1981 ല്‍ ശങ്കര്‍ നായകനായ ഊതിക്കാച്ചിയ പൊന്നില്‍ തുടങ്ങി 1988 ല്‍ ഡെന്നീസ് ജോസഫിന്റെ മനു അങ്കിള്‍ വരെ 45 സിനിമകളിലാണ് മമ്മൂട്ടിയും മോഹന്‍ലാലും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടത്. തുടക്കകാലത്ത് മറ്റു നായകന്‍മാരുടെ സിനിമകളിലെ ചെറിയ വേഷങ്ങളാണ് ഇരുവര്‍ക്കും ലഭിച്ചിരുന്നത്. സോളോ നായകന്‍മാരായി സിനിമകള്‍ ലഭിച്ചു തുടങ്ങുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ശേഷം 1984 ല്‍ അതിരാത്രം, അടിയൊഴുക്കുകള്‍ തുടങ്ങിയ ഐ.വി ശശി സിനിമകളിലൂടെയാണ് ഇരുവരും നായകതുല്യ കഥാപാത്രങ്ങളായി മുഖാമുഖമെത്തുന്നത്. വലിയ വിജയങ്ങളായിരുന്ന ഈ സിനിമകള്‍ക്കു ശേഷം രണ്ട് നായകന്‍മാര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിരവധി സിനിമകളാണ് നിര്‍മ്മിക്കപ്പെട്ടത്. അനുബന്ധം, ഇടനിലങ്ങള്‍, കരിമ്പിന്‍ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, വാര്‍ത്ത, കരിയിലക്കാറ്റുപോലെ, അടിമകള്‍ ഉടമകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയങ്ങളാണ്.
കുട്ടികളുടെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള മനു അങ്കിളില്‍ മമ്മൂട്ടി നായകതുല്യ വേഷവും മോഹന്‍ലാല്‍ കാമിയോ വേഷത്തിലുമാണ് എത്തിയത്. കുട്ടികളുടെ ചിത്രമാണെങ്കിലും രണ്ട് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം കൊണ്ടു കൂടിയാണ് മനു അങ്കിള്‍ സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്. 1980 കളുടെ അവസാന പാദത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച വേള കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ ഇവരില്‍ ഒരാള്‍ നായകനായ സിനിമയില്‍ മറ്റൊരാളുടെ അതിഥി വേഷത്തിലൂടെയുള്ള സാന്നിധ്യത്തിനു കൂടി വലിയ പ്രസക്തിയും ആകര്‍ഷണവും ഉണ്ടായിരുന്നു. ഇത് പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ നായകനായ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ശ്രദ്ധേയവും സിനിമ വലിയ വിജയം നേടുന്നതില്‍ നിര്‍ണായകവുമായിരുന്നു. ഗാന്ധി നഗറിലെയും മനു അങ്കിളിലെയും ശ്രദ്ധേയമായ അതിഥി വേഷങ്ങള്‍ക്കു ശേഷം 1990 ല്‍ ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയിലില്‍ ആയിരുന്നു രണ്ടു താരങ്ങളും വീണ്ടും ഒരുമിച്ചെത്തിയത്. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ മമ്മൂട്ടി സിനിമാനടന്‍ മമ്മൂട്ടി ആയിത്തന്നെയാണ് എത്തിയതെന്നതും മറ്റൊരു സവിശേഷത.
ഇരുവരുടെയും താരപദവിയെയും അഭിനയമികവിനെയും ചൂഷണം ചെയ്യുന്ന നിരവധി സിനിമകളാണ് 1990 കളില്‍ പുറത്തുവന്നത്. മലയാള സിനിമയിലെ അനിഷേധ്യരായ സൂപ്പര്‍താര സാന്നിധ്യങ്ങളെന്ന നിലയില്‍ ഇരുവരും വളര്‍ന്നതോടെ മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഏകനായക ഇമേജിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. അത്തരത്തിലുള്ള സിനിമകളാണ് ഇരുവര്‍ക്കും വേണ്ടി കൂടുതല്‍ എഴുതപ്പെട്ടതും. അതുകൊണ്ടു തന്നെ ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ പിന്നീടുള്ള കുറേ വര്‍ഷങ്ങളില്‍ കാണികള്‍ക്കായില്ല. 1998 ല്‍ ഹരികൃഷ്ണന്‍സ് പ്രദര്‍ശനത്തിനെത്തുന്നതു വരെ. ഇക്കാലയളവില്‍ ഇരുവരുടെയും സൂപ്പര്‍സ്റ്റാര്‍ഡവും ആരാധകവൃന്ദവും പതിന്‍മടങ്ങ് വലുതാകുകയും ചെയ്തു. അതിനാല്‍ തന്നെ ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ സിനിമയിലൂടെ ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് സിനിമാ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ആകാംക്ഷയും ആവേശവുമാണ് സൃഷ്ടിക്കാനായത്. ഒരുപക്ഷേ അതുവരെ ഒരു മലയാള സിനിമയുടെ റിലീസിനു വേണ്ടിയും ഇത്രകണ്ട് വലിയ കാത്തിരിപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നു പറയാനാകും.
