മലയാളത്തിലെ ഹാസ്യ സിനിമാ ധാരയെ സിദ്ധിഖ്‌ലാലിന്റെ റാംജിറാവ് സ്പീക്കിങ്ങിനു (1989) മുമ്പെന്നും ശേഷമെന്നും വിഭജിക്കാം. സിനിമയില്‍ ചിരി സൃഷ്ടിക്കാന്‍ ഹാസ്യതാരങ്ങള്‍ എന്ന കീഴ്‌വഴക്കമാണ് മറ്റ് ഭൂരിഭാഗം സിനിമാ ഇന്‍ഡസ്ട്രികളെയും പോലെ മലയാളവും പിന്തുടര്‍ന്നു പോന്നിരുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ക്കായി തിരക്കഥയില്‍ പ്രത്യേകം സീക്വന്‍സുകള്‍ തന്നെ സൃഷ്ടിച്ചു. കേന്ദ്രപ്രമേയവുമായി ബന്ധമില്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ കാണികളെ രസിപ്പിക്കുക എന്ന ഉദ്ദേശത്താല്‍ മാത്രം ഹാസ്യകഥാപാത്രങ്ങള്‍ക്കായി സീനുകള്‍ സൃഷ്ടിക്കപ്പെടുകയും സംഭാഷണങ്ങള്‍ എഴുതപ്പെടുകയും ചെയ്തുപോന്നു. നായക നടന്മാര്‍ ആക്ഷനും ഡ്രാമയും പ്രണയവും മാത്രം ചെയ്തു പോരുന്നവരായിരുന്നു.
പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും നായകന്മാരില്‍ ഹാസ്യരസം കൂടി ചേര്‍ന്നിരുന്നുവെന്നല്ലാതെ ഹാസ്യനായകന്മാര്‍ മലയാളത്തില്‍ അത്രകണ്ട് രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് സിദ്ധിഖ്‌ലാല്‍ മുന്‍നിര നായകന്മാരെ ഒഴിവാക്കി രണ്ടാംനിരക്കാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് റാംജിറാവ് സ്പീക്കിങ് ചെയ്യുന്നത്. മണ്ണിലിറങ്ങി നിലകൊണ്ട ജീവസ്സുറ്റ കഥകളിലും ഗൗരവമാര്‍ന്ന അവതരണത്തിലും കലാമേന്മയിലും ശ്രദ്ധ പുലര്‍ത്തി മലയാള സിനിമ അതിന്റെ സുവര്‍ണ കാലത്തിലൂടെ മുന്നോട്ടു പോകുമ്പോഴാണ് ടൈറ്റിലിലും അവതരണത്തിലും തുടങ്ങി അടിമുടി വേറിട്ടൊരു ശൈലിയുമായി റാംജിറാവ് പിറവി കൊള്ളുന്നത്.
പരുഷമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട അവസ്ഥയ്ക്കായി പൊരുതുന്നതിനിടയിലും ചിരി കണ്ടെത്താനുള്ള ശേഷിയായിരുന്നു റാംജിറാവുവിന്റെ കഥാപരിസരത്തെയും കഥാപാത്രങ്ങളെയും വേറിട്ടു നിര്‍ത്തിയത്. ഈ ശൈലി മലയാളത്തിന് അത്രകണ്ട് പരിചിതമല്ലായിരുന്നു. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ മാന്നാര്‍ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും എന്നെങ്കിലും വന്നേക്കാവുന്ന നല്ല കാലത്തിനായി കാത്തിരിക്കുന്നവരാണ്. ഏത് അല്ലലിലും കണ്ണീരിലും ചിരി തീര്‍ക്കാന്‍ ശേഷിയുള്ളവരുമായിരുന്നു. ഗൗരവമാര്‍ന്ന പ്രമേയങ്ങള്‍ ഹാസ്യത്തിന്റെ നിറവോടെ അവതരിപ്പിക്കാമെന്ന് പരീക്ഷിച്ച് വിജയിക്കുകയായിരുന്നു സിദ്ധിഖും ലാലും ഈ സിനിമയിലൂടെ. മുന്‍നിര താരങ്ങളില്ലാത്ത സിനിമയോട് ആദ്യ ദിവസങ്ങളില്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ അകലം പാലിക്കുകയും പിന്നീട് സഹര്‍ഷം ഏറ്റെടുക്കുകയും ചെയ്തു. റാംജിറാവുവിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ മുകേഷ് അതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. 'നായകന്റെ സഹോദരനും സഹായിയുമായി തുടരുകയും അങ്ങനെ തന്നെ ഒടുങ്ങുകയും ചെയ്യുമായിരുന്ന ഞങ്ങളെയെല്ലാം മുന്‍നിരയിലേക്ക് എത്തിച്ചത് സിദ്ധിഖ്‌ലാലും റാംജിറാവുവും ആണ്.' മലയാള സിനിമയില്‍ റാംജിറാവ് ഉണ്ടാക്കിയ മാറ്റവും തുടക്കമിട്ട തരംഗവും ഇതു തന്നെയാണ്.
