Friday, 1 April 2022

സാമൂഹികതയും ഉള്‍ക്കാമ്പുമുള്ള സ്വാതന്ത്ര്യസമരം


പലതരത്തില്‍ ചൂഷണത്തിന് വിധേയമാക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥകള്‍ പറയുന്ന ഫ്രീഡം ഫൈറ്റ് (സ്വാതന്ത്ര്യസമരം) മലയാളത്തിലെ ആന്തോളജി സിനിമയ്ക്ക് വേറിട്ട മേല്‍വിലാസം നല്‍കാന്‍ പോന്നതാണ്. തികഞ്ഞ സാമൂഹ്യബോധ്യവും ഉള്‍ക്കാമ്പുമുള്ള ഗീതു അണ്‍ചെയിന്‍ഡ്, അസംഘടിതര്‍, റേഷന്‍ ക്ലിപ്തവിഹിതം, ഓള്‍ഡ് ഏജ് ഹോം, പ്ര.തൂ.മു (പ്രജാപതിക്ക് തൂറാന്‍ മുട്ടി) എന്നീ അഞ്ച് ഹ്രസ്വചിത്രങ്ങളാണ് സംവിധായകന്‍ ജിയോ ബേബിയുടെ നേതൃത്വത്തിലുള്ള ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയില്‍ ഉള്ളടങ്ങിയിട്ടുള്ളത്. ചര്‍ച്ചചെയ്യുന്ന വിഷയങ്ങളുടെ ഗൗരവം കൊണ്ട് ഇവയോരോന്നിനും ഒരു സ്വതന്ത്രസിനിമയുടെ നിലനില്‍പ്പ് മുന്നോട്ടുവയ്ക്കാന്‍ സാധിക്കുന്നുണ്ട്.

ഓരോ ചെറുസിനിമയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്ത പ്രമേയമായിട്ടാണ് ഏറെയും ആന്തോളജിയില്‍ അവതരിപ്പിക്കാറ്. ചെറുസിനിമകളെ തമ്മില്‍ സൂചനകളോ പരസ്പരബന്ധമോ നല്‍കി അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഫ്രീഡം ഫൈറ്റില്‍ വ്യത്യസ്ത ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യരെയാണ് അവതരിപ്പിക്കുന്നതെങ്കിലും എല്ലാവരുടെയും പ്രാഥമികാവശ്യം അസ്വാതന്ത്ര്യത്തില്‍ നിന്നുള്ള മോചനമാണ്. എല്ലാവരും ഒരുപോലെ എതിരിടുന്നത് ഈ അസ്വാതന്ത്ര്യത്തെയാണ്. മലയാളത്തില്‍ മുമ്പ് പുറത്തിറങ്ങിയിട്ടുള്ള ആന്തോളജി സിനിമകള്‍ക്കൊന്നും പ്രമേയ സ്വീകരണത്തില്‍ ഇത്രകണ്ട് മൗലികത പുലര്‍ത്താനായിട്ടില്ല. 