1998 ലെ ഓണക്കാലത്ത് സെപ്റ്റംബര്‍ നാലിനായിരുന്നു ഹരികൃഷ്ണന്‍സിന്റെ റിലീസ്. ആവേശത്തോടെയുള്ള കാത്തിരിപ്പിന്റെ ഓളം സിനിമയുടെ റിലീസ് ദിവസങ്ങളിലും ഉണ്ടായിരുന്നു. വലിയ തള്ളിക്കയറ്റമാണ് ആദ്യനാളുകളില്‍ ഈ ചിത്രത്തിനുണ്ടായത്. ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഹരികൃഷ്ണന്‍സിനായി. പ്രമേയപരമായി വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ, ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ രണ്ട് സൂപ്പര്‍താരങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്നു എന്നതു തന്നെയായിരുന്നു ഹരികൃഷ്ണന്‍സിന്റെ ആകര്‍ഷണം. ഹരിയും കൃഷ്ണനും ചേര്‍ന്നുള്ള ഹരികൃഷ്ണന്‍സ് അസോസിയേറ്റ്‌സ് ചുരുളഴിക്കുന്ന കൊലപാതക കേസ് എന്ന കേന്ദ്ര പ്രമേയത്തേക്കാള്‍ ഇരുവരുടെയും കോമ്പോ സീനുകളിലെ കൗതുകങ്ങളും രസങ്ങളുമാണ് പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചതും അവരെ ആകര്‍ഷിച്ചതും. ഈ അര്‍ഥത്തില്‍ ഒരു കുറ്റാന്വേഷണ സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നു വേണം കരുതാന്‍.
സിനിമയ്ക്ക് നായകന്‍മാരുടെ പേര് നല്‍കിയതു മുതല്‍ തുല്യ പ്രാധാന്യത്തിനു വേണ്ടി സിനിമ ശ്രദ്ധിച്ചിരുന്നു. മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയായ പ്രണവ് ആര്‍ട്‌സിനു വേണ്ടി ആലോചിച്ച സിനിമയാണ് രണ്ടു താരങ്ങളെയും ഒരുമിച്ച് അഭിനയിപ്പിക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചത്. കഥയിലെ സംഭാഷണങ്ങള്‍ ഇരു താരങ്ങള്‍ക്കും വിഭജിച്ചു നല്‍കുകയും അതനുസരിച്ച് സീനുകളും സ്‌ക്രീന്‍ സ്‌പേസും നിശ്ചയിക്കുകയും ചെയ്തു. അതിനു മുമ്പ് ഇരു താരങ്ങളും ഒരുമിച്ചെത്തിയ സിനിമകളിലെല്ലാം എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങള്‍ മാത്രമായി ഇവര്‍ ക്യാമറയ്ക്കു മുന്നില്‍ എത്തിയപ്പോള്‍ ഹരികൃഷ്ണന്‍സില്‍ താരങ്ങള്‍ക്ക് പ്രാധാന്യം കുറയാത്ത വിധത്തില്‍ തിരക്കഥയെ ചിട്ടപ്പെടുത്തേണ്ടി വന്നു. താരങ്ങള്‍ക്ക് അനുസൃതമായി തിരക്കഥ മെനയുകയും തിരക്കഥയേക്കാള്‍ താരങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന പ്രവണതയ്ക്കും ഹരികൃഷ്ണന്‍സ് തുടക്കമിടുകയായിരുന്നു. ആര്‍ക്കും പ്രാധാന്യം കുറയുകയോ കൂടുകയോ ചെയ്യരുതെന്ന നിഷ്‌കര്‍ഷ വച്ചു പുലര്‍ത്തിയാണ് ഫാസില്‍ ഹരികൃഷ്ണന്‍സ് ഒരുക്കിയത്. ഇത് വലിയ വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളിയാണ് ചിത്രത്തിലെ നായികയെ ആരു സ്വന്തമാക്കുമെന്നതിലേക്കും ഇരട്ട ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലെ പുതിയ ആശയത്തിലേക്കും എത്തിക്കുന്നത് എഴുതിവച്ച തിരക്കഥ പ്രകാരം ചിത്രീകരിക്കുന്ന ഒരു സാധാരണ സിനിമയെ സംബന്ധിച്ച് സംഭവിക്കാനിടയില്ലാത്ത ആശയക്കുഴപ്പമാണ് ഹരികൃഷ്ണന്‍സിന്റെ ക്ലൈമാക്‌സിലും റിലീസിനു ശേഷവും ഉണ്ടായത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ ജൂഹി ചൗളയുടെ മീര എന്ന നായിക ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നതും മോഹന്‍ലാലിന്റെ കൃഷ്ണനെ മീര ജീവിതപങ്കാളിയാക്കുന്നതുമായ രണ്ട് ക്ലൈമാക്‌സുകളാണ് ചിത്രീകരിച്ചത്. ഈ ക്ലൈമാക്‌സുകള്‍ വ്യത്യസ്ത തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും സിനിമയുടെ അണിയറക്കാരിലെ ആശയക്കുഴപ്പം പ്രേക്ഷകരിലേക്ക് വ്യാപിക്കുകയും ചെയ്തു. നിയമാനുമതി ലഭിച്ച ക്ലൈമാക്‌സ് മാത്രം പിന്നീട് പ്രദര്‍ശിപ്പിച്ചാണ് പിന്നീട് വിവാദം വഴിമാറ്റിയത്.
