Monday, 23 May 2022

കുട്ടനും ഭാസ്‌കര പട്ടേലരും അഹമ്മദ് ഹാജിയും; മമ്മൂട്ടിയിലെ നടനെ പകര്‍ത്തിയ പ്രതിനായകര്‍


''തേച്ച് മിനുക്കിയെടുത്ത നടനാണ് ഞാന്‍. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും'' സ്വന്തം അഭിനയത്തെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞതാണിത്. തനിക്കുള്ളിലെ അഭിനേതാവിനെ പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുള്ള ഒരു നടനില്‍നിന്ന് ഉടലെടുക്കുന്ന സത്യസന്ധമായ അഭിപ്രായമാണിത്. എത്രയോ കാലങ്ങളായി സ്വയം തേച്ചുമിനുക്കിയും നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും വളര്‍ത്തിയെടുത്ത നടന്റെ ഏറ്റവും പുതിയ കഥാപാത്രമായ പുഴുവിലെ കുട്ടന്‍ ഇൗ വളര്‍ച്ചയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ്. 

സൂപ്പര്‍ താരങ്ങള്‍ക്ക് കഥാപാത്രങ്ങളുടെ ആവര്‍ത്തന സ്വഭാവത്താല്‍ സ്റ്റാര്‍ഡം ബാധ്യതയാകുകയും പലപ്പോഴും തന്നിലെ അഭിനേതാവിനെ പ്രതിഫലിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്യാറുണ്ട്. എല്ലാ ഫിലിം ഇന്‍ഡസ്ട്രികളിലെയും സൂപ്പര്‍താരങ്ങള്‍ ഈ വെല്ലുവിളിയിലൂടെ കടന്നുപോകാറുണ്ട്. ആരാധകര്‍ക്കു വേണ്ടിയുള്ള ക്ലിഷേ കഥാപാത്രങ്ങള്‍ എടുത്തണിയുമ്പോള്‍ താരാരാധന പോഷിക്കപ്പെടാനുള്ള സാധ്യത കൈവരുമെങ്കിലും നടനെന്ന നിലയില്‍ സൂപ്പര്‍താരം പിറകോട്ടു പോകും. വിപണിമൂല്യത്തില്‍ യാതൊന്നും സംഭവിക്കില്ലെങ്കിലും തന്നിലെ നടനെ മിനുക്കിയെടുക്കാന്‍ അവസരം ലഭിക്കാത്തതിലുള്ള സംഘര്‍ഷം ഏതൊരു സൂപ്പര്‍താരവും അഭിമുഖീകരിക്കുന്നുണ്ടാകാം. അതുകൊണ്ടുതന്നെ താരപ്പകിട്ടുള്ള കഥാപാത്രങ്ങളില്‍നിന്ന് ഇടയ്‌ക്കെങ്കിലും തന്നിലെ അഭിനേതാവിനെ മോചിപ്പിക്കാന്‍ സൂപ്പര്‍താരങ്ങള്‍ പരിശ്രമിക്കും. മമ്മൂട്ടിയിലെ സൂപ്പര്‍താരത്തിന് ഏറെക്കാലത്തിനു ശേഷം അതിന് ലഭിക്കുന്ന അവസരമാണ് നവാഗത സംവിധായിക റതീനയുടെ പുഴുവിലെ കുട്ടന്‍ എന്ന കഥാപാത്രം. താരബാധ്യതയില്ലാതെ അടിമുടി നടനായി മാറാനുള്ള സാധ്യതയാണ് കുട്ടന്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിലൂടെ മമ്മൂട്ടിക്ക് കൈവരുന്നത്.


