ഗൂഢാലോചനയോ സാഹസികതയോ സസ്‌പെന്‍സോ ഉപയോഗപ്പെടുത്തി കാണികളിലെ ആകാംക്ഷയെയും ഭയത്തെയും ഉത്തരം ചികഞ്ഞറിയാനുള്ള താത്പര്യത്തെയും ചൂഷണം ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യുന്ന ഫിക്ഷനുകളെയാണ് നമ്മള്‍ സാമാന്യാര്‍ഥത്തില്‍ ത്രില്ലറുകള്‍ എന്നു വിളിച്ചു പോരുന്നത്. ആളുകളുടെ വികാരത്തെയും ബുദ്ധിയെയും പരീക്ഷിക്കുന്ന ഈ സങ്കേതം കഥാ, നോവല്‍ സാഹിത്യത്തിലും സിനിമയിലും വലിയ അളവില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉദ്വേഗത്തെ ചൂഷണം ചെയ്യുന്ന ഈ ജോണര്‍ വായനയ്ക്കും കാഴ്ചയ്ക്കും പിറകേ എല്ലാകാലത്തും വലിയൊരു പറ്റം മനുഷ്യരുണ്ടെന്നു കാണാം. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലും നിരന്തരം ത്രില്ലര്‍ ആവിഷ്‌കാരങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു.
മലയാളത്തില്‍ ലക്ഷണമൊത്ത ത്രില്ലര്‍ സിനിമകള്‍ ഇടയ്ക്കും തലയ്ക്കും മാത്രമാണ് രൂപപ്പെടാറുള്ളത്. ആക്ഷന്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളാണ് ഏറിയ പങ്കും മലയാളത്തില്‍ ഉണ്ടായിട്ടുള്ളതെന്നും കാണാം. ഒടിടി പോലുള്ള പുതിയ പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെട്ടതോടെ ത്രില്ലര്‍ സിനിമകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം കാണികളും സ്വീകാര്യതയുമുണ്ടായി. അതോടെ ഈ ജോണര്‍ സിനിമകളുടെ നിര്‍മ്മാണത്തെക്കുറിച്ച് ചിന്തിക്കുന്ന ചലച്ചിത്രകാരന്മാരുടെ എണ്ണവും ഏറിയിട്ടുണ്ട്. ആക്ഷന്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളേ അപേക്ഷിച്ച് താരതമ്യേന ചെറിയ പശ്ചാത്തലമാണ് ത്രില്ലറുകളുടെ മറ്റ് രൂപാന്തരങ്ങളായ സൈക്കോളജിക്കല്‍, മിസ്റ്ററി വിഭാഗങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഈ ജോണര്‍ സിനിമകള്‍ കോവിഡ്, ഒടിടി കാലത്ത് ഏറെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഒരു വീടോ, കെട്ടിടമോ, ഒറ്റ പ്രദേശമോ മാത്രമായിരിക്കാം ഇത്തരം സിനിമകളുടെ കഥാഭൂമികയായി മാറുന്നത്. മലയാളത്തിലെ ഏറ്റവും പുതിയ സിനിമകളിലൊന്നായ ജീത്തു ജോസഫിന്റെ ട്വല്‍ത് മാന്‍ ഇങ്ങനെ ഒറ്റ പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന മിസ്റ്ററി ത്രില്ലറാണ്.
മലയാളത്തിലെ ത്രില്ലര്‍ സിനിമകള്‍ക്ക് വേറിട്ട മേല്‍വിലാസം നല്‍കിയ സംവിധായകനായ ജീത്തു ജോസഫ് ഒടിടി പ്ലാറ്റ്‌ഫോം ലക്ഷ്യമിട്ടാണ് ട്വല്‍ത് മാന്റെ ആശയവും ആഖ്യാനവും വികസിപ്പിച്ചത്. മെമ്മറീസ്, ദൃശ്യം പരമ്പരകളിലൂടെ മലയാളത്തില്‍ ത്രില്ലര്‍ ജോണറുകളെ ഒരിടവേളയ്ക്കു ശേഷം ജനപ്രിയമാക്കിയതില്‍ ജീത്തു ജോസഫിന് പങ്ക് ചെറുതല്ല. ഈ രണ്ട് സിനിമകളുടെ വിജയത്തെ തുടര്‍ന്ന് ത്രില്ലര്‍ ജോണര്‍ സിനിമകളൊരുക്കാന്‍ മലയാളത്തിലെ ചലച്ചിത്രകാരന്മാര്‍ കാര്യമായി ചിന്തിച്ചു തുടങ്ങി.
