കേരള രാജ്യാന്തര ചലച്ചിത്രമേള അവലോകനം
സിനിമ മുന്നില്‍നിന്ന മേള
ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച നഗരം ഒരു വര്‍ഷത്തെ കാത്തിരിപ്പിലേക്ക് കടന്നു. ലോകസിനിമകളെ അടുത്തറിഞ്ഞ് സിനിമയില്‍ ജീവിച്ച ദിവസങ്ങള്‍ ഇനി അയവിറക്കാം. ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 12ന് തിരശ്ശീല വീണപ്പോള്‍ സിനിമ മാത്രം മുന്നില്‍നിന്ന എട്ട് ദിവസങ്ങള്‍ക്കുകൂടിയാണ് വിരാമമായത്.
പരാതികളും സംഘര്‍ഷങ്ങളും കുറഞ്ഞ് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിച്ച മേളയായിരുന്നു ഇത്തവണത്തേത്. നിശാഗന്ധിയും ടാഗോറും മേളയില്‍ ഉള്‍പ്പെടുത്തിയതോടെ രണ്ടായിരത്തിലേറെ സീറ്റുകളാണ് അധികമായി ലഭിച്ചത്. ആവശ്യത്തിന് സീറ്റുകളായതോടെ റിസര്‍വേഷന്‍ ചെയ്യാതെയും സിനിമ കാണാന്‍ ഡെലിഗേറ്റുകള്‍ക്ക് അവസരം ലഭിച്ചു. ശാന്തരായി ക്യൂ നിന്ന് തിേയറ്ററിനകത്ത് കയറി സിനിമ കാണുന്ന ഡെലിഗേറ്റുകള്‍ എല്ലാ തിയറ്റററില്‍നിന്നുമുള്ള കാഴ്ചയായിരുന്നു. സംഘാടനത്തെക്കുറിച്ചും ആര്‍ക്കും കാര്യമായ പരാതികളില്ല. എന്നാല്‍, പട്ടാളക്കാരെ തിയറ്റര്‍ പരിസരത്ത് വിന്യസിച്ചതില്‍ ഡെലിഗേറ്റുകള്‍ക്കിടയില്‍ ചെറിയ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. സിനിമ കാണാന്‍ എത്തുന്നവരെ അപകടകാരികളായി കാണേണ്ടതില്ലെന്നായിരുന്നു ഇവരുടെ പക്ഷം.
കൈരളിപ്പടവുകളില്‍നിന്ന് ടാഗോര്‍ മുറ്റത്തേക്ക്
കൈരളി തീയറ്ററില്‍നിന്ന് ടാഗോറിലേക്കും നിശാഗന്ധിയിലേക്കും ചലച്ചിത്രമേള വളര്‍ന്നതാണ് ഇത്തവണത്തെ പ്രധാന മാറ്റം. മീഡിയ സെല്ലും മീറ്റ് ദ ഡയറക്ടറുമുള്‍പ്പടെയുള്ള പരിപാടികളും സിനിമാ സംഘടനകളുടെ കൗണ്ടറുകളും ഇക്കുറി പൂര്‍ണ്ണമായും ടാഗോറിലായിരുന്നു. ഇതോടെ കൈരളിയിലെ തിരക്ക് കുറഞ്ഞു. മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വേളകളില്‍ മാത്രമാണ് കൈരളി കോംപ്ലക്‌സും പരിസരവും സജീവമായത്. കൈരളിപ്പടവുകള്‍ ചിത്രത്തില്‍നിന്ന് പതിയെ മായുകയും ടാഗോര്‍ തിേയറ്റര്‍ പരിസരം മേളയുടെ പ്രധാന സാംസ്‌കാരിക ഇടമായി മാറുകയും ചെയ്തു. മേളയുടെ ഭാഗമായുള്ള കലാപരിപാടികള്‍ അരങ്ങേറിയതും ടാഗോര്‍ മുറ്റത്താണ്. ടാഗോര്‍ പരിസരത്ത് ഒരുക്കിയ ഗതകാലസ്മരണ ഉണര്‍ത്തുന്ന ചായക്കട ഈ മേളയില്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഓര്‍മ്മയായി. മലയാള സിനിമാചരിത്രവുമായി ബന്ധപ്പെട്ട സെറ്റുകളും വിവരണങ്ങളും ആകര്‍ഷകമായിരുന്നു.