സൂപ്പര്‍താരങ്ങളുടെ ഒരുമിക്കലെന്ന കൗതുകത്തിനും വിവാദങ്ങള്‍ക്കുമിടെ മികച്ച പ്രദര്‍ശനവിജയം നേടാന്‍ ഹരികൃഷ്ണന്‍സിനായി. ആദ്യ ആഴ്ചയിലെ കളക്ഷനില്‍ ആറാം തമ്പുരാന്‍ തൊട്ടു മുന്‍ വര്‍ഷം തീര്‍ത്ത റെക്കോര്‍ഡ് ഹരികൃഷ്ണന്‍സ് തകര്‍ത്തു. 32 പ്രിന്റുകളില്‍ റിലീസ് ചെയ്ത ഈ സിനിമ ബി, സി ക്ലാസുകളിലും മികച്ച കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ബോളിവുഡിലെ താരറാണി ജൂഹി ചൗള മലയാളത്തില്‍ അഭിനയിക്കുന്നു, അനിയത്തിപ്രാവിലൂടെ കേരളത്തില്‍ തരംഗമായ കുഞ്ചാക്കോ ബോബന്റെ സാന്നിധ്യം, ഇടവേളയ്ക്കു ശേഷം ബേബി ശ്യാമിലിയുടെ തിരിച്ചുവരവ് തുടങ്ങി ഹരികൃഷ്ണന്‍സിന്റെ ആകര്‍ഷണങ്ങള്‍ വേറെയുമുണ്ടായിരുന്നു. പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍, പൂജാബിംബം മിഴിതുറന്നു, സമയമിതപൂര്‍വ്വ സായാഹ്നം, പൊന്നേ പൊന്നമ്പിളി, മിന്നല്‍ കൈവള ചാര്‍ത്തി തുടങ്ങിയ പാട്ടുകള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.
തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും പ്രബലമായിരുന്ന ഫാന്‍സ് അസോസിയേഷന്‍ സംസ്‌കാരം കേരളത്തിലേക്ക് പടര്‍ത്തുന്നതില്‍ ഹരികൃഷ്ണന്‍സ് വഹിച്ച പങ്ക് ചെറുതല്ല. അതിനു മുമ്പും മറ്റ് സിനിമകള്‍ക്ക് ലഭിക്കാത്ത വരവേല്‍പ്പും ആരവവും സൂപ്പര്‍താര സിനിമകള്‍ നേടിയിരുന്നെങ്കിലും 'ഫാന്‍ ഫൈറ്റ്' എന്ന രീതിയിലേക്ക് അത് വളര്‍ന്നിരുന്നില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരായിരുന്നു തൊണ്ണൂറുകളില്‍ മലയാളത്തില്‍ സൂപ്പര്‍താര പദവികളില്‍ അവരോധിക്കപ്പെട്ടിരുന്നത്. ഇൗ നാല് താരങ്ങള്‍ക്കും മികച്ച ഫാന്‍ ബേസും ഉണ്ടായിരുന്നു. ഹരികൃഷണന്‍സിനൊപ്പം റിലീസ് ചെയ്ത സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ സുരേഷ് ഗോപിയും ജയറാമുമായിരുന്നു നായകന്മാര്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തലപ്പൊക്കമില്ലാത്ത ഈ സൂപ്പര്‍താരങ്ങളുടെ ചിത്രം വിവാദങ്ങളും ഫാന്‍ ഫൈറ്റുമില്ലാതെ തന്നെ വന്‍വിജയം നേടിയാണ് ശ്രദ്ധേയമായത്. എന്നാല്‍ ഹരികൃഷ്ണന്‍സിനെ തുടര്‍ന്ന് പുറത്തിറങ്ങിയ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ക്ക് ആരാധകരെ കൂടി തൃപ്തിപ്പെടുത്തി വേണം മുന്നോട്ടുപോകാന്‍ എന്ന സ്ഥിതി കൈവന്നു. 2000 ത്തിന്റെ ആദ്യ മാസത്തില്‍ ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രമായ നരസിംഹവും, ഓണക്കാലത്ത് ഷാജികൈലാസ്-മമ്മൂട്ടി ചിത്രമായ വല്ല്യേട്ടനും റിലീസ് ചെയ്തതോടെ താരാരാധന സംസ്‌കാരം കേരളത്തില്‍ പ്രബലമായി. ഫാന്‍സ് അസോസിയേഷനുകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും ഫാന്‍ ഫൈറ്റിലും ഈ രണ്ടു സിനിമകളും നിര്‍ണായകമായി.
