25 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബറിലാണ് ഉണ്ണികൃഷ്ണനും രമണനും ഗംഗാധരന്‍ മുതലാളിയും മലയാളികള്‍ക്കിടയിലേക്ക് വരുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിത പ്രാരാബ്ധങ്ങള്‍ പറഞ്ഞ തീര്‍ത്തും സാധാരണ പ്രമേയമുള്ള ഒരു സിനിമ, അതായിരുന്നു റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസ്. അത്ര കേമപ്പെട്ട താരനിരയുമുണ്ടായിരുന്നില്ല. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദിലീപ് അന്ന് സൂപ്പര്‍താര പദവിയില്‍ എത്തിയിട്ടില്ല. സിനിമയിലെ ഉണ്ണി എന്ന കഥാപാത്രത്തെ പോലെ ലോ ബജറ്റ് സിനിമകളിലെ നായക, ഉപനായക, ചെറുകിട വേഷങ്ങളുമായി കരിയറിലെ 'സര്‍വൈവല്‍' ഘട്ടത്തില്‍ ആയിരുന്നു ദിലീപ്. അതുകൊണ്ടു തന്നെ ദിലീപ് നായകവേഷത്തില്‍ വന്ന പഞ്ചാബിഹൗസ് എന്ന സിനിമയെ തുടക്കത്തില്‍ കാണികള്‍ അത്ര മുഖവിലയ്‌ക്കെടുക്കുകയുണ്ടായില്ല. ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ 1998 ലെ വന്‍കിട ഓണ സിനിമള്‍ക്കു ശേഷം തിയേറ്ററിലെത്തി സാധാരണ കളക്ഷനില്‍ തുടങ്ങിയ പഞ്ചാബിഹൗസിനെ മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. സിനിമ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായി മാറി. ദിലീപിന് നായകവേഷങ്ങളിലേക്കുള്ള ഉറച്ച ചവിട്ടുപടിയായി പഞ്ചാബിഹൗസ്. ഒപ്പമഭിനയിച്ച ഹരിശ്രീ അശോകന്റെ രമണന്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു. കൊച്ചിന്‍ ഹനീഫയ്ക്ക് ഹാസ്യവേഷങ്ങളിലേക്കുള്ള ഉറച്ച ചുവടുമാറ്റത്തിന് ഗംഗാധരന്‍ എന്ന കഥാപാത്രം വഴിത്തിരിവായി. തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, ജനാര്‍ദ്ദനന്‍, എന്‍ എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പഞ്ചാബിഹൗസില്‍ ലഭിച്ചത്.
'അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍. ജീവിതത്തില്‍ രക്ഷപ്പെടാന്‍ പല വഴികള്‍ പരീക്ഷിച്ചിട്ടും ഒന്നും ശരിയാകുന്നില്ല. പല ബിസിനസുകള്‍ ചെയ്തു. വീട്ടില്‍ നിന്നുള്ള സഹായങ്ങള്‍ പരിധി വിട്ടപ്പോള്‍ അച്ഛനുമമ്മയും നിസ്സഹായരായി മാറി. അയാള്‍ കടം വാങ്ങിത്തുടങ്ങി. കടം വാങ്ങി ചെയ്ത ബിസിനസ്സുകളും പൊളിഞ്ഞുപോകുന്നു. കടക്കാരുടെ എണ്ണം പെരുകി. ജീവിതത്തില്‍ ഒരു തരത്തിലും രക്ഷപ്പെടുന്നില്ലെന്നു കണ്ട ചെറുപ്പക്കാരന്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നു. ജീവനൊടുക്കാന്‍ കടലില്‍ ചാടുന്ന അയാളെ ഒരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളി രക്ഷപ്പെടുത്തി മറ്റൊരു കരയില്‍ എത്തിക്കുന്നു. ജീവിക്കാന്‍ വേണ്ടി അയാള്‍ക്ക് അവിടെ മറ്റൊരു വേഷം കെട്ടേണ്ടിവരുന്നു. അത് അയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു.' ഇതായിരുന്നു പഞ്ചാബിഹൗസിന്റെ വണ്‍ലൈന്‍. വിശേഷിച്ച് വലിയ കൗതുകമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പ്രമേയം. പക്ഷേ തിയേറ്ററില്‍ എത്തിയപ്പോള്‍ അതിന് സംഭവിച്ചത് അത്ഭുതകരമായ പരിവര്‍ത്തനമായിരുന്നു. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിച്ചു. കാണികളെ തീര്‍ത്തും സന്തോഷവാന്‍മാരും തൃപ്തരുമാക്കുന്ന ആസ്വാദനമായിരുന്നു അത്. ഈ ആസ്വാദനത്തിന്റെ മൂല്യം 25 വര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലും കുറയാതെ അതേപടി തുടരുന്നുവെന്നു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ പഞ്ചാബിഹൗസ് എന്ന സിനിമ മലയാളി ജീവിതത്തില്‍ ഉണ്ടാക്കിയ ജനപ്രീതിയും സ്വാധീനവും അത്രകണ്ട് ചെറുതല്ലെന്ന് അനുമാനിക്കാം.