അതിശയിപ്പിക്കുന്ന സിനിമകളില്ല
അതിശയിപ്പിക്കുന്ന സിനിമകളേക്കാള്‍ ശരാശരി നിലവാരമുള്ള സിനിമകളെക്കൊണ്ട് സമ്പന്നമായിരുന്നു മേള. കണ്ട് അത്ഭുതം കൂറാനുള്ള സിനിമകള്‍ കുറഞ്ഞ മേളയില്‍ 64 രാജ്യങ്ങളില്‍നിന്നും 180 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ 50 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമായിരുന്നു. മേളയില്‍ പങ്കെടുക്കാനെത്തിയ വിദേശ സംവിധായകര്‍ ഐ.എഫ്.എഫ്.കെ.യിലെ ജനപങ്കാളിത്തത്തെയും സംഘാടനത്തെയുംപറ്റി മതിപ്പ് പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. മിക്ക സംവിധായകരും അവരുടെ സിനിമയുടെ ആദ്യപ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ. എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
രാജ്യാന്തര മത്സരവിഭാഗം, 2014-15ല്‍ പുറത്തിറങ്ങിയ സിനിമകള്‍ ഉള്‍ക്കൊള്ളുന്ന ലോക സിനിമ, ത്രിഡി എക്‌സ്പീരിയന്‍സ,് ജൂറി ഫിലിംസ്, മലയാളം സിനിമ ഇന്ന്, ഫസ്റ്റ് ലുക്ക്, കൊറിയന്‍ പനോരമ, റിസ്‌റ്റോര്‍ഡ് ഇന്ത്യന്‍ ക്ലാസ്സിക്‌സ്, ഇന്ത്യന്‍ സിനിമ നൗ, വിമെന്‍ പവര്‍, കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്, റിട്രോസ്‌പെക്ടീവ്, കണ്‍ട്രി ഫോക്കസ്, ബെയ്‌സ്ഡ് ഓണ് ട്രൂ സ്‌റ്റോറി വിഭാഗങ്ങളിലായിട്ടായിരുന്നു ഇത്തവണത്തെ പ്രദര്‍ശനം.
കാഴ്ചക്കാര്‍ ലോകസിനിമകള്‍ക്ക്
ലോകസിനിമാ വിഭാഗത്തിലായിരുന്നു ഇത്തവണ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍. ധീപന്‍, ഡീഗ്രേഡ്, എംബ്രേസ് ഓഫ് ദ സര്‍പന്റ്, ടാക്‌സി, നഹീദ്, വൂള്‍ഫ് ടോട്ടം, ദ ഐഡല്‍, ദ അസാസിന്‍, ഫോഴ്‌സ് ഓഫ് ഡസ്റ്റിനി, മുസ്താങ്, ഫാത്തിമ, സ്റ്റോപ്പ്, മൂര്‍, ലൗ, വിക്ടോറിയ, സെക്കന്റ് മദര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ആസ്വാദകശ്രദ്ധയില്‍ മുന്നിലെത്തി.
കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന്റെ അംഗീകാരം നേടി ഐഎഫ്എഫ്‌കെയിലെത്തിയ ചിത്രങ്ങളില്‍ പലതും ശ്രദ്ധിക്കപ്പെട്ടു.
വിഖ്യാത സംവിധായകന്‍ ജാക്വസ് ഓഡിയാഡിന്റെ ധീപന്‍ ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ഥികളുടെ കഥ പറയുന്നു. കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം നേടിയ ഈ ചിത്രം വലിയ പ്രേക്ഷകപ്രീതിയാണ് ഐ.എഫ്.എഫ്.കെയില്‍ നേടിയത്.
ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്‌സി 65-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബിയറും ഫിപ്രസി പുരസ്‌കാരവും നേടിയാണ് കേരളത്തില്‍ എത്തിയത്. 'ആധുനിക ടെഹ്‌രാന്റെ ചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട ടാക്‌സി പൂര്‍ണമായും കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 20 വര്‍ഷത്തേക്ക് സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്നും സഞ്ചരിക്കുന്നതിനും ഇറാന്‍ ഭരണകൂടം പനാഹിയെ വിലക്കിയിട്ടുണ്ട്. ജാഫര്‍ പനാഹിയെ ചലച്ചിത്രകാരന്‍ ടാക്‌സിഡ്രൈവറായി ഒതുക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പനാഹിക്ക് ഏറെ ആരാധകരുള്ള കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു ചിത്രം സ്വീകരിക്കപ്പെട്ടത്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്ന ചിത്രമാണ് മുസ്താങ്. ഡെനിസ് ഗാംസെ എര്‍ഗുവന്‍ സംവിധാനം ചെയ്ത ഈ ടര്‍ക്കിഷ് ചിത്രം സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെക്കൊണ്ട് സദാചാരത്തെ ചോദ്യം ചെയ്യുന്നു.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ഹനി അബുള്‍ ആസാദിന്റെ പുതിയ ചിത്രമാണ് 'ദ ഐഡല്‍'. 2013ലെ അറബ് ഐഡള്‍ പട്ടം നേടിയ ഗാസാ മുനമ്പില്‍ നിന്നുള്ള മുഹമ്മദ് അസഫ് എന്ന പലസ്തീന്‍ യുവാവിന്റെ അവിശ്വസനീയമായ കഥ പറയുകയാണ് ദ ഐഡല്‍.
ഹോ ഹസിയോ ഹസീന്‍ സംവിധാനം ചെയ്ത 'അസാസിന്‍' തായ് വാന്‍ഹോങ്കോങ്ഫ്രാന്‍സ് സംയുക്ത സംരംഭമാണ്. മാന്‍ഡറിന്‍ ഭാഷ സംസാരിക്കുന്ന ചിത്രം ആയോധനകലയില്‍ പ്രാവീണ്യം നേടിയ നീ ഇന്ന്യാങ്ങിന്റെ പോരാട്ടവും ചെറുത്തുനില്‍പ്പും വിഷയമാക്കുന്നു. ശരിക്കുവേണ്ടി നിലകൊണ്ട് പോരാടുന്ന ഇന്ന്യാങ്ങിന്റെ ജീവിത സംഘര്‍ഷങ്ങളിലൂടെ മുന്നോട്ടുപോകുന്ന അസാസിന്‍ കാന്‍ ഫെസ്റ്റിവലില്‍ മികച്ച സംവിധായകന്‍, കാന്‍സ് സൗണ്ട്ട്രാക്ക് എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയിരുന്നു.
പ്രസിദ്ധ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂവിന്റെ റൊമാന്റിക് കോമഡി ചിത്രം റൈറ്റ് നൗ റോങ്ങ് ദെന്‍ കഥയിലെ സൂക്ഷ്മാംശങ്ങളാലാണ് പ്രേക്ഷകപ്രീതി നേടിയത്. ഫ്രഞ്ച് സംവിധായകന്‍ പിയറി ജോലിവെറ്റിന്റെ ദി നൈറ്റ് വാച്ച്മാന്‍ ഒരു ഷോപ്പിംഗ് മാളിലെ രാത്രികാവല്‍ക്കാരന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. പതിനെട്ടാമത് ഷാങ്ഹായ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗോട്ടെറ്റ് നേടി. ഒലിവര്‍ ഗൗര്‍മെറ്റ്, വലെറി ബോണെറ്റോ, മാര്‍ക്ക് സിന്‍ഗ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ടൊറൊന്റോ മേളയില്‍ ജനപ്രിയചിത്രമായ പ്രൈസ് ഓഫ് ലൗ എതോപ്യന്‍ തലസ്ഥാനനഗരമായ ആഡിസ് അബാബയിലെ ടാക്‌സിഡ്രൈവറും വേശ്യയും തമ്മിലുള്ള പ്രണയം പറഞ്ഞ ചിത്രം ആഡിസ് അബാബ എന്ന നഗരത്തിന്റെ അപ്രകാശിത കോണുകളിലേക്ക് വെളിച്ചംവീശുന്നു.