റാംജിറാവുവിനു പിറ്റേ വര്‍ഷം സിദ്ധിഖ്‌ലാലിന്റെ തന്നെ ഇന്‍ ഹരിഹര്‍ നഗറും സൂപ്പര്‍ഹിറ്റായതോടെ ഈ ഹാസ്യതരംഗത്തിന് മലയാള സിനിമയില്‍ ഒന്നുകൂടി ചുവടുറച്ചു. റാംജിറാവുവിലെ നാടകവും നാട്ടിന്‍പുറവും കലര്‍ന്ന അന്തരീക്ഷത്തില്‍ നിന്നും നഗരത്തിലേക്കും ത്രില്ലര്‍ എലമെന്റുകളിലേക്കും എത്തിയ ഇന്‍ ഹരിഹര്‍ നഗറില്‍ ചിരി കുറേക്കൂടി ഉച്ചസ്ഥായിയിലായി. ഇത് തൊണ്ണൂറുകളിലെ ലോ ബഡ്ജറ്റ് ഹാസ്യസിനിമകള്‍ മികച്ച ആത്മവിശ്വാസവും വളക്കൂറുമായി. ഈ മാതൃക പിന്തുടര്‍ന്ന് വിജിതമ്പി, അനില്‍ബാബു, തുളസീദാസ്, സുനില്‍, ഹരിദാസ്, രാജസേനന്‍, നിസാര്‍, പോള്‍സണ്‍ തുടങ്ങി നിരവധി സംവിധായകര്‍ ഹാസ്യ സിനിമകളൊരുക്കി. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒട്ടേറെ മികച്ച സിനിമകള്‍ തൊണ്ണൂറുകളില്‍ പിറവിയെടുത്തെങ്കിലും ഹാസ്യ സിനിമകളുടെ എണ്ണപ്പെരുക്കത്തിനു കൂടിയാണ് ഈ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. ജയറാമും മുകേഷും സിദ്ധിഖും ജഗദീഷും സായ്കുമാറും അശോകനുമെല്ലാം ഈ ഹാസ്യ ജോണര്‍ സിനിമകളിലെ സ്ഥിരം നായക•ാരായി.
സൂപ്പര്‍താര പരിവേഷമുള്ള നായകന്മാരുടെ സിനിമകളും തൊട്ടു താഴെ നിരയിലുള്ള നായകന്മാരുടെ സിനിമകളും രണ്ടു ധാരകളായി ഈ ദശകത്തില്‍ നിരന്തരം രൂപപ്പെട്ടു. ചെറിയ ബഡ്ജറ്റില്‍ തീര്‍ത്ത രണ്ടാംനിര നായകന്മാരുടെ സിനിമകളില്‍ ഭൂരിഭാഗവും ഹാസ്യരസം പ്രദാനം ചെയ്യുന്നതുകൊണ്ടു തന്നെ നിശ്ചിത ശതമാനം കാണികളെ എപ്പോഴുമത് തിയേറ്ററിലേക്കെത്തിച്ചു. ഈ സിനിമകള്‍ ഭൂരിഭാഗവും നിര്‍മ്മാതാക്കളുടെ കൈ പൊള്ളിച്ചില്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോമഡി തരംഗത്തിന് ഇത് ശക്തമായ അടിത്തറ പാകി. ലോ ബഡ്ജറ്റ് സിനിമകളുടെ വിജയവും ലാഭവും ലക്ഷ്യമിട്ട് നിരവധി പേരാണ് തൊണ്ണൂറുകളില്‍ നിര്‍മ്മാണ സംരംഭവുമായി മലയാള സിനിമാ മേഖലയില്‍ എത്തിയത്. വന്‍കിട നിര്‍മ്മാണ, വിതരണ കമ്പനികളുടെ കുത്തകയായിരുന്ന മേഖലയിലേക്ക് ഒട്ടേറെ പുത്തന്‍ പണക്കാരും വ്യവസായികളും കടന്നുവരാനും ചെറുകിട നിര്‍മ്മാണ കമ്പനികള്‍ രൂപപ്പെടുന്നതിനും ഈ ദശകം സാക്ഷിയായി.
