വിചിത്രസഞ്ചാരങ്ങളുടെ ലീല
ആറുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഉണ്ണി.ആറിന്റെ ലീല എന്ന കഥ അച്ചടിച്ചുവരുന്നത്. പ്രമേയത്തിന്റെ പുതുമകൊണ്ട് അന്നുതന്നെ ലീല ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലീലയിലെ സിനിമാസാധ്യതയെപ്പറ്റിയും അന്നുമുതല്‍ക്കേ സംസാരം തുടങ്ങിയിരുന്നു. ഇപ്പോള്‍ ഉണ്ണി.ആര്‍ തന്നെ തിരക്കഥയൊരുക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് ലീല സിനിമാരൂപം കണ്ടിരിക്കുന്നു. കഥയില്‍നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെ ഒരുക്കിയ തിരക്കഥയുടെ കരുത്ത് വരികള്‍ക്കിടയിലാണ്.
വ്യത്യസ്തമായ സ്വഭാവവിശേഷങ്ങളുള്ള കുട്ടിയപ്പനിലൂടെയാണ് 'ലീല' കടന്നുപോകുന്നത്. കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രവും അയാളുടെ വിചിത്രസ്വഭാവങ്ങളും മാത്രമായിരിക്കില്ല രഞ്ജിത്തിനെ ലീലയൊരുക്കാന്‍ ആകര്‍ഷിച്ചിരിക്കുക. ലീല എന്ന കഥയില്‍ ഉണ്ണി.ആര്‍ വരികള്‍ക്കിടയില്‍ വായനക്കാരന് വിട്ടുകൊടുത്തിരിക്കുന്ന വിടവുകളായിരിക്കണം. ആ വിടവുകളില്‍ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയോടും കൊള്ളരുതായ്മകളോടും സ്ത്രീചൂഷണത്തോടുമുള്ള കലഹമുണ്ട്. അവയ്‌ക്കെതിരെയുള്ള പ്രതികരണവും അനുതാപവുമുണ്ട്. അത് പ്രധാന കഥാപാത്രങ്ങളായ കുട്ടിയപ്പനിലൂടെയും പിള്ളേച്ചനിലൂടെയുമെല്ലാം പുറത്തുവരുന്നുണ്ട്. കഥയില്‍ പിള്ളേച്ചനിലൂടെ (സിനിമയില്‍ വിജയരാഘവന്റെ കഥാപാത്രം)യാണ് കഥ പറഞ്ഞുപോകുന്നതെങ്കില്‍ സിനിമ കുട്ടിയപ്പന്റെ ജീവിതത്തിലേക്ക് നേരിട്ട് കടന്നുപോകുകയാണ്. കഥയിലുള്ളതിനേക്കാള്‍ കൂട്ടിച്ചേര്‍പ്പുകളോ ഉപകഥകളോ ചേര്‍ക്കാന്‍ മെനക്കെടാതെ നേരിട്ടുള്ള ആഖ്യാനവും സംഭാഷണശകലങ്ങളുമാണ് ഉണ്ണി.ആറും രഞ്ജിത്തും സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്.
