Wednesday, 15 June 2016

കറുപ്പിന്റെ 125 ദിവസങ്ങള്‍

പെണ്ണെങ്ങനെ വെളുത്തിട്ടാണോ? അതെ, എന്നാണ് ഉത്തരമെങ്കില്‍ അവള്‍ സുന്ദരിയായിരിക്കും എന്നാണ് സങ്കല്‍പം. അപ്പോള്‍ കറുപ്പിനെന്തോ കുഴപ്പമുണ്ട്. കറുത്ത് പെണ്ണ് സുന്ദരിയായിരിക്കില്ല എന്നൊരു ധാരണ കുട്ടിക്കാലം മുതല്‍ക്കെ ഉള്ളില്‍ പതിഞ്ഞിരുന്നു. കറുപ്പ് അത്ര നല്ല നിറമല്ലെന്നും കറുത്തവരെ അത്ര ഗൗനിക്കേണ്ടതില്ലെന്നുമുള്ള ബോധവും ഒപ്പം വളര്‍ന്നുപോന്നു. പിന്നെയും കണ്ടു, വെളുപ്പിനോടുള്ള ചിരിയും പരിഗണനയും ആരാധനയും. ചുറ്റിലും കേട്ടു, കറുപ്പിനെച്ചൊല്ലിയുള്ള പിറുപിറുക്കലുകളും പിന്നോട്ടടിപ്പിക്കുന്ന പറച്ചിലുകളും.
പിന്നെപ്പിന്നെ കണ്ടതൊക്കെയും വെളുപ്പുകള്‍. സിനിമയിലെ നായികമാരും പരസ്യത്തിലെ മോഡലുകളും ഓഫീസ് റിസപ്ഷനിലെയും തുണിക്കടയിലെയും പെണ്‍കുട്ടികളുമെല്ലാം വെളുത്തവരായി. അങ്ങനെയങ്ങനെ ലോകം വെളുത്തവരിലേക്കൊറ്റപ്പെട്ട് കറുത്തവരെ നോക്കി 'നിങ്ങളുടെ നിറം നല്ലതല്ല. ഞങ്ങളെപ്പോലെയാകാന്‍ ശ്രമിക്കൂ' എന്നു പറഞ്ഞുതുടങ്ങി. കറുത്തവരെ വെളുപ്പിക്കാനുള്ള വിപണിശ്രമങ്ങള്‍ ആരംഭിച്ചു.
കാലമൊക്കെ വല്ലാതെ വലിഞ്ഞുനീണ്ടുപോയിട്ടും കറുപ്പിലേക്ക് ഇറങ്ങിച്ചല്ലാന്‍ മടിക്കുന്ന കാലുകളുടെ അഹംബോധമാണ് നമ്മളെ നയിച്ചുപോരുന്നത്. കറുപ്പ്, വെളുപ്പ് ദ്വന്ദ്വത്തിലേറിയുള്ള സഞ്ചാരത്തിന്റെ പഴക്കം ജാതിയിലേക്കുകൂടി സംക്രമിച്ചതിന്റെ ചീഞ്ഞളിഞ്ഞ പൊതുബോധവും മുഖവുമാണ് ഏറ്റവും പുതിയ കാഴ്ച.

അനുഭവം
ഒന്ന്
'സാധനങ്ങള്‍ വാങ്ങാന്‍ പതിവായി പോകാറുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞാന്‍ ചെന്നുകയറി. കണ്ടപാടെ അവിടത്തെ ജോലിക്കാരനായ ചേട്ടന്‍ ചിരിതുടങ്ങി. എന്റെ മുഖത്തുനോക്കി അയാള്‍ നിര്‍ത്താതെ ചിരിക്കുകയാണ്. ഞാന്‍ അത് ഗൗനിക്കാതെ സാധനങ്ങള്‍ക്ക് വില ചോദിച്ചു. അയാളതൊന്നും കേള്‍ക്കുന്നില്ല. ശ്രദ്ധ മുഴുവന്‍ എന്റെ ശരീരത്തിലെ കറുത്ത നിറത്തിലാണ്. മറ്റു ജോലിക്കാര്‍ക്ക് എന്നെ കാണിച്ചുകൊടുക്കുകയും എന്റെ ഫോട്ടോ എടുക്കുകയും ചെയ്ത് അയാള്‍ ചിരി തുടര്‍ന്നുകൊണ്ടിരുന്നു.

