Wednesday, 13 April 2022

തൂവാനത്തുമ്പികള്‍ മുതല്‍ ആട് വരെ; തിയേറ്ററില്‍ പരാജയപ്പെട്ട് കള്‍ട്ട് സ്റ്റാറ്റസില്‍ എത്തിയ സിനിമകള്‍


കേരളത്തിലെ പുതു തലമുറ സിനിമാപ്രേമികളുടെ ബൈബിളാണ് പത്മരാജന്റെ തൂവാനത്തുമ്പികള്‍. പുതിയ തലമുറ മലയാളത്തിലെ പഴയ സിനിമകള്‍ പരിചയപ്പെട്ടു തുടങ്ങുന്നത് തൂവാനത്തുമ്പികളിലൂടെയാണ്. അതില്‍ പിന്നെയാണ് എഴുപതുകളൊടുവിലെയും എണ്‍പതുകളിലെയും സിനിമകള്‍ അവര്‍ തേടിപ്പിടിച്ച് കണ്ടു തുടങ്ങുന്നതും. 

മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സൗകര്യം സജീവമായ 2010 തൊട്ടുള്ള ദശകത്തിലാണ് സിനിമകളുടെ വാച്ചിംഗ്, ഡൗണ്‍ലോഡിംഗ് സാധ്യത ജനകീയമാകുന്നത്. ഇതോടെ ടെലിവിഷന്‍ ചാനലുകളില്‍ മാത്രം സാധ്യമായിരുന്ന പഴയ സിനിമകളുടെ കാഴ്ചയ്ക്ക് കുറേക്കൂടെ വിതാനതയേറി. റിലീസ് വേളയില്‍ അധികം കാണാതെ പോകുകയും തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്ത പല സിനിമകളും പിന്നീട് പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നതിനും ചില സിനിമകള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസ് കൈവരുന്നതിനും ഈ പുതുകാല കാഴ്ച സഹായകമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രചാരം കൂടിയായതോടെ പല സിനിമകളിലും പ്രേക്ഷകര്‍ പണ്ടു കാണാതെ പോയ പല സവിശേഷതകളും പിന്നീട് കണ്ടെടുത്ത് ആസ്വാദന കുറിപ്പുകളിലൂടെ പുറത്തുവരുന്നതായി കാണാം. ഇങ്ങനെയാണ് തൂവാനത്തുമ്പികള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പുതിയ വായനകളും പുതിയൊരു വിഭാഗം ആരാധകവൃന്ദവുമുണ്ടാകുന്നത്. 

തൂവാനത്തുമ്പികള്‍ എന്ന സിനിമയോടുള്ള പുതിയ തലമുറയുടെ ഈ ഇഷ്ടം റിംഗ്ടോണുകളായും സ്റ്റാറ്റസുകളായും വ്യാപകമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പോയ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുളില്‍ തൂവാനത്തുമ്പികളിലെ ഏറെ ശ്രദ്ധേയമായ പശ്ചാത്തല സംഗീതവും, ട്രിവാന്‍ഡ്രം ലോഡ്ജില്‍ തൂവാനത്തുമ്പികളിലെ തങ്ങള്‍ എന്ന കഥാപാത്രത്തെ തന്നെയും പുന:സൃഷ്ടിക്കുന്നുണ്ട്. തൂവാനത്തുമ്പികള്‍ പുറത്തിറങ്ങി രണ്ടര പതിറ്റാണ്ടിനോടടുക്കുമ്പോഴാണ് വി.കെ.പ്രകാശിന്റെ ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. മണ്ണാറത്തൊടിയും ജയകൃഷ്ണനും ക്ലാരയും രാധയുമെല്ലാം പുതുതലമുറയുടെ ഇഷ്ടം നേടിയെടുക്കുന്ന വേളയായിരുന്നു അത്. പുതുതലമുറ പ്രേക്ഷകരുടെ ഈ സവിശേഷ താത്പര്യം തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ചിത്രത്തിന്റെ എഴുത്തുകാരനായ അനൂപ് മേനോനും സംവിധായകന്‍ വി.കെ.പ്രകാശും പത്മരാജന്‍ ചിത്രത്തിന്റെ ഡീറ്റെയിലിംഗുകള്‍ തങ്ങളുടെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്.