നിറഞ്ഞ ചിരിയായിരുന്നു പഞ്ചാബിഹൗസിന്റെ ആസ്വാദനത്തിനു പിന്നില്‍ വര്‍ത്തിച്ച ഘടകം. ഉണ്ണികൃഷ്ണന്‍ എന്ന പ്രാരാബ്ധക്കാരന്റെ ജീവിതത്തിന് ഒരു മെലോഡ്രാമയായി വികസിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. പക്ഷേ കടലില്‍ ചാടി മരണത്തിന് പിടികൊടുക്കാതെ ഉണ്ണി മറുകരയില്‍ എത്തുന്നതു മുതല്‍ ഈ സിനിമയുടെ പശ്ചാത്തലത്തിലെ വഴിമാറ്റം മറ്റൊരു തലത്തില്‍ ഉള്ള ആസ്വാദനത്തിന് പോന്നതായിരുന്നു. കാണികളില്‍ ചിരി സൃഷ്ടിക്കാനാണ് ഏറ്റവും പ്രയാസം. ഏറ്റവും പുതിയ ഹാസ്യം രൂപപ്പെടുത്തുകയെന്നത് ഹാസ്യരചനയിലെ ഏറ്റവും വലിയ വെല്ലുവിളിയും. ഇവ രണ്ടിലുമാണ് റാഫിയും മെക്കാര്‍ട്ടിനും മുഴുവന്‍ മാര്‍ക്ക് നേടുന്നത്. പഞ്ചാബിഹൗസിനു വേണ്ടി ഇരുവരും എഴുതിയ രംഗങ്ങള്‍ ഓരോന്നും പുതുമയുള്ളതായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ട് തയ്യാറാക്കിയ തിരക്കഥയില്‍ മുമ്പ് കണ്ടതോ കേട്ടതോ ആയ രംഗങ്ങളോ സംഭാഷണങ്ങളോ ഉണ്ടായിരുന്നില്ല. അതുവരെ കേള്‍ക്കാത്ത ഈ തമാശകളാണ് പ്രേക്ഷകരെ തുറന്നു ചിരിപ്പിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ട് സൃഷ്ടിച്ച മാതൃകയുടെ തുടര്‍ച്ചയാണ് റാഫിയും മെക്കാര്‍ട്ടിനും കണ്ടെത്തുന്നത്. റാംജിറാവുവില്‍ സിദ്ധിഖും ലാലും തുടക്കമിട്ടത് ഇത്തരമൊരു പുതുമയുള്ള ചിരിക്കായിരുന്നു. ആ പുതുമയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിരിയുടെ ഈ 'ഫ്രഷ്‌നെസ്' ആണ് അവര്‍ ഇന്‍ ഹരിഹര്‍ നഗറിലും ഗോഡ് ഫാദറിലും വിയറ്റ്‌നാം കോളനിയിലും കാബൂളിവാലയിലും മാന്നാര്‍ മത്തായിയിലും ഹിറ്റ്‌ലറിലും ഫ്രണ്ട്‌സിലുമെല്ലാം തുടരുന്നത്. വിജയിച്ച ഹാസ്യസിനിമകളുടെ മാതൃകയും തമാശ രംഗങ്ങളും അനുകരിക്കാനായിരിക്കും പിന്തുടര്‍ന്നു വരുന്ന മിക്ക സിനിമകളും ശ്രമിക്കുക. എന്നാല്‍ സിദ്ധിഖ്‌ലാലുമാര്‍ ഒരുമിച്ച ഓരോ സിനിമയിലും ഹാസ്യത്തില്‍ പുതുമ സൃഷ്ടിക്കാന്‍ അവര്‍ക്കായി. