Monday, 11 April 2016

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം
വീട്ടിലേക്ക് തിരിച്ചെത്തുന്ന സിനിമ

നല്ല ചിരി കുടുംബത്തിന്റെ സൂര്യപ്രകാശമാണ്. ജേക്കബ്ബിന് കുടുംബമാണ് വെളിച്ചം. മലയാള സിനിമയിലേക്ക് ആ വെളിച്ചം തൂകിക്കൊണ്ടാണ് ജേക്കബ്ബും കുടുംബവും എത്തുന്നത്. ഒരു വീട്ടിലേക്ക് കയറിച്ചെന്നപോലെ തോന്നുന്ന ഒരു ചെറിയ നല്ല സിനിമ. അതാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം.
യഥാര്‍ഥ സംഭവത്തെ അധികരിച്ചുണ്ടായ സിനിമയാണിത്. രണ്ടായിരത്തിന്റെ ആദ്യദശകത്തില്‍ ആഗോളവിപണി തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തികമാന്ദ്യത്തിലും ചതിക്കുഴിയിലുംപെട്ട ഒരു ഗള്‍ഫ് മലയാളി ബിസിനസ് കുടുംബത്തിന്റെ ജീവിതം. 'ലോകത്തെവിടെയൊക്കെയോ കിടന്ന് കഷ്ടപ്പെടുന്ന ഒരുപാട് മലയാളികളുണ്ട്. അവരെയെല്ലാം എനിക്കറിയില്ല. പക്ഷേ ഈ കുടുംബത്തെ എനിക്കറിയാം. അവരെയാണ് ഞാനീ സിനിമയിലൂടെ കാണിക്കുന്നത്.'-സിനിമയ്ക്ക് പ്രചോദനമായ സുഹൃത്തിന്റെ ജീവിതചിത്രം കാണിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നു.
നിവിന്‍പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുമ്പുണ്ടായ മൂന്നു സിനിമകളെയും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഓര്‍മിപ്പിക്കുന്നില്ല. ഇതൊരു പുതിയ സിനിമയാണ്. നിവിന്‍ പോളിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവുമധികം ഉത്തരവാദിത്തബോധമുള്ളയാളാണ് ഈ ചിത്രത്തിലെ ജെറി. പതിവു നിവിന്‍ വേഷങ്ങള്‍ ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ കുറവാണ്. പതിവുകള്‍ ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ഏറ്റെടുക്കുന്നത് ഈ നടന് കരിയറില്‍ മുതല്‍ക്കൂട്ടാകും. 

ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാകുന്നു. ആദ്യപകുതിയില്‍ സിനിമയെ നയിക്കുന്നതും അദ്ദേഹം തന്നെ. കുടുംബത്തിലും തൊഴിലിടത്തിലും ജേക്കബ്ബിന്റെ തെളിഞ്ഞ മനസ്സും ചിരിയും സംസാരവും പ്രവൃത്തിയും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമാകുന്നു. കഥാപാത്രത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്‍ജി പണിക്കരിലെ അഭിനേതാവിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാകും. 
വ്യക്തിയുടെ ജീവിതത്തില്‍ എന്താണ് വീട്, ഭാര്യ, മക്കള്‍ എന്നത് ഓര്‍മപ്പെടുത്തുന്നു ജേക്കബ്ബിന്റെ വീട്ടിലേക്ക് തിരിച്ചുവച്ച ക്യാമറ. അങ്ങനെയാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ പ്രേക്ഷകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വരുംദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരായിരിക്കും ഈ സിനിമയുടെ മുഖ്യ കാഴ്ചക്കാരെന്ന് പറയാനുമാകുക. 
ചിത്രത്തിന്റെ തുടക്കത്തില്‍ ജേക്കബ്ബ് മൂത്ത മകനായ ജെറിക്ക് വിശാലമായ മണല്‍പരപ്പ് കാണിച്ചുകൊടുത്ത് പറയുന്നുണ്ട്, 'പത്തറുപത് കൊല്ലം മുമ്പ് ഇതുപോലൊരു മണല്‍പരപ്പായിരുന്നു ഇന്നു നമ്മള്‍ കാണുന്ന ദുബായ് എന്ന സ്വപ്നഭൂമിക. ആ മണല്‍പരപ്പില്‍ കെട്ടിയുയര്‍ത്തിയ സൗധങ്ങള്‍ക്കുപിന്നില്‍ ഒരുപാടു മനുഷ്യരുടെ അധ്വാനമുണ്ട്. ആ മനുഷ്യരില്‍ മലയാളികളുമുണ്ട്.' മലയാളി ജീവിതത്തിലുള്ളത്രയും സ്വാധീനം മലയാള സിനിമയിലും പ്രവാസിക്കുണ്ട്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ചിരിക്കുന്ന ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഗള്‍ഫ് ജീവിതത്തിന്റെ വേറിട്ടൊരു മുഖം കാണിച്ചുതരുന്നുണ്ട്. വെറുംകൈയ്യായി ഗള്‍ഫിലെത്തി കൈനിറയെ സമ്പാദിച്ചവനും ഒന്നുമില്ലാതെ തിരിച്ചുപോന്നവനും തകര്‍ച്ചയില്‍നിന്ന് വെട്ടിപ്പിടിച്ചവനുമുണ്ട്. മൂന്നാമതു പറഞ്ഞ കൂട്ടത്തിലാണ് ജേക്കബ്ബിന്റെയും കുടുംബത്തിന്റെയും സ്ഥാനം. 

