Saturday, 14 February 2015

മിലി
ഒരു പെണ്‍ കേന്ദ്രീകൃത സിനിമ

മലയാളത്തിലെ നായികാ കേന്ദ്രീകൃത സിനിമകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് മിലി. പുരുഷ (നായക) കേന്ദ്രീകൃത വ്യവസ്ഥിതി പിന്തുടരുന്ന സിനിമയുടെ പതിവു സ്ഥലിയില്‍ നായകനും അവന്റെ ഹീറോയിസവും സിനിമയുടെ കച്ചവട സാധ്യതയെക്കൂടി സ്വാധീനിക്കുന്നതാകയാല്‍ത്തന്നെ നായക കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന സിനിമകളാണ് ഭൂരിഭാഗവും സൃഷ്ടിക്കപ്പെടുക പതിവ്. നമ്മുടെ കാഴ്ചശീലത്തെത്തന്നെ അത്തരത്തില്‍ പരുവപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെയാണ് സിനിമയ്‌ക്കൊരു പെണ്‍ പേരിടാന്‍ കാട്ടിയ ധൈര്യത്തില്‍ നിന്നും തുടങ്ങുന്ന രാജേഷ്പിള്ളയുടെ മിലി വ്യത്യസ്തമാകുന്നത്.
അമലാപോള്‍ മിലിയെന്ന കേന്ദ്ര കഥാപാത്രമാകുന്ന സിനിമ തുടങ്ങുന്നതും തുടരുന്നതും വളര്‍ച്ച പ്രാപിക്കുന്നതും അവസാനിക്കുന്നതും മിലിയെ കേന്ദ്രീകരിച്ചാണ്. ബാക്കിയുള്ള കഥാപാത്രങ്ങളും ഭൂമികയുമെല്ലാം മിലിയുമായി ചുറ്റപ്പെട്ടു കിടക്കുന്നു; അവളിലേക്കടുക്കുന്നില്ലെങ്കിലും. മറ്റാരുടെയും കഥ പറയാന്‍ സാവകാശം നല്‍കാതെ മിലിയെപ്പറ്റി പറഞ്ഞുതുടങ്ങുന്ന സിനിമ മിലിയിലൂടെ തുടര്‍ച്ച കണ്ടെത്തുന്നു.

ഒരു തലോടലോ അനുകൂലമായ ഒരു തള്ളോ നല്ല വാക്കോ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നതില്‍ വരെ ഇതിന് പങ്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം കുട്ടിക്കാലമാണ്. ഈ സമയത്തു ലഭിക്കുന്ന അഭിനന്ദനത്തിനും നല്ല വാക്കിനും ഉപദേശത്തിനും ഒരാള്‍ എന്തായിത്തീരണമെന്ന പരുവപ്പെടല്‍ അയാള്‍ക്കുള്ളില്‍ സ്വയമറിയാതെ നടക്കും. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ അയാള്‍ പരിശ്രമിക്കും. പഠനവും കാഴ്ചയും പറച്ചിലും അഭിപ്രായങ്ങളുമെല്ലാം അതില്‍ കേന്ദ്രീകരിക്കും.
മിലിയില്‍ അമലാപോള്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം അന്തര്‍മുഖയായൊരു പെണ്‍കുട്ടിയാണ്. അവള്‍ എങ്ങനെ അന്തര്‍മുഖയായിത്തീര്‍ന്നു എന്നും സിനിമ അന്വേഷിക്കുന്നു. അപ്പൊഴാണ് മേല്‍പ്പറഞ്ഞ കുട്ടിക്കാലം പ്രസക്തമാകുന്നത്. ബാല്യം നഷ്ടപ്പെട്ട ഒരു കുട്ടിക്ക് സമൂഹത്തിന് പാകമായ ഒരു വ്യക്തിയായിത്തീരാന്‍ പ്രയാസമാണ്. അവന്‍ എത്രയൊക്കെ ശ്രമിച്ചാലും കൂട്ടിച്ചേര്‍ക്കാന്‍ പറ്റാതെ അത് മുഴച്ചിരിക്കും.

മിലി തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ്. അങ്ങനെ ഒരുപാടുപേരുണ്ട് ചുറ്റിലും. എന്നാല്‍ സത്യം അങ്ങനെയാണെന്നു തോന്നുന്നില്ല. ആരുമങ്ങനെ തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. തനിച്ചിരിക്കുന്നുമില്ല. തനിക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ശബ്ദം തിരിച്ചുകിട്ടുന്നവരാണ് എല്ലാ മൗനികളും. ആ ഇടം സൃഷ്ടിക്കപ്പെടലാണ് പ്രധാനം. മിലിക്ക് അത്തരം ഇടങ്ങള്‍ അപൂര്‍വ്വമാണ്. ക്ലാസ്മുറിയും വീട്ടകവുമെല്ലാം അവളില്‍ സൃഷ്ടിക്കുന്നത് ശ്വാസംമുട്ടല്‍ തന്നെയാണ്. അവളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ക്കുമാകുന്നില്ല. സ്വാഭാവികമായും വളര്‍ച്ചയിലും അവള്‍ അതേ അന്തര്‍മുഖത്വം കൈവിടുന്നില്ല. അവള്‍ സന്തോഷം കണ്ടെത്തുന്നുണ്ട് തന്റെ ഇത്തിരിവട്ടങ്ങളില്‍.. എങ്കില്‍ത്തന്നെയും അവള്‍ കൂടുതലും തനിച്ചു തന്നെയാണ്. എല്ലായിടത്തും പിന്‍വലിയുമ്പോഴും സ്വയം നഷ്ടപ്പെട്ട് എല്ലാം അവസാനിക്കാന്‍ തയ്യാറാകുമ്പൊഴും അവള്‍ ചില പ്രതീക്ഷകളില്‍ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഒടുവില്‍ തെളിയിക്കാന്‍ ഒരവസരം കിട്ടുമ്പോള്‍ അവള്‍ തിരിച്ചറിയുകയും തന്റെ മുന്‍പിലെ സമൂഹത്തോട് വിളിച്ചു പറയുന്നുമുണ്ട് താനെങ്ങനെ ഇങ്ങനെയായെന്ന്.. ഇങ്ങനെയാകാതിരിക്കണമെങ്കില്‍ ചെറിയൊരു ശ്രദ്ധ മക്കള്‍ക്കു കൊടുത്താല്‍ മതിയെന്നും.

