Monday, 25 April 2016

വിചിത്രസഞ്ചാരങ്ങളുടെ ലീല

ആറുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഉണ്ണി.ആറിന്റെ ലീല എന്ന കഥ അച്ചടിച്ചുവരുന്നത്. പ്രമേയത്തിന്റെ പുതുമകൊണ്ട് അന്നുതന്നെ ലീല ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലീലയിലെ സിനിമാസാധ്യതയെപ്പറ്റിയും അന്നുമുതല്‍ക്കേ സംസാരം തുടങ്ങിയിരുന്നു. ഇപ്പോള്‍ ഉണ്ണി.ആര്‍ തന്നെ തിരക്കഥയൊരുക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് ലീല സിനിമാരൂപം കണ്ടിരിക്കുന്നു. കഥയില്‍നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെ ഒരുക്കിയ തിരക്കഥയുടെ കരുത്ത് വരികള്‍ക്കിടയിലാണ്. 
വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള കുട്ടിയപ്പനിലൂടെയാണ് 'ലീല' കടന്നുപോകുന്നത്. കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രവും അയാളുടെ വിചിത്രസ്വഭാവങ്ങളും മാത്രമായിരിക്കില്ല രഞ്ജിത്തിനെ ലീലയൊരുക്കാന്‍ ആകര്‍ഷിച്ചിരിക്കുക. ലീല എന്ന കഥയില്‍ ഉണ്ണി.ആര്‍ വരികള്‍ക്കിടയില്‍ വായനക്കാരന് വിട്ടുകൊടുത്തിരിക്കുന്ന വിടവുകളായിരിക്കണം. ആ വിടവുകളില്‍ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയോടും കൊള്ളരുതായ്മകളോടും സ്ത്രീചൂഷണത്തോടുമുള്ള കലഹമുണ്ട്. അവയ്‌ക്കെതിരെയുള്ള പ്രതികരണവും അനുതാപവുമുണ്ട്. അത് പ്രധാന കഥാപാത്രങ്ങളായ കുട്ടിയപ്പനിലൂടെയും പിള്ളേച്ചനിലൂടെയുമെല്ലാം പുറത്തുവരുന്നുണ്ട്. കഥയില്‍ പിള്ളേച്ചനിലൂടെ (സിനിമയില്‍ വിജയരാഘവന്റെ കഥാപാത്രം)യാണ് കഥ പറഞ്ഞുപോകുന്നതെങ്കില്‍ സിനിമ കുട്ടിയപ്പന്റെ ജീവിതത്തിലേക്ക് നേരിട്ട് കടന്നുപോകുകയാണ്. കഥയിലുള്ളതിനേക്കാള്‍ കൂട്ടിച്ചേര്‍പ്പുകളോ ഉപകഥകളോ ചേര്‍ക്കാന്‍ മെനക്കെടാതെ നേരിട്ടുള്ള ആഖ്യാനവും സംഭാഷണശകലങ്ങളുമാണ് ഉണ്ണി.ആറും രഞ്ജിത്തും സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്. 

