Wednesday, 23 August 2017


കവിതയിലെ ക്ഷുഭിതയൗവനത്തിന് 60 വയസ്

ചുള്ളിക്കാടും എന്നിലെ ആരാധകനും

പത്തൊന്‍പത്-ഇരുപത് വയസ്സുള്ളപ്പോള്‍ കവിതയെഴുത്തും വായനയും തലയ്ക്കുപിടിച്ച പട്ടാമ്പി കോളേജിലെ ഡിഗ്രി പഠനകാലത്താണ് കോളേജ് ലൈബ്രറിയില്‍നിന്ന് ആ പുസ്തകം എന്റെ കൈയ്യിലെത്തുന്നത്. ചിദംബരസ്മരണ! എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. അന്നുവരെ കേട്ടുപരിചയിച്ച കവിയുടെ ജീവിതം പുസ്തകത്തിലൂടെ വായിച്ചറിയുന്നു. കവി വീടുവിട്ടിറങ്ങുന്നതും അലയുന്നതും ചെന്നെത്തുന്നിടം വാസവും കിട്ടുന്നത് ഭക്ഷണവുമെന്ന പതിവും അതിന്റെ സ്വാഭാവിക പരിണതിയെന്നോണം ഉരുത്തിരിയുന്ന കവിതകളും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതവും തീക്ഷ്ണതയുമറിഞ്ഞ് ഒരെഴുത്തുകാരനോട് ആദ്യാരാധന തോന്നുന്നു.
അതില്‍പ്പിന്നെ കോളേജിലെയും നാട്ടിലെയും ലൈബ്രറികളില്‍ തേടിയതും വായന ശീലമാക്കിയ അടുപ്പക്കാരോട് അന്വേഷിച്ചതുമെല്ലാം ചുള്ളിക്കാടിന്റെ കവിതകളായിരുന്നു. അങ്ങനെ 18 കവിതകളും ഗസലും അമാവാസിയും മാനസാന്തരവുമെല്ലാം കൈയ്യില്‍ത്തടഞ്ഞു. അതുകൊണ്ടൊന്നും മതിയായില്ല. ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കവിതകളുടെ സമ്പൂര്‍ണസമാഹാരം പട്ടാമ്പി കോളേജിലെ എച്ച്.കെ.സന്തോഷ് സാറില്‍നിന്ന് വായിക്കാന്‍ കിട്ടിയപ്പോള്‍ സ്വന്തം കണ്ണിലുണ്ടായ തിളക്കം അതു കാണാതെ തന്നെ എനിക്കറിയാനായി. ഒരു രാത്രിയും പിറ്റേന്നു പകലും പുസ്തകം കൈയ്യിലുണ്ടായിരുന്നു. അതിലെ എഴുപത്തൊമ്പത് കവിതകളും ആമുഖക്കുറിപ്പുമെല്ലാം പലയാവര്‍ത്തി വായിച്ചു. അടുപ്പം തോന്നിയ വരികളെല്ലാം എഴുതിവച്ചു. പല കവിതകളും കാണാപ്പാഠമാക്കി.

ആയിടയ്ക്കാണ് എന്നിലെ കവി മരിച്ചുവെന്നും ഞാന്‍ ഇനി കവിതയെഴുതുന്നില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രഖ്യാപിച്ചത്. ചുള്ളിക്കാടിന്റെ കവറോടുകൂടി കവിത നിലച്ച വാചകവുമെഴുതി അന്നത്തെ ആനുകാലികങ്ങള്‍ പുറത്തിറങ്ങി. എന്തേ കവി ഇനിയുമെഴുതാത്തതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. പിന്നെ ആലോചിച്ചപ്പോള്‍ മനസ്സിലായി. എന്തിന് കൂടുതല്‍ എഴുതുന്നു! എന്നെന്നേക്കുമുള്ളതാണ് കവി നാലഞ്ച് പുസ്തകങ്ങളിലായി എഴുതിവച്ചിട്ടുള്ളത്. അതെ, അതുമതി. അതിനു മരണമില്ല. കവിതകളുടെ തുടര്‍വായനകളില്‍ കൂടുതല്‍ ആഴവും പരപ്പും കണ്ടെത്തി ചങ്ങമ്പുഴയ്ക്കുശേഷം മലയാളം ഏറ്റവുമധികം ആഘോഷിച്ച കവിയെ എന്റെ കലാലയകാലത്തില്‍ ഞാനുമെന്റെ സഹവായനാതത്പരരും വീണ്ടുമാഘോഷിച്ചു.

