റിലീസിന്റെ ആദ്യദിവസം കെജിഎഫ് രണ്ടാം ചാപ്റ്ററിന് കിട്ടിയ ഏറ്റവും വിലപ്പെട്ട പ്രശംസകളിലൊന്ന് ബോളിവുഡിലെ തലമുതിര്‍ന്ന സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയില്‍ നിന്നായിരുന്നു. 'കെജിഎഫിന്റെ മോണ്‍സ്റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മ്മാണത്തില്‍ മുടക്കിയാല്‍ മികച്ച നിലവാരമുള്ള സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്' എന്നായിരുന്നു ഇന്ത്യന്‍ ഗ്യാങ്സ്റ്റര്‍ ജോണര്‍ സിനിമയില്‍ പുതുവഴി വെട്ടിയ സംവിധായകന്റെ ട്വീറ്റ്. കെജിഎഫ് സാധ്യമാക്കുന്ന ഉന്നതമായ ആസ്വാദന നിലവാരം ഈ അഭിപ്രായത്തെ അക്ഷരംപ്രതി ശരിവയ്ക്കുന്നു.
ഒറ്റനോട്ടത്തില്‍ യഷ് എന്ന ഇന്ത്യന്‍ സിനിമയിലെ പുതിയ സെന്‍സേഷന്റെ ഹീറോയിക് പരിവേഷം അരയ്ക്കിട്ടുറപ്പിക്കുന്ന സിനിമ എന്ന നിലയ്ക്കാണ് കെജിഎഫ്-2 വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതിലുപരി പ്രശാന്ത് നീല്‍ എന്ന കഴിവുറ്റ ക്രാഫ്റ്റ്മാന്റെ അത്യുജ്ജ്വല സൃഷ്ടി എന്ന നിലയ്ക്കാണ് കെജിഎഫ് വിലയിരുത്തപ്പെടേണ്ടത്. ഹിന്ദിയില്‍ ഉള്‍പ്പെടെ താരപരിവേഷത്തിനും അവരുടെ ഉയര്‍ന്ന പ്രതിഫലത്തിനും മാത്രമായി പണമെറിഞ്ഞ് നിലവാരമില്ലാത്ത വാര്‍പ്പുമാതൃക സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന രീതി പരക്കെ നിലനില്‍ക്കുമ്പോഴാണ് (ബാഹുബലിയിലൂടെ താരപരിവേഷം നേടിയെടുത്ത പ്രഭാസിന്റെ 'രാധേ ശ്യാം' ആണ് ഏറ്റവും പുതിയ ഉദാഹരണം. 350 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററില്‍ സമ്പൂര്‍ണ ദുരന്തമായി) താരങ്ങള്‍ക്കൊപ്പം മേക്കിംഗില്‍ വിട്ടുവീഴ്ചയില്ലാത്ത ഉന്നതനിലവാരം പുലര്‍ത്തണമെന്ന സംവിധായകന്റെ ആഗ്രഹത്തിനു കൂടി കെജിഎഫ് പണം ചെലവിടുന്നത്. അങ്ങനെയാണ് കെജിഎഫ് കേവലം താരനിര്‍മ്മിതിക്കപ്പുറം നിര്‍മ്മാണത്തിലെ ഉന്നതനിലവാരം കൊണ്ട് ഇന്ത്യന്‍ വാണിജ്യ സിനിമാ ചരിത്രത്തിലെ യശസ്സുറ്റ പദവിയിലേക്ക് ഉയരുന്നത്.
ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ അത്രയൊന്നും പ്രാമുഖ്യമില്ലാതിരുന്നു ഇന്‍ഡസ്ട്രിയായിരുന്ന കന്നടയുടെ മുഖ്യധാരാ പ്രവേശം സാധ്യമാക്കിയ സിനിമയായിരുന്നു കെജിഎഫ്. കന്നടയില്‍ നിന്നുള്ള പതിവ് മാസ് മസാല ചിത്രമെന്ന മുന്‍ധാരണയില്‍ റിലീസ് വേളയില്‍ ഇതര സംസ്ഥാന പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരുന്ന സിനിമ കൂടിയായിരുന്നു ഇത്. പാന്‍ ഇന്ത്യ റിലീസും സിനിമയ്ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ ഈ സിനിമ അതിന്റെ അവതരണശൈലിയുടേതിനു സമാനമായി ബോക്‌സോഫീസിലും പതിയെ കത്തിപ്പിടിക്കുകയായിരുന്നു. മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകര്‍ഷണീയവുമായ ആഖ്യാനവും കെജിഎഫിനെ കള്‍ട്ട് സ്റ്റാറ്റസിലേക്കുയര്‍ത്തി. 2018ല്‍ 80 കോടി ബജറ്റില്‍ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റര്‍ 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോര്‍ഡ് നേടി. രണ്ടാം ചാപ്റ്ററിന്റെ റിലീസിനു തൊട്ടു മുമ്പ് ആരാധകരുടെ ആവശ്യപ്രകാരം തിയേറ്ററില്‍ വീണ്ടും ആദ്യ ഭാഗം റിലീസ് ചെയ്യുകയുണ്ടായി. മേജര്‍ റിലീസിനു ശേഷം മൂന്നു തവണയാണ് കെജിഎഫ് വീണ്ടും റിലീസ് ചെയ്യപ്പെട്ടത്. ഇത് ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്കിടയില്‍ നാലു വര്‍ഷത്തിനിടെ കെജിഎഫ് ഉണ്ടാക്കിയെടുത്ത വന്‍ ജനപ്രീതിയെയും സ്വാധീനത്തെയും കാണിക്കുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പാണ് ചലച്ചിത്ര പ്രേമികളില്‍ നിന്ന് ഉണ്ടായത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ് കെജിഎഫ്. ആവേശമുണ്ടാക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും സംഭാഷണങ്ങളും ഡ്രാമ ക്രിയേഷനും കൊണ്ട് പ്രേക്ഷകരുടെ പ്രീതി ആവോളം നേടിയെടുത്ത ഒരു സിനിമയ്ക്ക് അതേ നിലവാരത്തിലും ചടുലതയിലും തുടര്‍ഭാഗം ഒരുക്കുകയെന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല. പ്രേക്ഷകപ്രതീക്ഷയെ സാധൂകരിക്കുക എന്നതു തന്നെയാണ് വലിയ വെല്ലുവിളി. സിനിമാപ്രേമികളുടെ ഈ പ്രതീക്ഷയെയാണ് പ്രശാന്ത് നീലും സംഘവും പരിപൂര്‍ണമായി തൃപ്തിപ്പെടുത്തുന്നത്.
കഥ ഇനിയാണ് തുടങ്ങുന്നത് എന്നു പറഞ്ഞവസാനിപ്പിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്ന് രാജ കൃഷ്ണപ്പ ഭൈരിയ റോക്കി ആകുന്ന കഥാവികസനം രണ്ടാം ചാപ്റ്ററില്‍ സാധ്യമാകുന്നു. തീപ്പൊരി കത്തിപ്പിടിക്കുന്നതിന്റെ സൂചന ആദ്യഭാഗത്തിനൊടുവില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് കാട്ടുതീയായി പടരുകയാണ് രണ്ടാം ചാപ്റ്ററില്‍. റോക്കിയുടെ നായകാരോഹണം ഇവിടെ പൂര്‍ണത പ്രാപിക്കുന്നു. ബോംബെ തെരുവിലെ പട്ടിണിക്കാലത്തു നിന്ന് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ അധിപതിയാകുന്ന നായകന്റെ വളര്‍ച്ച പരിപൂര്‍ണതയുള്ള ഫിക്ഷനാകുന്നു. കഥാഗതിയോടു ചേര്‍ന്നുനിന്ന് അതിമാനുഷവൃത്തികള്‍ ചെയ്തുപോരുന്ന നായകനെ പ്രേക്ഷകര്‍ സന്ദേഹം കൂടാതെ അംഗീകരിക്കും. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലും ഇന്ത്യന്‍ പാര്‍ലമെന്റിലും കടന്നുചെന്ന് ഹീറോയിസം കാണിക്കുന്ന നായകന് കൈയടി നല്‍കാന്‍ കാണികള്‍ മടിക്കില്ല.
