Monday, 11 April 2016

കലി
കൈയൊപ്പ്..
ദുല്‍ഖറിന്റെ 
സമീര്‍താഹിറിന്റെ 

ഹിന്ദുപുരാണത്തില്‍ കലി കല്‍ക്കി അവതാരം വരെ കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. കലി വിഷ്ണുവിന്റെ എതിര്‍മൂര്‍ത്തിയും ലോകസംഹാരത്തിനായി പ്രയത്‌നിക്കുന്നവനുമാണ്. നളചരിതത്തില്‍ കലിയുടെ പ്രയത്‌നത്താലാണ് നളന് തന്റെ സഹോദരനുമായി ചൂതുകളിയിലേര്‍പ്പെട്ട് തോല്‍വി വരിക്കേണ്ടിവന്നത്.
വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും അപകടകരമായ വികാരങ്ങളിലൊന്നായിരിക്കും കോപം. നിയന്ത്രിക്കാന്‍ കഴിയാത്ത മുന്‍കോപം നിലനില്‍പിനെയും തന്നെത്തന്നെയും ബാധിക്കും. കുട്ടിക്കാലം മുതല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യക്കാരനായ സിദ്ധാര്‍ഥിന്റെ കഥയാണ് സമീര്‍ താഹിറിന്റെ കലി പറയുന്നത്. പേരിന്റെ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും നീതി പുലര്‍ത്തുന്നു കലി.
ഒരു വ്യക്തിയുടെ/ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ നിയന്ത്രിക്കാനാകാത്ത കോപം നമ്മളിലുള്ള ചില വിട്ടുപോകാത്ത വികാരങ്ങളെയും ശീലങ്ങളെയുംപോലെ പിന്തുടരുന്നു. അതയാളെ വലിഞ്ഞുമുറുക്കുകയും ചുറ്റുപാടിലും തൊഴിലിടത്തിലും ഒറ്റപ്പെടുത്തുകയും നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥിലെത്തിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നിടത്താണ് വ്യവസ്ഥിതിയോടു ചേര്‍ന്നുപോകാന്‍ പരുവപ്പെട്ട മനുഷ്യനായി ഒരാളെ സമൂഹം വിലയിരുത്തുന്നത്. ഏതൊരാള്‍ ഈ വികാരങ്ങളോട് താദാത്മ്യപ്പെടാതെ അകന്നുപോകുകയോ വഴിമാറുകയോ ചെയ്യുമ്പോള്‍ അയാള്‍ വ്യത്യസ്തനും കൂട്ടത്തില്‍ ചേരാത്തവനും തെറ്റുകാരനുമായി അടയാളപ്പെടുത്തപ്പെടുന്നു.

കലിയിലെ സിദ്ധാര്‍ഥിന് അനിയന്ത്രിതമായ കോപമാണ് പ്രശ്‌നം. ദേഷ്യത്തിന്റെ അളവഴകുകളും ഭീകരതയും മിതപ്പെടുത്തി അഭിനയിച്ചിരിക്കുന്നിടത്ത് ദുല്‍ഖറിലെ നടന്‍ വിജയിച്ചിരിക്കുന്നു. താരം എന്ന നിലയില്‍ ദുല്‍ഖറിനെ കാണാന്‍ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷ യുവപ്രേക്ഷകരെക്കാളും നടന്‍ എന്ന നിലയില്‍ അയാളെ വിലയിരുത്താന്‍ കഴിയുന്നൊരു സിനിമ എന്ന തരത്തിലാകും കലിയെയും ഈ നടനെയും സാമാന്യ സിനിമാസ്‌നേഹി കാണുക. ചില കഥാപാത്രങ്ങള്‍ ചിലരുടെ ശരീരത്തിന്റെ ഭാഗമെന്നോണം ഇളക്കിമാറ്റാനാകാതെ ചേര്‍ന്നിരിക്കും. അത്തരമൊരു കുപ്പായമാണ് കലിയില്‍ ദുല്‍ഖറിന്റെ സിദ്ധാര്‍ഥ് അണിഞ്ഞിരിക്കുന്നത്. അയാളുടെ സ്വഭാവവിശേഷമായ കോപം പോലെ ഇതും ഇഴുകിച്ചേര്‍ന്നിരിക്കുന്നു. താരമൂല്യമുള്ള നായകനടന്മാര്‍ ഇത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നിടത്താണ് പുതിയകാല സിനിമയുടെയും കാഴ്ചശീലത്തിന്റെയും മാറ്റവും നല്ല ലക്ഷണവും.