'ആദ്യാനുരാഗ പരവശനായി ഞാന്‍/
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍/
ചുറ്റുമിരിക്കും സഖികളെ കാണിച്ചു/
പൊട്ടിച്ചിരിച്ചു രസിച്ച പെണ്‍കുട്ടിയെ'/
-ഓര്‍മകളുടെ ഓണം എന്ന കവിതയിലെ ഈ വരികളാണ് ഞാനും അന്നത്തെയും എന്നത്തെയുമെന്റെ പ്രിയ കൂട്ടുകാരന്‍ കെ.സി.വിപിനും ചേര്‍ന്ന് ആദ്യം മുഖാമുഖമിരുന്നു ചൊല്ലിയത്. പിന്നെ ആനന്ദധാരയും, എവിടെ ജോണും, സന്ദര്‍ശനവും, പിറക്കാത്ത മകനും, സഹശയനവും, താതവാക്യവും, പലതരം കവികളും, അമാവാസിയുമെല്ലാം മലയാള വിഭാഗത്തിലെ ഇടനാഴികളിലും കലാലയമുറ്റത്തെ മരച്ചുവടുകളിലും ഒരുമിച്ചിരുന്നുള്ള ബസ് യാത്രകളിലും നിളയുടെ രാത്രിനിലാമണലിലും ഞങ്ങള്‍ക്കൊപ്പം കൂടി. കവിതയെഴുതുകയും കവിയാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ക്കുമുന്നില്‍ ചുള്ളിക്കാട് വല്ലാത്തൊരുയര്‍ച്ചയിലങ്ങനെ ബിംബമായി നിലകൊണ്ടു.