ജീത്തു ജോസഫിന്റെ ആദ്യ സിനിമയായ ഡിറ്റക്ടീവ് ത്രില്ലര്‍ ജോണര്‍ പിന്തുടരുന്നതായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് റിലീസ് വേളയില്‍ കാണികളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുകയുണ്ടായില്ല. ജീത്തു ജോസഫ് സിനിമകളിലെ ലക്ഷണമൊത്ത ത്രില്ലറായ മെമ്മറീസ് വലിയ വിജയം നേടിയതോടെയാണ് ഈ സംവിധായകന്റെ ആദ്യ ത്രില്ലര്‍ സിനിമയെക്കുറിച്ച് ആളുകള്‍ അന്വേഷിക്കുന്നതും അതുവഴി ഡിറ്റക്ടീവ് കൂടുതല്‍ പേരിലേക്കെത്തുന്നതും. ഭാര്യയുടെ ആത്മഹത്യയെ തുടര്‍ന്ന് സംശയത്തിന്റെ നിഴലില്‍ കഴിയേണ്ടി വരുന്നയാളുടെ നിരപരാധിത്വം തെളിയിക്കുന്നതും യഥാര്‍ഥ കുറ്റവാളിയെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നതായിരുന്നു ഡിറ്റക്ടീവിന്റെ പ്രമേയം. കൊല ആസൂത്രണം ചെയ്യുന്നതും കൊല നടത്തിയതിന്റെ വിശദീകരണവുമാണ് ഈ സിനിമയുടെ ആഖ്യാനത്തെ ശ്രദ്ധേയമാക്കുന്നത്. മുറിയിലെ വെന്റിലേറ്ററിലൂടെ വിഷത്തുള്ളികള്‍ കട്ടിലില്‍ കിടക്കുന്നയാളുടെ വായിലേക്ക് വീഴ്ത്തിയാണ് പ്രതി കൃത്യം നടത്തുന്നത്. ഇതിനായി അയാള്‍ നടത്തുന്ന ദൗത്യങ്ങളും അതിന്റെ ചുരുളഴിക്കുന്ന അന്വേഷണ മികവും ഡിറ്റക്ടീവിന്റെ കാഴ്ചയെ ഉദ്വേഗത്തിലാക്കാന്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തിലൊരു കുറ്റകൃത്യ രീതിയും അതിന്റെ നിര്‍വ്വഹണവും ക്രൈം ഡ്രാമകളില്‍ പുതുമയുള്ളതായിരുന്നു. പിന്നീട് വരാനിരിക്കുന്ന മികച്ച ത്രില്ലറുകളിലേക്കുള്ള പാതയൊരുക്കലായിരുന്നു ഡിറ്റക്ടീവിലൂടെ ജീത്തു ജോസഫ് സാധ്യമാക്കിയത്.
