മനം കവര്‍ന്ന് നിറങ്ങളുടെ രാജകുമാരന്‍
നിറങ്ങളുടെ രാജകുമാരന് മലയാള സിനിമ നല്‍കുന്ന അംഗീകാരമാണ് ക്ലിന്റ് എന്ന ഹരികുമാര്‍ ചിത്രം. ഈ സിനിമയോടെ ക്ലിന്റിനെ ലോകം കൂടുതല്‍ അടുത്തറിയും. കൂടുതല്‍ സ്‌നേഹിക്കും. ചെറിയൊരു നോവായി ക്ലിന്റ് കാഴ്ചക്കാരനില്‍ അവശേഷിക്കും.
ബയോഗ്രഫി എന്ന തോന്നല്‍ ഉണ്ടാക്കാതെ പൂര്‍ണമായും പുതിയൊരു സിനിമ കാണുന്ന തരത്തില്‍ ക്ലിന്റ് ആസ്വദിക്കാനാകും. വരകളിലും എഴുത്തുകളിലുമായി ജീവിച്ചിരുന്ന ക്ലിന്റിന് മൂവി ക്യാമറ നല്‍കുന്നത് ഒരു പുതുജന്മമാണ്.
കാഴ്ചക്കാരോട് പൂര്‍ണമായി സംവദിക്കുന്ന തരത്തിലാണ് ഹരികുമാര്‍ ക്ലിന്റ് ഒരുക്കിയിരിക്കുന്നത്. ക്ലിന്റ് ആരായിരുന്നു എന്ന സ്വതന്ത്രാന്വേഷണമാണ് സംവിധായകന്‍ നടത്തുന്നത്. ക്ലിന്റിന്റെ ജീവിതം അടുത്തറിഞ്ഞ് സംവിധായകന്‍ അതിന് പുതിയ മാനം നല്‍കുമ്പോള്‍ ചിത്രത്തെ ബയോഗ്രഫി എന്ന തരത്തില്‍ ഒതുക്കിനിര്‍ത്താനാവില്ല. സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ബയോഗ്രഫി സിനിമകള്‍ നല്‍കിയ പുതുമയും ജനപ്രിയതയും ക്ലിന്റിനും നിലനിര്‍ത്താനാകുന്നുണ്ട്.
ക്ലിന്റിന്റെ ജീവിതത്തിലെ അവസാനത്തെ ഒന്നര വര്‍ഷക്കാലമാണ് സിനിമയില്‍ കടന്നുവരുന്നത്. ആറുമാസം പ്രായമുള്ളപ്പോള്‍ ആദ്യമായി കമിഴ്ന്നുകിടന്ന സമയത്ത് കരിക്കട്ട കൊണ്ട് ഒരു പൂര്‍ണവൃത്തം നിലത്തു വരച്ചുകൊണ്ടായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ് ചിത്രങ്ങളുടെ ലോകത്തേക്കുവന്നത്. പിന്നീട് ജീവിച്ച ഏഴുവര്‍ഷത്തില്‍ ആ ബാലന്‍ വരകൊണ്ടും വാക്കുകൊണ്ടും ലോകത്തിന് അത്ഭുതമായി മാറി. 1976 മെയ് 19നാണ് എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായി എറണാകുളത്ത് ക്ലിന്റ് ജനിച്ചത്. ചുറ്റുപാടില്‍നിന്ന് കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങളെല്ലാം അവന്‍ വരച്ചു. പുതിയ കഥകള്‍ കേള്‍ക്കാനും കാഴ്ചകള്‍ കാണാനും എന്നും അവനില്‍ കൗതുകമുണ്ടായിരുന്നു. ചെറിയ വിരലുകളിലെ വലിയ വരകള്‍ പെട്ടെന്നുതന്നെ ലോകം തിരിച്ചറിഞ്ഞു. അംഗീകാരങ്ങളുടെ ലോകത്തുനിന്ന് വെറും 2541 ദിവസം മാത്രം ജീവിച്ച് 25000ലേറെ ചിത്രങ്ങള്‍ വരച്ച് 1983 ഏപ്രില്‍ 15ന് ക്ലിന്റ് യാത്രപറഞ്ഞു. 'ഈ ലോകത്ത് എന്തുമാത്രം നിറങ്ങളാ, ഇവിടെനിന്നുപോയാല്‍ ഇതൊന്നും കാണാനാവില്ലല്ലോ എന്നോര്‍ക്കുമ്പോഴാ..' എന്ന് ക്ലിന്റ് അമ്മയോട് സങ്കടപ്പെടുന്നുണ്ട്.
