Sunday, 18 October 2015

പുതുകാല സിനിമകള്‍ക്ക് സ്ഥിരം ചട്ടക്കൂട് മറികടക്കാനായി-ശ്രീബാല കെ. മേനോന്‍

ഒരാള്‍ക്ക് സിനിമ അയാളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമം കൂടിയാണ്. നവീനവും വിപ്ലവകരവുമായ അഭിപ്രായങ്ങളാകുമ്പോള്‍ അവയ്ക്ക് സ്വീകാര്യതയുമേറും. ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കുന്ന സിനിമയാണ് ലൗ 24*7. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത മേഖലയിലേക്ക് കടന്നുചെന്ന് കഥ പറയാന്‍ ധൈര്യം കാണിച്ച മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ. മേനോന്‍ സംസാരിക്കുന്നു.


സിനിമയിലേക്കുള്ള വഴി
സാമ്പ്രദായിക രീതികള്‍ ശീലിച്ചുവന്ന കുടുംബ പശ്ചാത്തലത്തിലാണ് ജനിച്ചതും വളര്‍ന്നതും. സാഹിത്യവുമായും സിനിമയുമായും ബന്ധമുള്ള ആരും കുടുംബത്തിലില്ല. മറ്റേതൊരു സാധാരണ കുടുംബങ്ങളെയും പോലെ പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനമായിട്ടാണ് വീട്ടുകാര്‍ ഇതിനെയൊക്കെ കണ്ടിരുന്നത്. സ്വാഭാവികമായും വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ച് പഠനം തുടര്‍ന്നു. ഇംഗ്ലീഷ് സാഹിത്യമായിരുന്നു പഠിച്ചത്. പി.ജിക്കുശേഷം എന്തു ചെയ്യണം എന്നു ചിന്തിച്ചുനില്‍ക്കുന്ന സമയത്തായിരുന്നു സിനിമാ മോഹം മനസ്സില്‍ വന്നത്. സിനിമയിലെ ടെക്‌നിക്കല്‍ ഫീല്‍ഡിനോടായിരുന്നു താത്പര്യം.
എന്റെ കഥകള്‍ വായിച്ചുള്ള പരിചയം സത്യന്‍ അന്തിക്കാടിന്റെ സെറ്റിലെത്തിച്ചു. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യായിരുന്നു സിനിമ. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഇത് എനിക്കു പറ്റുന്ന പണിയാണോ എന്ന് സ്വയം ചോദിച്ചു. അതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്നു. ഇതിനിടയില്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ടുമൂന്നു സിനിമകള്‍ പുറത്തുവന്നു.


അച്ചുവിന്റെ അമ്മയും സത്യന്‍ അന്തിക്കാടും
സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ എന്നതായിരുന്നു 'അച്ചുവിന്റെ അമ്മ'യിലേക്ക് വിളി വന്നപ്പോള്‍ ആകര്‍ഷിച്ച കാര്യം. വീണ്ടും അന്തിക്കാടിന്റെ സിനിമയിലേക്ക്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പഠിക്കാന്‍ സഹായിച്ചത് ഈ സെറ്റാണ്. സ്‌ക്രിപ്റ്റ് എഴുതുന്നതു മുതല്‍ സിനിമയുടെ 'കംപ്ലീറ്റ് പ്രൊസിജ്വര്‍' മനസ്സിലാക്കാന്‍ സത്യന്‍ അന്തിക്കാടിനെപ്പോലെ ഒരാളുടെ കീഴില്‍ പഠിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹത്തോടൊപ്പമുള്ള സിനിമകള്‍ മനസ്സിലാക്കിത്തന്നു. അങ്ങനെ ഇന്ത്യന്‍ പ്രണയകഥ വരെയുള്ള സിനിമകളില്‍ അന്തിക്കാടിനൊപ്പം സഹകരിച്ചു.


ലൗ 24*7, ശ്രീബാല എന്ന സംവിധായിക
ആദ്യസിനിമ എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അതാണിപ്പോള്‍ സഫലമായത്. ചെറുകഥാ രൂപത്തിലാണ് ലൗ 24*7 ന്റെ ആശയം ആദ്യമെഴുതിയത്. അതില്‍ സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെന്ന് തോന്നിയപ്പോള്‍ തിരക്കഥയാക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സിനിമ തുടങ്ങിയത്.
ലൗ 24*7ന് കിട്ടിയ പ്രതികരണങ്ങളിലൂടെയാണ് സ്വയം വിലയിരുത്തുന്നത്. പലയിടങ്ങളില്‍ നിന്നും പല പ്രായക്കാരായ ആളുകള്‍ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. പോസിറ്റീവായ ഇത്തരം പ്രതികരണങ്ങളിലൂടെ ആദ്യസിനിമ എനിക്ക് തൃപ്തിയും സന്തോഷവും തന്നു.