ജീത്തു ജോസഫിലെ ത്രില്ലറുകളില്‍ ലക്ഷണമൊത്തതായിരുന്നു മെമ്മറീസ്. സംവിധായകന്‍ തന്നില്‍ നിന്നുണ്ടായ മികച്ച ത്രില്ലറായി സ്വയം വിലയിരുത്തുന്നതും മെമ്മറീസിനെയാണ്. ഭാര്യയുടെയും മകളുടെയും മരണത്തിനു ശേഷം മദ്യപാനിയായി മാറിയ സാം അലക്‌സ് എന്ന സമര്‍ഥനായ പോലീസ് ഓഫീസര്‍ മേലുദ്യോഗസ്ഥന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് നടത്തുന്ന സമാന്തര കുറ്റാന്വേഷണമാണ് മെമ്മറീസിന്റെ പ്രമേയം. മലയാള ത്രില്ലര്‍ ജോണറില്‍ അതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത കുറ്റകൃത്യ രീതികളും അതിന്റെ ചുരുളഴിക്കലും കാണികള്‍ക്ക് വ്യത്യസ്തതയുള്ള കാഴ്ച പകര്‍ന്നുനല്‍കി. വിവാഹിതരായ നിരവധി യുവാക്കളുടെ തിരോധാനവും കൊലപാതകവും നടക്കുന്നു. കേസ് ഫയലുകളില്‍ പ്രവേശിക്കുന്ന സാം പോസ്റ്റ്മോര്‍ട്ടം രേഖകളും അത് നടത്തിയ ഡോക്ടര്‍മാരുമായും ബന്ധപ്പെടുന്നതോടെ കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നു. വിചിത്ര സ്വഭാവമുള്ള വ്യക്തിയാണ് കൊലയാളി. അവന്റെ പാദങ്ങളില്‍ മുടന്തുണ്ട്. അയാള്‍ സ്ത്രീകളെ വെറുക്കുകയോ സ്‌നേഹിക്കുകയോ ചെയ്യുന്നു. കൊലയാളി ഇരകളുടെ നെഞ്ചില്‍ മൂര്‍ച്ചയുള്ള ശസ്ത്രക്രിയാ കത്തി ഉപയോഗിച്ച് ചില സൂചനകള്‍ അവശേഷിപ്പിക്കുന്നു. ഇരകളുടെ ശരീരത്തില്‍ ആലേഖനം ചെയ്ത വാക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അവ അരാമിക് ആണെന്ന് സാം കണ്ടെത്തുന്നു. ആശയവിനിമയത്തിന് യേശു ഉപയോഗിച്ച ഭാഷയാണിത്. ഈ വാക്കുകള്‍ പിന്നീട് ബൈബിളിലെ പഴഞ്ചൊല്ലുകളിലേക്ക് വിരല്‍ ചൂണ്ടുന്നതായി കണ്ടെത്തി. അങ്ങനെ കൊലയാളി സൈക്കോപാത്ത് ആണെന്നും ഇരകള്‍ അവരുടെ ഭാര്യമാര്‍ ചെയ്ത പാപങ്ങള്‍ക്കായി ജീവിതം ഉപേക്ഷിച്ചുവെന്നുമുള്ള നിഗമനങ്ങളില്‍ എത്താന്‍ സാമിനെ സഹായിക്കുന്നു.
മെമ്മറീസിന്റെ കഥാപശ്ചാത്തലവും ആഖ്യാനമികവും ഈ സിനിമയെ അന്യഭാഷാ കാണികളില്‍ക്കൂടി എത്തിച്ചു. വിദേശ ത്രില്ലറുകളുമായി തട്ടിച്ചുനോക്കാന്‍ പാകത്തിലാണ് ജീത്തു ജോസഫ് മെമ്മറീസ് ഒരുക്കിയത്. ആദ്യ സിനിമയായ ഡിറ്റക്ടീവിനു ശേഷം ക്രൈം ത്രില്ലര്‍ ജോണറില്‍ നിന്ന് അകലം പാലിച്ച ജീത്തു ജോസഫിന് ഈ ജോണറില്‍ കൂടുതല്‍ പരീക്ഷണം നടത്താനുള്ള ആത്മവിശ്വാസം മെമ്മറീസ് നല്‍കി. വിദേശ ഭാഷകളിലെ മിസ്റ്ററി, സൈക്കോ ത്രില്ലറുകള്‍ കണ്ടെത്തി കാണാനുള്ള മലയാളി പ്രേക്ഷകരുടെ താത്പര്യത്തിന് ആക്കം കൂട്ടാനും മെമ്മറീസിന്റെ വിജയത്തിനായി.
