Wednesday, 15 June 2016

കമ്മട്ടിപ്പാടത്തുനിന്നുയരുന്നത് ഓരം ചേര്‍ക്കപ്പെട്ടവന്റെ ശബ്ദം

സിനിമ സാമൂഹികപ്രതിബദ്ധത കാണിച്ചുതുടങ്ങുമ്പോള്‍ കാണികളില്‍നിന്ന് അകലുന്നു എന്നതാണ് മലയാളം ശീലിച്ചുപോന്നിട്ടുള്ള കാഴ്ചശീലം. തന്റെ കാഴ്ചശീലങ്ങളെ രസിപ്പിക്കാത്തതിനെയെല്ലാം സമാന്തര വഴിയിലേക്കു മാറ്റിനിര്‍ത്തുകയും കലയുടെ ധര്‍മം ആനന്ദിപ്പിക്കുകയാണെന്ന ആലങ്കാരിക മതത്തില്‍ വിശ്വസിച്ചുപോരുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷ കാണികള്‍. അങ്ങനെയായിരിക്കണം മുഖ്യധാരയെന്നും സമാന്തരമെന്നും രണ്ടുപേരുകള്‍ തന്നെ ഉരുത്തിരിഞ്ഞുവന്നത്.
ഓരം ചേര്‍ക്കപ്പെടുന്നവന്റെ ജീവിതം പറയുമ്പോള്‍ മലയാള സിനിമ വച്ചുപുലര്‍ത്തിയിട്ടുള്ള ഓഫ്ബീറ്റ് ധാരണകളെ മാറ്റിനിര്‍ത്തി പറയാനുള്ളത് തന്റെ മാത്രം വഴിയിലൂടെ പറയുകയാണ് രാജീവ് രവി 'കമ്മട്ടിപ്പാട'ത്തിലൂടെ.
സിനിമയെ ജീവിതവുമായി എത്ര അടുത്തുനിര്‍ത്താമോ, അത്രയും അടുത്തേക്കായിരിക്കും രാജീവ് രവി ക്യാമറ ചലിപ്പിക്കുക. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക. കമ്മട്ടിപ്പാടത്തിലേക്കെത്തുമ്പോള്‍ അരികുജീവിത പരിസരങ്ങളോട് ഒന്നുകൂടി അടുക്കുകയാണ് രാജീവ് രവി. പാര്‍ശ്വവത്കൃത ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനൊപ്പം എക്കാലത്തും മുഖ്യധാരയോട് പടവെട്ടേണ്ടിവരുന്ന അവരുടെ ജീവിതം തുറന്നുകാട്ടുകയുമാണ് സംവിധായകന്‍.

