Friday, 14 October 2016

അപ്പുവിന് ഒരാഗ്രഹമുണ്ടായിരുന്നു

കുട്ടികള്‍ക്കുവേണ്ടി എഴുതാന്‍ കൈമോശം വരാത്തൊരു കുഞ്ഞുമനസ്സുകൂടി വേണം. ബാലസാഹിത്യകൃതികള്‍ എഴുതുന്നത് മുതിര്‍ന്നവര്‍ക്കായി എഴുതുന്നതിനെക്കാള്‍ പ്രയാസകരമാണെന്ന് പറയാറുണ്ടല്ലോ. സാഹിത്യത്തെപ്പോലെത്തന്നെ സിനിമയിലും പതിവുകളില്‍നിന്ന് തെല്ല് വ്യത്യസ്തമായ ചമയ്ക്കലാണിത്. എന്നാല്‍ നന്നായി കൈകാര്യം ചെയ്യുമ്പോള്‍ ഏറ്റവും ഉദാത്തമാകുന്നതും അവ തന്നെ.
ഒരാള്‍ മികച്ച 10 ലോകസിനിമകള്‍ തെരഞ്ഞെടുക്കുകയാണെന്നിരിക്കട്ടെ, അതിലൊരെണ്ണം കുട്ടികളെ കേന്ദ്രമാക്കിയുള്ളതായിരിക്കും. കുട്ടികളെ കേന്ദ്രമാക്കിയുള്ള ഈ സിനിമകളും എഴുത്തുകളും അത്ര കുട്ടിത്തം നിറഞ്ഞതായിരിക്കില്ല. ഇത്തരം സൃഷ്ടികള്‍ മിക്കപ്പൊഴും സഞ്ചരിക്കുക സാര്‍വ്വലൗകികമായ ഒരു വഴിയിലൂടെയായിരിക്കും. അങ്ങനെ അത് ഒരേസമയം ഒരു രാജ്യത്തിന്റെയും ഭാഷയുടെയും സത്ത ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ മറ്റൊരുപാട് നാടുകളുടെയും ഭാഷകളുടെയും അതിരുകള്‍ക്കപ്പുറമായിമാറുകയും ചെയ്യുന്നു. വിരല്‍ത്തുമ്പില്‍നിന്ന് കുട്ടിത്തം കൈവിടാനൊരുങ്ങാത്ത ഒരാള്‍ക്കായിരിക്കും ഇത്തരമൊരു മെനഞ്ഞെടുക്കലിന് മനസ്സൊരുക്കം നടത്താനാകുക.
'101 ചോദ്യങ്ങള്‍' എന്ന സിനിമയിലൂടെ ഈ കുട്ടിത്തത്തിന്റെ വലുപ്പം തെളിയിച്ച സിദ്ധാര്‍ഥ് ശിവയ്ക്ക് 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന തന്റെ പുതിയ സിനിമയിലൂടെ കുട്ടികളെ വീണ്ടും ദൈവജ്ഞരായി കാണാനാകുന്നു. വലിയ ശരീരം സ്വന്തമായുള്ള സിദ്ധാര്‍ഥിന്റെ മുഖത്തും ശരീരഭാഷയിലും കുട്ടിത്തവും നിഷ്‌കളങ്കതയും മാറാതെ നില്‍ക്കുന്നത് ഓര്‍ക്കുക. അദ്ദേഹത്തിന്റെ അഭിനയത്തിലെ ഈ ലാളിത്യവും നിഷ്‌കളങ്കതയും നമുക്കിഷ്ടമാകും. സിദ്ധാര്‍ഥിന്റെ എഴുത്തിലും അത് നഷ്ടമാകുന്നില്ല. 101 ചോദ്യങ്ങള്‍, സഹീര്‍, ഐന്‍ എന്നീ സിനിമകളിലെല്ലാം ഈയൊരു ലാളിത്യവും നന്മയുമുണ്ട്.
തീവ്രമായ ഒരു ആഗ്രഹത്തിനു പിറകെ പോകുന്നയാള്‍ക്കൊപ്പം പ്രകൃതി കൂടിയുണ്ടാകുമെന്ന പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലിലെ വാചകമാണ് 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന സിനിമയൊരുക്കാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് പ്രചോദനമായത്. അപ്പുവെന്ന കുട്ടിയില്‍ എങ്ങനെയോ വന്നുകുടിയേറിപ്പാര്‍ത്ത ഒരു ആഗ്രഹത്തിനു പിറകെയുള്ള യാത്രയാണീ സിനിമ. ഈ ആഗ്രഹം സഫലമാക്കാന്‍ നാടും നാട്ടുകാരുമൊക്കെ അപ്പുവിനൊപ്പം നില്‍ക്കുന്നു. അപ്പുവിന്റെ ആഗ്രഹസാഫല്യത്തിനുപിറകെ യാത്രചെയ്യാന്‍ കാണികളെയും പ്രേരിപ്പിക്കുന്നിടത്താണ് കുട്ടിയുടെ സിനിമ വലിയവരുടെയും കൂടിയാകുന്നത്.

