Sunday, 8 May 2022

സിബിഐ സീരീസ്; മലയാള കുറ്റാന്വേഷണ സിനിമകളിലെ ഗോഡ്ഫാദര്‍


മലയാളത്തിലെ കുറ്റാന്വേഷണ സിനിമാ ശ്രേണിക്ക് വ്യത്യസ്തവും ഉന്നതവുമായ മാനം നല്‍കിയ സിനിമയെന്ന നിലയ്ക്കാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമാ സിനിമകള്‍ക്ക് അതുവരെയില്ലാതിരുന്ന തലപ്പൊക്കം നല്‍കാന്‍ ഈ സിനിമയ്ക്കായി. 1988 ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പ് അക്കാലത്തെ ഇന്ത്യന്‍ കുറ്റാന്വേഷണ സിനിമകളിലെ മൗലികമാര്‍ന്ന പരീക്ഷണമായും വിലയിരുത്തപ്പെട്ടു. മലയാളം പോലൊരു പ്രാദേശിക ഭാഷയില്‍ നിന്നുണ്ടായ ഈ സിബിഐ സിനിമയ്ക്ക് മറ്റു ഭാഷകളിലെ സ്വീകാര്യതയ്‌ക്കൊപ്പം അനുകരണങ്ങളുമുണ്ടായി. ഇന്ത്യന്‍ വാണിജ്യസിനിമകളില്‍ നിര്‍ബന്ധമായിരുന്ന പാട്ടുകളും നൃത്തങ്ങളും ഇല്ലാതെ കുറ്റാന്വേഷണ പ്രമേയത്തെ മാത്രം കേന്ദ്രീകരിക്കുന്നതായിരുന്നു സിബിഐ ഡയറിക്കുറിപ്പിന്റെ അവതരണശൈലി. തൊള്ളായിരത്തി എണ്‍പതുകളിലെ ഇന്ത്യന്‍ വാണിജ്യ സിനിമയില്‍ ഇത് വിപ്ലവമായിരുന്നു.

എസ്.എന്‍ സ്വാമിയും കെ.മധുവും മലയാളി പ്രേക്ഷകര്‍ക്ക് കുറ്റാന്വേഷണ സിനിമകളെന്ന മറ്റൊരു തലത്തിലുള്ള ആസ്വാദനം സാധ്യമാക്കുകയും പില്‍ക്കാലത്ത് ഏറ്റവുമധികം ആരാധകരുള്ള ജോണറുകളിലൊന്നായി ഇത് മാറുകയും ചെയ്തു. കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളെ എങ്ങനെ പൂര്‍വ്വമാതൃകയില്ലാത്ത വിധം പുതുമയാര്‍ന്ന മാതൃകയില്‍ അവതരിപ്പിക്കാമെന്നതിനായുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും ലോക സിനിമയില്‍ നിരന്തരം നടക്കുകയാണ്. കുറ്റവും ശിക്ഷയുമെന്ന ദ്വന്ദം മനുഷ്യനില്‍ എപ്പോഴും പ്രസക്തമായ മാനസിക വ്യാപാരങ്ങളിലൊന്നെന്ന നിലയില്‍ ക്രൈം ത്രില്ലര്‍ സിനിമകള്‍ക്കും എല്ലാകാലത്തും അത്തരമൊരു ആരാധകവൃന്ദമുണ്ടായിരിക്കും. മനുഷ്യനിലെ ഈ ആന്തരിക ചോദനയെയും ആകാക്ഷയെയും ഉപയോഗപ്പെടുത്തിയായിരുന്നു 35 വര്‍ഷം മുമ്പ് എസ്.എന്‍ സ്വാമിയും കെ.മധുവും സിബിഐ സിനിമ രൂപപ്പെടുത്തിയത്. അതുവരെ കേരള പോലീസ്, സിഐഡി അന്വേഷണങ്ങള്‍ മാത്രം കണ്ടുപോന്നിരുന്ന മലയാളി പ്രേക്ഷകന് കേന്ദ്രാന്വേഷണ ഏജന്‍സിയെയും അതിലെ ഉദ്യേഗസ്ഥരുടെ കുശാഗ്രാന്വേഷണ ബുദ്ധിയെയും സിബിഐ ഡയറിക്കുറിപ്പ് പരിചയപ്പെടുത്തി. മുന്‍മാതൃകയില്ലാത്ത കുറ്റാന്വേഷണ രീതി പിന്തുടരുന്ന ഈ സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണ ഏറെ വലുതായിരുന്നു. കേരള ബോക്സ് ഓഫീസില്‍ നിന്ന് ഏകദേശം 2.5 കോടി നേടിയ ജോഷി-മമ്മൂട്ടി ചിത്രം ന്യൂഡല്‍ഹിയുടെ കളക്ഷന്‍ റെക്കോര്‍ഡിനെ മറികടന്ന് ഏകദേശം 3 കോടി കളക്ഷനാണ് സിബിഐ ഡയറിക്കുറിപ്പ് നേടിയത്. അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു ഇത്. മലയാള സിനിമകള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ പ്രേക്ഷകരില്ലാതിരുന്ന കാലത്ത് സിബിഐ ഡയറിക്കുറിപ്പ് തമിഴ്‌നാട്ടില്‍ ഒരു വര്‍ഷമാണ് ഓടിയത്.


