Monday, 29 September 2014

ഓര്‍ക്കൂട്ട് ഇന്ന് കൂടണയും


സൗഹൃദങ്ങള്‍ വിരല്‍ത്തുമ്പിലേക്ക് കൂടുമാറിയ നാളുകളിലാണ് ഓര്‍ക്കൂട്ട് നമ്മളെ തേടിയെത്തിയത്. പുതുമകണ്ടും സൗഹൃദങ്ങളെ വീണ്ടെടുക്കാനുള്ള ആഗ്രഹം കൊണ്ടും എല്ലാവരും ഓര്‍ക്കൂട്ടില്‍ കൂടൊരുക്കി. ഒന്നിനേക്കാള്‍ മികച്ച മറ്റൊന്നു വരുമ്പോള്‍ അങ്ങോട്ടു തിരിയുക എന്ന ലോക രീതിയുടെയും നീതിയുടെയും ഭാഗമെന്നോണം ശ്രദ്ധ ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും തിരിഞ്ഞതോടെ ഓര്‍ക്കൂട്ടിന്റെ നാളുകള്‍ എണ്ണപ്പെട്ടുതുടങ്ങി. അതിന്റെ പൂര്‍ത്തീകരണം എന്നോണം ഇന്ന് ഓര്‍ക്കൂട്ടിന്റെ അവസാനദിവസവുമാകും.
സന്ദേശങ്ങള്‍ കൈമാറാനും സൗഹൃദം കൂടാനും മൊബൈല്‍ ഫോണുകളെയും ജിമെയിലിനെയും മാത്രം ആശ്രയിച്ചിരുന്ന കാലത്താണ് നവമാധ്യമ പരിവേഷവുമായി ഓര്‍ക്കൂട്ട് എത്തിയത്. തുടക്കത്തില്‍ ഏറെപ്പേരെ പ്രത്യകിച്ചും യുവതലമുറയെ ആകര്‍ഷിച്ച ഓര്‍ക്കൂട്ട് അക്കൗണ്ട് അന്നത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ് കൂടിയായിരുന്നു. 2004 ജനുവരി 24നാണ് ഓര്‍ക്കൂട്ട് തുടങ്ങിയത്. അതേവര്‍ഷം ഫെബ്രുവരി 4ന് ഫേസ്ബുക്കും ആരംഭിച്ചു. ഗൂഗിളിന്റെ പ്രഥമ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഓര്‍ക്കൂട്ടില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ കൂട്ടുകൂടുകയും പരിചയത്തിലാകുകയും വിശേഷം പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ആറുവര്‍ഷം അധികമാരും അറിയാതെ വളര്‍ന്ന ഫേസ്ബുക്ക് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അസാമാന്യമായ ജനപിന്തുണയാര്‍ജ്ജിച്ച് മുഖ്യധാരയില്‍വന്നു. ഈ വളര്‍ച്ചയാണ് ഓര്‍ക്കൂട്ടിനെ പിന്നോട്ടടിച്ചതും.

1.28 ബില്യണ്‍ ഉപയോക്താക്കളുമായി ഫേസ്ബുക്ക് ഇപ്പോള്‍ ഒന്നാമതത്തെിയിരിക്കുന്നു. 2010ഓടെയാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളി ഫേസ്ബുക്ക് ആധിപത്യം സ്ഥാപിച്ചത്. 2014 മാര്‍ച്ചിലെ കണക്കുപ്രകാരം 1.28 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 7185 ജോലിക്കാരും ഒടുവില്‍ പുറത്തുവിട്ട കണക്കുപ്രകാരം 7.87 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും ഫേസ്ബുക്കിനുണ്ട്. ഫേസ്ബുക്കിന്റെ 10-ാം പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് ലോകം അവസാനിച്ചത്. ഈ ആഘോഷവേളയിലാണ് ഓര്‍ക്കൂട്ടിന്റെ വിടവാങ്ങല്‍ പ്രഖ്യാപനവും ഉണ്ടായതെന്ന് ശ്രദ്ധേയം.
ഈ വര്‍ഷം ജൂണിലാണ് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം നിര്‍ത്തുന്നതായി ഗൂഗിള്‍ അറിയിച്ചത്. ഗൂഗിളിന്റെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഓര്‍ക്കൂട്ട് രൂപീകരിച്ച് പത്തുവര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് വ്യക്തികളാണ് ഇതിലൂടെ കണ്ടുമുട്ടിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കടന്നുവരവോടെ ഓര്‍ക്കൂട്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഇടിവാണ് സൈറ്റ് നിര്‍ത്താന്‍ ഗൂളിനെ പ്രേരിപ്പിച്ചത്. ജീമെയില്‍ യുസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുറക്കാമെന്നതായിരുന്നു ഓര്‍ക്കൂട്ടിന്റെ പ്രത്യേകത.

വീക്ഷണം സെപ്റ്റംബര്‍ 30


Friday, 26 September 2014

ഒരിക്കല്‍കൂടി അടയാളപ്പെടുത്തപ്പെടാതെ 
കെ ടി എന്‍ കോട്ടൂര്‍ എന്ന ഞാന്‍


'ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. ചിലര്‍ മരണശേഷവും.' മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയുടെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍. 'മാജിക്കല്‍ ഹിസ്റ്ററി' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. യഥാര്‍മോ അയഥാര്‍ഥമോ എന്നു സന്ദേഹിക്കും വിധം ബോധാബോധങ്ങളെ ഈ കൃതി സൂക്ഷ്മവിശകലനം ചെയ്യുന്നു. പൂര്‍ണ്ണതയും അപൂര്‍ണ്ണതയും തമ്മില്‍, ഛായയും പ്രതിഛായയും തമ്മിലുള്ള സംവാദങ്ങള്‍ ഒരേസമയം നമ്മിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്നു. ടി പി രാജീവന്റെ 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും'എന്ന നോവലിനെപ്പറ്റിയാണ് ഈ പരമാര്‍ശിച്ചത്.
ഈ നോവല്‍ ഞാന്‍ എന്ന പേരില്‍ രഞ്ജിത്ത് സിനിമയാക്കിയിരിക്കുകയാണ്. രാജീവന്റെ മുന്‍ നോവലായ 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'യുടെ സിനിമാഭാഷ്യത്തിലൂടെ രഞ്ജിത്ത് ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ഞാനിലേക്കെത്തുമ്പോള്‍ അത് അത്രമാത്രം നീതിപുലര്‍ത്തിയോ എന്നു സന്ദേഹിക്കുക സ്വാഭാവികം.