തന്റെ വിചിത്രമായ സ്വഭാവവിശേഷങ്ങളുടെ പൂര്‍ത്തീകരണമാണ് കുട്ടിയപ്പന്റെ ജീവിതം. അതിനുവേണ്ടിയുള്ള സഞ്ചാരമാണ് ജീവിതമത്രയും. കുട്ടിയപ്പന് ഒരുപാടു കാര്യങ്ങളറിയാം. യാത്രയില്‍നിന്നും മറ്റു മനുഷ്യരില്‍നിന്നും ചുറ്റുപാടില്‍ നിന്നുമെല്ലാം സംഗ്രഹിച്ചത്. അതുകൊണ്ടുതന്നെ അയാള്‍ മറ്റു മനുഷ്യരെപ്പോലെ തിന്നും കുടിച്ചും ഉറങ്ങിയും മാത്രമായി ജീവിതം തള്ളിനീക്കുന്നില്ല. അച്ഛനുമമ്മയും പിന്നെ വേണ്ടപ്പെട്ടയാരുമില്ലാത്തതിന്റെ പതിവു സിനിമാനായക വ്യഥകളും കുട്ടിയപ്പനില്ല. താന്‍ തന്നെ ഉണ്ടാക്കിയെടുത്ത ഒരു പരമാധികാര സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ അയാള്‍ ഒറ്റയാനായി കഴിഞ്ഞുകൂടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിയപ്പന് നാട്ടിലത്ര നല്ല പേരല്ല. എന്നാല്‍ കുട്ടിയപ്പനൊരു നല്ല മനുഷ്യനാണ്. കുട്ടിയപ്പന്റെയുള്ളില്‍ നന്മയുടെ അളവാണ് കൂടുതല്‍. അതറിയാന്‍ കുട്ടിയപ്പനോടടുക്കണം. അടുത്തവര്‍ക്കെല്ലാം അതറിയാം. ലീലയ്ക്കുള്‍പ്പടെ. 
ആനയുടെ കൊമ്പിന്‍കീഴില്‍ വച്ച് ഒരു പെണ്‍കുട്ടിയെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ വിചിത്രാഗ്രഹങ്ങളുടെ പരകോടിയില്‍ പങ്കാളിയായെത്തുന്നത് ലീലയാണ്. കഥയിലും സിനിമയിലും നോട്ടങ്ങള്‍കൊണ്ടും നിര്‍വ്വികാരതകൊണ്ടും മാത്രം പ്രതികരിക്കുന്ന ലീല ഒരു പ്രതീകമാണ്. ലീലയോട് കാമം തോന്നുന്ന അച്ഛന്‍ മറ്റൊരു പ്രതീകവും. ഇൗ അച്ഛനെയും മകളെയുമെല്ലാം നമുക്ക് പരിചയമുണ്ട്. അങ്ങനെയാണ് കുട്ടിയപ്പന്റെ ആഗ്രഹപൂര്‍ത്തീകരണ കഥയ്ക്കപ്പുറം ലീലയ്ക്ക് മറുവിതാനങ്ങളുണ്ടാകുന്നത്. ലീല ചുറ്റുപാടിന്റെ ശബ്ദമില്ലാത്ത പ്രതിനിധിയാകുന്നതും മനുഷ്യന്റെ വന്യതയിലേക്കും നിരര്‍ഥകതയിലേക്കും നോട്ടമയക്കുന്നതും അങ്ങനെയാണ്. 

ലീലയിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് പൂര്‍ണമായി വിജയിച്ചിരിക്കുന്നു. കുട്ടിയപ്പനായി ബിജുമേനോനെ തീരുമാനിച്ചതാണ് അതില്‍ ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്നത്. വിചിത്രാഗ്രഹങ്ങളുടെ തോഴനായ കുട്ടിയപ്പന്റെ ശരീരഭാഷ ബിജുമേനോനില്‍ ഭദ്രം. വിജയരാഘവനും  ഇന്ദ്രന്‍സുമാണ് വേഷപ്പകര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടുപേര്‍. പാര്‍വ്വതി നമ്പ്യാര്‍, പ്രിയങ്ക നായര്‍, ജഗദീഷ് എന്നിവരും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. 
ബിജിബാലിന്റെ പശ്ചാത്തലസംഗീതം ലീലയുടെ ഹൈലൈറ്റാണ്. കുട്ടിയപ്പന്റെ സഞ്ചാരങ്ങളോടൊപ്പം അത് ഒഴുകിച്ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഈ സഞ്ചാരത്തിനൊപ്പം നീങ്ങി മിഴിവേകുന്ന പ്രശാന്ത് രവീന്ദ്രന്റെ ക്യാമറയും കാഴ്ചയ്ക്ക് സുഖം പകരുന്നതാണ്. 
കഥ വായിച്ചവര്‍ക്ക് കുറേക്കൂടി പരിചിതമായതും വായിക്കാത്തവര്‍ക്ക് പുതുമയുള്ള ഒരു ആഖ്യാനവഴിയും സമ്മാനിക്കാന്‍ 'ലീല'യ്ക്ക് സാധിക്കുന്നുണ്ട്. ഒപ്പം രഞ്ജിത്ത് സിനിമകള്‍ വാചകങ്ങള്‍കൊണ്ടും ഇമേജുകള്‍കൊണ്ടും സൃഷ്ടിക്കുന്ന സാമൂഹികപരതയും കാലികതയും ലീലയിലും വിട്ടുകളയുന്നില്ല.