മുത്തശ്ശിക്കഥകളിലെ രാജകുമാരന്റെയും രാക്ഷസന്റെയും നിധിയുടെയും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവരാണ് എല്ലാ മനുഷ്യരും. മുത്തശ്ശിക്കഥകളുടെ കേട്ടിരുപ്പുകാര്‍ കുട്ടികളെങ്കിലും, കഥ കേള്‍ക്കാനുള്ള കുട്ടിമനസ്സ് നഷ്ടപ്പെടുത്താത്തവരാണ് മുതിര്‍ന്ന മനുഷ്യര്‍. അതുകൊണ്ടുതന്നെ അവസരം കിട്ടിയാല്‍ അവര്‍ ആ കഥയ്ക്ക് ചെവിയോര്‍ക്കും. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെയും രാജ്യത്തിന്റെ തന്നെയും ആകാശത്തോളം വളരുന്ന രാജ കൃഷ്ണപ്പ ഭൈരിയയുടെ കഥയും ഇത്തരത്തിലൊന്നാണ്. അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിക്കുന്ന മകന്റെ കഥയ്ക്ക് ഒരു മുത്തശ്ശിക്കഥയോളം കൗതുകമുണ്ട്. തെരുവില്‍ പട്ടിണി കിടന്ന്, മൃഗതുല്യമായ അവഗണനയും അക്രമവുമേറ്റ് ഒരു നാള്‍ സഹികെട്ട് തിരിച്ചടിക്കുന്നവന്‍ പിന്നീട് തിരിഞ്ഞുനോക്കുന്നില്ല. അവന് വലിയൊരു ലക്ഷ്യമുണ്ട്. അത് സാധിച്ചെടുക്കുവാനുള്ള കരുനീക്കമാണ് പിന്നീട്. ഖനിയിലെ പണിയാളരുടെ കൂട്ടത്തിലൊരാളും തങ്ങളുടെ രക്ഷകനെന്ന് അവര്‍ക്ക് തന്നെ തോന്നുന്ന വിധമുള്ള ആകര്‍ഷണവും അയാളെ രക്ഷാകര്‍തൃ സ്ഥാനത്ത് അവരോധിക്കുവാന്‍ ഇടയാക്കുന്നു. പ്രതികരിക്കാനും നയിക്കാനും ഒരാളുണ്ടെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കാന്‍ തയ്യാറായിരുന്നു അവരെല്ലാം. തന്റെ ലക്ഷ്യം സാധിക്കുന്നതിനോടൊപ്പം തന്നെ ആശ്രയിക്കുന്നവര്‍ക്ക് താങ്ങാകണമെന്ന നിഷ്‌കര്‍ഷ കൂടിയുണ്ടായിരുന്നു അയാള്‍ക്ക്. അമ്മയുടെ ആഗ്രഹം സഫലമാക്കി അമ്മയ്ക്കരികിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം നിന്നവര്‍ക്ക് തണലൊരുക്കി കൂടിയാണ് അയാള്‍ നേതാവായി അവര്‍ക്കിടയില്‍ അവശേഷിക്കുന്നത്.
ഒന്നര പതിറ്റാണ്ട് മുമ്പ് 500 രൂപ ദിവസക്കൂലിക്ക് സീരിയലില്‍ വേഷമിട്ടിരുന്നു യഷ് എന്ന ഇന്നത്തെ പാന്‍ ഇന്ത്യ സൂപ്പര്‍താരം. പാരമ്പര്യത്തിന്റേയോ താരപിതാമഹന്മാരുടെയോ പിന്തുണയില്ലാതെ അഭിനയമോഹം മാത്രം കൈമുതലാക്കി തന്റേതായ ദിവസത്തിനു വേണ്ടി അയാള്‍ കാത്തിരുന്നു. ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയും മകന്റെ ആഗ്രഹത്തിന് എതിരു നിന്നില്ല. ബൈക്കോടിച്ച് അയാള്‍ സീരിയല്‍ സെറ്റുകളിലെത്തി. കഥാപാത്രങ്ങള്‍ക്ക് ലഭിച്ച ചെറിയ പ്രതിഫലം കൊണ്ട് പുതിയ ഷര്‍ട്ടും പാന്റും വാങ്ങി. കിട്ടുന്ന പണം കൂട്ടിവച്ച് ഒരു കാര്‍ വാങ്ങാന്‍ ഉപദേശിച്ചവരോട് 'ഒരു നാള്‍ ഞാന്‍ വലിയ കാര്‍ വാങ്ങും, അതു വരെ ആവശ്യത്തിന് നല്ല തുണി വാങ്ങി ഇടട്ടെ' എന്നു മറുപടി നല്‍കി. അയാള്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. നായകനായി. കരിയറില്‍ ആദ്യഘട്ടത്തില്‍ പരാജയങ്ങളേറ്റു വാങ്ങി. പിന്നീട് സോളോ ഹിറ്റുകള്‍ ഉണ്ടായി. 