രണ്ട്
വനിതാദിനത്തില്‍ ദേഹത്ത് കരിയ്‌ക്കൊപ്പം എല്‍.ഇ.ഡി ലൈറ്റുമണിഞ്ഞ് രാത്രി കൊച്ചി നഗരത്തിലേക്കിറങ്ങി. ഫുട്പാത്തില്‍ എതിര്‍വശത്തുനിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടുവന്നയാള്‍ തൊട്ടടുത്തെത്തിയപ്പോള്‍ പേടിച്ചിട്ടെന്നപോലെ 'ഹോ, മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമല്ലോ' എന്നു പറഞ്ഞുകൊണ്ട് നടന്നുനീങ്ങി. നാലടിനടന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ കളിയാക്കുന്നപോലെ ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ്. അപ്പോഴാണ് മനസ്സിലായത്. അയാള്‍ പേടി അഭിനയിക്കുകയായിരുന്നു.

മൂന്ന്
ഒരിക്കല്‍, ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ്. മധ്യവയ്‌സ്‌ക്കയായ ഒരു ചേച്ചി. ഞങ്ങള്‍ ഒരേ സീറ്റിലാണിരിക്കുന്നത്. അവരെന്നെ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു. അവര്‍ക്ക് സീറ്റില്‍നിന്ന് എഴുന്നേറ്റു പോകണമെന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല. ഇറങ്ങാന്‍ നേരം അവര്‍ വെറുപ്പോടെ ഇങ്ങനെ പറഞ്ഞു.''എന്തിനാണിങ്ങനെ പൂതനയെപ്പോലെ വേഷംകെട്ടി ആള്‍ക്കാരെക്കൊണ്ടു പറയിപ്പിക്കാന്‍ ഇറങ്ങിനടക്കുന്നത്?''.

നാല്
മറ്റൊരിക്കല്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണയേക്കാള്‍ കറുത്തൊരു പെണ്‍കുട്ടിയെ കണ്ടു. അവള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ആകര്‍ഷണവും മറ്റൊന്നല്ല; എന്റെ നിറം. പക്ഷേ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ഈ നോട്ടത്തില്‍ അലിവും ആര്‍ദ്രതയുമുണ്ടായിരുന്നു. അവള്‍ അടുത്തുവന്നു സംസാരിച്ചു. വിദ്യാര്‍ഥിനിയാണ്. നര്‍ത്തകിയാകാനാണ് ആഗ്രഹം. നൃത്തം അഭ്യസിക്കുന്നുമുണ്ട്. എന്നാല്‍ അവിടെയും വേര്‍തിരിവ്. മറ്റു കുട്ടികളുടെ കൂട്ടത്തില്‍ ഡാന്‍സ് കളിപ്പിക്കുന്നില്ല. വേദികളില്‍നിന്ന് അകറ്റപ്പെടുന്നു. ജാതിപ്പേരുപറഞ്ഞ് മാറ്റിനിര്‍ത്തുന്നു.
മുകളില്‍ പറഞ്ഞ നാലനുഭവവും ഒരാളുടേതാണ്. പെരുമ്പാവൂരുകാരിയായ ആര്‍ട്ടിസ്റ്റ് പി.എസ്.ജയയുടെ.