പുതിയ കാലം, പുതിയ സിനിമ
സ്ഥിരം ചട്ടക്കൂടില്‍ നിന്നും വിട്ടുമാറി വൈവിധ്യമുള്ള വിഷയങ്ങള്‍ കൊണ്ടുവരാന്‍ മലയാളത്തിലെ പുതുനിര സംവിധായകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പലതരം കഥകളും പുതിയ കാഴ്ചപ്പാടുകളും അവതരണരീതികളുമുള്ള ഇത്തരം സിനിമകള്‍ക്ക് പ്രേക്ഷകരില്‍ വലിയ സ്വീകാര്യതയുമുണ്ട്. ഒട്ടേറെ പുതിയ ആളുകള്‍ക്ക് കടന്നുവരാനായതും നല്ല കാര്യമാണ്.

സിനിമ കാണല്‍
നല്ലതെന്ന് കേള്‍ക്കുന്ന സിനിമകളെല്ലാം കാണും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ നിന്നും നല്ല സിനിമകള്‍ വരുന്നുണ്ട്. മറാത്തി സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അങ്ങനെയുള്ള സിനിമകള്‍ തെരഞ്ഞുപിടിച്ചു കാണാറുണ്ട്. പലപ്പോഴും പ്രാദേശികമായ ഇത്തരം പരിശ്രമങ്ങള്‍ വേണ്ടത്ര കാണാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നുണ്ട്. ഫിലിം ഫെസ്റ്റിവലുകളില്‍ ഈ സിനിമകള്‍ക്ക് കുറേക്കൂടി പ്രാതിനിധ്യം നല്‍കണം.

ശ്രീബാല കെ.മേനോന്‍ എന്ന എഴുത്തുകാരി
പതിനഞ്ചോളം കഥകള്‍ മാത്രം എഴുതിയ ഒരാളാണ് ഞാന്‍. വളരെ സമയമെടുത്താണ് കഥകള്‍ എഴുതാറ്. ഇത്ര കുറച്ച് കഥകള്‍ മാത്രം എഴുതിയ ആള്‍ക്ക് ലഭിച്ച വായനക്കാരുടെ പിന്തുണ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എഴുത്തുകാരി എന്ന നിലയില്‍ വായനക്കാര്‍ അംഗീകരിച്ചതും വിലയിരുത്തിയതും ഗൃഹലക്ഷ്മിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച '19 കനാല്‍ റോഡ്' എന്ന അനുഭവക്കുറിപ്പുകളാണ്. ഇത് പിന്നീട് ഡി.സി പുസ്തകമാക്കുകയും ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഈ അനുഭവക്കുറിപ്പുകളിലൂടെയാണ് എന്റെ സിനിമയിലേക്കുള്ള പ്രവേശനം പോലും. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് ഈ കുറിപ്പുകള്‍ ശ്രദ്ധിച്ചിരുന്നു. സിനിമയിലേക്ക് വന്നതോടെ നിരന്തരം എഴുതാനുള്ള സമയം കുറഞ്ഞു.

മലയാള കഥാസാഹിത്യത്തിലെ പുതിയ പ്രതീക്ഷകള്‍, പ്രവണതകള്‍, വായന
പുതിയ എഴുത്തുകളും എഴുത്തുകാരെയും ശ്രദ്ധിക്കാറുണ്ട്. പ്രത്യേകതയുള്ള പുസ്തകമെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടവ തേടിപ്പിടിച്ച് വായിക്കും. പൊതുവില്‍ ചില സമയത്ത് കുറേപ്പേര്‍ ഒന്നിച്ചുവരികയും ചിലര്‍ തുടര്‍ന്നും എഴുതിപ്പോരുകയും മറ്റു ചിലര്‍ ഉള്‍വലിയുകയും ചെയ്യുന്ന പതിവാണ് മലയാളത്തില്‍ കാണുന്നത്. എഴുത്തിന്റെ കാര്യത്തിലും അതേ അവസ്ഥയുണ്ട്. കഥകള്‍ ആഘോഷിക്കുന്നൊരു കാലം, അനുഭവക്കുറിപ്പുകള്‍ ആഘോഷിക്കുന്നൊരു കാലം, കവിതയ്‌ക്കൊരു കാലം അങ്ങനെ. ഇപ്പോള്‍ നോവലിന്റെ സമയമാണെന്നു തോന്നുന്നു. സജീവമായി നില്‍ക്കുന്ന മിക്ക എഴുത്തുകാരും നോവലെഴുത്തിലാണ് ശ്രദ്ധിക്കുന്നത്.


