Saturday, 21 June 2014

20 വര്‍ഷം, 131 പുസ്തകങ്ങള്‍! 
ഗ്രേഷ്യസ് മണ്ണിനെ എഴുതുകയാണ്
ആദ്യപുസ്തകം ഇറക്കാന്‍ എളുപ്പമാണ്. രണ്ടാമത്തെ പുസ്തകം എഴുതാനാണ് പ്രയാസം എന്നു പറയാറുണ്ട്. മറ്റൊന്നുമല്ല, ആ പുസ്തകമായിരിക്കും ഒരു എഴുത്തുകാരനെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും. ഇതിവിടെ പരാമര്‍ശിച്ചത് ഗ്രേഷ്യസ് ബെഞ്ചമിനെക്കുറിച്ച് പറയാനാണ്.
ഗ്രേഷ്യസ് കൃഷിക്കാരനാണ്; കൃഷി എഴുത്തുകാരനും. ഒരു മനുഷ്യായസ്സിനേക്കാള്‍ എണ്ണം പുസ്തകം ഇതിനോടകം തന്നെ ഇയാള്‍ എഴുതിക്കഴിഞ്ഞു. ആട് മുതല്‍ ആടലോടകം വരെ, കര്‍ഷക നിഘണ്ടു, ഫലവര്‍ഗ്ഗ വിളകള്‍, പച്ചക്കറി കൃഷി, വാഴകൃഷി, തെങ്ങ് കൃഷി, മാവ് നടാം തുടങ്ങി നൂറ്റിമുപ്പത്തൊന്ന് പുസ്തകങ്ങളാണ് ഗ്രേഷ്യസിന്റെ പേരില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്.
മണ്ണിനെ അറിഞ്ഞുള്ള എഴുത്താണ് ഗ്രേഷ്യസിനെ വേറിട്ടുനിര്‍ത്തുന്നത്. നാട്ടുനന്മയും കൃഷിയും വിളകളും ഇല്ലാതാകുന്ന കാലത്ത് കൃഷി എഴുത്തിന് പ്രസക്തി ഏറെയാണ്. പേനയും തൂമ്പയും കൈകളില്‍ ഒരുപോലെ വഴങ്ങുന്ന ഗ്രേഷ്യസ് വരുംകാലത്തേക്ക് ബാക്കിവെച്ചുപോകുന്നത് ഇതു രണ്ടിന്റെയും മധുരഫലങ്ങളാണ്.
അമ്പതുകാരനായ ഗ്രേഷ്യസ് എഴുത്ത് തുടങ്ങുന്നത് 20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പിന്നീട് 131 പുസ്തകങ്ങള്‍, ഇപ്പോള്‍ പണിപ്പുരയില്‍ മൂന്നു പുസ്തകങ്ങള്‍... ഇടവേളകളില്ലാത്ത എഴുത്ത് എന്നുതന്നെ പറയാം. കാന്‍ഫെഡിനുവേണ്ടി ചെയ്ത ശിശുപരിപാലനം ആയിരുന്നു ആദ്യപുസ്തകം. കൃഷി, അക്കാദമിക് പുസ്തകങ്ങളാണ് എഴുതിയതിലേറെയും. ഡി സിയും എച്ച് ആന്റ് സിയും ലിപിയും സര്‍ക്കാര്‍ പ്രസാധകരുമുള്‍പ്പടെ കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരും ഗ്രേഷ്യസിന്റെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
