Tuesday, 16 February 2016

ചരിത്രം കല്ലിലെഴുതി വിഴിഞ്ഞം ഗുഹാക്ഷേത്രം

നൂറ്റാണ്ടുകളുടെ ചരിത്രം കല്ലിലെഴുതി രാജഭരണകാലത്തോളം പഴക്കമുള്ള പട്ടണത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് നിലകൊള്ളുകയാണ് വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം. കാലമേറെ ചെന്നെങ്കിലും പ്രൗഢിക്കും തലയെടുപ്പിനും മങ്ങലേല്‍ക്കാത്ത ക്ഷേത്രം ചരിത്രാന്വേഷികളെയും സഞ്ചാരികളെയും തേടുന്നു. വിഴിഞ്ഞം തീരത്തുനിന്ന് ഏറെ അകലെയല്ലാതെയാണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രം.
ഒറ്റക്കല്ലിലാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം പണിതീര്‍ത്തിട്ടുള്ളത്. ലളിതമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തിന് പാറ തുറന്നുണ്ടാക്കിയ ശ്രീകോവില്‍ മാത്രമാണുള്ളത്. മറ്റു ഗുഹാക്ഷേത്രങ്ങളെ അപേക്ഷിച്ച് വലുപ്പത്തില്‍ ചെറുതാണിത്. കൂറ്റന്‍ പാറയിലെ വിശാലമായ ഉള്ളറകളുള്ള ഗുഹാക്ഷേത്ര നിര്‍മാണരീതി ഇവിടെ കാണാനാകില്ല. ആകെയുള്ളത് ഒറ്റക്കല്ലും അതിലെ കൊത്തുപണികളും മാത്രമാണ്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന്  കരുതുന്ന വീണാധര ദക്ഷിണാമൂര്‍ത്തിയുടെ ശില്‍പ്പം ഇവിടെ കാണാനാകും. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി പൂര്‍ത്തിയാകാത്ത ത്രിപുരാന്തക മൂര്‍ത്തിയുടെയും നടരാജമൂര്‍ത്തിയുടെയും പാര്‍വ്വതിദേവിയുടെയും രൂപങ്ങളുമുണ്ട്. ഇരുകൈകളിലും അമ്പും വില്ലുമേന്തിനില്‍ക്കുന്ന ത്രിപുരാന്തക മൂര്‍ത്തിയുടെ ശില്‍പ്പം എട്ടാം നൂറ്റാണ്ടിലെ ചോള ശില്‍പ്പമാതൃകയിലുള്ളതാണെന്ന് ചരിത്രരേഖകള്‍ പറയുന്നു.
രാജഭരണത്തിന് പരിസമാപ്തിയായതോടെ ഗുഹാക്ഷേത്രത്തിനു മങ്ങലേറ്റു. കാടുപിടിച്ചു കിടന്ന ക്ഷേത്രത്തില്‍ ചിലര്‍ വിളക്കുകത്തിച്ച് പരിപാലിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഏറെക്കാലത്തെ അവഗണനക്കൊടുവില്‍ കേന്ദ്രപുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലായതോടെയാണ് സ്മാരകത്തിന് പുതുജീവന്‍ വച്ചത്. ഇപ്പോള്‍ ചുറ്റുമതില്‍ കെട്ടി മികച്ച രീതിയില്‍ സംരക്ഷിച്ചുവരുന്ന ക്ഷേത്രത്തിന്റെ പ്രവേശനകവാടം മുതല്‍ കല്ലുപതിച്ചും ഇരുവശങ്ങളിലും ചെടികള്‍ വച്ചുപിടിപ്പിച്ചും മനോഹരമാക്കിയിട്ടുണ്ട്. ഫലവൃക്ഷങ്ങളാല്‍ സമൃദ്ധവും സദാസമയം തണലും തണുപ്പുമുള്ളതുമാണ് ഇവിടത്തെ അന്തരീക്ഷം.
ആയ് രാജവംശകാലത്തെ പ്രധാന വ്യാപാരകേന്ദ്രമായി അറിയപ്പെടുന്ന വിഴിഞ്ഞത്തിന്റെ ചരിത്രപ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഗുഹാക്ഷേത്രവും ചരിത്രരേഖകളും. കേരള സര്‍വ്വകലാശാല പുരാവസ്തുവകുപ്പ് വിദ്യാര്‍ഥികളും അധ്യാപകരും വിഴിഞ്ഞത്തിന്റെ ചരിത്രപാരമ്പര്യം
പഠനവിഷയമാക്കിയിരുന്നു.
വിഴിഞ്ഞം ജങ്ഷനില്‍ നിന്ന് 50 മീറ്റര്‍ മാറി ഹാര്‍ബര്‍ റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോക ടൂറിസം ഭുപടത്തിലും ഇടം തേടിയ ഈ ഗുഹാക്ഷേത്രം കോവളം വിനോദ സഞ്ചാരകേന്ദ്രവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവും കണ്ടുമടങ്ങുന്ന സഞ്ചാരികള്‍ക്ക് കേവലം കാഴ്ചയുടെ ഇടം മാത്രമല്ല, ചരിത്രത്തിന്റെ ഒകൈയ്യൊപ്പു കൂടിയാണ് പകര്‍ന്നുനല്‍കുന്നത്.

മാതൃഭൂമി, ഫെബ്രുവരി 16, 2016

No comments:

Post a Comment