Tuesday, 10 May 2022

തലയെടുപ്പുള്ള ഭീഷ്മപര്‍വ്വം


ബിഗ് ബി റിലീസായി 15 വര്‍ഷത്തിനു ശേഷം അമല്‍നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയെന്നതാണ് ഭീഷ്മപര്‍വ്വത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. തിയേറ്ററില്‍ വലിയ വിജയമാകാതിരിക്കുകയും പിന്നീട് ടെലിവിഷന്‍, ഡിവിഡി, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വന്‍ ജനപ്രീതി നേടുകയും ചെയ്ത ബിഗ് ബിയുടെ തുടര്‍ഭാഗം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കാണ് അമല്‍നീരദ് ഭീഷ്മപര്‍വ്വവുമായി എത്തുന്നത്. അമല്‍നീരദിന്റെ സിഗ്നേച്ചര്‍ ആയ 'സ്റ്റൈല്‍ ഓഫ് മേക്കിംഗ്' ഭീഷ്മപര്‍വ്വവും വിട്ടുകളയുന്നില്ല. പ്രമേയത്തിലെ പുതുമയില്ലായ്മയില്‍ പോലും ഈ സിനിമയെ ആസ്വാദ്യകരമാക്കുന്നതും ഈ സവിശേഷത തന്നെ. 

വ്യാസനും ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയ്ക്കും മണിരത്‌നത്തിനും രാംഗോപാല്‍ വര്‍മ്മയ്ക്കും കടപ്പാട് പ്രകാശിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഭീഷ്മപര്‍വ്വം കുടുംബവാഴ്ചയും രക്തബന്ധങ്ങള്‍ക്കിടയിലെ വെറുപ്പും ശത്രുതയും സംഘര്‍ഷങ്ങളും അതിനിടയിലെ ജയാപജയങ്ങളും ന•യുടെ വിജയവും തന്നെയാണ് വിഷയമാക്കുന്നത്. മനുഷ്യനുള്ളിടത്തോളം കാലം പ്രസക്തമായ ഈ കഥാംശത്തെ വ്യാസഭാരതത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിച്ചുള്ളതാണ് ഭീഷ്മപര്‍വ്വത്തിന്റെ ആഖ്യാനം. പ്രത്യക്ഷമായി ഇത് പറയുന്നില്ലെങ്കില്‍ പോലും ഭീഷ്മപിതാമഹന്റെ തലപ്പൊക്കവുമായി മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ എന്ന കഥാപാത്രം നിറയുമ്പോള്‍ ആരൊക്കെയാണ് പാണ്ഡവ, കൗരവപ്പടകളെ പ്രതിനിധാനം ചെയ്ത് ഇരുപക്ഷത്തും അണിനിരക്കുന്നതെന്നുള്ള അനുമാനത്തിലെത്താന്‍ പ്രേക്ഷകന് സാധിക്കും.


തന്റെ ആകര്‍ഷകമായ മന്ദതാളത്തിലൂടെയാണ് ഇക്കുറിയും അമല്‍നീരദ് കഥ പറയുന്നത്. ഇൗ കഥപറച്ചിലിന് വേറിട്ട അര്‍ഥതലവും പശ്ചാത്തലവും നല്‍കുന്നിന് സുഷിന്‍ ശ്യാമിന്റെ സംഗീതമാണ് കരുത്ത് പകരുന്നത്. പലകുറി പറഞ്ഞ ഒരു കഥാപരിസരത്തെ എങ്ങനെ പുതുമയുള്ളതും ചലനാത്മകവും ഉദ്വേഗമുള്ളതുമാക്കി മാറ്റാമെന്നതിന് ഭീഷ്മപര്‍വ്വത്തിന്റെ ആഖ്യാനശൈലി മാതൃകയാകുന്നു.

