Monday, 18 September 2017

ആദം ജോണ്‍: എന്തൊരു പുതുമ!

ഉള്ളടക്കത്തിലെ അച്ചടക്കത്തെക്കാള്‍ സാങ്കേതികമികവിന് പ്രാധാന്യം നല്‍കുന്ന ആദം ജോണ്‍ ഗൗരവമുളള സിനിമ കാണാന്‍ താത്പര്യമുള്ള പ്രേക്ഷകര്‍ക്ക് രുചിക്കുന്ന ചിത്രമായിരിക്കും. പൃഥ്വിരാജിനെ നായകനാക്കി ജിനു വി.എബ്രഹാം ഒരുക്കിയ ആദം ജോണിന്റെ കഥാപശ്ചാത്തലം സ്‌കോട്ട്‌ലാന്റാണ്. വിദേശത്ത് ചിത്രീകരിക്കുന്നതിലൂടെ മലയാള സിനിമയുടെ പുതുമയുള്ള 'മേക്കിങ്' പരീക്ഷണം സാധ്യമാക്കാന്‍ ആദം ജോണിനാകുന്നു. സമ്പന്നമായ ഫ്രെയിമുകളും അവതരണമികവും പശ്ചാത്തലസംഗീതവും ചിത്രത്തിന് മികവു നല്‍കുന്നു. ദുര്‍ബലമായ തിരക്കഥയാണ് ആദം ജോണിനെ പിന്നോട്ടടിപ്പിക്കുന്നത്. പ്രത്യേകിച്ച് പറയാനൊന്നുമില്ലാത്ത ചിത്രത്തില്‍ പലതും ഏച്ചുകൂട്ടി പറഞ്ഞിരിക്കുന്നതായിട്ടാണ് പ്രേക്ഷകന് അനുഭവപ്പെടുക. 
മകളെ തട്ടിക്കൊണ്ടുപോകലും മോചനത്തിനായുള്ള അച്ഛന്റെ പരിശ്രമവുമെന്ന നൂറാവര്‍ത്തി പറഞ്ഞുപഴകിയ കഥയാണ് ആദം ജോണിനും പറയാനുള്ളത്. ഈയൊരു കഥയില്‍ എങ്ങനെ പുതുമ വരുത്തി അവതരിപ്പിക്കാമെന്നതിലാണ് അല്‍പമെങ്കിലും സാധ്യത അവശേഷിക്കുന്നത്. കഥാപശ്ചാത്തലം സ്‌കോട്ട്‌ലാന്റാണെന്നതും ആഭിചാരകര്‍മങ്ങള്‍ക്കുള്ള ഇരയായിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതെന്നതും മാത്രമാണ് ചിത്രത്തില്‍ പുതുമയായിട്ടുള്ളത്. ഫാമിലി ഡ്രാമയില്‍നിന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്നതും ആഭിചാരകര്‍മങ്ങള്‍ പശ്ചാത്തലമാക്കുന്ന ഈ അവതരണമാണ്. എന്നാല്‍ ഇതിന്റെ വിശദീകരണത്തിനും ചിത്രം തയ്യാറാകുന്നില്ല. 
സ്‌കോട്ട്‌ലാന്റില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലേക്ക് ആകസ്മികമായി എത്തുന്ന ദുരന്തമായി ആറുവയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകുന്നതും അതിനുപിന്നിലെ കണ്ണികളെ തേടുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്ത കുട്ടിയുടെ അച്ഛന്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ അന്വേഷിക്കുകയും കൂട്ടുകാരന്റെ സഹായത്തോടെ പോലീസിനെ വെല്ലുന്ന തരത്തില്‍ അന്വേഷണം നടത്തുകയും സംശയാലുക്കളെ തന്റെ ഒളിവിടത്തിലേക്ക് എത്തിച്ച് ചോദ്യംചെയ്യുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍നിന്ന് സ്‌കോട്ട്‌ലാന്റില്‍ ആദ്യമായെത്തുന്ന തോട്ടമുടമയായ ഒരു സാധാരണ മലയാളി ചെറുപ്പക്കാരന്‍ അവിടെ ചിരപരിചിതനെന്ന പോലെ പെരുമാറുകയും പ്രതിനായകര്‍ക്കെതിരെ വിധി തീരുമാനിക്കുകയും നടപ്പിലാക്കുകയും അന്തിമവിജയം നേടുകയും ചെയ്യുന്നത് തീര്‍ത്തും അസ്വാഭാവികമായി തോന്നും.
മകളെ തട്ടിക്കൊണ്ടുപോയതാരെന്ന് കണ്ടെത്താന്‍ അന്വേഷണവുമായി നീങ്ങുന്ന സാധാരണക്കാരായ അച്ഛന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എന്നാല്‍ അത്ര സാധാരണക്കാരനാവാന്‍ കഴിയാത്ത പൃഥ്വിരാജിന്റെ ശരീരഭാഷയില്‍ ഇത്ര ലളിതമായ ഒരു വേഷം ഒതുങ്ങിനില്‍ക്കുന്നില്ലെന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ കഥാപരിസരം ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും നായകന്റെ വേഷത്തിലും വാഹനങ്ങളിലും കൊണ്ടുവരുന്ന വൈവിധ്യം ആരാധകര്‍ക്കുവേണ്ടിയാണെന്നു തീര്‍ച്ച. വിപണിയുടെ ഹരമായ ബൈക്കുകളും കാറുകളും നായകന്‍ ചിത്രത്തില്‍ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാം നേരത്തെ തിരക്കഥയെഴുതി പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജിലും സമാനമായ രീതി ഉപയോഗിച്ചിട്ടുണ്ടെന്നു കാണാം.  
ആദം ജോണിനെ ഒരു 'ബ്ലാക്കിഷ് മൂവി' എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാകും. ചിത്രത്തിന്റെ ഭൂരിഭാഗം പങ്കും ഇരുണ്ട പശ്ചാത്തലത്തിലും നിഗൂഢത സൂക്ഷിക്കുന്നതുമാണ്. എന്നാല്‍ പ്രമേയത്തില്‍ അത്രമാത്രം സസ്‌പെന്‍സ് ഒളിപ്പിച്ചുവയ്ക്കുന്നുമില്ല. ആദ്യപകുതിയില്‍ത്തന്നെ കഥാഗതിയെപ്പറ്റി പ്രേക്ഷകന് നല്ല ധാരണ ലഭിക്കുന്നുണ്ട്. പിന്നീട് നായകന്‍ പ്രതിനായകരിലേക്ക് എത്തുന്ന വഴികളെക്കുറിച്ചു മാത്രമാണ് ആകാംക്ഷയുള്ളത്. ഇതാകട്ടെ അത്ര പിരിമുറുക്കം നിറഞ്ഞതുമല്ല. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പതിവു അതിമാനുഷിക നായക കഥാപാത്രങ്ങളെപ്പോലെത്തന്നെ വില്ലന്മാരെ കീഴടക്കുന്ന നായകന്‍ തന്നെയാണ് ആദം ജോണും. 
സിനിമ യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുകയും പ്രേക്ഷകര്‍ അത് സ്വീകരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് മലയാളത്തില്‍നിന്ന് ഇത്തരം സിനിമകളുമുണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആദം ജോണ്‍ പോലുള്ള സിനിമകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതിനെക്കാള്‍ ആശങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയേണ്ടിവരും. 

ചിത്രഭൂമി, സെപ്റ്റംബര്‍ 2, 2017

No comments:

Post a Comment