Sunday, 18 February 2024

ചുരുട്ടു വലിക്കുന്ന നായകന്മാരുടെ ഏക എതിരി ; മാന്ത്രികത്തിലെ ജിപ്‌സിയില്‍ നിന്ന് ജയിലറിലെ വര്‍മ്മനിലേക്കെത്തുന്ന വിനായകന്‍


1995 ല്‍ തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ സിനിമയായ മാന്തികത്തില്‍ മൈക്കല്‍ ജാക്‌സനെ അനുസ്മരിപ്പിക്കുന്ന ചുവടുകളോടെ ജിപ്‌സികളുടെ കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം. മലയാളത്തില്‍ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു മാന്ത്രികം. കൊച്ചിയില്‍ ബ്ലാക്ക് മെര്‍ക്കുറി എന്ന ഡാന്‍സ് ട്രൂപ്പും ഫയര്‍ ഡാന്‍സുമായി കഴിയവേയാണ് മാന്ത്രികത്തിലെ ചെറുവേഷം വിനായകന് ലഭിക്കുന്നത്. ഓര്‍ത്തിരിക്കാന്‍ മാത്രം പ്രാധാന്യമുണ്ടായിരുന്നില്ല ഈ കഥാപാത്രത്തിന്. ഡാന്‍സിലേക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള തത്രപ്പാടുകളിലേക്കും അയാള്‍ തിരിച്ചുപോയി. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം വിനായകന് സിനിമയില്‍ നിന്നും വീണ്ടും വിളിയെത്തി. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക്. പിന്നീട് സ്റ്റോപ്പ് വയലന്‍സ്, വെള്ളിത്തിര, ചതിക്കാത്ത ചന്തു, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ബിഗ് ബി, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ വിനായകനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി.

വിനായകന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ സിനിമയിലെ നായകനായ മോഹന്‍ലാലിനെ സംബന്ധിച്ച് 1995 കരിയറില്‍ സുപ്രധാന വര്‍ഷമായിരുന്നു. മാന്ത്രികത്തിന്റെ വന്‍ വിജയത്തിനു പുറമേ സ്ഫടികം പോലൊരു നിത്യഹരിത സിനിമയും മോഹന്‍ലാലിനായി ആ വര്‍ഷം പിറവി കൊണ്ടു. അതേ വര്‍ഷം തൊട്ടയല്‍പക്കത്ത് ബാഷയിലൂടെ രജനീകാന്ത് തന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഇന്ത്യന്‍ സിനിമയിലാകമാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷറോഫിന് രംഗീലയിലൂടെ താരപദവി മറ്റൊരു തലത്തിലേക്ക് ഉയര്‍ന്ന വര്‍ഷമായിരുന്നു 1995. ഈ വര്‍ഷം തന്നെയാണ് കന്നടനാട്ടില്‍ ശിവ രാജ്കുമാര്‍ ഓം എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.


28 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സ്ഫടികവും ബാഷയും രംഗീലയും ഓമും ഇക്കാലയളവില്‍ കള്‍ട്ട് സ്റ്റാറ്റസിലേക്ക് എത്തി. ഈ സൂപ്പര്‍താരങ്ങളുടെ മൂല്യം അതത് ഭാഷാ പരിധിയും വിട്ട് ഏറെ വളര്‍ന്നു. അറുപത് പിന്നിട്ടിട്ടും അവരുടെ താരമൂല്യത്തിന് ഒട്ടും ഇടിവ് വന്നില്ല. ഈ നാലു നായകന്‍മാരും ഭാഗമായ ഒരു സിനിമയില്‍ അവരുടെയെല്ലാം ഏക പ്രതിനായകന്‍ എന്ന നിലയിലേക്ക് ആ പഴയ ജിപ്‌സി ഡാന്‍സര്‍ വളരുന്നിടത്താണ് ഒരു നടന്റെ കരിയര്‍ ഗ്രാഫ് ഔന്നത്യത്തിലെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിജയ സിനിമകളിലൊന്നില്‍ നായകനോളം കൈയടി നേടുന്ന പ്രതിനായകന്‍ എന്ന തലത്തിലാണ് വിനായകന്‍ എന്ന മലയാളി നടന്‍ എത്തിനില്‍ക്കുന്നത്. ജയിലര്‍ സിനിമയിലെ വര്‍മ്മന്‍ എന്ന ഈ ഒറ്റ കഥാപാത്രം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തിന്റെയും പ്രേക്ഷകരുടെയും സെര്‍ച്ചില്‍ ട്രെന്‍ഡിംഗില്‍ എത്താനും വിനായകനായി.

ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് ജയിലറില്‍ വിനായകന്റേത്. ഇതര ഭാഷകളില്‍ നായക സാന്നിധ്യമായും പ്രതിനായകനായും മലയാള നടന്‍മാര്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ റിലീസിനു ശേഷം ഇന്ത്യയെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് ഒരു നടനെക്കുറിച്ച് ഇവ്വിധമൊരു വ്യാപക അന്വേഷണം ഉണ്ടാകുന്നത് ഇതാദ്യമായാണ്. ഏതു ഭാഷാ സിനിമയ്ക്കും ഇണങ്ങുന്ന ടൂള്‍ ആണ് വിനായകനിലെ നടന ശരീരമെന്നതാണ് ഈയൊരു അംഗീകാരത്തിന് പിന്നില്‍. മോടി കൂടിയ താരശരീരമല്ല, ഒരു സാധാരണ മനുഷ്യന്റെ ശരീരത്തെ സിനിമയിലെ കഥാപാത്രത്തിനായി സ്‌ക്രീനില്‍ ഏതു വിധം പ്രയോജനപ്പെടുത്താം എന്നതിന് പൂര്‍ണത നല്‍കുന്ന ചില അഭിനേതാക്കളുണ്ട്. സിനിമ അനുവര്‍ത്തിച്ചു പോരുന്ന താരസൗന്ദര്യത്തിളക്കം കൊണ്ടല്ല പ്രേക്ഷകര്‍ അവരെ ഏറ്റെടുക്കുന്നത്. ജയിലറിലെ കഥാപാത്രത്തിലേക്കു നോക്കുക, പാറിപ്പറന്ന മുടിയും താടിയും, അലസമായ വസ്ത്രധാരണവുമുള്ള മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആസുരമായ പ്രതികാരേച്ഛയോടെ മനുഷ്യരെ ക്രൂരമായി കൊല്ലാന്‍ തെല്ലും മടിയില്ലാത്തയാളാണ് പ്രതിനായകന്‍. അയാളുടെ ശരീരഭാഷ വയലന്‍സിന്റേതാണ്. തമാശയിലും ചിരിയിലും പോലും ക്രൗര്യമുണ്ട്. തന്റെ ലക്ഷ്യത്തിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയില്‍ വരുന്ന തടസ്സങ്ങളെയെല്ലാം തട്ടിയെറിയാന്‍ സദാ സന്നദ്ധനാണയാള്‍. ഇരിപ്പിലും നടപ്പിലും നോട്ടത്തിലും വാക്കിലും പ്രവൃത്തിയിലും വിജയിയുടെ ഭാവമുണ്ടയാള്‍ക്ക്.


ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ രജനീകാന്തിന്റെ പ്രതിനായകന്‍ എന്ന നിലയ്ക്കാണ് ജയിലര്‍ സിനിമയിലെ വിനായകന്റെ കഥാപാത്രത്തിന് പ്രാധാന്യമേറുന്നത്. രജനീകാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന നായക വേഷത്തിന് മാത്രമല്ല ഇയാള്‍ എതിരി. ഇന്ത്യന്‍ സിനിമയിലെ വലിയ സൂപ്പര്‍താരങ്ങളായ ജാക്കി ഷറോഫ്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെയും ഉന്നം വര്‍മനാണ്. ഇങ്ങനെ വലിയൊരു സിനിമയുടെ ഭാഗമാകുന്നതിലൂടെ ഒരു മലയാള നടനും അന്യഭാഷാ സിനിമയില്‍ ഇതുവരെ ലഭിക്കാതിരുന്ന തലത്തിലേക്കാണ് വിനായകന്റെ വളര്‍ച്ച. യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രകടനത്തിലൂടെയാണ് വിനായകന്‍ പ്രേക്ഷകാംഗീകാരം നേടുന്നത്. രജനീകാന്തിനോട് നേര്‍ക്കുനേര്‍ വരുന്ന സീനുകളിലെല്ലാം നായകന് ഒത്ത എതിരിയും പലപ്പോഴും പ്രകടനത്തില്‍ നായകനു മുകളിലും നില്‍ക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ രജനീകാന്ത് സിനിമകളിലെ പ്രതിനായക വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. നായകനോളം തലപ്പൊക്കമുള്ള പ്രതിനായകന്‍മാരാണ് രജനി ചിത്രങ്ങളിലെ സവിശേഷതകളിലൊന്ന്. വിവിധ ഭാഷകളിലെ പ്രധാന താരങ്ങളായിരിക്കും ഈ വേഷത്തില്‍ എത്തുക. ഒരു രജനീകാന്ത് സിനിമയുടെ വിപണി മൂല്യം എന്തെന്ന ധാരണ ഉള്ളതുകൊണ്ടു തന്നെ ഇതര ഭാഷകളിലെ നായകനടന്‍മാര്‍ വരെ രജനിയുടെ പ്രതിനായകനാകാന്‍ എളുപ്പത്തില്‍ സമ്മതം മൂളും. അപ്പോഴാണ് അത്തരം നായക നടന്‍മാര്‍ക്കു പകരം വിനായകനെ പോലെ മലയാള സിനിമയിലെ ഒരു രണ്ടാം നിര താരത്തെ ഈ വലിയ സിനിമയിലെ സുപ്രധാന കഥാപാത്രമാക്കുന്നത്. അത് ഈ നടന്റെ പ്രകടനസാധ്യതയിലുള്ള വിശ്വാസം കൊണ്ടും അയാള്‍ മുമ്പ് മലയാളത്തില്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലെ സ്വാഭാവികത കൊണ്ടുമാണ്. നെല്‍സണും രജനീകാന്തും അര്‍പ്പിച്ച ഈ വിശ്വാസത്തെയാണ് നൂറു ശതമാനം നീതി പുലര്‍ത്തി വിനായകന്‍ മടക്കി നല്‍കുന്നത്.