സ്ത്രീകളുടെ ഇടം സിനിമയിലും സമൂഹത്തിലും
എല്ലാ മേഖലയിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നു പറയാം. ഒരു കരിയറില്‍ത്തന്നെ മത്സരിക്കാന്‍ ഒരുപാടുപേര്‍. എന്നാല്‍ ആരും സ്ഥിരമായി നില്‍ക്കുന്നില്ല. കൊഴിഞ്ഞുപോക്ക് വലിയൊരു പ്രശ്‌നമാണ്. ഒരു മേഖലയില്‍ ഒരുപാടുപേര്‍ വരികയും പാതിവഴി നിര്‍ത്തിപ്പോകുകയും ചെയ്യുക. ഇന്ത്യയുടെ പൊതുവായ രീതിയാണത്.
നമുക്ക് അതിയായ താത്പര്യമുള്ള ഒരു പ്രൊഫഷനില്‍ തുടരാന്‍ സ്വയം തീരുമാനിച്ചാല്‍ അതിനായി പരിശ്രമിച്ചാല്‍ വീട്ടുകാരുടേതുള്‍പ്പടെയുള്ള പിന്തുണ കിട്ടാന്‍ വലിയ പ്രയാസമുണ്ടാകില്ല. ഇത് എന്റെ സാക്ഷ്യപ്പെടുത്തലാണ്. പക്ഷേ അതിനു തയ്യാറാകുന്നതാണ് പ്രധാനം. കേരളത്തിലെ പെണ്‍കുട്ടികള്‍ വ്യത്യസ്ത മേഖലകള്‍ കണ്ടെത്തുന്നതിനേക്കാള്‍ ജീവിതം സുരക്ഷിതമാക്കുന്ന ജോലിയില്‍ എത്തിപ്പെടാനാണ് ശ്രമിക്കുന്നത്. ജീവിത സുരക്ഷയ്ക്ക് ആഗ്രഹങ്ങളേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുന്നു. ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിച്ചുവെച്ചത് അനുശീലിക്കുന്നവര്‍ മാത്രമായിപ്പോകുന്നു ഈ തലമുറ. നാലടി മുന്നോട്ടുവെച്ചാല്‍ രണ്ടടി പിറകോട്ട് എന്ന രീതി മാറണം. സിനിമയുള്‍പ്പടെ ഏതു പ്രൊഫഷനിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാത്തതിന്റെ കാരണം ഇതൊക്കെയായിരിക്കാം.

അപരലോകം സൃഷ്ടിക്കുന്നവര്‍
സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഒരു ലോകം, ഒരു ജീവിതം എന്നത് മാറി എല്ലാവര്‍ക്കും ഒരു അപരലോകം കൂടി സ്വന്തമായി.  നവമാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രധാന മാറ്റം ഈ അപരജീവിതത്തിനുള്ള സാധ്യതയാണെന്ന് തോന്നുന്നു. സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. യഥാര്‍ഥ ലോകത്തിന്റെ അസ്വാതന്ത്ര്യം അപരലോകം മറികടക്കുന്നു. എല്ലാവരും ഈ അപരലോകത്തിന്റെ സ്വാതന്ത്ര്യം തേടുന്നവരും അനുഭവിക്കുന്നവരുമാണ്. സോഷ്യല്‍ മീഡിയയില്‍ ഞാനും സജീവമാണ്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളിലും അഭിപ്രായപ്രകടനം നടത്തുന്ന ആളല്ല.
താനിപ്പൊഴും സിനിമ പഠിക്കുന്ന ഒരു വിദ്യാര്‍ഥി മാത്രമാണെന്ന്  ശ്രീബാല പറയുന്നു. എഴുത്തുകാരിയാകണോ സംവിധായികയാകണോ എന്ന ചോദ്യത്തിനുത്തരം ഇതുരണ്ടുമാകാന്‍ ശ്രമിക്കുന്നുവെന്നാണ്. ശ്രീബാലയിലെ എഴുത്തുകാരിയെയും സംവിധായികയെയും ആസ്വാദകര്‍ സ്വീകരിച്ചുകഴിഞ്ഞു. സാഹിത്യത്തിലും സിനിമയില്‍ പ്രത്യേകിച്ചും സ്ത്രീസാന്നിധ്യം ഉണ്ടാകേണ്ടത് കാലത്തിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ ശ്രീബാലയുടെതു പോലുളളവരുടെ വേറിട്ട ശബ്ദങ്ങള്‍ക്കുള്ള കാത്തിരിപ്പിന് പ്രസക്തിയേറുന്നു.