1987 ല്‍ തിയേറ്റര്‍ റിലീസ് വേളയില്‍ വന്‍വിജയം നേടാതെ പോയ തൂവാനത്തുമ്പികള്‍ 2010 നു ശേഷം കേരളത്തിനു പുറമേ നിന്നുള്‍പ്പെടെയുള്ള പല ഓണ്‍ലൈന്‍ സര്‍വേകളിലും മലയാളത്തിലെ കള്‍ട്ട് ക്ലാസിക്ക് സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഇടം നേടി. പത്മരാജന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായും തൂവാനത്തുമ്പികള്‍ സര്‍വേകളില്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് പത്മരാജന്‍ സിനിമകളുമായി താരതമ്യം ചെയ്താല്‍ പ്രമേയ സ്വീകാര്യതയിലെയും ആവിഷ്‌കാരത്തിലെയും മികവില്‍ ഏറ്റവും താഴേത്തട്ടിലായിരിക്കും തൂവാനത്തുമ്പികളുടെ സ്ഥാനം. എന്നാല്‍ ഭൂരിപക്ഷ കാണികളുടെ താത്പര്യങ്ങളെയും ശീലങ്ങളെയും ലോലവികാരങ്ങളെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു തൂവാനത്തുമ്പികളുടെ പ്രമേയപരിസരവും ആഖ്യാനവും. മഴയെന്ന ബിംബത്തെ കഥാപശ്ചാത്തലത്തോടും നായികയോടും ഇണക്കിച്ചേര്‍ത്തുകൊണ്ടുള്ള പ്രണയത്തിന്റെ തീവ്രാവിഷ്‌കാരത്തില്‍ ഒരു തലമുറ തന്നെ ഈ സിനിമയ്ക്ക് അടിപ്പെട്ടു പോകുകയായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ സദാചാരകാംക്ഷികളായ മലയാളി കുടുംബങ്ങള്‍ തൂവാനത്തുമ്പികളോട് മുഖംതിരിച്ചു. വേശ്യയുടെ നായികാ വേഷത്തെയും പ്രണയത്തെയും അംഗീകരിക്കാന്‍ പ്രേക്ഷകര്‍ മടിച്ചപ്പോള്‍ പാട്ടുകള്‍ മാത്രം വലിയ ഹിറ്റാകുകയും സിനിമ ശരാശരി കളക്ഷനില്‍ ഒതുങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം മഴയ്ക്ക് ക്ലാരയെന്ന പേര് തുല്യം ചാര്‍ത്തും വിധം ഈ സിനിമ കാണികളുടെ ഇഷ്ടം പിടിച്ചുപറ്റുകയും പലരും ആവര്‍ത്തിച്ചു കാണുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് മാറുകയും ചെയ്തുവെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത.

പത്മരാജന്റെ തന്നെ മൂന്നാംപക്കം മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്താവുന്ന ചിത്രമാണ്. തിലകന്റെ തമ്പി എന്ന അത്യുജ്ജ്വല കഥാപാത്ര നിര്‍മ്മിതിയിലൂടെ മലയാളി എക്കാലവും ഓര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് തിയേറ്ററില്‍ അത്ഭുതം തീര്‍ക്കാനായിരുന്നില്ല. എന്നാല്‍ ദൂരദര്‍ശന്‍ സംപ്രേഷണത്തിലൂടെയും വിസിആര്‍ വഴിയും തിയേറ്ററില്‍ തിളക്കമറ്റുപോയ ഈ സിനിമയെ പെട്ടെന്നു തന്നെ കാണികള്‍ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് ടെലിവിഷന്‍ ചാനലുകള്‍, യൂ ടൂബ്, ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തുടങ്ങിയവ വഴിയും മൂന്നാംപക്കം വലിയ തോതില്‍ കാണപ്പെട്ടു. ചെറുപ്പത്തിന്റെ സന്തോഷപ്പെരുക്കം പെട്ടെന്ന് കുടുംബങ്ങളുടെ കണ്ണീരിലേക്ക് വഴിമാറുന്നതായിരുന്നു മൂന്നാംപക്കത്തിന്റെ പ്രതിപാദ്യം. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവേ കാണാതായ കൊച്ചുമകനു വേണ്ടിയുള്ള മുത്തച്ഛന്റെ കാത്തിരിപ്പും ഒടുക്കം മൂന്നാംപക്കം അവനെ തേടിച്ചെല്ലുന്നതുമായ കഥാപരിസരത്തിന് ആഗോളമാനമുള്ള ആഖ്യാനസാധ്യതയാണ് പത്മരാജന്‍ നല്‍കുന്നത്. തിയേറ്ററില്‍ തങ്ങളുടെ ആസ്വാദനത്തെ രസിപ്പിക്കുന്ന സിനിമകള്‍ക്ക് പിറകെ പോകാന്‍ താത്പര്യപ്പെടുകയും ദുരന്തപര്യവസായികളായവയെ മാറ്റിനിര്‍ത്താനുമുള്ള ത്വര എപ്പോഴും പ്രേക്ഷകനിലുണ്ട്. അപൂര്‍വ്വം ചില കണ്ണീര്‍ സിനിമകള്‍ക്ക് മാത്രമാണ് അവര്‍ തിയേറ്ററില്‍ വലിയ വിജയം നല്‍കിയിട്ടുള്ളത്. രസിപ്പിക്കുന്ന രചനകള്‍ക്കാണ് ആസ്വാദന കാര്യത്തില്‍ എപ്പോഴും അവരുടെ പ്രഥമ പരിഗണന. മൂന്നാംപക്കം പോലുള്ള സിനിമകള്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിനു പിന്നിലെ രസതന്ത്രവും ഇതു തന്നെയാണ്.


