Monday, 2 April 2018

ആഴത്തിൽ വേരുകളാഴ്ത്തിയ പച്ചിലക്കാട്

മണ്ണിൽ ആഴത്തിൽ വേരുകളാഴ്ത്തി ആകാശത്തേക്ക് പടർന്നുപന്തലിച്ച ശിഖരങ്ങളുള്ള പച്ചിലക്കാടായിരുന്നു എം.സുകുമാരൻ. സ്വന്തം ആകാശച്ചോട്ടിലിരുന്ന് ലോകത്തെ കണ്ടു. മണ്ണിൽ കാലുറപ്പിച്ച് സാധാരണക്കാരന്റെ ദൈന്യതയും ചിന്തകളും സ്വപ്നങ്ങളും അവരെ ചേർത്തുപിടിച്ചുകൊണ്ട് എഴുതി. ഉടലില്ലാതെ വായുവിൽ സഞ്ചരിക്കുന്ന എഴുത്തുകളാകാൻ ഒരിക്കലും അവയ്ക്കാകുമായിരുന്നില്ല. എത്ര കോരിക്കുടിച്ചാലും തീർന്നുപോകാത്ത ആഴം സൂക്ഷിക്കുന്ന ജലാശയങ്ങളായി അവ നിലകൊള്ളുന്നു.
       മറ്റ് മുതിർന്ന എഴുത്തുകാരെ വച്ചു നോക്കുമ്പോൾ വളരെക്കുറച്ചു മാത്രമേ എം.സുകുമാരൻ എഴുതിയിട്ടുള്ളൂ. എഴുത്തിൽ പതിരില്ലാത്തതുകൊണ്ട് എഴുതിയതൊക്കെയും ഒരുപോലെ വായിക്കപ്പെടുമെന്നതാണ് വ്യത്യാസം. അടിസ്ഥാനവർഗ്ഗ മനുഷ്യജീവിതത്തിന്റെ നിത്യദു:ഖങ്ങളും ജീവിതപ്രതീക്ഷയും പങ്കുവയ്ക്കുന്ന കഥകൾ എല്ലാക്കാലത്തും പ്രസക്തമാണെന്നതിനാൽ മരണശേഷം എം.സുകുമാരന് മറ്റൊരു പുതുവായന സാദ്ധ്യമാകാനിരിക്കുന്നതേയുള്ളൂ.
      ഉള്ളുനീറിക്കഴിയുന്നവരുടെ ഹൃദയത്തുടിപ്പുകളായിരുന്നു എം.സുകുമാരന്റെ കഥകൾ. അടിസ്ഥാനവർഗ്ഗത്തിന്റെയും ഓരം ചേർക്കപ്പെട്ടവരുടെയും ശബ്ദമായി മാറാൻ ആ എഴുത്തിനായി. അനീതിക്ക് ഇരയായവരുടെയും പീഡിതാവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരുടെയും നിസ്സഹായാവസ്ഥ സുകുമാരൻ കഥകളിൽ ആവിഷ്‌കരിച്ചു. മലയാളത്തിന്റെ നവോത്ഥാന തലമുറ എഴുത്തുകാർക്കുശേഷം മനുഷ്യജീവിതത്തിന്റെ പരുഷഭാവങ്ങൾ എഴുത്തിൽ തിരിച്ചുകൊണ്ടുവരുന്നത് സുകുമാരനാണ്. ആധുനികതയും അസ്ഥിത്വദു:ഖവും തിളച്ചുമറിഞ്ഞ 1960കളുടെ പകുതിയോടെയാണ് പ്രമേയത്തിലും രചനാസങ്കേതത്തിലും പൊളിച്ചെഴുത്തുമായി സുകുമാരൻ മലയാള സാഹിത്യത്തിൽ ശക്തമായ സാന്നിദ്ധ്യമറിയിക്കുന്നത്. മലയാളകഥയുടെ പതിവുശീലങ്ങളെത്തന്നെ അദ്ദേഹം ചോദ്യംചെയ്തു. രാഷ്ട്രീയ പ്രസ്താവങ്ങളും സാമൂഹികവിമർശനങ്ങളും എഴുത്തിൽ നിറഞ്ഞുനിന്നു. മാർക്സിയൻ ആശയാഭിമുഖ്യമുള്ള കഥകൾ അധികാര കേന്ദ്രങ്ങളിലെ മാനുഷികവിരുദ്ധമായ പ്രവണതകളെയും കീഴാളജീവിതത്തിന്റെ പ്രതീക്ഷാനിർഭരമായ പുലരികളെയും സ്വപ്നം കാണുന്നവയായിരുന്നു. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും ശേഷക്രിയയും പോലുള്ള നോവലുകളും തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്രഗാഥ, തിത്തുണ്ണി, സംരക്ഷകരുടെ ത്രാസ്, സംഘഗാനം തുടങ്ങിയ കഥകളും ചുവന്ന ചിഹ്നങ്ങളെന്ന സമാഹാരത്തിലെ ചക്കുകാള, മുലഞരമ്പുകൾ, ആശ്രിതരുടെ ആകാശം, ഉദയം കാണാൻ ഉറക്കമൊഴിച്ചവർ പോലുള്ള നോവെല്ലകളും കാലഘട്ടത്തെ നേർരൂപത്തിൽ കടലാസിലേക്ക് പകർത്തിയിട്ടു.
   