1988 ഫെബ്രുവരി 18ന് റിലീസ് ചെയ്ത ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് മലയാളത്തില്‍ അന്നോളമുള്ള കുറ്റാന്വേഷണ സിനിമകളുടെ ആഖ്യാനശൈലി പൊളിച്ചെഴുതിയെന്നതിനൊപ്പം മലയാള സിനിമാ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ക്കൂടി ഇടം നേടി. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രം മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിറകില്‍ കെട്ടിയുള്ള നടത്തം..ഇതെല്ലാമായിരുന്നു സേതുരാമയ്യരുടെ ശ്രദ്ധേയമായ നേരടയാളങ്ങള്‍. സേതുരാമയ്യരെ അവതരിപ്പിക്കുന്നതിനും സിനിമയിലെ സുപ്രധാന രംഗങ്ങളിലും ഉപയോഗിച്ച ശ്യാമിന്റെ പശ്ചാത്തലസംഗീതം വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടു. സിനിമയുടെ കഥപറച്ചിലുമായി ഇത്രയേറെ ഇഴുകിച്ചേരുകയും കാണികളെ ത്രസിപ്പിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലസംഗീതവും അക്കാലത്ത് പുതുമയായിരുന്നു.

മമ്മൂട്ടിയുടെ സിബിഐ കഥാപാത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് അലി ഇമ്രാന്‍ എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം ഒരു പോലീസ് കഥ സിനിമയാക്കാമെന്ന് മമ്മൂട്ടിയോട് എസ്.എന്‍ സ്വാമി പറഞ്ഞു. അലി ഇമ്രാന്‍ എന്ന ഗൗരവക്കാരനായ സിബിഐ ഓഫീസര്‍ കേസ് അന്വേഷിക്കുന്നതാണ് സ്വാമി പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്റെ പശ്ചാത്തലം മാറ്റി. തന്റേടത്തേക്കാള്‍ തലച്ചോറ് ഉപയോഗിക്കുന്ന ലാളിത്യമുള്ള ഒരു ബ്രാഹ്മണന്‍ മികച്ച ആശയമായിരിക്കുമെന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദേശം. തുടര്‍ന്ന് സേതുരാമയ്യര്‍ എന്ന പേര് എസ്.എന്‍ സ്വാമി കണ്ടെത്തി. അലി ഇമ്രാന്‍ എന്ന പേര് പിന്നീട് കെ.മധുവിന്റെ തന്നെ മൂന്നാംമുറയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനാണ് നല്‍കിയത്. നായക കഥാപാത്രത്തിന്റെ കുടുംബ പശ്ചാത്തലം മാറ്റിനിര്‍ദേശിച്ചതു പോലെ സേതുരാമയ്യരുടെ കൈ പിറകില്‍ കെട്ടിയുള്ള നടത്തവും മമ്മൂട്ടിയുടെ സംഭാവനയാണ്. ജമ്മു കശ്മീര്‍ കേഡര്‍ ഐപിഎസ് ഓഫീസറായ രാധാ വിനോദ് രാജുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിബിഐ ഓഫീസര്‍ സേതുരാമ അയ്യര്‍ എന്ന നായക കഥാപാത്രത്തെ രൂപപ്പെടുത്തിയത്.

ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി ടെറസില്‍ നിന്ന് തള്ളിയിട്ട പോളക്കുളം കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം തയ്യാറാക്കിയത്. കൊലപാതകം തെളിയിക്കാന്‍ കേരളത്തില്‍ ആദ്യമായി ഹ്യൂമനോയിഡ് ഡമ്മി പരീക്ഷണം നടത്തിയ സംഭവം കൂടിയായിരുന്നു ഇത്. സിബിഐ ഡയറിക്കുറിപ്പിലെ ഡമ്മി ഉപയോഗിച്ചുള്ള അന്വേഷണ രീതിയൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടി.


സിബിഐ ഡയറിക്കുറിപ്പിന്റെ വന്‍വിജയവും ജനപ്രീതിയും കാരണം തൊട്ടടുത്ത വര്‍ഷം ഈ സിനിമയ്‌ക്കൊരു രണ്ടാംഭാഗം ഉണ്ടായി. ഒരു ക്രൈം ത്രില്ലര്‍ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തിനകം അതിന് രണ്ടാംഭാഗം വരുന്നുവെന്നതും മലയാളത്തിന് വലിയ പുതുമയായിരുന്നു. പ്രശസ്ത നടി അശ്വതിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും നിയുക്ത പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുകയും മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും സേതുരാമയ്യരുടെ നേതൃത്വത്തിലുള്ള സിബിഐ ഉദ്യോഗസ്ഥ സംഘം അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതുമായിരുന്നു ജാഗ്രതയുടെ പ്രമേയം. സിബിഐ ഡയറിക്കുറിപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ വലിയ സ്വാധീനം ജാഗ്രതയ്ക്ക് ഗുണം ചെയ്തു. ആദ്യസിനിമയിലെ വിജയഘടകങ്ങളും പശ്ചാത്തലസംഗീതവും കഥാപാത്രങ്ങളുമെല്ലാം രണ്ടാംഭാഗത്തിലും ആവര്‍ത്തിച്ചു. ആദ്യഭാഗത്തിന്റേതിനു സമാനമായ രീതിയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുന്ന സിനിമയാകാന്‍ ജാഗ്രതയ്ക്ക് സാധിച്ചില്ലെങ്കിലും സേതുരാമയ്യരുടെ രണ്ടാംവരവും വിജയം കണ്ടു.

15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മറ്റൊരു അന്വേഷണവുമായി സേതുരാമയ്യര്‍ വീണ്ടുമെത്തിയത്. അപ്പോഴേക്കും പ്രേക്ഷകരുടെയും ആരാധകരുടെയും മറ്റൊരു തലമുറ തന്നെ രൂപപ്പെട്ടിരുന്നു. സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ട കൗമാരക്കാര്‍ തങ്ങളുടെ കുട്ടികളുമായിട്ടാണ് സേതുരാമയ്യര്‍ സിബിഐ കാണാനെത്തിയത്. എന്നാല്‍ സേതുരാമയ്യരുടെ രൂപത്തിലും അന്വേഷണത്തിലെ ചടുലതയ്ക്കും കുശാഗ്രബുദ്ധിക്കും തെല്ലും മാറ്റവുമുണ്ടായിരുന്നില്ല. സൂപ്പര്‍താര പദവിയില്‍ രണ്ടു പതിറ്റാണ്ടോളമെത്തുമ്പോഴാണ് മമ്മൂട്ടിയുടെ ഏറ്റവും ജനപ്രിയമായ ഒരു കഥാപാത്രത്തിന് തുടര്‍ച്ചയുണ്ടാകുന്നത്. സിനിമയേക്കാള്‍ താരങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും താരാരാധന വീരാരാധനയ്ക്കു സമമാകുകയും ചെയ്യുന്ന ട്രെന്‍ഡ് നിലനിന്നിരുന്ന പതിറ്റാണ്ടില്‍ സേതുരാമയ്യര്‍ പോലെയൊരു കഥാപാത്രത്തിന്റെ മൂന്നാംവരവ് ആരാധകര്‍ ആഘോഷിക്കുക തന്നെ ചെയ്തു. സേതുരാമയ്യര്‍ സിബിഐ എന്ന മൂന്നാംഭാഗത്തിനുണ്ടായ സ്വീകാര്യത സിബിഐ ഡയറിക്കുറിപ്പിന് ലഭിച്ചതിന് സമാനമായിരുന്നു. ടിക്കറ്റ് വില്‍പ്പനയിലും കളക്ഷനിലും റെക്കോര്‍ഡിട്ട ഈ ചിത്രത്തിന്റെ ബ്ലാക്ക് ടിക്കറ്റിന് വരെ അന്ന് വലിയ ഡിമാന്‍ഡ് ആയിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം 100 ദിവസം തികച്ചു. 10 കോടിക്കു മേല്‍ കളക്ഷന്‍ നേടിയ സേതുരാമയ്യര്‍ 2004 ലെ ഏറ്റവും വലിയ തിയേറ്റര്‍ വിജയമായി. മൊബൈല്‍ ഫോണ്‍ ജനകീയമായിത്തുടങ്ങിയ കാലമായിരുന്നു അത്. സിബിഐ പരമ്പരയിലെ ഐക്കോണിക്ക് തീം മ്യൂസിക്കിന് മൊബൈല്‍ റിംഗ് ടോണുകളിലൂടെ മറ്റൊരു ജനകീയതലം കൂടി കൈവന്നു. മമ്മൂട്ടിയുടെ ഗെറ്റപ്പും നടപ്പും വലിയ രീതിയില്‍ വിപണിവത്കരിക്കപ്പെട്ടു.