മെമ്മറീസിന്റെ വിജയം കുടുംബപശ്ചാത്തലത്തിലുള്ള ജീത്തു ജോസഫിന്റെ ത്രില്ലറായ ദൃശ്യത്തിന്റെ സ്വീകാര്യതയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്തിട്ടുണ്ട്. തിരക്കഥയാണ് ഈ രണ്ടു സിനിമകളുടെയും നട്ടെല്ല്. മെമ്മറീസിനും ദൃശ്യത്തിനും ജീത്തു ജോസഫ് ഒരുക്കിയ തിരക്കഥ ത്രില്ലര്‍ ചലച്ചിത്ര പഠിതാക്കള്‍ക്ക് പാഠപുസ്തകമാണ്. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനായുള്ള ക്ലിഷേ വീട്ടക സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്ന സീക്വന്‍സുകള്‍ മാറ്റിനിര്‍ത്തിയാല്‍ ദൃശ്യത്തിന്റെ രണ്ടാം പകുതിയുടെ മുറുക്കമുള്ള തിരക്കഥ ലക്ഷണമൊത്ത ത്രില്ലര്‍ സിനിമയുടേതാണ്. ത്രില്ലര്‍ സിനിമകളൊരുക്കാനുള്ള തന്റെ പാടവം പൂര്‍ണമായി പുറത്തെടുക്കുന്ന ജീത്തു ജോസഫിലെ ചലച്ചിത്രകാരന്‍ ഇവിടെ വെളിപ്പെടുന്നു. ദൃശ്യം വലിയൊരു ട്രെന്‍ഡ് സെറ്ററായി മാറുന്നത് അതിന്റെ പിഴവുറ്റ തിരക്കഥ കൊണ്ടാണ്. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റവും വരെ പോകുന്ന ജോര്‍ജ്കുട്ടി എന്ന ഗൃഹനാഥന്റെ കണക്കുകൂട്ടലുകള്‍ അതീവ മിഴിവോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ നട്ടെല്ലായ തിരക്കഥ നല്‍കുന്ന ആത്മവിശ്വാസത്തില്‍ നിന്നാണ് അതിന് രണ്ടാം ഭാഗം രൂപപ്പെടുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നല്‍കുന്ന ബുദ്ധികൂര്‍മ്മതയിലൂടെ വീണ്ടും ജീത്തു ജോസഫ് തന്നിലെ ഉദ്വേഗങ്ങളുടെ സ്രഷ്ടാവിനെ പുറത്തെടുക്കുന്നു.
ഈ ഫാമിലി ത്രില്ലറിന്റെ ഔന്നത്യം തിരിച്ചറിഞ്ഞത് മലയാളികള്‍ മാത്രമായിരുന്നില്ല. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ഇന്ത്യക്കു പുറത്തും ദൃശ്യത്തിന്റെ ഖ്യാതി പരന്നു. ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തിലെ പ്രധാന സിനിമാ വിപണിയായ ചൈനയില്‍ വരെ ഈ സസ്‌പെന്‍സ് ത്രില്ലര്‍ ജോണര്‍ സിനിമയുടെ പെരുമയെത്തി. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന എന്ന പേരില്‍ ദൃശ്യത്തിന്റെ റീമേക്ക് മാന്‍ഡറിന്‍ ഭാഷയില്‍ പുറത്തിറങ്ങിയത് 2019 ലാണ്. ചൈനീസ് റീമേക്ക് ലോകതലത്തിലുള്ള സിനിമാസ്വാദകര്‍ ശ്രദ്ധിച്ചു. ഈ സിനിമയുടെ ഒറിജിനലിനു വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ തിരഞ്ഞു. അങ്ങനെ റീലീസ് ചെയ്ത് ഏഴാം വര്‍ഷവും ദൃശ്യം സജീവ ചര്‍ച്ചയിലിടം നേടി. ഇക്കാലയളവില്‍ നവമാധ്യമങ്ങളില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവിനെക്കുറിച്ചും ഏറെ ചര്‍ച്ചകളുണ്ടായി. പലരും സ്വന്തം നിലയ്ക്ക് കഥാവികസനം നടത്തി നവമാധ്യമങ്ങളില്‍ എഴുതുകയും ചിലര്‍ സംവിധായകനായ ജീത്തു ജോസഫിന് അയച്ചുകൊടുക്കുകയും വരെ ചെയ്തു. അതേസമയം ആദ്യമൊന്നും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാതിരുന്ന ജീത്തു ജോസഫും പതിയെ അങ്ങനെയാരു ചിന്തയിലേക്കെത്തുകയായിരുന്നു.