കെ ടി എന്‍ കോട്ടൂര്‍ എന്ന മനുഷ്യനെയും ജീവിതത്തെയും അന്വേഷിച്ചുള്ള യാത്ര സിനിമ പൂര്‍ത്തിയാകുമ്പോഴും ആ ജീവിതം പോലെത്തന്നെ അപൂര്‍ണ്ണമായി അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്യസമര കാലത്തെ കേരളമെന്ന ഭൂമികയിലേക്കാണ് കോട്ടൂരിനെത്തേടി രവി ചന്ദ്രശേഖര്‍ എന്ന ബ്ലോഗര്‍ സഞ്ചരിക്കുന്നത്. കോട്ടൂരിനെപ്പറ്റി അയാളെഴുതിയ കുറിപ്പുകള്‍ നാടകമാക്കാനുള്ള പരിശ്രമത്തിലാണ് രവിയും കൂട്ടരും. ഈ കഥാപാത്രങ്ങളെ തേടിയുള്ള അന്വേഷണം ആരംഭിക്കുന്നത് തെയ്യക്കാവില്‍ നിന്നും രവി പകര്‍ത്തുന്ന കഥാപാത്രവുമായി അയാള്‍ക്ക് താദാത്മ്യം തോന്നിക്കുന്ന മനുഷ്യരില്‍നിന്നാണ്. ഈ അന്വേഷണാരംഭം വളരെ മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കെ ടി എന്‍ കോട്ടൂരിലേക്കുള്ള ഇയാളുടെ യാത്രയും കോട്ടൂരിന്റെ ജീവിതവും നാടക ക്യാമ്പും ഇഴചേര്‍ത്താണ് സിനിമ മുന്നോട്ടുപോകുന്നത്.
കാലവ്യത്യാസം കാണിക്കാന്‍ ചിലയിടങ്ങളില്‍ രഞ്ജിത്ത് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ മികച്ചുനില്‍ക്കുന്നു. (ഉദാഹരണമായി കോട്ടൂര്‍ ജീവിച്ച വീട്ടില്‍ അന്തിയുറങ്ങി പിറ്റേന്ന് എഴുന്നേറ്റ് ബൈക്കില്‍ യാത്ര തിരിക്കുമ്പോള്‍ രവിയുടെ എതിര്‍വശത്തുനിന്നും രണ്ടുപേര്‍ തേങ്ങ ചുമലിലേറ്റിവരുന്നു. ബൈക്ക് ഇവര്‍ക്കിടയിലൂടെ കടന്ന് മുന്നോട്ടുപോകുമ്പോള്‍ പണിക്കാര്‍ തേങ്ങയുമായി എത്തുന്നത് ആ വീട്ടിലേക്കും പഴയ കാലത്തിലേക്കും.)വര്‍ഷങ്ങളുടെ കണക്ക് സ്‌ക്രീനില്‍ എഴുതിക്കാണിക്കാതെ തന്നെ കാലഗണന കാണിക്കുന്ന രീതി പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ പലയിടത്തും ഇത് കേവലം കളര്‍ടോണ്‍ വ്യതിയാനങ്ങള്‍ മാത്രമായി അവശേഷിക്കുന്നുവെന്നതും പറയാതെവയ്യ.
ദുല്‍ഖറിന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കേണ്ടിവരുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ദുല്‍ഖര്‍ ദുല്‍ഖറായിത്തന്നെ നില്‍ക്കുന്നു. കോട്ടൂരിലേക്കുള്ള പരകായപ്രവേശം കോസ്റ്റിയും ഡിസൈനര്‍ ഒരുക്കിക്കൊടുത്ത വസ്ത്രങ്ങളില്‍ മാത്രമായിപ്പോകുന്നു. പല ചേഷ്ടകളും പുതിയ കാലത്തെ പ്രതിനിധീകരിക്കുന്ന മുന്‍ ദുല്‍ഖര്‍ കഥാപാത്രങ്ങളുടേതുതന്നെ. അപൂര്‍വ്വം ചില വേളകളിലെ മിന്നലാട്ടത്തിനപ്പുറം ഇത്തരം കഥാപാത്രങ്ങളാകാന്‍ ദുല്‍ഖറിലെ അഭിനേതാവ് ഏറെ ദൂരം താണ്ടേണ്ടതുണ്ട് എന്ന് വ്യക്തം. എന്നാല്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളില്‍ പലരും പ്രകടനം ഏറെ മികവുറ്റതായി മാറ്റിയിട്ടുമുണ്ട്. സുരേഷ്‌കൃഷ്ണ, ഹരീഷ് പേരടി, അനുമോള്‍, സജിതാ മഠത്തില്‍, മുത്തുമണി, രണ്‍ജിപണിക്കര്‍, ജ്യോതികൃഷ്ണ, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം പേരെടുത്തു പരാമര്‍ശിക്കേണ്ടവര്‍ തന്നെ.

നോവലില്‍ പരന്നുകിടക്കുന്ന നാടും നാട്ടാരെയും ചരിത്രത്തെയുമെല്ലാം അതേപടി സിനിമയിലാവര്‍ത്തിക്കുക പ്രയാസമാണ്. ഇവിടെയാണെങ്കില്‍ പറഞ്ഞുപോകേണ്ടത് അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെപ്പറ്റിയും. ഉപരിപ്ലവമായി കാണിക്കാമെന്നല്ലാതെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ കോട്ടൂരിന്റെ ജീവിതത്തെചുറ്റി വലിയ ചരിത്രങ്ങളുടെയും സമരങ്ങളുടെയും സാന്നിധ്യമുണ്ടെന്നതും തടസ്സമാകുന്നു. സമഗ്രജീവിതത്തിലേക്ക് കടക്കാതെ കോട്ടൂരിന്റെ ഏതെങ്കിലുമൊരു മുഖത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ തീര്‍ത്തും മുദ്ര കോറിവെയ്ക്കുന്ന ഒന്നായി അത് മാറ്റപ്പെടുമായിരുന്നു. സംഘടന ഞാന്‍ എന്ന നിലയിലേക്ക് ചുരുങ്ങുമ്പോളും മാറുമ്പോഴുമാണ് അതിന്റെ സംഘടനാ സ്വഭാവം കൈവിട്ടുപോകുന്നതും ജനങ്ങള്‍ അകലുന്നതും എന്ന് അന്നേ ഓര്‍മ്മപ്പെടുത്തിയ കോട്ടൂരിന്റെ ഇന്നും പ്രസക്തമായ മുഖത്തിന് സാധ്യത ഏറെയായിരുന്നു.
സാഹിത്യാഭിമുഖ്യമുള്ള സംഭാണങ്ങളുടെയും ആത്മഗതങ്ങളുടെയും ആധിക്യവും സാധാരണ പ്രേക്ഷകരെ സിനിമയില്‍ നിന്നകറ്റും. (ഇത്തരം സിനിമകള്‍ ഏതുകാലത്തും ഒരു വിഭാഗം ആസ്വാദകരെ മാത്രം ഉന്നംവച്ചുള്ളതാണെന്ന് മറുവശം). ദുല്‍ഖര്‍ സല്‍മാനെന്ന പ്രൊഡക്ട് വിറ്റുപോകുന്നതാണെന്ന് ഉറച്ച ബോധ്യമുള്ള നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് ഒരിക്കല്‍കൂടി വിട്ടുകളഞ്ഞത് കോട്ടൂര്‍ എന്ന മനുഷ്യനെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളെ തന്നെയാണെന്ന് പറയാതെ വയ്യ.
കളിയച്ഛനുശേഷം ബിജിബാലിന്റെ കാവ്യാത്മകമായ സംഗീതമാണ് 'ഞാനി'ലെ ഒരു പ്രത്യേകത. മനോജ് പിള്ളയുടെ ക്യാമറയും സന്ദീപ് നന്ദകുമാറിന്റെ എഡിറ്റിംഗും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.

