ഉത്സവപ്പറമ്പിലെ ആനമയില്‍ ഒട്ടകം കളിയുടെ വലിയ ആരാധകരായിരുന്നു മലയാളികള്‍. ആന മയില്‍ ഒട്ടകം, കുതിര എന്നിവയുടെ ചിത്രം വരച്ച ഒരു തുണി നിലത്തു വിരിക്കും. അതാണ് കളിക്കളം. ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഷ്ടമുള്ള കള്ളിയില്‍ നിശ്ചിത സംഖ്യ വയ്ക്കണം. കളിക്കളത്തില്‍ കാണുന്ന ചിത്രങ്ങള്‍ തന്നെ പ്രത്യേകം കവറുകളിലാക്കി നിരത്തി വച്ചിട്ടുണ്ടാവും. പണം വെച്ചവര്‍ക്ക് നിരത്തിവച്ച കവറുകളില്‍ നിന്ന് ഇഷ്ടമുള്ള കവര്‍ എടുക്കാം. അതിലുള്ള ചിത്രം പണം വച്ച കള്ളിയിലെ ചിത്രമാണെങ്കില്‍ പണം കിട്ടും. അല്ലെങ്കില്‍ വച്ച പണം നഷ്ടപ്പെടും. കവറില്‍ പണം വച്ച കള്ളിയില്‍ നാല് ചിത്രമുണ്ടെങ്കില്‍ നാലിരട്ടിയും, മൂന്നണ്ണമെങ്കില്‍ മൂന്നിരട്ടിയും സംഖ്യ ലഭിക്കും.
ഇതിന്റെ കുറേക്കൂടി പരിഷ്‌കരിച്ച രൂപമെന്ന നിലയില്‍ മധ്യത്തിലെ സൂചിയെ കേന്ദ്രമാക്കി വൃത്താകൃതിയില്‍ കറങ്ങുന്ന ഭാഗ്യപരീക്ഷണ യന്ത്രം പിന്നീട് ഉത്സവപ്പറമ്പുകളില്‍ സജീവമായി. ഇതില്‍ ഭാഗ്യം പരീക്ഷിക്കാനും ഒട്ടേറെപ്പേരുണ്ടായി. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക് വിരാമമിട്ട് പമ്പരസൂചി കറങ്ങി ഭാഗ്യം തേടിയ കളത്തില്‍ വന്നുനില്‍ക്കുമ്പോള്‍ അനുഭവിച്ച ആനന്ദത്തിന് അതിരില്ലായിരുന്നു. ഉത്സവപ്പറമ്പുകളിലെയും ഗ്രാമച്ചന്തകളിലെയും ഇത്തരം ഭാഗ്യപരീക്ഷണ കേളികളുടെ കാലം തൊട്ടേ പണം ഇരട്ടിപ്പിക്കാനുള്ള വാസനയും ആസക്തിയും മലയാളിയിലുണ്ടായിരുന്നു.
ഭാഗ്യക്കുറി വരുന്നു
ആനമയില്‍ ഒട്ടകം കളിയിലും കുലുക്കിക്കുത്തിലും ഭ്രമിച്ചുവശായവരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് ഭാഗ്യപരീക്ഷണത്തിനായി ലോട്ടറി ടിക്കറ്റുകള്‍ വന്നു. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ, നാളത്തെ ഭാഗ്യവാന്‍ നിങ്ങളാകാം, നാളെയാണ്, നാളെയാണ്.. എന്ന് ഉയിര്‍കൊണ്ട കണ്ഠനാദം വളരെപ്പെട്ടെന്ന് മലയാളി ജീവിതത്തിന് സുപരിചിതമായി. ഇന്ത്യയിലെ ലോട്ടറി വില്‍പ്പനയുടെ കേന്ദ്രങ്ങളായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വന്‍കിട വിപണിയെന്ന ഖ്യാതി അധിക കാലതാമസമില്ലാതെ കേരളത്തിന് സ്വന്തമായി. മലയാളികള്‍ക്കിടയില്‍ അത്ര ജനകീയമായിരുന്നു ലോട്ടറി എന്ന പുത്തന്‍ ഭാഗ്യ പരീക്ഷണം.
പഴയ ഒരു രൂപ നോട്ടിന്റെ ആകൃതിയിലായിരുന്നു കേരളത്തിലെ ആദ്യത്തെ ലോട്ടറി ടിക്കറ്റ്. ഇതിനു വിലയും ഒരു രൂപയായിരുന്നു. സമ്മാനത്തുക 50,000 രൂപ. 1967 ലെ കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറിയുടെ ഫലം പുറത്തുവന്നത് പിറ്റേ വര്‍ഷം റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ തുടക്കമിട്ട ഭാഗ്യക്കുറി സംസ്ഥാന ഖജനാവിനു ഗുണം ചെയ്‌തെന്നു മാത്രമല്ല, പുതിയൊരു വിഭാഗം ഭാഗ്യാന്വേഷികളുടെ നിര തന്നെ അതിനു പിന്തുണയായി കേരളത്തില്‍ രൂപം കൊണ്ടു. ഇവരില്‍ ഭൂരിഭാഗവും നേരത്തെ പ്രതിപാദിച്ച ഉത്സവപ്പറമ്പിലെയും ഗ്രാമച്ചന്തയിലെയും ആനമയില്‍ ഒട്ടകം കളിയുടെ ആരാധകര്‍ തന്നെയായിരുന്നു.
ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പനയിലും പ്രചാരത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നോട്ടുപോയതോടെ ഇവിടം രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി വിപണന മാര്‍ക്കറ്റ് ആയി മാറുകയായിരുന്നു. ജീവിതം പച്ചപിടിക്കാനുള്ള വഴികളില്‍ ഒന്നെന്ന നിലയില്‍ ലോട്ടറി ടിക്കറ്റ് എടുത്തു തുടങ്ങിയ ദിവസക്കൂലിക്കാരനു പുറമേ സര്‍ക്കാര്‍ ജീവനക്കാരും സമ്പന്നരുമെല്ലാം ലോട്ടറിയെടുക്കുന്ന ശീലം ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ ലോട്ടറി ടിക്കറ്റിന്റെ വിലയിലും വില്‍പ്പനയിലും സമ്മാനത്തുകയിലും വര്‍ധനവുണ്ടായി. ലോട്ടറി മേഖലയെ ഗൗരവപ്പെട്ട ഒന്നായി പരിഗണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ വന്നു. ലോട്ടറി വില്‍പ്പനയ്ക്കായി കൂടുതല്‍ അംഗീകൃത ഏജന്റുമാരും സ്ഥാപനങ്ങളും ഉണ്ടായി. ഭാഗ്യക്കുറിയുടെ ജനകീയതയോടെ ഭാഗ്യാന്വേഷികളുടേതായ പുതിയൊരു സമൂഹം കുറേക്കൂടി വ്യക്തതയോടെ കേരളത്തില്‍ രൂപപ്പെടുകയായിരുന്നു.
പുത്തന്‍പണക്കാരെ രൂപപ്പെടുത്തിയ പ്രവാസം
എഴുപതുകളുടെ അവസാന പാദത്തോടെ ആരംഭിച്ച ഗള്‍ഫ് ബൂം എന്ന തൊഴിലന്വേഷകരുടെ പ്രവാസ ജീവിതം എണ്‍പതുകളോടെ കേരളീയ സമൂഹത്തില്‍ പ്രബല സാന്നിധ്യമറിയിച്ചു. ഗള്‍ഫ് പ്രവാസം മലയാളിയുടെ സാമ്പത്തികസ്ഥിതിയിലും ദൈനംദിന ജീവിത നിലവാരത്തിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്തി. ഗള്‍ഫ് നാടുകളില്‍ നിന്ന് പണമെത്തിത്തുടങ്ങിയതോടെ കേരളത്തിലെ പാര്‍പ്പിട, ഭൗതിക സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും കാതലായ മാറ്റമുണ്ടായി. ഇതോടെ കൃഷിയും പരമ്പരാഗത തൊഴിലുകളും നഷ്ടപ്പെട്ട് ഉപഭോഗ സംസ്‌കാരത്തിന് പൂര്‍ണമായി അടിപ്പെട്ടുപോകുന്ന വ്യതിയാനവും മലയാളിയിലുണ്ടായി.
കൈയില്‍ പണം ഉള്ള ഒരു വിഭാഗം അതു നിലനിര്‍ത്താനും ഉള്ളത് ഇരട്ടിപ്പിക്കാനും ശ്രമിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ ചുറ്റിലും രൂപമെടുത്ത പുതുപ്പണക്കാരെപ്പോലെ സമ്പന്നരാകാനാണ് ശ്രമിച്ചത്. ഇതിനായി പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചായി അന്വേഷണം. അധ്വാനിക്കാതെ സമ്പന്നനാകാനുള്ള ഈ അന്വേഷണത്വര ഭാഗ്യക്കുറിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. അവര്‍ പുതിയ വഴികള്‍ അന്വേഷിച്ചു. സ്വാഭാവികമായും ഭാഗ്യാന്വേഷികളുടെ ആകാംക്ഷയും നിഷ്‌കളങ്കതയും ആര്‍ത്തിയും ചൂഷണം ചെയ്യുന്ന ചെറുകിട ചിട്ടികളുടെയും പലിശയ്ക്ക് പണം നല്‍കുന്ന സംരംഭങ്ങളുടെയും നിക്ഷേപം ഇരട്ടിപ്പിക്കുമെന്ന അത്യാകര്‍ഷക വാഗ്ദാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന തട്ടിപ്പു സംഘങ്ങളുടെയും രൂപപ്പെടലിലേക്ക് ഇതു നയിച്ചു.
ആഗ്രഹത്തെയും ആര്‍ത്തിയെയും ചൂഷണം ചെയ്ത്
ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലത്തെ ചൂഷണം ചെയ്തുകൊണ്ടാണ് സൂപ്പര്‍ ലോട്ടോകളും കാശ് ഇരട്ടിപ്പിക്കുന്ന മറ്റ് ഭാഗ്യാന്വേഷണ കേളികളും മലയാളി ജീവിതത്തിലേക്ക് കടന്നുവന്നത്. കൂടുതല്‍ കാശ് ഉണ്ടാക്കാനും കൈയിലുള്ള കാശ് ഇരട്ടിപ്പിക്കാന്‍ ആഗ്രഹിച്ചവരുമെല്ലാം ഇത്തരം തട്ടിപ്പുകള്‍ക്കിരയായി. പണം പലിശയ്ക്ക് കടം കൊടുക്കുകയും കൈയിലുള്ള പണം നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ പലിശയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നുമുള്ള ഓഫറുകള്‍ ഭാഗ്യാന്വേഷികള്‍ക്കു മുന്നില്‍ സാധ്യതകളുടെ വലിയ ലോകമാണ് തുറന്നുകൊടുത്തത്. പല പേരുകളിലും രൂപങ്ങളിലും ഒരേ സ്വഭാവം പുലര്‍ത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പണം മുടക്കാന്‍ തയ്യാറായി സാധാരണക്കാരും വന്‍കിട ബിസിനസുകാരും ഒരുപോലെ മുന്നോട്ടുവന്നത് ഇവയ്ക്ക് വേരുറപ്പിക്കാന്‍ തക്ക ഉറച്ച മണ്ണായി കേരളത്തെ മാറ്റി. ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി നടത്തുന്ന തട്ടിപ്പുകളുടെ പ്രാഗ്‌രൂപത്തിന് കേരളത്തില്‍ മൂന്നര പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്.
ഇങ്ങനെ പല വിധേനയുള്ള തട്ടിപ്പുകള്‍ക്കും തട്ടിപ്പുകാര്‍ക്കും ഇരയാകുകയും അതില്‍നിന്ന് യാതൊരു പാഠവും ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോകുകയും അതു മറക്കുന്നതോടെ വീണ്ടും തട്ടിപ്പിനിരയാകുകയും ഏറ്റവുമൊടുവില്‍ മോന്‍സണ്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുകാരനില്‍ ചെന്നു നില്‍ക്കുകയും ഭാവിയില്‍ പുതിയ പേരുകാരിലേക്ക് മാറ്റപ്പെടാന്‍ ഇടയുള്ളതുമായ തട്ടിപ്പിന്റെ വലിയൊരു വിനിമയ സാധ്യതയാണ് മലയാളികളിലുള്ളത്. പഴയ സംഭവങ്ങള്‍ മറന്നുപോയേക്കാവുന്ന കൃത്യമായ ഇടവേളകളില്‍ തട്ടിപ്പുകാര്‍ പുതിയ രൂപത്തില്‍ രംഗപ്രവേശം ചെയ്ത് മലയാളികളെ ഇരയാക്കാറുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ക്കിടയിലെ കാലദൈര്‍ഘ്യം പരിശോധിച്ചാല്‍ വ്യക്തമാകും.
സ്വതവേ സാക്ഷരരും പ്രബുദ്ധരുമായി അടയാളപ്പെടുത്തപ്പെട്ട് വലിയ ഗൗരവം നടിച്ചു പോരുന്നവരാണ് മലയാളികളെങ്കിലും ഏതു തട്ടിപ്പുകാരനും ഏറ്റവുമെളുപ്പത്തില്‍ ഇരയാക്കാവുന്നവര്‍ കൂടിയാണിവര്‍ എന്നാണ് കേരളത്തില്‍ നടന്ന നിരവധിയായ സാമ്പത്തിക തട്ടിപ്പുകളുടെ ഉള്ളുകള്ളികള്‍ വെളിവാക്കുന്നത്. അതിസമര്‍ഥരും മറ്റുള്ളവരെയും ചുറ്റുപാടിനെയും സദാ സംശയദൃഷ്ട്യാ വീക്ഷിക്കുകയും ചെയ്തുപോരുന്ന മലയാളികള്‍ സ്വന്തം ഉള്ളിലേക്ക് നോക്കുന്നതില്‍ എപ്പോഴും പരാജയപ്പെടുന്നവരാണ്. ജീവിതത്തെ മനോഹരവും മൂല്യവത്തുമായ ഒന്നെന്ന നിലയില്‍ നോക്കിക്കാണാന്‍ തയ്യാറാകാതെ പണമുണ്ടാക്കുക, കൈയിലുള്ള പണം ഇരട്ടിപ്പിക്കുക, വലിയ വീടും കെട്ടിടവും പണിയുക, സ്വര്‍ണം വാങ്ങുക, ആഡംബര കല്യാണങ്ങള്‍ നടത്തി സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുക, മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാക്കാനായി മത്സരിക്കുക തുടങ്ങിയ വൃത്തികളില്‍ അഭിരമിച്ച് ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ഏതു വിധേനയും പരിശ്രമിച്ച് ജീവിതചക്രം പൂര്‍ത്തിയാക്കുകയെന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ ദൗത്യം. ഈ വക കാര്യങ്ങള്‍ പ്രാപ്തമാക്കാന്‍ വേണ്ടിയാണ് മലയാളി ജീവിക്കുന്നതെന്നു തന്നെ പറയാം. അതല്ലാതെ ജീവിതത്തെ കുറേക്കൂടി സര്‍ഗാത്മകമായി സമീപിക്കാനോ അവനവന്റെ ആനന്ദം കണ്ടെത്താനോ ഉള്ള മാനസിക തലത്തിലേക്ക് മലയാളി വളര്‍ന്നിട്ടില്ല. ഇങ്ങനെ അധ്വാനിക്കാതെ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാനുള്ള തത്രപ്പാടിലാണ് പണം ഇരട്ടിപ്പിക്കുന്ന ആകര്‍ഷക വാഗ്ദാനങ്ങളില്‍ മലയാളി എളുപ്പത്തില്‍ വീണുപോകുന്നത്.