കമ്മട്ടിപ്പാടത്തിനുമേല്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊച്ചി നഗരത്തിന് വലിയ ആയുസ്സൊന്നുമില്ലെന്ന് പറയുന്ന സിനിമ തെരുവുപട്ടികളെപ്പോലുള്ള മനുഷ്യരുടൈ ചോരയും നീരുംകൊണ്ടാണ് ഇന്നുകാണുന്ന നഗരത്തിന്റെ വലുപ്പമൊക്കെ ഉണ്ടായതെന്നും ധ്വനി നല്‍കുന്നു. ചിലര്‍ക്ക് വലുതാകാന്‍ ചിലര്‍ ഇരകളും കുരുതിയുമാകേണ്ടി വരികയെന്ന ജന്മിത്തകാലം മുതല്‍ക്ക് തുടര്‍ന്നുപോരുന്ന സാമൂഹിക പരിതസ്ഥിതിയുടെ മുഖംമാറിയ രൂപം ഇന്നും ചുറ്റിലുണ്ട്. പോരാട്ടങ്ങള്‍കൊണ്ട് മാറ്റപ്പെട്ടത് മുതലാളിത്തത്തിന്റെ താത്ക്കാലിക രൂപങ്ങള്‍ മാത്രമാണ്. മറുരൂപങ്ങള്‍ മറനീക്കി പുറത്തുവരാന്‍ എപ്പൊഴും അവസരം പാര്‍ത്തിരിക്കുകയാണ്. അനുകൂലസാഹചര്യത്തില്‍ അത് ചൂഷണത്തിന്റെ കൈകള്‍ വിരിക്കും. പാവപ്പെട്ടവനെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവനെയും ലക്ഷ്യമിടും. അവനെ ഉപയോഗിച്ച് അവര്‍ വീണ്ടുമിവിടെ സാമ്രാജ്യങ്ങള്‍ പണിയും. എന്നാല്‍ ഈ കോട്ടകൊത്തളങ്ങളെല്ലാം ഒരുനാളില്‍ തകര്‍ത്തെറിയപ്പേടേണ്ടതു തന്നെയാണെന്ന് കമ്മട്ടിപ്പാടം പറഞ്ഞുവെയ്ക്കുന്നു.
പി.ബാലചന്ദ്രനെന്ന സമര്‍ഥനായ എഴുത്തുകാരനും നാടകകാരനും സംവിധായകനുമൊക്കെയായ (ഇപ്പോള്‍ നടനും) മനുഷ്യന്റെ മികച്ച എഴുത്തുകളിലൊന്നാണ് കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടം എന്ന ചേരിപ്രദേശത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥ ബൃഹത്തായ രീതിയിലാണ് ബാലചന്ദ്രന്‍ എഴുതിയിട്ടുള്ളത്. നാലര മണിക്കൂര്‍ നീളുന്ന ഒരു സിനിമ എന്ന സങ്കല്‍പ്പത്തിലെത്തിയ എഴുത്ത്. ഇത്രയും ദൈര്‍ഘ്യമേറിയ സിനിമ സ്വീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ക്ഷമയുണ്ടാകില്ലെന്ന ഉത്തമ ബോധ്യത്തില്‍ അത് 177 മിനിറ്റിലേക്ക് ഒതുക്കിപ്പറയുകയായിരുന്നു. എങ്കില്‍ക്കൂടി കമ്മട്ടിപ്പാടത്തെ മനുഷ്യരുടെ പല കാലഘട്ടത്തിലെ കഥ വിശദമായിത്തന്നെ സിനിമ പറയുന്നുണ്ട്.

ബാലനും ഗംഗനും കൃഷ്ണനുമെല്ലാം കമ്മട്ടിപ്പാടത്തെ സാധാരണ മനുഷ്യരാകുന്നു. കള്ളും തല്ലും തെറിവിളിയും രോഗവും പീഡയും മഴയും വെയിലുമറിഞ്ഞ് ജീവിക്കുന്നവര്‍. അതതു ദിവസത്തില്‍ ജീവിച്ച് ഭാവിയെപ്പറ്റിയുള്ള ചിന്ത സമീപ പരിസരത്തൊന്നുമെത്താത്ത ഈ മനുഷ്യര്‍ ആവലാതികളില്ലാത്തവരാണ്. അന്നന്നത്തേക്ക് ജീവിക്കാനുള്ള വക കിട്ടിയാല്‍ അവര്‍ സന്തോഷവാന്മാരാണ്. അത്തരത്തിലുള്ളവരെയാണ് ചൂഷണം ചെയ്യാന്‍ എളുപ്പവും. അത് മനസ്സിലാക്കുന്നവരാണ് അവരെ ഇരയാക്കുന്നവരും. അപ്പോള്‍ ഗംഗനും ബാലനും കൃഷ്ണനും കമ്മട്ടിപ്പാടത്തെ അവരുടെ മുന്‍തലമുറയുമെല്ലാം വലിയവരുടെ ഇരകള്‍ തന്നെയായിരുന്നുവെന്നുവേണം പറയാന്‍. സിനിമയുടെ അവസാനഭാഗത്ത് ആകാശത്തോളം കെട്ടിപ്പൊക്കിയ സൗധത്തിലെ കണ്ണാടിക്കൂട്ടില്‍നിന്ന് ഇരയാല്‍ താഴേക്കു പതിക്കുന്ന മുതലാളിപ്രതീകത്തിലൂടെ ഇനിയുള്ള തലമുറ ചൂഷണത്തിനു നിന്നുകൊടുക്കില്ലെന്ന സൂചന നല്‍കുന്നുണ്ട്.
സിനിമയ്ക്ക് തിരക്കഥയുടെ ആവശ്യമില്ലെന്ന് രാജീവ് രവി പറയുന്നത് താനെന്ന സംവിധായകനില്‍ അത്രമേല്‍ സ്വയം വിശ്വാസമുള്ളതുകൊണ്ടാണ്. സിനിമ സംവിധായകന്റെ കലയാണെന്ന് പൂര്‍ണ ബോധ്യമുള്ള ഈ ചലച്ചിത്രകാരന്റെ സിനിമകള്‍ കച്ചവടമോ പുരസ്‌ക്കാരങ്ങളോ ലക്ഷ്യമിട്ടുള്ളതല്ല. അതുകൊണ്ടുതന്നെ മലയാളത്തിലെ മറ്റൊരു ചലച്ചിത്രകാരനുമായും ഇദ്ദേഹത്തെ സാമ്യപ്പെടുത്താനുമാകില്ല. സ്വന്തവും സ്വതന്ത്രവുമായ ആഖ്യാനശൈലി ശീലിച്ചെടുത്ത രാജീവ് രവിയില്‍നിന്ന് വരാനിരിക്കുന്നത് മലയാളത്തിലെ മികച്ച ചിത്രങ്ങളായിരിക്കുമെന്ന സൂചന തന്നെയാണ് കമ്മട്ടിപ്പാടം നല്‍കുന്നത്.

