Sunday, 18 October 2015

പുതുകാല സിനിമകള്‍ക്ക് സ്ഥിരം ചട്ടക്കൂട് മറികടക്കാനായി-ശ്രീബാല കെ. മേനോന്‍

ഒരാള്‍ക്ക് സിനിമ അയാളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമം കൂടിയാണ്. നവീനവും വിപ്ലവകരവുമായ അഭിപ്രായങ്ങളാകുമ്പോള്‍ അവയ്ക്ക് സ്വീകാര്യതയുമേറും. ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കുന്ന സിനിമയാണ് ലൗ 24*7. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത മേഖലയിലേക്ക് കടന്നുചെന്ന് കഥ പറയാന്‍ ധൈര്യം കാണിച്ച മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ. മേനോന്‍ സംസാരിക്കുന്നു.


സിനിമയിലേക്കുള്ള വഴി
സാമ്പ്രദായിക രീതികള്‍ ശീലിച്ചുവന്ന കുടുംബ പശ്ചാത്തലത്തിലാണ് ജനിച്ചതും വളര്‍ന്നതും. സാഹിത്യവുമായും സിനിമയുമായും ബന്ധമുള്ള ആരും കുടുംബത്തിലില്ല. മറ്റേതൊരു സാധാരണ കുടുംബങ്ങളെയും പോലെ പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനമായിട്ടാണ് വീട്ടുകാര്‍ ഇതിനെയൊക്കെ കണ്ടിരുന്നത്. സ്വാഭാവികമായും വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ച് പഠനം തുടര്‍ന്നു. ഇംഗ്ലീഷ് സാഹിത്യമായിരുന്നു പഠിച്ചത്. പി.ജിക്കുശേഷം എന്തു ചെയ്യണം എന്നു ചിന്തിച്ചുനില്‍ക്കുന്ന സമയത്തായിരുന്നു സിനിമാ മോഹം മനസ്സില്‍ വന്നത്. സിനിമയിലെ ടെക്‌നിക്കല്‍ ഫീല്‍ഡിനോടായിരുന്നു താത്പര്യം.
എന്റെ കഥകള്‍ വായിച്ചുള്ള പരിചയം സത്യന്‍ അന്തിക്കാടിന്റെ സെറ്റിലെത്തിച്ചു. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യായിരുന്നു സിനിമ. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഇത് എനിക്കു പറ്റുന്ന പണിയാണോ എന്ന് സ്വയം ചോദിച്ചു. അതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്നു. ഇതിനിടയില്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ടുമൂന്നു സിനിമകള്‍ പുറത്തുവന്നു.


അച്ചുവിന്റെ അമ്മയും സത്യന്‍ അന്തിക്കാടും
സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ എന്നതായിരുന്നു 'അച്ചുവിന്റെ അമ്മ'യിലേക്ക് വിളി വന്നപ്പോള്‍ ആകര്‍ഷിച്ച കാര്യം. വീണ്ടും അന്തിക്കാടിന്റെ സിനിമയിലേക്ക്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പഠിക്കാന്‍ സഹായിച്ചത് ഈ സെറ്റാണ്. സ്‌ക്രിപ്റ്റ് എഴുതുന്നതു മുതല്‍ സിനിമയുടെ 'കംപ്ലീറ്റ് പ്രൊസിജ്വര്‍' മനസ്സിലാക്കാന്‍ സത്യന്‍ അന്തിക്കാടിനെപ്പോലെ ഒരാളുടെ കീഴില്‍ പഠിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹത്തോടൊപ്പമുള്ള സിനിമകള്‍ മനസ്സിലാക്കിത്തന്നു. അങ്ങനെ ഇന്ത്യന്‍ പ്രണയകഥ വരെയുള്ള സിനിമകളില്‍ അന്തിക്കാടിനൊപ്പം സഹകരിച്ചു.


ലൗ 24*7, ശ്രീബാല എന്ന സംവിധായിക
ആദ്യസിനിമ എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അതാണിപ്പോള്‍ സഫലമായത്. ചെറുകഥാ രൂപത്തിലാണ് ലൗ 24*7 ന്റെ ആശയം ആദ്യമെഴുതിയത്. അതില്‍ സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെന്ന് തോന്നിയപ്പോള്‍ തിരക്കഥയാക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സിനിമ തുടങ്ങിയത്.
ലൗ 24*7ന് കിട്ടിയ പ്രതികരണങ്ങളിലൂടെയാണ് സ്വയം വിലയിരുത്തുന്നത്. പലയിടങ്ങളില്‍ നിന്നും പല പ്രായക്കാരായ ആളുകള്‍ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. പോസിറ്റീവായ ഇത്തരം പ്രതികരണങ്ങളിലൂടെ ആദ്യസിനിമ എനിക്ക് തൃപ്തിയും സന്തോഷവും തന്നു.