           കല്യാണപ്രായമായ പെണ്‍കുട്ടി കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും എതിരിടുന്ന ചോദ്യങ്ങളും അതിനോട് സ്വാതന്ത്ര്യബോധമുള്ള ഒരു പെണ്‍കുട്ടി നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളും അവളുടെ ചിന്തകളുമാണ് അഖില്‍ അനില്‍കുമാറിന്റെ 'ഗീതു അണ്‍ചെയിന്‍ഡ്' എന്ന സിനിമ പറയുന്നത്. നമ്മുടെ സമൂഹത്തിലെ സാധാരണ പെണ്‍കുട്ടിയുടെ പ്രതീകമാണ് ഗീതു. പഠനത്തിനു ശേഷം ജോലിക്ക് പോയി വീടിന് താങ്ങാകുന്നുണ്ടെങ്കിലും വിവാഹകാര്യത്തില്‍ അവളുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടുന്നില്ല. വസ്ത്രധാരണത്തില്‍ പോലും വീട്ടില്‍നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. തന്റെ എതിര്‍പ്പുകള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം പലപ്പോഴും അവള്‍ക്ക് ലഭിക്കുന്നില്ല. അവള്‍ എതിര്‍പ്പുകള്‍ തുറന്നു പ്രഖ്യാപിക്കുമ്പോഴാകട്ടെ അച്ഛനും അമ്മയ്ക്കും പോലും അതിന് ഉത്തരം നല്‍കാനുമാകുന്നില്ല. വിവാഹജീവിതം തന്റെ കൂടി തെരഞ്ഞെടുപ്പാണെന്നും വീട്ടുകാര്‍ പറയുന്ന ഏതെങ്കിലും ഒരാളെ വിവാഹം ചെയ്ത് ശിഷ്ടകാലം കഷ്ടപ്പെട്ട് യോജിച്ചുപോകാന്‍ തനിക്ക് താത്പര്യമില്ലെന്നുമാണ് ഗീതു തുറന്നുപറയുന്നത്. ഗാര്‍ഹികപീഡനവും സ്ത്രീധനത്തെച്ചൊല്ലിയുള്ള കലഹങ്ങളും ചര്‍ച്ചയാകുന്ന വര്‍ത്തമാനകാലത്ത് തൊഴിലെടുക്കുകയും വിവാഹത്തെക്കുറിച്ചുള്ള സ്വതന്ത്ര നിലപാട് പങ്കുവയ്ക്കുകയും ചെയ്യുന്ന ഗീതു മികച്ചൊരു പ്രതീകമാണ്. രജീഷ വിജയന്‍ ആണ് ചിത്രത്തില്‍ ഗീതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


പെണ്ണുങ്ങളായാല്‍ മൂത്രം പിടിച്ചുവെക്കാനാകണം, നാളെ തൊട്ട് ജോലിക്ക് വരുമ്പോ ഒരു കാലിക്കുപ്പി കൊണ്ടന്നോ.. കടകളില്‍ മൂത്രപ്പുര വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ക്ക് കേള്‍ക്കേണ്ടിവന്ന വാക്കുകളാണിത്. തങ്ങളുടെ ആവശ്യത്തെ നിരാകരിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വാക്കുകള്‍ മാറ്റിപ്പറയിപ്പിച്ച് മൂത്രപ്പുരയെന്ന അവകാശം നേടിയെടുത്തത് മിഠായിത്തെരുവിലെ അസംഘടിതരായ തൊഴിലാളി സ്ത്രീകളുടെ പില്‍ക്കാല ചരിത്രം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് വിജി പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള മിഠായിത്തെരുവിലെ ഒരു സംഘം തൊഴിലാളിസ്ത്രീകള്‍ മൂത്രപ്പുര സമരവുമായി രംഗത്തെത്തിയത്. ഇത് മിഠായിത്തെരുവിലെയോ കോഴിക്കോട്ടെയോ മാത്രം പ്രശ്‌നമല്ലെന്നു കണ്ട് കേരളത്തിലെ പല കോണുകളില്‍ നിന്ന് സമരത്തിന് പിന്തുണ ലഭിക്കുകയുണ്ടായി. തുണിക്കടകളിലും മറ്റും പകലന്തിയോളം മൂത്രം പിടിച്ചുവച്ച് ജോലിചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കടയുടമകളും അംഗീകൃത തൊഴിലാളി സംഘടനകളും തള്ളിക്കളഞ്ഞപ്പോഴാണ് ഈ സ്ത്രീകള്‍ക്ക് സ്വയം സമരരംഗത്ത് ഇറങ്ങേണ്ടിവന്നത്. ഈ സമരമാണ് ഫ്രീഡം ഫൈറ്റില്‍ 'അസംഘടിതര്‍' എന്ന പേരില്‍ സിനിമയാക്കിയത്. 