സത്ഗുണസമ്പന്നനല്ലാത്ത, പല ദോഷങ്ങളുമുള്ള കഥാപാത്രമാണ് പുഴുവിലെ കുട്ടന്‍ എന്ന പോലീസ് കഥാപാത്രം. ഭാര്യയുടെ മരണത്തിനു ശേഷം മകനെ നോക്കാനുള്ള ഉത്തരവാദിത്വം പൂര്‍ണമായും കുട്ടനില്‍ വന്നു ചേരുകയാണ്. അതിയായ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്ന കുട്ടന്റെ പാരന്റിംഗ് മകനില്‍ ബാധ്യതയും വെറുപ്പുമാണ് ഉളവാക്കുന്നത്. അച്ഛന്റെ മരണം പോലും മകന്‍ ആഗ്രഹിക്കുന്നുണ്ട്. സവര്‍ണകുലത്തില്‍പെട്ട കുട്ടന്‍ തീവ്രമായ ജാതിബോധം പേറുന്നയാളുമാണ്. പെങ്ങള്‍ കീഴ്ജാതിയില്‍പെടുന്നയാളുമൊത്ത് ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ അയാളിലെ ജാതിബോധം മറനീക്കി പുറത്തുവരുന്നു. തന്നെ ആരോ വേട്ടയാടുന്നുണ്ടെന്ന തോന്നലും മരണഭയവും അയാളെ സംശയാലുവുമാക്കുന്നു. പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് നല്ലതായ ഒരു ധാരണയും സൃഷ്ടിക്കാന്‍ കുട്ടനെന്ന വ്യക്തിക്കാകുന്നില്ല. ഇങ്ങനെയുള്ള ഒരു മുഴുനീള വിപരീത കഥാപാത്രം ചെയ്യുന്നതിലൂടെയാണ് തന്നിലെ നടനെ സൂപ്പര്‍താരം പുറത്തെടുക്കുന്നത്. മമ്മൂട്ടിയിലെ അത്ഭുതപ്പെടുത്തുന്ന നടന്റെ പ്രകടനങ്ങള്‍ ഏറെത്തവണ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്കും ഏറെ പ്രകടന സാധ്യതയുള്ള പുഴുവിലെ കഥാപാത്രം വിസ്മയത്തിന് വക നല്‍കുന്നതാണ്. 


നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ കൈവന്നപ്പോഴെല്ലാം ഇരുത്തം വന്ന തന്നിലെ സ്വാഭാവിക ശൈലി കൊണ്ട് അവയെ അതിഗംഭീരമായ വേഷപ്പകര്‍ച്ചയാക്കി മാറ്റിയ അനുഭവമാണ് മമ്മൂട്ടിയിലെ നടന്റേത്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയനിലെ ഭാസ്‌കര പട്ടേലരും രഞ്ജിത്തിന്റെ പാലേരിമാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുമാണ്. സിനിമയുടെ കഥാപുരോഗതിയില്‍ നായകന്മാര്‍ക്ക് സാധാരണ സംഭവിക്കാറുള്ള മാനസിക പരിവര്‍ത്തനത്തിന് വിധേയരല്ല ഈ കഥാപാത്രങ്ങള്‍. ഈ രണ്ടു സിനിമകളിലും കഥാപാത്രങ്ങള്‍ക്ക് അത്തരത്തിലൊരു വ്യതിയാനം നല്‍കാന്‍ എഴുത്തുകാരും മെനക്കെടുന്നില്ല. പൂര്‍ണമായും ഫാസിസ്റ്റുകളായി ജീവിക്കുന്നവരാണ് ഭാസ്‌കര പട്ടേലരും അഹമ്മദ് ഹാജിയും. തങ്ങളുടെ ഇഷ്ടങ്ങളും സന്തോഷങ്ങളുമാണ് അവരുടെ ശരികള്‍. ഈ താത്പര്യങ്ങള്‍ പാലിക്കപ്പെടുന്നതിനായി ഏതറ്റം വരെ പോകാനും ഇവര്‍ തയ്യാറുമാണ്. മമ്മൂട്ടിയിലെ സൂപ്പര്‍താരത്തിന്റെ ഗരിമ ഈ കഥാപാത്രങ്ങളുടെ ശരീരഭാഷയിലൊരിടത്തും കണ്ടെത്താനാകില്ല. അവര്‍ അടിമുടി ഭാസ്‌കരപട്ടേലരും അഹമ്മദ് ഹാജിയുമാണ്. ഭാസ്‌കരപട്ടേലര്‍ അധികാരി വര്‍ഗത്തിന്റെ പ്രതിനിധിയാണ്. അയാളുടെ നടപ്പിലും ഇരിപ്പിലും ആജ്ഞയിലും അതു സദാ നിഴലിക്കും. ആജ്ഞാനുവര്‍ത്തികളായ അനുചരന്മാര്‍ എപ്പോഴും അയാളുടെ കൂടെയുണ്ടാകും. കൈയിലെ തോക്ക് അയാളെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നു. ഇഷ്ടമുള്ളതിനെ സ്വന്തമാക്കാനും കീഴ്‌പെടുത്താനുമാണ് അയാളുടെ ഉള്ളിലെ ത്വര. അടിമയാക്കപ്പെടുന്ന പുരുഷനും അടിപ്പെടേണ്ടി വരുന്ന സ്ത്രീയും വേട്ടയാടപ്പെടുന്ന മൃഗവും ഭാസ്‌കരപട്ടേലരുടെ ഈ ത്വരയുടെ ഇരകളാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുകയും തന്റെ പണിക്കാരനായ തൊമ്മിയുടെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന ഭാസ്‌കര പട്ടേലര്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്താനും തയ്യാറാകുന്നു. ഭാസ്‌കരപട്ടേലരെ പോലെ തനിക്ക് എതിര് നില്‍ക്കുന്നവരെയും താത്പര്യമില്ലാത്തവരെയും കാല്‍ക്കീഴിലമര്‍ത്തി കൊല്ലാനും ആഗ്രഹം തോന്നുന്ന സ്ത്രീയെ വരുതിയിലാക്കാനും മടിക്കാത്തയാളാണ് അഹമ്മദ് ഹാജിയും. ക്രൂരനും സ്ത്രീകളെ ചൂഷണം ചെയ്യല്‍ പതിവാക്കുകയും ചെയ്തുപോരുന്ന എതിര്‍വാക്കില്ലാത്ത ജന്മിയായിട്ടാണ് അഹമ്മദ് ഹാജി ജീവിക്കുന്നത്. വിധേയനിലെയും പാലേരിമാണിക്യത്തിലെയും ഈ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയും ക്രൗര്യഭാവത്തിന് മിഴിവേറ്റുന്നു.