എന്നെങ്കിലുമൊരിക്കല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു തെറ്റ് ചെയ്തവരാണ് ജോര്‍ജ് കുട്ടിയും കുടുംബവും. എത്ര തന്നെ ശരികളും ന്യായീകരണങ്ങളുമുണ്ടെങ്കിലും കുറ്റം കുറ്റമായിത്തന്നെ അവശേഷിക്കും. ഇത് ഏറ്റവും നന്നായി അറിയാവുന്നയാള്‍ ജോര്‍ജ് കുട്ടി തന്നെയാണ്. പോലീസ് വീണ്ടും തന്നെ തേടിയെത്തുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ജോര്‍ജ്കുട്ടി. അതിനെ നേരിടാനായി വര്‍ഷങ്ങളോളമെടുത്ത് അയാള്‍ ഒരു തിരക്കഥ തയ്യാറാക്കുന്നു. ആദ്യതവണ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതു മുതല്‍ ആരംഭിക്കുന്ന ആ തയ്യാറെടുപ്പാണ് രണ്ടാം ഭാഗത്തിന്റെ ആസ്വാദനത്തിന് കരുത്ത് പകരുന്നത്. സൂക്ഷ്മതയുടെയും കൈയടക്കത്തിന്റെയും കെട്ടുറപ്പുണ്ട് ഈ രണ്ടാം ഭാഗത്തിന്. ഓരോ രംഗവും സംഭാഷണവും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമായ ഒരു സിനിമയുടെ രണ്ടാം ഭാഗത്തെ ഒരു പഴുതിനും ഇടനല്‍കാതെയാണ് ജീത്തു ജോസഫ് ചെത്തിക്കൂര്‍പ്പിച്ചെടുത്തിരിക്കുന്നത്. ജോര്‍ജ്കുട്ടിയുടെ കഥയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നിടങ്ങളെല്ലാം കൃത്യമായി പൂരിപ്പിച്ചു പോകുകയും വേണ്ടുന്ന ആകാംക്ഷയും വഴിത്തിരിവുകളും ചേര്‍ത്തുവയ്ക്കുകയും ചെയ്തിരിക്കുന്നു. ത്രില്ലര്‍ സിനിമകള്‍ ചെയ്യുമ്പോള്‍ തന്നിലെ എഴുത്തുകാരന്റെയും സംവിധായകന്റെയും ബ്രില്യന്‍സ് പൂര്‍ണമായി പുറത്തെത്തുന്ന പതിവിന് ജീത്തു ജോസഫ് ഒരിക്കല്‍കൂടി അടിവരയിടുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍
ദൃശ്യം സീരീസിന് മറ്റ് ഭാഷകളില്‍ കിട്ടിയ സ്വീകാര്യത ഏറെ വലുതായിരുന്നു. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്തെ വലിയ വിപണി സാധ്യത കൂടിയായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിലൂടെ സാധ്യമായത്. രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ ഒടിടി എന്ന ആഗോള വിപണി, കാഴ്ചാ സാധ്യത രൂപപ്പെട്ടിരുന്നു. ഇത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഗുണം ചെയ്തു.