ഡിസ്‌കൗണ്ട്, ആദായ, സൗജന്യ മേളകള്‍, ഒന്നെടുത്താല്‍ ഒന്ന് (പുതിയ കാലത്ത് ബൈ വണ്‍ ഗെറ്റ് വണ്‍) തുടങ്ങി വിപണിയിലെ വ്യത്യസ്ത പേരുകളിലുള്ള ഉത്സവകാല ആകര്‍ഷണങ്ങളില്‍ പെട്ട് വലിയ ആദായം പറ്റിയതായി മേനി നടിക്കുകയും മറ്റുള്ളവരെക്കൂടി ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് മലയാളിയുടെ പൊതുരീതി. വെറുതെ കിട്ടുന്ന എന്തിനു നേരെയും എത്ര മൂല്യം കുറഞ്ഞതാണെങ്കിലും തനിക്ക് ആവശ്യമില്ലാത്തതാണെങ്കില്‍ പോലും അതിനു നേരെ മടിയില്ലാതെ കൈനീട്ടുന്നതില്‍ മലയാളി ഒറ്റക്കെട്ടാണ്.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുക, ആളുകളെ സംശയത്തോടെ വീക്ഷിക്കുക, പണത്തിന്റെയും വീടിന്റെയും വാഹനത്തിന്റെയും തൊഴിലിന്റെയും മറ്റു ഭൗതിക സൗകര്യങ്ങളുടെയും അളവുകോല്‍ വച്ച് വ്യക്തികളെ നിര്‍ണയിക്കുക, അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുക, അന്ധവിശ്വാസങ്ങള്‍ക്കും ആചാരപാലനങ്ങള്‍ക്കുമായി എത്ര വലിയ സാമ്പത്തിക ധൂര്‍ത്തും ചെയ്യുക തുടങ്ങിയവയെല്ലാം മലയാളി സാമൂഹിക ജീവിതത്തിലെ പൊതുലക്ഷണങ്ങളാണ്. സ്വയം മിടുക്കനാണെന്നു ധരിച്ച് ജീവിക്കുകയും പുകഴ്ത്തലുകളിലും വാഴ്ത്തലുകളിലും പെട്ടെന്ന് വീഴുകയും ചെയ്യുന്ന മലയാളികളെ ഇരയാക്കുന്നത് എളുപ്പമാണെന്നാണ് തൊട്ടു മുന്‍ പതിറ്റാണ്ടുകളിലും സമീപകാലത്തും സംഭവിച്ച നിരവധിയായ സാമ്പത്തിക തട്ടിപ്പ് സംഭവങ്ങള്‍ തെളിയിക്കുന്നത്. മലയാളിയുടെ അബദ്ധധാരണകളെയും ആര്‍ത്തിയെയും മണ്ടത്തരങ്ങളെയുമാണ് തട്ടിപ്പുകാര്‍ വിദഗ്ധമായി ചൂഷണം ചെയ്യുന്നത്. ആളുകളുടെ മാനസികാവസ്ഥ എന്തെന്നും, അതതു കാലത്ത് എന്തിനാണ് വിപണിയില്‍ മൂല്യമെന്നും കൃത്യമായി പഠിച്ചാണ് തട്ടിപ്പുകാര്‍ പണിക്കിറങ്ങുന്നത്.
ലാ ബെല്ലയില്‍ തുടക്കം
1986-88 കാലഘട്ടത്തില്‍ കേരളത്തില്‍ വേരോട്ടംപിടിച്ച തട്ടിപ്പുസംഘമായിരുന്നു ലാ ബെല്ല. നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ പലിശയും അതുവഴി കൂടുതല്‍ ലാഭവും ഉണ്ടാക്കാമെന്ന പ്രചാരണത്തിലൂടെ ഒട്ടേറെപ്പേര്‍ കുടുങ്ങിയ നിക്ഷേപത്തട്ടിപ്പ് കേസായിരുന്നു ലാ ബെല്ല. എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന ലാ ബെല്ല പബ്ലിഷേഴ്‌സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം ചില വിവാദങ്ങളെത്തുടര്‍ന്ന് പൂട്ടിയപ്പോഴാണ് ലാ ബെല്ലാ ഫൈനാന്‍സിയേഴ്‌സിലേക്ക് ചുവടുമാറുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ രാജന്‍ തന്നെയായിരുന്നു കേസിലെ പ്രധാന പ്രതി. കോടികള്‍ പിരിച്ചെടുത്ത് മുങ്ങിയ രാജനെ ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്രൈംബ്രാഞ്ച് പിടികൂടുന്നത്.
ഈ സംഭവം നടക്കുമ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് അത്രകണ്ട് പൂര്‍വ്വ മാതൃകകള്‍ ഇല്ലെന്നത് മലയാളിയുടെ ഞെട്ടലിന്റെ ആക്കം കൂട്ടാനിടയാക്കി. സമാന മാതൃകയില്‍ നിരവധി പേരില്‍ നിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയ ഓറിയന്റല്‍ ഫൈനാന്‍സ് ഉടമ സാജന്‍ വര്‍ഗീസിന്റെ പേരിലായിരുന്നു എണ്‍പതുകളിലെ മറ്റൊരു കുപ്രസിദ്ധ സാമ്പത്തിക തട്ടിപ്പ്. ഗള്‍ഫ് പണം കേരള സമൂഹത്തില്‍ നിര്‍ണായക സാന്നിധ്യമാകുകയും ആളുകള്‍ നിക്ഷേപ സാധ്യതയിലേക്ക് തിരിഞ്ഞു തുടങ്ങുകയും ചെയ്ത കാലത്തായിരുന്നു ലാ ബെല്ലയും ഓറിയന്റല്‍ ഫൈനാന്‍സ് തട്ടിപ്പും നടന്നത്.
മലയാളിയെ കണ്ണിചേര്‍ത്ത മണിചെയിന്‍
തൊണ്ണൂറുകളുടെ ആരംഭത്തിലാണ് മണിചെയിനുകള്‍ കേരളത്തെ വിഴുങ്ങുവാന്‍ തുടങ്ങിയത്. അതുവരെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നാട്ടില്‍ അലഞ്ഞു നടന്നവര്‍ പെട്ടെന്ന് വലിയ വീടും കാറുമൊക്കെയായി ആഡംബര ജീവിതം നയിക്കാന്‍ തുടങ്ങി. ഇവര്‍ എങ്ങനെ പുത്തന്‍പണക്കാരായെന്ന് ജനം അന്വേഷിച്ചപ്പോഴാണ് മണിചെയിന്‍ എന്ന അത്ഭുത വിദ്യയെപ്പറ്റി അറിയുന്നത്. അതോടെ അധ്വാനിക്കാതെ അതിസമ്പന്നരാകാന്‍ ആഗ്രഹിച്ചവരെല്ലാം മണിചെയിനിനു പിറകേ പോകാന്‍ തുടങ്ങി. ഈ സാഹചര്യം മുതലെടുക്ക് വ്യത്യസ്ത പേരുകളില്‍ ഒരേ സംഘങ്ങള്‍ മണിചെയിനുമായി ജനത്തെ പറ്റിക്കാനിറങ്ങി.
ആകര്‍ഷകമായ വസ്ത്രധാരണവും ആരെയും വീഴ്ത്തുന്ന സംസാരപാടവവും അന്ന് വിപണിയിലുള്ള പുതിയ മോഡല്‍ കാറും കൈയിലും കഴുത്തിലും സ്വര്‍ണപ്പട്ടകളുമായി മണിചെയിനിന്റെ മുകള്‍തട്ടിലുള്ളവര്‍ ചെറുപട്ടണങ്ങളിലെ ഹോട്ടലുകളിലും മറ്റും ക്ലാസുകള്‍ എടുക്കുവാന്‍ തുടങ്ങി. വിദ്യാസമ്പന്നരും തൊഴിലന്വേഷകരുമായ ചെറുപ്പക്കാരും സമ്പന്നനാകണമെന്ന ത്വര ഉള്ളില്‍ കാത്തുസൂക്ഷിച്ചിരുന്നവരും വളരെപ്പെട്ടെന്ന് മണിചെയിനിന്റെ വലയിലായി. എളുപ്പത്തില്‍ എങ്ങനെ പണക്കാരനാകാം എന്ന വിദ്യ അങ്ങനെ ഇവര്‍ പഠിച്ചുതുടങ്ങുകയും തങ്ങളുടെ ചുറ്റുപാടിലുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. അങ്ങനെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് മണിചെയിനിന്റെ ഞരമ്പുകള്‍ വളര്‍ന്നു. മണിചെയിനില്‍ പണം നിക്ഷേപിച്ച് അംഗത്വമെടുക്കുകയും പുതുതായി ആളെ ചേര്‍ത്തു തുടങ്ങുകയും ചെയ്തവര്‍ ഓരോ പ്രദേശത്തും ഇതിന് ശക്തമായ അംഗബലം ഉണ്ടാക്കുവാന്‍ മത്സരിച്ചു. ഇതോടെ മുകള്‍ത്തട്ടിലുള്ളവരുടെ കീശ പിന്നെയും വീര്‍ക്കാന്‍ തുടങ്ങി. പണമുണ്ടാക്കാനുള്ള ഇതിലെ അനന്തസാധ്യത തിരിച്ചറിഞ്ഞതോടെ തട്ടിപ്പുകാര്‍ പുതിയ പേരുകളില്‍ കൂടുതല്‍ ആകര്‍ഷണങ്ങളും വാഗ്ദാനങ്ങളും നല്‍കി മണിചെയിന്‍ അവതരിപ്പിക്കാന്‍ തുടങ്ങി. കണ്ണിയില്‍ താഴെയുള്ളവര്‍ തങ്ങളുടെ ജീവിതവും പദവിയും ഉടന്‍ മെച്ചപ്പെടുമെന്നുള്ള ചിന്തയില്‍ മുഴുകി ജീവിച്ചു. അതിനുതക്ക പ്രോത്സാഹനം മുകള്‍ത്തട്ടില്‍ നിന്ന് സ്ഥിരമായി ലഭിച്ചു കൊണ്ടുമിരുന്നു. പക്ഷേ താഴേത്തട്ടിലുള്ള തൊഴിലന്വേഷകരും സാധാരണക്കാരുമായവരുടെ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായില്ല.
ഏതെങ്കിലുമൊരു മണിചെയിന്‍ സംഘത്തെക്കുറിച്ച് ജനത്തിന് സംശയം തോന്നിത്തുടങ്ങുന്ന വേളയില്‍ അത് കൃത്യമായ ഇടവേളയില്‍ പേരുമാറ്റി അവതരിച്ചു കൊണ്ടിരുന്നു. മറ്റേത് തട്ടിപ്പാണെന്നും ഇതാണ് വിശ്വസനീയമെന്നും പറഞ്ഞു ധരിപ്പിച്ച് ആളുകളെ വീണ്ടും പറ്റിപ്പിന്റെ കണ്ണിയില്‍ ചേര്‍ക്കാന്‍ പുതിയ ബുദ്ധിമാ•ാര്‍ അവതരിച്ചു കൊണ്ടേയിരുന്നു.
ടെലിവിഷനും വിസിആറും ഉള്‍പ്പെടെയുള്ള അന്നത്തെ ആഡംബര ആകര്‍ഷണങ്ങളില്‍ കണ്ണു നട്ടിരുന്നവരെ വീഴ്ത്താന്‍ വേണ്ടിയായിരുന്നു നിശ്ചിത പണം നിക്ഷേപിച്ചാല്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വീട്ടിലെത്തുമെന്നു പ്രചരിപ്പിച്ചു കൊണ്ടുള്ള തട്ടിപ്പ്. ഇതില്‍പെട്ട് പണം നിക്ഷേപിച്ചവര്‍ക്കാകട്ടെ ഇലക്ട്രോണിക്‌സ് സാധനമോ പണമോ തിരിച്ചുകിട്ടിയില്ല. ഇതിനു പിന്നിലെ സംഘങ്ങള്‍ക്ക് സ്ഥിരം വിലാസമോ ആധികാരികതയോ ഉണ്ടായിരുന്നില്ല. ആംവേ പോലുള്ള സ്ഥാപനങ്ങള്‍ വീട്ടുപകരണങ്ങളും ഇലക്ട്രോണിക്‌സ സാധനങ്ങളുമായാണ് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന്‍ അവതരിച്ചത്. ഒരിടയ്ക്ക് ജനത്തിനിടയില്‍ ഇതിന് വന്‍ സ്വീകാര്യത ലഭിക്കുകയും ഇതു മുതലെടുത്ത് സമാന വാഗ്ദാനങ്ങളുമായി ഒട്ടനവധി കമ്പനികള്‍ വിപണിയില്‍ പ്രത്യക്ഷമാകുകയും ആളുകളുടെ പണമൂറ്റി വിദഗ്ധമായി പറ്റിക്കുകയും ചെയ്തു.
ഈ മാതൃകയില്‍ പിന്തുടര്‍ന്നുവന്ന ക്യൂനെറ്റ്, ബിസാരെ, ടൈക്കൂണ്‍ എമ്പയര്‍ ഗ്രൂപ്പ്, ബിക്ക് മാര്‍ക്ക്, മോറിസ് കോയിന്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് ഏകദേശം പതിനായിരം കോടിയോളമാണ് മലയാളിയില്‍ നിന്ന് പറ്റിച്ചത്. പഴയ മണിചെയിന്‍ നേരിട്ടുള്ള പണമിടപാട് നടത്തിയപ്പോള്‍ ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയായെന്ന വ്യത്യാസം മാത്രമാണ് തട്ടിപ്പുകള്‍ക്കിടയിലുള്ളത്.