സാധാരണക്കാരായ കഥാപാത്രങ്ങളായിരുന്നു ഈ ലോ ബഡ്ജറ്റ് സിനിമകളുടെയെല്ലാം പൊതുവായ സവിശേഷത. നിത്യ ജീവിതത്തില്‍ നമുക്കു ചുറ്റിലും കാണുന്നവരായിരിക്കും ഈ കഥാപാത്രങ്ങള്‍. വേഷത്തിലും സംസാരത്തിലും പെരുമാറ്റത്തിലും പരിഷ്‌കാരമില്ലാത്തവര്‍. കുടുംബ പ്രശ്‌നങ്ങളിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും പെട്ട് ഉഴന്ന് നാടു വിടുന്നവരെയും വലിയ സ്ഥിതിയില്‍ തിരിച്ചു വരുന്നവരെയുമെല്ലാമാണ് മുന്‍കാല മെലോഡ്രാമകള്‍ പതിവായി അവതരിപ്പിച്ചു പോന്നത്. ഇതിനു വിപരീതമായി തൊഴില്‍ പ്രശ്‌നങ്ങളിലും വീട്ടിലെ ഇല്ലായ്മയിലും മടുത്ത് സ്വന്തം ചുറ്റുപാടിലും സുഹൃത്തുക്കള്‍ക്കിടയിലും തന്നെ ഇക്കാര്യം പങ്കിടുകയും എന്നെങ്കിലും വന്നേക്കാവുന്ന ഭാഗ്യത്തെ അന്വേഷിച്ച് വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ അലയുകയും ചെയ്യുന്നവരാണവര്‍. ഇവര്‍ക്കിടയിലേക്ക് 'മിറാക്കിള്‍' എന്നു വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും സംഭവമോ സാഹചര്യമോ ഉരുത്തിരിയുകയും അവരുടെ ജീവിതം പിന്നെ അതിനു പിറകെ പോകുകയും ചെയ്യുന്നതായിരുന്നു ഇത്തരം സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും പൊതു സ്വഭാവം.
മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് ഈ ദശകം അവരുടെ മികവിന്റെ മാറ്റുരയ്ക്കലിന്റേതായി. ചെറിയ ബഡ്ജറ്റ് സിനിമകള്‍ നിരവധി പേര്‍ക്കാണ് അവസരമൊരുക്കിയത്. ചിലര്‍ നായക വേഷങ്ങളിലും മറ്റുള്ളവര്‍ തുല്യ പ്രാധാന്യമുള്ള ചിരി തീര്‍ക്കുന്ന കഥാപാത്രങ്ങളിലും തിളങ്ങി. തുളസീദാസിന്റെ മിമിക്‌സ് പരേഡ് (1991) എന്ന സിനിമയുടെ വന്‍വിജയം ഉണ്ടാക്കിയ ആത്മവിശ്വാസം അത്ര ചെറുതല്ല. ഉത്സവപ്പറമ്പുകളില്‍ ഏറെ ജനപ്രിയമായിരുന്ന മിമിക്‌സ് പരേഡ് എന്ന കലാപരിപാടിയുടെ സിനിമാറ്റിക് രൂപം ആളുകള്‍ നിറഞ്ഞ ചിരിയോടെ ഏറ്റെടുത്തു. കൊച്ചിന്‍ കലാഭവന്റേയും ആബേലച്ചന്റേയും മാതൃക അതേപടി സിനിമയില്‍ പ്രതിഷ്ഠിക്കപ്പെട്ടു. മിമിക്‌സ് പരേഡും തൊട്ടടുത്ത വര്‍ഷം അതിന്റെ തുടര്‍ച്ചയായി വന്ന കാസര്‍ഗോഡ് കാദര്‍ഭായിയും വിജയമായി. മിമിക്‌സ് ആക്ഷന്‍ 500 (1995), മിമിക്‌സ് സൂപ്പര്‍ 1000 (1996), എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ഭായ് (2010) എന്നീ സിനിമകളും ഈ മാതൃകയില്‍ സൃഷ്ടിക്കപ്പെട്ടു.