ഒരു സാമൂഹിക ഘടനയ്ക്കകത്ത് ഭാഗഭക്കായ ഒരാള്‍ മറ്റുള്ളവര്‍ക്ക് യാതൊരു പ്രചോദനവും നല്‍കാത്ത ഒരാളാകുമ്പോള്‍ അയാള്‍ ചുറ്റുപാടിന് ബാധ്യതയാകുന്നു. അയാള്‍ക്ക് തെല്ല് പ്രചോദിതമാകുന്നൊരു കാര്യം ചുറ്റില്‍നിന്നും കിട്ടാത്തതുകൊണ്ടാകണം അയാള്‍ അങ്ങനെയായിത്തീര്‍ന്നത്. അത് ലഭിച്ചുതുടങ്ങുന്ന നിമിഷം മുതല്‍ അയാളില്‍ പരിവര്‍ത്തനവുമുണ്ടാകുന്നു. ഇവിടെയും മിലിക്ക് അത്രയേ ആവശ്യമുള്ളൂ. അത് ലഭിച്ചാല്‍ പിന്നെ അവള്‍ നടന്നുതുടങ്ങും. ചിത്രത്തില്‍ നവിന്‍ (നിവിന്‍ പോളി) എന്ന കഥാപാത്രം ഇക്കാര്യം മിലിയോട് പറയുന്നുമുണ്ട്.

ട്രാഫിക്കിനുശേഷം രാജേഷ്പിള്ള ഒരുക്കിയ മിലിയില്‍ ഒരു സംവിധായകന്റെ വളര്‍ച്ച കാണാന്‍ സാധിക്കും. ട്രാഫിക്കിനെപ്പോലെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയല്ല മിലി. ട്രാഫിക്കില്‍ പല കഥാപാത്രങ്ങള്‍ പല സംഭവങ്ങള്‍ അവ ഒറ്റ ബിന്ദുവിലേക്ക് യാദൃച്ഛികമായി എത്തിച്ചേരുമ്പോള്‍ മിലി ഒറ്റ കഥാപാത്രത്തിലേക്കുള്ള സഞ്ചാരമായി മാറുന്നു. ഇത്തരമൊരു വിഷയം തെരഞ്ഞെടുത്ത് സിനിമ ചെയ്യാന്‍ തയ്യാറായതില്‍ വിപണിമൂല്യമുള്ള ഒരു സംവിധായകന്‍ എന്ന നിലയില്‍ രാജേഷ്പിള്ള അഭിനന്ദനമര്‍ഹിക്കുന്നു. സിനിമ ഭാഷയുടെ പരിധികളില്ലാതെ വളരുന്നത് ഇത്തരത്തില്‍ സാര്‍വ്വലൗകികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്.

എടുത്തുപറയേണ്ട മറ്റൊരു പേര് നിവിന്‍ പോളിയുടേതാണ്. ഒരു നിവിന്‍ പോളി ചിത്രം കാണാമെന്ന പ്രതീക്ഷയില്‍ എത്തുന്നവര്‍ക്ക് മിലി നിരാശ നല്‍കും. എന്നാല്‍ അങ്ങനെ തോന്നേണ്ടതില്ല. കാരണം ഇങ്ങനെയൊരു കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായതില്‍ നിവിനെ അഭിനന്ദിക്കേണ്ടിവരും. സ്റ്റാര്‍ വാല്യു ഉള്ള നായകന്മാര്‍ സാധാരണ നായികാപ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് നിവിന്റെ ഈ ധീരമായ തീരുമാനം. നല്ല സിനിമകളുണ്ടാകാന്‍ ഈ മാതൃകയോ അല്ലെങ്കില്‍ ഇത്തരം ധീരമായ തീരുമാനങ്ങളോ എടുക്കാന്‍ മറ്റു നായകന്മാരും തയ്യാറായാല്‍ അത് മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. അമലാപോളിന് കരിയറിലെ മികച്ച പ്രകടനം നടത്താന്‍ അവസരം നല്‍കുന്ന സിനിമ സായ്കുമാര്‍, പ്രവീണ എന്നിവര്‍ക്കും മികച്ച അഭിനയ സാധ്യതയ്ക്ക് വക നല്‍കുന്നുണ്ട്.

സ്ത്രീശബ്ദം, ഫെബ്രുവരി

No comments:

Post a Comment