1980-90 കാലത്തെ മട്ടാഞ്ചേരിയാണ് കഥാപശ്ചാത്തലം. മട്ടാഞ്ചേരിയിലെ പ്രശസ്തമായ അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിള്‍. ബിസിനസ് കുടുംബമായ അഞ്ഞൂറ്റിയിലെ മൂത്ത മകനായ പൈലി അന്യമതസ്ഥയായ ഫാത്തിമയെ വിവാഹം കഴിക്കുന്നു. അതിന്റെ പേരിലുണ്ടായ കുടിപ്പകയില്‍ പൈലിക്ക് ജീവന്‍ നഷ്ടമാകുന്നു. ജ്യേഷ്ഠന്റെ മരണത്തിന് കാരണക്കാരായവരോട് മൈക്കിളാണ് പ്രതികാരം ചെയ്യുന്നത്. ജയില്‍വാസം കഴിഞ്ഞെത്തിയ മൈക്കിള്‍ അഞ്ഞൂറ്റി കുടുംബത്തിലെ അധികാര കേന്ദ്രവും തനിക്കു ചുറ്റുമുള്ള സാധാരണക്കാരുടെ രക്ഷകനുമായ മൈക്കിളപ്പനാകുന്നു. 


പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന മമ്മൂട്ടി മൈക്കിളപ്പനിലൂടെ പരിപാകതയുള്ള അഭിനേതാവിന്റെ നേരടയാളം കാണിക്കുന്ന സിനിമ കൂടിയാകുന്നു ഭീഷ്മപര്‍വ്വം. പ്രായം ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പരപ്പ് കഥാപാത്രവും ഉള്‍ക്കൊള്ളുന്നു. മമ്മൂട്ടിയുടെ പ്രായത്തിനോട് നീതി പുലര്‍ത്തുന്ന കഥാപാത്രമാണിത്. എന്നാല്‍ ഈ പ്രായത്തിലും മമ്മൂട്ടി പുലര്‍ത്തുന്ന സമാനതയില്ലാത്ത കരിസ്മയുടെ ആള്‍രൂപം കൂടിയാകുന്നു മൈക്കിളപ്പന്‍. ഒരേസമയം നടനും സൂപ്പര്‍താരവും സ്‌ക്രീനില്‍ സന്നിവേശിക്കുകയാണ് മൈക്കിളപ്പനില്‍. തനിക്കുമാത്രം പോന്ന ഗാംഭീര്യത്തിലും കൈയടക്കത്തിലുമാണ് മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍താരം എന്ന പകിട്ടിന് ബലമേകാന്‍ ബോധപൂര്‍വ്വം ചേര്‍ക്കുന്ന എടുത്തുകെട്ടുകളൊന്നുമില്ലാതെ തന്നെ സ്‌ക്രീനിലെ തന്റെ അപാരമായ ഗരിമ കൊണ്ടാണ് മമ്മൂട്ടി ഒപ്പമഭിനയിക്കുന്ന മറ്റേതൊരു ചെറുപ്പക്കാരനേക്കാളും ഈടുറ്റ സാന്നിധ്യമാകുന്നത്. ആ ശരീരവും കണ്ണുകളും മുഖപേശികളും ശബ്ദവുമെല്ലാം അഭിനയത്തില്‍ സവിശേഷ സാന്നിധ്യമായി ഒപ്പം ചേരുന്നു. 

തീരുമാനങ്ങളിലെ കണിശതയും, തന്നെത്തേടിയെത്തുന്നവരുടെ അഭയവും, തെറ്റുകള്‍ക്കെതിരെയുള്ള സന്ധിയില്ലായ്മയും, ആത്മധൈര്യത്തിന്റെ ആള്‍രൂപവുമായ മൈക്കിളപ്പന്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്കിടയിലെ മഹാസാന്നിധ്യമാണ്. ഒരു ഘട്ടത്തിലും അയാള്‍ അമാനുഷികനാകുന്നില്ല. പാണ്ഡവര്‍ക്കും കൗരവര്‍ക്കും യുദ്ധതന്ത്രങ്ങള്‍ ഓതിക്കൊടുക്കുകയും ഒരു ഘട്ടത്തില്‍ കൗരവപ്പടയില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാനിറങ്ങുകയും ചെയ്യേണ്ടിവരുന്ന ഭീഷ്മപിതാമഹനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് മൈക്കിളപ്പന്‍. എന്നാല്‍ അഭിനവഭീഷ്മര്‍ പാണ്ഡവര്‍ക്കൊപ്പം അണിചേരുന്നുവെന്ന വ്യത്യാസമുണ്ട്. ഭീഷ്മ പിതാമഹന്റെ ഗാംഭീര്യവും സ്ഥൈര്യവും ശരീരത്തിലും വാക്കുകളിലും സമന്വയിക്കുകയാണ് മൈക്കിളപ്പനില്‍. 