പത്മരാജന്റെ സ്വപ്‌നസൃഷ്ടിയായ ഞാന്‍ ഗന്ധര്‍വന്റെ വിധിയും തിയേറ്ററില്‍ മറ്റൊന്നായിരുന്നില്ല. തന്റെ കരിയറില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് പത്മരാജന്‍ മെനഞ്ഞെടുത്ത ഈ ഫാന്റസി ഡ്രാമ ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും പ്രേക്ഷകര്‍ തയ്യാറായില്ല. ഗന്ധര്‍വ്വസൗന്ദര്യമുള്ള അന്യഭാഷാ നായകനും നായികയും മുത്തശ്ശിക്കഥയോടു ചേര്‍ന്നുനില്‍ക്കുന്ന ആഖ്യാനവും കാണികളെ തിയേറ്ററിലെത്തിച്ചില്ല. പത്മരാജന്റെ മരണത്തിനു ശേഷമാണ് ഈ രചനയ്ക്ക് ക്ലാസിക്ക് പരിഗണന ലഭിക്കുന്നത്. മലയാളത്തില്‍ നിന്നുണ്ടായ ഇത്തരത്തിലൊരു വേറിട്ട പരിശ്രമത്തെ കാലം തെറ്റിയെത്തിയ സിനിമയായിട്ടാണ് റിലീസ് വേളയില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ പിന്നീട് വലിയ തോതില്‍ കാണപ്പെടാനും ഗുണപരമായി വിലയിരുത്തപ്പെടാനുമുള്ള ഭാഗ്യം ഈ സിനിമയ്ക്കുണ്ടായി.

പത്മരാജന്റെ മറ്റൊരു വേറിട്ട സൃഷ്ടിയായ സീസണ്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്ത സിനിമയാണ്. എന്നാല്‍ കാലങ്ങള്‍ക്കു ശേഷം, ഈ സിനിമയുടെ റിലീസ് വേളയില്‍ ജനിച്ചിട്ടില്ലാത്ത പ്രേക്ഷകര്‍ പോലും സീസണിനെ തിരിച്ചറിയുകയും ഏറ്റെടുക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. തൂവാനത്തുമ്പികളെപ്പോലെ സീസണും പില്‍ക്കാല സിനിമകളില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ അജിത് പിള്ളയുടെ മോസയിലെ കുതിരമീനുകള്‍ എന്ന സിനിമയില്‍ ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രം ജയില്‍ ചാടുന്ന സീനുകളെ ബന്ധിപ്പിക്കുന്നത് സീസണിലെ മോഹന്‍ലാല്‍ കഥാപാത്രവുമായിട്ടാണ്.

മോഹന്‍ലാലിന്റെ ജനപ്രിയ സിനിമകളായ വന്ദനം, മിഥുനം എന്നിവയ്ക്ക് വന്‍ ജനപ്രീതി കൈവരുന്നത് ടെലിവിഷന്‍ കാഴ്ചയിലൂടെയാണ്. പ്രിയദര്‍ശന്റെ ചിത്രം എന്ന സിനിമയുണ്ടാക്കിയ വലിയ സ്വാധീന വലയത്തില്‍പെട്ട് വന്ദനത്തിന്റെ ക്ലൈമാക്‌സില്‍ നായികാനായക•ാരെ ഒരുമിപ്പിക്കാതിരുന്നത് ഈ സിനിമയുടെ ആസ്വാദനത്തിന്റെ രസച്ചരടിനെ മുറിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുക്കാല്‍ പങ്ക് ചിരിയുണര്‍ത്തി ക്ലൈമാക്‌സില്‍ ചെറിയ നോവ് തരുന്ന ക്ലൈമാക്‌സിനെ പ്രേക്ഷകര്‍ അംഗീകരിക്കാത്തതാണ് വന്ദനത്തിന്റെ ഉയര്‍ന്ന കളക്ഷന് വിഘാതമായത്. പില്‍ക്കാലത്ത് മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം ആവര്‍ത്തിച്ചു കണ്ട സിനിമകളിലൊന്നായി വന്ദനം മാറുകയും ചെയ്തു.