           എം.സുകുമാരൻ ഉറച്ച ശബ്ദമായിരുന്നു. ഏറ്റവും നിശബ്ദനായിരുന്നും ഒരാൾക്ക് എത്രയുച്ചത്തിൽ സാന്നിദ്ധ്യമറിയിക്കാനാകുമെന്ന് ആ ജീവിതം ശരിവയ്ക്കുന്നു. എഴുത്തുകാരൻ ചെയ്യേണ്ടത് എഴുത്തെന്ന പ്രവൃത്തിയാണ്. ആരാധനയ്‌ക്കോ മറ്റ് ആഘോഷങ്ങൾക്കോ അതിൽ പ്രസക്തിയില്ല. എഴുത്തു തന്നെയാണ് ആത്യന്തികമായി മുന്നിൽ നിൽക്കേണ്ടത്. എഴുത്തിലെ ആഘോഷങ്ങളിൽനിന്നും സാഹിത്യചർച്ചകളിൽനിന്നും എം.സുകുമാരൻ വിട്ടുനിന്നു. എഴുത്തുകാരനെ വിട്ട് രചനകളെ വായിക്കുക എന്നതായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട്. അഭിമുഖങ്ങൾ കൊടുക്കുന്നതുപോലും കുറവായിരുന്നു. ഫോട്ടോയെടുപ്പുമില്ല. വായനക്കാർ എന്റെ കഥകളും നോവലുകളും വായിക്കട്ടെ, മറ്റ് ആരാധനയിലോ ആഘോഷങ്ങളിലോ കാര്യമില്ല എന്ന് അദ്ദേഹം ആവർത്തിച്ചു.'സാഹിത്യത്തിലെ ഒളിവുജീവിതം' എന്നാണ് പല എഴുത്തുകാരും ഇതിനെ നിർവചിച്ചത്.
         മാദ്ധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാത്ത സുകുമാരൻ 1982ൽ എഴുത്ത് നിർത്തുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും 1992ൽ എഴുത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. രണ്ടുവർഷത്തിനുശേഷം എഴുത്തിന്റെ ലോകത്തുനിന്നും പൊതുജീവിതത്തിൽനിന്നും അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ട പ്രശാന്ത് നഗറിലെ ഫ്ളാറ്റിൽ സൈ്വര്യജീവിതം. അടുപ്പക്കാരും വായനക്കാരും വരുമ്പോൾ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് ചെറുസംസാരം. കൂട്ടായ്മകളിൽനിന്നും ആഘോഷങ്ങളിൽനിന്നും അകന്നുനിൽക്കുമ്പോഴും സാഹിത്യത്തിലെയും സിനിമയിലെയും ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും വരെ ശ്രദ്ധിച്ചിരുന്നു. വർഷങ്ങൾക്കുശേഷം അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഏറ്റവും പുതിയ കഥയെഴുത്തുകാരെയും സാഹിത്യത്തിലെ പ്രവണതകളെയും പുതിയ ചലച്ചിത്ര സംവിധായകരെയും അഭിനേതാക്കളെയും കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുകയുണ്ടായി.
 