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പഞ്ചാബിഹൗസില്‍ ചെയ്തു വിജയിക്കുന്നതും അതാണ്. 'ഒരു തിരക്കഥ വര്‍ക്കൗട്ടാകുക' എന്ന സിനിമാ പ്രയോഗം അക്ഷരാര്‍ഥത്തില്‍ പൂര്‍ണതയിലെത്തുകയായിരുന്നു പഞ്ചാബിഹൗസിന്റെ കാര്യത്തില്‍ സംഭവിച്ചത്.
റാഫിയും മെക്കാര്‍ട്ടിനും എഴുതിവച്ച ഹാസ്യരംഗങ്ങള്‍ പൊലിപ്പിക്കാന്‍ ഒരു തരം മത്സരം തന്നെ അഭിനേതാക്കളില്‍ നിന്നുണ്ടായി. അത് ഊമയായി അഭിനയിക്കേണ്ടി വരുന്ന നായക കഥാപാത്രത്തില്‍ തുടങ്ങി പഞ്ചാബികളുടെ വീട്ടില്‍ ഉയര്‍ത്തിയ പന്തലിന്റെ ഉടമയായ മച്ചാന്‍ വര്‍ഗീസിന്റെ പാസിംഗ് കഥാപാത്രം വരെ നീണ്ടു. നായകനായ ഉണ്ണിയേക്കാള്‍ ഹാസ്യം സൃഷ്ടിക്കുന്നത് രമണനും ഗംഗാധരന്‍ മുതലാളിയും ചേര്‍ന്നാണ്. ഉണ്ണിയുടെ സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബാന്തരീക്ഷത്തിലെ പിരിമുറുക്കങ്ങളും ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നുള്ള ശോകഗാനത്തിനൊപ്പം വരുന്ന ടൈറ്റില്‍ കാര്‍ഡും അവസാനിക്കുന്നതോടെ രമണന്റെയും ഗംഗാധരന്‍ മുതലാളിയുടെയും തീരത്തെത്തുകയാണ് സിനിമ. ബോട്ട് ജെട്ടിയില്‍ ജനാര്‍ദ്ദനന്റെ പഞ്ചാബി കഥാപാത്രത്തോട് 'അതെന്താ എന്റെ കാശിന് ഒരു വിലയുമില്ലേ' എന്നു ചോദിച്ചുകൊണ്ട് ഗംഗാധരനും 'മുതലാളീ ജങ്ക ജഗ ജഗാ' എന്നു വിളിച്ചുകൂവി രമണനും തുടക്കമിടുന്ന ചിരിയല സിനിമയുടെ ക്ലൈമാക്‌സ് എത്തുവോളം തുടരുകയാണ്. തുടക്കത്തിലെയും ഒടുക്കത്തിലെയും മെലോഡ്രാമ സീക്വന്‍സുകള്‍ക്കിടയില്‍ നിറയുന്ന ഈ വലിയ ചിരിയാണ് പഞ്ചാബിഹൗസിനെ രണ്ടര പതിറ്റാണ്ടിനു ശേഷവും പുതുമയുള്ള കാഴ്ചയായി നിലനിര്‍ത്തുന്നത്.