വിവാഹബന്ധം വേര്‍പ്പെടുത്തിയ അമ്മ തന്റെ മക്കളുടെ സംരക്ഷാവകാശനുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഇദാ പനഹാന്‍ദേയുടെ നഹീദ് എന്ന ചിത്രം മേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കാന്‍ ചലച്ചിത്രമേളയില്‍ പ്രോമിസിംഗ് ഫ്യൂച്ചര്‍ പുരസ്‌കാരം നേടിയ ചിത്രം 2011ല്‍ ഓസ്‌കാര്‍ നേടിയ എ സെപറേഷന്‍ എന്ന ചിത്രത്തിനു സമാനമായാണ് നാഹിദ് വിലയിരുത്തപ്പെടുത്. ഇറാനിലെ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യുതിനോടൊപ്പം വിവാഹബന്ധം വേര്‍പ്പെടുത്തുതും പുനര്‍വിവാഹവും സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളെയും ചിത്രം വിമര്‍ശിക്കുന്നു.
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പട്ടോ ലറൈന്റെ ചിലിയന്‍ ചിത്രം ദ ക്ലബ് , ഡാലിബോര്‍ മറ്റാനിക്കിന്റെ ദ ഹൈ സണ്‍, ഗ്രിമര്‍ ഹാകൊനാര്‍സെന്റെ റാംസ്, ജംഷേദ് മഹ്മുദ് റാസയുടെ മൂര്‍ , സെബാസ്റ്റിയന്‍ ഷിപ്പറിന്റെ വിക്ടോറിയ, മസഹാറു ടാക്കേയുടെ 100 യെന്‍ ലൗ, ഷൗക്കത്ത് അമീന്‍ കോര്‍ക്കിയുടെ മെമ്മറീസ് ഓണ്‍ സ്‌റ്റോണ്‍ എന്നിവ ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയവയാണ്.
യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഏഴു ചിത്രങ്ങള്‍ മേളയില്‍ ഉണ്ടായിരുന്നു. ആന്റന്‍ ചെക്കോവ് 1890, ബ്രിഡ്‌ജെന്‍ഡ്, കാര്‍ട്ട് ബ്ലാന്‍ഷ്, ടാന്ന, ദി ഡാര്‍ക്ക് ഹോഴ്‌സ്, ദി ട്രൂത്ത്, ദി വുള്‍ഫ് പാക്ക് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ലോകത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിച്ചത്.
നവാഗത സംവിധായകരുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ചൈന, യൂറോപ്പ്, തെക്കെ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചതും നിരവധി മേളകളില്‍ സാന്നിധ്യം അറിയിച്ചതും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതുമായ മൈ സ്‌കിന്നി സിസ്റ്റര്‍, കൈലി ബ്ലൂസ്, ദ തിന്‍ യെലോ ലൈന്‍, ലാന്‍ഡ് ആന്‍ഡ് ഷെയ്ഡ്, ലാംപ്, ഹോപ്ഫുള്‍സ്, 600 മൈല്‍സ് എന്നിവ ഫസ്റ്റ് ലുക്ക് ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഒറ്റാലും ബോപവും
ബോപവും ഒറ്റാലുമാണ് മത്സരവിഭാഗത്തില്‍ ഡെലിഗേറ്റുകളുടെ പ്രിയചിത്രങ്ങള്‍. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ഈ വിഭാഗത്തില്‍ മികച്ച പുരസ്‌കാര നേട്ടമാണ് കൊയ്തത്. ഒറ്റാലിന്റെ മൂന്ന പ്രദര്‍ശനങ്ങളിലും വലിയ ജനക്കൂട്ടമാണ് എത്തിയത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്തതും ഒറ്റാല്‍ ആയിരുന്നുവെന്നത് ചിത്രത്തിന്റെ ജനപ്രീതി വെളിപ്പെടുത്തുന്നു. സതീഷ്, സന്തോഷ് ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചായം പൂശിയ വീടാണ് മത്സരവിഭാഗത്തിലെ മറ്റൊരു മലയാള ചിത്രം.