മണിചെയിന്‍ മാതൃകയില്‍ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നും മറ്റൊരാളെ ചേര്‍ത്താല്‍ അതിന്റെ കമ്മിഷന്‍ ലഭിക്കുമെന്നുമായിരുന്നു മോറിസ് കോയിന്റെ പേരില്‍ അടുത്തിടെ വ്യാപകമായി നടന്ന സാമ്പത്തികത്തട്ടിപ്പിനു പിന്നില്‍ നടത്തിപ്പുകാര്‍ മുന്നോട്ടുവച്ച ആകര്‍ഷകമായ വാഗ്ദാനം. ഇതെല്ലാം തൊണ്ണൂറുകളിലെ മണിചെയിന്‍ പുതുരൂപത്തില്‍ അവതരിക്കുന്നതാണെന്ന് തിരിച്ചറിയാതെ മുന്‍പിന്‍ നോക്കാതെ പണം നിക്ഷേപിച്ച് സമ്പന്നനാകാന്‍ മലയാളി ഓടിനടന്നു. ഫലമോ, അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കായി ഏതാനും മാസങ്ങള്‍കൊണ്ട് 1200 കോടിയുടെ നിക്ഷേപം നടത്തിപ്പുകാരില്‍ എത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ക്യൂനെറ്റ് ഓണ്‍ലൈന്‍ ബിസിനസില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. പണം ദിവസങ്ങള്‍ക്കകം ഇരട്ടിയായി തിരിച്ചുനല്‍കും എന്ന് കേട്ടായിരുന്നു നിക്ഷേപകര്‍ ഇതില്‍ വീണുപോയത്. മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പില്‍ കോടികള്‍ കിട്ടിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് ചെറിയ വിഹിതം മാത്രം. മിക്ക കമ്പനികളും ആറുമാസത്തിനകം പൂട്ടിപ്പോകുകയാണ് പതിവ്. ഇതോടെ നിക്ഷേപകര്‍ക്ക് ബന്ധപ്പെടാനുള്ള ഉറവിടം നഷ്ടമാകും. പിന്നെ മറ്റൊരു പേരിലായിരിക്കും ഇതേ തട്ടിപ്പുകാര്‍ രംഗത്തുവരിക. നേരിട്ടുകാണാത്ത തട്ടിപ്പുകാര്‍ക്ക് മുന്നില്‍ വീണ്ടും പറ്റിക്കപ്പെടാന്‍ തയ്യാറായി ക്യൂ നില്‍ക്കാന്‍ അപ്പോഴും ആളുകള്‍ തയ്യാര്‍.
ആട്-തേക്ക്-മാഞ്ചിയത്തിന്റെ ജനകീയത
1995 ല്‍ പത്രപ്പരസ്യങ്ങളിലൂടെയാണ് ആട്-തേക്ക്-മാഞ്ചിയം എന്ന പേര് മലയാളിയുടെ കണ്ണില്‍ പെടുന്നത്. ഏക്കറുകണക്കിന് ഭൂമി, അതില്‍ നിറയെ ലക്ഷങ്ങള്‍ വിലയുള്ള തേക്ക്-മാഞ്ചിയം മരങ്ങള്‍. കുറഞ്ഞ നിക്ഷേപം കൊണ്ട് ഭൂവുടമയും തോട്ടമുടമയും ഒന്നിച്ചാകാമെന്ന പ്രതീക്ഷയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ ഒഴുകിയെത്തിയ കഥയാണ് എച്ച്.വൈ.എസ്. തേക്ക്-മാഞ്ചിയം തട്ടിപ്പുകേസിന്റെ പിന്നാമ്പുറം.
കോഴിക്കോട്ടെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെയും റവന്യൂ ഉദ്യോഗസ്ഥന്റെയും കുടുംബാംഗമായ കാരപ്പറമ്പ് സ്വദേശി കെ.വി. അനീഷ് വ്യാജപേരും വിലാസവും പരസ്യത്തിലൂടെ നല്‍കി നടത്തിയ കോടികളുടെ തട്ടിപ്പ്. ഈ കേസില്‍ പാലക്കാട് പോലീസ് 1995 ല്‍ ആദ്യമായി എച്ച്.വൈ.എസ്. ഫൗണ്ടേഷന്‍സ് എം.ഡി. അനീഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലും അശോക് കുമാര്‍ എന്ന വ്യാജപ്പേരും വിലാസവുമായിരുന്നു പോലീസും വിശ്വസിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ സ്വന്തം പേരില്‍ ഇല്ലാത്തൊരു ഭൂമിയില്‍ തേക്കിന്‍തൈകള്‍ നടുന്നതായിരുന്നു പരസ്യത്തിനുപയോഗിച്ചിരുന്ന ചിത്രങ്ങളും വിവരണങ്ങളും. പിടിയിലായ പ്രതി അശോക് കുമാറല്ല അനീഷ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. അനീഷ് നേരത്തേ കൃഷ്ണ ഏജന്‍സീസ് എന്ന പേരില്‍ ഒരു തട്ടിപ്പ് നടത്തിയതിന്റെ കേസില്‍ ശേഖരിച്ച വിരലടയാളവുമായി താരതമ്യംചെയ്താണ് തേക്ക്-മാഞ്ചിയം തട്ടിപ്പ് കേസില്‍ പ്രതി അനീഷാണെന്ന് സ്ഥിരീകരിച്ചത്.
ആട്-കോഴി ഫാമുകളില്‍ നിക്ഷേപം നടത്തി വരുമാനം ഇരട്ടിയാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റു ചില സംഘങ്ങളും പലയിടത്തും തട്ടിപ്പുകള്‍ നടത്തിയിരുന്നു. പിന്നീട്, ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പുകേസെന്ന പേരിലാണ് ഈ നിക്ഷേപതട്ടിപ്പ് മലയാളികള്‍ ചര്‍ച്ചചെയ്തിരുന്നത്. തൊണ്ണൂറുകളില്‍ ഒട്ടനവധി സാധാരണ മലയാളികള്‍ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് ഉറച്ചു വിശ്വസിച്ച പദ്ധതിയായിരുന്നു ആട്-തേക്ക്-മാഞ്ചിയം. സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വസ്തുക്കള്‍ ആയതുകൊണ്ടു തന്നെ ആടും തേക്കും മാഞ്ചിയവും നേടിയ ജനകീയത ഏറെ വലുതായിരുന്നു. വാര്‍ത്താവിനിമ സംവിധാനങ്ങള്‍ കുറഞ്ഞ കുഗ്രാമങ്ങളില്‍ വരെ അത്യാകര്‍ഷകവും വന്‍ ആദായവുമെന്നു തെറ്റിദ്ധരിക്കപ്പെട്ട പദ്ധതിയുടെ പേര് ചെന്നെത്തി. തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തില്‍ തന്റെ ആടും മാഞ്ചിയവും തേക്കും വളരുന്നുവെന്ന് സ്വപനം കണ്ട് പണം നിക്ഷേപിച്ച മലയാളി അത്തരത്തിലൊരു സ്ഥാപനം തന്നെയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം പുറത്തുവന്നത് അതുവരെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ സാമ്പത്തിക തട്ടിപ്പായിരുന്നു.
സാമ്പത്തിക തട്ടിപ്പ് ശബരീനാഥിനു മുമ്പും ശേഷവും
മലയാളികളുടെ പണക്കൊതിയും മാനസികാവസ്ഥയും കൃത്യമായി പഠിച്ചാണ് കൗമാരം പിന്നിട്ട് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായിരുന്ന പ്രായത്തില്‍ ശബരിനാഥ് എന്ന തട്ടിപ്പുകാരന്‍ കോടികള്‍ തട്ടിയെടുത്തത്. വിശ്വസനീയമെന്നു പുറമേയ്ക്കു തോന്നിക്കുന്ന പണമിടപാടായിരുന്നു ശബരീനാഥിന്റേത്. എന്നാല്‍ അസംഭവ്യമെന്നും അവിശ്വസനീയമെന്നും തോന്നിയേക്കാവുന്ന തരത്തിലുള്ളതായിരുന്നു ഇയാളുടെ പിന്നീടുള്ള വളര്‍ച്ചയും ആഡംബരജീവിതവും. മലയാളികളെ വിദഗ്ധമായി കബളിപ്പിക്കുകയും കോടികള്‍ തട്ടിയെടുക്കുകയും ചെയ്ത ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യു കേരളത്തില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ഒരു പോപ്പുലര്‍ ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ സിനിമയുടെ തിരക്കഥയ്ക്കു വേണ്ട ചേരുവകളെല്ലാം ഉണ്ടായിരുന്നു ശബരീനാഥിന്റെ തട്ടിപ്പുജീവിതത്തിന്.
2007 ല്‍ ആയിരുന്നു കേരള ജനതയെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് സംഭവ പരമ്പരയുടെ തുടക്കം. പണത്തിനോടുള്ള മലയാളികളുടെ വിനിമയ മാനസികാവസ്ഥ മനസ്സിലാക്കി ചൂഷണം ചെയ്യും വിധത്തില്‍ പത്തു വച്ചാല്‍ നൂറ്, നൂറു വച്ചാല്‍ പതിനായിരം എന്ന വാഗ്ദാനമായിരുന്നു ശബരീനാഥന്‍ പരസ്യം ചെയ്തത്. ഇതു കേട്ടറിഞ്ഞവര്‍ ആയിരങ്ങളും ലക്ഷങ്ങളുമായി ശബരിയുടെ സ്ഥാപനത്തിലേക്ക് പാഞ്ഞെത്തി. അതോടെ കേരളത്തിലെ സാമ്പത്തിക തട്ടിപ്പുകള്‍ ശബരീനാഥിനു മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്താവുന്ന തലത്തിലേക്ക് വളരുകയായിരുന്നു ഇയാളുടെ പേര്. പില്‍ക്കാലത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി കേരളം ചര്‍ച്ചചെയ്ത പേരുകാര്‍ക്ക് സാമ്പത്തിക തട്ടിപ്പിന്റെ അനന്തസാധ്യതയെക്കുറിച്ച് വഴി കാണിച്ചു കൊടുക്കുകയായിരുന്നു ശബരീനാഥ് എന്ന വലിയ ബുദ്ധിയും ചെറിയ ശരീരവുമുള്ള തട്ടിപ്പുകാരന്‍.
തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ സെക്രട്ടറിയേറ്റിന്റെ എതിര്‍വശത്തുള്ള ബഹുനില കെട്ടിടത്തിലായിരുന്നു ശബരീനാഥിന്റെ ഓഫീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്. പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കകം ഇരട്ടിയായി തിരിച്ചുനല്‍കും എന്നതായിരുന്നു ശബരീനാഥ് മുന്നോട്ടുവച്ച ഓഫര്‍. തിരുവനന്തപുരത്ത് അഞ്ചിടത്തായി സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സ്റ്റാച്യു ഗവ. സെക്രട്ടറിയേറ്റിന് എതിര്‍വശം കാപ്പിറ്റല്‍ സെന്റര്‍ ബില്‍ഡിംഗിലും മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ മുണ്ടക്കല്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലും ടോട്ട് ടോട്ടല്‍ എന്ന പേരിലും, പടിഞ്ഞാറേക്കോട്ട പുന്നപുരം റാം ടവേഴ്‌സില്‍ ഐ നെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു എന്നീ പേരുകളിലും, പാളയത്ത് എസ്.ജെ.ആര്‍. ഗ്രൂപ്പ് എന്ന പേരിലും സ്ഥാപനങ്ങള്‍ തുടങ്ങിയാണ് കോടികള്‍ കൈക്കലാക്കി ജനങ്ങളെ വഞ്ചിച്ചത്. നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 20 മുതല്‍ 80 ശതമാനം വരെയുള്ള സാമ്പത്തിക വളര്‍ച്ചാ പദ്ധതിയില്‍ 30 മുതല്‍ 90 വരെ ദിവസങ്ങള്‍ക്കും പല വര്‍ഷക്കാലാവധിക്കുമുള്ള സ്ഥിരനിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളര്‍ച്ചാ നിരക്കും കൂടുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജനങ്ങളുടെ നിക്ഷേപത്തുക കമ്മോഡിറ്റി ഷെയര്‍ മാര്‍ക്കറ്റില്‍ ഗോള്‍ഡ്, അലുമിനിയം ഷെയര്‍ മേഖലകളിലും റിയല്‍ എസ്റ്റേറ്റ് മേഖലകളിലും ആണ് നിക്ഷേപിക്കുന്നതെന്നും ശബരിയും പിതാവ് രാജനും പാര്‍ട്ട്ണര്‍മാരായുള്ള ഈ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്നും നിക്ഷേപകരെ മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് വിധേയമാക്കുമെന്നും നിക്ഷേപകര്‍ക്ക് 100 ശതമാനം വരെ ഗ്രോത്ത് നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു കോടികള്‍ വഞ്ചിച്ചെടുത്തത്. മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശബരിനാഥിന്റെ പേരില്‍ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബിന്റെ തിരുവനന്തപുരം ശാഖയില്‍ 50 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉള്ളതായ വ്യാജ സ്ഥിരനിക്ഷേപ രസീതുകള്‍ കാട്ടിയാണ് വന്‍കിട നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്തത്. ശബരി മാനേജിംഗ് ഡയറക്ടറായും പിതാവ് രാജന്‍ ഡയറക്ടറായും എസ്.ജെ.ആര്‍ റിസോര്‍ട്ട്‌സ് ആന്റ് ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്ത് ഈ സ്ഥാപനങ്ങള്‍ രജിസ്റ്റേഡ് കമ്പനി ആണെന്ന ധാരണ നിക്ഷേപകരില്‍ ഉളവാക്കി.
കമ്പനിക്ക് വിശ്വാസ്യതയുണ്ടെന്ന് തോന്നിയതോടെ ആളുകള്‍ കൈയിലുള്ളതുമായി ടോട്ടല്‍ ഫോര്‍ യുവിന്റെ ഓഫീസുകള്‍ തേടിച്ചെല്ലാന്‍ തുടങ്ങി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് മൂന്ന് മാസത്തിനു ശേഷം രണ്ട് ലക്ഷം മടക്കി നല്‍കി ശബരീനാഥ് നിരവധി പേരുടെ വിശ്വാസം പിടിച്ചുപറ്റി. വിശ്വാസം ആര്‍ജ്ജിക്കാന്‍ വേണ്ടി ആദ്യം നിക്ഷേപിച്ചവര്‍ക്കൊക്കെ കാര്യമായി തന്നെ പണം തിരിച്ചുകൊടുത്തു. ശബരീനാഥിന്റെ സാമ്പത്തിക ഇടപാടുകളില്‍ ആര്‍ക്കും യാതൊരു സംശയവും തോന്നിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരിക്കല്‍ പണം ഇരട്ടിപ്പിച്ചവര്‍ വീണ്ടും ശബരിനാഥിനെ തേടിയെത്തി. ഇതു തന്നെയായിരുന്നു ശബരി പ്രതീക്ഷിച്ചതും. സാധാരണക്കാര്‍, സാമ്പത്തിക പ്രയാസമുള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കോടികളുടെ ആസ്തിയുള്ള ബിസിനസ്സുകാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്കീയക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍പെട്ടവര്‍ ശബരിയുടെ വാഗ്ദാനങ്ങളില്‍ വീണു. ഒളിച്ചു വച്ചിരുന്ന കള്ളപ്പണവും ജീവിതത്തിലാകെയുള്ള സമ്പാദ്യവുമെല്ലാം പലരും ശബരീനാഥിന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ചു.