താരം എന്ന നിലയില്‍ തനിക്ക് സിനിമയെ എങ്ങനെ ഉപയോഗിക്കാനാകും എന്ന മുന്‍തലമുറ നായകബിംബങ്ങളുടെ ചിന്തയെ മറികടന്ന് ഈ സിനിമ ഞാന്‍ എന്തിന് തെരഞ്ഞെടുക്കുന്നു, ഈ സിനിമയില്‍ തനിക്ക് പുതിയതായി എന്തു ചെയ്യാനുണ്ട് എന്നു ചിന്തിക്കുന്ന തലത്തിലേക്ക് മാറാന്‍ കഴിയുന്നുവെന്നതിലാണ് ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ പുതിയ തലമുറയില്‍ ഇരിപ്പിടം നേടിയ നായകന്മാര്‍ അഭിനന്ദനമര്‍ഹിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍, നിവിന്‍പോളി എന്നീ നായകനടന്മാര്‍ തുടര്‍ന്നുപോരുന്നതും അന്വേഷിക്കുന്നതും വിജയിക്കുന്നതും ഈ ചിന്തയിലാണ്.
കോപം എന്ന കേവലവികാരം കേന്ദ്രപ്രമേയവും നായകന്റെ സ്വഭാവവിശേഷവുമാക്കി വാണിജ്യസിനിമയെടുക്കുക എന്നത് ഒരു പതിറ്റാണ്ടിനുമുമ്പ് ഒരു മലയാളസിനിമാ സംവിധായകന് ആലോചിക്കാനാവുമായിരുന്നില്ല. ഇപ്പോഴത് സാധ്യമാണ്. സങ്കീര്‍ണതകള്‍ ഏച്ചുകൂട്ടുകയും കുരുക്കഴിക്കുകയും ചെയ്യുന്ന രീതി സിനിമ ബോധപൂര്‍വ്വം വിട്ടുകളഞ്ഞിരിക്കുന്നു. ലളിതമായി പറയാനുള്ള കാര്യം പറയുകയാണ് പുതിയ സിനിമ. 2013ല്‍ പുറത്തിറങ്ങിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ 'നോര്‍ത്ത് 24 കാതം' ഇത്തരമൊരു കേവല വികാരത്തെയോ ശീലത്തെയോ പിന്‍പറ്റി വിജയം വരിക്കാനാകുമെന്ന് തെളിയിച്ച സിനിമയാണ്. ആ മാതൃകയുടെ തുടര്‍ച്ചയാണ് സമീര്‍താഹിര്‍ കലിയിലൂടെ കണ്ടെത്തുന്നത്. കലിയുടെ ആദ്യപകുതി സ്വഭാവവിശേഷങ്ങളുടെ ലളിതാഖ്യാനവും രണ്ടാംപകുതി കലി ബാധിച്ച് ഇരുട്ടിലേക്കുള്ള പ്രയാണവുമാണ്.

ഒരു സ്വകാര്യ ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറാണ് ദുല്‍ഖറിന്റെ സിദ്ധാര്‍ഥ്. ചുറ്റുപാടില്‍നിന്നോ സഹജീവിയില്‍നിന്നോ ഉണ്ടായേക്കാവുന്ന ഏത് ചെറിയ പ്രകോപനത്തിലും പ്രതിരോധമില്ലാതെ കോപത്തിന്റെ തീയില്‍ പെട്ടുപോകുന്നു അയാള്‍. രോഷപ്രകടനത്തിനുശേഷം കുറ്റബോധം തോന്നുമെങ്കിലും പ്രകോപനങ്ങളുടെ ആവര്‍ത്തനങ്ങളെ അയാള്‍ക്ക് തടയാനാകുന്നില്ല. ഈ സവിശേഷ സ്വഭാവം ഉയര്‍ത്തുന്ന വെല്ലുവിളിയുടെ നിഴലിലാണ് അയാള്‍ വീട്ടിലും തൊഴിലിടത്തിലും മുന്നോട്ടുപോകുന്നത്. കേന്ദ്രകഥാപാത്രത്തെ അയാളുടെ ചുറ്റുപാടില്‍ നിന്ന് നേരിട്ട് പകര്‍ത്തിത്തരുകയാണ് സിനിമ. അയാളുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച് സിനിമ മറ്റെങ്ങും യാത്രചെയ്യുന്നില്ല. അതുതന്നെയാണ് കലിയുടെ ലാളിത്യവും.
സിനിമയില്‍ അഭിനന്ദനമര്‍ഹിക്കുന്ന അഭിനയപ്രകടനങ്ങള്‍ സായ്പല്ലവി, ചെമ്പന്‍വിനോദ്, വിനായകന്‍ എന്നിവരുടെയതാണ്. സാന്നിധ്യമറിയിച്ച് സൗബിനും സാന്നിധ്യമറിയിക്കാന്‍ ഒറ്റ സീന്‍ മതിയെന്ന് തെളിയിച്ച് അലന്‍സിയറുമുണ്ട്. മികച്ച രീതിയില്‍ കഥപറയാന്‍ രാജേഷ് ഗോപിനാഥിനും ക്യാമറ ചലിപ്പിക്കാന്‍ ഗിരീഷ് ഗംഗാധരനു(രാത്രിയിലെ ചേസിങ് രംഗങ്ങള്‍ പ്രത്യേക അഭിനന്ദമര്‍ഹിക്കുന്നു)മായി.

സ്ത്രീശബ്ദം, ഏപ്രില്‍, 2016

No comments:

Post a Comment