Tuesday, 27 September 2016

ഊഴം
-ജീത്തു ജോസഫിന്റെ ത്രില്ലര്‍ അനുഭവം

'ഒരു ജീത്തു ജോസഫ് ചിത്രം' എന്ന ടൈറ്റില്‍ കാര്‍ഡിനെ അന്വര്‍ഥമാക്കുന്നവിധം 'ഊഴം' പൂര്‍ണമായും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സിനിമയാണ്. നായകന്‍, നായിക, മറ്റ് ഇമേജുകള്‍ എന്നിവയെക്കാളൊക്കെ മുമ്പില്‍ സംവിധായകന്‍ മികച്ചു നില്‍ക്കുമ്പോഴുണ്ടാകുന്ന സിനിമാനുഭവമായിരിക്കും ഊഴം പ്രേക്ഷകന് സമ്മാനിക്കുക. സിനിമയിലെ വഴിത്തിരിവ് ആദ്യ അരമണിക്കൂറിനുള്ളില്‍ സംഭവിക്കുകയും പിന്നീട് അതിന്റെ വഴികളിലേക്ക് കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനെയും സഞ്ചരിപ്പിക്കുന്ന രീതിയാണ് ജീത്തു സ്വീകരിച്ചിട്ടുള്ളത്.
ഉറ്റവരെ വേട്ടയാടിയവരെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്ന പതിവു ത്രില്ലര്‍ സിനിമകളുടെ പശ്ചാത്തലമാണ് ഊഴത്തിനുമുള്ളത്. എന്നാല്‍ അവതരണരീതിയുടെ പ്രത്യേകതയാണ് ഈ സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. ഊഴത്തിലെ നായകന്‍ പ്രതികാരത്തിനായി തെരഞ്ഞെടുക്കുന്ന വഴികളും രീതികളും പുതുമയുള്ളതാണ്. ഇതോടെ തന്റെ ആദ്യസിനിമയായ ഡിറ്റക്ടീവില്‍ തുടങ്ങുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള കഥപറച്ചിലിന് പുതിയ മാനം കൊണ്ടുവരാന്‍ ജീത്തു ജോസഫിനാകുന്നു. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിലും കുടുംബം പശ്ചാത്തലമാകുന്ന ത്രില്ലറുകളാണ് ജീത്തു ഒരുക്കിയിട്ടുള്ളത്. ഈ സിനിമകളെ ഒരിടത്തും ഓര്‍മിപ്പിക്കാതെ മറ്റൊരു ത്രില്ലര്‍ ഒരുക്കാനായി എന്നതില്‍ ജീത്തുവിലെ എഴുത്തുകാരനും സംവിധായകനും അഭിമാനിക്കാം. ത്രില്ലര്‍ എന്ന വിശേഷണം നല്‍കുന്നുവെങ്കിലും റിവഞ്ച് ഡ്രാമ എന്നതായിരിക്കും ഊഴത്തിന് കൂടുതല്‍ ഇണങ്ങുക.