പുതിയ കാലം, പുതിയ സിനിമ
സ്ഥിരം ചട്ടക്കൂടില്‍ നിന്നും വിട്ടുമാറി വൈവിധ്യമുള്ള വിഷയങ്ങള്‍ കൊണ്ടുവരാന്‍ മലയാളത്തിലെ പുതുനിര സംവിധായകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പലതരം കഥകളും പുതിയ കാഴ്ചപ്പാടുകളും അവതരണരീതികളുമുള്ള ഇത്തരം സിനിമകള്‍ക്ക് പ്രേക്ഷകരില്‍ വലിയ സ്വീകാര്യതയുമുണ്ട്. ഒട്ടേറെ പുതിയ ആളുകള്‍ക്ക് കടന്നുവരാനായതും നല്ല കാര്യമാണ്.

സിനിമ കാണല്‍
നല്ലതെന്ന് കേള്‍ക്കുന്ന സിനിമകളെല്ലാം കാണും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ നിന്നും നല്ല സിനിമകള്‍ വരുന്നുണ്ട്. മറാത്തി സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അങ്ങനെയുള്ള സിനിമകള്‍ തെരഞ്ഞുപിടിച്ചു കാണാറുണ്ട്. പലപ്പോഴും പ്രാദേശികമായ ഇത്തരം പരിശ്രമങ്ങള്‍ വേണ്ടത്ര കാണാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നുണ്ട്. ഫിലിം ഫെസ്റ്റിവലുകളില്‍ ഈ സിനിമകള്‍ക്ക് കുറേക്കൂടി പ്രാതിനിധ്യം നല്‍കണം.

ശ്രീബാല കെ.മേനോന്‍ എന്ന എഴുത്തുകാരി
പതിനഞ്ചോളം കഥകള്‍ മാത്രം എഴുതിയ ഒരാളാണ് ഞാന്‍. വളരെ സമയമെടുത്താണ് കഥകള്‍ എഴുതാറ്. ഇത്ര കുറച്ച് കഥകള്‍ മാത്രം എഴുതിയ ആള്‍ക്ക് ലഭിച്ച വായനക്കാരുടെ പിന്തുണ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എഴുത്തുകാരി എന്ന നിലയില്‍ വായനക്കാര്‍ അംഗീകരിച്ചതും വിലയിരുത്തിയതും ഗൃഹലക്ഷ്മിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച '19 കനാല്‍ റോഡ്' എന്ന അനുഭവക്കുറിപ്പുകളാണ്. ഇത് പിന്നീട് ഡി.സി പുസ്തകമാക്കുകയും ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഈ അനുഭവക്കുറിപ്പുകളിലൂടെയാണ് എന്റെ സിനിമയിലേക്കുള്ള പ്രവേശനം പോലും. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് ഈ കുറിപ്പുകള്‍ ശ്രദ്ധിച്ചിരുന്നു. സിനിമയിലേക്ക് വന്നതോടെ നിരന്തരം എഴുതാനുള്ള സമയം കുറഞ്ഞു.

മലയാള കഥാസാഹിത്യത്തിലെ പുതിയ പ്രതീക്ഷകള്‍, പ്രവണതകള്‍, വായന
പുതിയ എഴുത്തുകളും എഴുത്തുകാരെയും ശ്രദ്ധിക്കാറുണ്ട്. പ്രത്യേകതയുള്ള പുസ്തകമെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടവ തേടിപ്പിടിച്ച് വായിക്കും. പൊതുവില്‍ ചില സമയത്ത് കുറേപ്പേര്‍ ഒന്നിച്ചുവരികയും ചിലര്‍ തുടര്‍ന്നും എഴുതിപ്പോരുകയും മറ്റു ചിലര്‍ ഉള്‍വലിയുകയും ചെയ്യുന്ന പതിവാണ് മലയാളത്തില്‍ കാണുന്നത്. എഴുത്തിന്റെ കാര്യത്തിലും അതേ അവസ്ഥയുണ്ട്. കഥകള്‍ ആഘോഷിക്കുന്നൊരു കാലം, അനുഭവക്കുറിപ്പുകള്‍ ആഘോഷിക്കുന്നൊരു കാലം, കവിതയ്‌ക്കൊരു കാലം അങ്ങനെ. ഇപ്പോള്‍ നോവലിന്റെ സമയമാണെന്നു തോന്നുന്നു. സജീവമായി നില്‍ക്കുന്ന മിക്ക എഴുത്തുകാരും നോവലെഴുത്തിലാണ് ശ്രദ്ധിക്കുന്നത്.