   

              1972ൽ ഏജീസ് ഓഫീസിൽ 45 ദിവസം നീണ്ട പെൻഡൗൺ സമരം എം.സുകുമാരന്റെ ജീവിതത്തെ മാറ്റിമറിച്ചു. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരിലും സമരത്തിന്റെ നേതാവ് എന്ന നിലയിലും 1974 ഏപ്രിൽ 22ന് സുകുമാരൻ പിരിച്ചുവിടപ്പെട്ടു. രാജ്യം അടിയന്തരാവസ്ഥയുടെ സർവാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനകളിൽ ഒന്നായി ഈ പുറത്താക്കൽ. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുമ്പോഴും കമ്യൂണിസ്റ്റ് പാർട്ടി ക്ലാവ് പിടിക്കുന്നത് അകക്കണ്ണാലെ അദ്ദേഹം കാണുന്നുണ്ടായിരുന്നു. അങ്ങനെയാണ് ശേഷക്രിയ എഴുതുന്നത്. സുകുമാരന്റെ ആത്മാംശം നിറഞ്ഞ നോവൽ അച്ചടിച്ചുവരുമ്പോൾ പാർട്ടിയുമായുള്ള ബന്ധം ഉലഞ്ഞുതുടങ്ങി.
          വർഷങ്ങൾക്കുശേഷം 'ശേഷക്രിയ' എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ എന്ന് ഒരു അഭിമുഖകാരൻ ചോദിക്കുകയുണ്ടായി. 'ഇന്നുമതിന് പ്രസക്തിയുണ്ട്. അന്നത്തേതിനെക്കാൾ പാർട്ടി ജീർണിച്ചു. അന്ന് പറഞ്ഞ വിമർശനങ്ങൾ ഒക്കെ ഇന്ന് നിലനിൽക്കുന്നു.'എന്നായിരുന്നു സുകുമാരൻ നൽകിയ മറുപടി. ശേഷക്രിയ എഴുതി വിപ്ലവവും മാറ്റവും സ്വപ്നം കണ്ട എം.സുകുമാരന്റെ മേൽ അന്ന് നക്സൽ എന്ന പട്ടം ചാർത്തിക്കൊടുത്തു. ഇന്ന് പാർട്ടിപിന്തുണയില്ലാതെ കേരളത്തിൽ ജനകീയസമരം നടത്തുന്നവരെ വിളിക്കുന്നതും മാവോയിസ്റ്റുകൾ എന്നാണ്. വയലു നഷ്ടപ്പെടാതിരിക്കാൻ കണ്ണൂർ കീഴാറ്റൂരിൽ സമരം ചെയ്യുന്ന കർഷകരുടേത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പ്രത്യയശാസ്ത്രത്തിൽനിന്ന് ഏറെ അകലുകയും നേതാക്കളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധജീവിതം അണികൾക്ക് ബാദ്ധ്യതയാകുകയും ചെയ്യുമ്പോൾ, ത്രിപുരയിൽക്കൂടി ഭരണം നഷ്ടമായി ഇന്ത്യയിൽ ഏകസംസ്ഥാന പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയ പ്രതിസന്ധിഘട്ടത്തിൽ എം.സുകുമാരൻ ശേഷക്രിയയിൽ മുന്നോട്ടുവച്ച കമ്മ്യൂണിസ്റ്റ് ജീർണതയ്ക്ക് പിന്നെയും പ്രസക്തിയേറുകയാണ്. ചരിത്രസത്യത്തെ മൗനം കൊണ്ട് മറച്ചുകളയാൻ സാധിക്കില്ല.
          കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു എം.സുകുമാരന്റെ സ്വപ്നം. ആ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ. പക്ഷേ വിശ്വസിച്ച പാർട്ടി ജീർണതയിലാകുകയും തിരുത്തലും സ്വയംവിമർശനവും ഉൾക്കൊള്ളാൻ തയ്യാറാവാതിരിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പാർട്ടിയിൽ നിന്നും കഥകളിൽ നിന്നും ഉൾവലിഞ്ഞു. പക്ഷേ അപ്പോഴും ഇടതുപക്ഷത്തിനു വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. നിലപാടുകളിൽ ഒരിക്കലും മാറ്റമുണ്ടായില്ല.
     
