Tuesday, 16 February 2016

വേറിട്ട ആഖ്യാനവഴിയില്‍ മണ്‍സൂണ്‍ മാംഗോസ്


വേറിട്ട സിനിമകള്‍ വരുമ്പോള്‍ മുഖംതിരിക്കുന്ന മലയാളത്തിന്റെ പതിവു കാഴ്ചശീലത്തിലേക്ക് എഴുതിച്ചേര്‍ക്കാവുന്ന പുതിയ പേരാണ് മണ്‍സൂണ്‍ മാംഗോസ്. ഇടവേളയ്ക്കുശേഷം ഫഹദ് ഫാസിന്റെതായി റിലീസ് ചെയ്ത ചിത്രത്തിന് ആദ്യനാള്‍ മുതല്‍ തീയറ്ററില്‍ ആളുണ്ടായിരുന്നില്ല. ആദ്യ ആഴ്ച കഴിഞ്ഞതോടെ സിനിമ തീയറ്റര്‍ വിടുകയും ചെയ്തു. തനിക്ക് സൂപ്പര്‍താരമാകേണ്ട, നല്ല സിനിമകളുടെ ഭാഗമായാല്‍ മതിയെന്ന് ഫഹദ് മുമ്പേ പറഞ്ഞതാണ്. എന്നാല്‍ നല്ല സിനിമയുടെ ഭാഗമാകുമ്പോള്‍ ആ സിനിമകളെയും നടനെയും പ്രേക്ഷകര്‍ കൈവിടുകയാണ്.
പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമയല്ല, മണ്‍സൂണ്‍ മാംഗോസ്. അവര്‍ പ്രതീക്ഷിക്കുന്ന രസങ്ങളൊന്നും ഈ സിനിമ കൊടുക്കുന്നില്ലെന്നു പറയാം. ആഖ്യാനത്തിലും അവതരണത്തിലുമാണ് മണ്‍സൂണ്‍ മാംഗോസ് പുതുമ തരുന്നത്. അതുകൊണ്ടുതന്നെ പതിവു കഥാമുഹൂര്‍ത്തങ്ങളും സംഭവവികാസങ്ങളും പ്രതീക്ഷിച്ച് സമീപിക്കുന്നവരെ ചിത്രം നിരാശപ്പെടുത്തും. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കാണിക്കുന്നു എന്നതു തന്നെയാണ് ഫഹദ് ഫാസില്‍ എന്ന നടനെ വേറിട്ടുനിര്‍ത്തുന്നത്.
മലയാള സിനിമയുടെ മുന്‍നിരയില്‍ പുതിയ തലമുറ നിലയുറപ്പിച്ചു കഴിഞ്ഞെങ്കിലും പതിവുചേരുവകളില്‍നിന്ന് വിട്ടുസഞ്ചരിക്കാന്‍ അവരും തയ്യാറാവുന്നില്ലെന്ന് വിജയചിത്രങ്ങളുടെ പട്ടിക നോക്കിയാലറിയാം. യുവത്വത്തിന്റെ പ്രസരിപ്പ് ഈ ചിത്രങ്ങള്‍ക്ക് അവകാശപ്പെടാനാകുമെങ്കിലും സുരക്ഷിതമായ വഴികളിലൂടെയാണ് അവയെല്ലാം സഞ്ചരിക്കുന്നത്; അങ്ങനെയാണ് വിജയം നേടുന്നതും. മറുവശത്ത് ഫഹദ് ഫാസിലെന്ന യുവതാരമാട്ടെ, പതിവുവിജയരീതികളെ പാടേ അവഗണിച്ച് പുതിയതായി എന്തെങ്കിലും പ്രേക്ഷകന് നല്‍കുക എന്ന വഴിയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഫഹദ് എന്ന താരത്തേക്കാളുപരി നടനായ അഭിനേതാവിനും അതാണ് നല്ലത്.