ചിത്രഭൂമി, ഏപ്രില്‍ 23, 2016

Monday, 11 April 2016

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം
വീട്ടിലേക്ക് തിരിച്ചെത്തുന്ന സിനിമ

നല്ല ചിരി കുടുംബത്തിന്റെ സൂര്യപ്രകാശമാണ്. ജേക്കബ്ബിന് കുടുംബമാണ് വെളിച്ചം. മലയാള സിനിമയിലേക്ക് ആ വെളിച്ചം തൂകിക്കൊണ്ടാണ് ജേക്കബ്ബും കുടുംബവും എത്തുന്നത്. ഒരു വീട്ടിലേക്ക് കയറിച്ചെന്നപോലെ തോന്നുന്ന ഒരു ചെറിയ നല്ല സിനിമ. അതാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം.
യഥാര്‍ഥ സംഭവത്തെ അധികരിച്ചുണ്ടായ സിനിമയാണിത്. രണ്ടായിരത്തിന്റെ ആദ്യദശകത്തില്‍ ആഗോളവിപണി തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തികമാന്ദ്യത്തിലും ചതിക്കുഴിയിലുംപെട്ട ഒരു ഗള്‍ഫ് മലയാളി ബിസിനസ് കുടുംബത്തിന്റെ ജീവിതം. 'ലോകത്തെവിടെയൊക്കെയോ കിടന്ന് കഷ്ടപ്പെടുന്ന ഒരുപാട് മലയാളികളുണ്ട്. അവരെയെല്ലാം എനിക്കറിയില്ല. പക്ഷേ ഈ കുടുംബത്തെ എനിക്കറിയാം. അവരെയാണ് ഞാനീ സിനിമയിലൂടെ കാണിക്കുന്നത്.'-സിനിമയ്ക്ക് പ്രചോദനമായ സുഹൃത്തിന്റെ ജീവിതചിത്രം കാണിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നു.
നിവിന്‍പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുമ്പുണ്ടായ മൂന്നു സിനിമകളെയും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഓര്‍മിപ്പിക്കുന്നില്ല. ഇതൊരു പുതിയ സിനിമയാണ്. നിവിന്‍ പോളിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവുമധികം ഉത്തരവാദിത്തബോധമുള്ളയാളാണ് ഈ ചിത്രത്തിലെ ജെറി. പതിവു നിവിന്‍ വേഷങ്ങള്‍ ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ കുറവാണ്. പതിവുകള്‍ ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ഏറ്റെടുക്കുന്നത് ഈ നടന് കരിയറില്‍ മുതല്‍ക്കൂട്ടാകും. 

ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാകുന്നു. ആദ്യപകുതിയില്‍ സിനിമയെ നയിക്കുന്നതും അദ്ദേഹം തന്നെ. കുടുംബത്തിലും തൊഴിലിടത്തിലും ജേക്കബ്ബിന്റെ തെളിഞ്ഞ മനസ്സും ചിരിയും സംസാരവും പ്രവൃത്തിയും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമാകുന്നു. കഥാപാത്രത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്‍ജി പണിക്കരിലെ അഭിനേതാവിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാകും. 
വ്യക്തിയുടെ ജീവിതത്തില്‍ എന്താണ് വീട്, ഭാര്യ, മക്കള്‍ എന്നത് ഓര്‍മപ്പെടുത്തുന്നു ജേക്കബ്ബിന്റെ വീട്ടിലേക്ക് തിരിച്ചുവച്ച ക്യാമറ. അങ്ങനെയാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ പ്രേക്ഷകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വരുംദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരായിരിക്കും ഈ സിനിമയുടെ മുഖ്യ കാഴ്ചക്കാരെന്ന് പറയാനുമാകുക. 
ചിത്രത്തിന്റെ തുടക്കത്തില്‍ ജേക്കബ്ബ് മൂത്ത മകനായ ജെറിക്ക് വിശാലമായ മണല്‍പരപ്പ് കാണിച്ചുകൊടുത്ത് പറയുന്നുണ്ട്, 'പത്തറുപത് കൊല്ലം മുമ്പ് ഇതുപോലൊരു മണല്‍പരപ്പായിരുന്നു ഇന്നു നമ്മള്‍ കാണുന്ന ദുബായ് എന്ന സ്വപ്നഭൂമിക. ആ മണല്‍പരപ്പില്‍ കെട്ടിയുയര്‍ത്തിയ സൗധങ്ങള്‍ക്കുപിന്നില്‍ ഒരുപാടു മനുഷ്യരുടെ അധ്വാനമുണ്ട്. ആ മനുഷ്യരില്‍ മലയാളികളുമുണ്ട്.' മലയാളി ജീവിതത്തിലുള്ളത്രയും സ്വാധീനം മലയാള സിനിമയിലും പ്രവാസിക്കുണ്ട്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ചിരിക്കുന്ന ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഗള്‍ഫ് ജീവിതത്തിന്റെ വേറിട്ടൊരു മുഖം കാണിച്ചുതരുന്നുണ്ട്. വെറുംകൈയ്യായി ഗള്‍ഫിലെത്തി കൈനിറയെ സമ്പാദിച്ചവനും ഒന്നുമില്ലാതെ തിരിച്ചുപോന്നവനും തകര്‍ച്ചയില്‍നിന്ന് വെട്ടിപ്പിടിച്ചവനുമുണ്ട്. മൂന്നാമതു പറഞ്ഞ കൂട്ടത്തിലാണ് ജേക്കബ്ബിന്റെയും കുടുംബത്തിന്റെയും സ്ഥാനം. 

ഒറ്റദിവസം കൊണ്ട് പണക്കാരനാകാന്‍ സിനിമയിലേ സാധിക്കൂ എന്ന് കഷ്ടത നിറഞ്ഞൊരു നേരത്ത് ജെറി പറയുന്നുണ്ട്. പിന്നീട് ജീവിതത്തിലേതുപോലെ പ്രയാസപ്പെട്ട് ഏറെ കഷ്ടതകള്‍ താണ്ടി അയാള്‍ നഷ്ടങ്ങള്‍ നികത്തി തെളിഞ്ഞ ചിരി ചിരിക്കുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍നിന്നുതന്നെ കണ്ടെത്തിയ ഒരു സിനിമയുടെ ഗുണം ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് കൈവരുന്നു. തകര്‍ന്നുപോയ ബിസിനസ് സാമ്രാജ്യങ്ങളും അപ്രമാദിത്വങ്ങളും ഒറ്റദിവസം കൊണ്ട് തിരികെപ്പിടിക്കുന്ന അതിമാനുഷരുടെ വേഷമിട്ട താരരാജാക്കന്മാരുടെ അതിശയോക്തി നിറഞ്ഞ കഥകള്‍ വെള്ളിവെളിച്ചത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം രസക്കൂട്ടുകളില്ലാത്ത ജീവിതം മനുഷ്യനെ ഏതെല്ലാം താഴ്ചകളിലേക്ക് തള്ളിയിടാമെന്നും അവിടെനിന്ന് പിടിച്ചുകയറുക എത്ര പ്രയാസമാണെന്നും ലളിതമായി ഓര്‍മപ്പെടുത്തുന്നു ഈ സിനിമ. 
വന്‍ പ്രമേയ സാധ്യതകളുടെയും അതിസങ്കീര്‍ണതകളുടെതുമല്ല ഇനിയുള്ള കാലത്തെ സിനിമകളെന്ന് അടിവരയിടുകയാണ് ഈയടുത്തിറങ്ങി ജനങ്ങളേറ്റെടുത്ത മിക്ക സിനിമകളും. ചാര്‍ലി, ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കലി എന്നിവയെല്ലാം ഇങ്ങനെ ലളിതാഖ്യാനത്തിന്റെ വഴി തിരഞ്ഞെടുത്ത് വിജയിച്ചവയാണ്. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന പുതിയ പേരാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം.