കരിയറിന്റെ ആദ്യ ദശകത്തില്‍ സ്റ്റോപ്പ് വയലന്‍സ്, കൊട്ടേഷന്‍, ഛോട്ടാ മുംബൈ, ബിഗ് ബി തുടങ്ങി ഒട്ടേറെ സിനിമകളില്‍ നിരവധി ഗുണ്ടകളുടെ കൂട്ടത്തില്‍ ഒരാളായി ഒതുങ്ങിനിന്ന വിനായകനാണ് വലിയ വേരുകളുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായി ജയിലറില്‍ മാറുന്നത്. പാസിംഗ് വേഷങ്ങളിലും ചെറിയ കഥാപാത്രങ്ങളിലും നിന്ന് വിനായകന്റെ വേഷപ്പകര്‍ച്ച കൃത്യമായ ഇടവേളകളിലൂടെയാണ് സംഭവിക്കുന്നത്. പരുക്കന്‍ രൂപം കൊണ്ടും ശരീരഭാഷ കൊണ്ടും പ്രതിനായകത്വത്തില്‍ മാത്രം കാണാന്‍ സാധിച്ചിരുന്ന ഒരു നടനിലെ ഹാസ്യ അഭിനേതാവിന്റെ സാധ്യത പുറത്തുകൊണ്ടുവരുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടറിലെ സംസാര ശേഷിയില്ലാത്ത കഥാപാത്രവും അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയിലെ ഫക്കീറുമാണ്. മസാല റിപ്പബ്ലിക്ക് ബംഗാളി ബാബു ഈ കാലയളവിലെ മറ്റൊരു വേറിട്ട വിനായകന്‍ കഥാപാത്രമായി. അട് ഒരു ഭീകരജീവിയിലെ ഡൂഡ് എന്ന കഥാപാത്രം ഈ ശ്രേണിയുടെ തുടര്‍ച്ചയും വിനായകന്റെ കരിയറിലെ ജനപ്രിയ കഥാപാത്രവുമായി. വ്യത്യസ്ത മാനറിസങ്ങളും ഹാസ്യാത്മക സംസാര ശൈലിയും ഈ കഥാപാത്രത്തിന്റെ രണ്ടു വരവുകളും ജനകീയമാക്കി. 


അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിലെ ചെമ്പനിലൂടെയാണ് വിനായകനിലെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്ക് തുടക്കമാകുന്നത്. വിനായകനിലെ കഴിവുറ്റ നടനെ പുറത്തുകൊണ്ടുവരുന്നത് രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗാധരന്‍ എന്ന കഥാപാത്രമാണ്. ഈ സിനിമ നായകനായ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തിലൂടെയല്ല, വിനായകന്റെ ഗംഗയിലൂടെയാണ് അംഗീകരിക്കപ്പെടുന്നത്. തമ്മില്‍ത്തല്ലും തെറിവിളിയും മദ്യവും പീഡകളും മഴയും വെയിലുമറിഞ്ഞ് ജീവിക്കുന്ന കമ്മട്ടിപ്പാടത്തെ സാധാരണ മനുഷ്യന്റെ പ്രതിനിധിയെ വിനായകന്‍ പൂര്‍ണതയിലെത്തിച്ചു. മേല്‍ത്തട്ടുകാരന്റെ ചൂഷണത്തിന് വിധേയനാകാന്‍ വിധിക്കപ്പെടുന്ന ഗംഗയെന്ന സാധാരണക്കാരന്റെ ശരീരഭാഷ വിനായകനെ ആദ്യ സംസ്ഥാന പുരസ്‌കാരത്തില്‍ എത്തിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗവിലെ അയ്യപ്പന്‍ എന്ന വാര്‍ഡ് മെമ്പര്‍ കഥാപാത്രവും മറിച്ചല്ല. ശരീരഭാഷയിലെ വഴക്കം കൊണ്ട് നമ്മുടെ പരിചിത ചുറ്റുപാടിലെ മനുഷ്യനായി എളുപ്പം മാറാന്‍ സാധിക്കുന്ന സ്വാഭാവികതയാണ് ഈ കഥാപാത്രത്തില്‍ വിനായകന്‍ പുറത്തെടുക്കുന്നത്. പരുക്കനും ഉളളില്‍ അലിവിന്റെ വറ്റാത്ത ഉറവയുമുള്ള തൊട്ടപ്പനായി വിനായകന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ നാട്യമില്ലാത്ത സ്വാഭാവികാഭിനയത്തിന്റെ പൂര്‍ണത ഒരിക്കല്‍കൂടി നമ്മള്‍ അനുഭവിക്കുന്നു. തുരുത്തിലൂടെ നടന്നുപോകുന്ന, കളള് ഷാപ്പില്‍ ഇരിക്കുന്ന, അടിയുണ്ടാക്കുന്ന, വലിഞ്ഞു മുറുകിയ മുഖവുമായി ബീഡി വലിക്കുന്ന ഈ മനുഷ്യന്‍ ക്യാമറയ്ക്കു മുന്നിലായിരുന്നോ എന്ന് ഒരു വേള നമ്മള്‍ സന്ദേഹിച്ചു പോകുന്നു. അന്‍വര്‍ റഷീദിന്റെ ട്രാന്‍സിലെ തോമസ്, കമല്‍ കെ.എമ്മിന്റെ പടയിലെ ബാലു എന്നിവയെല്ലാം വിനായകനിലെ നടനില്‍ ഇനിയുമേറെ അത്ഭുതങ്ങള്‍ ബാക്കിയുണ്ടെന്ന് തോന്നിപ്പിച്ച കഥാപാത്രങ്ങളാണ്. ഈ തോന്നലിന്റെ തുടര്‍ച്ചയാണ് ജയിലറിലെ വര്‍മ്മനിലൂടെ സാധ്യമാകുന്നത്.


സിനിമയ്ക്കു പുറത്ത് പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ പലതു സൃഷ്ടിച്ചിട്ടുള്ളയാളാണ് വിനായകന്‍. സമൂഹത്തിന്റെ ശരികള്‍ പലതും തന്റെ ശരികളുമായി ചേര്‍ന്നു പോകാത്തതു കൊണ്ടാണ് പ്രതികരിച്ചു പോകുന്നതെന്നും നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാനുള്ള അവകാശമുണ്ടെന്നുമാണ് വിനായകന്‍ ഇതിനു മറുപടിയായി പറഞ്ഞിട്ടുള്ളത്. ക്യാമറയ്ക്കു മുന്നില്‍ ഇതല്ലാത്ത മറ്റൊരാളാണ് വിനായകന്‍. പെട്ടെന്ന് അയാള്‍ കൃത്യനിഷ്ടയുള്ള, അടിമുടി പ്രൊഫഷണലായ നടനാകുന്നു. തനിക്ക് അഭിനയത്തില്‍ കുറേ വര്‍ഷത്തേക്കുള്ള കൃത്യമായ പ്ലാനുണ്ടെന്ന് വിനായകന്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ചാണ് താന്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നതെന്നും അയാള്‍ പറയുന്നു. ഇത് ശരിയാണെന്നു തോന്നും വിധമാണ് വിനായകന്റെ കരിയര്‍ ഗ്രാഫ് മുന്നോട്ടു പോകുന്നത്. തന്നെത്തേടി വരുന്ന എല്ലാ സിനിമകളും വിനായകന്‍ ചെയ്യാറില്ല. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അത് മികവോടെ അവതരിപ്പിക്കുന്നതിലും കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഈയൊരു തെരഞ്ഞെടുപ്പിന്റെയും ശ്രദ്ധയുടെയും പ്രതിഫലനമാണ് വിനായകന്റെ ഇപ്പോഴത്തെ വളര്‍ച്ച. പണ്ട് ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന അധികം സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു നടന്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. ഒരേ സമയം ഒന്നിലേറെ സിനിമകളില്‍ കരാറില്‍ ഏര്‍പ്പെടാത്ത വിനായകന്റെ പുതിയ സിനിമ ഗൗതം മേനോന്റെ ധ്രുവനക്ഷത്രം-യുദ്ധ കാണ്ഡം ചാപ്റ്റര്‍ ഒന്ന് എന്ന മെഗാ പ്രൊജക്ട് ആണെന്നതു കൂടി ഈ വളര്‍ച്ചയോടു ചേര്‍ത്തുവായിക്കാം.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ആഗസ്റ്റ് 22, ഷോ റീല്‍-45

No comments:

Post a Comment