സ്ത്രീശബ്ദം, ഒക്ടോബര്‍

Thursday, 11 September 2014

അശരണര്‍ക്ക് ഓണമൊരുക്കി ജ്വാല

ഓണത്തിന്റെ നിറവിലാണ് നാടും നഗരവും. ജീവിതം എത്രമാത്രം മാറിയാലും ഓണം കൂടാന്‍ ഓടിയെത്തുന്നവരും ഓടിനടക്കുന്നവരും തന്നെയാണ് മലയാളികള്‍ ഇപ്പോഴും. ഓണപ്പാച്ചിലില്‍ വിട്ടുപോകാത്ത നന്മകളും കൈത്തിരിയും ചിലയിടങ്ങളിലെങ്കിലും കാണുന്നുണ്ടെന്നതിന് ഇന്നലെ തിരുവനന്തപുരം ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ സാക്ഷ്യം വഹിച്ചു.
    ജ്വാലാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷമായിരുന്നു ഇത്തരത്തില്‍ വേറിട്ടുനിന്നത്. ആഹാരത്തിനു വകയില്ലാതെ നമുക്കിടയില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരെ കണ്ടെത്തി ഓണത്തിന്റെ മധുരം അവര്‍ക്കുകൂടി പകരുകയായിരുന്നു ജ്വാല ചെയ്തത്. തെരുവില്‍ ഒറ്റപ്പെട്ടവരും പ്രായമായ അമ്മമാരും അന്ധരുമടക്കമുള്ള 120 അശരണരാണ് ഇന്നലെ രാവിലെ ഓണമധുരം പങ്കിടാനെത്തിയത്. ഓണക്കോടിയും ഓണക്കിറ്റും ഓണസദ്യയുമായിരുന്നു ഇവര്‍ക്കായി ഒരുക്കിയിരുന്നത്. ഒന്നിലധികം ഓണക്കോടിയും ആവശ്യത്തിലധികം സാധനങ്ങളും വാങ്ങിക്കൂട്ടി ഓണമാഘോഷിക്കുന്നവര്‍ക്കിടയില്‍ ഇവര്‍ക്കാകെ കിട്ടിയ പുതുവസ്ത്രം നിധിയായി മാറി. അതുകൊണ്ടുതന്നെ ആഘോഷത്തിനുമപ്പുറം മാതൃകയാകേണ്ട ഒരു ചടങ്ങിനാണ് ഇവിടം സാക്ഷ്യമായത്.
    പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ പി കെ ജാനുവും സാറാതോമസും വിശിഷ്ടാതിഥികളായി ഇവര്‍ക്കൊപ്പം ഓണം കൂടാനെത്തി. ചെറിയാന്‍ ഫിലിപ്പ് ഓണക്കിറ്റ് വിതരണം ചെയ്തപ്പോള്‍ യുവ ഗായകന്‍ തുഷാര്‍ സന്തോഷം നിറഞ്ഞ മുഖങ്ങള്‍ക്ക് ഓണക്കോടി സമ്മാനിച്ചു.
    ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്‌നത്തിന്റെ ഫലമായാണ് ജ്വാലയ്ക്ക് ഇത്തരമൊരു പ്രവൃത്തി ചെയ്യാനായത്. തെരുവില്‍ അലഞ്ഞവരും മാനസികരോഗികളും വയറു വിശന്നവരുമായി ഒരുപാടുപേര്‍ക്ക് അത്താണിയായി അശ്വതി എന്ന പെണ്‍കുട്ടി തുടക്കമിട്ട ജ്വാല സര്‍ക്കാറിന്റെയോ മറ്റു സംഘടനകളുടെയോ സഹായമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജ്വാലയെപ്പറ്റി കേട്ടറിഞ്ഞുവന്ന ചിലരും ഇത്തരമൊരു ഓണപരിപാടി ഒരുക്കാന്‍ ചെറിയ സാമ്പത്തികസഹായം ചെയ്തു.
    ഒരുവേള ഇതുപോലൊരു ഓണക്കാലത്ത് വീട്ടുകാരോടും പ്രിയപ്പെട്ടവരോടുമൊപ്പം ഒരുമിച്ചുല്ലസിച്ച ഒരു ഭൂതകാലം തെരുവിലലയുന്ന ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നിരിക്കാം. എല്ലാം ഉള്ളിലൊതുക്കി ചിരിച്ച് ഓണക്കോടി വാങ്ങി ഓണസദ്യയുമുണ്ട് ചാരിതാര്‍ഥ്യത്തോടെ കണ്ണുനിറച്ച് അവര്‍ ഓരോരുത്തരായി മടങ്ങിയപ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ നനഞ്ഞു. ഇതുതന്നെയാണ് ഇത്തവണ തന്റെ ഓണത്തിന്റെ നിറവെന്ന് അശ്വതി പറയുന്നു. ആ തിളക്കം അശ്വതിയുടെ കണ്ണുകളിലും..

വീക്ഷണം, സെപ്റ്റംബര്‍ 7



Tuesday, 2 September 2014


സ്‌ക്രീനിലെ വീണ്ടെടുപ്പ്

നമുക്കൊരു ശീലമുണ്ട്. പഴയ, പണ്ട് തുടങ്ങിയ വാക്കുകളെ എപ്പൊഴും കൂട്ടുപിടിക്കുന്നതാണത്. ഈ 'പണ്ടി'ന് ഏറെക്കാലം പഴക്കമൊന്നും വേണ്ട. സമീപകാല പഴക്കവുമാകാം. എന്തായാലും ഒറ്റ നിബന്ധനയേ ഉളളൂ. നിലനില്‍ക്കുന്നതിനെ അംഗീകരിക്കാതെ പണ്ടെത്ര നല്ലതായിരുന്നു എന്ന പല്ലവി പാടിക്കൊണ്ടേയിരിക്കണം. ഇതിന് ഇന്ന മേഖല എന്നൊന്നുമില്ല. എല്ലാത്തിലും പുതിയ കാലത്തെ പാടേ കുറ്റംചാര്‍ത്തി പഴയ നന്മയില്‍ ഗൃഹാതുരപ്പെട്ട് നെടുവീര്‍പ്പിടണം. ഇന്നിനെ മാത്രമേ ഈ അംഗീകരിക്കായ്ക ഉള്ളൂ. തൊട്ടുനാളെ ഈ ഇന്നും പഴയതാകും. സ്വയംപുതുക്കാത്തതിന്റെ കുഴപ്പമാണത്. ഏറെപ്പേരും ഇങ്ങനെ ഇട്ടാവട്ടത്തിലെ കുഞ്ഞറിവുകളെ താലോലിക്കുന്നവരാണ്.
    പറഞ്ഞുവരുന്നത് ഓരോ മേഖലയിലുമുള്ള ഈ അപഗ്രഥനത്തിന്റെ കുറവാണ്. മാറിവരുന്ന കാഴ്ചകളെയും അവസ്ഥകളെയും മുഖങ്ങളെയും വരെ ഒന്നടുത്തുപിടിച്ചിരുത്താന്‍ നമുക്കേറെ സമയം വേണം. ഇനിയുമൊരു കൂട്ടം ഒരിക്കലും മാറ്റത്തിനുനേരെ കണ്ണയക്കുകയോ അതറിയുകയോ ചെയ്യാതെ കടന്നുപോകും. അങ്ങനെ നമുക്കിടയില്‍ സ്ഥിരം ചിത്രങ്ങളും മുഖങ്ങളും ബിംബങ്ങളും തലയുയര്‍ത്തി നില്‍ക്കും. ജീവിച്ചിരിക്കുന്ന കാലത്തെ നന്മകള്‍ പൊടിമണ്ണിലും മരണശേഷം മാര്‍ബിളിലും എഴുതിവെയ്ക്കുന്ന ലോകനീതിയുടെയും രീതിയുടെയും ഭാഗമായിരിക്കും ഇതെന്നുകരുതി ആശ്വസിക്കാം. നമുക്കുപോകേണ്ടത് മലയാള സിനിമയിലേക്കാണ്. സിനിമയുടെ വര്‍ത്തമാനമുഖത്തെ ആകെ പിടിച്ചു നിങ്ങളുടെ മുന്നിലേക്കുവയ്ക്കുന്നില്ല.
   