സ്ത്രീശബ്ദം, സെപ്റ്റംബര്‍

ജീവിതം ആവര്‍ത്തിക്കുന്നു; പ്രണയവും


ശ്രീബാല കെ.മേനോന്റെ ആദ്യസിനിമയായ ലൗ 24*7 കണ്ടതിനുശേഷം ഗുരു കൂടിയായ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. 'അത്ഭുതങ്ങളൊന്നുമില്ല. പക്ഷേ, മലയാളി മറന്നുതുടങ്ങിയ ശുദ്ധസിനിമയുടെ സംസ്‌ക്കാരം തിരികെ കൊണ്ടുവരാന്‍ ഒരു ശ്രമം സംവിധായിക നടത്തിയിരിക്കുന്നു.' -ഇതു തന്നെയാണ് ഈ സിനിമയുടെ സാക്ഷ്യപത്രം. ആദ്യസിനിമയോടെ ഏറെ പ്രതീക്ഷകള്‍ാനല്‍കാന്‍ സാധിച്ച സംവിധായികയുടെ വരും കാല ചിത്രങ്ങള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ വകയുണ്ടെന്ന് ചുരുക്കം.
വാര്‍ത്താചാനലിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ലൗ 24*7 പ്രേക്ഷകര്‍ക്ക് അത്ര പരിചയമുള്ള ഭൂമികയിലേക്കല്ല കൊണ്ടുപോകുന്നത്. മുഖത്തെ ചായക്കൂട്ടുകളുടെയും തിളങ്ങുന്ന വേഷങ്ങളുടെയും മോടിയോടെ ദിവസവും നമുക്കുമുന്നില്‍ പ്രസന്നവദനരായി എത്തുന്ന മാധ്യമപ്രവര്‍ത്തകനും ഒരു ജീവിതമുണ്ട്. പളപളപ്പുകള്‍ക്കു പിറകില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ എപ്പോള്‍ വേണമെങ്കിലും ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒന്നുമല്ലാത്തെരാളായി വലിച്ചെറിയപ്പെടാനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടൊരു ജീവിതമാണ് അയാള്‍ തള്ളിനീക്കുന്നത്. കോര്‍പ്പറേറ്റുകളുടെയും അഴിമതിക്കാരുടെയും മുതലാളിമാരുടെയും താത്പര്യങ്ങളുടെ ചരടിനറ്റത്തെ നല്ല കളിപ്പാവയായ മാധ്യമത്തൊഴിലാളിയുടെ അറിയപ്പെടാത്ത ജീവിതത്തിന്റെ അരികു ചേരുകയാണ് ശ്രീബാല കെ.മേനോന്‍ തന്റെ ആദ്യ സിനിമയിലൂടെ.

മാധ്യമ പ്രവര്‍ത്തകരുടെ യഥാര്‍ഥ കഥ പറയാന്‍ അധികമാരും മെനക്കെട്ടിട്ടില്ല. രാഷ്ട്രീയം ഇടകലര്‍ത്തി മാധ്യമപ്രവര്‍ത്തനത്തിന്റെ പുറം കാഴ്ച മാത്രമാണ് ഇത്രനാളും കണ്ടത്. ന്യൂസ് ഡെസ്‌ക്ക് ജേര്‍ണലിസത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന മലയാളത്തിലെ ആദ്യ സിനിമയായിരിക്കും ലൗ 24*7. മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറയാന്‍ ആരുമില്ല. മാധ്യമങ്ങള്‍ പോലും അതിന് മെനക്കെടാറില്ല. കോര്‍പ്പറേറ്റുകളുടെയും നിക്ഷിപ്ത ജാതി, മത, താത്പര്യങ്ങളുള്ള സംഘടനകള്‍ മേധാവിത്വം കൈയാളുന്ന സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എപ്പൊഴും മുഖ്യധാരയില്‍ നിറഞ്ഞുനില്‍ക്കുന്ന അവരുടെ ജീവിതവും പ്രതിസന്ധികളില്ലാത്തതാണെന്നാണ് സാമാന്യജനത്തിന്റെ ധാരണ. എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും തൊഴിലും നിരന്തര പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതാണെന്നതാണ് സത്യം.
തൊഴില്‍ സുരക്ഷയോ തൊഴിലിനോട് നീതി പുലര്‍ത്തും വിധമുള്ള സമയക്രമമോ സാമ്പത്തിക മെച്ചമോ ഇല്ലാതെ ലൈംലൈറ്റിന്റെ തിളക്കം മാത്രം അവശേഷിക്കുന്ന ഈ ജീവിതത്തിലേക്ക് കടന്നുചെല്ലാന്‍ അവരില്‍ത്തന്നെ ഉള്ള ഒരാള്‍ക്കുമാത്രമേ സാധിക്കൂ.  മാധ്യമരംഗത്ത് പ്രവര്‍ത്തനപരിചയമുള്ള ശ്രീബാല കെ.മേനോന്‍ കണ്ടുശീലിച്ചതും അനുഭവിച്ചറിഞ്ഞതുമായ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ് ലൗ 24*7 എന്ന സിനിമയായി പുറത്തുവന്നത്.