ദുബായ് നഗരജീവിതം പകര്‍ത്തിയ ജോമോന്‍.ടി.ജോണിന്റെ ക്യാമറ, യഥാര്‍ഥ ജീവിതത്തെ സിനിമയിലേക്ക് പകര്‍ത്തിവച്ച വിനീത് ശ്രീനിവാസന്റെ എഴുത്ത്, ഷാന്‍ റഹ്മാന്റെ സംഗീതം, സായ്കുമാര്‍, ടി.ജി.രവി, ദിനേശ് പ്രഭാകര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, മാസ്റ്റര്‍ സ്റ്റെയ്‌സണ്‍ എന്നിവരുടെ അഭിനയം..ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ എടുത്തുകാണിക്കാവുന്ന പേരുകള്‍ ഇവരുടേതു കൂടിയാണ്.

ചിത്രഭൂമി, ഏപ്രില്‍ 9, 2016
കലി
കൈയൊപ്പ്..
ദുല്‍ഖറിന്റെ 
സമീര്‍താഹിറിന്റെ 

ഹിന്ദുപുരാണത്തില്‍ കലി കല്‍ക്കി അവതാരം വരെ കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. കലി വിഷ്ണുവിന്റെ എതിര്‍മൂര്‍ത്തിയും ലോകസംഹാരത്തിനായി പ്രയത്‌നിക്കുന്നവനുമാണ്. നളചരിതത്തില്‍ കലിയുടെ പ്രയത്‌നത്താലാണ് നളന് തന്റെ സഹോദരനുമായി ചൂതുകളിയിലേര്‍പ്പെട്ട് തോല്‍വി വരിക്കേണ്ടിവന്നത്.
വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും അപകടകരമായ വികാരങ്ങളിലൊന്നായിരിക്കും കോപം. നിയന്ത്രിക്കാന്‍ കഴിയാത്ത മുന്‍കോപം നിലനില്‍പിനെയും തന്നെത്തന്നെയും ബാധിക്കും. കുട്ടിക്കാലം മുതല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യക്കാരനായ സിദ്ധാര്‍ഥിന്റെ കഥയാണ് സമീര്‍ താഹിറിന്റെ കലി പറയുന്നത്. പേരിന്റെ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും നീതി പുലര്‍ത്തുന്നു കലി.
ഒരു വ്യക്തിയുടെ/ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ നിയന്ത്രിക്കാനാകാത്ത കോപം നമ്മളിലുള്ള ചില വിട്ടുപോകാത്ത വികാരങ്ങളെയും ശീലങ്ങളെയുംപോലെ പിന്തുടരുന്നു. അതയാളെ വലിഞ്ഞുമുറുക്കുകയും ചുറ്റുപാടിലും തൊഴിലിടത്തിലും ഒറ്റപ്പെടുത്തുകയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥിലെത്തിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നിടത്താണ് വ്യവസ്ഥിതിയോടു ചേര്‍ന്നുപോകാന്‍ പരുവപ്പെട്ട മനുഷ്യനായി ഒരാളെ സമൂഹം വിലയിരുത്തുന്നത്. ഏതൊരാള്‍ ഈ വികാരങ്ങളോട് താദാത്മ്യപ്പെടാതെ അകന്നുപോകുകയോ വഴിമാറുകയോ ചെയ്യുമ്പോള്‍ അയാള്‍ വ്യത്യസ്തനും കൂട്ടത്തില്‍ ചേരാത്തവനും തെറ്റുകാരനുമായി അടയാളപ്പെടുത്തപ്പെടുന്നു.