മേല്‍പ്പറഞ്ഞപോലെ നമ്മള്‍ വരച്ചുണ്ടാക്കിയ നിയതമായ ചട്ടക്കൂട് ഏതുകാര്യത്തിലും പുലര്‍ത്തിവരുന്നതുപോലെ മലയാള സിനിമയിലും പോറിയിട്ടിട്ടുണ്ടാകുമല്ലോ. അതതു പ്രായക്കാര്‍ അവരുടെ കാലത്തെ സിനിമകളെ, താരങ്ങളെ, കഥാബീജത്തെ എന്തിന് പശ്ചാത്തലസംഗീതത്തെ വരെ അതുപോലെ തുടരണമെന്ന് മനസ്സിലെങ്കിലും ശഠിക്കുന്നവരാണ്. അവരുടെ ശാഠ്യത്തിനനുസരിച്ചല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കിലും. ഹൊ! എന്തൊരു ജീവിതഗന്ധിയായിരുന്നു എന്ന പറച്ചിലിനെ ഓര്‍മ്മിച്ചെന്നുമാത്രം. ജീവിതം ദിവസങ്ങളുമായി ഗണിതപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമസ്യയാകയാല്‍ തന്നെ അതിന്റെ സഞ്ചാരം പിന്നോട്ടല്ല. നിരന്തരം മാറ്റത്തിനും ചലനങ്ങള്‍ക്കും നവീകരണത്തിനും വിധേയമായിക്കൊണ്ടിരിക്കും. സിനിമയില്‍ ആവിഷ്‌ക്കരിക്കുന്നതും മറ്റൊന്നല്ലാത്തതിനാല്‍ ഈ നവീകരണം കടന്നുവരിക സ്വാഭാവികം.
    പതിവുരീതികള്‍ക്കും ശൈലികള്‍ക്കും നിശ്ചിതകാലത്തില്‍ ആസ്വാദകര്‍ മടുപ്പുരേഖപ്പെടുത്തും. അതവരുടെ ആസ്വാദനതലത്തിലെ വളര്‍ച്ചയുടെ ഗ്രാഫിനെയാണ് കാണിക്കുന്നത്. അതിനനുസരിച്ച് നവീകരിക്കാന്‍ ചലച്ചിത്രകാരന്മാരും ശ്രദ്ധിക്കാറുണ്ട്. അങ്ങനെയാണ് ഓരോ കാലത്തും സിനിമയും കഥാപാത്രങ്ങളും കഥാസാഹചര്യങ്ങളും മാറ്റപ്പെടുന്നത്. അതിനെ നമ്മള്‍ സിനിമയുടെ ജനറേഷന്‍ ചെയ്ഞ്ച് എന്നോ നവസിനിമ എന്നോ പിന്നെയും സൗകര്യപൂര്‍വ്വം പല പേരിലും വിളിക്കാറുണ്ട്. സ്വാഭാവിക പ്രക്രിയയായ ഈ മാറ്റം അവശ്യമെന്നതുകൊണ്ടുതന്നെ സംഭവിക്കാതെ തരമില്ല എന്നുമാത്രം. ഇങ്ങനെ മാറുമ്പോള്‍ ജീവിച്ചിരിക്കുന്ന കാലത്തെയും മനുഷ്യരെയുമാണ് സിനിമയില്‍ അടയാളപ്പെടുത്തേണ്ടി വരികയെന്നു പറഞ്ഞല്ലോ. സ്ഥിരം ശൈലികളുടെ ആവര്‍ത്തനം ചില വര്‍ഷങ്ങള്‍, പലപ്പോഴും ഏതാണ്ട് പത്തുവര്‍ഷം വരെയൊക്കെ നീണ്ടുനില്‍ക്കാറുണ്ട്. പരിവര്‍ത്തനം ആഗ്രഹിക്കുന്ന ആസ്വാദന വിഭാഗത്തിന്റെ നിശ്ശബ്ദവും എന്നാല്‍ പ്രകടവുമായ മുറവിളി തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ സംജാതമാകുകയാണ് പതിവ്.

മലയാള സിനിമയില്‍ തൊണ്ണൂറുകളുടെ ആദ്യപകുതിമുതല്‍ ഇത്തരത്തില്‍ ആവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു തുടങ്ങുകയും രണ്ടായിരാമാണ്ടോടെ ശക്തി പ്രാപിക്കുകയും ചെയ്തു. പല പ്രയോഗങ്ങളും ഈ സമയത്ത് സിനിമാ പ്രേമികളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും ഉയര്‍ന്നുകേട്ടു. കഥയില്ലായ്മ, ജീവിതത്തോട് അകന്നു, നായകന്മാര്‍ അമാനുഷികരാകുന്നു, നായികാപ്രാധാന്യം കുറയുന്നു, നായികാദാരിദ്ര്യം, സിനിമാ പ്രതിസന്ധി, സംഘടനകളുടെ രൂപപ്പെടല്‍, വ്യവസായം നഷ്ടത്തില്‍ അങ്ങനെ നിരവധിയായ ആശങ്കകളും യാഥാര്‍ഥ്യവും.
    അമാനുഷിക നായകന്മാരും തുടര്‍ന്നുവന്ന തമാശ നായകന്മാരും നടിക്കുകയും ഭരിക്കുകയും ചെയ്തപ്പോള്‍ നായിക എന്ന സങ്കല്‍പ്പത്തിന് ചായ കൊണ്ടു വരുന്നവള്‍, അഭിപ്രായസ്വാതന്ത്ര്യമില്ലാതെ പിറകെ മാറിനില്‍ക്കുന്നവള്‍, ഇടയ്ക്കു നായകന്റെ കൂടെ മോടിയില്‍ വസ്ത്രങ്ങളണിഞ്ഞ് ശരീരം കുലുക്കി നൃത്തം ചെയ്യുന്നവള്‍ എന്നിങ്ങനെയുള്ള അര്‍ഥങ്ങള്‍ മാത്രമായിപ്പോയി. പത്തുപതിനഞ്ച് വര്‍ഷം നീണ്ടുനിന്ന ഈ പ്രവണതയില്‍ നിന്നും ഇവിടെ ആവര്‍ത്തിച്ചുപറഞ്ഞ ആസ്വാദനതലത്തിലെ മാറ്റം വേണമെന്ന് മലയാളി പ്രേക്ഷക സമൂഹത്തിന് തോന്നുകയും ഏതാണ്ട് അഞ്ചുവര്‍ഷം മുന്‍പ് മുതല്‍ക്ക് അത്തരത്തിലൊരു നവധാര രൂപപ്പെടുകയും ചെയ്തു.
    കഴിവും പരിശ്രമവും കൈമുതലായിട്ടുള്ള ആര്‍ക്കും കടന്നുവരാവുന്ന ഇടമായി മലയാള സിനിമ ഈ വര്‍ഷങ്ങളില്‍ മാറിയതോടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഒട്ടേറെ പുതിയ മുഖങ്ങള്‍ കടന്നുവന്നു. പലരും ഇരിപ്പുറപ്പിക്കുകയും ചിലര്‍ പരിശ്രമത്തില്‍ തുടരുകയും ചിലര്‍ അപ്രത്യക്ഷമാകുകയും ചെയ്തു. പുതിയ ജീവിത സാഹചര്യങ്ങളുടെ മാറ്റം കടന്നുവന്നതോടെ മലയാള സിനിമ ജീവിക്കുന്ന കാലത്തിന്റെ നിദര്‍ശകമായി മാറിത്തുടങ്ങി. അങ്ങനെ ചായ കൊണ്ടുവരാന്‍ മാത്രം വിധിക്കപ്പെട്ടവള്‍ ആണിനൊപ്പം കസേര വലിച്ചിട്ടിരിക്കാനും അവനേക്കാള്‍ സ്വാതന്ത്ര്യബോധത്തോടെയുള്ള ഉറച്ച അഭിപ്രായങ്ങള്‍ പറയുവാനും അവന്‍, അവള്‍ പരിധികളില്ലാത്ത മണ്ഡലത്തിലെ ജീവിതവ്യാപാരത്തിലേക്കിറങ്ങിച്ചെല്ലാനും തുടങ്ങി. അങ്ങനെ ജീവിച്ചിരിക്കുന്ന കാലത്തെ പെണ്‍കുട്ടികളും സ്ത്രീകളും അവരെത്തന്നെ സിനിമയില്‍ കണ്ടുതുടങ്ങി.
   