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തൂക്കിലേറ്റപ്പെടാന്‍ ഏതാനും നാളുകള്‍ മാത്രമുള്ള ഈശോ അലക്‌സിനെ സേതുരാമയ്യര്‍ ജയിലില്‍ പോയി കാണുന്നിടത്തായിരുന്നു മൂന്നാംഭാഗത്തിന്റെ ആരംഭം. ഒറ്റ രാത്രിയില്‍ രണ്ടു കുടൂംബങ്ങളിലായി ഏഴുപേരെ കൊന്ന കുറ്റത്തിനാണ് അലക്‌സ് ശിക്ഷിക്കപ്പെട്ടത്. ആ കൊലപാതകങ്ങളില്‍ ഒരെണ്ണം താനല്ല ചെയ്തതെന്ന ഈശോയുടെ വിചിത്രമായ തുറന്നുപറച്ചിലിനു പിറകെയായിരുന്നു സേതുരാമയ്യരുടെ അന്വേഷണം. സുകുമാരന്‍ ഒഴികെ മറ്റു പ്രധാന കഥാപാത്രങ്ങളെല്ലാം മൂന്നാംഭാഗത്തിലുമുണ്ടായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളിലെ ഏറ്റവും ജനപ്രിയമായ ഏറ്റുമുട്ടല്‍ മമ്മൂട്ടിയുടെ സേതുരാമയ്യരും പ്രതിനായക സ്വഭാവമുള്ള സുകുമാരന്റെ ദേവദാസ് എന്ന കഥാപാത്രവും തമ്മിലായിരുന്നു. ജാഗ്രതയ്ക്ക് 15 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗം പുറത്തിറങ്ങുമ്പോഴേക്കും ദേവദാസിനെ അവതരിപ്പിച്ച സുകുമാരന്‍ അന്തരിച്ചു. അങ്ങനെ ദേവദാസിന്റെ മകനായി അദ്ദേഹത്തിന്റെ പ്രകടനശൈലി അനുകരിച്ച് സായ്കുമാര്‍ അഭിനയിച്ചുവെന്നതും വലിയ പ്രത്യേകതയായി.