പാവം പാവം രാജകുമാരന്‍, മൂക്കില്ലാരാജ്യത്ത്, ചെപ്പ് കിലുക്കണ ചങ്ങാതി, നഗരത്തില്‍ സംസാരവിഷയം, തിരുത്തല്‍വാദി, മാന്യന്മാര്‍, ഭാഗ്യവാന്‍, കാഴ്ചയ്ക്കപ്പുറം, പ്രവാചകന്‍, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, ഇരിക്കൂ എം ഡി അകത്തുണ്ട്, കണ്‍ഗ്രാഞ്ജുലേന്‍സ് മിസ് അനിതാമേനോന്‍, പൂച്ചയ്ക്കാരു മണികെട്ടും, മാന്ത്രികച്ചെപ്പ്, മക്കള്‍ മാഹാത്മ്യം, കുണുക്കിട്ട കോഴി, ഞാന്‍ കോടീശ്വരന്‍, വാരഫലം, മിസ്റ്റര്‍ ആന്റ് മിസിസ്, പ്രിയപ്പെട്ട കുക്കു, അദ്ദേഹം എന്ന ഇദ്ദേഹം, കാവടിയാട്ടം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ തൊണ്ണൂറുകളുടെ ആദ്യപകുതിയിലും മാന്നാര്‍ മത്തായി സ്പീക്കിങ്, അഞ്ചരക്കല്യാണം, കിണ്ണം കട്ട കള്ളന്‍, കുടുംബകോടതി, കിരീടമില്ലാത്ത രാജാക്ക•ാര്‍, ത്രീമെന്‍ ആര്‍മി, മിസ്റ്റര്‍ ക്ലീന്‍, ശിപായി ലഹള, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടചെക്കന്‍, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കല്യാണ്‍ജി ആനന്ദ്ജി, മായപ്പൊ•ാന്‍, അനുരാഗക്കൊട്ടാരം, പഞ്ചാബിഹൗസ്, ഉദയപുരം സുല്‍ത്താന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പുതുക്കോട്ടയിലെ പുതുമണവാളന്‍, ദില്ലിവാല രാജകുമാരന്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, അരമനവീടും അഞ്ഞൂറേക്കറും, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം, സൂപ്പര്‍മാന്‍, കിലുകില്‍ പമ്പരം, ദി കാര്‍, പട്ടാഭിഷേകം, ഫ്രണ്ട്‌സ് തുടങ്ങിയ സിനിമകള്‍ രണ്ടാം പകുതിയിലും കോമഡി തരംഗം നിലനിര്‍ത്തി. ഇത്തരം ഹാസ്യ സിനിമകളിലെ നായക വേഷങ്ങളും തുടര്‍വിജയങ്ങളുമാണ് ജയറാമിന് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനും സൂപ്പര്‍താര പരിവേഷത്തിലേക്ക് ഉയരാനുമായത്.
തൊണ്ണൂറുകളുടെ രണ്ടാംപകുതിയോടെ ദിലീപ്, പ്രേംകുമാര്‍, ഇന്ദ്രന്‍സ്, അബി, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ചിരിപ്പിക്കുന്ന ചെറുസിനിമകളിലെ കേന്ദ്ര പ്രാധാന്യമുള്ള സാന്നിധ്യങ്ങളായി. ഒരു വശത്ത് മുന്‍നിര താരങ്ങളുടെ സിനിമകള്‍ ആക്ഷന്‍, ഫാമിലി ഡ്രാമ ജോണറുകളില്‍ നിര്‍മ്മിക്കപ്പെടുമ്പോഴും ജീവിതത്തിലെ ചില്ലറ പ്രശ്‌നങ്ങളും നെട്ടോട്ടങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ചെറു സിനിമകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ജീവിതം മെച്ചപ്പെടുത്താനായി നടത്തുന്ന പരിശ്രമങ്ങളും അതിനിടയില്‍ പറ്റുന്ന അമളികളും അതില്‍നിന്ന് കരകയറാനുള്ള അവരുടെ പരിശ്രമങ്ങളുമായി റാംജിറാവ് തുടക്കമിട്ട പ്രമേയപരിസരത്തു നിന്ന് ഈ സിനിമകള്‍ ഒരിക്കലും മുക്തമാകാന്‍ ശ്രമിച്ചില്ല. ഈ സുരക്ഷിത