ഒറ്റദിവസം കൊണ്ട് പണക്കാരനാകാന്‍ സിനിമയിലേ സാധിക്കൂ എന്ന് കഷ്ടത നിറഞ്ഞൊരു നേരത്ത് ജെറി പറയുന്നുണ്ട്. പിന്നീട് ജീവിതത്തിലേതുപോലെ പ്രയാസപ്പെട്ട് ഏറെ കഷ്ടതകള്‍ താണ്ടി അയാള്‍ നഷ്ടങ്ങള്‍ നികത്തി തെളിഞ്ഞ ചിരി ചിരിക്കുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍നിന്നുതന്നെ കണ്ടെത്തിയ ഒരു സിനിമയുടെ ഗുണം ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് കൈവരുന്നു. തകര്‍ന്നുപോയ ബിസിനസ് സാമ്രാജ്യങ്ങളും അപ്രമാദിത്വങ്ങളും ഒറ്റദിവസം കൊണ്ട് തിരികെപ്പിടിക്കുന്ന അതിമാനുഷരുടെ വേഷമിട്ട താരരാജാക്കന്മാരുടെ അതിശയോക്തി നിറഞ്ഞ കഥകള്‍ വെള്ളിവെളിച്ചത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം രസക്കൂട്ടുകളില്ലാത്ത ജീവിതം മനുഷ്യനെ ഏതെല്ലാം താഴ്ചകളിലേക്ക് തള്ളിയിടാമെന്നും അവിടെനിന്ന് പിടിച്ചുകയറുക എത്ര പ്രയാസമാണെന്നും ലളിതമായി ഓര്‍മപ്പെടുത്തുന്നു ഈ സിനിമ. 
വന്‍ പ്രമേയ സാധ്യതകളുടെയും അതിസങ്കീര്‍ണതകളുടെതുമല്ല ഇനിയുള്ള കാലത്തെ സിനിമകളെന്ന് അടിവരയിടുകയാണ് ഈയടുത്തിറങ്ങി ജനങ്ങളേറ്റെടുത്ത മിക്ക സിനിമകളും. ചാര്‍ലി, ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കലി എന്നിവയെല്ലാം ഇങ്ങനെ ലളിതാഖ്യാനത്തിന്റെ വഴി തിരഞ്ഞെടുത്ത് വിജയിച്ചവയാണ്. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന പുതിയ പേരാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം.

ദുബായ് നഗരജീവിതം പകര്‍ത്തിയ ജോമോന്‍.ടി.ജോണിന്റെ ക്യാമറ, യഥാര്‍ഥ ജീവിതത്തെ സിനിമയിലേക്ക് പകര്‍ത്തിവച്ച വിനീത് ശ്രീനിവാസന്റെ എഴുത്ത്, ഷാന്‍ റഹ്മാന്റെ സംഗീതം, സായ്കുമാര്‍, ടി.ജി.രവി, ദിനേശ് പ്രഭാകര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, മാസ്റ്റര്‍ സ്റ്റെയ്‌സണ്‍ എന്നിവരുടെ അഭിനയം..ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ എടുത്തുകാണിക്കാവുന്ന പേരുകള്‍ ഇവരുടേതു കൂടിയാണ്.

ചിത്രഭൂമി, ഏപ്രില്‍ 9, 2016

No comments:

Post a Comment