നരസിംഹത്തിന്റെ റിലീസ് വേളയില്‍ അനുഭവപ്പെട്ട അഭൂതപൂര്‍വ്വമായ ജനത്തിരക്ക് കേരളത്തിലെ തിയേറ്റര്‍ റിലീസ് രീതി വിപുലപ്പെടുത്തുന്നതിലേക്കു കൂടി വഴിവച്ചു. ഈ സിനിമയോടെ മോഹന്‍ലാലിന്റെ താരപരിവേഷം കൂടുതല്‍ വളരുകയും അമാനുഷിക നായക സങ്കല്‍പ്പത്തിലേക്കും സൃഷ്ടികളിലേക്കും മലയാള സിനിമ മാറുകയും ചെയ്തു. ഇത് താരാരാധകരെക്കൂടി തൃപ്തിപ്പെടുത്തുന്നതായിരുന്നു. നരസിംഹത്തിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മോഹന്‍ലാലിന് വേണ്ടി എഴുതപ്പെട്ടതും അദ്ദേഹം അഭിനയിച്ചതുമായ ഭൂരിഭാഗം സിനിമകളും അമാനുഷിക നായക ബിംബങ്ങളെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. ഇതിന് ബദലെന്നോളം മമ്മൂട്ടിയും വീരാരാധന കഥാപാത്രങ്ങളുടെ പിറകേ പോയി. ഫലത്തില്‍ ഇരുവരുടെയും അഭിനയപ്രതിഭയെ ചൂഷണം ചെയ്യുന്ന സിനിമകള്‍ ഈ കാലയളവില്‍ കുറയുകയും ചെയ്തു. അതിമാനുഷ നായകനല്ലാത്ത പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ മടിച്ചതോടു കൂടി ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ദേവദൂതന്‍ ഉള്‍പ്പെടെ പല മികച്ച സിനിമകളും തിയേറ്ററില്‍ പരാജയപ്പെടുന്നതും കണ്ടു. ഇത്തരം സിനിമകളുടെ പരാജയം വീണ്ടും അമാനുഷിക വേഷങ്ങള്‍ ചെയ്യാന്‍ നായക നടന്മാരെ നിര്‍ബന്ധിതരാക്കി.
ഹരികൃഷ്ണന്‍സില്‍ തുടങ്ങി ഒന്നര പതിറ്റാണ്ടോളം രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തില്‍ സജീവമായിരുന്നു. താരങ്ങളുടെ പ്രധാന സിനിമകളുടെ റിലീസ് വേളയില്‍ തിയേറ്റര്‍ പരിസരം ഫ്‌ളക്‌സുകളും തോരണവും കൊണ്ട് അലങ്കരിക്കുന്നതു മുതല്‍ ബാന്റ് മേളവും പാലഭിഷേകവും വരെ കേരളം ഇക്കാലയളവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടമെടുത്തു. കഴിഞ്ഞ പതിറ്റാണ്ടില്‍ സിനിമ കുറേക്കൂടി റിയലിസ്റ്റിക്ക് പാതയിലേക്ക് മാറുകയും വീരാരാധന കുറയുകയും യുവതാരങ്ങള്‍ നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് ഇത്തരം പ്രവണതകള്‍ക്ക് തെല്ല് ആക്കം കുറഞ്ഞത്.
മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഒക്ടോബര്‍ 1, ഷോ റീല്‍-46
No comments:
Post a Comment