ഇന്റര്‍കട്ട് ഷോട്ടുകളിലൂടെ സിനിമയുടെ പ്രതിപാദ്യ വിഷയത്തിലേക്ക് കാഴ്ചക്കാരന് സൂചനയും ആകാംക്ഷയും നല്‍കിക്കൊണ്ടുള്ള തുടക്കം ഗംഭീരമാണ്. സിനിമയിലുടനീളം ആവര്‍ത്തിക്കുന്ന ഈ പ്രതിപാദനരീതിയാണ് തുടര്‍ന്നും സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്.
മലയാളത്തിലും തമിഴിലുമായി അടുത്തകാലത്ത് നിരവധി സിനിമകളില്‍ പ്രമേയമായിട്ടുള്ള മരുന്നുകമ്പനികളുടെ പരീക്ഷണങ്ങളും സ്വകാര്യ ആശുപത്രികള്‍ വഴി മനുഷ്യരെ അതിനിരയാക്കുന്നതും ആശുപത്രികളും മരുന്നുകമ്പനികളും പണം സമ്പാദിച്ച് കൊഴുക്കുന്നതും ഊഴത്തിലും പ്രമേയമാകുന്നുണ്ട്. ഈ കേന്ദ്രപ്രമേയത്തെ സ്പര്‍ശിച്ചുമാത്രം കടന്നുപോയി അതുമായി ബന്ധപ്പെട്ട മറ്റൊരു വഴിയിലേക്കാണ് ഊഴം സഞ്ചരിക്കുന്നത്. ഇരയാക്കപ്പെടുന്ന മനുഷ്യരോട് നീതിന്യായവ്യവസ്ഥ എത്ര ക്രൂരമായും ഉത്തവാദിത്തമില്ലാതെയുമാണ് പെരുമാറുന്നതെന്നും സ്ഥാപിത താത്പര്യങ്ങളെ വിദഗ്ധമായി അത് സംരക്ഷിക്കുന്നുവെന്നും സിനിമ ഓര്‍മിപ്പിക്കുന്നു. ഇവിടത്തെ നടപ്പുവ്യവസ്ഥിതികളില്‍ വിശ്വാസമില്ലാത്തതിനാലാണ് നീതി നടപ്പാക്കാന്‍ താന്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഊഴത്തിലെ നായകന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥ കഥാപാത്രത്തോട് പറയുന്നുമുണ്ട്.
പൃഥ്വിരാജ് എന്ന താരത്തെക്കാളും ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സിനിമയാണ് ഊഴം. തന്റെ കഥയിലെ കണ്‍ട്രോള്‍ഡ് എക്‌സ്‌പ്ലോസീവ് അഥവാ നിയന്ത്രിത സ്‌ഫോടനങ്ങളുടെ വിദഗ്ധനായ സൂര്യ കൃഷ്ണമൂര്‍ത്തി എന്ന പ്രധാന കഥാപാത്രത്തെ സിനിമയ്ക്ക് അനുഗുണമായി ഉപയോഗിക്കുകയാണ് നായക നടനിലൂടെ സംവിധായകന്‍ ചെയ്യുന്നത്. കുറച്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തില്‍ പൃഥ്വിരാജിനുപുറമെ പശുപതി, ജയപ്രകാശ്, ഇര്‍ഷാദ്, നീരജ് മാധവ്, ദിവ്യാ പിള്ള, ടോണി ലൂക്ക് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്.

അഭിനേതാക്കളെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന വേറെയും ഘടകങ്ങള്‍ ഊഴത്തിലുണ്ട്. സിനിമയുടെ സ്വഭാവം ആവശ്യപ്പെടുന്ന പശ്ചാത്തലസംഗീതം പൂര്‍ണമായി കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നതാണ് അതിലൊന്ന്. സംഗീതമൊക്കിയ അനില്‍ ജോണ്‍സണാണ് അതിന്റെ ക്രെഡിറ്റ്. ത്രില്ലര്‍ സിനിമയ്ക്ക് യോജിച്ച എഡിറ്റിങ്ങാണ് മറ്റൊരു ഹീറോ. സിനിമയുടെ സ്വാഭാവിക സഞ്ചാരത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും പിടിച്ചിരുത്തുന്നതിനും എഡിറ്റിങ് ഏറെ ഉപകാരപ്പെടുന്നുണ്ട്. കഥാഗതിയെയും ദൃശ്യങ്ങളെയും കോര്‍ത്തിണക്കാന്‍ ഊഴത്തില്‍ അയ്യൂബ്ഖാന്‍ ഉപയോഗിച്ചിരിക്കുന്ന നവീനസങ്കേതങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തീര്‍ച്ച. സംഭവങ്ങളെ പിറകിലേക്കും മുന്‍പിലേക്കും രസച്ചരട് പൊട്ടാതെയുള്ള ഈ കോര്‍ത്തിണക്കല്‍ തന്നെയാണ് ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഒരു ചിത്രത്തിനു വേണ്ടത്. ഊഴത്തെ ആസ്വാദ്യകരമാക്കുന്നതും മറ്റൊന്നല്ല.


ചിത്രഭൂമി, സെപ്റ്റംബര്‍ 10, 2016

No comments:

Post a Comment