Monday, 18 April 2022

ഭീഷ്മപര്‍വ്വവും ആറാട്ടും; രണ്ടുതരം താരസിനിമകള്‍


ഓരോ താരസിനിമയേയും വലിയ ആവേശത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കാറ്. മറ്റു സിനിമകള്‍ക്കു ലഭിക്കാത്ത പ്രീ പബ്ലിസിറ്റിയും ഈ സിനിമകളുടെ പ്രത്യേകയാണ്. ഇത്തരത്തില്‍ അടുത്തിടെ മലയാളത്തില്‍ ഏറ്റവുമധികം വരവേല്‍പ്പ് ലഭിച്ച രണ്ടു താരസിനിമകളാണ് ആറാട്ടും ഭീഷ്മപര്‍വ്വവും. മലയാള സിനിമയില്‍ വിപണിമൂല്യമുള്ള പുതുതലമുറ നായകന്മാര്‍ രൂപപ്പെട്ടു കഴിഞ്ഞെങ്കിലും ജനപ്രിയതയിലും വിപണിമൂല്യത്തിലും ഇപ്പോഴും മുന്‍പന്തിയിലുള്ളത് മുതിര്‍ന്ന സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ്. തങ്ങളുടെ വിപണിമൂല്യത്തെയും ജനകീയതയെയും ചൂഷണം ചെയ്യുന്ന സിനിമകളില്‍ തന്നെയാണ് ഈ നായകന്മാര്‍ ഏറിയ പങ്കും ഭാഗമാകാറുള്ളതും. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവരുടെ സിനിമകള്‍ ഗുണനിലവാരത്തില്‍ പ്രകടമായ ശോഷണം സംഭവിക്കുന്നതും പ്രകടമാണ്. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പ്രേക്ഷകപ്രതീക്ഷയെ സാധൂകരിക്കുന്ന ചില സിനിമകളെങ്കിലും ഇവരില്‍നിന്ന് പുറത്തുവരാറുള്ളത്. 

ഈ നായകന്മാരുടെ ക്രൗഡ് പുള്ളര്‍ ഇമേജിനെ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന സിനിമകളാണ് ഏറ്റവുമൊടുവില്‍ ഇരുവരുടേതുമായി പുറത്തിറങ്ങിയ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടും ഭീഷ്മപര്‍വ്വവും. കോവിഡിനു ശേഷമുള്ള തിയേറ്റര്‍ ബിസിനസിന് ഇത്തരത്തിലുള്ള താരകേന്ദ്രീകൃത സിനിമകള്‍ അനിവാര്യവുമായിരുന്നു. ആദ്യദിവസങ്ങളില്‍ കാണികളെ ആകര്‍ഷിക്കുന്നതില്‍ ഇരുസിനിമകളും ഒരുപോലെ വിജയിക്കുകയും ഗുണനിലവാരം അളവുകോലായപ്പോള്‍ ആറാട്ട് പിറകിലേക്കു പോകുന്നതും കാണാനായി.

വലിയ പ്രീ പബ്ലിസിറ്റി നല്‍കി പ്രേക്ഷകപ്രതീക്ഷയെ തൃപ്തിപ്പെടുത്താനാകാതെ പോയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ അനുഭവം ഉള്ളതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ട, ഇതൊരു മാസ് മസാല ചിത്രം മാത്രമാണെന്നു മുന്‍കൂര്‍ പറഞ്ഞുകൊണ്ടായിരുന്നു ആറാട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ അടക്കം പുറത്തുവിട്ടത്. വലിയ അവകാശവാദങ്ങള്‍ നടത്താന്‍ അണിയറക്കാര്‍ തയ്യാറായില്ലെങ്കിലും മോഹന്‍ലാലിന്റെ ആരാധകര്‍ ആവേശത്തോടെയാണ് ആറാട്ടിനെ വരവേറ്റത്. പുതുമകളില്ലാത്ത ചിത്രമെന്ന അണിയറപ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍ ഒരുപരിധി വരെ ആറാട്ടിന് ഗുണം ചെയ്യുകയാണുണ്ടായത്. സിനിമ നിലവാരമില്ലാതിരുന്നിട്ടും മരക്കാറിനുണ്ടായ ഡീഗ്രേഡിംഗില്‍ നിന്ന് ആറാട്ട് അങ്ങനെയാണ് രക്ഷപ്പെട്ടത്. ആദ്യദിവസങ്ങളിലെ ആരവത്തോടെ തിയേറ്റര്‍ വിടാനായിരുന്നു ഈ സൂപ്പര്‍താര ചിത്രത്തിന്റെ വിധി.


ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് പൂര്‍ണമായും മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ ഉപയോഗപ്പെടുത്തുന്ന സിനിമയാണ്. മോഹന്‍ലാലിന്റെ മുന്‍ വിജയ കഥാപാത്രങ്ങളെ ചേര്‍ത്തുള്ള സ്പൂഫ് എന്ന രീതിയിലും ഈ സിനിമയെ കാണാം. കൃത്യമായ തിരക്കഥയില്ലാതെ മുന്‍ ലാല്‍ വിജയ ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും മാതൃകയെ ബോധപൂര്‍വ്വം അനുകരിക്കുകയായിരുന്നു ഈ സിനിമ. ഇത്തരം വിജയമാതൃകകള്‍ സിനിമയില്‍ ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് കാണികളെ രസിപ്പിക്കാറുണ്ടെങ്കിലും അതു മാത്രമായിപ്പോയതാണ് ആറാട്ടിന്റെ കാഴ്ചയില്‍ കല്ലുകടിയാകുന്നത്. മോഹന്‍ലാലിലെ അതിശയിപ്പിക്കുന്ന നടനെ ഈ സിനിമയില്‍ ഒരിടത്തും കണ്ടുകിട്ടാനാകില്ല. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും പ്രധാന താരത്തെ കേന്ദ്രീകരിച്ച് നിലകൊള്ളുന്നവരാണ്. ഭേദപ്പെട്ട തിരക്കഥയുടേയോ അതല്ലെങ്കില്‍ ആഖ്യാനത്തിലെ പുതുമയോ കൊണ്ടാണ് പലപ്പോഴും ഇത്തരം ക്ലിഷേകളെ താരകേന്ദ്രീകൃത സിനിമകള്‍ പൊളിച്ചു കളയാറ്. എന്നാല്‍ ആറാട്ടിന് ഇത് സാധിക്കുന്നില്ല. രണ്ടാം ഭാഗത്തിന്റെ സൂചന കൂടി നല്‍കിയിട്ടാണ് ആറാട്ട് അവസാനിക്കുന്നത്. എന്നാല്‍ വിരസമായ പ്രേക്ഷകനെ പരിഗണിക്കുകയോ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമാറ് നിമിഷങ്ങളോ സീക്വന്‍സുകളോ നല്‍കാത്ത ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യത എങ്ങനെയായിരിക്കുമെന്നതിലാണ് ആശങ്ക.

ബിഗ് ബി റിലീസായി 15 വര്‍ഷത്തിനു ശേഷം അമല്‍നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയെന്നതാണ് ഭീഷ്മപര്‍വ്വത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കുടുംബവാഴ്ചയും രക്തബന്ധങ്ങള്‍ക്കിടയിലെ വെറുപ്പും ശത്രുതയും സംഘര്‍ഷങ്ങളും അതിനിടയിലെ ജയാപജയങ്ങളും ന•യുടെ വിജയവുമാണ് ഭീഷ്മപര്‍വ്വം വിഷയമാക്കുന്നത്. മനുഷ്യനുള്ളിടത്തോളം കാലം പ്രസക്തമായ ഈ കഥാംശത്തെ വ്യാസഭാരതത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിച്ചുള്ളതാണ് ഭീഷ്മപര്‍വ്വത്തിന്റെ ആഖ്യാനം. പ്രമേയത്തിന്റെ പുതുമയില്ലായ്മയില്‍ പോലും അമല്‍നീരദിന്റെ കഥപറച്ചില്‍ ശൈലി സിനിമയുടെ കാഴ്ചയെ വിരസതയില്ലാത്തതാക്കി മാറ്റുന്നു.

പ്രായത്തിനോട് നീതി പുലര്‍ത്തുന്ന കഥാപാത്രമാണ് ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയുടെ മൈക്കിളപ്പന്റേത്. ഒരേസമയം നടനും സൂപ്പര്‍താരവും സ്‌ക്രീനില്‍ സന്നിവേശിക്കുകയാണ് മൈക്കിളപ്പനില്‍. തനിക്കുമാത്രം പോന്ന ഗാംഭീര്യത്തിലും കൈയടക്കത്തിലുമാണ് മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍താരം എന്ന പകിട്ടിന് ബലമേകാന്‍ ബോധപൂര്‍വ്വം ചേര്‍ക്കുന്ന എടുത്തുകെട്ടുകളൊന്നും ഈ കഥാപാത്രത്തിന് സംവിധായകന്‍ നല്‍കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇതു തന്നെയാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ട രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ക്കിടയിലെ പ്രധാന വ്യത്യാസവും. പ്രായം ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പരപ്പ് കഥാപാത്രവും ഉള്‍ക്കൊള്ളുകയാണ് മൈക്കിളപ്പനില്‍. ഇത് കാണികള്‍ക്കും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാകുന്നു. ഈ സ്വീകാര്യത അവര്‍ ഭീഷ്മപര്‍വ്വത്തിന് നല്‍കുകയും ചെയ്തു. 


ഉത്തരായനം കാത്തുകിടക്കുന്ന ഭീഷ്മ പിതാമഹനെ ഓര്‍മ്മപ്പെടുത്തും വിധമാണ് ഭീഷ്മപര്‍വ്വത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരനും മറ്റു പടയാളികള്‍ക്കും ഉപദേശം നല്‍കുന്നുണ്ട് ഭീഷ്മര്‍. സംഘട്ടനത്തില്‍ മുറിവുകളേറ്റ് ആശുപത്രിക്കിടക്കയില്‍ കിടന്നാണ് മൈക്കിളപ്പന്‍ നിര്‍ദേശം നല്‍കുന്നതും കൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നതും. ഈ ഘട്ടത്തിലൊന്നും മമ്മൂട്ടിയിലെ സൂപ്പര്‍താരം അമാനുഷിക വൃത്തികളില്‍ ഏര്‍പ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ സീനുകളിലും മുഖം കാണിക്കുന്ന നായകനല്ല ഭീഷ്മപര്‍വ്വത്തിലേത്. അവശ്യം ഘട്ടങ്ങളില്‍ മാത്രമാണ് അയാള്‍ ആളുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെയാണ് ഭീഷ്മപര്‍വ്വം മൈക്കിളപ്പനു ചുറ്റുമുള്ളവരുടെ കൂടി കഥയായി മാറുന്നത്.

സ്ത്രീശബ്ദം, 2022 ഏപ്രില്‍

No comments:

Post a Comment