          എഴുതിയ വർഷങ്ങളെക്കാൾ എഴുതാതിരുന്ന വർഷങ്ങളായിരുന്നു എം.സുകുമാരന് കൂടുതൽ. തനിക്കു മുമ്പുള്ള തലമുറയിൽനിന്നും ശേഷമുള്ള തലമുറയിൽനിന്നും വ്യത്യസ്തനായിരുന്ന ഒരു എഴുത്തുകാരൻ എഴുതാതിരുന്ന വർഷങ്ങളുടെ നഷ്ടം ഭാഷയ്ക്കാണ്. ''എഴുത്തിന് അസ്വസ്ഥതകളേ നൽകാനാകൂ, സ്വസ്ഥത കിട്ടാൻവേണ്ടിയാണ് ഞാൻ എഴുത്തു നിർത്തിയത്''കഥാകാരൻ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.
            മുഖ്യധാരയിലില്ലാത്തവരെ മറന്നുപോകുന്ന കാലം ചില എഴുത്തുകാരോട് കാട്ടുന്ന നീതികേടുണ്ട്. എം.സുകുമാരനോട് ഭൂരിപക്ഷ വായനാസമൂഹം ചെയ്തത് അതാണ്. സുകുമാരനെ മരണത്തിൽ മാത്രം ഓർത്തെടുക്കുകയും എഴുത്തുകൾ അന്വേഷിക്കുകയും ചെയ്യുകയാണിപ്പോൾ. സുകുമാരന്റെ എഴുത്തുകൾ വായിക്കാതെ പോയ ഒരാൾക്ക് വായനശാലയിലെ ഷെൽഫിൽനിന്ന് തിരച്ചിലിൽ അത്രകണ്ട് കൈമറിഞ്ഞ് മുഷിച്ചിൽ പറ്റിയിട്ടില്ലാത്ത അത് കൈയിൽ തടയുമ്പോൾ തിരിച്ചെത്തുക ഒരു കാലഘട്ടമായിരിക്കും. പിന്നീട് ആ പുസ്തകം തിരികെവയ്ക്കുന്നത് അത്ര എളുപ്പമാകില്ല.
        'ഇവിടെ സമത്വത്തിന്റെ വസന്തം വിടരുമെന്നും ജനതയുടെ ശത്രുവായ ഭരണകൂടം മങ്ങിമങ്ങി ഇല്ലാതാവുമെന്നും ഞാൻ ആത്മാർത്ഥമായി ആശിച്ച നാളുകൾ. ആ പഴയ കാലം എനിക്കു നഷ്ടപ്പെട്ടുവെങ്കിലും ആ പഴയ ചിന്ത ഇന്നും എന്നിൽ ആഴം തേടുന്നു. പാറയിൽ കുത്തിത്തുളച്ചതിനാൽ വേരുകളുടെ മുന ഒടിഞ്ഞിട്ടുണ്ടാവുമോ? ഞാൻ സമാശ്വസിച്ചു. പഴയതിന്റെ മുന ഒടിയുമ്പോൾ പുതിയവ കൂർത്തുവരും. ഉണങ്ങിവരണ്ട ഉദരങ്ങളെച്ചൊല്ലി ഞാനിന്നും വിഹ്വലസ്വപ്നങ്ങൾ കാണുന്നു. കാലവും സാഹചര്യവും എന്നെ എന്തിൽനിന്നെല്ലാമോ അകറ്റി. പക്ഷേ, ഞാനിപ്പോഴും ആ വസന്തഗർജ്ജനത്തിനായി ചെവിയോർത്തിരിക്കയാണ്. പുഷ്പങ്ങളിൽനിന്നും വെടിമരുന്നിന്റെ ഗന്ധം പരക്കും. കുയിലുകൾ രാപകൽ ഭേദമെന്യേ സൗഹൃദഗീതങ്ങൾ പാടും. വന്യമൃഗങ്ങൾക്ക് ചുണ്ടെലിയുടെ നേർത്ത ശബ്ദംപോലും പുറപ്പെടുവിക്കാൻ കഴിയാതെ വരും അന്ന്.' (ചക്കുകാള)

വാരാന്ത്യകൗമുദി, 2018 ഏപ്രിൽ 1

No comments:

Post a Comment