സ്ത്രീകളുടെ ഇടം സിനിമയിലും സമൂഹത്തിലും
എല്ലാ മേഖലയിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നു പറയാം. ഒരു കരിയറില്‍ത്തന്നെ മത്സരിക്കാന്‍ ഒരുപാടുപേര്‍. എന്നാല്‍ ആരും സ്ഥിരമായി നില്‍ക്കുന്നില്ല. കൊഴിഞ്ഞുപോക്ക് വലിയൊരു പ്രശ്‌നമാണ്. ഒരു മേഖലയില്‍ ഒരുപാടുപേര്‍ വരികയും പാതിവഴി നിര്‍ത്തിപ്പോകുകയും ചെയ്യുക. ഇന്ത്യയുടെ പൊതുവായ രീതിയാണത്.
നമുക്ക് അതിയായ താത്പര്യമുള്ള ഒരു പ്രൊഫഷനില്‍ തുടരാന്‍ സ്വയം തീരുമാനിച്ചാല്‍ അതിനായി പരിശ്രമിച്ചാല്‍ വീട്ടുകാരുടേതുള്‍പ്പടെയുള്ള പിന്തുണ കിട്ടാന്‍ വലിയ പ്രയാസമുണ്ടാകില്ല. ഇത് എന്റെ സാക്ഷ്യപ്പെടുത്തലാണ്. പക്ഷേ അതിനു തയ്യാറാകുന്നതാണ് പ്രധാനം. കേരളത്തിലെ പെണ്‍കുട്ടികള്‍ വ്യത്യസ്ത മേഖലകള്‍ കണ്ടെത്തുന്നതിനേക്കാള്‍ ജീവിതം സുരക്ഷിതമാക്കുന്ന ജോലിയില്‍ എത്തിപ്പെടാനാണ് ശ്രമിക്കുന്നത്. ജീവിത സുരക്ഷയ്ക്ക് ആഗ്രഹങ്ങളേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുന്നു. ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിച്ചുവെച്ചത് അനുശീലിക്കുന്നവര്‍ മാത്രമായിപ്പോകുന്നു ഈ തലമുറ. നാലടി മുന്നോട്ടുവെച്ചാല്‍ രണ്ടടി പിറകോട്ട് എന്ന രീതി മാറണം. സിനിമയുള്‍പ്പടെ ഏതു പ്രൊഫഷനിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാത്തതിന്റെ കാരണം ഇതൊക്കെയായിരിക്കാം.

അപരലോകം സൃഷ്ടിക്കുന്നവര്‍
സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഒരു ലോകം, ഒരു ജീവിതം എന്നത് മാറി എല്ലാവര്‍ക്കും ഒരു അപരലോകം കൂടി സ്വന്തമായി.  നവമാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രധാന മാറ്റം ഈ അപരജീവിതത്തിനുള്ള സാധ്യതയാണെന്ന് തോന്നുന്നു. സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. യഥാര്‍ഥ ലോകത്തിന്റെ അസ്വാതന്ത്ര്യം അപരലോകം മറികടക്കുന്നു. എല്ലാവരും ഈ അപരലോകത്തിന്റെ സ്വാതന്ത്ര്യം തേടുന്നവരും അനുഭവിക്കുന്നവരുമാണ്. സോഷ്യല്‍ മീഡിയയില്‍ ഞാനും സജീവമാണ്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളിലും അഭിപ്രായപ്രകടനം നടത്തുന്ന ആളല്ല.
താനിപ്പൊഴും സിനിമ പഠിക്കുന്ന ഒരു വിദ്യാര്‍ഥി മാത്രമാണെന്ന്  ശ്രീബാല പറയുന്നു. എഴുത്തുകാരിയാകണോ സംവിധായികയാകണോ എന്ന ചോദ്യത്തിനുത്തരം ഇതുരണ്ടുമാകാന്‍ ശ്രമിക്കുന്നുവെന്നാണ്. ശ്രീബാലയിലെ എഴുത്തുകാരിയെയും സംവിധായികയെയും ആസ്വാദകര്‍ സ്വീകരിച്ചുകഴിഞ്ഞു. സാഹിത്യത്തിലും സിനിമയില്‍ പ്രത്യേകിച്ചും സ്ത്രീസാന്നിധ്യം ഉണ്ടാകേണ്ടത് കാലത്തിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ ശ്രീബാലയുടെതു പോലുളളവരുടെ വേറിട്ട ശബ്ദങ്ങള്‍ക്കുള്ള കാത്തിരിപ്പിന് പ്രസക്തിയേറുന്നു.


സ്ത്രീശബ്ദം, സെപ്റ്റംബര്‍

No comments:

Post a Comment