'ഇവിടെ വളരെ പ്രകടമായ ലിംഗവിവേചനമുണ്ട്. മൂന്നാം ലിംഗക്കാരോടും ദളിതരോടും കടുത്ത അവഗണനയും വേര്‍തിരിവും പുലര്‍ത്തിപ്പോരുന്നുണ്ട്. അവരെ അവരായും കൂട്ടത്തിലും പരിഗണിക്കാന്‍ മടിയാണ്. കറുത്ത നിറത്തിന് കേരളസമൂഹം ഒരു അകലം നല്‍കിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് അവരെ അടുപ്പിക്കാന്‍ തയ്യാറല്ല. ഒരു കാര്യം നമുക്കുറപ്പിക്കാം. കേരളവും ഒട്ടും സേഫല്ല. എന്നാല്‍ അത് സമ്മതിച്ചുകൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല.  കള്ളത്തരം കാണിക്കുന്നൊരു വിഭാഗമാണ് മലയാളികള്‍' ജയ പറയുന്നു.
നാലു മാസത്തോളം നടത്തിയ അപരസഞ്ചാരത്തിന്റെ അനുഭവത്തിലാണ് ജയയ്ക്ക് ഇക്കാര്യം കൂടുതല്‍ വെളിപ്പെടുന്നത്. കൊച്ചി കേന്ദ്രമായുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ കലാകക്ഷി ഫാസിസത്തിനും ദളിതരോടുള്ള വിവേചനത്തിനുമെതിരെ തീര്‍ത്ത പ്രതിരോധത്തിന്റെ ഭാഗമായാണ് ദേഹം മുഴുവന്‍ കണ്‍മഷിയണിഞ്ഞ് ജയ പൊതുസമൂഹത്തിലേക്കിറങ്ങിയത്. രാജ്യം കടുത്ത അസഹിഷ്ണുതയിലേക്ക് നീങ്ങിയ സംഭവപരമ്പരകള്‍ കമ്ട നാളുകള്‍. അതിന്റെ തുടര്‍ച്ചയായി ജനുവരി 17ന് രോഹിത് വെമുലയുടെ ആത്മഹത്യ.
ഗുഡ് മോണിങ്,
'ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കടുത്ത് ഉണ്ടായിരിക്കില്ല. എനിക്കറിയാം നിങ്ങളില്‍ ചിലരെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട്, നന്നായി പെരുമാറുന്നുണ്ട്. എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല...   എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ ബാല്യകാല ഏകാന്തതയില്‍നിന്ന്, ഭൂതകാലത്തിലെ അഭിനന്ദിക്കപ്പെടാത്ത എന്റെ ഉള്ളിലെ കൊച്ചുകുട്ടിയില്‍നിന്ന് എനിക്കൊരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ല...'
ഇങ്ങനെ തുടങ്ങിത്തുടരുന്ന വരികള്‍ ജയയെയും കൂട്ടുകാരെയും ദിവസങ്ങളോളം വേട്ടയാടിക്കൊണ്ടിരുന്നു. ജനുവരി 25ന് കലാകക്ഷിയിലെ അംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് നമുക്കെന്തു ചെയ്യാനാകുമെന്ന് കൂടിയാലോചിച്ചു. വരയും ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുകളുമായി ഓരോരുത്തരും ഫാസിസത്തിനെതിരെ കലാകാരന്മാരുടെ പ്രതിരോധമാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു. ദേഹത്ത് കരിതേച്ച് പൊതുസമൂഹത്തിലേക്കിറങ്ങുകയെന്ന 'പെര്‍ഫോമിങ് ആര്‍ട്ട്' ആണ് വെമുലയുടെ സമപ്രായക്കാരിയായ ജയ തെരഞ്ഞെടുത്തത്.