കൃഷി ചെയ്യുന്നതിനൊപ്പം കൃഷിരീതികളെ തലമുറകള്‍ക്ക് പരിചയപ്പെടുത്തുക എന്ന കര്‍മ്മം കൂടിയാണ് ഗ്രേഷ്യസ് ചെയ്യുന്നത്. എഴുത്തിന്റെ തിരക്ക് കൂടിയപ്പോള്‍ കൃഷി ചെയ്യാനുള്ള സമയം കുറഞ്ഞുവെന്ന് ഗ്രേഷ്യസ് പറയുന്നു. എങ്കിലും ഇടവേളകളില്‍ സമയം കണ്ടെത്തുന്നുമുണ്ടെന്നും മണ്ണിനെ അറിയുന്ന ഈ കര്‍ഷകന്‍ പറയുന്നു.
നാല്‍പ്പതു പേജുമുതല്‍ 1226 പേജുള്ള ചരിത്രവിജ്ഞാനകോശം വരെയുള്ള പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. കേവല വിദ്യാഭ്യാസത്തില്‍ നിന്നും എഴുത്തില്‍ വളര്‍ച്ച പ്രാപിച്ച ഗ്രേഷ്യസിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ ഐ എ എസിനും യൂണിവേഴ്‌സിറ്റി തലത്തിലും റഫറന്‍സ് ആയും ഉപയോഗിക്കുന്നു. മണ്ണില്‍ കാലൂന്നിക്കൊണ്ടുള്ള എഴുത്തുകാരന്റെയും മനുഷ്യന്റെയും വളര്‍ച്ചയെയാണ് ഇത് കാണിക്കുന്നത്.
ഒരു കര്‍ഷകനായ താന്‍ എങ്ങനെ തന്നേക്കാള്‍ ഉയരത്തില്‍ പുസ്തകങ്ങള്‍ എഴുതിക്കൂട്ടി എന്നതിന്റെ വിശേഷം വായനാദിനത്തില്‍ വൈ എം സി എ ഹാളില്‍ ഗ്രേഷ്യസ് വിദ്യാര്‍ഥികളോടും കര്‍ഷകരോടും പങ്കുവെച്ചിരുന്നു. കൃഷിയുടെയും വായനയുടെയും നാളം കൈയിലേന്തുന്ന കുട്ടികള്‍ക്ക് ഗ്രേഷ്യസിന്റെ അനുഭവങ്ങള്‍ വലിയ പ്രചോദനമായി. കൗതുകത്തോടെ അവര്‍ ആ അനുഭവം കേട്ടിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും കുട്ടികള്‍ തിരക്കുകൂട്ടി.
ബാലരാമപുരം ഉച്ചക്കട സ്വദേശിയാണ് ഗ്രേഷ്യസ്. ഭാര്യ കല. അനുപമയും അനൂജയും മക്കള്‍.