സിനിമയ്ക്കു വേണ്ടിയുള്ള യാതൊരുവിധ കലര്‍പ്പുകളുമില്ലാതെ പറയാനുള്ള വിഷയം ലളിതമായും എന്നാല്‍ കൃത്യമായ വികാസങ്ങളോടെയുമാണ് ശ്രീബാല അവതരിപ്പിച്ചിരിക്കുന്നത്. അതിനവര്‍ക്ക് ദിലീപ് എന്ന താരശരീരം പോലും തടസ്സമായില്ലെന്നത് ശ്രദ്ധേയമാണ്. ഇത്തരം സിനിമകളുടെ ഭാഗമാകുന്നതിലൂടെ താരത്തിനപ്പുറം ദിലീപ് എന്ന നടന് അതേറെ ഗുണം ചെയ്യും.
ഇതിനുമുമ്പ് മാധ്യമവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് മലയാളത്തിലുണ്ടായ സിനിമകളെല്ലാം രാഷ്ട്രീയം അടിത്തറയാക്കിയാണ് സംസാരിച്ചത്. ഒരുപക്ഷേ മാധ്യമപ്രവര്‍ത്തകന്റെ പരിമിതിക്കപ്പുറം അമാനുഷികമായി സഞ്ചരിക്കുന്നവരായിരുന്നു ഈ സിനിമകളിലെ നായക കഥാപാത്രങ്ങളെല്ലാം തന്നെ. വാര്‍ത്തകള്‍ വായിച്ചും കണ്ടും മാത്രം ശീലിച്ചിട്ടുള്ള വായനക്കാര്‍ അല്ലെങ്കില്‍ കാഴ്ചക്കാര്‍ എന്ന പക്ഷത്തിന് തീര്‍ത്തും അപരിചിതമായ മേഖലയാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഇടം. ഈ അപരിചിതമേഖലയിലേക്ക്, ന്യൂസ് റൂമുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ശ്രീബാല കെ.മേനോന്റെ സിനിമ. ന്യൂസ് റൂമിലെ ജീവിതം കാണാനാണ് 24*7ന്റെ ക്യാമറ ആളുകളെ കൂടുതല്‍ സമയവും ക്ഷണിക്കുന്നതെന്നു പറയാം. ഇതിനൊപ്പം ഈ സിനിമ വിടാതെ പിന്തുടരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബന്ധങ്ങളുടെ ഊഷ്മളത. കൂടിച്ചേരുകയും അകലുകയും വീണ്ടുമടുക്കുകയും ചെയ്യുന്ന പരിണതിയായി തുടര്‍ന്നുപോരുന്ന മാനുഷികബന്ധങ്ങളുടെ നിലയ്ക്കാത്ത സാധ്യതയെ 'ജീവിതം ആവര്‍ത്തിക്കുന്നു' എന്ന് തുറന്നുപറഞ്ഞു തന്നെയാണ് സിനിമ വിളക്കിച്ചേര്‍ക്കുന്നത്.

ടെലിവിഷന്‍ സ്‌ക്രീനിലെ വാര്‍ത്തകളും മുഖങ്ങളും കണ്ടുശീലിച്ച കാഴ്ചക്കാരന് സ്‌ക്രിനിനു പിന്നിലേക്ക് സഞ്ചരിക്കുന്ന ക്യാമറ തന്നെയാണ് ഈ സിനിമ നല്‍കുന്ന പുതുമയും സാധ്യതയും. ഇത്രനാളും ആരും കൈവച്ചിട്ടില്ലാത്ത ഒരു വിഷയം എന്ന ഫ്രഷ്‌നസ്സില്‍ നിന്നുകൊണ്ട് ലൗ 24*7 കാണുമ്പോള്‍ സിനിമ സ്ഥിരം കാഴ്ചശീലങ്ങളുടെ കൂടുതല്‍ കെട്ടുപാടുകള്‍ അഴിക്കുന്നതായും അനുഭവപ്പെടും. ന്യൂസ് റൂമിലേക്ക് കടന്നുചെല്ലുന്ന ക്യാമറ ഒരു വ്യക്തിക്കുചുറ്റും കറങ്ങാതെ കൂടുതല്‍ പേരിലേക്കും ജീവിതങ്ങളിലേക്കും നീങ്ങാന്‍ തയ്യാറാകുന്നു.
സിനിമ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമം കൂടിയാണ്. അത് സമൂഹത്തിന് ഉപയുക്തമാം വണ്ണം നവീനവും വിപ്ലവകരവുമായ അഭിപ്രായങ്ങളാകുമ്പോള്‍ സ്വീകാര്യതയേറും. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ശ്രീബാലയിലെ സ്ത്രീയെ ലൗ 24*7ല്‍ കാണാം. ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍ അഭിപ്രായവും വ്യക്തിത്വവുമുള്ളവരും അത് തുറന്നു പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവരുമാണ്. കരിയറിനെയും ജീവിതത്തെയും കൂട്ടിക്കുഴയ്ക്കാതെ കാണാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. താത്പര്യമുള്ള ആള്‍ക്കൊപ്പം ജീവിക്കുക എന്നത് രണ്ടുപേരുടെ മാത്രം തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണ്. ജാതി-മത-കുലമഹിമ-സാമ്പത്തിക വ്യത്യാസങ്ങള്‍ പ്രണയത്തിനും ജീവിതത്തിനും തീര്‍ക്കുന്ന വിലങ്ങുകള്‍ കണ്ടുശീലിച്ച സമൂഹത്തിലേക്ക് പരസ്പരം ഒരുമിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന തന്റെ കഥാപാത്രങ്ങളെ ബഹളങ്ങളുടെയും ഒത്തുതീര്‍പ്പുകളുടെയും ആശങ്കകള്‍ പോലും ജനിപ്പിക്കാതെ ജീവിക്കാന്‍ വിടുകയാണ് എഴുത്തുകാരിയായ സംവിധായിക. തനിക്ക് പറയാനുള്ളത് വിട്ടുവീഴ്ച കൂടാതെ പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന ശ്രീബാല കെ.മേനോനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ പതിവു നിലപാടു തറയില്‍ തളച്ചിടപ്പെടാത്ത പ്രേക്ഷകന് ലൗ 24* വക നല്‍കുന്നുണ്ട്. അങ്ങനെയാണ് ഈ സിനിമ ഒരു ദിലീപ് സിനിമയില്‍ നിന്ന് ശ്രീബാല കെ.മേനോന്‍ സിനിമയായി വളരുന്നതും.