ഏതൊരു കാര്യത്തിന്റെയും ഭാവി നിശ്ചയിക്കുന്നത് അത് സ്വീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡം കൂടി അടിസ്ഥാനമാക്കിയാണല്ലോ. ഇതിന്‍പ്രകാരം അത്തരം സിനിമകള്‍ക്ക് വലിയ പ്രേക്ഷകവൃന്ദമുണ്ടായി. ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏതൊരു കാര്യത്തിനും ശുഭപ്രതീക്ഷയോടെ മാത്രം കാണുന്നവരുടെ ഒരു കൂട്ടം മാത്രമാകില്ല സമൂഹത്തിലുണ്ടാകുക. അതിനാല്‍ത്തന്നെ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ ജീവിക്കുന്ന കാലത്തില്‍നിന്നും പത്തിരുപത് വര്‍ഷം പിറകെ നീന്തുന്നവരും നിലനില്‍ക്കുന്നുണ്ടെന്നു പറയാതെവയ്യ. അതും സ്വാഭാവിക പരിണതി.
    ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ എന്നൊരു പ്രയോഗം സിനിമയും നാടകവുമൊക്കെ രൂപപ്പെട്ട കാലം മുതല്‍ക്കേ നമുക്കിടയില്‍ ഉണ്ടല്ലോ. മിക്കവാറും ഈ ശക്തിമത്തായ പരമ്പരാഗത സ്ത്രീസ്വത്വത്തിന്റെ അടിസ്ഥാനമുദ്ര കരഞ്ഞുചീര്‍ത്ത മുഖവും കണ്ണുകളുമായിരിക്കും. അവളുടെ കേവലവികാരവും ജീവിതവും കണ്ണീരു കലര്‍ന്നതായിരിക്കും. ഒടുവില്‍ പുരുഷനെതിരെയും മേധാവിത്വത്തിനെതിരെയും അവളുടെ പ്രതികരണം ആത്മഹത്യയിലോ കൂടിവന്നാല്‍ ഒരു ജയില്‍വാസത്തിലോ അവസാനിക്കും. ഇതു രണ്ടിനെയും വില കുറച്ചുകാണുകയല്ല. ജീവിതത്തോട് പൊരുതുന്ന ഒരുപാട് സ്ത്രീകളും പെണ്‍കുട്ടികളും ചുറ്റിലുമുണ്ട്. ഇവരെയൊക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോള്‍ പലരും കാണുക അവരുടെതന്നെ നേര്‍ചിത്രമായിരിക്കും. മലയാള സിനിമയില്‍ കണ്ണീര്‍പുത്രികളെയാണ് ശക്തകളായ സ്ത്രീകഥാപാത്രങ്ങളായി എന്നും അംഗീകരിച്ചിട്ടുള്ളത്. അത് ഷീലയിലും ശാരദയിലും തുടങ്ങി കണ്ണിചേര്‍ന്ന് ഗീതയിലും മാധവിയിലും ഉര്‍വ്വശിയിലുമെല്ലാം എത്തിയിട്ടുണ്ട്. തുടര്‍ന്നുവന്ന നായികമാര്‍ പലരും കരഞ്ഞോ സമരം ചെയ്‌തോ ജോലിക്കുപോയി കുടുംബം പോറ്റിയോ പോലും പ്രതികരിക്കാതെ നായകന്റെ പിറകില്‍ ഒളിക്കാന്‍ ശ്രമിച്ചു.
    ഏറ്റവും പുതിയ കാലത്തെ പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തരാണോ എന്നതൊക്കെ ഇനിയും ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടിയിരിക്കുന്നു. എന്നാല്‍ക്കൂടി ഇവരില്‍ മിക്കവരും ആരുടെയും അരികുചേര്‍ന്നുമാത്രം ജീവിക്കുന്നവരല്ല. അരികുചേരുമ്പോള്‍ തന്നെയും സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കാനുള്ള ഒരു മറുശ്രമം നടത്തുന്നുമുണ്ട്. ഇവരുടെ സ്വാതന്ത്ര്യത്തിന്റെ നേര്‍ചിത്രമാണ് പുതിയകാല സിനിമയിലും അടയാളപ്പെടുത്തിപ്പോരുന്നത്. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സമൂഹത്തിലിറങ്ങി നടക്കുമ്പോഴും വസ്ത്രധാരണത്തിലും വരെ അവരുടെ ആത്മവിശ്വാസം തെളിഞ്ഞുകാണുന്നുണ്ട്. (മികച്ച വിദ്യാഭ്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന രക്ഷിതാക്കളും ഇൗ ആത്മവിശ്വാസത്തിന് വലിയ ഘടകമാണെന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ)
   
പുതിയകാല സിനിമകളെ പരിശോധിക്കുമ്പോള്‍ ഇത്തരം ജീവിതചിത്രങ്ങള്‍ തെളിഞ്ഞുകാണാം. ഐ ടി പ്രൊഫഷണലുകളുടെ കഥ പറഞ്ഞ ശ്യാമപ്രസാദിന്റെ ഋതുവായിരിക്കും ഇക്കൂട്ടത്തില്‍ ആദ്യം ചേര്‍ത്തുവയ്ക്കാവുന്ന പേര്. 2009ല്‍ പുറത്തിറങ്ങിയ ഋതു പെണ്‍സ്വാതന്ത്ര്യത്തിന്റെയും സൗഹൃദത്തിന്റെയും നേര്‍ചിത്രം വരച്ചുകാട്ടുന്നു. തൊഴിലിടങ്ങളും വിനോദശാലകളും നൈറ്റ് പബ്ബുകളും പുരുഷന്റെ മാത്രം ഇടമല്ലെന്ന് ഋതു തുറന്നുകാണിക്കുന്നുണ്ട്. തന്റെ ഇച്ഛയ്ക്കനുസരിച്ചുള്ള സൈ്വര്യജീവിതം മറ്റുള്ളവരെ ബാധിക്കാതെ സ്വാതന്ത്ര്യപൂര്‍വ്വം അവള്‍ക്ക് തെരഞ്ഞെടുക്കാനാകുന്നുവെന്നത് വലിയ കാര്യമാണ്.
    അരുണ്‍കുമാര്‍ അരവിന്ദിന്റെ ആദ്യചിത്രമായ കോക്ക്‌ടെയിലില്‍ തന്നെ വഞ്ചിക്കുന്ന ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്നത് കൊന്നിട്ടോ ചത്തിട്ടോ ക്വട്ടേഷന്‍ കൊടുത്തിട്ടോ അല്ല. അയാള്‍ ചെയ്യുന്ന ചതിയുടെ ആഴം അയാള്‍ക്കുതന്നെ കാട്ടിക്കൊടുത്തിട്ടാണ്. ഇതിനു തുനിഞ്ഞിറങ്ങുന്നത് ഭാര്യയായ സ്ത്രീയും ഭര്‍ത്താവിന് അപരബന്ധമുള്ള സ്ത്രീയുടെ ഭര്‍ത്താവും ഒന്നിച്ചാണെന്ന പ്രത്യേകതയും സിനിമ മുന്നോട്ടുവെയ്ക്കുന്നു.
    രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചറിലെ കേന്ദ്ര കഥാപാത്രമായ പത്രപ്രവര്‍ത്തകയെക്കൊണ്ട് കുടുംബത്തെക്കാള്‍ വലുത് രാജ്യവും അവിടത്തെ ജനങ്ങളുടെ ജീവനുമാണെന്ന് പറയിപ്പിക്കുകയും അത് സംരക്ഷിക്കാനുള്ള പരിശ്രമം അവളെ ഏല്‍പ്പിക്കുന്നുമുണ്ട്. അപകടത്തിലായ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു സ്ത്രീ നടത്തുന്ന ശ്രമം കൂടി ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. പാസഞ്ചറിലെ അനുരാധയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മംമ്ത മോഹന്‍ദാസ് തന്നെയാണ് കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഭര്‍ത്താവ് മരിച്ചതിനുശേഷം കുഞ്ഞിനെയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ പോരാടുന്നതും. പാസഞ്ചറില്‍ നിലനില്‍ക്കുന്ന അധികാര രാഷ്ട്രീയത്തോടാണ് സ്ത്രീയ്ക്ക് പോരാടേണ്ടി വരുന്നതെങ്കില്‍ 'കഥ തുടരുന്നു'വില്‍ മതത്തോടും അതുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സാമൂഹിക ചുറ്റുപാടുകളോടുമാണ്. രണ്ടിലും പൊരുതി കരപറ്റുന്ന സ്ത്രീയെ കാണാം. ജീവിത പ്രതിസന്ധിക്കുമുമ്പില്‍ കരഞ്ഞുമാത്രം ശീലിച്ചിരുന്ന സിനിമയിലെ സ്ത്രീ ഇങ്ങനെ എതിര്‍ത്തും പ്രതിഷേധിച്ചും പൊരുതിക്കയറിയും മുന്നേറുന്ന കാഴ്ചകള്‍ ജനങ്ങള്‍ സ്വീകരിക്കുകയും തങ്ങളുടെ തന്നെ അനുഭവമായി കാണുകയും ചെയ്തതിന്‍മേലുള്ള ആത്മവിശ്വാസമാണ് അത്തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും വീണ്ടും പ്രേരണയായത്.