രാജീവ് രവിയുടെ സിനിമകളില്‍ സംഭവങ്ങളൊന്നും ജീവിതത്തില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കില്ല. പരിചയമുള്ള കുറേ ആളുകള്‍ വന്ന് നമ്മളെപ്പോലെ പെരുമാറുന്നതായിട്ടാണ് അനുഭവപ്പെടുക. അതില്‍ പലരും യഥാര്‍ഥ ജീവിതത്തെ തോല്‍പ്പിക്കുംവണ്ണം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.
സാധാരണക്കാരുടെ ജീവിതം പറയുമ്പോഴും കഥാപാത്രങ്ങള്‍ ഇതുവരെ വെയിലുകൊണ്ടിട്ടില്ലെന്നു തോന്നിപ്പിക്കുംവിധം നടത്താറുള്ള മലയാള സിനിമയിലെ പാത്രസൃഷ്ടി ധാരണകളെയാണ് കമ്മട്ടിപ്പാടം തകിടം മറിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും പുതിയ നടീനടന്മാരാണ്. അരികുജീവിതത്തിന്റെ അടയാളങ്ങളെന്ന് ഉറപ്പുപറയാവുന്ന തരത്തിലുള്ള ഒരു കൂട്ടം മനുഷ്യരെയാണ് ഇവരിലൂടെ കാണാനാകുക. ഇതില്‍ ഓരോരുത്തരും അവിടെ ജീവിക്കുന്നവര്‍ തന്നെയാണെന്ന തോന്നല്‍ കാഴ്ചക്കാരനിലുണ്ടാക്കാന്‍ കാസ്റ്റിങ് നടത്തിയവര്‍ക്കാകുന്നു. അങ്ങനെയാണ് കമ്മട്ടിപ്പാടം ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെക്കാള്‍ ബാലന്‍(മണികണ്ഠന്‍), ഗംഗന്‍(വിനായകന്‍), അനിത (ഷോണ്‍ റോമി), റോസമ്മ (അമല്‍ദ ലിസ്), ഗംഗന്റെ അച്ഛന്‍, അമ്മാവന്‍ കഥാപാത്രങ്ങള്‍, പിന്നെ കമ്മട്ടിപ്പാടത്തെ പേരറിയാത്ത കുറേ മനുഷ്യരുടെയും സിനിമയായി മാറുന്നത്.

ആരാധകരെയും താരപ്രഭയെയും മാറ്റിനിര്‍ത്തി കമ്മട്ടിപ്പാടം പോലെ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകുന്നുവെന്നതിലാണ് ദുല്‍ഖര്‍ അഭിനന്ദനമര്‍ഹിക്കുന്നത്. മികച്ച സിനിമകളുടെ ഭാഗമാകുക എന്നതിലൂടെയാണ് ഒരു നടന്റെ ഗ്രാഫ് വലുതാകുന്നത്. ഈ അര്‍ഥത്തില്‍ ദുല്‍ഖറിന് കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്‍ കരിയറിലെ ഒരടയാളപ്പെടുത്തലായിരിക്കും.

സ്ത്രീശബ്ദം, ജൂണ്‍, 2016

No comments:

Post a Comment