തുടക്കത്തില്‍ ടോട്ടല്‍ ഫോര്‍ യുവില്‍ പണം നിക്ഷേപിച്ചവരെല്ലാം ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി. രണ്ടും മൂന്നും മാസത്തിനകം ഇരട്ടി പണം തിരിച്ചുകിട്ടുമെന്ന മൗത്ത് പബ്ലിസിറ്റിയില്‍ കവിഞ്ഞ ഒരു പരസ്യവും ശബരീനാഥനു വേണ്ടി വന്നില്ല. അങ്ങനെ പണം മുടക്കാതെ തന്നെ തന്റെ സ്ഥാപനത്തിന് ശബരി വലിയ പരസ്യപ്രചാരകരെ കണ്ടെത്തി. ചുരുങ്ങിയ സമയം കൊണ്ടാണ് ശബരിനാഥിന്റെ ടോട്ടല്‍ ഫോര്‍ യുവിലേക്ക് മലയാളികളുടെ കോടികള്‍ ഒഴുകിയെത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളായിരുന്നു ശബരീനാഥിന്റെ നിക്ഷേപക സംഗമങ്ങള്‍. ഇതെല്ലാം നിക്ഷേപകരുടെയും നിക്ഷേപകര്‍ ആകാനിരിക്കുന്നവരുടെയും വിശ്വാസ്യതയ്ക്കു വേണ്ടി ശബരി ബോധപൂര്‍വ്വം നടത്തുന്നതായിരുന്നു.
വന്‍കിട പണക്കാര്‍ക്കു പോലും ചിന്തിക്കാനാകാത്ത ആഡംബര ജീവിതമായിരുന്നു ശബരീനാഥിന്റേത്. തിരുവനന്തപുരം നഗരത്തില്‍ നിരവധി ഫ്‌ളാറ്റുകളും ജില്ലയില്‍ പലയിടത്തായി വസ്തുവകകളും സ്വന്തമാക്കിയ ശബരീനാഥ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്‍പ്പെടെ നിരവധി റിസോര്‍ട്ടുകളുടെ നിര്‍മ്മാണവുമായും മുന്നോട്ടുപോയി. നിരവധി ആഡംബര കാറുകളാണ് ഇയാള്‍ സ്വന്തമാക്കിയത്. പണം ചാക്കില്‍ കെട്ടി കൊണ്ടുപോയാണ് ശബരീനാഥ് കാറുകള്‍ വാങ്ങിയിരുന്നതെന്ന് കാര്‍ ഷോറൂം അധികൃതര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ആഡംബരജീവിതവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ശബരിക്ക് സിനിമക്കമ്പം തുടങ്ങിയത്. അക്കാലത്ത് മലയാളത്തിലെ ഒരു മുന്‍നിര നായിക ശബരീനാഥിന്റെ കാമുകിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. സിനിമാഭ്രമം മൂത്ത ശബരീനാഥ് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെയാണ് കണക്കുകൂട്ടല്‍ പിഴച്ചത്. സിനിമ സാമ്പത്തികവിജയം നേടിയെങ്കിലും പണം മുടക്കിയ ആളുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് അന്വേഷണമുണ്ടായി. ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യു കമ്പനിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കമ്പനിയിലേക്ക് നൂറുകണക്കിനാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ശബരി അവകാശപ്പെട്ടിരുന്നതു പോലെ യാതൊരു നിക്ഷേപവും ഈ കമ്പനി നടത്തിയിരുന്നില്ല. ഈ വിവരങ്ങള്‍ മിലിറ്ററി ഇന്റലിജന്‍സ് ഇന്‍കം ടാക്‌സിനും പോലീസിനും കൈമാറി. ഇതോടെ സുഗമമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ശബരിയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. തട്ടിപ്പ് പുറംലോകമറിഞ്ഞു.
ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യുവില്‍ വിശ്വാസമര്‍പ്പിച്ച് ലക്ഷങ്ങളും കോടികളും നിക്ഷേപിച്ച് അത് ഇരട്ടിക്കുന്നത് മനക്കോട്ട കെട്ടിയിരുന്നവര്‍ക്കിടയിലേക്കാണ് കമ്പനി പൊളിഞ്ഞെന്ന വിവരം ഇടിത്തീ പോലെ എത്തിയത്. ടോട്ടല്‍ ഫോര്‍ യു സമ്പൂര്‍ണ തട്ടിപ്പാണെന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
രണ്ട് വര്‍ഷം കൊണ്ട് ടോട്ടല്‍ ഫോര്‍ യു 200 കോടി സമാഹരിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. കോടികളുടെ ആസ്തി കണ്ടെത്തിയെങ്കിലും അതെല്ലാം ശബരീനാഥ് സ്വന്തം സുഖത്തിനായി ഒരുക്കിയതായിരുന്നു. സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടു മുന്നിലാണ് ഇത്തരത്തിലുള്ള വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നതെന്ന് പോലീസിനും അധികാര കേന്ദ്രങ്ങള്‍ക്കും വന്‍ നാണക്കേടായി.
ശബരീനാഥിന്റെ സ്ഥാപനങ്ങളിലും വീടുകളിലും നിരവധി റെയ്ഡുകള്‍ നടന്നു. ടോട്ടല്‍ ഫോര്‍ യു തകര്‍ന്നതറിഞ്ഞ് സംസ്ഥാനത്തിന്റെ പലയിടത്തുനിന്നായി നിക്ഷേപകര്‍ ഓടിയെത്തി. ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ നടുക്കത്തോടെയാണ് മലയാളികള്‍ കേട്ടത്. കമ്പനി പൊളിഞ്ഞതോടെ ഒളിവില്‍ പോയ ശബരീനാഥിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പോലീസ് പിടകൂടിയത്. ഇത്ര വലിയ സാമ്പത്തിക തട്ടിപ്പും റെയ്ഡുകളും നടന്നിട്ടും ശബരീനാഥിനെ വിശ്വസിച്ച നിക്ഷേപകരും ഉണ്ടായിരുന്നു. തങ്ങളുടെ പണം ശബരീനാഥ് ഇരട്ടിപ്പിച്ച് തിരികെ തരുമെന്നു തന്നെ നിരവധി നിക്ഷേപകര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍ അവരുടെ പ്രതീക്ഷകളെല്ലാം തെറ്റി. ശബരീനാഥിന്റെ സ്ഥാവരമജംഗമങ്ങള്‍ കണ്ടുകെട്ടി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചെറിയ തുകയെങ്കിലും നിക്ഷേപകരില്‍ ചിലര്‍ക്കെങ്കിലും തിരിച്ച് കിട്ടിയതെന്ന് രേഖകള്‍ പറയുന്നു.
ശബരീനാഥ് നടത്തിയ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു:
ശബരി 2007 നവംബര്‍ 23 ന് സെഞ്ചൂറിയന്‍ ബാങ്ക് തിരുവനന്തപുരം ശാഖയില്‍ തന്റെ പേരില്‍ തുറന്ന ഒരു കറന്റ് അക്കൗണ്ടില്‍ സ്ഥിരനിക്ഷേപം നടത്താന്‍ കഴിയില്ലെന്നിരിക്കെ ശബരിയും പിതാവും സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ നിന്നും സ്ഥിരനിക്ഷേപ രസീതുകള്‍ ഏതോ വിധത്തില്‍ എടുത്ത് കറന്റ് അക്കൗണ്ട് തുടങ്ങും മുമ്പുള്ള തീയതികളിലായി 50 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഈ ബാങ്കില്‍ ഉണ്ടെന്ന് വ്യാജമായി ചമച്ചും, ഈ രസീതുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകള്‍ ഡോ.രമണിയെയും പ്രമോദ് ഐസക്കിനെയും ഏല്‍പ്പിച്ചും അവര്‍ ഇത് വ്യാജമാണെന്നറിഞ്ഞുകൊണ്ട് അസ്സലിന്റെ പകര്‍പ്പാണെന്ന് നിക്ഷേപകരെ കാണിച്ച് പ്രേരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചു. ഇത്തരത്തില്‍ സ്വരൂപിച്ച 50 കോടിയില്‍പരം രൂപയില്‍ നിന്നും 2.25 കോടി രൂപ ചെലവഴിച്ച് ശബരി തന്റെ പേരില്‍ 15 ആഡംബര കാറുകള്‍ വാങ്ങി. മറ്റു 4 ആഡംബര കാറുകള്‍ ചന്ദ്രമതി, രാജന്‍, ഹേമലത, ലക്ഷ്മി മോഹന്‍ എന്നിവരുടെ പേരില്‍ വാങ്ങി നല്‍കി.
തിരുവനന്തപുരം കുമാരപുരത്ത് 462 ഏക്കര്‍ വസ്തു വില വാങ്ങുന്നതിന് 4.62 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ ഉടമക്ക് അഡ്വാന്‍സ് നല്‍കി. 10 സെന്റ് വസ്തു 45 ലക്ഷം രൂപ വില സമ്മതിച്ച് 15 ലക്ഷം രൂപ ഉടമക്ക് അഡ്വാന്‍സ് നല്‍കി. 9.94 സെന്റ് വസ്തുവും വീടും 1.4 കോടി രൂപ വില സമ്മതിച്ച് 70 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ശബരിയുടെ സ്വപ്നപദ്ധതിക്കായി മലയിന്‍കീഴ് പിടാരത്തുള്ള 8.22 ഏക്കര്‍ വസ്തു 4.11 കോടി രൂപ വില സമ്മതിച്ച് 2 കോടി 11 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. മറ്റൊരു വീടും വസ്തുവും 1.5 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കരാറുകളില്‍ ഏര്‍പ്പെട്ടു.
കുട്ടനാടുള്ള സിനിക് വില്ല വില വാങ്ങുന്നതിന് 2 കോടി രൂപ വില സമ്മതിച്ച് 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. തിരുവനന്തപുരം മണക്കാട് വില്ലേജില്‍ കരമന കാലടിയില്‍ 26 ലക്ഷം രൂപക്ക് 6 സെന്റ് വില വാങ്ങി. വസ്തു വകകള്‍ വാങ്ങുന്നതിന് ബ്രോക്കര്‍ ഫീസായി 36 ലക്ഷം രൂപയും കൈ വായ്പയായി 8 ലക്ഷം രൂപയും നല്‍കി. എറണാകുളം വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റ് 9,000 രൂപ മാസ വാടകയില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ഹേമലതക്കും ലക്ഷ്മി മോഹനും താമസിക്കുന്നതിനായി വാടകയ്ക്ക് ഏറ്റെടുത്തു. ടോട്ടല്‍ സ്ഥാപനങ്ങളുടെ ഓഫീസ് മുറികള്‍ക്കായി 7.15 ലക്ഷം രൂപ അഡ്വാന്‍സും 33,000 രൂപ നിരക്കില്‍ മാസ വാടക നല്‍കി. ശബരിയുടെ താമസത്തിന് കവടിയാര്‍ ക്യൂന്‍സ് വേ പോയിന്റിലെ ഐ.ഒ.ബി ഫ്‌ളാറ്റിന് 20,000 മാസവാടകയില്‍ 2,40,000 രൂപ അഡ്വാന്‍സ് നല്‍കി. ശബരിയുടെ കൊടങ്ങാവിളയിലെ വീട് മോടി പിടിപ്പിക്കാനായി 25 ലക്ഷം രൂപ ചെലവഴിച്ചു.
ലക്ഷ്മി മോഹന് 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിനല്‍കി. ആലപ്പുഴ കണ്‍ട്രി വെക്കേഷണല്‍ ഹോളിഡേ ക്ലബ്ബ് അംഗത്വം നേടാന്‍ 1.35 ലക്ഷം രൂപ ചെലവഴിച്ചു. കൂട്ടുപ്രതികളുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്തി പണാപഹരണം നടത്തിയതായും മറ്റു പ്രതികള്‍ നിക്ഷേപകരെ പ്രലോഭിപ്പിച്ച് തുകകള്‍ നിക്ഷേപിപ്പിച്ച് കമ്മീഷന്‍ ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും റബ്ബര്‍ എസ്റ്റേറ്റ്, വസ്തുവകകള്‍, ആഡംബര കാറുകള്‍ എന്നിവയടക്കം വാങ്ങിക്കൂട്ടി ഗൂഢാലോചനയിലും വഞ്ചനയിലും പങ്കാളികളയായതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായി ശബരീനാഥിന് 13 കേസിലായി 20 വര്‍ഷം തടവാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. കബളിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ രണ്ടു കേസില്‍ നാലുവര്‍ഷം വീതം തടവ് അനുഭവിച്ചാല്‍ മതി. തടവ് ശിക്ഷയ്ക്ക് പുറമെ എട്ടരക്കോടിയിലധികം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ തുക കേസുകളിലെ പരാതിക്കാര്‍ക്ക് വീതിച്ച് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം വീതം രണ്ടു കേസിലും അധികം തടവ് അനുഭവിക്കണം.
പ്രമാദമായ ഈ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകള്‍ മുഖ്യധാരയില്‍ നിന്ന് പിറകിലേക്ക് മറഞ്ഞതോടെ പതിവുപോലെ മലയാളി ഇതും മറന്നു. ഈ മറവിയുടെ ഇടവേളയില്‍ പുതിയ തട്ടിപ്പുകാര്‍ വന്നു. കഷ്ടപ്പെട്ടുണ്ടാക്കിയതും അല്ലാത്തതുമായ പണം തട്ടിപ്പുകാരുടെ കീശ നിറയ്ക്കാനായി നിക്ഷേപിച്ചു കൊണ്ടിരുന്നു.
വിപണിയുടെ ആവശ്യം തിരിച്ചറിഞ്ഞ് സോളാര്‍ തട്ടിപ്പ്
വിപണിയുടെയും ജനങ്ങളുടെയും അതതു കാലത്തെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അത് ഭരണസംവിധാനത്തിന്റെ സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുകയെന്നത് പ്രൊഫഷണല്‍ തട്ടിപ്പുകാരുടെ രീതിയാണ്. കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെന്നു പരാതിയുയര്‍ന്ന സോളാര്‍ തട്ടിപ്പ് അത്തരത്തിലൊന്നായിരുന്നു. വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാത്ത ഒരു സംസ്ഥാനത്തില്‍ എളുപ്പത്തില്‍ വിറ്റു പോകുന്നതായിരുന്നു സോളാര്‍ പാനലുകളെന്ന് പ്രൊഫഷണല്‍ കൈത്തഴക്കമുള്ള തട്ടിപ്പുകാര്‍ക്കറിയാം. ഇൗ ആവശ്യകതയെക്കുറിച്ച് ജനങ്ങളിലും ഭരണ സംവിധാനത്തിലും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഈ പ്രൊഫഷണലുകള്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. സോളാറില്‍ സംഭവിച്ചത് അതാണ്. നൂറോളം പേര്‍ക്ക് 70,000 മുതല്‍ 50 ലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടത്.