ചുരുങ്ങിയ ജീവിതകാലം കൊണ്ട് അത്ഭുതം തീര്‍ത്ത ക്ലിന്റെന്ന പ്രതിഭയുടെ ജീവിതം എക്കാലത്തേക്കുമുള്ള ഒരു പാഠപുസ്തകമാണ്. ആ പുസ്തകത്തിലേക്കു സഞ്ചരിക്കാനുള്ള അവസരമാണ് ഹരികുമാര്‍ നല്‍കുന്നത്. വരകളിലൂടെയും എഴുത്തിലൂടെയും മാത്രമറിഞ്ഞ ക്ലിന്റിന്റെ ജീവിതം സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയിലൂടെ ഇനിയാണ് ലോകം കൂടുതല്‍ അറിയാന്‍ പോകുന്നതെന്ന് നിസ്സംശയം പറയാം. ഹരികുമാറും കെ.വി.മോഹന്‍കുമാറും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുള്ളത്. ക്ലിന്റിന്റെ ജീവിതത്തിലെ കൗതുകങ്ങളും കുസൃതികളും എഴുത്തില്‍ കൗശലപൂര്‍വം കൊണ്ടുവരാന്‍ ഇവര്‍ക്കായി.
മധു അമ്പാട്ടിന്റെ ക്യാമറ സിനിമയ്ക്കു നല്‍കുന്ന മിഴിവ് വലുതാണ്. ഒരു ചിത്രകാരന്റെ ജീവിതം പശ്ചാത്തലമാകുന്ന സിനിമയുടെ ഫ്രെയിമുകള്‍ ഒരു മികച്ച ഛായാഗ്രാഹകനുമാത്രം കഴിയാവുന്ന കാഴ്ചയിലൂടെ പ്രേക്ഷകനു പകര്‍ന്നുനല്‍കാന്‍ അമ്പാട്ടിനാകുന്നുണ്ട്. പ്രഭാവര്‍മയുടെ വരികളും ഇളയരാജയുടെ സംഗീതവും മികച്ചതായി.
അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും സിനിമ മികച്ചുനില്‍ക്കുന്നു. ഇതില്‍ ഏറ്റവും ഗംഭീരമെന്ന് പറയാവുന്നത് ക്ലിന്റിനെ അവതരിപ്പിച്ച മാസ്റ്റര്‍ അലോക് തന്നെയാണ്. അസാധ്യമായ മികവോടെ ക്ലിന്റിനെ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ആവാഹിച്ച അലോക് ഭാവിയുടെ മുതല്‍ക്കൂട്ടാണ്. ഒരു സാധാരണ കുട്ടിയല്ലാതിരുന്ന ക്ലിന്റിനെ അവതരിപ്പിച്ചു ഫലിപ്പിക്കുകയെന്ന വെല്ലുവിളി സ്വാഭാവികമായ അഭിനയമികവുകൊണ്ടാണ് അലോക് മറികടക്കുന്നത്.
ക്ലിന്റിന്റെ അച്ഛന്റെയും അമ്മയുടെയും വേഷങ്ങളവതരിപ്പിച്ച ഉണ്ണി മുകുന്ദന്റെയും റീമാ കല്ലിങ്ങലിന്റെയും പ്രകടനമികവും എടുത്തുപറയണം. സ്ഥിരം അഭിനയിക്കുന്ന വേഷങ്ങളെക്കാള്‍ പ്രായത്തിലും പ്രകടനത്തിലും മിതത്വം പാലിക്കേണ്ട കഥാപാത്രങ്ങള്‍ ഇരുവരുടെയും കൈകളില്‍ സുരക്ഷിതമായിരുന്നു. വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സലിംകുമാര്‍, കെ.പി.എ.സി.ലളിത തുടങ്ങി മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണംചെയ്യുന്നുണ്ട്.
ചിത്രഭൂമി, 2017 ആഗസ്റ്റ് 12
No comments:
Post a Comment