മിഠായിത്തെരുവിലെ തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം സമരത്തില്‍ നിലകൊണ്ടിട്ടുള്ള കുഞ്ഞില  മസിലാമണിയാണ് അസംഘടിതര്‍ സംവിധാനം ചെയ്തത്. ഡോക്യുമെന്ററി സ്വഭാവത്തോട് അടുത്തുനില്‍ക്കുന്ന സിനിമ പക്ഷേ വിഷയത്തിലെ ഗൗരവവും ആഖ്യാനത്തിലെ മികവും കൊണ്ട് പ്രേക്ഷകരോട് സംവദിക്കുന്നതില്‍ വിജയിക്കുന്നു. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങളുടെ നടത്തിപ്പിനെയും പദ്ധതികളിലെ അനാസ്ഥയെയും സിനിമ വിമര്‍ശന വിധേയമാക്കുന്നുമുണ്ട്. വിജി പെണ്‍കൂട്ട് തന്നെയാണ് സിനിമയില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

രണ്ട് അയല്‍വീടുകളെ അവയുടെ സാമ്പത്തികസ്ഥിതിയിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തുകയാണ് ഫ്രാന്‍സിസ് ലൂയിസിന്റെ റേഷന്‍ ക്ലിപ്തവിഹിതത്തില്‍. സമ്പന്നകുടുംബമാണ് ഒന്ന്. അവരുടെ ഭക്ഷണക്രമത്തില്‍ ഇത് തിരിച്ചറിയാം. വലിയ വിലയുള്ള മീനും മാംസാഹാരങ്ങളുമാണ് അവരുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത്. പലചരക്കുകടയിലെ എടുത്തുകൊടുപ്പുകാരന്റെ അയല്‍കുടുംബത്തിലാകട്ടെ ഇത്തരത്തിലുള്ള ആഹാരമൊക്കെ വലിയ ആഡംബരമാണ്. അവര്‍ക്കത് സാധ്യമാകുന്നുമില്ല. അന്നന്നത്തേക്കുള്ള അരിയും ചില്ലറ സാധനങ്ങളും കണ്ടെത്തുന്നതിലാണ് അവരുടെ ആര്‍ഭാടം. ആഹാരത്തിലുള്ള ഈ വ്യത്യാസം ഇരു കുടുംബത്തിന്റെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്നു. ഇനിയും നടപ്പിലാകാത്ത സാമ്പത്തിക സോഷ്യലിസത്തിന്റെ രണ്ടറ്റങ്ങളെയാണ് ഈ കുടുംബങ്ങളിലൂടെ സിനിമ അടയാളപ്പെടുത്തുന്നത്. സമ്പന്നന്‍ അതിസമ്പന്നനും ദരിദ്രന്‍ ദരിദ്രനായിത്തന്നെയും തുടര്‍ന്നുപോരുന്ന സാമൂഹിക യാഥാര്‍ഥ്യത്തെക്കൂടി ഈ സിനിമ പേരുകൊണ്ടു തന്നെ സൂചിപ്പിക്കുന്നു. ജിയോ ബേബിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ജിയോ ബേബി സംവിധാനം ചെയ്ത 'ഓള്‍ഡ് ഏജ് ഹോം' രോഗാതുരമായ ജീവിതാവസ്ഥയും വാര്‍ധക്യം സൃഷ്ടിക്കുന്ന അസ്വാതന്ത്രങ്ങളെയും ചിത്രീകരിക്കുന്നു. ബേബി ജോര്‍ജ് എന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് ഈ സെഗ്മെന്റിലെ കേന്ദ്രം. അയാളുടെ ഭാര്യ ലാലിയും വീട്ടുവേലക്കാരി ധനുവുമാണ് മറ്റു കഥാപാത്രങ്ങള്‍. മറവിരോഗത്തിന്റെ ആദ്യഘട്ടത്തിലാണ് ബേബി. രോഗവും വാര്‍ധക്യവും ബേബിയുടെ ഭക്ഷണത്തിലും സഞ്ചാരത്തിലുമെല്ലാം പരിമിതികള്‍ ഉണ്ടാക്കുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനും ബാറില്‍ പോയി മദ്യപിക്കുവാനുമൊക്കെയുള്ള സ്വാതന്ത്ര്യം അയാള്‍ക്ക് നഷ്ടമാകുന്നു. അതിനപ്പുറം റിട്ടയര്‍ഡ് ലൈഫിലെ ഒന്നും ചെയ്യാനില്ലാത്ത മുഷിപ്പും അയാളെ വലയ്ക്കുന്നുണ്ട്. അതേസമയം അയാളുടെ ഭാര്യ ബോധപൂര്‍വ്വം കര്‍മ്മനിരതയായി സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്ത് വിരസതയും ശാരീരികക്ഷീണവുമകറ്റാന്‍ അവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാള്‍ കൂട്ടാക്കുന്നില്ല. വീടെന്ന സുരക്ഷ പോലും ഇല്ലാതെ വേലയെടുത്ത് അലയേണ്ടിവരുന്നവളാണ് ധനു. ജീവിതത്തില്‍ ആരോഗ്യമുള്ള കാലം പിന്നിട്ട ഇവര്‍ മൂന്നുപേരുടേയും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് ഓള്‍ഡ് ഏജ് ഹോം കാണിക്കുന്നത്.

ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത 'പ്ര. തൂ. മു' ആന്തോളജിയില്‍ ഏറ്റവും ശക്തവും പരുഷവുമായ യാഥാര്‍ഥ്യങ്ങളിലൂടെ അടിസ്ഥാന വര്‍ഗജീവിതത്തെ അനുഭവിപ്പിക്കുന്ന ചിത്രമാണ്. മന്ത്രിയുടെ വീട്ടിലെ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കാന്‍ വന്നയാള്‍ മന്ത്രിയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. എന്തിന് അയാള്‍ അത് ചെയ്തു എന്നതിലേക്കാണ് പിന്നീടുള്ള അന്വേഷണം. അത്രയും അസ്വാഭാവികമായ എന്തോ കാരണമില്ലാതെ ഒരാള്‍ മന്ത്രിയെ തല്ലാന്‍ മെനക്കെടില്ല. ആ കാരണത്തിലേക്ക് നീങ്ങുമ്പോള്‍ തെറ്റുകാരന്‍ മന്ത്രിയാണെന്ന് ബോധ്യപ്പെടും. എന്നാല്‍ ശിക്ഷയേറ്റു വാങ്ങേണ്ടി വരുന്നത് സ്വാഭാവികമായും തൊഴിലാളിക്കാണ്. തൊഴിലാഴളിക്കു വേണ്ടി സംസാരിക്കാന്‍ ആരും തയ്യാറാകുന്നില്ല. എല്ലാവരും മന്ത്രിപ്രീതിക്കു വേണ്ടി തൊഴിലാളിയെ മര്‍ദ്ദിച്ച് മരണാസന്നനാക്കുവാനാണ് മത്സരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന രണ്ടു വിധത്തിലുള്ള നീതി എന്ന യാഥാര്‍ഥ്യത്തിലേക്ക് തുറന്നുവയ്ക്കുന്ന കണ്ണാടിയാണ് ഈ സിനിമ.


ആന്തോളജി സിനിമകള്‍ തിയേറ്ററില്‍ വന്‍വിജയമായ ചരിത്രമില്ലാത്ത മലയാളത്തിന് ഇത്തരം സിനിമകളുടെ ഒടിടി വിജയസാധ്യത കൂടിയാണ് ഫ്രീഡം ഫൈറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴി വ്യാപകമായി കാണപ്പെട്ട ഫ്രീഡം ഫൈറ്റ് മലയാളത്തില്‍ അത്ര ജനകീയമല്ലാത്ത ആന്തോളജി സങ്കേതത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം കൂടി രൂപപ്പെടുത്തുന്നുണ്ട്. തിയേറ്ററില്‍ വിജയമാകാനിടയില്ലാത്ത പരീക്ഷണാത്മക വിഷയങ്ങള്‍ പ്രമേയമാക്കാമെന്ന സാധ്യതയും ഒടിടി പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്. സാധാരണ ആര്‍ട്ട് ഫിലിം സങ്കേതത്തില്‍ പ്രമേയമാകാറുള്ള അടിസ്ഥാനവര്‍ഗത്തിന്റെ കഥകളാണ് ഫ്രീഡം ഫൈറ്റിലെ അഞ്ചു സിനിമകള്‍ക്കും വിഷയമാകുന്നത്. എന്നാല്‍ ആഖ്യാനത്തിലെ വേഗവും പുതുമയും കൊണ്ട് പ്രേക്ഷകരോട് സംവദിക്കുന്നതില്‍ ഇവ വിജയം കാണുന്നുവെന്നതാണ് ശ്രദ്ധേയം.

സ്ത്രീശബ്ദം, 2022 മാര്‍ച്ച്

No comments:

Post a Comment