Thursday, 18 December 2025

പ്രേക്ഷക പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള


കാണികളുടെ സജീവമായ പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്കെ ആറാം നാളിലേക്ക് എത്തിയപ്പോള്‍ ലോക സിനിമാ കാഴ്ചകള്‍ വിസ്മയം തീര്‍ക്കുകയും സിനിമ മാത്രം മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെയുമാണ് സിനിമാപ്രേമികള്‍ കടന്നുപോകുന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ നിരവധി സിനിമകളാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചത്.

ഡിസംബര്‍ 12 ന് ആരംഭിച്ച എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. 26 വിവിധ വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 സിനിമകളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 13000-ത്തിലേറെ ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്കെ-2025 ന്റെ ഭാഗമാകുന്നത്.


കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിലി സംവിധായകന്‍ പാബ്ലോ ലാറോ, പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകന്‍ ഷാജി എന്‍ കരുണിനെക്കുറിച്ചുള്ള പുസ്തകമായ 'കരുണയുടെ ക്യാമറ' മന്ത്രി പ്രകാശനം ചെയ്തു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ രാജീവ് നാഥിനെ ചടങ്ങില്‍ ആദരിച്ചു. ആന്‍ മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന്‍ 36' ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം.


അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഫുള്‍ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓണ്‍ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോര്‍ ദി ബോഡി, ഖിഡ്കി ഗാവ്, ദി സെറ്റില്‍മെന്റ്, തന്തപ്പേര്, ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് ചിത്രം നിനോ, തുര്‍ക്കി സംവിധായകന്‍ എര്‍ക്കാന്‍ യാസുജിയുടെ ഫ്രാഗ്മെന്റ്‌സ് ഫ്രം ദി ഈസ്റ്റ്, ബുഗോണിയ തുടങ്ങിയ സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടി. ലോക സിനിമ വിഭാഗത്തില്‍ പപ്പ ബൂക, ഫ്രാന്‍സ്, ആല്‍ഫ, സോങ്ങ്സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്, ലെറ്റര്‍ ടു ആന്‍ എയ്ഞ്ചല്‍ എന്നിവയും അഭിനന്ദനം നേടി. 2025 കാനില്‍ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ, വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കെല്ലി റെയ്ച്ചര്‍ട്ടിന്റെ ദി മാസ്റ്റര്‍മൈന്‍ഡ്, ലിയെന്‍ റാംസെയുടെ ഡൈ മൈ ലൗ തുടങ്ങിയ സിനിമകളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സെന്റിമെന്റല്‍ വാല്യൂ, ദി പ്രസിഡന്റ്‌സ് കേക്ക് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകപ്രശംസ നേടി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ അബ്ദുറഹ്മാന്‍ സിസാക്കോയുടെ ടിംബക്തു എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമ ജസീരിയ, യെന്‍ ആന്‍ഡ് എയ്-ലീ, ദി സെറ്റില്‍മെന്റ്, ലൈഫ് ഓഫ് എ ഫാലസ്, കിസ്സിംഗ് ബഗ്, ഷാഡോ ബോക്‌സ്, മലയാള ചിത്രങ്ങളായ മോഹം, പെണ്ണും പൊറാട്ടും, ചാവുകല്യാണം, കാത്തിരിപ്പ്, ഒരു അപസര്‍പ്പക കഥ, എബ്ബ്  തുടങ്ങിയവയും പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധേയമായി.


വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കെയ്‌റോ സ്റ്റേഷന്‍, അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍, ദ അദര്‍ എന്നീ ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളിയായ സയ്യിദ് മിര്‍സയുടെ നസീം, സലീം ലാംഗ്‌ഡേ പേ മത് രോ, 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്നീ ചിത്രങ്ങളും റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാണികള്‍ക്കു മുന്നിലെത്തി.

ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബേഡ് മാന്‍ ടെയ്ല്‍, എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, സംസാര, വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്, ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.