മലയാളികള്‍ക്കിടയില്‍ കറുത്തവളായി ജീവിച്ച നൂറിലേറെ നാളുകള്‍. അതത്ര എളുപ്പമായിരുന്നില്ല. പൊതു ഇടങ്ങളില്‍ മുമ്പ് ശീലിച്ചതു പോലെത്തന്നെയാണ് ഈ ദിവസങ്ങളിലും ജയ ജീവിച്ചത്. കടയില്‍ പോയി, ബസ്സിലും ട്രെയിനിലും യാത്ര ചെയ്തു. ജോലിക്കുപോയി. കൂട്ടുകാരെ കണ്ടു. അവള്‍ പതിവു പെണ്‍കുട്ടി തന്നെയായിരുന്നു. ആളുകള്‍ക്കായിരുന്നു മാറ്റം. അവരുടെ നോട്ടങ്ങളിലായിരുന്നു പ്രത്യേകത. അവര്‍ ഒരപൂര്‍വ്വകാഴ്ച കാണുന്നതുപോലെ അവളെ കണ്ടു. എന്തിനാണ് ഈ പെണ്‍കുട്ടിയിങ്ങനെ നടക്കുന്നതെന്നതിന്റെ കാരണം തിരക്കാന്‍ ആരും തയ്യാറായില്ല. 'ചോദിക്കാനും പറയാനുമാരുമില്ലാത്തതിന്റെ കുഴപ്പമെന്ന' ശീലിച്ച ശീലുകള്‍ അവര്‍ സ്വയവും പരസ്പരവും പറഞ്ഞുകാണണം.
ആദ്യദിവസങ്ങളില്‍ ആള്‍ക്കാരുടെ കളിയാക്കലുകളും പരിഹാസങ്ങളും ജയയ്ക്ക് ഒരുപാട് കേള്‍ക്കേണ്ടിവന്നു. കൂട്ടമായൊക്കെ ആളുകള്‍ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി. എങ്ങനെയിത് 100 ദിവസം വരെയൊക്കെ കൊണ്ടുപോകുമെന്ന് ആലോചിച്ചു. ദിവസവും ഇതു പതിവായതോടെ പതുക്കെ അവസ്ഥയെ മറികടക്കാന്‍ തുടങ്ങി. രണ്ടുമൂന്നു യാത്രകള്‍ കഴിഞ്ഞതോടെ ആത്മവിശ്വാസമേറി.
ഓരോ നോട്ടങ്ങളിലും അവള്‍ പ്രതീക്ഷിച്ചത് ഒരു നല്ല ചിരിയും അന്വേഷണവുമാണ്. അതു കിട്ടിയപ്പോഴെല്ലാം ഏറെ താത്പര്യത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു. എന്തിനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും നമ്മള്‍ മാറേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും പറഞ്ഞു. സമാനമനസ്സുകളില്‍നിന്നു കിട്ടുന്ന ഊര്‍ജം വലുതാണെന്ന് തിരിച്ചറിഞ്ഞു. തൃശ്ശൂരിലെ മനുഷ്യസംഗമത്തിലും കനയ്യകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്തു നടന്ന പ്രതിരോധത്തിലുമെല്ലാം അത്തരത്തിലുള്ള ഒരുപാട് ആളുകളെ ജയ കണ്ടെത്തി. അതുപോലെ കണ്ണുംകാതും തരാന്‍ തയ്യാറാകുന്ന ഓരോ കൂട്ടങ്ങളിലും ഒറ്റയ്ക്കും അല്ലാതെയും അവള്‍ നിറത്തെയും ഓരം ചേര്‍ക്കപ്പെടുന്നവരെയുംകുറിച്ച് വാചാലയായി. പലരും സ്വന്തം അനുഭവം പങ്കുവച്ചു. ആള്‍ക്കൂട്ടത്തിന്റെ അവഗണനയേക്കാള്‍ ഒറ്റപ്പെട്ട നന്മത്തുരുത്തുകളില്‍ തന്നെയാണ് വിശ്വാസമര്‍പ്പിക്കേണ്ടതെന്ന അറിവില്‍ സധൈര്യം മുന്നോട്ടുപോയി.

