Saturday, 26 May 2018

പുതുമയില്ലാത്ത കിനാക്കൾ
മലയാളത്തിന്  ഒരു പുതിയ സംവിധായകനെ കൂടി സമ്മാനിച്ചുകൊണ്ടാണ് ഒരായിരം കിനാക്കളാൽ എന്ന ചിത്രം തീയേറ്ററിലെത്തിയിട്ടുള്ളത്. അരങ്ങേറ്റത്തിൽ അത്രകണ്ട് പ്രേക്ഷകനെ കൈയിലെടുക്കാൻ സാധിക്കാതെ പോയ  പ്രമോദ് മോഹന്റെ ചിത്രത്തിന് പുതുമയില്ലാത്ത പ്രമേയവും അവതരണ ശൈലിയുമാണ് തിരിച്ചടിയാകുന്നത്. ബിജു മേനോന്റെ മിനിമം ഗാരന്റി പോലും ചിത്രത്തെ എത്രകണ്ട് രക്ഷപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. വെറുതെ കണ്ട് കളയാനുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഒരായിരം കിനാക്കളുടെ സ്ഥാനം.              
           ഇംഗ്ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി ബിസിനസ് തുടങ്ങാനും ജീവിതം പച്ച പിടിപ്പിക്കാനുമുള്ള ശ്രീറാം എന്ന കുടുംബനാഥന്റെ പരിശ്രമങ്ങളെ ചുറ്റിപ്പറ്റിയാണ് ഒരായിരം കിനാക്കളുടെ കഥ മുന്നോട്ടു നീങ്ങുന്നത്. കൈയിലുള്ള പണം തീരുന്നതോടെ അയാൾ സുഹൃത്തുക്കളുടെ പ്രേരണയോടെ പണം സമ്പാദിക്കാനുള്ള മാർഗം തേടുന്നു. ഇത് ഒരിക്കലും ആഗ്രഹിക്കാത്ത വഴികളലേക്ക് അയാളെ എത്തിക്കുകയും ഈ കുരുക്കിൽ നിന്ന് പുറത്തുചാടാനുള്ള ശ്രീറാമിന്റെയും സുഹൃത്തുക്കളുടെയും ശ്രമങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. നൂറുവട്ടം പറഞ്ഞുകഴിഞ്ഞ ഒരു ഇതിവൃത്തം കൈക്കൊണ്ട സിനിമ പുതുമയില്ലാത്ത നറേഷനും പാത്രസൃഷ്ടികളും കാരണം പ്രേക്ഷകനിൽ മടുപ്പുളവാക്കുന്നു. എന്താണ് ഇനി സംഭവിക്കുകയെന്ന കാര്യത്തിൽ കണ്ടിരിക്കുന്നവർക്ക് വ്യക്തമായ ധാരണ കിട്ടിയതിനു ശേഷവും യാതൊരുവിധ ട്വിസ്റ്റനോ സസ്‌പെൻസനോ ശ്രമിക്കുകയോ അതല്ലെങ്കിൽ ആഖ്യാനത്തിലെ മികവുകൊണ്ട് പ്രേക്ഷകനെ കൈയിലെടുക്കാനോ സിനിമയ്ക്കാവുന്നില്ല. എന്തെങ്കിലും വേറിട്ടത് ഈ കഥയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക്  സമ്പൂർണ്ണ നിരാശ തന്നെയായിരിക്കും ഫലം.
         
      ബിജുമേനോൻ പതിവുപോലെ തന്റെ കഥാപാത്രത്തിൽ മികവ്  പുലർത്തിയെങ്കിലും കൂടുതലൊന്നും ചെയ്യാനില്ലാത്തതു കൊണ്ടുതന്നെ പ്രകടനം കാണികളുടെ ഓർമ്മയിൽ നിൽക്കില്ല. മറ്റു കഥാപാത്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സായികുമാറിനെയും സുരേഷ് കൃഷ്ണയെയും പോലുള്ള മികച്ച താരങ്ങളോട് നീതിപുലർത്തുന്ന വേഷം വച്ചുനീട്ടാൻ അണിയറക്കാർക്കായില്ല. തമിഴ് നടി സാക്ഷി അഗർവാളാണ് നായികാ വേഷത്തിൽ. ബിജുമേനോന്റെ ഭാര്യാവേഷത്തിലാണ് സാക്ഷി. സാക്ഷിയുടെ മലയാളത്തിലെ അരങ്ങേറ്റത്തിൽ ഓർത്തുവയ്ക്കാവുന്ന ഒന്നും തന്നെ ഒരായിരം കിനാക്കളുടെ തിരക്കഥ നൽകിയില്ല. കലാഭവൻ ഷാജോണിന്റെ പൊലിസ് കഥാപാത്രം ഇത്തരമൊരു ദുർബലതയ്ക്കിടയിലും മികവു കാട്ടിയെന്നത്  ആ നടന്റെ മികവായി തന്നെ വേണം പരിഗണിക്കാൻ. റോഷൻ മാത്യുവും ശാരു വർഗീസും നിർമൽ പാലാഴിയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. കിരൺ വർമ്മയും പ്രമോദ് മോഹനും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ദുർബലമായ തിരക്കഥ സംവിധായകന് മികവു പ്രകടിപ്പിക്കാനുള്ള പഴുതുകളൊന്നും കൊടുക്കുന്നില്ല. കുഞ്ഞുണ്ണി എസ് കുമാറിന്റെ ക്യാമറ ഈ ദുർബലതയിലും മികവുകാട്ടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പാട്ടുകൾക്കോ പശ്ചാത്തല സംഗീതത്തനോ കാണികളെ ആകർഷിക്കാനാകുന്നില്ല.

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 6

No comments:

Post a Comment