വീക്ഷണം, ജൂണ്‍ 19

Tuesday, 10 June 2014

തലസ്ഥാനം ബ്രസൂക്ക ലഹരിയില്‍
ആരാധകര്‍ക്കിടയിലെന്നപോലെ സ്‌പോര്‍ട്‌സ് കടകളിലും പ്രിയ ടീം ബ്രസീലും അര്‍ജന്റിനയും തന്നെ. താരങ്ങള്‍ നെയ്മറും മെസിയും ക്രിസ്റ്റ്യാനോയും.
ലോകകപ്പിനു തിരി തെളിയാന്‍ രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ തലസ്ഥാന നഗരിയിലെ യുവാക്കളും ബ്രസൂക്ക ലഹരിയിലാണ്. നെയ്മറിന്റെയും മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും പേരുകള്‍ പതിച്ച ജഴ്‌സികള്‍ സ്വന്തമാക്കാനായി ഫുട്‌ബോള്‍ പ്രേമികള്‍ നഗരത്തിലെ വിവിധ സ്‌പോര്‍ട്‌സ് കടകളില്‍ കയറിയിറങ്ങുകയാണ്.

മിക്ക കടകളിലും സ്‌പോര്‍ട്‌സ് ഉത്പന്നങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ട്. ജഴ്‌സിയാണ് പ്രധാന ഇനം. കൂടാതെ ഫുട്‌ബോള്‍, ഫ്‌ളാഗ്, ബൂട്ട്, നെറ്റ് എന്നിവയും തയ്യാര്‍. പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളും താരങ്ങളുടെയും ടീമുകളുടെയും പേരുകളും ചിത്രങ്ങളും ആലേഖനം ചെയ്തവയും വില്‍പ്പനയ്ക്കുണ്ട്.
ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ടീമുകളോടാണ് ആരാധകര്‍ക്ക് ഏറെ പ്രിയം. ഇതില്‍ത്തന്നെ പതിവുപോലെ ബ്രസീലിനോടും അര്‍ജന്റീനയോടും അല്‍പ്പം ഇഷ്ടം കൂടുതല്‍. കടക്കാര്‍ക്കും ഈ ടീമുകളോടാണ് താത്പര്യം. ബ്രസീലോ അര്‍ജന്റീനയോ സെമിയില്‍ കടന്നാലേ കച്ചവടം പൊടിപൊടിക്കൂ എന്നാണ് സ്‌പോര്‍ട്‌സ് ലാന്റ് കടയിലെ സെയില്‍സ്മാന്‍ സഹീറിന്റെ അഭിപ്രായം. ഇതിനെ അനുകൂലിക്കുന്നവരാണ് മറ്റു കടയുടമകളും.
സ്‌പോര്‍ട്‌സ് ലാന്റില്‍ കൊണ്ടുവന്ന ബ്രസൂക്ക പന്തുകള്‍ ഒരാഴ്ച കൊണ്ടുതന്നെ തീര്‍ന്നു. രണ്ടുദിവസത്തിനകം പുതിയ സ്റ്റോക്ക് എത്തുമെന്ന് കടയുടമ പറയുന്നു. ബ്രസൂക്കയുടെ ആരാധകരില്‍ കൂടുതലും വിദേശികളാണ്. സാധാരണക്കാര്‍ക്ക് സ്ഥിരം കമ്പനികളുടെ ഉത്പന്നങ്ങള്‍ തന്നെ മതിയെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് ഉപയോഗിക്കുന്ന പന്ത് എന്നതു തന്നെയാണ് ബ്രസൂക്കയെ തേടി വീണ്ടും വീണ്ടും ആരാധകരെത്താന്‍ കാരണം.

ജഴ്‌സി 200 മുതല്‍ 750 രൂപ വരെയും ഫുട്‌ബോള്‍ 275 മുതല്‍ 7699 രൂപ വരെയും ബൂട്ട് 300 മുതല്‍ 2999 രൂപ വരെയുമാണ് വില. ഇതിനുപുറമേ 32 രാജ്യങ്ങളുടെയും പതാകയും വില്‍പ്പനയ്ക്കുണ്ട്. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കുറവാണെന്നാണ് വില്‍പ്പനക്കാരുടെ പക്ഷം. വേനലവധിക്കാലത്തായിരുന്നു കഴിഞ്ഞ ലോകകപ്പ്. അതുകൊണ്ടുതന്നെ കച്ചവടം കൂടി. മഴ എത്തിയതോടെ കൂടുതല്‍ സ്റ്റോക്ക് കെ#ാണ്ടുവന്ന് പരീക്ഷിക്കാന്‍ തയ്യാറല്ലെന്ന് കടക്കാര്‍. കളി പുരോഗമിക്കുന്നതിനനുസരിച്ച് മുന്നിലെത്തുന്ന ടീമുകളുടെ ജഴ്‌സിയും ഫ്‌ളാഗും കൂടുതലായി കൊണ്ടുവരാനാണ് ഇവരുടെ പ്ലാന്‍.
തീരദേശത്തു നിന്നുള്ളവരാണ് കടകളില്‍ എത്തുന്നതിലധികവും. ഇവരാണ് ലോകകപ്പിനെ നെഞ്ചേറ്റുന്നതില്‍ മുന്‍പന്തിയിലുള്ളതും. നഗരത്തേക്കാള്‍ ഗ്രാമങ്ങളില്‍ തന്നെയാണ് ലോകകപ്പ് ആരവം കൂടുതലായി ഉയരുന്നതും.