വേണുവിന്റെ മുന്നറിയിപ്പിലെ സി.കെ. രാഘവന്‍ എന്ന കഥാപാത്രത്തിന്റെ നെഗറ്റീവ് ഷേഡ് വെളിപ്പെടുത്താന്‍ സിനിമ ആദ്യം തയ്യാറാകുന്നില്ല. സിനിമയുടെ മുന്നോട്ടുപോക്കില്‍ കാണികളെ ഞെട്ടിച്ചുകൊണ്ടാണ് ഈ കഥാപാത്രത്തിന്റെ ഭാവപ്പകര്‍ച്ച സാധ്യമാകുന്നത്. ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞയാളാണ് രാഘവന്‍. ഈ കഥാപാത്രത്തിന്റെ നെഗറ്റീവ് ഷേഡിന്റെ സൂചനകള്‍ പലയിടങ്ങളിലായി ചിത്രം നല്‍കുന്നുണ്ടെങ്കിലും വെളിപ്പെടല്‍ പൂര്‍ണമായും സാധ്യമാകുന്നത് ഒടുക്കത്തിലാണ്. മമ്മൂട്ടിയിലെ ഭാവാഭിനയ സാധ്യതയുള്ള നടന്റെ പ്രത്യക്ഷമാകലിന് അവസരമൊരുക്കുന്നതായിരുന്നു രാഘവന്‍ എന്ന കഥാപാത്രം. ചിരിയും ക്രൗര്യവും മാറിവരുന്ന ഭാവങ്ങളില്‍ അസാമാന്യമായ വേഷപ്പകര്‍ച്ചയാണ് മമ്മൂട്ടിയുടെ രാഘവന്‍ നടത്തുന്നത്.

തന്റെ സിനിമാ ജീവിതം സജീവമാകുന്ന ദശകത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രമായിരുന്നു പത്മരാജന്റെ കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ്. പുതിയ താരപ്രഭാവമായി റഹ്മാന്‍ വരവറിയിച്ച ഈ ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി. തോമസിന്റെ ഭാവിവധുവും അധ്യാപികയുമായി സുഹാസിനിയുടെ ആലീസ്. ആലിസിന്റെ വിദ്യാര്‍ഥിയായി റഹ്മാന്റെ രവി പുത്തൂരാന്‍. ആലീസ് രവിക്ക് നല്‍കുന്ന പരിഗണനയാണ് തോമസിനെ അസ്വസ്ഥനാക്കുന്നതും രവിയുടെ മരണത്തിനിടയാക്കുന്നതും. പ്രേക്ഷകരില്‍ വെറുപ്പും നീരസവും മാത്രം ബാക്കിയാക്കുന്ന കഥാപാത്രമായിരുന്നു തോമസ്. നായക നിരയിലേക്ക് ഉയര്‍ന്നുവന്ന കാലത്താണ് ഇത്തരമൊരു നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി ധൈര്യം കാണിച്ചത്. തോമസ് എന്ന കഥാപാത്രത്തിന്റെ പ്രകടനസാധ്യത മുന്‍കൂട്ടി കണ്ടാണ് മമ്മൂട്ടി ഈ കഥാപാത്രമാകുന്നത്. ആ കാലത്ത് മമ്മൂട്ടി ചെയ്ത പല വാര്‍പ്പുമാതൃകാ കഥാപാത്രങ്ങളും കാണികള്‍ മറന്നുപോയിട്ടും കൂടെവിടെയിലെ തോമസിനെ ഓര്‍ത്തുവയ്ക്കുന്നുണ്ട്. ഇത് കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഈ നടന്‍ പുലര്‍ത്തിയ ശ്രദ്ധയ്ക്കുള്ള അംഗീകാരമാണ്.