വൈദ്യുതി പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കമ്പോളം ആണ് സോളാര്‍ ഊര്‍ജ്ജോപകരണങ്ങളുടേത്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഏകദേശം 50 ശതമാനം വരെ ആണ് സഹായധനം നല്‍കിവരുന്നത്. ഇത്തരം ഉപകരണങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ സ്ഥാപിക്കുന്നതിന് ഏകദേശം 300 കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 25 ല്‍ അധികം കമ്പനികള്‍ക്ക് അംഗീകാരം കൊടുത്തിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തി അവരുമായി നിയമപരമായ കരാറില്‍ ഏര്‍പ്പെടുന്ന അംഗീകൃത സോളാര്‍ ഉല്‍പ്പന്ന വിതരണ കമ്പനികള്‍ വഴിയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിവരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെയോ അനെര്‍ട്ടിന്റെയോ അംഗീകാരം വിവാദ ടീം സോളാര്‍ കമ്പനിക്ക് ഇല്ലായിരുന്നു.
അംഗീകാരം ഇല്ലാത്ത ഈ സ്ഥാപനം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകാരെ വഞ്ചിക്കാന്‍ ശ്രമിച്ചു എന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടീം സോളാര്‍ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേഴ്‌സണല്‍ സ്റ്റാഫുകളെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്ധവിശ്വാസത്തില്‍ മുങ്ങിയ മലയാളി
മുത്തശ്ശിക്കഥകളില്‍ കേട്ടിട്ടുള്ള സ്വര്‍ണത്താറാവും സ്വര്‍ണമീനുമെല്ലാം യഥാര്‍ഥത്തില്‍ ഉണ്ടെന്ന് അല്‍പ്പം വിശ്വാസ്യതയോടെ ആരെങ്കിലും അവതരിപ്പിച്ചാല്‍ അതു പൂര്‍ണമായി വിശ്വസിക്കാന്‍ മലയാളി തയ്യാറാണ്. അത്തരത്തിലൊരു കഥയായിരുന്നു സ്വര്‍ണച്ചേനയുടേത്. നിധിയായി കുഴിച്ചെടുക്കപ്പെട്ടതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു സ്വര്‍ണച്ചേനയുമായി ബന്ധപ്പെട്ട തട്ടിപ്പ്. പണ്ടുകാലത്ത് രാജാക്ക•ാരും പ്രഭുക്ക•ാരും സമുന്നതിക്കും സമൃദ്ധിക്കും വേണ്ടി രഹസ്യമായി കൈവശം വെച്ചിരുന്ന വസ്തുവാണ് സ്വര്‍ണച്ചേനയെന്നും ഇതു വീട്ടില്‍വെച്ചാല്‍ സമൃദ്ധി കുമിഞ്ഞുകൂടുമെന്നുമായിരുന്നു തട്ടിപ്പുകാരുടെ പ്രചാരണം. ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനും ഒരു സ്ത്രീയും നേതൃത്വം നല്‍കിയ സംഘമായിരുന്നു ഈ തട്ടിപ്പിനു പിന്നില്‍. പലയിടങ്ങളിലും ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ സ്വര്‍ണച്ചേനയുടെ ഒരു കഷണം എന്ന വ്യാജേന മുറിച്ചുനല്‍കും. ഇതു പരിശോധിച്ച് സ്വര്‍ണം തന്നെയാണെന്നു സ്ഥിരീകരിച്ചശേഷമാണ് നിധിയായി ലഭിച്ച സ്വര്‍ണച്ചേന ഇടപാട് ഉറപ്പിക്കുന്നത്. പരിശോധനയ്ക്കു നല്‍കാന്‍ മാത്രമായി യഥാര്‍ഥ സ്വര്‍ണത്തിന്റെ ഒരു കഷണം പ്രത്യേകമായി സൂക്ഷിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കൂടുതല്‍ പണവും ഐശ്വര്യവും വരണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ മുന്‍പിന്‍ നോക്കാതെ സ്വര്‍ണച്ചേനയ്ക്കായി പണം നല്‍കി കരാര്‍ ഉറപ്പിച്ച് കാത്തിരുന്നു. കൈയിലുള്ള പണം പോയതു മാത്രം മിച്ചം. അന്ധവിശ്വാസങ്ങളിലുള്ള മനുഷ്യന്റെ താത്പര്യം വിദഗ്ധമായി ചൂഷണം ചെയ്തുകൊണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥനടങ്ങുന്ന സംഘം തട്ടിപ്പ് നടത്തിയത്. ഈ തട്ടിപ്പില്‍ 20 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തപ്പോഴാണ് സ്വര്‍ണച്ചേനയുടെ മാഹാത്മ്യം നാടറിയുന്നത്. മാവേലിക്കരയില്‍ സ്വര്‍ണ്ണചേന കാട്ടി അമ്മയും മകനും കോടികള്‍ തട്ടിയത് രണ്ട് വര്‍ഷം മുന്‍പാണ്. സ്വര്‍ണ്ണച്ചേനയോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വച്ചാല്‍ ഇരട്ടിക്കുമെന്നായിരുന്നു ഇവര്‍ നല്‍കിയ വാഗ്ദാനം.
സ്വര്‍ണപ്പാദുകം വീടിന്റെ കന്നിമൂലയില്‍ തറനിരപ്പില്‍നിന്ന് നിശ്ചിത ഉയരത്തില്‍ സ്ഥാപിച്ചുനല്‍കി പണം തട്ടുന്ന മറ്റൊരു സംഘവും പ്രബലമായിരുന്നു. കൂടുതല്‍ ധനവും ഐശ്വര്യവും കൈവരുമെന്നു തന്നെയായിരുന്നു ഈ അന്ധവിശ്വാസ തട്ടിപ്പിനു പിന്നിലെ വാഗ്ദാനവും. സ്വര്‍ണപാദുകത്തിനായി 18 ലക്ഷം ചെലവിട്ടയാള്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഗതി പുറത്തറിഞ്ഞത്. ഇതിലെ രസകരമായ കാര്യം തനിക്ക് പണം നഷ്ടപ്പെട്ടതിലായിരുന്നില്ല കരുനാഗപ്പള്ളി സ്വദേശിയായ പരാതിക്കാരന്‍ പോലീസിനെ സമീപിച്ചത്. വാഗ്ദാനം ചെയ്തത്ര ഭാഗ്യം തനിക്കു ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാതി. അന്ധവിശ്വാസ തട്ടിപ്പിന്റെ രാശി ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഇതോടെ തെളിഞ്ഞില്ലേ.
വിശ്വാസത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത മലയാളി വിശ്വാസവും യുക്തിബോധവുമായി കൂട്ടിക്കെട്ടാനും തയ്യാറല്ല. അതുകൊണ്ടു തന്നെ വിശ്വാസത്തിന്റെ പേരില്‍ ഒരിക്കല്‍ പറ്റിക്കപ്പെട്ടാലും പുനര്‍വിചിന്തനത്തിന് തയ്യാറാകില്ല. ഇതു ചൂഷണം ചെയ്താണ് ജീവിതത്തിലെ ദോഷങ്ങള്‍ തീരാന്‍ ഏലസും തകിടും മാലയും മോതിരവുമായി ഒരു വന്‍ സംഘം തന്നെ മലയാളിക്കു പിറകെ കൂടിയിട്ടുള്ളത്. ജീവിതപ്രശ്‌നങ്ങള്‍ തീര്‍ന്ന് അഷ്ടൈശ്വര്യങ്ങള്‍ കൈവരാന്‍ തകിടോ ഏലസോ മോതിരമോ അണിഞ്ഞാലോ വീട്ടില്‍ ഏതെങ്കിലും ഭാഗത്ത് സൂക്ഷിച്ചാലോ മതി. ഇങ്ങനെ പ്രചാരണം നടത്തി ഏലസും തകിടില്‍ പ്രത്യേക അടയാളങ്ങള്‍ രേഖപ്പെടുത്തിയ യന്ത്രങ്ങളും മോതിരങ്ങളും നിര്‍മ്മിച്ച് സ്ഥാപിച്ചുനല്‍കുന്നതിന് ലക്ഷങ്ങള്‍ വാങ്ങുന്ന സംഘങ്ങള്‍ സജീവമാണ്. വാര്‍ത്താ മാധ്യമങ്ങളെയും സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരെയും ഇതിന്റെ പരസ്യപ്രചാരണത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു. ഹിന്ദുമത വിഭാഗത്തില്‍ പെട്ടവര്‍ക്കു മാത്രമാണ് ഇജ്ജാതി തകിടുകളും ഏലസുകളും ഗുണപ്പെടുന്നതെന്നു തെറ്റിദ്ധരിക്കരുത്. ഇതിന്റെ ഫലപ്രാപ്തിയില്‍ ജാതി, മത വ്യത്യാസമില്ലെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. നിസ്സാര വിലയുള്ള ഉത്പന്നങ്ങള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്നതാണ് ഈ തട്ടിപ്പിനു പിന്നിലെ വലിയ പ്രചോദനം. ബിസിനസ് രംഗത്തുള്ളവരാണ് ഇത്തരം ഏലസുകളുടെയും യന്ത്രങ്ങളുടെയും വലിയ ആരാധകരെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാഗമാണിക്യം, ഗജമുത്ത്, നിധികുംഭം, സ്വര്‍ണ്ണവെള്ളരി എന്നിവ കാട്ടിയുള്ള തട്ടിപ്പുകളും ഈ വിഭാഗത്തില്‍ പെടുന്നവയാണ്.
ആള്‍ദൈവങ്ങളുടെ വലയില്‍പെട്ട് പണം നഷ്ടപ്പെടുത്തുന്നവരുടെ മാനസികാവസ്ഥയും തികഞ്ഞ അന്ധവിശ്വാസവും സര്‍വൈശ്വര്യത്തോടും ധനമോഹത്തോടുമുള്ള ഭ്രമവുമല്ലാതെ മറ്റൊന്നുമല്ല.
ചന്ദ്രനിലെ മണ്ണുകൊണ്ട് കാലുറ ധരിച്ചാല്‍ അസുഖങ്ങള്‍ മാറുമെന്നതാണ് പ്രചാരം ലഭിച്ച മറ്റൊരു അന്ധവിശ്വാസ തട്ടിപ്പ്. ഇതിനായി ചന്ദ്രനില്‍ നിന്ന് കൊണ്ടുവന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള മണ്ണാണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നത്.
ഭാരതീയ വിശ്വാസപ്രകാരം സര്‍വ്വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ ത്രിതീയ എന്ന പേരില്‍ കണക്കാക്കുന്നത്. ഈ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ മലയാളിയുടെ മഞ്ഞലോഹ ഭ്രമവുമായി അതിവിദഗ്ധമായി കൂട്ടിയിണക്കി കച്ചവടം ചെയ്യുകയായിരുന്നു കേരളത്തിലെ ജ്വല്ലറി ഉടമകള്‍. എന്തു വിലകൊടുത്തും വിശ്വാസവും ആചാരവും സംരക്ഷിക്കുന്ന മലയാളി അക്ഷയത്രിതീയക്കൊപ്പം നിന്ന് സ്വര്‍ണം വാങ്ങിക്കൂട്ടി. മലയാളിയുടെ സര്‍വൈശ്വര്യ ആസക്തി ജ്വല്ലറി ഉടമകള്‍ക്ക് വലിയ ലാഭം കൊയ്യാന്‍ ഇടയാക്കി. രണ്ടു പതിറ്റാണ്ടിന്റെ മാത്രം പഴക്കമാണ് ഈ വിപണന ആചാരത്തിനുള്ളത്. വലിയ ലാഭം കൈവരുമെന്ന് ഉറപ്പായതോടെ തുടര്‍ന്ന് എല്ലാ വര്‍ഷവും അക്ഷയത്രിതീയയ്ക്കു മുന്നോടിയായി വാര്‍ത്താമാധ്യമങ്ങളില്‍ വലിയ പരസ്യപ്രചാരണങ്ങളോടെ ജ്വല്ലറി മുതലാളിമാര്‍ മലയാളികളെ സ്വര്‍ണം വാങ്ങാന്‍ ക്ഷണിച്ചു. ഐശ്വര്യം കാംക്ഷിച്ച് മലയാളി തിക്കുംതിരക്കും കൂട്ടിയതോടെ അക്ഷയ ത്രിതീയ ദിനത്തിന്റെ ഐശ്വര്യം മൂന്നും നാലും ദിവസങ്ങളിലേക്ക് നീണ്ടു. വിശ്വാസത്തിനു പിന്നിലെ യുക്തിക്ക് ഇവിടെ പ്രസക്തിയില്ല.
അപൂര്‍വ്വ വസ്തുക്കള്‍ വില്‍പ്പനയ്ക്ക്
അപൂര്‍വ്വവും അമൂല്യവുമായ വസ്തുക്കളോട് മലയാളിക്ക് വലിയ ഭ്രമമുണ്ട്. അത് ഗൃഹാതുരതയെയും പാരമ്പര്യത്തെയും കെട്ടിപ്പുണരുന്ന അവന്റെ ഭൂതകാല തികട്ടലുകളില്‍ നിന്ന് ഉരുവം കൊണ്ടതാണ്. വറുതിക്കാലത്ത് സാധിക്കാത്തതെല്ലാം മെച്ചപ്പെട്ട ജീവിതാവസ്ഥയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കും. ഇതു ചൂഷണം ചെയ്തുകൊണ്ടാണ് വ്യാജ വിഗ്രഹങ്ങളും പുരാവസ്തു ശേഖരങ്ങളും കാട്ടി സാധാരണ വസ്തുക്കളുടെ വില്‍പ്പന വിദഗ്ധമായി നടത്തി തട്ടിപ്പുകാര്‍ ലക്ഷങ്ങള്‍ കൊയ്യുന്നത്. മോന്‍സണ്‍ മാവുങ്കലിനു മുമ്പ് അമൂല്യ വസ്തുക്കളുടെ വില്‍പ്പനയില്‍ പയറ്റിത്തെളിഞ്ഞ നിരവധി തട്ടിപ്പുകാര്‍ കേരളത്തിലുണ്ട്. അവരില്‍ ഭൂരിഭാഗവും മോന്‍സണെ പോലെ പേരെടുത്തില്ലെന്നു മാത്രം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 818 കേസുകളാണ് അപൂര്‍വ്വ വസ്തുക്കളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഈയിനത്തില്‍ തട്ടിപ്പുകാരുടെ പോക്കറ്റിലെത്തിയതാകട്ടെ നൂറ് കോടിയോളവും. ഇരുതലമൂരിയും വെള്ളിമൂങ്ങയും നക്ഷത്ര ആമയും റൈസ് പുള്ളറുമടക്കമുള്ള പലവിധ തട്ടിപ്പുകളിലാണ് മലയാളി തുടര്‍ച്ചയായി വീഴുന്നത്.