നായകന്‍, നായിക ക്ലിഷെകള്‍ക്കു പകരം അവര്‍ക്കു ചുറ്റുമുള്ള മറ്റു കഥാപാത്രങ്ങള്‍ക്കും ജീവിതവും വ്യക്തിത്വവുമുണ്ട് എന്ന സമൂഹജീവി കാഴ്ചപ്പാട് സിനിമയുടെ വിതാനം വലുതാക്കാന്‍ ഉപകരിക്കുന്നു. ലൗ 24*7ല്‍ നായക സ്ഥാനത്തുള്ള ദിലീപിനു തുല്യമോ അതിനു മുകളിലോ ആണ് മറ്റ് പല കഥാപാത്രങ്ങളുടെയും സ്ഥാനം. സിനിമ ഒരാളെയല്ല, മറിച്ച് ഒരു വിഷയത്തെ ഉപജീവിച്ചു കൊണ്ടുള്ളതാകുന്നതിന്റെ മാറ്റവും ഗുണവുമാണിത്. സുഹാസിനി, ശശികുമാര്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ വളര്‍ച്ചയും തുടര്‍ച്ചയും ഇത് ന്യായീകരിക്കുന്നതാണ്. ശ്രീനിവാസന്‍, മഞ്ജുപിള്ള, നിഖില വിമല്‍, ലെന തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഇത്തരത്തില്‍ ഉറച്ച നിലപാടുകളും ആര്‍ജ്ജവവുമുള്ള മനുഷ്യരുടെ പ്രതിനിധികളായിട്ടാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.