ടെലിവിഷന്‍ സംപ്രേഷണത്തില്‍ ഏറ്റവുമധികം കാണികളുള്ള സിനിമകളിലൊന്നാണ് പ്രിയദര്‍ശന്റെ മിഥുനം. ഈ സിനിമ ആവര്‍ത്തിച്ചുകാണാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുകയും ഏറെ പ്രസക്തമായ ഒരു ഗാര്‍ഹിക, സാമൂഹിക വിഷയം സരസമായി അവതരിപ്പിക്കുന്ന ഈ സിനിമയുടെ തിരക്കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകളിലൊന്നുമാണ്. മലയാളത്തിലെ ഏറ്റവും പുതിയ ജനപ്രിയ സിനിമയായ മിന്നല്‍ മുരളിയില്‍ പോലും മിഥുനത്തിലെ നായകന്റെ സ്വയംതൊഴില്‍ സംരംഭമായ ദാക്ഷായണി ബിസ്‌കറ്റിന്റെ പരാമര്‍ശമുള്ളതായി കാണാം. മലയാളികളുടെ പോപ്പുലര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള ഈ സിനിമ എന്തുകൊണ്ട് തിയേറ്ററില്‍ വേണ്ടത്ര കാണപ്പെട്ടില്ലെന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി അവശേഷിക്കുന്നു.

1998 ല്‍ ഒരു മറവത്തൂര്‍ കനവിലൂടെ സ്വതന്ത്ര സംവിധായകനായ ലാല്‍ജോസ് ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി വരവറിയിച്ചു. പിന്നീടിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിലും ഹിറ്റായി. തുടര്‍ന്നാണ് ലാല്‍ജോസ് കരിയറില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച പ്രൊജക്ട് വന്നത്. രണ്ടാം ഭാവം. രഞ്ജന്‍ പ്രമോദിന്റെ പഴുതുകളടച്ചുള്ള സ്‌ക്രിപ്റ്റ്. സുരേഷ് ഗോപിയുടെ ഇരട്ട വേഷം. വന്‍ താരനിരയും ബിഗ് ബജറ്റും. എല്ലാം കൊണ്ടും സംവിധായകന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന ഘടകങ്ങള്‍. സുരേഷ് ഗോപിയും തിലകനുമുള്‍പ്പെടെ പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടിയായപ്പോള്‍ ലാല്‍ജോസ് പ്രതീക്ഷിച്ചത് തന്റെ മുന്‍ചിത്രങ്ങളെക്കാള്‍ വലിയ ഹിറ്റ്. എന്നാല്‍ രണ്ടാംഭാവം റിലീസ് ചെയ്തപ്പോള്‍ ഈ പ്രതീക്ഷകളെല്ലാം തെറ്റി. ചിത്രം തിയേറ്ററില്‍ മൂക്കുകുത്തി. അത്രയേറെ പ്രതീക്ഷയുണ്ടായിരുന്ന സിനിമയോട് കാണികള്‍ മുഖം തിരിച്ചു. സിനിമ കണ്ടവര്‍ മോശമല്ലാത്ത അഭിപ്രായം പറഞ്ഞിട്ടും തിയേറ്ററില്‍ ആളു കയറിയില്ല. രണ്ടാഴ്ച കൊണ്ട് സിനിമ തിയേറ്റര്‍ വിട്ടു. എന്നാല്‍ ഈ സിനിമ പിന്നീടാണ് കാണികള്‍ തിരിച്ചറിയുന്നതും ഏറ്റെടുക്കുന്നതും. ലാല്‍ജോസിന്റെയും സുരേഷ്‌ഗോപിയുടെയും കരിയറിലെ മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന വിധം രണ്ടാംഭാവത്തെ പ്രേക്ഷകര്‍ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. എന്നാല്‍ തിയേറ്ററില്‍ വിജയിക്കേണ്ടിയിരുന്ന ഒരു സിനിമയായിരുന്നുവെന്ന നിരാശ ഇപ്പോഴും ഈ സിനിമയെക്കുറിച്ച് വിട്ടുപോയിട്ടില്ലെന്നതാണ് വലിയ ദുര്യോഗം.


കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ പോരും പകയും പശ്ചാത്തലമാകുന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വേണ്ടത്ര പ്രേക്ഷകാംഗീകാരം കിട്ടാതെ പോകുകയും പിന്നീട് ടെലിവിഷന്‍, ഡിവിഡി വഴി വലിയ കാഴ്ചവൃന്ദം സാധ്യമാകുകയും ചെയ്തിട്ടുണ്ട്. രഞ്ജിത്തിന്റെ ബ്ലാക്കും അമല്‍ നീരദിന്റെ ബിഗ് ബിയുമാണിവ. ഈ ചിത്രങ്ങളിലെ കാരയ്ക്കാമുറി ഷണ്‍മുഖന്‍, ബിലാല്‍ എന്നീ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെയും മികച്ചവയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാലത്തിനു മുമ്പേ സഞ്ചരിച്ച കഥപറച്ചില്‍ ശൈലിയാണ് ഈ രണ്ട് സിനിമകള്‍ക്കും തിയേറ്ററില്‍ തിരിച്ചടിയായത്. 2000 ന്റെ തുടക്കകാലത്ത് വലിയ പരീക്ഷണങ്ങള്‍ക്ക് പിറകെ പോകാത്ത ശൈലിയായിരുന്നു മുഖ്യധാരാ മലയാള സിനിമയില്‍ നിലനിന്നിരുന്നത്. സൂപ്പര്‍താരങ്ങളുടേതടക്കമുള്ള ചിത്രങ്ങള്‍ ഇത്തരം വാര്‍പ്പുമാതൃകകളും സ്പൂണ്‍ ഫീഡിംഗും പിന്തുടരുന്നവയായിരുന്നു. ഈ രണ്ട് സിനിമകളും അവതരണത്തില്‍ പുലര്‍ത്തിയ നൂതനത തിരിച്ചറിയാന്‍ പ്രേക്ഷകര്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടിയെടുത്തു. അതോടെ ഈ ചിത്രങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും കള്‍ട്ട് സ്റ്റാറ്റസ് നിലവില്‍ വന്നു. ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നതു തന്നെയാണ് തിയേറ്ററില്‍ പരാജയപ്പെട്ട ഈ ചിത്രത്തിന് ലഭിക്കുന്ന വലിയ അംഗീകാരവും.


നായകനെ അവതരിപ്പിക്കുന്നതില്‍ വലിയ ഓളം സൃഷ്ടിക്കുകയും മറ്റ് കഥാപാത്രങ്ങളെ സാധാരണ നിലയില്‍ കാണിക്കുകയും ചെയ്യുന്ന പതിവിന് മാറ്റം വരുത്തിയ സിനിമയായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ്. ഈ സിനിമയില്‍ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന നായക കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനിന് സൃഷ്ടിച്ച മാറ്റിന് സമാനമായിരുന്നു ബാക്കി പ്രധാന കഥാപാത്രങ്ങളുടെയും അവതരണം. ലോജിക്ക് നോക്കാതെ ചിരിപ്പിക്കുക എന്ന സദുദ്ദേശത്തോടെ വന്ന ഈ രസികന്‍ സിനിമയെ ആദ്യം അംഗീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല. ഫലം തിയേറ്റര്‍ പരാജയം. എന്നാല്‍ റിലീസിന് ഒരു വര്‍ഷത്തിനു ശേഷം ഡിവിഡി, ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് വഴി ഈ സിനിമ വ്യാപകമായി കാണപ്പെട്ടു. ഇതിലെ ഓരോ സീനുകളും ചിരിപടര്‍ത്തി കാണികളുടെ സിനിമാ ചര്‍ച്ചകളിലിടം നേടി. ട്രോളുകളിലും മീമുകളിലും ആടിലെ കഥാപാത്രങ്ങള്‍ സജീവ സാന്നിധ്യമായി. ഇതോടെയാണ് ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്. അപ്പോഴേക്കും ഷാജി പാപ്പനും കൂട്ടരും ഉണ്ടാക്കിയ ജനകീയത അത്രയേറെ വളര്‍ച്ചയിലെത്തിയിരുന്നു. ആടിന്റെ രണ്ടാം ഭാഗത്തിന് തിയേറ്ററില്‍ ലഭിച്ച സ്വീകാര്യത വളരെ വലിയതായിരുന്നു. മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമകളുടെ കൂട്ടത്തിലേക്കാണ് പരാജയപ്പെട്ട സിനിമയുടെ ഈ രണ്ടാം ഭാഗം നടന്നുകയറിയത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഏപ്രില്‍ 8, ഷോ റീല്‍ 14

No comments:

Post a Comment