ദളിത് പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍, അറിയാന്‍ താത്പര്യമില്ലാത്തവര്‍, അറിഞ്ഞിട്ടും അത് നമ്മളെ ബാധിക്കുന്ന വിഷയമല്ലല്ലോയെന്ന് ഓര്‍ത്ത് സമാധാനപ്പെടുന്നവര്‍ എന്നിങ്ങനെ പല തരക്കാരെ ഈ ദിവസങ്ങളില്‍ ജയ കണ്ടുമുട്ടിയിട്ടുണ്ട്. ദളിതരോടുള്ള ക്രൂരമായ വിവേചനത്തിന് അറുതി വരുത്തിയ ഭൂതകാലമാണ് കേരളത്തിനുള്ളത്. പിന്നീട് നമ്മുടെ നോട്ടം മുഴുവന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കുമായിരുന്നു. എല്ലാം കണ്ടുംകേട്ടും ഇതൊക്കെ അവിടെയല്ലേ എന്നു സമാധാനിച്ചു. ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അനുഭവത്തില്‍ക്കൂടി ജയ പറയുമ്പോള്‍ അതത്ര നിസ്സാരമായി കാണാനാവില്ല. ജാതി,ലിംഗ,വര്‍ണ വിവേചനവും മത അടയാളങ്ങളും മറനീക്കി പുറത്തുവരുന്നുണ്ട്. തൊട്ടുകൂടായ്ക, ഒരുമിച്ചിരുന്ന് യാത്ര ചെയ്യാന്‍ അനുവാദമില്ലായ്മ, കിണറില്‍നിന്ന് വെള്ളം കോരിക്കൂടാ തുടങ്ങിയ ഭീകരചിന്തകളിലേക്ക് തിരിച്ചുപോയിട്ടില്ലെങ്കിലും പ്രത്യക്ഷത്തില്‍ കാണാത്ത രൂപങ്ങള്‍ ഇവിടെ കൂടിവരുന്നുണ്ട്. ജയയുടെ യാത്രയില്‍ കണ്ടുമുട്ടിയവരില്‍ ഏറെയും അത്തരക്കാരായിരുന്നെന്ന് ചേര്‍ത്തുവായിക്കണം.
തന്റെ ശരീരത്തിലെ കറുപ്പ് തേച്ചുപിടിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞവരും അല്ലാത്തവരുമുണ്ടെന്ന് ജയ. രണ്ടു കൂട്ടരുടേയും വിവേചനം ഒരുപോലെയായിരുന്നു. കറുപ്പ് എന്നത് അകറ്റിനിര്‍ത്തേണ്ടതും കളിയാക്കപ്പെടേണ്ടതുമായ ഒന്നാണെന്ന തോന്നലിന് വലിയ രീതിയില്‍ വളര്‍ച്ചയുണ്ടായിവരുന്നു. കറുപ്പ് എന്ന ദു:ഖസൂചകമായ വാക്ക്, കരിഞ്ചന്ത, കരിദിനം, അതിനു പിന്നിലുള്ള കറുത്ത കൈകള്‍, കറുപ്പാണെങ്കിലും അഴക് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഉടലെടുത്തതെങ്ങനെ?, കറുത്ത നിറത്തെ ജാതിയുമായിക്കൂടി ബന്ധപ്പെടുത്തിക്കാണുന്ന അപകടകരമായ പ്രവണത, കറുപ്പ് എന്നാല്‍ ദളിതന്‍, കറുത്തവര്‍ ഒഴിഞ്ഞുമാറി നില്‍ക്കേണ്ട ആളുകള്‍, കറുപ്പിനെ പിന്നോട്ടടിപ്പിക്കുന്ന ആള്‍ക്കൂട്ടം, കറുപ്പ് സ്വയം ഒഴിഞ്ഞുകൊടുക്കുന്നു.. എന്നിങ്ങനെ കറുപ്പിനെച്ചൊല്ലിയുള്ള പറച്ചിലുകളൊക്കെയും പാര്‍ശ്വവത്ക്കരണത്തിന്റെ പ്രതീകങ്ങളായിപ്പോകുന്നല്ലോയെന്ന ചിന്തയില്‍നിന്നാണ് ദേഹത്ത് കറുപ്പണിയുകയെന്ന പ്രതിരോധരീതി ജയ തെരഞ്ഞെടുത്തത്.
ഇത്തരമൊരു ചിന്ത ജയയുടേതു മാത്രമായിരിക്കില്ല. കറുപ്പ് ഏതെല്ലാം ഇടങ്ങളില്‍ എങ്ങനെയൊക്കെ അകറ്റിനിര്‍ത്തപ്പെടുന്നുണ്ടെന്ന അനുഭവം ഓരോരുത്തര്‍ക്കുമുണ്ടാകും. ഒന്നു ചിന്തിച്ചാല്‍ പങ്കുവച്ചു തുടങ്ങിയാല്‍ അതെല്ലാം  മറനീക്കിവരും. അനുഭവങ്ങളുടെ അളവും തീവ്രതയുമോര്‍ത്ത് അത്ഭുതപ്പെട്ടു തുടങ്ങുമ്പോള്‍ ഉത്തരേന്ത്യയിലേക്കുള്ള നോട്ടം കുറഞ്ഞ് അത് ചുറ്റിലേക്കുമാകും.
മെയ് 30ന് 125 ദിവസം പൂര്‍ത്തിയായതോടെ ജയ കറുപ്പ് വേഷമഴിച്ചു. യഥാര്‍ഥ രൂപത്തില്‍ അനുഭവങ്ങള്‍ സമൂഹത്തോട് പങ്കുവെച്ചു. കറുപ്പിന് നീതി കിട്ടുമോയെന്നറിയില്ല; പക്ഷേ മനോഭാവങ്ങള്‍ മാറ്റാന്‍ സാധിക്കും. ആ ഉറപ്പില്‍ ജയ പ്രതിരോധം തുടരുകയാണ്.
മലയാളി ശീലിച്ചുപോരുന്ന സദാചാരധാരണകള്‍ പോലെത്തന്നെയാണ് കറുപ്പിലേക്കുള്ള വെറുപ്പുളവാക്കുന്ന നോട്ടവും വെളുപ്പിന്മേലുള്ള ഐക്യപ്പെടലും. കറുപ്പ് ഒരു നിറമല്ല ചിലര്‍ക്ക്, മറ്റു ചിലര്‍ക്ക് നിറമില്ലാത്ത അവസ്ഥയുടെ പേരാണ്, ശൂന്യതയുടെ പേരാകും ചിലപ്പോള്‍ കറുപ്പ്, കറുപ്പ് ഒരു നിറമാണോ എന്ന സംശയവും കൂടി അവശേഷിപ്പിക്കുമ്പോള്‍ വിവേചനം പൂര്‍ണതയിലെത്തുന്നു.
സവര്‍ണന്‍ എന്നാല്‍ നിറമുള്ളവന്‍, ജാതിയില്‍ മുന്തിയവന്‍. അവര്‍ണനെന്നാല്‍ ജാതിയില്‍ താഴ്ന്നവന്‍, നിറമില്ലാത്തവന്‍. നിറം കൊണ്ട് ജാതിയെ തിരിച്ചറിഞ്ഞ് മിടുക്കറിയിക്കുന്നവരായിപ്പോകുന്നു നമ്മള്‍.

മാതൃഭൂമി വാരാന്തപ്പതിപ്പ്, ജൂണ്‍ 12, 2016

No comments:

Post a Comment