Saturday, 27 February 2016

ആക്ഷന്‍ ഹീറോ സുരേഷ്

'മുത്തേ, പൊന്നേ പിണങ്ങല്ലേ... എന്തേ കുറ്റം ചെയ്തു ഞാന്‍...” പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ ബിജു പൗലോസിനു മുമ്പിലിരുന്ന് മേശമേല്‍ കൈകൊണ്ട് താളമിട്ട് സുരേഷ് പാടിയ പാട്ടാണ് ഇപ്പോഴത്തെ ഹിറ്റ്. ഈ പാട്ടും മുന്‍വരിയില്‍ പല്ലില്ലാത്ത മോണകാട്ടിയുള്ള സുരേഷിന്റെ ചിരിയും ഒരുപോലെ വൈറല്‍. നിവിന്‍പോളി നായകനായ 'ആക്ഷന്‍ ഹീറോ ബിജു'വില്‍ പാട്ടുപാടി അഭിനയിച്ചതോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനിലെ ചുമട്ടുകാരന്‍ നാട്ടിലും സോഷ്യല്‍ മീഡിയയിലും താരമായത്. കുറേ വര്‍ഷം പാടിനടന്ന സ്വന്തം പാട്ട് മലയാളികള്‍ ഏറ്റുപാടുന്നതിന്റെ ത്രില്ലിലാണ് സുരേഷ്.
തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്‌റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്. കുട്ടിക്കാലം മുതല്‍ക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേല്‍ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സില്‍ മൂന്നുവട്ടമിരുന്നപ്പോള്‍ പഠനത്തോട് റ്റാറ്റാപറഞ്ഞു. എസ്.എം.വി സ്‌കൂളില്‍നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടര്‍ന്നു. ഇതിനോടകം അഞ്ഞൂറിലേറെ പാട്ടുകളെഴുതി താളമിട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ സുരേഷിന്റെ തലവര മാറ്റിയ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പാട്ട്.

അച്ഛന്‍ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചുപോയ സുരേഷിനെ വളര്‍ത്തിയതും പഠിപ്പിച്ചതും രണ്ടാനച്ഛനായിരുന്നു. പഠനം മുടങ്ങിയതോടെ അമ്മയ്ക്കും അഞ്ചു പെങ്ങന്മാര്‍ക്കും വേണ്ടി സുരേഷിന് ചുമട്ടുതൊഴിലാളിയായി ജീവിതം ആരംഭിക്കേണ്ടിവന്നു. ഇന്ദിരാമ്മയുടെ ആറു മക്കളില്‍ രണ്ടാമനാണ്‌ സുരേഷ്. പിന്നീടിത്രയുംകാലം ജീവിച്ചതു മുഴുവന്‍ കുടുംബത്തിനുവേണ്ടി. അപ്പൊഴും സിനിമാമോഹം വിട്ടില്ല. ഇതിനിടയില്‍ സിനിമയിലേക്കു വരാനുള്ള ചെറിയ ശ്രമങ്ങളും നടത്തി.
ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഷൂട്ടിങ്് നടക്കുമ്പോള്‍ സംവിധാനം പഠിപ്പിച്ചുകൊടുക്കാമെന്ന് ഐ.വി.ശശി സുരേഷിന് വാക്കുനല്‍കി. അന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം. കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായ സുരേഷിന് വി.എസ്.ശിവകുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങേണ്ടിവന്നു. അങ്ങനെ ആദ്യമായി സിനിമയിലേക്ക് കിട്ടിയ അവസരം നഷ്ടമായി. സിനിമാജീവിതം അവിടെ അവസാനിച്ചെന്നു കരുതി. എങ്കിലും സുരേഷ് പരിശ്രമം തുടര്‍ന്നു. കുറേ തിരക്കഥകളെഴുതി. കഥകള്‍ സിനിമയാക്കണമെന്ന മോഹത്താല്‍ പലര്‍ക്കുമുന്നിലും കഥ പറഞ്ഞു.

ബംഗളൂരുവിലുള്ള സുഹൃത്ത് ശ്രീജിത് വഴിയാണ് സിനിമയിലേക്ക് അവസരം കിട്ടിയത്. സുരേഷ് പാടിയ പാട്ട് സംവിധായകന്‍ ഏബ്രിഡ് ഷൈനിനെ കേള്‍പ്പിച്ചതോടെയാണ് വഴി തെളിഞ്ഞത്. ഏബ്രിഡ് ഷൈന്‍ വിളിപ്പിച്ചപ്പോള്‍ പാടാനായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പാട്ടു മാത്രമല്ല പാട്ടിനൊപ്പം നല്ലൊരു വേഷം കൂടി കാത്തിരിപ്പുണ്ടായിരുന്നെന്ന് പിന്നീടാണറിഞ്ഞത്.
ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രമോഷനും മറ്റുമായി കുറെ ദിവസം സുരേഷ് തിരക്കിലായിരുന്നു. സിനിമ മികച്ച അഭിപ്രായം കേള്‍പ്പിച്ച് തീയറ്ററില്‍ ഓടുന്നതില്‍ വലിയ സന്തോഷം. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഇനിയും അഭിനയിക്കും.
'കൂട്ടുകാരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഞാന്‍ എന്തെഴുതിയാലും ആദ്യം കാണിക്കുന്നതും അഭിപ്രായം പറയുന്നതും അവരാണ്. സിനിമയില്‍നിന്ന് ഇപ്പോള്‍ ഓഫറുകള്‍ വരുന്നുണ്ട്. എല്ലാം അഭിനയിക്കാനാണ്. നടനാകുക എന്നതിനെക്കാള്‍ തിരക്കഥാകൃത്താകുകയാണ് ലക്ഷ്യം.'സുരേഷ് പറയുന്നു. സിനിമയില്‍ അഭിനയിച്ചെന്നുവച്ച് ചുമട്ടുജോലി കളയാന്‍ സുരേഷ് ഒരുക്കമല്ല. തിരക്കൊഴിഞ്ഞാല്‍ പഴയ ചുമട്ടുകാരനായി താന്‍ അരിസ്‌റ്റോ ജങ്ഷനില്‍ തന്നെയുണ്ടാവുമെന്ന് പറയാനും സുരേഷ് മറക്കുന്നില്ല.

ചിത്രഭൂമി, 2016 ഫെബ്രുവരി 27, 2016

No comments:

Post a Comment