വീക്ഷണം, ജൂണ്‍ 10

Wednesday, 4 June 2014





പരിസ്ഥിതി സന്ദേശവുമായി കുഞ്ഞു സംവിധായിക
പരിസ്ഥിതി സന്ദേശ ഡോക്യുമെന്ററിയുമായി ഏഴാംക്ലാസ്സുകാരി സ്‌കൂളുകളിലേക്ക്. തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേവു എസ് നാഥ് ആണ് പരിസ്ഥിതി സന്ദേശ ഡോക്യുമെന്ററി ഒരുക്കി പരിസ്ഥിതി സംരക്ഷണ കാമ്പയിനുമായി രംഗത്തെത്തിയിട്ടുള്ളത്.
കാര്‍ഷിക സംസ്‌കാരത്തിന്റെ അവശേഷിപ്പായ നെല്ലിന്റെ കഥയാണ് ദേവു തന്റെ ഡോക്യുമെന്ററിക്കു പ്രമേയമാക്കിയിരിക്കുന്നത്. നഗരത്തിലെ വിദ്യാര്‍ഥിയായ ദേവു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ നെഞ്ചേറ്റാന്‍ മറന്നുപോകുന്നില്ല. തന്റെ ജന്മനാടായ കുട്ടനാട്ടിലും തിരുവനന്തപുരത്തെ കരമന, പാപ്പനംകോട്, മരുതംകുഴി തുടങ്ങിയ സ്ഥലങ്ങളിലെ നെല്‍പ്പാടങ്ങളിലുമായാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്.
നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തും വിപണിയും വരെയുള്ള നെല്ലിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഡോക്യുമെന്ററിയില്‍ കടന്നുവരുന്നു. പുതിയ കാലത്ത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും കുഞ്ഞുമനസ്സിലൂടെ കടന്നുപോകുന്ന വിധത്തിലാണ് ചിത്രീകരണം.
ഡോക്യുമെന്ററി സംവിധായകന്‍ കൂടിയായ അച്ഛന്റെ താത്പര്യങ്ങള്‍ ചെറുപ്പം മുതലേ നിരീക്ഷിക്കുമായിരുന്നു ദേവു. അച്ഛനൊപ്പം യാത്ര ചെയ്യാനും ചിത്രങ്ങള്‍ എടുക്കാനും സിനിമ കാണാനും അവള്‍ ഇഷ്ടപ്പെട്ടു. പുതിയ സിനിമകള്‍ കാണാനും വിലയിരുത്താനും ഇഷ്ടപ്പെടുന്ന ദേവുവിന് യൂ ട്യൂബിലും മറ്റും വരുന്ന ഹ്രസ്വചിത്രങ്ങളിലെയും ഡോക്യുമെന്ററികളിലെയും പുതിയ മാറ്റങ്ങള്‍ തിരിച്ചറിയാനും ഏറെ താത്പര്യം. നെല്ലിന്റെ കഥയുടെ ക്യാമറയും നറേഷനും നിര്‍വഹിച്ചിരിക്കുന്നതും ദേവു തന്നെ.


ലൗ പ്ലാസ്റ്റിക്ക് എന്ന ആദ്യ ഡോക്യുമെന്ററിയിലൂടെ 2011ല്‍ സംസ്ഥാന വിദ്യാഭ്യാസ ചലച്ചിത്രമേളയില്‍ മികച്ച സംവിധായികയായി ദേവു തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കും വിവരണത്തിനുമുള്ള അവാര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഹ്രസ്വ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്‌കാരവും ലൗ പ്ലാസ്റ്റിക്കിനു ലഭിച്ചു.
നെല്ലിന്റ കഥ ഡോക്യുമെന്ററിയുടെ സി ഡി പ്രകാശനം ഇന്ന് പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരത്തു നടക്കും. പരിസ്ഥിതി സംരക്ഷണമെന്ന ആശയം കുട്ടികളിലെത്തിക്കാന്‍ നെല്ലിന്റെ കഥ കേരളത്തിലെ സ്‌കൂളുകളിലെല്ലാം എത്തിക്കണമെന്നാണ് ദേവുവിന്റെയും അച്ഛന്റെയും ആഗ്രഹം. തിരുവനന്തപുരം കാലടി സ്‌കൂളിലെ അധ്യാപകനായ കെ സ്വാമിനാഥന്റഎയും സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥയായ ബീനാ സ്വാമിനാഥന്റെയും ഏകമകളാണ് ദേവു.

വീക്ഷണം, ജൂണ്‍ 5