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും തന്റെ ബുദ്ധികൂര്‍മ്മത തിരക്കഥയില്‍ വേണ്ടുംവിധം ഉപയോഗപ്പെടുത്തിയ ജീത്തു ജോസഫില്‍ നിന്ന് വീണ്ടും ത്രില്ലറുകള്‍ പ്രതീക്ഷിക്കാന്‍ കാണികള്‍ക്ക് പ്രേരകമായി. തന്റെ ഇഷ്ട ജോണറായ ത്രില്ലര്‍ ഒരുക്കാന്‍ ജീത്തുവിനും ഇത് ആത്മവിശ്വാസമേകി. ട്വല്‍ത് മാന്‍ പോലൊരു മിസ്റ്ററി ത്രില്ലര്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. ദൃശ്യം സീരീസിന്റെയോ മെമ്മറീസിന്റെയോ കെട്ടുറപ്പ് ട്വല്‍ത് മാന്റെ തിരക്കഥയ്ക്കും ആഖ്യാനത്തിനും അവകാശപ്പെടാനാകില്ല. എങ്കിലും ഒരു റിസോര്‍ട്ട് അന്തരീക്ഷം മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന ത്രില്ലര്‍ എന്ന പരീക്ഷണം വിജയിപ്പിക്കാന്‍ അദ്ദേഹത്തിനാകുന്നു. കോളേജ് കാലം മുതലേ ഒന്നിച്ചുള്ള കൂട്ടുകാര്‍ കുടുംബമായി കൂട്ടത്തിലൊരാളുടെ ബാച്ചിലര്‍ പാര്‍ട്ടിക്കായി റിസോര്‍ട്ടിലെത്തുകയും അവിടെ വച്ച് നടക്കുന്ന കൊലപാതകവും അതിന്റെ ചുരുളഴിക്കുന്നതുമാണ് ട്വല്‍ത് മാനില്‍ ജീത്തു ജോസഫ് ആവിഷ്‌കരിക്കുന്നത്. അഗതാ ക്രിസ്റ്റിയുടെ കഥാകഥന രീതിയോട് സാമ്യമുള്ള ഈ മിസ്റ്ററി ഡ്രാമയില്‍ ത്രില്ലിംഗ് എലമെന്റിനേക്കാളും സസ്‌പെന്‍സ് ആണ് പ്രധാന ഘടകമാകുന്നത്.
മൈ ബോസ് പോലെ മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ഒരുക്കിയ സംവിധായകനായിട്ടും ജീത്തു ജോസഫില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ത്രില്ലര്‍ സിനിമകളാണ്. ഇത് മെമ്മറീസും ദൃശ്യവും ഉണ്ടാക്കിയെടുത്ത വലിയ സ്വാധീനം മൂലമാണ്. മോഹന്‍ലാല്‍ നായകനായ റാം, ആസിഫ് അലി നായകാകുന്ന കൂമന്‍ എന്നീ വരാനിരിക്കുന്ന ജീത്തു സിനിമകളും ത്രില്ലര്‍ ജനുസ്സില്‍പെടുന്നവയാണ്. ദൃശ്യത്തിന്റെ ആദ്യഭാഗം പാപനാശം എന്ന പേരില്‍ തമിഴില്‍ കമല്‍ഹാസനെ നായകനാക്കിയെടുത്ത ജീത്തു ജോസഫ് ദൃശ്യം 2 വിന്റെ തെലുങ്ക് സംവിധാനവും നിര്‍വ്വഹിച്ച് ത്രില്ലറിലെ തന്റെ ആഖ്യാനമുദ്ര മറ്റ് ഭാഷകളിലും പതിപ്പിപ്പിച്ചു. തന്നിലെ ത്രില്ലര്‍ സിനിമാ ആഖ്യാതാവിന്റെ വിതാനം വലുതാക്കി ഋഷി കപൂറിനെയും ഇമ്രാന്‍ ഹഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി ദി ബോഡി എന്ന മിസ്റ്ററി ത്രില്ലറെടുത്ത് ബോളിവുഡിന്റെ ശ്രദ്ധയും പിടിച്ചുപറ്റാന്‍ സംവിധായകനായി. ഹൃദയാഘാതം മൂലം മരിച്ച മായാ വര്‍മ്മ എന്ന വ്യവസായിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനെ തുടര്‍ന്നുള്ള അന്വേഷണവും സംഭവത്തിന്റെ ചുരുളഴിക്കലുമാണ് ബോഡിയുടെ പ്രമേയം.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 മേയ് 27 , ഷോ റീല്‍ 21