തന്റെ വിചിത്രമായ സ്വഭാവവിശേഷങ്ങളുടെ പൂര്‍ത്തീകരണമാണ് കുട്ടിയപ്പന്റെ ജീവിതം. അതിനുവേണ്ടിയുള്ള സഞ്ചാരമാണ് ജീവിതമത്രയും. കുട്ടിയപ്പന് ഒരുപാടു കാര്യങ്ങളറിയാം. യാത്രയില്‍നിന്നും മറ്റു മനുഷ്യരില്‍നിന്നും ചുറ്റുപാടില്‍ നിന്നുമെല്ലാം സംഗ്രഹിച്ചത്. അതുകൊണ്ടുതന്നെ അയാള്‍ മറ്റു മനുഷ്യരെപ്പോലെ തിന്നും കുടിച്ചും ഉറങ്ങിയും മാത്രമായി ജീവിതം തള്ളിനീക്കുന്നില്ല. അച്ഛനുമമ്മയും പിന്നെ വേണ്ടപ്പെട്ടയാരുമില്ലാത്തതിന്
ആനയുടെ കൊമ്പിന്‍കീഴില്‍ വച്ച് ഒരു പെണ്‍കുട്ടിയെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ വിചിത്രാഗ്രഹങ്ങളുടെ പരകോടിയില്‍ പങ്കാളിയായെത്തുന്നത് ലീലയാണ്. കഥയിലും സിനിമയിലും നോട്ടങ്ങള്‍കൊണ്ടും നിര്‍വ്വികാരതകൊണ്ടും മാത്രം പ്രതികരിക്കുന്ന ലീല ഒരു പ്രതീകമാണ്. ലീലയോട് കാമം തോന്നുന്ന അച്ഛന്‍ മറ്റൊരു പ്രതീകവും. ഇൗ അച്ഛനെയും മകളെയുമെല്ലാം നമുക്ക് പരിചയമുണ്ട്. അങ്ങനെയാണ് കുട്ടിയപ്പന്റെ ആഗ്രഹപൂര്‍ത്തീകരണ കഥയ്ക്കപ്പുറം ലീലയ്ക്ക് മറുവിതാനങ്ങളുണ്ടാകുന്നത്. ലീല ചുറ്റുപാടിന്റെ ശബ്ദമില്ലാത്ത പ്രതിനിധിയാകുന്നതും മനുഷ്യന്റെ വന്യതയിലേക്കും നിരര്‍ഥകതയിലേക്കും നോട്ടമയക്കുന്നതും അങ്ങനെയാണ്.
ലീലയിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് പൂര്‍ണമായി വിജയിച്ചിരിക്കുന്നു. കുട്ടിയപ്പനായി ബിജുമേനോനെ തീരുമാനിച്ചതാണ് അതില്‍ ഏറ്റവും അഭിനന്ദനമര്‍ഹിക്കുന്നത്. വിചിത്രാഗ്രഹങ്ങളുടെ തോഴനായ കുട്ടിയപ്പന്റെ ശരീരഭാഷ ബിജുമേനോനില്‍ ഭദ്രം. വിജയരാഘവനും ഇന്ദ്രന്‍സുമാണ് വേഷപ്പകര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടുപേര്‍. പാര്‍വ്വതി നമ്പ്യാര്‍, പ്രിയങ്ക നായര്‍, ജഗദീഷ് എന്നിവരും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.
ബിജിബാലിന്റെ പശ്ചാത്തലസംഗീതം ലീലയുടെ ഹൈലൈറ്റാണ്. കുട്ടിയപ്പന്റെ സഞ്ചാരങ്ങളോടൊപ്പം അത് ഒഴുകിച്ചേര്ന്നുനില്ക്കുന്നു ണ്ട്. ഈ സഞ്ചാരത്തിനൊപ്പം നീങ്ങി മിഴിവേകുന്ന പ്രശാന്ത് രവീന്ദ്രന്റെ ക്യാമറയും കാഴ്ചയ്ക്ക് സുഖം പകരുന്നതാണ്.
കഥ വായിച്ചവര്‍ക്ക് കുറേക്കൂടി പരിചിതമായതും വായിക്കാത്തവര്‍ക്ക് പുതുമയുള്ള ഒരു ആഖ്യാനവഴിയും സമ്മാനിക്കാന്‍ 'ലീല'യ്ക്ക് സാധിക്കുന്നുണ്ട്. ഒപ്പം രഞ്ജിത്ത് സിനിമകള്‍ വാചകങ്ങള്‍കൊണ്ടും ഇമേജുകള്‍കൊണ്ടും സൃഷ്ടിക്കുന്ന സാമൂഹികപരതയും കാലികതയും ലീലയിലും വിട്ടുകളയുന്നില്ല.
ചിത്രഭൂമി, ഏപ്രില്‍ 23, 2016
No comments:
Post a Comment