ഫെയ്‌സ്ബുക്കില്‍ ഫഹദിന്റെ ഫാന്‍ പേജില്‍ വന്ന ഒരഭിപ്രായം ഇവിടെ കൂട്ടിവായിക്കുന്നത് നന്നായിരിക്കും. 'നിങ്ങള്‍ ആഗ്രഹിക്കുന്ന പടമല്ല ഫഹദ് ചെയ്യുന്നത്. ഒരു പക്ഷെ കാലങ്ങള്‍ക്കു ശേഷം ഫഹദിന്റെ പടങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടേക്കും. ഇഷ്ടപ്പെടും. കാരണം അദ്ദേഹത്തിന്റെ പടത്തിന് ഒരു മാസ്മരികത ഉണ്ട്.' -ഇതുതന്നെയാണ് ഫഹദ് ചിത്രങ്ങള്‍ക്ക് കിട്ടേണ്ടുന്ന വലിയ തിരിച്ചറിവും അംഗീകാരവും.
രണ്ട് പതിറ്റാണ്ട് മുമ്പത്തെ അമേരിക്കന്‍ പശ്ചാത്തലത്തില്‍ കഥപറഞ്ഞുപോകുന്ന മണ്‍സൂണ്‍ മാംഗോസില്‍ സ്വാഭാവിക വികാസങ്ങള്‍ മാത്രമേയുള്ളൂ. അപ്രതീക്ഷിത സംഭവങ്ങളോ പരിണാമങ്ങളോ ചിത്രത്തില്‍ സംഭവിക്കുന്നില്ല. ഡി.പി.പള്ളിക്കല്‍ എന്ന കഥാപാത്രത്തിന്റെ മാനസികഘടനയ്‌ക്കൊപ്പം സഞ്ചരിച്ചാല്‍ സിനിമ ആസ്വദിക്കാവുന്ന ഒന്നായിമാറും.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പള്ളിക്കലിന്റെ ആരാധനപാത്രങ്ങള്‍ സത്യജിത് റേയും, പത്മരാജനുമൊക്കെയാണ്. അമേരിക്കയില്‍വച്ച് ഒരു മലയാള സിനിമ ചെയ്യണമെന്നാണ് അയാളുടെ ആഗ്രഹം. കഥയുടെ കാര്യത്തില്‍ ഡി.പി പഴഞ്ചനാണ്. പണ്ടേതോ ഹിന്ദി സിനിമയില്‍ നായകനായെത്തി ഒന്നുമാകാതെ പോയ പ്രേംകുമാറിനെ നായകനാക്കി  മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സിനിമാവാല എന്ന ബംഗാളി ചിത്രമുള്‍പ്പടെ ഒട്ടേറെ സിനിമകള്‍ക്ക് വിഷയമായ സിനിമയെടുക്കാന്‍ ആഗ്രഹിച്ച് ഒന്നുമാകാതെ പോകുന്ന മനുഷ്യന്റെ കഥയാണ് മണ്‍സൂണ്‍ മാംഗോസിലുമെങ്കിലും വേറിട്ട പശ്ചാത്തലവും കഥാപരിസരവും ചിത്രത്തിന് പുതുമ പകരുന്നു. അങ്ങനെയുള്ളൊരു മനുഷ്യന്റെ മനോവികാരം പ്രകടമാക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് അഭിനന്ദനമര്‍ഹിക്കുന്നു.
ഫഹദിന്റെ അനായാസമായ അഭിനയശൈലി തന്നെയാണ് മണ്‍സൂണ്‍ മാംഗോസിന്റെ പ്രധാന ആകര്‍ഷണം. മറ്റു കഥാപാത്രങ്ങളായി വരുന്ന വിനയ്‌ഫോര്‍ട്ട്, വിജയ് റാസ്, അലന്‍സിയര്‍, തമ്പി ആന്റണി എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. അമേരിക്കന്‍ ജീവിതം ഹാസ്യാത്മകമായി അവതരിപ്പിച്ച അക്കരക്കാഴ്ചകളുടെ സംവിധായകന്‍ അബി വര്‍ഗീസാണ് മണ്‍സൂണ്‍ മാംഗോസ് ഒരുക്കിയിരിക്കുന്നത്. ആദ്യ സിനിമയിലൂടെ വേറിട്ട വഴി തുറന്ന അബിയിലൂടെ മലയാളത്തിന് പ്രതീക്ഷ വയ്ക്കാവുന്ന ഒരു സംവിധായകനെയാണ് ലഭിച്ചിരിക്കുന്നത്.

സ്ത്രീശബ്ദം, ഫെബ്രുവരി 2016

No comments:

Post a Comment