മലയാളികള്‍ ഏറ്റവുമധികം ആവര്‍ത്തിച്ചു കണ്ടിട്ടുള്ള സിനിമകളുടെ കൂട്ടത്തിലാണ് പഞ്ചാബി ഹൗസിന്റെ സ്ഥാനം. ടെലിവിഷന്‍ സംപ്രേഷണത്തിലും യൂ ട്യൂബ്, ഡിജിറ്റല്‍ സ്‌ക്രീനിംഗ് പ്ലാറ്റ്‌ഫോമുകളിലും ഈ സിനിമയുടെയും ഇതിലെ ഹാസ്യ രംഗങ്ങളുടെയും 'വ്യൂവേഴ്‌സ്' ലിസ്റ്റിന്റെ വിതാനം ഏറെ വലുതാണ്. തലമുറകളിലേക്ക് പ്രേഷണം ചെയ്യാന്‍ ശേഷിയുള്ള ചിരി ഈ സിനിമയുടെ സവിശേഷതയാണ്. 25 വര്‍ഷം മുമ്പ് സിനിമ ഇറങ്ങുമ്പോള്‍ കുട്ടികളായിരുന്നവരുടെ മക്കള്‍ ഇപ്പോള്‍ പഞ്ചാബിഹൗസിന്റെ ആരാധകരാണ്. തലമുറ മാറുമ്പോള്‍ ആസ്വാദന അഭിരുചികളില്‍ മാറ്റം വരും. അപൂര്‍വ്വം സിനിമകള്‍ക്കു മാത്രമേ ഈ തലമുറ മാറ്റത്തെ അതിവര്‍ത്തിച്ച് നിലനില്‍ക്കാനുള്ള ശേഷിയുണ്ടാകൂ. വാണിജ്യ സിനിമകളുടെ കാഴ്ചക്കാരായ ഭൂരിപക്ഷ കാണികളും പിന്‍തലമുറയും ആവര്‍ത്തിച്ചു കാണാന്‍ താത്പര്യപ്പെടുന്നത് ഹാസ്യസിനിമകളാണ്. അതില്‍ത്തന്നെ മേല്‍ പരാമര്‍ശിച്ച ഏറ്റവും പുതിയ ഹാസ്യരംഗങ്ങളും സംഭാഷണങ്ങളും സൃഷ്ടിച്ച സിനിമകളാണ് ഇങ്ങനെ കാലാതിവര്‍ത്തിയായി നില്‍ക്കാറ്.
നായകനേക്കാള്‍ തിളങ്ങിയ കഥാപാത്രം എന്ന നിലയിലാണ് രമണനെ പഞ്ചാബിഹൗസ് പില്‍ക്കാലത്ത് പ്രതിഷ്ഠിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയെ കള്‍ട്ട് സ്റ്റാറ്റസില്‍ നിലനിര്‍ത്തുന്നതില്‍ ഈ കഥാപാത്രത്തിനുള്ള പങ്കും ചെറുതല്ല. പഞ്ചാബിഹൗസ് എന്നു കേള്‍ക്കുമ്പോഴേ ഭൂരിഭാഗം പ്രേക്ഷകരും ഒരു നിറഞ്ഞ ചിരിയോടെ ഓര്‍മ്മിക്കുന്നത് രമണന്‍ എന്ന കഥാപാത്രത്തെയായിരിക്കും. രമണന്‍ ഗംഗാധരന്‍ മുതലാളിക്കും ഉണ്ണികൃഷ്ണനുമൊപ്പം തീര്‍ക്കുന്ന ചിരിയാണ് ഈ സിനിമയുടെ നട്ടെല്ല്. അത്ര സ്വാധീനവും ജനകീയവുമാണ് രമണന്‍ സൃഷ്ടിച്ച ചിരി. അത്യപൂര്‍വ്വമായി മാത്രമായിരിക്കും ഇത്തരം പാത്രസൃഷ്ടികള്‍ സംഭവിക്കാറ്. കഥാപാത്ര സൃഷ്ടി നടത്തുന്ന വേളയില്‍ തിരക്കഥാകാരന് അഭിനേതാവിന്റെ പ്രകടനസാധ്യതയെക്കുറിച്ച് പലപ്പോഴും പൂര്‍ണബോധ്യമുണ്ടാവാന്‍ ഇടയില്ല. ക്യാമറയ്ക്കു മുന്നിലായിരിക്കും തിരക്കഥാകാരന്‍ സൃഷ്ടിച്ച കഥാപാത്രം പൂര്‍ണത പ്രാപിക്കുന്നത്. രമണനിലേക്ക് ഹരിശ്രീ അശോകന്‍ പരകാശപ്രവേശം നടത്തുമ്പോഴാണ് ഇത്രയും തുറന്ന