മേല്‍ പരാമര്‍ശിച്ചവയ്ക്കുശേഷം പുറത്തിറങ്ങിയ പല ചിത്രങ്ങളിലും ഇതിന്റെ പിന്തുടര്‍ച്ചയായി പൊരുതുകയും പുരുഷനൊപ്പമോ മുകളിലോ നില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാന്‍ സാധിച്ചിട്ടുണ്ട്. ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി, പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ, ജിത്തുജോസഫിന്റെ മമ്മി ആന്റ് മി, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഹരികുമാറിന്റെ സദ്ഗമയ, വി എം വിനുവിന്റെ പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളാണ് തൊട്ടുതുടര്‍ന്ന് അത്ര കേമമായിട്ടല്ലെങ്കിലും സ്ത്രീകളെ പരിഗണിച്ചത്.
    2011ല്‍ ട്രാഫിക്കില്‍ തുടങ്ങുന്ന ഗതിമാറ്റം മലയാള സിനിമയിലെ സ്ത്രീകള്‍ക്കും സ്ഥിരം നിലപാടുതറകളില്‍നിന്നുള്ള വ്യതിചലനമായി. ട്രാഫിക്കില്‍ സന്ധ്യ, രമ്യ നമ്പീശന്‍, ലെന, റോമ എന്നിവര്‍ പലവിധേന ശക്തവും തുറന്ന വാക്കുകളുമുള്ള സ്ത്രീകളുടെ പ്രതിനിധാനങ്ങളാകുന്നുണ്ട്. വിവാഹമോചനത്തിനുശേഷം ജീവിതത്തില്‍ കണ്ടെത്തുന്ന തുണയുടെ മരണം അദിതിയി(സന്ധ്യ)ല്‍ ആഗാധമുണ്ടാക്കുന്നുണ്ടെങ്കിലും അവന്റെ മാതാപിതാക്കള്‍ക്കൊപ്പം പിന്നീടുള്ള ജീവിതം ചെലവഴിക്കാമെന്ന വലിയ തീരുമാനമെടുക്കാന്‍ അവള്‍ക്കാകുന്നുണ്ട്. റഹ്മാന്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയുടെ റോളിലെത്തുന്ന ലെനയുടെ കഥാപാത്രമാണ് മറ്റൊന്ന്. സാധാരണ ഇത്തരം സ്ത്രീ കഥാപാത്രങ്ങള്‍ താരബിംബങ്ങളുടെ നിഴലില്‍ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ സ്ത്രീയുടെയും അമ്മയുടെയും കരുത്ത് വെളിവാക്കുന്ന സാന്നിധ്യമാണ് ലെനയുടെ ശ്രുതി ട്രാഫിക്കില്‍. സൂപ്പര്‍താരമായ തന്റെ ഭര്‍ത്താവിനെ പോലും നിസ്സഹായനാക്കാന്‍ അല്ലെങ്കില്‍ അയാളുടെ ബലഹീനത തുറന്നുകാട്ടാന്‍ അവള്‍ക്കാകുന്നുണ്ട്. ട്രാഫിക്കിനുശേഷം ലെന അവതരിപ്പിച്ച പല കഥാപാത്രങ്ങളിലും ഈ ശക്തി ചോര്‍ന്നുപോയിട്ടില്ലെന്നുവേണം പറയാന്‍. ഈ അടുത്തകാലത്ത്, സ്പിരിറ്റ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 101 ചോദ്യങ്ങള്‍, കന്യകാ ടാക്കീസ്, അയാള്‍, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് നിദര്‍ശകങ്ങളാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ശരീരം തളര്‍ന്ന പുരുഷ കഥാപാത്രത്തിന് ശരിരം കൊണ്ടും മനസ്സുകൊണ്ടും താങ്ങാകുമ്പോള്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ തെറ്റുകാരനായ ഭര്‍ത്താവിനെതിരെ കോടതിയില്‍ സാക്ഷ്യം പറയാന്‍ തയ്യാറാകുന്ന സ്ത്രീയും സ്പിരിറ്റില്‍ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നവനെ ഓടിച്ചിട്ട് പിടികൂടുന്നവളുമാകുമ്പോള്‍ ആത്മവിശ്വാസമുള്ള പുതിയകാല സ്ത്രീയുടെ പ്രതിരൂപങ്ങള്‍ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നത്.
   