സിബിഐ ഡയറിക്കുറിപ്പിന്റെ അഭൂതപൂര്‍വ്വമായ ജനപ്രീതിയാണ് തൊട്ടടുത്ത വര്‍ഷം ജാഗ്രതയെന്ന രണ്ടാംഭാഗത്തിന്റെ പിറവിക്ക് കാരണമായതെങ്കില്‍ അതിനു സമാനമായി സേതുരാമയ്യര്‍ സിബിഐ തിയേറ്ററുകളില്‍ ഉണ്ടാക്കിയ വന്‍ തരംഗത്തെ തുടര്‍ന്നാണ് 2005ല്‍ നേരറിയാന്‍ സിബിഐ എന്ന നാലാംഭാഗത്തിന് നിമിത്തമായത്. മമ്മൂട്ടിയുടെ താരപദവി ചൂഷണം ചെയ്യുന്നതായിരുന്നു ഈ സിനിമയും. അടുത്തടുത്ത വര്‍ഷങ്ങളില്‍ സേതുരാമയ്യര്‍ കഥാപാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് ആരാധകര്‍ ആഘോഷമാക്കി. സേതുരാമയ്യരിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും നേരറിയാന്‍ സിബിഐയിലുമുണ്ടായി. പ്രേതബാധയുണ്ടെന്ന് പ്രചരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒരു സ്ത്രീക്ക് പിന്നിലെ കൊലപാതകത്തിന്റെ ദുരൂഹത തെളിയിക്കാനായിരുന്നു സിബിഐ സംഘത്തിന്റെ നാലാംവരവ്. തൊട്ടു മുന്‍ വര്‍ഷം സേതുരാമയ്യര്‍ സിബിഐക്ക് ലഭിച്ച സ്വീകാര്യത നേരറിയാന്‍ സിബിഐക്കും റിലീസ് വേളയില്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ മുന്‍ഭാഗങ്ങളോട് താരതമ്യപ്പെടുത്തിയപ്പോള്‍ തുലോം താഴെയായിരുന്നു നാലാംഭാഗത്തിന്റെ സ്ഥാനം. പുതിയ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവരെ അവതരിപ്പിച്ചതിലും പ്രേക്ഷകസ്വീകാര്യതയുണ്ടായില്ല. ഹൊറര്‍ മൂഡിലുള്ള പശ്ചാത്തലത്തിലെ പുതുമയില്ലായ്മയും ആസ്വാദ്യതയെ ബാധിച്ചു. മുന്‍ഭാഗങ്ങളുടെ വിജയഘടകങ്ങളുടെ ആവര്‍ത്തനങ്ങളും അത്രകണ്ട് ഫലപ്രദമായില്ല. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രമുണ്ടാക്കിയ അപാരമായ കരിസ്മ ഇതിനെയെല്ലാം മറികടക്കാന്‍ പോന്നതായിരുന്നു. ഇതു തന്നെയാണ് ഈ നാലാംഭാഗത്തെ മുഷിപ്പില്ലാത്ത കാഴ്ചയാക്കി തീര്‍ത്തത്.


സിബിഐ:5 ദ ബ്രെയിന്‍ എന്ന സിനിമയിലൂടെ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സേതുരാമയ്യരും സംഘവും വീണ്ടുമെത്തുകയാണ്. ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകനും ഒരേ തിരക്കഥാകൃത്തും ഒരേ സംവിധായകനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി ഒന്നിക്കുന്ന എന്ന അപൂര്‍വ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ മമ്മൂട്ടിയും എസ്.എന്‍ സ്വാമിയും കെ.മധുവും സ്വന്തമാക്കുകയാണ്. മലയാളത്തില്‍ അഞ്ചാം ഭാഗമൊരുക്കുന്ന ഏക സിനിമയുമാണ് സിബിഐ പരമ്പര. അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലുള്ള ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇക്കുറിയുമുണ്ട്. ശ്യാമിനു പകരം ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. 


34 വര്‍ഷം മുമ്പ് സിബിഐ ഡയറിക്കുറിപ്പിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മമ്മൂട്ടിക്ക് പ്രായം 36 ആയിരുന്നു. ഇപ്പോള്‍ 70. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അത് ഒരു നായകന്റെ സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചയ്ക്കായിരിക്കും സാക്ഷ്യമാകുക. സേതുരാമയ്യര്‍ സിബിഐ കാണാന്‍ വന്ന പഴയ കൗമാരക്കാര്‍ ഇപ്പോള്‍ അവരുടെ മക്കളുമായി അഞ്ചാംഭാഗം കാണാന്‍ തീയേറ്ററിലെത്തുന്നു. അപ്പോഴും സേതുരാമയ്യരുടെ കോസ്റ്റ്യൂമില്‍ മമ്മൂട്ടി പഴയ യൗവനത്തില്‍ തന്നെയാണ്. പ്രസരിച്ചുതീരാത്ത ഈ ഊര്‍ജ്ജത്തില്‍ തന്നെയാണ് സിബിഐ പരമ്പരയ്ക്ക് ഒരു അഞ്ചാം ഭാഗം ഒരുക്കുമ്പോള്‍ എസ്എന്‍ സ്വാമിക്കും കെ.മധുവിനുമൊപ്പം പ്രേക്ഷകരുടെയും പ്രതീക്ഷ.

മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഏപ്രില്‍ 29, ഷോ റീല്‍ 17

No comments:

Post a Comment