പ്രമേയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ മെനയപ്പെട്ടത്. ചെറിയ വിജയങ്ങള്‍ തൊട്ട് വന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളായ സിനിമകള്‍ വരെ ഈ കഥാതന്തു പിന്തുടരുന്നതായി കാണാം. ചെറിയ ജോലികളുള്ളവരും തൊഴിലന്വേഷകരുമായി നാലോ അഞ്ചോ ചെറുപ്പക്കാര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത് ആവര്‍ത്തിച്ചു വരുന്നത് കാണാനാകും. ഈ തൊഴിലന്വേഷണം കേന്ദ്ര കഥാപാത്രത്തെ സമ്പന്ന വീടുകളിലേക്കും അവിടത്തെ പെണ്‍കുട്ടിയിലേക്കും എത്തിക്കുന്നതായും പ്രമേയ പരിസരത്തില്‍ ആവര്‍ത്തിക്കും. പണത്തിനു പിറകെയുള്ള ഓട്ടവും ഭാഗ്യ പരീക്ഷണവും അവിചാരിതമായി കൈയിലെത്തുന്ന പണമോ സ്വര്‍ണമോ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ഇത്തരം സിനിമകളില്‍ ആവര്‍ത്തിച്ചു കാണാം. ഇന്‍ ഹരിഹര്‍ നഗറിലാണ് ഈ ട്രെന്‍ഡ് രൂപപ്പെടുന്നതെന്നു കാണാം. മിമിക്‌സ് പരേഡ്, ഞാന്‍ കോടീശ്വരന്‍, മൂന്നു കോടിയും മുന്നൂറു പവനും, മാന്ത്രികച്ചെപ്പ് തുടങ്ങിയ സിനിമകളിലെല്ലാം പണവും അതിനെ തുടര്‍ന്ന് രംഗത്തെത്തുന്ന പ്രതിനായകനും നിരപരാധികളായ കേന്ദ്ര കഥാപാത്രങ്ങള്‍ ഈ കുരുക്കഴിക്കുന്നതും ആവര്‍ത്തിക്കുന്നുണ്ട്. നായികയെ പ്രതിനായകനും ഗുണ്ടാസംഘവും തട്ടിക്കൊണ്ടു പോകുന്നതും നായക കഥാപാത്രത്തിന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘം മോചിപ്പിക്കുന്നതും അതിനായുള്ള ക്ലൈമാക്‌സിലെ ഹാസ്യാത്മകമായ ആള്‍ക്കൂട്ട സംഘട്ടനവും ഇത്തരം സിനിമകളുടെ സവിശേഷതയാണ്. റാംജിറാവുവാണ് ക്ലൈമാക്‌സിലെ ചിരിപ്പിക്കുന്ന പ്രവൃത്തികളും സംഭാഷണങ്ങളുമുള്ള സംഘട്ടനത്തിന് പ്രചോദനമാകുന്നത്.
ജയറാമിനെ പോലെ മിമിക്രി വേദിയിലെ സ്റ്റാന്‍ഡപ് കൊമേഡിയന്റെ വഴക്കമാണ് ഹാസ്യ വേഷങ്ങളില്‍ തുടര്‍ വിജയങ്ങള്‍ സൃഷ്ടിക്കാനും സൂപ്പര്‍താര പദവിയിലേക്ക് എത്താനും ദിലീപിനെയും സഹായിച്ചത്. ജയറാമിന്റെ നേര്‍തുടര്‍ച്ചയായിരുന്നു ദിലീപിന്റെ ഹാസ്യനായക വേഷങ്ങള്‍. ജയറാം വേണ്ടെന്നുവച്ച റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായി. റാംജിറാവ് സ്പീക്കിങ് തുടക്കമിടുകയും തൊണ്ണൂറുകളില്‍ തരംഗം തീര്‍ക്കുകയും ചെയ്ത മലയാളത്തിലെ ഹാസ്യ സിനിമകള്‍ക്ക് 2000 ല്‍ തുടങ്ങുന്ന പതിറ്റാണ്ടില്‍ തുടര്‍ച്ച കണ്ടെത്തുന്നത് ദിലീപിന്റെ ഹാസ്യനായക കഥാപാത്രങ്ങളാണ്. തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം, കുബേരന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, തിളക്കം, സിഐഡി മൂസ, വെട്ടം, കൊച്ചിരാജാവ്, പാണ്ടിപ്പട, ചാന്ത്‌പൊട്ട്, വിനോദയാത്ര തുടങ്ങിയ സിനിമകളെല്ലാം തിയേറ്ററില്‍ വന്‍വിജയങ്ങളായി.
മാതൃഭൂമി ഓണ്‍ലൈന്‍, 2023 ആഗസ്റ്റ് 10, ഷോ റീല്‍-44
No comments:
Post a Comment