കേരളത്തില്‍ ഏറ്റവുമധികം ചെലവായ തട്ടിപ്പാണ് ഇറിഡിയം റൈസ് പുള്ളര്‍. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ലോഹമാണ് ഇറിഡിയം. എന്നാല്‍ 1000 രൂപ പോലും വിലയില്ലാത്ത ലോഹക്കൂട്ട് കാണിച്ച് കോടികളാണ് പലരില്‍ നിന്നും തട്ടിയത്. അരിമണികളെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളര്‍ എന്ന പേര് വരാന്‍ കാരണം. ഇറിഡിയത്തിന് ന്യൂക്ലിയര്‍ പവര്‍ ഉണ്ടെന്നും നാസയ്ക്ക് വിറ്റാല്‍ ഒരു ലക്ഷം കോടി കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്തെ ഒരാളില്‍ നിന്ന് 80 ലക്ഷം തട്ടി. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്റ്റ് ആണെന്നും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞ് വര്‍ഷങ്ങളായി രാജ്യത്തുടനീളം റൈസ് പുള്ളര്‍ തട്ടിപ്പുനടത്തിയ സംഘം കേരളത്തിലും ഒട്ടേറെപ്പേരെ ഇരയാക്കിയിട്ടുണ്ട്.
അപൂര്‍വ്വങ്ങളും മനുഷ്യനുമായി അധികം ഇണങ്ങി ജീവിക്കാത്തതുമായ ജീവികളെയും തട്ടിപ്പുകാര്‍ മറയാക്കി. ദുര്‍മന്ത്രവാദ പ്രവൃത്തികള്‍ നടത്തുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും വെള്ളിമൂങ്ങയെ പിടികൂടി വില്‍ക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാത്താനെ ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനും വെള്ളിമൂങ്ങ പറ്റിയതാണെന്നായിരുന്നു പ്രചാരണം. ഇത് വിശ്വാസത്തിലെടുത്ത് തട്ടിപ്പിന് ഇരയായവര്‍ ഏറെയാണ്. കൊച്ചിയിലെ ഒരു ഡോക്ടറുടെ പക്കല്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് തട്ടിപ്പുകാര്‍ വെള്ളിമൂങ്ങയെ നല്‍കി പറ്റിച്ചത് പത്ത് ലക്ഷമാണ്.
വിദേശികളെ ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് നക്ഷത്ര ആമ വില്‍പ്പനക്കാരുടെ കച്ചവടം. മാരക രോഗങ്ങള്‍ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് നക്ഷത്ര ആമയെ വില്‍ക്കുന്നത്. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. ഈ കച്ചവടത്തില്‍ പണം പോയതു കൂടുതലും വിദേശികള്‍ക്കാണ്. ടൂറിസം കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദേശത്തേക്കും മറ്റും കടത്താനിരുന്ന ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ് പിടികൂടിയിട്ടുള്ളത്.
ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയാല്‍ ലൈംഗിക ഉത്തേജനമുണ്ടാകും എന്നു വിശ്വസിച്ച് പാമ്പിനെ വീട്ടില്‍ വളര്‍ത്തിയവര്‍ നിരവധിയാണ്. നക്ഷത്ര ആമയെയും വെള്ളിമൂങ്ങയെയും പോലെ സമീപകാലത്ത് നിരവധി തട്ടിപ്പുകാര്‍ ഈ വിഭാഗത്തില്‍പെട്ട പാമ്പുപിടുത്തക്കാരായി രംഗപ്രവേശം ചെയ്ത് പണം സമ്പാദിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ തിമിംഗലം, കസ്തൂരിമാന്‍, പുലി, കരടി തുടങ്ങിയ ജീവികളെയെല്ലാം വിവിധ വിശ്വാസങ്ങളിലും അബദ്ധധാരണകളിലും കോര്‍ത്തിണക്കി ഇവയില്‍ നിന്നുണ്ടാക്കിയതെന്ന് വിശ്വസിപ്പിച്ചുള്ള വ്യാജ ഉത്പന്നങ്ങള്‍ സുഗമമായി തട്ടിപ്പുകാര്‍ വിപണിയില്‍ ഇറക്കുകയും ലാഭം കൊയ്യുകയും ചെയ്തു.
വിശ്വാസ്യത ചൂഷണം ചെയ്ത പോപ്പുലര്‍ തട്ടിപ്പ്
വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ സത്‌പ്പേര് ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക ക്രമക്കേട് നടത്തി എന്നതായിരുന്നു അധികം കാലപ്പഴക്കമില്ലാത്ത പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് മറ്റു സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നുള്ള വ്യത്യാസം. പത്തനംതിട്ടയിലെ കോന്നി കേന്ദ്രീകരിച്ച് ഡാനിയേല്‍ എന്നയാള്‍ സ്ഥാപിക്കുകയും അര നൂറ്റാണ്ടായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുപോരുകയും ചെയ്ത പോപ്പുലര്‍ ചിട്ടി ഫണ്ട്, സ്ഥാപകന്റെ മരണശേഷം പെട്ടെന്ന് പണമുണ്ടാക്കാനുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹത്തില്‍ നിന്നാണ് വന്‍കിട തട്ടിപ്പ് സ്ഥാപനമായി പരിണമിച്ചത്. പതിറ്റാണ്ടുകളുടെ വിശ്വാസ്യത എന്നതാണ് ഇവിടെ മുതലെടുക്കപ്പെട്ടത്.
രോഗികളും സാമ്പത്തിക പരാധീനതകളുള്ള സാധാരണക്കാരുമുള്‍പ്പെടെയുള്ള ചെറുകിട നിക്ഷേപകരില്‍ തുടങ്ങി മധ്യതിരുവിതാംകൂറിലെയും അയല്‍നാടുകളിലെയും ബിസിനസുകാര്‍ വരെ പോപ്പുലര്‍ ഫിനാന്‍സിന്റെ നിക്ഷേപകരായിരുന്നു. ഇവരില്‍ മിക്കവരുടെയും കുടുംബങ്ങള്‍ പോപ്പുലര്‍ ചിട്ടി ഫണ്ടിന്റെ ആദ്യകാല ഇടപാടുകാരുമായിരുന്നു.
ചെറിയ മാസനിക്ഷേപത്തിന് വലിയ തുക ലാഭം എന്ന ആകര്‍ഷക വാഗ്ദാനവുമായാണ് പോപ്പുലര്‍ ഫിനാന്‍സ് എന്നു പേരു മാറിയ സ്ഥാപനം ജനങ്ങള്‍ക്കിടയിലേക്കു വന്നത്. കേരളത്തിനുപുറമേ മുംബൈയിലും ബംഗളൂരുവിലും ചെന്നൈയിലുമെല്ലാമായി 284 ബ്രാഞ്ചുകളാണ് പോപ്പുലര്‍ ഫിനാന്‍സിന് ഉണ്ടായിരുന്നത്. ആയിരക്കണക്കിന് ഇടപാടുകാരില്‍ നിന്നായി നൂറു മുതല്‍ കോടികള്‍ വരെ നിക്ഷേപം വാങ്ങിയ കമ്പനിയുടെ ആസ്തി 2000 കോടിയിലേറെയാണ്. 18 ശതമാനം ലാഭം എന്ന വ്യാജ വാഗ്ദാനമാണ് പോപ്പുലര്‍ ഫിനാന്‍സ് മുന്നോട്ടുവച്ചത്. സാധാരണ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 മുതല്‍ 9 ശതമാനം വരെ പലിശയും മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കും ഇക്വിറ്റികള്‍ക്കും ശരാശരി 3 മുതല്‍ 4 ശതമാനം വരെമാത്രം ലാഭവും നല്‍കുമ്പോഴാണ് പോപ്പുലറിന്റെ അസാധാരണ വാഗ്ദാനം. ജനങ്ങള്‍ പോപ്പുലറില്‍ നിക്ഷേപിക്കാന്‍ ഓടിയെത്തിയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. ആദ്യവര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി വിഹിതം നല്‍കി കമ്പനി അവരുടെ വിശ്വാസ്യത നേടിയെടുത്തു. അതിനു സമാന്തരമായി ആസൂത്രിതമായ തട്ടിപ്പും മുന്നോട്ടുപോയി.
വിവിധ ബാങ്കുകളിലെ 1760 ലേറെ അക്കൗണ്ടുകളിലൂടെയാണ് കമ്പനി പണമിടപാടുകള്‍ നടത്തിയിരുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് പണം ഓസ്‌ട്രേലിയയിലും ദുബായിലുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കമ്പനി സ്വകാര്യ നിക്ഷേപം നടത്തുകയായിരുന്നു. പോപ്പുലര്‍ ഫിനാന്‍സിന്റെ കീഴില്‍ 21 ഉപകമ്പനികള്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പില്‍ രൂപീകരിച്ച് അതിലേക്ക് നിക്ഷേപകരുടെ പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2000 ത്തോളം കേസുകളാണ് കേരളത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
തട്ടിപ്പിനിരയാക്കി നിക്ഷേപ പദ്ധതികളിലെ അജ്ഞത
തട്ടിപ്പിന് ഇരയാകുന്നതിനു പ്രധാന കാരണം നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള അജ്ഞതയാണ്. ഭൂരിഭാഗം ഇടപാടുകാര്‍ക്കും സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലെന്നതാണ് തട്ടിപ്പുകാര്‍ക്ക് ഗുണകരമാകുന്നത്. പെട്ടെന്ന് രൂപപ്പെട്ട ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുമ്പോള്‍ അതെങ്ങനെയെന്ന് ഇടപാടുകാരന്‍ ചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും എങ്ങനെയും ലാഭം കിട്ടിയാല്‍ മാത്രം മതി.
18 ശതമാനം റിട്ടേണ്‍സ് ഒരു സ്ഥാപനം വാഗ്ദാനം ചെയ്യുമ്പോള്‍ അത്രയും ഹൈ റിട്ടേണ്‍സ് എങ്ങനെ നല്‍കാനാണ് സാധിക്കുക എന്ന് ആരും പരിശോധിക്കാന്‍ മെനക്കെടുന്നില്ല. ലക്ഷക്കണക്കിന് നിക്ഷേപകരും ഇടപാടുകാരുമുള്ള ഒരു പൊതുമേഖല ബാങ്കിന് നല്‍കാനാവാത്തത് എങ്ങനെയാണ് ചെറുകിട പണമിടപാടു സ്ഥാപനത്തിന് നല്‍കാനാവുകയെന്ന ആലോചന ഇല്ലാത്തതു തന്നെയാണ് ഇതിലെ പ്രധാന പ്രശ്‌നം.
ഇതിനൊപ്പം കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധന എന്ന ഘട്ടത്തിലേക്ക് പോകാന്‍ തയ്യാറാകുന്നവരും കുറവ്. ഒരു സ്ഥാപനം കടമെടുത്താല്‍ അത് കൃത്യമായിട്ട് തിരിച്ചടയ്ക്കുന്നുണ്ടോയെന്നത് ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. മുമ്പ് ഏതെങ്കിലും തരത്തില്‍ വെട്ടിപ്പോ തട്ടിപ്പോ സ്ഥാപനം നടത്തിയിട്ടുണ്ടോയെന്നും ഇതുവഴി അറിയാന്‍ സാധിക്കും. ബാങ്കിംഗ് രംഗത്തെ സാങ്കേതികത്വത്തെക്കുറിച്ച് പേരിന് പോലും ധാരണയില്ലെങ്കിലും അതില്‍ നിക്ഷേപമിറക്കുന്നതിന് മുമ്പായി ഒന്നു പഠിക്കാനോ അറിഞ്ഞുവയ്ക്കാനോ ആരും മെനക്കെടാറില്ലെന്നതാണ് യാഥാര്‍ഥ്യം.
എന്‍.ബി.എഫ്.സി(നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി)യില്‍ നിക്ഷേപിക്കുമ്പോള്‍ അത് ഫിക്‌സഡ് ഡെപ്പോസിറ്റാണോ അതോ കടപ്പത്രമാണോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. എന്‍.ബി.എഫ്.സിയുടെ 99 ശതമാനം സാമ്പത്തിക നിക്ഷേപക ഇടപാടുകളും കടപ്പത്രത്തിലാണ്. ഈ സാമ്പത്തിക സ്ഥാപനത്തിന് സ്ഥിരനിക്ഷേപം സ്വീകരിക്കാനുള്ള അര്‍ഹതയുണ്ടോയെന്ന് പോലും ആരും അന്വേഷിക്കാറില്ല. റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ ഇക്കാര്യം എളുപ്പത്തില്‍ കണ്ടെത്താനാവും. പക്ഷെ സാധാരണക്കാരിലെ അറിവില്ലായ്മ മൂലം ഇക്കാര്യത്തിലുള്ള അന്വേഷണം നടക്കാറില്ലെന്ന് ഇത്തരം സ്ഥാപനങ്ങളുടെ മുന്നോട്ടുപോക്കിന് എളുപ്പമാകുന്നു.
കമ്പനികള്‍ നല്‍കുന്ന ഇത്തരം കടപ്പത്രങ്ങള്‍ തന്നെ രണ്ട് തരമുണ്ട്. നിക്ഷേപങ്ങള്‍ക്ക് ഈട് നല്‍കിയുള്ളതും ഈടില്ലാത്തതും. ഇതില്‍ ഈട് നല്‍കിയുള്ളത് മാത്രമാണ് നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പുനല്‍കുന്നത്. മിക്ക കമ്പനികളും നല്‍കുന്ന കടപത്രം ഈടില്ലാത്തതും സുരക്ഷിതമല്ലാത്തതുമാണ്. അതിനാല്‍ തന്നെ തട്ടിപ്പ് നടന്നാല്‍ നിക്ഷേപകന് നഷ്ടം മാത്രമാണ് സംഭവിക്കുകയെന്നതാണ് വസ്തുത.
സ്മാര്‍ട്ട് ഫോണിലെ തട്ടിപ്പുകാലം
സകലരും സ്മാര്‍ട്ട് ഫോണിലേക്കു കണ്ണുകളും വിരലുകളും ആഴ്ത്തിയൊരു കാലത്തെ കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് സൈബറിടത്തിലെ തട്ടിപ്പുകാര്‍. നിക്ഷേപ പദ്ധതികളിലുള്ള അജ്ഞതയെന്നതു പോലെ സ്മാര്‍ട്ട് ഫോണിന്റെ ലോകത്തെ തട്ടിപ്പുകളെക്കുറിച്ചും അത്ര ജ്ഞാനമില്ലാത്തവരാണ് ഫോണ്‍ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ള മലയാളികള്‍.
നമ്മുടെ ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും ലോകത്തെവിടെയൊക്കെയോ ഉള്ള അജ്ഞാതര്‍ക്കും അജ്ഞാത കമ്പനികള്‍ക്കുമറിയാം. ഇവര്‍ ഏതെങ്കിലും ഓഫീസിലോ സ്മാര്‍ട്ട് ഫോണിന്റെ മുമ്പിലോ ഇരുന്ന് നമുക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ സാക്ഷരതയില്ലാത്തവരും ദിവസത്തില്‍ ഭൂരിഭാഗം സമയം സ്മാര്‍ട്ട് ഫോണുമായി ചെലവഴിക്കുന്നവരുമായ ഒരു വിഭാഗം ഈ സന്ദേശങ്ങളിലെ ലിങ്കുകളിലെല്ലാം ക്ലിക്ക് ചെയ്ത് സ്വന്തം വിവരങ്ങള്‍ അന്യര്‍ക്കു നല്‍കി തൃപ്തിയടയും. വീട്ടിലിരുന്ന് വരുമാനം നേടാം, പാര്‍ട്ട് ടൈം ജോലി, നിക്ഷേപ ഇരട്ടിപ്പിക്കല്‍, സമ്മാനപ്പെരുമഴ, ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുകള്‍ തുടങ്ങി നിരവധിയായ വാഗ്ദാനങ്ങളില്‍ വിജ്ഞാനികളായ മലയാളികള്‍ വീണുപോകുന്നു.