മാറിയ സിനിമാകാലത്തെ രണ്ടു മികച്ച സൃഷ്ടികളായ സാള്‍ട്ട് ആന്റ് പെപ്പറിലും ചാപ്പാകുരിശിലും ആഷിഖ് അബുവും സമീര്‍ താഹിറും സൃഷ്ടിച്ചെടുത്തത് മേല്‍വിലാസമുള്ള പുതിയ പെണ്ണുങ്ങളെത്തന്നെയാണ്. സാള്‍ട്ട് ആന്റ് പെപ്പറില്‍ ശ്വേതയുടെ കഥാപാത്രം വയസ്സേറിയതിലെ അപകര്‍ഷബോധം ചുറ്റുപാടുകളിലെ പറച്ചിലുകളാലും നോട്ടങ്ങളാലും സഹികെടുന്നവളാണ്. എന്നാല്‍ അവളതില്‍പെട്ട് തളര്‍ന്ന് വീടകത്തില്‍ ഒതുങ്ങുകയല്ല. മാന്യമായ ജോലി കണ്ടെത്തി അതില്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. തന്നെ മനസ്സിലാക്കുന്ന തന്റെ തന്നെ ഒരപരനെ മറ്റേതൊരു മനുഷ്യനെയും പോലെ അവളും അന്വേഷിക്കുകയും തേടുകയും ചെയ്യുന്നുമുണ്ട്. അത് കിട്ടുമ്പോള്‍ അവളിലെ സ്ത്രീയുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.
    സാള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള സിനിമകള്‍ ചെയ്ത മറ്റൊരു പ്രധാന കാര്യം വര്‍ത്തമാനകാലത്തെ സ്ത്രീകളെ അതേപടി ആവിഷ്‌ക്കരിക്കുക എന്ന പ്രക്രിയക്ക് തുടക്കമിടുന്നതാണ്. ഡബ്ബിംഗ് ജോലി ചെയ്യുന്ന സ്ത്രീയെയും ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയെയും പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സത്രീകളെയുമൊക്കെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റുന്നുണ്ട് ഈ സിനിമ. അന്നയും റസൂലിലും ആര്‍ട്ടിസ്റ്റിലുമൊക്കെ സിനിമയ്ക്ക് അത്ര കണ്ടുപരിചയിച്ചിട്ടില്ലാത്ത തൊഴിലെടുത്ത് ജീവിക്കുന്നവരാണ് നായികമാര്‍. പുതിയകാലത്തെ സ്ത്രീകള്‍ പണ്ടത്തെ പോലെ ജോലിക്ക് പോകാതെ വീട്ടില്‍ ഒതുങ്ങുന്നവരല്ല. ഏതെങ്കിലും ഒന്നോ രണ്ടോ ജോലി മാത്രമേ സ്ത്രീകളെക്കൊണ്ട് ചെയ്യാന്‍ പറ്റൂ എന്ന പൊതുധാരണയും അകന്നുകഴിഞ്ഞു. ഇത്തരം ധാരണകള്‍ വളര്‍ത്തിയതില്‍ സിനിമയ്ക്കും പങ്കുണ്ടെന്ന് പറയാതെ വയ്യ.
    ചാപ്പാകുരിശില്‍ താന്‍ സ്‌നേഹിച്ച മേലുദ്യോഗസ്ഥന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകഥാപാത്രം വഞ്ചിക്കപ്പെടുമ്പോഴും മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നില്ല. (വഞ്ചന, മാനഭംഗം, പീഡനം ഇത്യാദി സംഭവങ്ങള്‍ക്കുശേഷം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളെ മാത്രമാണ് മലയാള സിനിമ സംഭാവന ചെയ്തിട്ടുള്ളത്. പീഡനത്തിനുശേഷവും അവള്‍ മനുഷ്യനാണെന്നും ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നുമുള്ള തോന്നല്‍ ഈ അടുത്ത കാലത്ത് മാത്രമാണെന്നു തോന്നുന്നു സിനിമയ്ക്ക് മനസ്സിലായത്. അപൂര്‍വ്വം ചില ഉദാഹരണങ്ങള്‍ എണ്‍പതുകളുടെ തുടക്കത്തിലും മറ്റും സംഭവിച്ചിട്ടുണ്ടെന്ന് മറച്ചുവെയ്ക്കുന്നില്ല. എങ്കിലും നമ്മുടെ മുഖ്യധാരാ സിനിമയും പ്രത്യേകിച്ച് താരബിബങ്ങളും പീഡിപ്പിക്കപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാനോ നായികയാക്കാനോ കൂടെക്കൂട്ടാനോ എന്തിന് നിജസ്ഥിതി അംഗീകരിക്കാനോ പോലും ഒരിക്കലും തയ്യാറായിട്ടില്ല. ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ അവളെ തിരക്കഥയില്‍ നിന്നും കൊന്നുകളയും, പുതിയകാല സീരിയലുകളില്‍ ചില കഥാപാത്രങ്ങള്‍ പൊടുന്നനെ ഒരു എപ്പിസോഡില്‍ നിന്നും അപ്രത്യക്ഷമാകുന്നപോലെ.) അവള്‍ ആര്‍ക്കും ശല്യമില്ലാതെ സ്വന്തം ജീവിതം തേടി മറ്റൊരിടത്തേക്ക് പോകുകയാണ്. എന്നാല്‍ അയാള്‍ തന്നെ തെറ്റു മനസ്സിലാക്കി അവളെ തേടിയെത്തുന്നുമുണ്ട്.
    ഇങ്ങനെ തെറ്റുകള്‍ ഏറ്റുപറയുകയും നേര്‍വഴിക്ക് വരികയും ചെയ്യുന്ന പുരുഷന്മാരെയും നേര്‍വഴിക്ക് നടത്താന്‍ കെല്‍പ്പുള്ള സ്ത്രീകളെയും മലയാള സിനിമയില്‍ ഈയിടെ കാണുന്നുണ്ട്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീയിലും പുരുഷന് താങ്ങാകുന്ന സ്ത്രീരൂപത്തെ കാണാം. സാമ്പത്തിക പ്രയാസമുള്ള ആണിനെ അത് മുറപ്പെണ്ണാണെങ്കില്‍ പ്രത്യേകിച്ചും ഉപേക്ഷിച്ച് കാശുകാരന്‍ വരന്റെ കൂടെ പോകുന്ന പതിവാണ് മലയാള സിനിമയിലെ പെണ്‍കുട്ടികള്‍ പുലര്‍ത്തിപ്പോന്നിട്ടുള്ളത്. ഇന്ത്യന്‍ റുപ്പീ പോലുള്ള സിനിമയിലേക്കെത്തുമ്പോള്‍ സാമ്പത്തിക പ്രയാസത്തില്‍ അവന്റെ കൂടെ നില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്ന നായികയെയാണ് കാണാന്‍ സാധിക്കുക.