ഷാനാ ഇസബയ്യേവ സംവിധാനം ചെയ്ത കസാക്കിസ്താന്‍ ചിത്രം ബോപം 14കാരനായ റയാന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. ഇറാനിയന്‍ സംവിധായകന്‍ ഹാദി മൊഹദേഗിന്റെ ഇമ്മോര്‍ട്ടല്‍ ശക്തമായ ദൃശ്യഭാഷ നിരൂപക പ്രശംസ നേടി. ആവര്‍ത്തിച്ച് ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുന്ന ഏകാന്തനായ ഒരു വൃദ്ധന്റെ പാപബോധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. അബുഷാഹിദ് ഇമോണിന്റെ ബംഗാളി സിനിമ ജലാല്‍സ് സ്‌റ്റോറി, ഹെയ്തി ഫിലിമായ റാഉല്‍ പീക്കിന്റെ മര്‍ഡര്‍ ഇന്‍ പാക്കോട്ട്, ശ്രീജിത് മുഖര്‍ജിയുടെ ബംഗാളി ചിത്രം നോ വുമന്‍സ് ലാന്റ്, ജൂണ്‍ റോബ്ലസ് ലാനയുടെ ഫിലിപ്പൈന്‍സ് ചിത്രം ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍, മിന്‍ ബഹാദൂര്‍ ബാമിന്റെ ദി ബ്ലാക്ക് ഹെന്‍, ഭൗദായന്‍ മുക്കര്‍ജിയുടെ ഹിന്ദി ചിത്രം വയലിന്‍ പ്‌ളെയര്‍, നിര്‍ ബെര്‍ഗ്മാന്‍ സംവിധാനം ചെയ്ത ഇസ്രായേല്‍ ചിത്രം യോന തുടങ്ങിയ ചിത്രങ്ങളും മത്തരവിഭാഗത്തില്‍ ഡെലിഗേറ്റുകള്‍ ചര്‍ച്ച ചെയ്തവയാണ്.
ത്രീഡിയില്‍ വൂള്‍ഫ് ടോട്ടവു ലൗവും
ഈ മേളയിലെ പുതുമയായ ത്രീഡി ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഏറെ കാഴ്ചക്കാരെത്തി. ചൈനീസ് ചിത്രം വൂള്‍ഫ് ടോട്ടം, ഫ്രഞ്ച്‌ബെല്‍ജിയം ചിത്രം ലൗ, അമേരിക്കന്‍ ചിത്രം പാന്‍ എന്നിവ കാണാനായിരുന്നു ഈ ഗണത്തില്‍ കൂടുതല്‍ ആളുകള്‍ എത്തിയത്.
പരുക്കനും വന്യവുമായ പ്രകൃതിയുടെ നിഗൂഢതയും സ്വാതന്ത്ര്യവും കടന്നുവരുന്ന ജീന്‍ ഴാക്ക് അന്നൗഡിന്റെ വൂള്‍ഫ് ടോട്ടമാണ് ത്രീഡി ചിത്രങ്ങളില്‍ ആസ്വാദകശ്രദ്ധനേടിയത്. സിനിമയില്‍ വന്യത അതിന്റെ രൗദ്രതയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. പ്രകൃതിയുടെ മാസ്മരികത ത്രീഡി വിസ്മയത്തില്‍ കാഴ്ചക്കാരില്‍ എത്തിച്ചാണ് ഈ ചിത്രം ശ്രദ്ധ നേടിയത്. ബീജിങില്‍ നിന്നുളള വിദ്യാര്‍ഥിയായ ചെന്‍ ഷെന്‍ ഗോത്രവര്‍ഗ ആട്ടിടയന്മാരുടെ ജീവിതം പഠിക്കുന്നതിനായാണ് മംഗോളിയയില്‍ എത്തുന്നത്. ചെന്നായ്ക്കളും ഇടയന്മാരും തമ്മിലുള്ള നിഗൂഢബന്ധത്താല്‍ വശീകരിക്കപ്പെടുന്ന ചെന്‍ ഒരു ചെന്നായ്ക്കുട്ടിയെ മെരുക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാറിന്റെ ഇടപെടലോടെ പ്രതിസന്ധിയിലാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം സിനിമ വരച്ചുകാട്ടുന്നു. ആട്ടിടയ സമൂഹത്തിന്റെ ജീവിതം, സ്വാതന്ത്ര്യം, ഉത്തരവാദിത്വവും അവരുടെ ഏറ്റവും വലിയ ശത്രുവായ പുല്‍മേട്ടിലെ ചെന്നായയുടെ വന്യതയുമെല്ലാം സിനിമയുടെ പശ്ചാത്തലമായി വരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധവും അതിന്റെ സങ്കീര്‍ണ്ണതകളും ചിത്രത്തിന് രാഷ്ട്രീയമായ നിറവും നല്‍കുന്നു. ചൈനയിലെ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ജീന്‍ ഴാക്ക് എടുത്തിട്ടുളള സെവന്‍ ഇയേഴ്‌സ് ഇന്‍ തിബറ്റ്, ദ ബെയര്‍ ആന്റ് ടു ബ്രദേഴ്‌സ് എന്നീ ചിത്രങ്ങള്‍ ഏറെ നിരൂപണ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ത്രീഡി സിനിമ എന്ന നിലയില്‍ ഏറെ കൗതുകത്തോടെയാണ് ഡെലിഗേറ്റുകള്‍ ചിത്രത്തെ കണ്ടത്. വൂള്‍ഫ് ടോട്ടത്തിനുപുറമെ ആറു ത്രിഡി ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ ജീവിച്ച രണ്ട് വ്യക്തികളുടെ പ്രണയം ത്രിഡിയിലൂടെ കാണിച്ചുതരുന്ന ലവ് എന്ന ഫ്രഞ്ച് ചിത്രം മേളയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രങ്ങളിലൊന്നാണ്. ഇലക്ട്ര എന്ന യുവതിയും മര്‍ഫി എന്ന യുവാവുമായുളള ഭ്രാന്തമായ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം കാന്‍, ടൊറൊന്റോ, മെല്‍ബണ്‍, ഗോവ ചലച്ചിത്രമേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മേളകളിലെ അഭിപ്രായവും വിവാദങ്ങളും ലവിനുപിന്നാലെ പായാന്‍ കേരള രാജ്യാന്തര മേളയിലെ ഡെലിഗേറ്റുകളെ പ്രേരിപ്പിച്ചു.
നാനു അവനല്ല അവളു, കുറ്റം ദണ്ഡനെ
ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ രണ്ടുചിത്രങ്ങളാണ് നാനു അവനല്ല അവളു (കന്നട), കുറ്റം ദണ്ഡനെ (തമിഴ്) എന്നിവ. ഭിന്നലിംഗക്കാരുടെ കഥപറഞ്ഞ 'നാനു അവനല്ല അവളു' അവരുടെ പ്രശ്‌നങ്ങളിലേക്ക് കടന്നുചെന്ന് ഭരണകൂടത്തിന്റെയും നമ്മുടെയും നിലപാടുകളെ ചോദ്യംചെയ്യുന്നു.