50 കോടി ക്ലബ്ബ് ചിത്രത്തില്‍ നായകനായി. ഒടുവില്‍ 2018 ല്‍ കെജിഎഫ് എന്ന അത്ഭുതത്തിന്റെ ഭാഗമാകാന്‍ സാധിച്ചതോടെ ആഗ്രഹിച്ച ഉയരത്തില്‍ അയാള്‍ എത്തി. കെജിഎഫ് കഥയിലെ രാജ കൃഷ്ണപ്പ ഭൈരിയയുടെ വളര്‍ച്ചയോളം മാനമില്ലെങ്കിലും ജോലിയുള്ളപ്പോള്‍ മാത്രം സാധ്യമായിരുന്ന 500 രൂപയുടെ ദിവസക്കൂലിയില്‍നിന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന പാന്‍ ഇന്ത്യന്‍ ആരാധകരുള്ള സൂപ്പര്‍താരത്തിലേക്കുള്ള നവീന്‍കുമാര്‍ ഗൗഡ എന്ന യഷിന്റെ വളര്‍ച്ചയ്ക്കു പിന്നിലെ അധ്വാനം മാതൃകാപരമാണ്.
ബോളിവുഡിലെ മേജര്‍ റിലീസുകള്‍ വരെ കെജിഎഫിനു വേണ്ടി തീയതി ക്രമീകരിക്കും വിധം യഷ് എന്ന നായകനും റോക്കി എന്ന കഥാപാത്രവും വളര്‍ന്നു. തെന്നിന്ത്യന്‍യില്‍ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍താരങ്ങളിലൊരാളായ വിജയിന്റെ ബീസ്റ്റിന്റെ റിലീസിനും വലിയ ആശങ്കയുണ്ടാക്കാന്‍ കെജിഎഫിനായി. ഈ സിനിമയോടെ കന്നട ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ വാണിജ്യ സിനിമയുടെ മുഖ്യധാരയിലേക്ക് പ്രവേശിപ്പിക്കാനും യഷിന് സാധിച്ചു. കന്നടയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ആദ്യ ദിന ഗ്രോസ് 134.5 കോടിയാണ്. ഇതില്‍ 64 കോടി ഹിന്ദിയില്‍ നിന്നാണെന്നത് ബോളിവുഡ് അടക്കമുള്ള ഇന്‍ഡസ്ട്രികളില്‍ കെജിഎഫ് ഉണ്ടാക്കിയ സ്വാധീനത്തെ കാണിക്കുന്നു. കേരളത്തില്‍നിന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടാനും കെജിഎഫിനായി, 8 കോടി. സിനിമ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയെടുക്കാനായതോടെ ആര്‍ആര്‍ആര്‍, ബാഹുബലി-2 പോലെയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ സാധ്യമാക്കിയ ഇന്ത്യന്‍ സിനിമാ വിപണിയിലെ റെക്കോര്‍ഡ് കളക്ഷന്‍ എന്ന ഉയരം കീഴടക്കാന്‍ കെജിഎഫിന് സാധ്യമാകുമെന്നതില്‍ സംശയമില്ല. ഇതോടെ ഇന്ത്യന്‍ സിനിമാ വിപണി കാലങ്ങളായി അടക്കിവാണിരുന്ന ബോളിവുഡിന് ഭാവിയില്‍ ദക്ഷിണേന്ത്യന്‍ താരസിനിമകള്‍ തീര്‍ക്കുന്ന ബോക്‌സോഫീസ് ഭീഷണി അത്ര അവഗണിക്കാവുന്ന ഒന്നായിരിക്കില്ല.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഏപ്രില്‍ 16, ഷോ റീല്‍ 15