സ്ത്രീശബ്ദം, സെപ്റ്റംബര്‍

മൊയ്തീനും കാഞ്ചനമാലയും മുന്നോട്ടുവയ്ക്കുന്ന പ്രണയ (ജീവിത)പാഠങ്ങള്‍


പറഞ്ഞും എഴുതിയും അനുഭവിച്ചും തീരാതെ തുടരുന്ന വികാരമാണല്ലോ പ്രണയം. കാലവും തലമുറയും മാറുമ്പോഴും രൂപഭാവങ്ങള്‍ മാറി ഒരേ തോന്നലായി പ്രണയം ജീവിതത്തോടൊപ്പമങ്ങനെ മുന്നേറുന്നു. ജീവിതത്തോട് കണ്ണി ചേര്‍ക്കാന്‍ തുടങ്ങുമ്പോഴായിരിക്കും പ്രണയത്തിന് ഹൃദയത്തോടൊപ്പം തലച്ചോറു കൂടിയുണ്ടാകുന്നത്. തലച്ചോറ് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴേക്കും പ്രണയം മാറ്റിനിര്‍ത്താവുന്ന കേവല വികാരങ്ങളുടെ കൂട്ടത്തിലേക്ക് മാറുന്നു. അങ്ങനെ പ്രണയത്തിന് ആ വിളിപ്പേരിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു. പിന്നെ ഒത്തുതീര്‍പ്പിന്റെ പ്രാക്ടിക്കല്‍ ജീവിതപാഠങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന പ്രക്രിയയാണത്. അങ്ങനെ പ്രണയം അവസാനിക്കുകയും പ്രണയികള്‍ ഇല്ലാതാകുകയും ചെയ്യുന്നു. കാലാകാലങ്ങളായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ പ്രണയ (?) അവസ്ഥകളുടെ ഏകദേശ രൂപമാണിത്.
പ്രണയവും ജീവിതവും രണ്ടല്ലെന്നും ഞാനും നീയും ഒന്നാകുന്നതുപോലെ പ്രണയവും ജീവിതവും ഒന്നുതന്നെയായി കാണേണ്ടതാണെന്നും വെല്ലുവിളികള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും മുന്നില്‍ നില്‍ക്കേണ്ടത് പ്രണയമാണെന്നും അതുതന്നെയാണ് ജീവിതമെന്നും അറിഞ്ഞ അപൂര്‍വ്വം മനുഷ്യര്‍ ജീവിച്ച് പ്രണയിച്ചവരായി ഭൂമിയിലുണ്ട്. അത്തരം വംശനാശ ജീവികളില്‍പെട്ട രണ്ടു പേരുകളായിരുന്നു കാഞ്ചനമാലയുടെയും മൊയ്തീന്റെയും. ഇവര്‍ പതിവു പ്രണയികളേക്കാള്‍ പൊതുബോധമുള്ളവരും പക്വതയോടെ പ്രവര്‍ത്തിച്ചവരുമായിരുന്നു. തങ്ങളുടെ പ്രണയസാഫല്യം മാത്രമല്ലായിരുന്നു ഇവരുടെ ജീവിതലക്ഷ്യം. ഇവര്‍ കൂടെ ജീവിക്കുന്നവരെയും ചുറ്റുവട്ടത്തെ മറ്റു മനുഷ്യരെയും കുറിച്ച് ചിന്തിച്ചവരും അവര്‍ക്കുവേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചവരും കൂടിയായിരുന്നു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും അപൂര്‍വ പ്രണയകഥയാണ് ആര്‍.എസ്.വിമലിന്റെ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ പറയുന്നത്. ഇവരുടെ ജീവിതം നേരത്തെ കഥയ്ക്കും ഡോക്യുമെന്ററിക്കും ഫീച്ചറുകള്‍ക്കും വിഷയമായിട്ടുണ്ട്. എന്‍. മോഹനന്റെ 'മൊയ്തീന്‍' എന്ന കഥയും, പി.ടി മുഹമ്മദ് സാദിഖ് എഴുതിയ 'മൊയ്തീന്‍- കാഞ്ചനമാല ഒരപൂര്‍വ പ്രണയജീവിതം' എന്ന  ജീവിതരേഖയും ആര്‍.എസ്. വിമലിന്റെ തന്നെ 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററിയും മെയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ലോകത്തിനു മുന്നില്‍ കൊണ്ടുവന്നു.
പുരോഗമന, ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരിക്കുകയും എന്നാല്‍ കടുത്ത യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്തിരുന്ന രണ്ടു കുടുംബങ്ങള്‍ ഒരു പ്രണയത്തെ ഇല്ലായ്മ ചെയ്തതെങ്ങനെ എന്ന് കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം കാണിച്ചുതരുന്നു. ഇത് സമകാലിക ജീവിത പരിതസ്ഥിതിയിലേക്കു കൂടിയുള്ളൊരു കണ്ണാണ്. അത്രമേല്‍ വേഗവത്ക്കരിച്ചിട്ടും മാറാത്ത വ്യവസ്ഥിതികളും യാഥാസ്ഥിതിക ബോധവും മറനീക്കി വിറളി പൂണ്ടുനില്‍ക്കുന്ന സദാചാര, ജാതി, മത, ഫാസിസത്തിന്റെ നടപ്പു ലോകക്രമത്തില്‍ മൊയ്തീനും കാഞ്ചനമാലയുടെയും പ്രണയജീവിതം വേറിട്ട അധ്യായമാകുന്നു. അല്ലെങ്കില്‍ ഇവര്‍ നടപ്പുരീതികള്‍ക്ക് അത്ഭുതക്കാഴ്ചയും ബിംബങ്ങളുമാകുന്നു. ജാതിയും കുലമഹിമയും ധനവും പ്രണയങ്ങളുടെ അതിര്‍വര നിശ്ചയിക്കുന്ന പുതിയ കാലത്തിന് പ്രണയിക്കാന്‍ യുദ്ധം ചെയ്ത മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം കഥയല്ലെന്ന് വിശ്വസിക്കാന്‍ കൂടി പ്രയാസമായേക്കാം.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കൂടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ സജീവമായിരുന്ന ബി.പി ഉണ്ണിമൊയ്തീനാണ് മൊയ്തീന്റെ പിതാവ്. 16 വര്‍ഷം മുക്കം പഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. കൊറ്റങ്ങല്‍ അച്യുതന്റെ മകളാണ് കാഞ്ചനമാല. മുക്കത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അച്യുതന്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി മൊയ്തീനും. എന്നാല്‍ പിതാവിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക ചിന്താഗതികളില്‍ നിന്നും ഇയാള്‍ വ്യതിചലിച്ചു. അതുകൊണ്ടായിരുന്നല്ലോ മുക്കത്തിന്റെ 'മാനുക്കാക്ക' ഒരു ഹിന്ദുപ്പെണ്ണിനെ പ്രണയിക്കാന്‍ തയ്യാറായതും. ഇനി കാഞ്ചനയാകട്ടെ മൊയ്തീനെപ്പോലെ എന്തും നേരിടാന്‍ പ്രാപ്തിയുള്ളവളും പ്രണയത്തിനുവേണ്ടി പ്രാര്‍ഥനാനിര്‍ഭരമായ ഒരു മനസ്സു സൂക്ഷിക്കുന്നവളുമായിരുന്നു. തമ്മില്‍ പ്രണയിക്കേണ്ടവരായിരുന്നു എന്ന് ഉറപ്പുള്ള രണ്ടുപേര്‍ അങ്ങനെയായിത്തീര്‍ന്നു എന്നുവേണം കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെപ്പറ്റി പറയാന്‍.
കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ ലോകത്തോട് പറഞ്ഞു എന്നതിനൊപ്പം 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയുടെ പ്രസക്തി ഏറുന്നത് കല രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തി എന്നതുകൊണ്ടു കൂടിയാണ്. സിനിമയുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം വായിക്കുമ്പോള്‍ മൊയ്തീനും കാഞ്ചനയും ഒരു നിമിത്തം മാത്രമായി മാറുന്നു. ഹിന്ദു-മുസ്ലിം ജനതയെ ഭിന്നിപ്പിച്ചുനിര്‍ത്താനുള്ള ഭരണകൂടതന്ത്രങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഇടുങ്ങിയ മനസ്സുകള്‍ സ്വന്തമായുള്ള മനുഷ്യരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ മൊയ്തീനെ പ്രണയിക്കുന്ന കാഞ്ചന മുന്നോട്ടു വയ്ക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക പ്രവര്‍ത്തനം തന്നെയാണ്.