ഗൂഗിള്‍ പേ എന്ന പണമിടപാട് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനിടെ ചിലപ്പോള്‍ അയച്ച പണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ താമസമുണ്ടാകാറുണ്ട്. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കുശേഷം തിരികെ അക്കൗണ്ടില്‍ വരും. എന്നാല്‍ ചിലര്‍ പണം നഷ്ടപ്പെട്ടെന്നു ധരിച്ച് പരാതി അറിയിക്കാന്‍ ഗൂഗിളിന്റെ സഹായത്തോടെ ശ്രമം നടത്തും. ഗൂഗിളില്‍ അന്വേഷിക്കുമ്പോള്‍ അതില്‍ കാണുന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കും. പണം നഷ്ടപ്പെട്ട ഇടപാടുവിവരങ്ങള്‍ അന്വേഷിച്ചറിയുന്നുവെന്ന ഭാവത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ അപ്പുറം കോള്‍ സെന്ററില്‍ ഇരിക്കുന്നവര്‍ നേടിയെടുക്കും. ഏതാനും നിമിഷങ്ങള്‍കൊണ്ട് അക്കൗണ്ടില്‍ അവശേഷിച്ച പണംകൂടി നഷ്ടപ്പെട്ടെന്ന് വ്യക്തമാകും. അങ്ങനെയാണ് സൈബര്‍ സാക്ഷരരെപ്പോലും കുരുക്കുന്ന കെണികളുടെ പോക്ക്.
പഴയ നിക്ഷേപ തട്ടിപ്പുകള്‍ പലതും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. യഥാര്‍ഥ വിലാസമോ ഐപി അഡ്രസോ ഇല്ലാതെയുള്ള ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങിയാല്‍ പണം പോയതിനു തെളിവു പോലുമുണ്ടാകില്ല. സ്മാര്‍ട്ട് ഫോണില്‍ വാട്‌സാപ്, ടെക്സ്റ്റ് മെസേജ് ആയും ഇമെയിലില്‍ പ്രമോഷന്‍സ് ആയും വരുന്ന സന്ദേശങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്ക് ഫ്രീ എന്നാണ്. ആരും നമുക്കൊന്നും ഫ്രീ ആയി തരുന്നില്ല എന്ന ലളിതമായ ചിന്ത മനസ്സിലുറപ്പിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാതിരിക്കുക മാത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാനുള്ള പോംവഴി.
ഒറിജിനലിനെ വെല്ലുന്ന നിരവധി വ്യാജ ആപ്പുകളാണ് ഉള്ളത്. കോടികളുടെ തട്ടിപ്പാണ് ഇതുവഴി നടക്കുന്നത്. ആഴ്ചതോറും പലിശ ഓഫറുകള്‍ നല്‍കുന്ന ആപ്പുകളിലൂടെയുള്ള സാമ്പത്തിക ക്രയവിക്രയം ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിക്കുന്നതില്‍ എത്തിനില്‍ക്കും. അതോടെ ഈ കമ്പനി ആപ്പുകള്‍ മാസത്തിനകം പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമാകും. സൈബര്‍ വിദഗ്ധര്‍ക്കു പോലും ഇവയുടെ യഥാര്‍ഥ മേല്‍വിലാസം കണ്ടെത്താനാകില്ല. തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടവര്‍ തങ്ങളുടെ സൈബര്‍ ജ്ഞാനത്തിലുള്ള പരിമിതി മറ്റുള്ളവര്‍ അറിയുന്നതിലുള്ള നാണക്കേട് കാരണം പരാതിപ്പെടാതെ മിണ്ടാതിരിക്കും. ഒരിക്കല്‍ പണം നഷ്ടപ്പെട്ടവര്‍ അതുകൊണ്ട് പഠിക്കാതെ കുറേക്കൂടി വിശ്വാസ്യതയാണെന്ന ധാരണയില്‍ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അധിക കാലതാമസം വേണ്ടിവരില്ല. കാരണം ചൂതുകളിയില്‍ പണം നഷ്ടപ്പെട്ടവന് പിന്നീട് അതു തിരിച്ചുപിടിക്കാനുള്ള ഒരു വാസന ഉള്ളില്‍ നുരഞ്ഞു കിടപ്പുണ്ടാകും. ഇത് അനുകൂല സാഹചര്യങ്ങളില്‍ തലപൊക്കും. ചൂതുകളിക്കാരന്റെ ഈ മാനസികാവസ്ഥ സൈബര്‍ പരിജ്ഞാനമുള്ള ഒരു തട്ടിപ്പുകാരന് തിരിച്ചറിയാന്‍ അത്ര പ്രയാസമുള്ള ഒന്നല്ല.
നമ്മള്‍ എന്തു ചോദിച്ചാലും ഗൂഗിള്‍ ഉത്തരം നല്‍കുന്നുണ്ട്. ഈ എളുപ്പവഴി നമ്മുടെ അന്വേഷണത്വരയെയും ആലോചനകളെയും മുരടിപ്പിക്കുകയും അറിവിനെ ചെറുതാക്കുകയും ചെയ്യുന്നതിനൊപ്പം എവിടെ നിന്നൊക്കെയോ പടച്ചുവിട്ടിട്ടുള്ള വെബ്‌സൈറ്റുകളിലേക്കുള്ള നമ്മുടെ എത്തിച്ചേരലിനു കൂടി ഇത് വഴിവയ്ക്കുന്നു. വ്യക്തിയുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും വികാരങ്ങളും തിരിച്ചറിഞ്ഞ് നമ്മുടെ ഇമെയിലിലേക്കും ഫോണ്‍ നമ്പരിലേക്കും എത്തുന്ന സന്ദേശങ്ങളുടെ ഉറവിടങ്ങളും മറ്റൊന്നല്ല.
തട്ടിപ്പ് അധികാര കേന്ദ്രങ്ങള്‍ വഴി
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പരിചയക്കാരാണെന്നു പറഞ്ഞു നടക്കുന്ന തട്ടിപ്പുകാര്‍ പെട്ടെന്നു പിറവിയെടുത്തവരല്ല. ഇവര്‍ കാലങ്ങളായി ഭരണസിരാ കേന്ദ്രങ്ങളില്‍ സ്വതന്ത്രരായി വിഹരിച്ചു നടക്കുകയും ഉന്നത പരിചയത്തിന്റെ മറവില്‍ തട്ടിപ്പുകള്‍ നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്. എല്ലാ കാലത്തും ഇവര്‍ ഭരണ സംവിധാനത്തില്‍ ചില ഉന്നതരെ സ്വാധീനിച്ചു വയ്ക്കുകയും ഇത്തിള്‍ക്കണ്ണി പോലെ വളരുകയും ഒരു മന്ത്രിസഭയെ തന്നെ താഴെയിറക്കത്തക്ക വിധത്തിലുള്ള പ്രവൃത്തികള്‍ നടത്തുകയും ചെയ്യും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സരിത എസ്.നായര്‍ പ്രതിയായ സോളാര്‍ തട്ടിപ്പും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വപ്‌ന സുരേഷുമുള്‍പ്പെടെയുള്ളവര്‍ പ്രതിയായി കുപ്രസിദ്ധി നേടിയ സ്വര്‍ണക്കടത്ത് കേസും അത്തരത്തിലുള്ളതാണ്. ഒരു സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ ചോദ്യംചെയ്യുന്ന വിധത്തിലായിരിക്കും തട്ടിപ്പുകാരുടെ ഇടപെടല്‍. ഇവരെല്ലാം തന്നെ മന്ത്രിമാരും അവരുടെ പേഴ്‌സണല്‍ സ്റ്റാഫും സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുമായും അടുത്തിടപഴകുന്നവരായിക്കുമെന്നു കാണാം. പ്രൊഫഷണല്‍ മെയ്വഴക്കവും വാക്ചാതുര്യവും വ്യത്യസ്ത ഭാഷകള്‍ ഉപയോഗിക്കാനുള്ള പാടവവും കൊണ്ട് ഇവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇടനിലക്കാരും നയതന്ത്ര, ഉപദേശ വിദഗ്ധര്‍ വരെയാകാറുണ്ട്. സാധാരണക്കാര്‍ പലിശത്തട്ടിപ്പിലും നിക്ഷേപത്തട്ടിപ്പിലും ഉള്‍പ്പെടുന്നതു പോലെ തട്ടിപ്പിന് ഇരയായതിനു ശേഷമായിരിക്കും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരെ തിരിച്ചറിയുന്നത്. ഇതിനിടയില്‍ ഉന്നതര്‍ക്കൊപ്പമുള്ള വിരുന്നുകളുടെയും കൂടിക്കാഴ്ചകളുടെയും നിരവധി ഫോട്ടോ, വീഡിയോ തെളിവുകള്‍ തട്ടിപ്പുകാരുടെ കൈയില്‍ എത്തിയിട്ടുണ്ടാകും. ഉന്നതരുമായുള്ള ബന്ധത്തിന്റെ ഈ തെളിവുകള്‍ കാണിച്ചാണ് തട്ടിപ്പുകാരുടെ പിന്നീടുള്ള വിലപേശല്‍. സരിത, സ്വപ്‌ന, മോന്‍സണ്‍ എന്നിവരെല്ലാം ഉപയോഗപ്പെടുത്തിയതും ഇടപാടുകാരെ ചൂഷണം ചെയ്തതും ഇതു തന്നെയാണ്. ഉന്നതര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ക്കും ബന്ധങ്ങള്‍ക്കും പ്രമുഖരെ നേരിട്ട് അറിയാമെന്നതിനും മലയാളി വലിയ വിലയും വിശ്വാസ്യതയുമാണ് കല്‍പ്പിക്കുന്നത്. സാധാരണക്കാരുടെ ഈ മാനസികാവസ്ഥ പഠിച്ച് തട്ടിപ്പുകാര്‍ പിന്നീടത് കൃത്യമായി ഉപയോഗപ്പെടുത്തുന്നു.
കൂടെനിന്ന് ഫോട്ടോ എടുത്തവരും മൊബൈലില്‍ സംസാരിച്ചവരും ഉള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്ന തട്ടിപ്പുരീതികളില്‍ സരിതാ എസ്.നായരും സ്വപ്നാ സുരേഷും സഞ്ചരിച്ച പാതയില്‍ത്തന്നെയായിരുന്നു മോണ്‍സണ്‍ മാവുങ്കലും. കെട്ടുകാഴ്ചകള്‍കൊണ്ടും വാഗ്ദാനങ്ങള്‍ കൊണ്ടും അധികാരകേന്ദ്രങ്ങളെയും അതുവഴി സമൂഹത്തെയും കബളിപ്പിക്കാന്‍ കഴിയുന്ന തട്ടിപ്പുകാരാണിവര്‍.
ഇത്തരം തട്ടിപ്പുകാരെ അവതാരങ്ങള്‍ എന്നു വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണ സംവിധാനത്തില്‍ ഇത്തരം അവതാരങ്ങളുടെ ഇടപെടല്‍ യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയുടെ നയപ്രഖ്യാപന വേളയിലാണ് പിണറായി വിജയന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ദൃശ്യവും അദൃശ്യവും നേരിട്ടും അല്ലാതെയുമുള്ള അവതാരങ്ങളുടെ ഇടപെടലിനെ അദ്ദേഹത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്ന മന്ത്രിസഭയ്ക്കും എത്രകണ്ട് ചെറുക്കാനായി എന്നത് ആലോചിക്കേണ്ടുന്ന വിഷയമാണ്.
മോന്‍സണിലെത്തി നില്‍ക്കുന്ന തട്ടിപ്പ്
പോയ കാലത്തിന്റെ ന•കളെയും പാരമ്പര്യത്തെയും അതിന്റെ തിരുശേഷിപ്പുകളെയും അന്ധവിശ്വാസങ്ങളെയും പുണര്‍ന്നു ജീവിക്കുന്ന മലയാളി മാനസികാവസ്ഥയെ ആഴത്തില്‍ പഠിച്ച് പുരാവസ്തുക്കളുടെയും അമൂല്യമെന്നു കല്‍പ്പിക്കപ്പെടുന്നവയുടെയും വ്യാജപ്പതിപ്പുകളുണ്ടാക്കി വിദഗ്ധമായി പറ്റിച്ചു ജീവിച്ച തട്ടിപ്പുകാരനായിരുന്നു മോന്‍സണ്‍ മാവുങ്കല്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വത്തെയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും മതമേലധ്യക്ഷ•ാരെയുമെല്ലാം വലയിലാക്കുന്നതുവഴി സരിതയും സ്വപ്നയും മുന്നോട്ടുവെച്ച തട്ടിപ്പുരീതി തന്നെയാണ് മോന്‍സണും നടപ്പില്‍വരുത്തിയത്.
പുരാണങ്ങളിലും മുത്തശ്ശിക്കഥകളിലുമുള്ള വസ്തുക്കള്‍ നേരിട്ടു കണ്ടപ്പോള്‍ അതെല്ലാം ഉള്ളതു തന്നെയാണെന്ന് വിശ്വസിക്കാനായിരുന്നു പ്രബുദ്ധ മലയാളികള്‍ക്ക് താത്പര്യം. അതല്ലാതെ പുരാണങ്ങളുടെയും കെട്ടുകഥകളുടെയും ആധികാരികതയോ അവയില്‍ പ്രതിപാദിക്കുന്ന കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവര്‍ തന്നെയാണോ, ഇനി ജീവിച്ചിരുന്നെങ്കില്‍ തന്നെ മണ്‍കലവും ഭരണിയും പോലെയുള്ളവ ഇത്ര കാലം എങ്ങനെ കേടുകൂടാതെ ഇരുന്നുവെന്നുമുള്ള യുക്തികള്‍ക്കായി സമയം മെനക്കെടുത്താന്‍ മലയാളികള്‍ തയ്യാറല്ലായിരുന്നു. അങ്ങനെയൊരു യുക്തിചിന്ത മലയാളി ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ശ്രീകൃഷ്ണന്റെ അമ്മ യശോദ ഉപയോഗിച്ച മരക്കലം, ഗണപതിയുടെ താളിയോല, മുഹമ്മദ് നബിയുടെ മണ്‍വിളക്ക്, മോശയുടെ അംശവടി, യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍ ലഭിച്ച വെള്ളിനാണയം, വെള്ളം വീഞ്ഞാക്കാന്‍ യേശു ഉപയോഗിച്ച കല്‍ഭരണി തുടങ്ങി പുരാണങ്ങളിലെയും കല്‍പ്പിത കഥകളിലെയും ദിവ്യശേഷിയുള്ളവര്‍ ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഒരാളെ വിശ്വസിക്കാന്‍ മെനക്കെടുമായിരുന്നില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, മത മേലധികാരികള്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവരെല്ലാം തന്റെ പുരാവസ്തു ശേഖരം സന്ദര്‍ശിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തത് വിറ്റു കാശാക്കുകയായിരുന്നു മോന്‍സണ്‍.