കുറ്റം ചെയ്യുന്നപോലെ തന്നെ തെറ്റാണ് അത് മൂടിവെയ്ക്കുന്നതും. മൂല്യങ്ങളുടെയും സത്യത്തിന്റെയും സംരക്ഷണവും ജീവിതത്തിലെ പരുഷവശങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് തമിഴ് ചിത്രം കുറ്റം ദണ്ഡനെ പങ്കുവെയ്ക്കുന്നത്. മൂന്നു ബംഗാളി ചിത്രങ്ങളാണ് ഇന്ത്യന്‍ വിഭാഗത്തില്‍ ഇടം പിടിച്ചത്. ദേബേഷ് ചാറ്റര്‍ജിയുടെ നടോക്കര്‍ മോട്ടോ, ശതരൂപ സന്യാലിന്റെ ഓണ്‍യോ ഒപ്പാല, കൗഷിക് ഗാംഗുലിയുടെ സിനിമാവാല എന്നിവയാണ് ബംഗാളി ചിത്രങ്ങള്‍. ഒഡിയയില്‍ നിന്നും അമര്‍ത്യാഭട്ടാചാര്യയുടെ ക്യാപ്പിറ്റല്‍, മഞ്ചുബോറ സംവിധാനം ചെയ്ത ആസാമീസ് ചിത്രം ദാവു ഹുഡിനി മേത്തായ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
പ്രശസ്ത മലയാള സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന വിന്‍സന്റ് മാസ്റ്ററോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളായ ഭാര്‍ഗവീനിലയവും മുറപ്പെണ്ണും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രമേയം, ആഖ്യാനം, ആവിഷ്‌കാരം എന്നിവകൊണ്ട് ചലച്ചിത്ര ചരിത്രത്തില്‍ ഇന്ത്യയുടെ പരിച്ഛേദമായിമാറിയ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, മൃണാള്‍ സെന്നിന്റെ ഒകോ ഊരി കഥ, അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, ജബ്ബാര്‍ പട്ടേലിന്റെ ജെയ്ത് രേ ജെയ്ത് , ഗുരു ദത്തിന്റെ കാഗസ് കേ ഫൂല്‍ എന്നിവയും ഇന്ത്യന്‍ റിസ്‌റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ വിരുന്നൊരുക്കി.
ശ്രദ്ധേയമായി മലയാള സിനിമകള്‍
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി, ഡോ: ബിജുവിന്റെ വലിയചിറകുള്ള പക്ഷികള്‍, വി കെ പ്രകാശിന്റെ നിര്‍ണായകം, സലിംഅഹമ്മദിന്റെ പത്തേമാരി, സിദ്ധാര്‍ഥ് ശിവയുടെ ഐന്‍, ഹരികുമാറിന്റെ കാറ്റും മഴയും, മനു പി എസ്സിന്റെ മണ്‍ട്രോ തുരുത്ത് എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവുദിവസത്തെ കളി ആദ്യപ്രദര്‍ശനം മുതല്‍ ശ്രദ്ധിക്കപ്പെട്ടു. സനല്‍കുമാര്‍ ശശിധരന്റെ ആദ്യചിത്രമായ 'ഒരാള്‍പ്പൊക്ക'ത്തിന് കഴിഞ്ഞ മേളയില്‍ ലഭിച്ച സ്വീകാര്യത ഇത്തവണയും നിലനിര്‍ത്താനും കഴിഞ്ഞു. മനു പി എസ്സിന്റെ 'മണ്‍ട്രോ തുരുത്ത്' ആണ് നിലപാടുകള്‍കൊണ്ട് മേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു മലയാള ചിത്രം. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളില്‍ക്കൂടി കാണുന്ന ഡോ.ബിജു ചിത്രം വലിയചിറകുള്ള പക്ഷികള്‍ വിഷയസ്വീകാര്യതയിലെ ധൈര്യം കൊണ്ടാണ് ആസ്വാദപ്രീതി നേടിയത്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട സിദ്ധാര്‍ഥ് ശിവയുടെ 'ഐന്‍' കൈയ്യടി നേടി.
ഡെലിഗേറ്റുകളില്‍ പകുതിയോളവും യുവപ്രേക്ഷകരായി മാറിയെന്നതാണ് മേളയിലെ വലിയ മാറ്റം. സിനിമയെ ഗൗരവമായി കാണുന്ന മുതിര്‍ന്ന ആളുകളുടേതായിരുന്നു കേരള രാജ്യാന്തര മേളയുടെ ആദ്യ എഡിഷനുകള്‍. അടുത്ത കാലത്തായി മലയാള സിനിമയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം മേളയിലും പ്രകടമാകുന്നുണ്ട്. ലോകസിനിമയിലെ മാറ്റങ്ങളും പരീക്ഷണങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു തലമുറ രൂപപ്പെടുന്നത് ഏറെ ആശാവഹമായ കാര്യമാണ്. വരുംവര്‍ഷങ്ങളിലും ഇതിന്റെ തുടര്‍ച്ചയായിരിക്കും മേളയില്‍ കാണാനാകുക.
സ്ത്രീശബ്ദം, ജനുവരി, 2016