പ്രകടനം സാധ്യമാകുന്നത്. ഒരു അഭിനേതാവിന് തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും ഇത്രകണ്ട് തുറന്ന ഇടപെടല്‍ സാധ്യമായേക്കില്ല. അത് സാധ്യമാകുന്നവയെ ആണ് മാസ്റ്റര്‍പീസ് ആയി പില്‍ക്കാലത്ത് വിലയിരുത്തപ്പെടുന്നത്. രമണന്‍ അത്തരത്തിലൊന്നാണ്. രമണന്‍ സ്‌ക്രീനില്‍ വരുന്ന ഓരോ നിമിഷത്തിലും ഒരു ചിരിക്ക് സാധ്യതയുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ രമണന്റെ പ്രകടനത്തിന് കൂട്ടു നില്‍ക്കേണ്ട ഉത്തരവാദിത്തമായിരുന്നു ഗംഗാധരന്‍ മുതലാളിക്കും ഉണ്ണികൃഷ്ണനും ഉത്തമനുമെല്ലാം ഉണ്ടായിരുന്നത്. റാഫിയും മെക്കാര്‍ട്ടിനും കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നത് പകര്‍ത്തുകയാണ് താന്‍ ചെയ്തതെന്നും സംവിധായകര്‍ കഥാപാത്രത്തെ ഇങ്ങനെ വ്യക്തമായ രൂപരേഖ നല്‍കുന്നത് പ്രകടനത്തിന് ഗുണം ചെയ്യുമെന്നും രമണന്റെ വിജയം അതായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞിട്ടുണ്ട്.
പഞ്ചാബിഹൗസും രമണനും മലയാളി ജീവിതത്തിലേക്ക് സംഭാവന ചെയ്ത ശൈലികളും പ്രയോഗങ്ങളും ഭാവങ്ങളുമുണ്ട്. 'മുതലാളീ' എന്ന വിളിക്ക് ഒന്നിലേറെ പ്രകടന, പ്രയോഗ സാധ്യതകള്‍ നല്‍കുന്നത് രമണനാണ്. പഞ്ചാബിഹൗസ് റിലീസ് ചെയ്ത് 25 വര്‍ഷം പിന്നിടുമ്പോള്‍ രമണന്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലെയും മീമുകളിലെയും പ്രധാന മുഖമാണ്. ഈ കഥാപാത്രത്തിന്റെ അപാരമായ ജനപ്രിയതയെ തുടര്‍ന്നാണ് റാഫി തന്റെ ചിത്രമായ റോള്‍ മോഡല്‍സില്‍ (2017) രമണനെ വീണ്ടും അവതരിപ്പിക്കുന്നത്. 'നിങ്ങളിലാര്‍ക്കാ നന്നായി തുണിയലക്കാന്‍ കഴിയുന്നത്, ഷൂ പോളിഷ് ചെയ്യാന്‍ കഴിയുന്നത്' എന്നീ പഞ്ചാബിഹൗസിലെ പ്രയോഗങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ''ജബ ജബ, അതും പറഞ്ഞ് നീ വിശ്രമിക്കാണോ, എന്താടാ ഒരു സൈഡ് വലിവ്, ഈ ഗുളുക്കൂസ് കുപ്പിയാണേ സത്യം, ആ വെറുതെയല്ലാ മിലിട്ടറിയാണ് ഇല്ലാത്ത വെടിയൊച്ചയൊക്കെ കേള്‍ക്കും, കല്ലാസ് അല്ല കള്ളാസ്, മരിച്ചുപോയ ഉണ്ണിയുടെ ക്ലോസായ ഫ്രണ്ട്, സ്ലോ മോഷനില്‍ വീഴാന്‍ എനിക്കറിയില്ല സിസ്റ്റര്‍, പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി, എനിക്ക് വേണ്ടി