ലോകസിനിമയില്‍ സംഭവിച്ച ക്ലാസിക്കുകളില്‍ പലതിലും ഇത്തരമൊരു ചെറിയ ആഗ്രഹത്തിനുപിറകെ സഞ്ചരിക്കുന്ന ഒരു കുട്ടിയെ കാണാം. അത് ഭംഗിയുള്ളൊരു ചെരിപ്പിനായോ, അലങ്കാരമത്സ്യത്തിനായോ, കളിപ്പാട്ടത്തിനായോ ഒക്കെയുള്ള ആഗ്രഹമാകാം. ഇവിടെ അയ്യപ്പദാസ് എന്ന ഗ്രാമീണനായ അപ്പുവിന്റെ ആഗ്രഹം വിമാനത്തില്‍ കയറണമെന്നുള്ളതാണ്. അപ്പുവിന്റെ ഈ ആഗ്രഹം സിനിമയുടെ തുടക്കത്തിലേ വെളിപ്പെടുത്തുന്നു. ഈ ആഗ്രഹത്തിലേക്ക് എത്തിപ്പെടാനുള്ള അപ്പുവിന്റെ പരിശ്രമങ്ങളാണ് പിന്നീട് കാണുക. അപ്പുവിന്റെ സ്വപ്നം വിരലറ്റത്തെത്തി ഓരോതവണയും നഷ്ടമാകുന്നത് നമ്മുടെക്കൂടി വേദനയാകുന്നു. ഒടുവില്‍ ആ സ്വപ്‌നം ചിറകിലേറി അപ്പുവിനെ തേടിവരുമ്പോള്‍ യാഥാര്‍ഥ്യത്തെ ഏറെ പ്രിയത്തോടെ ഏറ്റുവാങ്ങാന്‍ കാഴ്ചക്കാരനുമാകുന്നു.
നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ് ആണ് അപ്പുവിനെ അവതരിപ്പിക്കുന്നത്. 'അപ്പൂന്് വിമാനത്തില്‍ കേറാന്‍ പറ്റണേ ദേവി' എന്നു പ്രാര്‍ഥിച്ച് താഴേക്കാവില്‍ പൂവച്ച് പ്രാര്‍ഥിക്കുന്ന അമ്പിളിയുടെ വലിയ ആഗ്രഹം അപ്പുവിന്റെ സ്വപ്‌നം തന്നെയാണ്. ചിലരോടുള്ള വലിയ ഇഷ്ടത്തിനുമുന്നില്‍ നമ്മുടെ ആഗ്രഹത്തെ തത്ക്കാലത്തേക്കെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരും. എന്നാല്‍ ജീവിതം അത് മനസ്സിലാക്കി ആഗ്രഹത്തെ നമുക്കരികിലേക്ക് എത്തിച്ചുതരിക തന്നെ ചെയ്യും. അപ്പുവിന്റെയും അമ്പിളിയുടെയും സ്വപ്‌നത്തെയും ഇഷ്ടത്തെയും സിനിമ വിവക്ഷിക്കുന്നത് ഇങ്ങനെയാണ്.

മികച്ചൊരു ചലച്ചിത്രകാരനില്‍ കിട്ടിയില്‍ തേച്ചുമിനുക്കാന്‍ കഴിയാത്ത അഭിനേതാക്കളുണ്ടാകില്ല. കുഞ്ചാക്കോ ബോബന്റെ കാര്യത്തില്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് അത് സാധ്യമാകുന്നു. കൊച്ചൗവയായി മിതത്വമാര്‍ന്ന് ഇത്തവണ കുഞ്ചാക്കോ ബോബനെ സ്‌ക്രീനില്‍ കാണാനായി. ഇത്തരമൊരു സിനിമ നിര്‍മിക്കാന്‍ തയ്യാറായതിലൂടെ നല്ല സിനിമയ്‌ക്കൊപ്പം നില്‍ക്കുകയെന്ന മഹത്തായ കര്‍മനിര്‍വഹണത്തിനും അദ്ദേഹത്തിന് സാധിക്കുന്നു.
അപ്പുവിന്റെ ആഗ്രഹത്തോടൊപ്പം സഞ്ചരിക്കാനായി യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന തരത്തില്‍ അണിയറക്കാര്‍ കണ്ടെത്തിയ നാടും വീടും പ്രകൃതിയുമെല്ലാം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നുണ്ട്. വേറിട്ടു ചിന്തിക്കുന്ന ഇത്തരം പരിശ്രമങ്ങള്‍ ഇടയ്‌ക്കെങ്കിലും സംഭവിക്കുന്നത് മലയാള സിനിമയ്ക്കുണ്ടാക്കുന്ന ഊര്‍ജം വലുതാണ്. ഊതിപ്പെരുപ്പിച്ച വലിയ കഥകളിലല്ല, വലിയ മാനങ്ങളുള്ള ചെറിയ ബീജങ്ങളിലാണ് വന്‍കൊയ്ത്തിനുള്ള മുള പൊട്ടുന്നതെന്ന് സിദ്ധാര്‍ഥ് ശിവയും കൊച്ചൗവ പൗലോയും വീണ്ടുമോര്‍മിപ്പിക്കുന്നു.

സ്ത്രീശബ്ദം, ഒക്ടോബര്‍ 2016

No comments:

Post a Comment