വീട്ടില്‍നിന്ന് തനിച്ചുള്ള സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട് ആലുവയിലെയും ഇടപ്പള്ളിയിലെയും പറവൂരിലെയും എറണാകുളത്തെയും തെരുവുകളിലൂടെ നടക്കാന്‍ അവസരം കിട്ടിയപ്പോള്‍ ചുള്ളിക്കാടിനെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം നടന്ന തെരുവുകളിലൂടെയാണല്ലോ നടക്കുന്നതെന്നോര്‍ത്ത് അന്നത്തെ ഞാന്‍ അഭിമാനം കൊണ്ടു. അതെല്ലാം ഡയറിയില്‍ കുറിച്ചിട്ട് ആവര്‍ത്തിച്ചെടുത്തുവായിക്കുന്നത് ഇഷ്ടപ്രവൃത്തിയായി കണ്ടുപോന്നു.
കഴിഞ്ഞ നാല്‍പ്പതാണ്ടിനിടെ മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ യൗവനാരംഭത്തിലുള്ള ഏതൊരാളും ചുള്ളിക്കാടിന്റെ കവിതയിലെ സമ്പന്ന ബിംബാവലിയിലൂടെയും തീക്ഷ്ണ പദസ്വീകരണങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഉരുകിയൊലിച്ച ലാവപോലെ പൊള്ളുന്ന ആ ഭാഷയില്‍ കൈ നനയാതെ ഒരാള്‍ അക്ഷരമെഴുതുന്നതെങ്ങനെ! ഇന്നും കലാലയത്തിലെ ഒരു തുടക്കക്കാരന്‍ കവി ചുള്ളിക്കാടിനെ വായിച്ച് ഉള്‍ത്തീക്ഷ്ണത അനുഭവിക്കുന്നുണ്ടാകണം. ചുള്ളിക്കാടിന്റെ കവിതയിലെ ഈ യുവത്വം കാരണമായിരിക്കണം കവിയുടെ പ്രായം അറുപതിലെത്തിയിട്ടും നമുക്കത് ഉള്‍ക്കൊള്ളാനാകാത്തത്. പതിനെട്ടുമുതല്‍ മുപ്പതു വയസ്സുവരെയുള്ള പ്രായത്തിലാണ് ചുള്ളിക്കാട് ഏറ്റവുമധികം കവിതകളെഴുതിയത്. അതിനുശേഷം എഴുത്തു കുറയുകയും പിന്നീട് ദീര്‍ഘകാലം എഴുതാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ അത്യപൂര്‍വമായി ആനുകാലികങ്ങളില്‍ വരുന്ന ചുള്ളിക്കാടിന്റെ കവിതകളില്‍പോലും മുപ്പതാണ്ടുമുമ്പ് ഉപയോഗിച്ച, അദ്ദേഹത്തിനുമാത്രം സാധ്യമാകുന്ന ബിംബകല്‍പനകളും വാക്പ്രയോഗങ്ങളും കടന്നുവരുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. എഴുതാതിരിക്കുമ്പോഴും അദ്ദേഹത്തിന്റെയുള്ളിലെ തിരയനക്കം പിന്‍വലിഞ്ഞിട്ടുണ്ടാകില്ല. മണല്‍ത്തരിയിലുറങ്ങുന്ന കടല്‍പോലെ ആവാഹിച്ചുവച്ചിട്ടുള്ള കവിതയുടെ മുഴക്കം തന്നെയാണ് ഇടയ്ക്കിടെ കവിയില്‍ നിന്നുണ്ടാകുന്നത്.

കലാലയം വിട്ട് മലയാള അധ്യാപകനായപ്പൊഴും ചുള്ളിക്കാട് പിടിവിട്ടിരുന്നില്ല. അന്നു സിലബസില്‍ അമൃതവും മനുഷ്യന്റെ കൈകളും പഠിപ്പിക്കാന്‍ കിട്ടിയപ്പോള്‍ നേരത്തെ ലൈബ്രറിയില്‍നിന്ന് ചുള്ളിക്കാടിന്റെ പുസ്തകങ്ങള്‍ ആദ്യമായി വായിക്കാന്‍ കൈയ്യില്‍ത്തടഞ്ഞ സന്തോഷം തന്നെ വീണ്ടും അനുഭവിച്ചു. യു.പി. ക്ലാസിലെയും ഹൈസ്‌കൂളിലെയും കുട്ടികള്‍ക്ക് ആവശ്യമില്ലെങ്കില്‍പ്പോലും ചുള്ളിക്കാടിനെപ്പറ്റിയും അദ്ദേഹത്തിന്റെ മറ്റു കവിതകളെയും പറ്റി ഞാന്‍ ക്ലാസില്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവര്‍ അതെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമോ! യാതൊരുറപ്പുമില്ല. എങ്കിലും വലിയൊരു സദസ്സിലെ കേവലം ഒരാളിലെങ്കിലും ഞാന്‍ പ്രതീക്ഷ കാത്തുവയ്ക്കുന്നു.
വായനയുടെ തുടര്‍കാലങ്ങളില്‍ ഇഷ്ടകവിപ്പട്ടികയുടെ മുന്‍പന്തിയില്‍ വൈലോപ്പിള്ളിയും ഇടശ്ശേരിയും ആറ്റൂരും കെ.ജി.എസും സച്ചിദാനന്ദനും ഇടം തേടിയപ്പൊഴും ആദ്യാരാധന തോന്നിയ കവിയോടുള്ള അടുപ്പത്തില്‍ കുറവുണ്ടായില്ല.
കവി നടനാവുകയും വാര്‍പ്പുമാതൃകയില്‍ അഭിനയിച്ച് പരാജയപ്പെടുന്നതും കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ അഭിനയം തനിക്ക് അത്രമേല്‍ വഴങ്ങുന്ന കലയല്ലെന്നും അതു ജീവനോപാധി മാത്രമാണെന്നും ചുള്ളിക്കാട് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തി അദ്ദേഹം ഒന്നുകൂടി പറഞ്ഞിട്ടുണ്ട്; കവിതയെഴുതിയിരുന്ന കാലം കവി ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് ആരും അന്വേഷിച്ചിട്ടില്ല. എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങിയശേഷം തനിക്ക് കൃത്യമായി കൂലി കിട്ടുന്നുണ്ട്. അല്ലലില്ലാതെ ജീവിക്കാന്‍ പറ്റുന്നുണ്ടെന്ന്. അത് ഒരു വലിയ ശരിയും സത്യവുമാണെന്നിരിക്കെ നമ്മുടെ കേവല ആവലാതിക്ക് അവിടെ ഇടമില്ല. എങ്കിലും എനിക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാട് അസാധ്യമായ കവിതകളെഴുതിയ കവിയാണ്; നടനല്ല.

തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഒരു സാഹിത്യ പരിപാടിയുടെ വേദിയിലാണ് ചുള്ളിക്കാടിനെ ആദ്യമായി നേരില്‍ കാണുന്നത്. ആരാധനകൊണ്ട് ഒന്നും മിണ്ടാനാകാതെ സദസ്സിലൊരാളായിത്തന്നെ ഇരുന്നു. കവി പ്രസംഗിക്കാനെത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നു. ആ ശബ്ദം മുഴങ്ങിയപ്പോള്‍ കാതു കൂര്‍പ്പിച്ച് ഒരു വാക്കുപോലും പുറത്തുപോകല്ലേ എന്നുറപ്പിച്ച് ഞാന്‍ അദ്ദേഹത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രസംഗം കഴിഞ്ഞ് പലരും അദ്ദേഹത്തിന്റെ അടുത്തുപോയി സംസാരിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഓട്ടോഗ്രാഫ് വാങ്ങുന്നുണ്ട്. ഞാനതെല്ലാം കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. സാഹിത്യസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്ത സെഷന്‍ കഴിഞ്ഞു. കവി മടങ്ങി. സദസ്സ് പിരിഞ്ഞു. ഞാനുമിറങ്ങി.
പിന്നീട് തിരുവനന്തപുരത്ത് കനകക്കുന്നില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കുറേക്കൂടി അടുത്തുകണ്ടു കവിയെ. അപ്പോഴേക്കും സിനിമയിലൊക്കെ അഭിനയിച്ച് കവി ഒരു നടന്റെ ഗ്ലാമറോടെ കുറേക്കൂടെ ചുവന്നു വെളുത്തിരുന്നു. അദ്ദേഹം മാറിനിന്ന് ഫോണില്‍ സംസാരിക്കുകയാണ്. സംസാരിച്ചുതീരുന്നതുവരെ നോക്കിനിന്നു. ഇത്തവണയും മിണ്ടിയില്ല. പിന്നീട് നാലോ അഞ്ചോ തവണ പല ചടങ്ങുകളിലും അദ്ദേഹത്തെ കണ്ടു. ഇതുവരെയും മിണ്ടിയിട്ടില്ല. അദ്ദേഹത്തെ കാണുമ്പോള്‍ എന്റെ കാലുകള്‍ മുന്നോട്ടു ചലിക്കാത്തതിന്റെ കാരണമെന്താണെന്നാണ് എനിക്കിപ്പൊഴുമറിയാത്തത്.


സ്ത്രീശബ്ദം, സെപ്തംബര്‍ 2017

No comments:

Post a Comment