താരപദവിയിലെത്തിയതോടെ മമ്മൂട്ടി കഥാപാത്രങ്ങളെ എല്ലാ ഗുണഗണങ്ങളും പുലര്‍ത്തുന്ന നായകനാക്കാനാണ് എഴുത്തുകാരും സംവിധായകരും മെനക്കെട്ടത്. കുടുംബ ചിത്രങ്ങളിലും ആക്ഷന്‍ ഡ്രാമകളിലുമാണ് മമ്മൂട്ടി ഏറിയ പങ്കും ഭാഗമായിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം ശുഭാന്ത്യമുള്ളതും നായകന്‍ നന്മയുടെ പക്ഷത്ത് നിലകൊള്ളുന്നയാളുമായിരുന്നു. ഇങ്ങനെ താരപദവിയുടെ അത്യുന്നതിയില്‍ നിലകൊള്ളുമ്പോഴും പ്രകടനസാധ്യതയുണ്ടെന്നു തോന്നുന്ന നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് കൈകൊടുക്കാന്‍ മമ്മൂട്ടി മടിച്ചില്ല. അങ്ങനെയാണ് പത്മകുമാറിന്റെ പരുന്തിലെ പലിശക്കാരന്‍ പരുന്ത് പുരുഷോത്തനെ പോലെയുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. ആരോടും ദാക്ഷിണ്യമില്ലാത്ത പലിശക്കാരനാണ് പുരുഷു. പണമാണ് അയാളെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളോടും സഹതാപം വേണ്ടെന്നതാണ് അയാളുടെ ശരി. രഞ്ജിത്തിന്റെ പുത്തന്‍പണത്തിലും അജയ് വാസുദേവിന്റെ ഷൈലോക്കിലും ഇതിനോട് വിദൂര സാമ്യമുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷൈലോക്കില്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ക്രൂരനായ ഇടപാടുകാരനാണ് മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം. പലിശ മുടക്കുന്നവരുടെ സിനിമാ സെറ്റില്‍ പോയി പ്രശ്‌നമുണ്ടാക്കാനും സിനിമയുടെ നിര്‍മ്മാണം മുടക്കാനും അയാള്‍ മടിക്കുന്നില്ല. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് മുഴുനീള നെഗറ്റീവ് ഷേഡ് നല്‍കാന്‍ ഈ സിനിമകളൊന്നും തയ്യാറാകുന്നില്ല. നായകന് അനുതാപം ലഭിക്കുന്നതിനായി അയാളുടെ പൂര്‍വ്വകഥ പറയാന്‍ പരുന്തും ഷൈലോക്കുമെല്ലാം മെനക്കെടുന്നുണ്ട്. ഇതുവഴി വിധേയനിലെയോ പാലേരിമാണിക്യത്തിലെയോ കഥാപാത്രങ്ങളോട് തോന്നുന്ന വെറുപ്പ് കാണികള്‍ക്ക് ഇവിടെ പ്രകടമാകുന്നില്ല. അതേസമയം ഭാസ്‌കര പട്ടേലരും അഹമ്മദ് ഹാജിയും പ്രകടമാക്കുന്ന ആഴവും മറ്റ് കഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാനാകുന്നില്ല.


ജോയ് മാത്യുവിന്റെ അങ്കിളില്‍ പ്രതിനായക സ്വഭാവമെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ജോഷിയുടെ കുട്ടേട്ടനിലെ വിഷ്ണുനാരായണന്റെ ആത്മാവുള്ള കഥാപാത്രമാണ് അങ്കിളിലെ കൃഷ്ണകുമാര്‍. നെഗറ്റീവ് ഷേഡ് തോന്നിപ്പിക്കുകയും മര്‍മ്മഭാഗത്തെത്തുമ്പോള്‍ കൃഷ്ണകുമാറിലെ നല്ല വശങ്ങള്‍ ധ്വനിപ്പിക്കുകയുമാണ് അങ്കിള്‍ ചെയ്യുന്നത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 മേയ് 17, ഷോ റീല്‍ 20

No comments:

Post a Comment