ഇവരുടെ വിശാലമായ ചിന്തയും ജീവിതാനുഭവങ്ങളും കര്‍മ്മമണ്ഡലവും അതേപടി പകര്‍ത്താന്‍ സിനിമ എന്ന മാധ്യമത്തിന്റെ സമയപരിമിതി അപര്യാപ്തമായേക്കും. എന്നാല്‍ ആ പ്രണയത്തോടും ജീവിതത്തോടും ഒരു പരിധി വരെ ആത്മാര്‍ഥത പുലര്‍ത്താന്‍ ആര്‍.എസ്.വിമലിന്റെ 'മൊയ്തീനാ'യി എന്നു പറയാം. ദൃശ്യമികവും അതിന് ഇഴചേരുന്ന സംഗീതവും അഭിനയമികവും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. ഒരു പിരീഡ് പ്രണയ സിനിമയ്ക്ക് കിട്ടാവുന്നതില്‍വെച്ച് മികച്ച വരവേല്‍പ്പാണ് എന്ന് നിന്റെ മൊയ്തീന് മലയാളികള്‍ നല്‍കിയതും. സിനിമയിലെ നായകനായ പൃഥ്വിരാജിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക-'എന്ന് നിന്റെ മൊയ്തീന്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന ഒരു സിനിമയാകുന്നതിനേക്കാള്‍ സന്തോഷം ലക്ഷക്കണക്കിനു പേര്‍ കണ്ട് ഒരുപാടു ദിവസം ഓടുന്ന ഒരു സിനിമയാകുന്നതാണ്. ഒടുവില്‍ കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം അറിയാത്തവരായി ആരും കേരളത്തിലുണ്ടാകരുത്. അതാണ് ആ പ്രണയത്തിന്, ജീവിച്ചിരിക്കുന്ന കാഞ്ചനമാലയ്ക്ക് നല്‍കാനുള്ള ഏറ്റവും വലിയ അംഗീകാരം.' ഒരു നടന്റെ, നടിയുടെ കരിയറില്‍ ലഭിക്കാവുന്ന വലിയ അംഗീകാരം കൂടിയാകുന്നു ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുക എന്നത്. അപ്പോള്‍ പൃഥ്വിരാജ് (മൊയ്തീന്‍) പാര്‍വതി (കാഞ്ചനമാല), ടോവിനോ തോമസ് (പെരുമ്പറമ്പില്‍ അപ്പു), സായ്കുമാര്‍ (ബി.പി ഉണ്ണിമൊയ്തീന്‍), ലെന (പാത്തുമ്മ), സുധീര്‍ കരമന (മുക്കം ഭാസി), ബാല (സേതു) തുടങ്ങി ഈ സിനിമയിലെ കഥാപാത്രങ്ങളോരോന്നും മികവിനൊപ്പം ചരിത്രത്തിന്റെ കൈയൊപ്പു കൂടി ചാര്‍ത്തിക്കിട്ടാന്‍ ഭാഗ്യം ലഭിക്കുന്നവരുമാകുന്നു.

സ്ത്രീശബ്ദം, ഒക്ടോബര്‍