രമണന്‍ ഗോദായിലിറങ്ങും, എല്ലാ മാസവും രണ്ടാം തീയതിയുണ്ടല്ലോ, കല്യാണ ദിവസം കല്യാണം മുടങ്ങ്വാന്നു പറഞ്ഞാല്‍ അന്നുണ്ടാക്കിയ ബിരിയാണിയൊക്കെ എന്തു ചെയ്യും, അതായത് ഉത്തമാ, ഇല്ല ഇല്ല എല്ലാം മനസ്സിലായി, സീരിയസായിട്ടാണോ എങ്കില്‍ കൊള്ളാം ഒരു മാതിരി തമാശ എനിക്ക് ഇഷ്ടമല്ല, വെട്ടൂര് ചോദിക്ക് മുതലാളി' തുടങ്ങി ഈ സിനിമയില്‍ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് എഴുതിയ സംഭാഷണങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു സിനിമയില്‍ ഹാസ്യരംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ഇത്രയും ധാരാളിത്തം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ഒരു വര്‍ഷത്തോളമെടുത്താണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍ പഞ്ചാബിഹൗസിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി ഊമ കഥാപാത്രമാണ് ആദ്യം രൂപപ്പെട്ടത്. അത് വികസിപ്പിച്ചപ്പോള്‍ മോഹന്‍ലാലായിരുന്നു ഇരുവരുടെയും മനസ്സില്‍. പിന്നീട് ഇപ്പോഴത്തെ കഥാഘടന രൂപപ്പെട്ടപ്പോള്‍ ജയറാമിനെ ആയിരുന്നു നായക കഥാപാത്രമായി കണ്ടത്. റാഫിമെക്കാര്‍ട്ടിന്റെ മുന്‍ചിത്രമായ പുതുക്കോട്ടയിലെ പുതുമണവാളനില്‍ ജയറാമായിരുന്നു നായകന്‍. അന്നത്തെ ജയറാമിന്റെ താരമൂല്യവും അനായാസേന ഹാസ്യം കൈകാര്യം ചെയ്യാനുള്ള മികവും കാരണം പ്രഥമ പരിഗണന അദ്ദേഹത്തിനു തന്നെയായിരുന്നു. എന്നാല്‍ ജയറാമിന്റെ ശരീരഘടന ഉണ്ണിയെന്ന കഥാപാത്രത്തിന് അനുയോജ്യമാണോയെന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നു. വലിയ ശരീരമുളളവരും കായികശേഷിയുള്ളവരുമായ പഞ്ചാബികള്‍ക്കിടയില്‍പ്പെട്ട് പോവുന്ന കഥാപാത്രമാണ് ഉണ്ണി. ദുര്‍ബലമായ ശരീരമായിരിക്കണം. ഇതോടെയാണ് ഈ കഥാപാത്രം ദിലീപിലേക്ക് എത്തുന്നത്. ജയറാമിനു പുറമേ ജഗതി, ഇന്നസെന്റ്, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായി കണ്ടിരുന്നത്. ഇവരെല്ലാം തിരക്കുകളാലും മറ്റു സിനിമകളുടെ ഭാഗമാകേണ്ടി വന്നതിനാലും ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, മോഹിനി, ജോമോള്‍ എന്നിവര്‍ പകരം വരികയായിരുന്നു.