പോരാട്ടത്തില്‍ ചിലപ്പോഴൊക്കെ മുന്നില്‍ നില്‍ക്കുന്നുണ്ട് മൈക്കിളപ്പന്‍. എന്നാല്‍ ഭൂരിഭാഗം വേളകളിലും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് തന്റെ പടയാളികളെക്കൊണ്ട് നടപ്പാക്കുകയാണ് ചെയ്യുന്നത്. ഉത്തരായനം കാത്തുള്ള ഭീഷ്മ പിതാമഹന്റെ ശരശയ്യയെ ഓര്‍മ്മപ്പെടുത്തും വിധമാണ് ഭീഷ്മപര്‍വ്വത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരനും മറ്റു പടയാളികള്‍ക്കും ഉപദേശം നല്‍കുന്നുണ്ട് ഭീഷ്മര്‍. സംഘട്ടനത്തില്‍ മുറിവുകള്‍ക്കടിപ്പെട്ട് ആശുപത്രിക്കിടക്കയില്‍ കിടന്നാണ് മൈക്കിളപ്പന്‍ പടയാളികള്‍ക്ക് നിര്‍ദേശം നല്‍കുന്നതും കൃത്യങ്ങള്‍ ചെയ്യിപ്പിക്കുന്നതും. താന്‍ എപ്പോള്‍ മരിക്കണമെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നുള്ള ഭീഷ്മവാക്യത്തെ മൈക്കിളപ്പനും ആവര്‍ത്തിക്കുന്നുണ്ട്. ഈ രംഗങ്ങളിലെല്ലാം മമ്മൂട്ടിയിലെ പരിപാകതയെത്തിയ നടനെ അടയാളപ്പെടുത്താനാണ് ഭീഷ്മപര്‍വ്വത്തിന്റെ സംവിധായകന്‍ ശ്രദ്ധിക്കുന്നത്. മറ്റൊരു നടനും സാധ്യമാകാത്ത തലപ്പൊക്കത്തിലാണ് മമ്മൂട്ടി ഭീഷ്മപിതാമഹനെ ഓര്‍മ്മിപ്പിക്കുന്ന മൈക്കിളപ്പനായി പരകായപ്രവേശം നടത്തുന്നത്. അലസമായി നീട്ടിവളര്‍ത്തിയ മുടിയിഴകളില്‍ പോലും ഭീഷ്മപിതാമഹന്റെ സാന്നിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിനാകുന്നു. വാചകങ്ങളുടെ അതിപ്രസരമില്ലാതെ, കുറിക്കു കൊള്ളും വിധവും അന്തിമ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുവാനും വേണ്ടിയുള്ളതാണ് ആ സംസാരങ്ങള്‍. ആളുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു പോലും വേണ്ടുന്ന ഘട്ടങ്ങളില്‍ മാത്രം. ഏറ്റവും അവശ്യം വേളകളില്‍ മാത്രമാണ് ശാന്തഭാവം രൗദ്രതയിലേക്ക് മാറുന്നത്. അപ്പോള്‍ അധികമാരും കാണാത്ത മറ്റൊരു മൈക്കിളപ്പന്റെ സാന്നിധ്യം അനുഭവിക്കാനാകും. ഈ പരിവര്‍ത്തനങ്ങളിലെല്ലാം മമ്മൂട്ടിയിലെ പാകപ്പെട്ട നടന്റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പ്രസക്തി കൈവരുന്നുണ്ട്.

മമ്മൂട്ടിയുടെ കരിസ്മയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ്, ഷൈന്‍ ടോം ചാക്കോ, അനഘ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. സ്‌ക്രീന്‍ സ്‌പേസ് കുറവുള്ള കഥാപാത്രങ്ങളെക്കൂടി മിഴിവ് നല്‍കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നത് അമല്‍ നീരദിന്റെ ക്രാഫ്റ്റിന്റെ മികവിനെ കാണിക്കുന്നു.

അക്ഷരകൈരളി, 2022 ഫെബ്രുവരി-മാര്‍ച്ച്‌

No comments:

Post a Comment