കലിയിലെ സിദ്ധാര്‍ഥിന് അനിയന്ത്രിതമായ കോപമാണ് പ്രശ്‌നം. ദേഷ്യത്തിന്റെ അളവഴകുകളും ഭീകരതയും മിതപ്പെടുത്തി അഭിനയിച്ചിരിക്കുന്നിടത്ത് ദുല്‍ഖറിലെ നടന്‍ വിജയിച്ചിരിക്കുന്നു. താരം എന്ന നിലയില്‍ ദുല്‍ഖറിനെ കാണാന്‍ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷ യുവപ്രേക്ഷകരെക്കാളും നടന്‍ എന്ന നിലയില്‍ അയാളെ വിലയിരുത്താന്‍ കഴിയുന്നൊരു സിനിമ എന്ന തരത്തിലാകും കലിയെയും ഈ നടനെയും സാമാന്യ സിനിമാസ്‌നേഹി കാണുക. ചില കഥാപാത്രങ്ങള്‍ ചിലരുടെ ശരീരത്തിന്റെ ഭാഗമെന്നോണം ഇളക്കിമാറ്റാനാകാതെ ചേര്‍ന്നിരിക്കും. അത്തരമൊരു കുപ്പായമാണ് കലിയില്‍ ദുല്‍ഖറിന്റെ സിദ്ധാര്‍ഥ് അണിഞ്ഞിരിക്കുന്നത്. അയാളുടെ സ്വഭാവവിശേഷമായ കോപം പോലെ ഇതും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. താരമൂല്യമുള്ള നായകനടന്മാര്‍ ഇത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നിടത്താണ് പുതിയകാല സിനിമയുടെയും കാഴ്ചശീലത്തിന്റെയും മാറ്റവും നല്ല ലക്ഷണവും.

താരം എന്ന നിലയില്‍ തനിക്ക് സിനിമയെ എങ്ങനെ ഉപയോഗിക്കാനാകും എന്ന മുന്‍തലമുറ നായകബിംബങ്ങളുടെ ചിന്തയെ മറികടന്ന് ഈ സിനിമ ഞാന്‍ എന്തിന് തെരഞ്ഞെടുക്കുന്നു, ഈ സിനിമയില്‍ തനിക്ക് പുതിയതായി എന്തു ചെയ്യാനുണ്ട് എന്നു ചിന്തിക്കുന്ന തലത്തിലേക്ക് മാറാന്‍ കഴിയുന്നുവെന്നതിലാണ് ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ പുതിയ തലമുറയില്‍ ഇരിപ്പിടം നേടിയ നായകന്മാര്‍ അഭിനന്ദനമര്‍ഹിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, നിവിന്‍പോളി എന്നീ നായകനടന്മാര്‍ തുടര്‍ന്നുപോരുന്നതും അന്വേഷിക്കുന്നതും വിജയിക്കുന്നതും ഈ ചിന്തയിലാണ്.
കോപം എന്ന കേവലവികാരം കേന്ദ്രപ്രമേയവും നായകന്റെ സ്വഭാവവിശേഷവുമാക്കി വാണിജ്യസിനിമയെടുക്കുക എന്നത് ഒരു പതിറ്റാണ്ടിനുമുമ്പ് ഒരു മലയാളസിനിമാ സംവിധായകന് ആലോചിക്കാനാവുമായിരുന്നില്ല. ഇപ്പോഴത് സാധ്യമാണ്. സങ്കീര്‍ണതകള്‍ ഏച്ചുകൂട്ടുകയും കുരുക്കഴിക്കുകയും ചെയ്യുന്ന രീതി സിനിമ ബോധപൂര്‍വ്വം വിട്ടുകളഞ്ഞിരിക്കുന്നു. ലളിതമായി പറയാനുള്ള കാര്യം പറയുകയാണ് പുതിയ സിനിമ. 2013ല്‍ പുറത്തിറങ്ങിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ 'നോര്‍ത്ത് 24 കാതം' ഇത്തരമൊരു കേവല വികാരത്തെയോ ശീലത്തെയോ പിന്‍പറ്റി വിജയം വരിക്കാനാകുമെന്ന് തെളിയിച്ച സിനിമയാണ്. ആ മാതൃകയുടെ തുടര്‍ച്ചയാണ് സമീര്‍താഹിര്‍ കലിയിലൂടെ കണ്ടെത്തുന്നത്. കലിയുടെ ആദ്യപകുതി സ്വഭാവവിശേഷങ്ങളുടെ ലളിതാഖ്യാനവും രണ്ടാംപകുതി കലി ബാധിച്ച് ഇരുട്ടിലേക്കുള്ള പ്രയാണവുമാണ്.

