ത് അശ്വതിക്ക് ആദ്യമായി കിട്ടിയത്. അതിനു മഞ്ചാടിക്കുരുവെന്ന നല്ലൊരു പേരുണ്ടെന്ന് കുഞ്ഞശ്വതിക്ക് അറിഞ്ഞിരുന്നില്ല. എന്തായാലും ഭംഗിയുള്ള ആ ചുവന്ന മുത്തിനോടുള്ള ചങ്ങാത്തം വിടാന്‍ അശ്വതി തയ്യാറായില്ല. ആ കൂട്ട് പതിനെട്ടാം വയസ്സിലും തുടരുന്നു.
കൗതുകമുള്ള വസ്തുക്കള്‍ ശേഖരിക്കുന്നത് പലര്‍ക്കും ഇഷ്ടമാണ്. ഓരോരുത്തരുടെയും കൗതുകം വ്യത്യസ്തമാകുമെന്നുമാത്രം. അശ്വതിയുടെ ഇഷ്ടം മഞ്ചാടിക്കുരുവിനോടാണ്. ഇപ്പോള്‍ത്തന്നെ അശ്വതിയുടെ മഞ്ചാടി ശേഖരം അര ലക്ഷം കവിഞ്ഞു.
മഞ്ചാടിക്കുരു ശേഖരിച്ച് വെറുതെ വെയ്ക്കുകയല്ല അശ്വതി ചെയ്യുന്നത്. കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞുകൊടുത്ത മഞ്ചാടിക്കുരു കൊണ്ടുള്ള പല്ലാങ്കുഴിക്കളി അശ്വതി ഇപ്പൊഴും കൂട്ടുകാരുമൊത്ത് ദിവസവും കളിക്കാറുണ്ട്. അങ്ങനെ പുതിയ തലമുറയ്ക്ക് തീരെ അപരിചിതമായ ഒരു കളി അശ്വതിയിലൂടെ നിലനില്‍ക്കുന്നു. അയല്‍പക്കത്തെ കുട്ടികളും കൂടി അശ്വതിക്കൊപ്പം കളിയില്‍ കൂടുമ്പോള്‍ പല്ലാങ്കുഴി കളിക്കാരുടെ എണ്ണം കൂടുന്നു. അങ്ങനെ അശ്വതിയും കൂട്ടുകാരും അവരറിയാതെ തന്നെ ഒരു നാടന്‍കളി വരുംതലമുറയിലേക്ക് പ്രേഷണം ചെയ്യുന്ന നിമിത്തമായി മാറുന്നു. കളികളും ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം നമ്മള്‍ ഉപയോഗിക്കുന്നതിലൂടെയാണല്ലോ അടുത്ത തലമുറയിലേക്ക് പ്രേഷണം ചെയ്യപ്പെടുക.
തിരുവല്ലത്തിനടുത്ത് മന്നംനഗറില്‍ വൃന്ദാ നിവാസില്‍ സുഗന്ധന്റെയും വൃന്ദയുടെയും മകളാണ് അശ്വതി. കരമന പോളി ടെക്‌നിക്കിലെ രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിനിയായ അശ്വതി നാടന്‍കളികളും കലകളും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കളി പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണ് അശ്വതി.


വീക്ഷണം, മെയ് 28

No comments:

Post a Comment