മോന്‍സണ്‍ പുരാവസ്തുവെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഭൂരിഭാഗം വസ്തുക്കളും വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുറഞ്ഞ ചെലവില്‍ ആശാരിമാരെക്കൊണ്ടും ശില്പികളെക്കൊണ്ടും ചെയ്യിപ്പിച്ച വസ്തുക്കളായിരുന്നു നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും പഴക്കവും പെരുമയും കാണിച്ച് മോന്‍സണ്‍ ഉന്നതര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരെ സ്വാധീനിച്ചത്. മോശയുടെ അംശവടി എന്ന പേരില്‍ പ്രചരിപ്പിച്ച ഊന്നുവടിക്ക് 2000 രൂപ മാത്രമാണ് മോന്‍സണ് ചെലവഴിക്കേണ്ടിവന്നത്. ചില്ലറ ലക്ഷങ്ങള്‍ ചെലവിട്ട് പണികഴിപ്പിച്ച ശില്‍പ്പങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രപ്രാധാന്യവും കാണിച്ച് കോടികളുടെ മൂല്യം നിശ്ചയിച്ചു. ടിപ്പു സുല്‍ത്താന്റേതെന്ന് അകാശപ്പെട്ട സിംഹാസനത്തിന് അഞ്ച് വര്‍ഷത്തെ പഴക്കം മാത്രമായിരുന്നു. മോന്‍സന്റെ കൈവശമുണ്ടായിരുന്ന താളിയോലകളില്‍ ഏറിയ പങ്കും വ്യാജമാണെന്ന് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 2.62 ലക്ഷം കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടുള്ളത് പിന്‍വലിക്കുന്നതിന് പണം വേണമെന്നാവശ്യപ്പെട്ട് പത്തു കോടിയോളം രൂപ ഇയാള്‍ തട്ടിച്ചെടുത്തെന്ന് കാട്ടി പരാതിയുമായി ആളുകളെത്തി. മറ്റെല്ലാ തട്ടിപ്പുകാരെയും പോലെ ആകര്‍ഷകമായ വാക്ചാതുരിയായിരുന്നു അത്യാഡംബര ജീവിതം നയിച്ചിരുന്ന മോന്‍സന്റെയും മുഖമുദ്ര. ഇയാള്‍ പഴയ ആഡംബര കാറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി പുരാവസ്തു മ്യൂസിയം കൂടിയായ വീട്ടുമുറ്റത്ത് നിരത്തി താന്‍ വലിയ സമ്പന്നനാണെന്ന് സന്ദര്‍ശകരെ വിശ്വസിപ്പിച്ചു. രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
പണത്തോട് ആര്‍ത്തിയുള്ള ഒരു സമൂഹം
-എം.എന്‍. കാരശ്ശേരി
പൊതുവെ കേരളീയര്‍ ആര്‍ത്തിക്കൂടുതലുള്ളവരും വെറും പൊങ്ങച്ചക്കാരുമാണ്. ഇതു തന്നെയാണ് മലയാളിയെ പണത്തട്ടിപ്പിന് ഇരയാക്കുന്നതും. പണത്തട്ടിപ്പില്‍ എല്ലാവരും ഒരുപോലെ ഇരകളാകുന്നു. പിഎച്ച്ഡിക്കാരെയും വിദ്യാസമ്പന്നരെയുമെല്ലാം തട്ടിപ്പുകാര്‍ വിദഗ്ധമായി പറ്റിക്കും.
എന്തു തട്ടിപ്പും ഇവിടെ വിലപ്പോകും. ധനാകര്‍ഷണ യന്ത്രം കൊണ്‍് പണം കിട്ടുമെന്ന് ഉറപ്പുണ്‍െങ്കില്‍ വില്‍ക്കുന്നയാള്‍ക്ക് അത് സ്വന്തം വീട്ടില്‍ വെച്ചാല്‍ പോരേ. എന്തിന് മറ്റുള്ളവര്‍ക്കു കൊടുക്കണം. അപ്പോള്‍ അതുകൊണ്ട് പണം കിട്ടില്ല എന്നുറപ്പല്ലേ. ഇതാലോചിക്കാന്‍ വാങ്ങുന്നവര്‍ തയ്യാറല്ല. യന്ത്രം വാങ്ങിക്കാനും വീട്ടില്‍ വെച്ച് ധനം ആകര്‍ഷിക്കാനും കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച് തട്ടിപ്പിന് ഇരയാകാന്‍ തയ്യാറാണ് മലയാളികള്‍. പണത്തോട് അത്ര ആര്‍ത്തിയാണ്. അവനവന്‍ എല്ലാം ചെയ്യുന്നുവെന്ന പൊങ്ങച്ചമാണ് മലയാളികളിലുള്ളത്.
കേരളത്തിലെ എല്ലാ തട്ടിപ്പിലും ഒരു സ്ത്രീസാന്നിധ്യം ഉണ്‍െന്നു കാണാം. അത് ഏറ്റവുമൊടുവിലത്തെ പുരാവസ്തു തട്ടിപ്പിലുമുണ്ട്. സോളാര്‍, സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം സ്ത്രീകളാണ് കേന്ദ്ര ആകര്‍ഷണം. കള്ളന്മാരും ബിസിനസ്സുകാരും രാഷ്ട്രീയക്കാരുമെല്ലാം തട്ടിപ്പിന് മുന്നില്‍ നിര്‍ത്തുന്നത് സ്ത്രീകളെയാണ്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ മേഖലയിലെ പ്രധാന ഘടകം ലൈംഗികതയാണ് എന്നതു തന്നെയാണ് ഇതിനു കാരണം. ഇത് മലയാളി തുറന്നു സമ്മതിക്കില്ല. കപട സദാചാരത്തിന്റെ ഹെഡ് ഓഫീസാണ് കേരളം. ബസ്സില്‍ സ്ത്രീകളുടെ അടുത്ത് ഇരിക്കില്ല. പക്ഷേ ട്രെയിനില്‍ ഇരിക്കും, ജീപ്പില്‍ ഇരിക്കും, തോണിയില്‍ ഇരിക്കും. ഇതാണ് മലയാളിയുടെ കാപട്യവും കപട സദാചാരവും.
സമ്പത്തും ആഡംബരവും കൊണ്ടുള്ള വിലയിരുത്തലാണ് പ്രശ്‌നം
ഡോ.അരുണ്‍ ബി.നായര്‍
മാനസികാരോഗ്യ വിദഗ്ധന്‍
അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി,
മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
മധ്യവര്‍ത്തി മലയാളി സമൂഹത്തിന് ഉപരിപ്ലവമായ വര്‍ണശബളിമകളോടും ആഡംബരത്തോടുമുള്ള ഭ്രമമാണ് പലപ്പോഴും തട്ടിപ്പുകള്‍ക്ക് ഇരയായിപ്പോകുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ബാഹ്യമായിട്ടുള്ള ആഡംബരങ്ങള്‍, സമ്പത്തിന്റെയും വസ്ത്രങ്ങളുടെയും മറ്റ് ആഡംബര വസ്തുക്കളുടെയും പ്രകടനങ്ങളാണ് മഹത്വത്തിന്റെ മാനദണ്ഡം എന്നൊരു സന്ദേശം നമ്മള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ കടുത്ത മാത്സര്യ വിദ്വേഷ ദുര്‍ഭാവങ്ങളില്‍ അധിഷ്ഠിതമായ ഒരു വളര്‍ത്തല്‍ രീതിയാണ് നാം പരീക്ഷിച്ചു കൊണ്‍ിരിക്കുന്നത്. കുട്ടികളോട് മറ്റുള്ളവരേക്കാള്‍ നേട്ടം കൈവരിക്കുക, മറ്റുള്ളവരേക്കാള്‍ മുന്നിലെത്തുക, അവരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുക എന്ന മട്ടിലുള്ള ആശയം വിനിമയം ചെയ്യുമ്പോള്‍ അവര്‍ മുതിരുമ്പോഴും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാനുള്ള പ്രവണത പ്രകടമായിരിക്കും. ഈ താരതമ്യം, സമ്പത്ത്, ആഡംബര വസ്തുക്കള്‍, വീടിന്റെ വലിപ്പം, വാഹനം, ധരിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പ്രകടമാകുന്നത്. ഏതു വിധേനയും മറ്റുള്ളവരേക്കാള്‍ സമ്പന്നരാകുക, മറ്റുള്ളവരേക്കാള്‍ സുഖസൗകര്യങ്ങളോടെ ജീവിക്കുക എന്നൊരു കാഴ്ചപ്പാടിലേക്ക് മലയാളി എത്തിച്ചേരുന്നത് ഈയൊരു ചിന്താഗതിയുടെ പശ്ചാത്തലത്തിലാണ്. സ്വാഭാവികമായും അധ്വാനിക്കാതെ എളുപ്പത്തില്‍ സമ്പത്ത് കൈവരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചായിരിക്കും പിന്നീട് അവരുടെ ചിന്ത.
ഇന്റര്‍നെറ്റ് പോലുള്ളവയുടെ കടന്നുവരവോടുകൂടി മനുഷ്യസ്വഭാവത്തില്‍ വന്നിട്ടുള്ള അക്ഷമയും എടുത്തുചാട്ടവും മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. 30 വര്‍ഷം മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ അവിടെ പോയി ഭക്ഷണം വാങ്ങേണ്ടി വന്നിരുന്നു. സിനിമ കാണാന്‍ ടിക്കറ്റ് എടുക്കണമെങ്കില്‍ തിയേറ്ററില്‍ പോയി ക്യൂ നില്‍ക്കണമായിരുന്നു. ഒരു പ്രണയലേഖനത്തിനു മറുപടി കിട്ടാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇന്നിപ്പോള്‍ വളരെ പെട്ടെന്ന് മൊബൈലിലെ മൂന്നാല് ക്ലിക്കുകളിലൂടെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം സാധ്യമാക്കാനുള്ള സാഹചര്യങ്ങള്‍ വന്നിരിക്കുകയാണ്. സ്വാഭാവികമായും മനസ്സില്‍ ആഗ്രഹിക്കുകയും അത് നിറവേറ്റുകയും ചെയ്യുന്നതിലെ ഒരു ഇടവേള കുറഞ്ഞിരിക്കുന്നു.
മുന്‍കാലഘട്ടങ്ങളില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിറവേറ്റി വിജയിക്കുന്നതില്‍ അല്‍പ്പം സമയമെടുത്തിരുന്നു. സമയം എടുക്കുന്നതു കൊണ്‍ുതന്നെ വിജയിക്കാനും പരാജയപ്പെടാനുമുള്ള സാധ്യതകള്‍ മനസ്സില്‍ കണ്‍് രണ്‍ുമായും സമരസപ്പെട്ടു പോകാന്‍ മനുഷ്യന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ വളരെ പെട്ടെന്ന് ആഗ്രഹങ്ങള്‍ സഫലമാകുന്ന പശ്ചാത്തലത്തില്‍ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യവുമായി സമരസപ്പെടാന്‍ സമയം കിട്ടുന്നില്ല. എല്ലാം നേടിയെടുക്കുക, വെട്ടിപ്പിടിക്കുക, എത്രയും പെട്ടെന്ന് എല്ലാം കൈക്കലാക്കുക എന്നൊരു അക്ഷമയും എടുത്തുചാട്ടവും മനുഷ്യസ്വഭാവത്തില്‍ കടന്നുവന്നിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തട്ടിപ്പുകള്‍ക്ക് വളരെ പെട്ടെന്ന് വശംവദരായി പോകുന്ന അവസ്ഥയിലേക്ക് മലയാളികള്‍ എത്തുന്നത്.
ഇപ്പോള്‍ ഏറ്റവും പുതിയ വിവാദപരമായ തട്ടിപ്പില്‍ പോലും വളരെ സമ്പന്നരായിട്ടുള്ള ആളുകള്‍, സാമ്പത്തികമായും സാമൂഹികമായും ഔദ്യോഗികമായും ഉന്നതിയില്‍ നില്‍ക്കുന്ന ആളുകള്‍ ചില പുരാവസ്തുക്കള്‍ കൈക്കലാക്കുകയും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുക വഴി മറ്റുള്ളവരുടെ മുമ്പില്‍ താനൊരു വലിയ ആളാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചാണ് അബദ്ധത്തില്‍ ചെന്നു ചാടിയിട്ടുള്ളത്.
ഒരു വ്യക്തിയുടെ മഹത്വം എന്തില്‍ അധിഷ്ഠിതമായിട്ടുള്ളതാണ് എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായൊരു ദിശാബോധം സമൂഹത്തിന് ലഭിക്കേണ്‍തുണ്‍്. അതു സ്‌കൂള്‍ കാലം തൊട്ടു തന്നെ വിദ്യാര്‍ഥികളുടെ മനസ്സിലേക്ക് വ്യക്തമായി കടത്തിവിടേണ്‍ുന്ന ആശയം കൂടിയാണ്. ഒരു വ്യക്തിയെ ബഹുമാനിക്കേണ്‍ത് പ്രാഥമികമായി അയാളുടെ സ്വഭാവഗുണം കൊണ്‍ാണ്. രണ്‍ാമത് അയാളുടെ കഴിവുകള്‍, യോഗ്യതകള്‍, അദ്ദേഹം സമൂഹത്തിന് എന്തു സംഭാവന നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. മൂന്നാമത് മാത്രമാണ് അദ്ദേഹത്തിന്റെ അക്കാദമിക മികവോ അല്ലെങ്കില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളോ പോലെയുള്ള കാര്യങ്ങള്‍ വരുന്നത്. ഒരാളുടെ സമ്പത്തും കൈയില്‍ ലഭ്യമായിട്ടുള്ള ആഡംബര വസ്തുക്കളും അയാളെ വിലയിരുത്താനുള്ള ഒരു മാനദണ്ഡം ആകാനേ പാടില്ല. ഈയൊരു ആശയം ചെറുപ്രായത്തിലേ കുട്ടികളിലേക്ക് കടത്തിവിട്ടു കഴിഞ്ഞാല്‍ അടുത്തൊരു തലമുറയെ എങ്കിലും ഈ ആഡംബര ഭ്രമത്തില്‍ നിന്നും എടുത്തുചാട്ടത്തില്‍ നിന്നും കുറുക്കുവഴിയിലൂടെ സമ്പന്നത സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളില്‍ നിന്നും അതുവഴി ഇത്തരം തട്ടിപ്പുകള്‍ക്ക് വശംവദരാകുന്ന അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ സാധിക്കും.
പ്രസാധകന്‍, 2021 നവംബര്‍
No comments:
Post a Comment