ചിത്രത്തിനായി രണ്ട് ക്ലൈമാക്സുകള്‍ എഴുതിയിരുന്നു. ആദ്യത്തേത് ഉണ്ണി പൂജയ്ക്കൊപ്പം താമസിക്കുന്നതും രണ്ടാമത്തേത് സുജാതയ്ക്കൊപ്പം പോകുന്നതുമാണ്. രണ്ട് ക്ലൈമാക്സുകളും സിനിമയുടെ യൂണിറ്റിലെ വനിതാ അംഗങ്ങളോട് വിവരിക്കുകയും ക്ലൈമാക്‌സ് തെരഞ്ഞെടുക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ വോട്ട് ചെയ്ത് ആദ്യ ക്ലൈമാക്‌സ് തിരഞ്ഞെടുത്തു. 1998 സെപ്തംബര്‍ നാലിന് ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹരികൃഷ്ണന്‍സും സമ്മര്‍ ഇന്‍ ബത്‌ലഹേമും ഉള്‍പ്പെടെയുള്ള പ്രധാന സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്യേണ്ടി വരുമെന്നതിനാല്‍ റിലീസ് മാറ്റിവച്ചു.
ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തെ പൈറസിയില്‍ നിന്ന് സംരക്ഷിക്കാന്‍ നിര്‍മ്മാതാവായ സാഗ അപ്പച്ചന്‍ റീലുകള്‍ റിലീസ് വരെ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് ചെയ്തത്. ഓണച്ചിത്രങ്ങളുടെ തിരക്കിന് ശേഷം സെപ്തംബര്‍ 25 ന് 27 തീയേറ്ററുകളില്‍ പഞ്ചാബിഹൗസ് റിലീസ് ചെയ്തു. ആറ് തീയറ്ററുകളില്‍ 100 ദിവസം ഓടിയ ചിത്രം ബി, സി ക്ലാസുകളിലും മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഹിന്ദിയില്‍ ചുപ് ചുപ് കേ എന്ന പേരില്‍ പ്രിയദര്‍ശനും തെലുങ്കില്‍ മാ ബാലാജി എന്ന പേരില്‍ കോടി രാമകൃഷ്ണയും പഞ്ചാബിഹൗസ് റീമേക്ക് ചെയ്തു. മലയാളത്തിലെ അതേ പേരിലായിരുന്നു കന്നഡയില്‍ റീമേക്ക് ചെയ്തത്.
പ്രേക്ഷകര്‍ അത്രമാത്രം ആസ്വദിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം പലതവണ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന് മെക്കാര്‍ട്ടിന്‍ പിന്നീട് വ്യക്തമാക്കി. വിജയ സിനിമകളുടെ രണ്ടാംഭാഗം ഒരുക്കുന്നത് ട്രെന്‍ഡ് ആയിരുന്ന സമയത്ത് പഞ്ചാബിഹൗസിന്റെ തുടര്‍ച്ച ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നെങ്കിലും അത് നിരസിച്ചതായി മെക്കാര്‍ട്ടിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥയ്ക്ക് വ്യക്തമായ ഒരു അന്ത്യം സിനിമ നല്‍കിയിട്ടുണ്ടെന്നും അതിനപ്പുറം പഞ്ചാബിഹൗസിനെ പുന:സൃഷ്ടിക്കുന്നത് ശരിയല്ലെന്നുമാണ് മെക്കാര്‍ട്ടിന്‍ പറഞ്ഞുവച്ചത്. പ്രേക്ഷകരെ അത്രയധികം രസിപ്പിച്ച ഒരു ചിത്രത്തിന്റെ കാര്യത്തില്‍ അതുതന്നെയാണ് ശരി. അത് പൂര്‍ണതയുള്ള ഒരു എന്റര്‍ടെയ്‌നര്‍ ആയിരുന്നു. അത് അങ്ങനെ തന്നെ എല്ലാകാലവും നിലനില്‍ക്കും.
മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഒക്ടോബര്‍ 28, ഷോ റീല്‍-47