  'നിദ്ര'യിലെത്തുമ്പോള്‍ ഇതിന്റെ മറ്റൊരു തലമാണ് അനുഭവപ്പെടുക. നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് പൊരുത്തപ്പെടാതെ അന്യഗ്രഹവത്ക്കരിക്കപ്പെട്ട മാനസിക വ്യാപാരത്തിനുടമയായ നായകന്‍ സര്‍ഗ്ഗാത്മക ജീവിതം നയിക്കുന്ന ഏതൊരാളുടെയും പ്രതിനിധിയാണ്. അവനെ സംബന്ധിച്ച് ലോകത്തില്‍ ഏറ്റവും തൃപ്തനും ഏകാകിയും അതില്‍ സന്തോഷിക്കുന്നവനുമാണ്. സാമൂഹികജീവി എന്ന നിലയില്‍ സ്വാഭാവികമായും മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്നു, അതവന് വിഷയമല്ലെങ്കില്‍ക്കൂടി. ജീവിതത്തിലും മരണത്തിലും കൂട്ടാകുന്ന പെണ്‍കുട്ടിയാണ് പിന്നീടവനെ നയിക്കുന്നത്. പ്രണയത്തില്‍ പോലും നായകന് ധൈര്യം നല്‍കുന്ന നായികയെയും നമുക്ക് കാണാന്‍ സാധിക്കുന്നു. ആമേനിലെ സോളമനെയും ശോശന്നയെയും അരികെയിലെ ശന്തനുവിനെയും അയാളുടെ ജീവിതത്തില്‍ കടന്നുവരുന്ന രണ്ടു പെണ്‍കുട്ടികളെയും ഓര്‍മ്മിക്കാം. ഷട്ടറിലെ വേശ്യാ കഥാപാത്രത്തിനും ആര്‍ട്ടിസ്റ്റിലെ ഗായത്രിക്കും എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ നായികയ്ക്കും ആണിനേക്കാള്‍ ധൈര്യവും തന്റേടവുമുണ്ട്.
    തൊഴിലിടങ്ങളിലും വിദേശത്തും പീഡനങ്ങളില്‍ പെട്ടുപോകുന്ന (ഗദ്ദാമ, എസ്‌ക്കേപ്പ് ഫ്രം ഉഗാണ്ട), യാഥാസ്ഥിതിക മത ചുറ്റുപാടില്‍ നിന്ന് പുറത്തുകടക്കുന്ന (ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത്, വിശുദ്ധന്‍, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി), പ്രതികാര ശേഷിയുള്ള പെണ്ണിനെ കാണിച്ചുതന്ന (22 ഫീമെയില്‍ കോട്ടയം), പെണ്ണിനും സൗന്ദര്യത്തിനും പിറകെ സദാ ചുറ്റിക്കൊണ്ടിരിക്കുന്ന പുരുഷന്റെ കണ്ണിനെ സമര്‍ഥമായി ഇരയാക്കുന്ന (ബ്യൂട്ടിഫുള്‍), മലയാളി പുരുഷന്റെ പ്രാമാണിത്വത്തെയും പൊള്ളത്തരത്തെയും ധൈര്യമില്ലായ്മയെയും തുറന്നു കാണിക്കുന്ന (ട്രിവാന്‍ഡ്രം ലോഡ്ജ്, വെടിവഴിപാട്), വ്യത്യസ്ത മാനങ്ങള്‍ അവകാശപ്പെടാവുന്ന ഒന്നിലേറെ സ്ത്രീകഥാപാത്രങ്ങളെ കാട്ടിത്തന്ന (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഒഴിമുറി), സാമൂഹിക തിന്മയ്ക്കും വ്യവസ്ഥിതിക്കുമെതിരെ പൊരുതാന്‍ ഇറങ്ങിപ്പുറപ്പെട്ട (തിര), കുടുംബത്തിനകത്തുപോലും സുരക്ഷിതയല്ലാത്ത പെണ്‍കുട്ടിയെ പ്രതിനിധാനം ചെയ്ത് എന്നാല്‍ അതിനെ ഏറ്റവും ഫലപ്രദമായ രീതിയില്‍ സമൂഹത്തിന് മുന്നില്‍ കാണിച്ചു കൊടുക്കുന്ന (സക്കറിയായുടെ ഗര്‍ഭിണികള്‍), മാതൃത്വത്തിന്റെ മഹത്വം കാണിച്ച (കളിമണ്ണ്), ഒരു വ്യക്തിയുടെ ജീവിത കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കുന്ന (നോര്‍ത്ത് 24 കാതം), പ്രണയത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചകളും കാത്തിരിപ്പുകളും ഇല്ലാതെയാകുന്നുവെന്ന പരാതിയെ മറികടക്കുന്ന (ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്), സ്ത്രീയുടെ ജീവിതത്തിന് ആരും പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന (ഹൗ ഓള്‍ഡ് ആര്‍ യു) തുടങ്ങി സമകാലിക ദിവസ ജീവിതത്തിലെ വിവിധ മുഖങ്ങളും കാഴ്ചകളും വീക്ഷണങ്ങളും പകര്‍ന്നുതരുന്നവരും പ്രകടിപ്പിക്കുന്നവരുമായ എത്രയെത്ര സ്ത്രീകളെയാണ് കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ നമ്മള്‍ കണ്ടുമുട്ടിയത്. ഇവര്‍ക്കാര്‍ക്കും ഒറ്റമുഖമോ ഒരേ വിഷാദച്ഛവിയോ അല്ല സ്ഥായിയായി കാണുന്നത്. ജീവിതത്തോട് പൊരുതുന്നവരും താങ്ങായി നില്‍ക്കുന്നവരും തോറ്റുപിന്മാറാന്‍ ശീലിച്ചിട്ടില്ലാത്തവരുമാകുന്നു. ജീവിക്കുന്നതില്‍ അഭിമാനിക്കുന്നവരും സ്വത്വത്തില്‍ വിശ്വസിക്കുന്നവരുമാണിവര്‍.
   
ബോധപൂര്‍വ്വമായ ശ്രമത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശക്തി നല്കാന്‍ മെനക്കെട്ട് ഇറങ്ങുന്നവരല്ല പുതിയ എഴുത്തുകാരെന്ന് ഇത്തരം സിനിമകളില്‍നിന്നും മനസ്സിലാകും. സ്ത്രീപക്ഷ സിനിമയെന്ന ലേബലില്‍ വരുന്നവയല്ല ഇവയൊന്നും. അത്തരമൊരു ലേബല്‍ സിനിമയ്‌ക്കോ സാഹിത്യത്തിനോ ചാര്‍ത്തിക്കൊടുക്കേണ്ട ആവശ്യവുമില്ലെന്നു തോന്നുന്നു. പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിതവ്യാപാരം മുന്നോട്ടുനയിക്കുന്ന സമൂഹത്തില്‍ എന്തിനാണ് ഒരു പേരില്‍ മാത്രമൊതുങ്ങു(ക്കു)ന്ന സൃഷ്ടികള്‍. അതുതന്നെ ഒരുള്‍വലിയലില്‍നിന്നോ താന്‍ പിന്നിലാണെന്ന തോന്നലില്‍നിന്നോ ഉണ്ടാകുന്നതാണ്. മേല്‍ പരാമര്‍ശിച്ച സിനിമകളെല്ലാം തന്നെ ജനപ്രിയ ചട്ടക്കൂടില്‍ സൃഷ്ടിച്ചെടുത്തവയാണ്. അവയിലെല്ലാം ചുറ്റുപാടും കാണുന്ന സ്ത്രീകളും പെണ്‍കുട്ടികളും തന്നെയാണുള്ളത്. എന്നാല്‍ എല്ലാം സാമാന്യയുക്തിക്ക് നിരക്കുന്നതാണുതാനും. ഇവിടെയാണ് മലയാള സിനിമയുടെ പുതിയ ഉമ്മറത്ത്് പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കസേരയിട്ടിരിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാനാകുന്നത്.
    താരാധിപത്യവും മേധാവിത്വവും കലയെന്നരീതിയില്‍ സിനിമയെ ഉന്നതിയിലെത്തിക്കില്ല. ഇത് മലയാള സിനിമ കണ്ടറിഞ്ഞതുമാണ്. കേവല വ്യാവസായിക നേട്ടത്തില്‍ അഭിരമിക്കാമെന്നതില്‍ കവിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കപ്പുറം ആരും അത്തരം സിനിമകളെ ഓര്‍ക്കാറില്ല. നായകനിലേക്കും താരത്തിലേക്കും സിനിമ വളര്‍ന്നുകയറിയതോടെ കുറ്റിയറ്റതാണ് നായിക, സ്ത്രീ തുടങ്ങിയ വാക്കുകള്‍. നായകനുണ്ടെങ്കില്‍ നായികയും വേണമല്ലോ എന്നതുകൊണ്ടുമാത്രം ഉള്‍പ്പെടുത്തുന്ന തരത്തിലായി കാര്യങ്ങള്‍ മാറി. തറവാടും സ്വത്തുതര്‍ക്കവും ഉത്സവം നടത്തലും ഇരുചേരി ഘോഷങ്ങളും മാത്രമായി മാറിയപ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമായത് രണ്ടു ദശാബ്ദങ്ങളാണ്. ചാക്രികചലനം പോലെ മറ്റൊരറ്റത്തേക്ക് സഞ്ചാരം എത്തിത്തുടങ്ങിയതിന്റെ സൂചനകളാണ് സിനിമ ഈയിടെയായി കാട്ടിത്തുടങ്ങിയിട്ടുളളത്. കാലാതിവര്‍ത്തിയും ദിക്കാതിവര്‍ത്തിയുമായ സിനിമകള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കൊപ്പം സമൂഹവും ഭാഷയും കൂടിയാണ് അംഗീകരിക്കപ്പെടുക.


സ്ത്രീശബ്ദം, ഓണപ്പതിപ്പ്‌

.