ഒരു സ്വകാര്യ ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറാണ് ദുല്‍ഖറിന്റെ സിദ്ധാര്‍ഥ്. ചുറ്റുപാടില്‍നിന്നോ സഹജീവിയില്‍നിന്നോ ഉണ്ടായേക്കാവുന്ന ഏത് ചെറിയ പ്രകോപനത്തിലും പ്രതിരോധമില്ലാതെ കോപത്തിന്റെ തീയില്‍ പെട്ടുപോകുന്നു അയാള്‍. രോഷപ്രകടനത്തിനുശേഷം കുറ്റബോധം തോന്നുമെങ്കിലും പ്രകോപനങ്ങളുടെ ആവര്‍ത്തനങ്ങളെ അയാള്‍ക്ക് തടയാനാകുന്നില്ല. ഈ സവിശേഷ സ്വഭാവം ഉയര്‍ത്തുന്ന വെല്ലുവിളിയുടെ നിഴലിലാണ് അയാള്‍ വീട്ടിലും തൊഴിലിടത്തിലും മുന്നോട്ടുപോകുന്നത്. കേന്ദ്രകഥാപാത്രത്തെ അയാളുടെ ചുറ്റുപാടില്‍ നിന്ന് നേരിട്ട് പകര്‍ത്തിത്തരുകയാണ് സിനിമ. അയാളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച് സിനിമ മറ്റെങ്ങും യാത്രചെയ്യുന്നില്ല. അതുതന്നെയാണ് കലിയുടെ ലാളിത്യവും.
സിനിമയില്‍ അഭിനന്ദനമര്‍ഹിക്കുന്ന അഭിനയപ്രകടനങ്ങള്‍ സായ്പല്ലവി, ചെമ്പന്‍വിനോദ്, വിനായകന്‍ എന്നിവരുടെയതാണ്. സാന്നിധ്യമറിയിച്ച് സൗബിനും സാന്നിധ്യമറിയിക്കാന്‍ ഒറ്റ സീന്‍ മതിയെന്ന് തെളിയിച്ച് അലന്‍സിയറുമുണ്ട്. മികച്ച രീതിയില്‍ കഥപറയാന്‍ രാജേഷ് ഗോപിനാഥിനും ക്യാമറ ചലിപ്പിക്കാന്‍ ഗിരീഷ് ഗംഗാധരനു(രാത്രിയിലെ ചേസിങ് രംഗങ്ങള്‍ പ്രത്യേക അഭിനന്ദമര്‍ഹിക്കുന്നു)മായി.

സ്ത്രീശബ്ദം, ഏപ്രില്‍, 2016