Thursday, 11 September 2014

അശരണര്‍ക്ക് ഓണമൊരുക്കി ജ്വാല

ഓണത്തിന്റെ നിറവിലാണ് നാടും നഗരവും. ജീവിതം എത്രമാത്രം മാറിയാലും ഓണം കൂടാന്‍ ഓടിയെത്തുന്നവരും ഓടിനടക്കുന്നവരും തന്നെയാണ് മലയാളികള്‍ ഇപ്പോഴും. ഓണപ്പാച്ചിലില്‍ വിട്ടുപോകാത്ത നന്മകളും കൈത്തിരിയും ചിലയിടങ്ങളിലെങ്കിലും കാണുന്നുണ്ടെന്നതിന് ഇന്നലെ തിരുവനന്തപുരം ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ സാക്ഷ്യം വഹിച്ചു.
    ജ്വാലാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷമായിരുന്നു ഇത്തരത്തില്‍ വേറിട്ടുനിന്നത്. ആഹാരത്തിനു വകയില്ലാതെ നമുക്കിടയില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരെ കണ്ടെത്തി ഓണത്തിന്റെ മധുരം അവര്‍ക്കുകൂടി പകരുകയായിരുന്നു ജ്വാല ചെയ്തത്. തെരുവില്‍ ഒറ്റപ്പെട്ടവരും പ്രായമായ അമ്മമാരും അന്ധരുമടക്കമുള്ള 120 അശരണരാണ് ഇന്നലെ രാവിലെ ഓണമധുരം പങ്കിടാനെത്തിയത്. ഓണക്കോടിയും ഓണക്കിറ്റും ഓണസദ്യയുമായിരുന്നു ഇവര്‍ക്കായി ഒരുക്കിയിരുന്നത്. ഒന്നിലധികം ഓണക്കോടിയും ആവശ്യത്തിലധികം സാധനങ്ങളും വാങ്ങിക്കൂട്ടി ഓണമാഘോഷിക്കുന്നവര്‍ക്കിടയില്‍ ഇവര്‍ക്കാകെ കിട്ടിയ പുതുവസ്ത്രം നിധിയായി മാറി. അതുകൊണ്ടുതന്നെ ആഘോഷത്തിനുമപ്പുറം മാതൃകയാകേണ്ട ഒരു ചടങ്ങിനാണ് ഇവിടം സാക്ഷ്യമായത്.
    പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ പി കെ ജാനുവും സാറാതോമസും വിശിഷ്ടാതിഥികളായി ഇവര്‍ക്കൊപ്പം ഓണം കൂടാനെത്തി. ചെറിയാന്‍ ഫിലിപ്പ് ഓണക്കിറ്റ് വിതരണം ചെയ്തപ്പോള്‍ യുവ ഗായകന്‍ തുഷാര്‍ സന്തോഷം നിറഞ്ഞ മുഖങ്ങള്‍ക്ക് ഓണക്കോടി സമ്മാനിച്ചു.
    ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്‌നത്തിന്റെ ഫലമായാണ് ജ്വാലയ്ക്ക് ഇത്തരമൊരു പ്രവൃത്തി ചെയ്യാനായത്. തെരുവില്‍ അലഞ്ഞവരും മാനസികരോഗികളും വയറു വിശന്നവരുമായി ഒരുപാടുപേര്‍ക്ക് അത്താണിയായി അശ്വതി എന്ന പെണ്‍കുട്ടി തുടക്കമിട്ട ജ്വാല സര്‍ക്കാറിന്റെയോ മറ്റു സംഘടനകളുടെയോ സഹായമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജ്വാലയെപ്പറ്റി കേട്ടറിഞ്ഞുവന്ന ചിലരും ഇത്തരമൊരു ഓണപരിപാടി ഒരുക്കാന്‍ ചെറിയ സാമ്പത്തികസഹായം ചെയ്തു.
    ഒരുവേള ഇതുപോലൊരു ഓണക്കാലത്ത് വീട്ടുകാരോടും പ്രിയപ്പെട്ടവരോടുമൊപ്പം ഒരുമിച്ചുല്ലസിച്ച ഒരു ഭൂതകാലം തെരുവിലലയുന്ന ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നിരിക്കാം. എല്ലാം ഉള്ളിലൊതുക്കി ചിരിച്ച് ഓണക്കോടി വാങ്ങി ഓണസദ്യയുമുണ്ട് ചാരിതാര്‍ഥ്യത്തോടെ കണ്ണുനിറച്ച് അവര്‍ ഓരോരുത്തരായി മടങ്ങിയപ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ നനഞ്ഞു. ഇതുതന്നെയാണ് ഇത്തവണ തന്റെ ഓണത്തിന്റെ നിറവെന്ന് അശ്വതി പറയുന്നു. ആ തിളക്കം അശ്വതിയുടെ കണ്ണുകളിലും..

വീക്ഷണം, സെപ്റ്റംബര്‍ 7



No comments:

Post a Comment