ഹോമേജ് വിഭാഗത്തില്‍  എം ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം, ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ എയിറ്റ് ആന്‍ഡ് ഹാഫ്, സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ ഈഗ്ള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്, ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ ഒന്നായ ജിറി മെന്‍സലിന്റെ ക്ലോസ്ലി വാച്ചഡ് ട്രെയിന്‍സ്, പാര്‍ക്ക് ചാന്‍ വുകിന്റെ നോ അദര്‍ ചോയ്സ് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.

ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ മൗറിത്താനിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്മാന്‍ സിസ്സാക്കോ 'ജി. അരവിന്ദന്‍ സ്മാരക പ്രഭാഷണം' നടത്തി. സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ ലൈഫ് ഓണ്‍ എര്‍ത്ത്, ബ്ലാക്ക് ടീ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചാര്‍ലി ചാപ്ലിന്റെ ദി ഗോള്‍ഡ് റഷ് റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചത് മികച്ച അനുഭവമായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്കെയില്‍ സുവര്‍ണചകോരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചല്‍ ഫാള്‍, അലി സോവ: പ്രിന്‍സ് ഓഫ് ദി സ്ട്രീറ്റ്‌സ് എന്നിവയും മേളയില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തി. ഇന്തോനേഷ്യന്‍ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിന്‍ ആന്‍ഡ് ഇല്ലിയിന്‍' മിഡ്നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചു.


അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പില്‍ പുരസ്‌കാരങ്ങള്‍ നേടിയ നാല് ചിത്രങ്ങള്‍ 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ക്കു മുന്നിലെത്തി.

രണ്ടാം ദിവസം വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, ലോക സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളുമാണ് മൂന്നാം ദിനം പ്രദര്‍ശനത്തിനെത്തിയത്. നാലാം ദിനം 74 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി.  ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളില്‍ 72 ചിത്രങ്ങളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്.

ചലച്ചിത്രമേളയോടനുബന്ധിച്ച്  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിനും തുടക്കമായി. മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകള്‍ക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകള്‍ തുറന്നുനല്‍കുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാന്‍ഷ്യല്‍ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാര്‍ക്കറ്റിന്റെ ലക്ഷ്യങ്ങള്‍.


ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം, സിനിമാപ്രവര്‍ത്തകരും വിമര്‍ശകരും  പ്രേക്ഷകരും തമ്മില്‍ വിമര്‍ശനാത്മക സംവാദത്തിനും  ആശയവിനിമയത്തിനും വേദിയൊരുക്കി. 'സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'നിര്‍മിതി ബുദ്ധി സമകാലിക നിരൂപണത്തെ എങ്ങനെ സ്വാധീനിക്കുന്നു' എന്ന വിഷയത്തിലും ചര്‍ച്ച നടന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ഐ.എഫ്.എഫ്.കെ. എക്സ്പീരിയന്‍സിയ, വിഖ്യാത ചലച്ചിത്രക്കാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനം എന്നിവ ടാഗോര്‍ തിയേറ്റര്‍ കാമ്പസിലാണ് നടക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ  ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളില്‍ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ഋത്വിക് ഘട്ടക്കിന്റെ അഞ്ച് വിഖ്യാത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത ചിലിയന്‍ ചലച്ചിത്രകാരന്‍ പാബ്ലോ ലറൈന്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസ് സെഷന്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് നഗരത്തിലെ മാനവീയം വീഥി വേദിയായി.

മേളയുടെ സമാപന സമ്മേളനവും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 17

Thursday, 4 December 2025

ലോക സിനിമയുടെയും സര്‍ഗാത്മക വിനിമയത്തിന്റെയും വേദിയായി 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള/ ഐഎഫ്എഫ്‌ഐ -2025 അവലോകനം


ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും നവപ്രതിഭകളെയും അടയാളപ്പെടുത്തി 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ കൊടിയിറങ്ങി. 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ മികച്ച ചലച്ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ത്താണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവത്തിന് സമാപനമായത്.

    പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് നവംബര്‍ 20 മുതല്‍ 28 വരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ പ്രമേയങ്ങളും കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും അറിയാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ചലച്ചിത്ര പ്രേമികളാണ് ഗോവയിലെത്തിയത്.


ആഷ്‌ളെയ് മെയ്‌ഫെയര്‍ സംവിധാനം ചെയ്ത വിയറ്റ്‌നാമീസ് ചിത്രം സ്‌കിന്‍ ഓഫ് യൂത്ത് മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടി.  40 ലക്ഷം രൂപയാണ് സമ്മാനത്തുക. 'എ പൊയറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മര്‍ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താന്‍ മികച്ച നടിയായി. ഗൊന്ധല്‍ എന്ന ചിത്രത്തിലൂടെ സന്തോഷ് ധവാകര്‍ മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സൂക്ഷ്മമായ ആഖ്യാനം, മികച്ച എഡിറ്റിംഗ്, ഊഷ്മളമായ സംഗീതം, എന്നിവയുടെ സംഗമമാണ് സുവര്‍ണമയൂരത്തിന് അര്‍ഹമായ സ്‌കിന്‍ ഓഫ് യൂത്ത് എന്ന ചിത്രമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ധീരവും അതിശയകരവുനായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വിളംബരമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജൂറി വ്യക്തമാക്കി.


അകിനോല ഡേവീസ് ജൂനിയര്‍ സംവിധാനം ചെയ്ത 'മൈ ഫാദേഴ്‌സ് ഷാഡോ' പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം 'ഫ്രാങ്ക്' എന്ന ചിത്രലൂടെ ടോണിസ് പില്‍, മൈ ഡോട്ടേഴ്‌സ് ഹെയര്‍ എന്ന ചിത്രത്തിലൂടെ ഹെസം ഫറഹ്മത്ത് എന്നിവര്‍ പങ്കുവെച്ചു.

കേസരി ചാപ്റ്റര്‍ -2 വിലൂടെ കരണ്‍ സിങ് ത്യാഗി മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം എറിക് സ്വന്‍സണ്‍ സംവിധാനം ചെയ്ത 'സേഫ് ഹൗസ് എന്ന ചിത്രത്തിന് ലഭിച്ചു. ബാന്റിഷ് ബന്റിട്‌സ് ആണ് മികച്ച വെബ് സീരീസ്. 

സമാപന സമ്മേളനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍പേഴ്‌സണ്‍ രാകേഷ് ഓംപ്രകാശ്, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, നടന്‍മാരായ രണ്‍വീര്‍ സിങ്, നവാസുദ്ദീന്‍ സിദ്ദിഖി, റിഷഭ് ഷെട്ടി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിച്ചു.


പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊന്ധല്‍ എന്നിവ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളായിരുന്നു.

ചലച്ചിത്ര മേളയില്‍ അഞ്ചുദിവസത്തെ സിനിമാ ചര്‍ച്ചകള്‍ക്കും ആഗോള സഹകരണങ്ങള്‍ക്കും വഴിയൊരുക്കിയ വേവ്‌സ് ഫിലിം ബസാറില്‍ നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ്, സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ്, മാര്‍ക്കറ്റ് സ്‌ക്രീനിംഗുകള്‍ എന്നിവയിലായി പതിനഞ്ചിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആകെ 320 പ്രോജക്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. 1050 കോടി രൂപയിലധികം രൂപയുടെ ബിസിനസ് ചര്‍ച്ചകളും കൂടിയാലോചനകളും നടന്ന പരിപാടിയുടെ ഭാഗമായി 100 കോടി രൂപയുടെ ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഫിലിം ബസാറിലെ സിനിമകളില്‍ 10,000 ഡോളറിന്റെ കോ-പ്രൊഡക്ഷന്റ് ഗ്രാന്റോടെ കാക്തേത് ഒന്നാം സ്ഥാനം നേടി. ഉള്‍ട്ട, സിംഹസ്ഥ കുംഭ് എന്നീ ചിത്രങ്ങള്‍ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.


എന്‍എഫ്ഡിസി, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുമായി ചേര്‍ന്ന് ഐഎഫ്എഫ്‌ഐ ആദ്യമായി സംഘടിപ്പിച്ച സിനിമാ എഐ ഹാക്കത്തണില്‍ 18-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളുണ്ടായിരുന്നു. മികച്ച എഐ അനിമേഷനുള്ള പുരസ്‌കാരം കയ്‌റ സ്വന്തമാക്കി. ഏറ്റവും നൂതനമായ എഐ സിനിമയായി 'ദ സിനിമ ദാറ്റ് നെവര്‍ വാസ്, മികച്ച എഐ ഷോര്‍ട്ട് ആയി നാഗോരി എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. വടക്കന്‍ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബീയിങ് എന്ന ചിത്രവും എഐ ഹാക്കത്തണില്‍ പുരസ്‌കാരം നേടി.

നവംബര്‍ 20 ന് വര്‍ണാഭമായ ചടങ്ങുകളോടെയാണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായത്. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയായി. 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിച്ചത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെട്ടു. ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്.

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.


സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളാണ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഓഫ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആയിരുന്നു മേളയിലെ സമാപന ചിത്രം.

അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. 


എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ സംഭാവനകളെ മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു. 

ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടന്നു. മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിച്ചു.

ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിച്ചത്. സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും അര്‍ത്ഥവത്തായ വേദിയായി മാറിക്കൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 56-ാം പതിപ്പിന് സമാപനമായത്. ചലച്ചിത്ര-സര്‍ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ മറികടക്കാന്‍ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായിട്ടുണ്ട്.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 1

Monday, 1 December 2025

56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ പ്രൗഢോജ്ജ്വല തുടക്കം


വര്‍ണാഭമായ ചടങ്ങുകളോടെ 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായി. ഇനി ഒരാഴ്ചക്കാലം സമകാലിക ലോക സിനിമകള്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചയുടെയും ചര്‍ച്ചകളുടെയും ഇടമായി പനാജി മാറും. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയാകും.

ഇന്നലെ വൈകിട്ട് എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു. 

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ചലച്ചിത്ര അഭിനേതാക്കളായ അനുപം ഖേര്‍, നന്ദമുരി ബാലകൃഷ്ണ, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ഈ മാസം 28 വരെ നീളുന്ന മേളയില്‍ 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിക്കുന്നത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെടുന്നു. 50-ല്‍ അധികം സിനിമകള്‍ വനിതാ സംവിധായകരുടേതാണ്. കൂടാതെ, 21 ഓസ്‌കര്‍ എന്‍ട്രികളും 50-ല്‍ അധികം പുതുമുഖ സംവിധായകരുടെ സൃഷ്ടികളും ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തും.

ഐഎഫ്എഫ്‌ഐ ഓരോ പതിപ്പിലും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റ് പോലുള്ള സംരംഭങ്ങള്‍ രാജ്യത്തുടനീളം വളര്‍ന്നുവരുന്ന സര്‍ഗാത്മക പ്രതിഭകളെ ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും ഐഎഫ്എഫ്‌ഐ അര്‍ത്ഥവത്തായ വേദിയായി മാറിയിരിക്കുന്നുവെന്ന് ഗവര്‍ണര്‍ അശോക് ഗജപതി രാജു പറഞ്ഞു. ഗോവ ചലച്ചിത്ര മേളയുടെ ആഗോള നിലവാരത്തെ പ്രശംസിച്ച അദ്ദേഹം ചലച്ചിത്ര-സര്‍ഗ്ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ ഐഎഫ്എഫ്‌ഐ മറികടന്നിട്ടുണ്ടെന്നും വ്യക്തമാക്കി.


ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗ്ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചൂണ്ടിക്കാട്ടി. ചലച്ചിത്ര മേള ഇന്ത്യന്‍ പ്രതിഭകളെ ആഗോള സാധ്യതകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഗോവയെ ഇന്ത്യയുടെ സൃഷ്ടിപരമായ തലസ്ഥാനമാക്കുക എന്നതാണ് സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ മഹത്തായ സംഭാവനകളും തെലുങ്ക് സിനിമയെ സമ്പന്നമാക്കിയതും മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.

ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളാണ് ഉദ്ഘാടന പരേഡിന് നേതൃത്വം നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തകരെ പരിപോഷിപ്പിക്കുകയും രാജ്യത്തുടനീളം ചലച്ചിത്രമേഖലയില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ 50 വര്‍ഷങ്ങള്‍ ആവിഷ്‌ക്കരിച്ച നിശ്ചലദൃശ്യം പരേഡിന് ചരിത്രപരമായ മാനം നല്‍കി. നൂറിലധികം കലാകാരന്മാരെ അണിനിരത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി സ്വരലയാവിഷ്‌ക്കാരം 'ഭാരത് ഏക് സൂര്‍' പരേഡിലെ സവിശേഷതയായിരുന്നു.

ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' ആണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.


ചലച്ചിത്ര മേളയുടെ ഭാഗമായ വേവ്‌സ് ഫിലിം ബസാര്‍ കേന്ദ്രസഹമന്ത്രി എല്‍. മുരുഗന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ലോകത്തിലെ ആദ്യത്തെ ഇ-മാര്‍ക്കറ്റ്‌പ്ലേസാണ് വേവ്‌സ് ഫിലിം ബസാര്‍. സ്‌ക്രീന്റൈറ്റേഴ്സ് ലാബ്, വിപണി പ്രദര്‍ശനങ്ങള്‍, വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലായി 300 ലധികം ഫിലിം പ്രോജക്ടുകള്‍, സഹനിര്‍മ്മാണ വിപണി വിഭാഗത്തില്‍ 22 ഫീച്ചര്‍ ഫിലിമുകള്‍, 5 ഡോക്യുമെന്ററികള്‍ എന്നിവ ഫിലിം ബസാറിന്റെ ഭാഗമാണ്. ആകെ 20,000 യുഎസ് ഡോളറിന്റെ ധനസഹായമാണ് ഫിലിം ബസാര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ മാസം 24 വരെ ഇത് പ്രവര്‍ത്തിക്കും. 

7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 

കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളാണ്.


അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുന്നു.

നടനും സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊണ്ടാല്‍ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകള്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

അമരന്‍ ആണ് പനോരമയിലെ ഉദ്ഘാടനചിത്രം. ഹിന്ദി ചിത്രമായ കകോരി ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. 


മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

ജപ്പാനാണ് ഇത്തവണത്തെ കണ്‍ട്രി ഓഫ് ഫോക്കസ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആണ് മേളയിലെ സമാപന ചിത്രം. സമാപന ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിക്കും.

ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിക്കും. 

മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കും. അമീര്‍ ഖാന്‍, മുസാഫര്‍ അലി, വിധു വിനോദ് ചോപ്ര, സുഹാസിനി, ഖുഷ്ബു, വിശാല്‍ ഭരദ്വാജ്, ശേഖര്‍ കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.

ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് സിനിമയുമായി ബന്ധപ്പെട്ട എഐ ഹാക്കത്തോണ്‍. എഡിറ്റിംഗ്, സൗണ്ട്, ഫിലിം പൈറസി മേഖലകളിലെ എഐ സ്വാധീനത്തെക്കുറിച്ച് ഇതില്‍ ചര്‍ച്ച ചെയ്യും. ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കും.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 നവംബര്‍ 21