ലോകസിനിമയിലെ ഏറ്റവും പുതിയ കാഴ്ചകളെയും നവപ്രതിഭകളെയും അടയാളപ്പെടുത്തി 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ കൊടിയിറങ്ങി. 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ മികച്ച ചലച്ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ത്താണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവത്തിന് സമാപനമായത്.
പുതുമകളും പരീക്ഷണങ്ങളും കൊണ്ട് മികവു പുലര്‍ത്തിയ ഒട്ടേറെ സിനിമകളാണ് നവംബര്‍ 20 മുതല്‍ 28 വരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ പ്രമേയങ്ങളും കാഴ്ചപ്പാടുകളും ആഖ്യാന ശൈലിയും അറിയാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ചലച്ചിത്ര പ്രേമികളാണ് ഗോവയിലെത്തിയത്.
ആഷ്‌ളെയ് മെയ്‌ഫെയര്‍ സംവിധാനം ചെയ്ത വിയറ്റ്‌നാമീസ് ചിത്രം സ്‌കിന്‍ ഓഫ് യൂത്ത് മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടി. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. 'എ പൊയറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉബെയ്മര്‍ റിയോസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ലിറ്റില്‍ ട്രബിള്‍ ഗേള്‍സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജറ സോഫിജ ഒസ്താന്‍ മികച്ച നടിയായി. ഗൊന്ധല്‍ എന്ന ചിത്രത്തിലൂടെ സന്തോഷ് ധവാകര്‍ മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
സൂക്ഷ്മമായ ആഖ്യാനം, മികച്ച എഡിറ്റിംഗ്, ഊഷ്മളമായ സംഗീതം, എന്നിവയുടെ സംഗമമാണ് സുവര്‍ണമയൂരത്തിന് അര്‍ഹമായ സ്‌കിന്‍ ഓഫ് യൂത്ത് എന്ന ചിത്രമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ധീരവും അതിശയകരവുനായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വിളംബരമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജൂറി വ്യക്തമാക്കി.
അകിനോല ഡേവീസ് ജൂനിയര്‍ സംവിധാനം ചെയ്ത 'മൈ ഫാദേഴ്‌സ് ഷാഡോ' പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം 'ഫ്രാങ്ക്' എന്ന ചിത്രലൂടെ ടോണിസ് പില്‍, മൈ ഡോട്ടേഴ്‌സ് ഹെയര്‍ എന്ന ചിത്രത്തിലൂടെ ഹെസം ഫറഹ്മത്ത് എന്നിവര്‍ പങ്കുവെച്ചു.
കേസരി ചാപ്റ്റര്‍ -2 വിലൂടെ കരണ്‍ സിങ് ത്യാഗി മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം എറിക് സ്വന്‍സണ്‍ സംവിധാനം ചെയ്ത 'സേഫ് ഹൗസ് എന്ന ചിത്രത്തിന് ലഭിച്ചു. ബാന്റിഷ് ബന്റിട്‌സ് ആണ് മികച്ച വെബ് സീരീസ്.
സമാപന സമ്മേളനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍പേഴ്‌സണ്‍ രാകേഷ് ഓംപ്രകാശ്, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, നടന്‍മാരായ രണ്‍വീര്‍ സിങ്, നവാസുദ്ദീന്‍ സിദ്ദിഖി, റിഷഭ് ഷെട്ടി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചലച്ചിത്ര ജീവിതത്തിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിച്ചു.
പതിനഞ്ച് ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. താമര്‍ കെ.വി സംവിധാനം ചെയ്ത മലയാള ചിത്രം സര്‍ക്കീട്ട്, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രം അമരന്‍, സന്തോഷ് ധവാകര്‍ സംവിധാനം ചെയ്ത മറാഠി ചിത്രം ഗൊന്ധല്‍ എന്നിവ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളായിരുന്നു.
ചലച്ചിത്ര മേളയില്‍ അഞ്ചുദിവസത്തെ സിനിമാ ചര്‍ച്ചകള്‍ക്കും ആഗോള സഹകരണങ്ങള്‍ക്കും വഴിയൊരുക്കിയ വേവ്‌സ് ഫിലിം ബസാറില്‍ നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വ്യൂവിംഗ് റൂം, കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ്, സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ്, മാര്‍ക്കറ്റ് സ്‌ക്രീനിംഗുകള്‍ എന്നിവയിലായി പതിനഞ്ചിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആകെ 320 പ്രോജക്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. 1050 കോടി രൂപയിലധികം രൂപയുടെ ബിസിനസ് ചര്‍ച്ചകളും കൂടിയാലോചനകളും നടന്ന പരിപാടിയുടെ ഭാഗമായി 100 കോടി രൂപയുടെ ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഫിലിം ബസാറിലെ സിനിമകളില്‍ 10,000 ഡോളറിന്റെ കോ-പ്രൊഡക്ഷന്റ് ഗ്രാന്റോടെ കാക്തേത് ഒന്നാം സ്ഥാനം നേടി. ഉള്‍ട്ട, സിംഹസ്ഥ കുംഭ് എന്നീ ചിത്രങ്ങള്‍ രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.
എന്‍എഫ്ഡിസി, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുമായി ചേര്‍ന്ന് ഐഎഫ്എഫ്‌ഐ ആദ്യമായി സംഘടിപ്പിച്ച സിനിമാ എഐ ഹാക്കത്തണില്‍ 18-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളുണ്ടായിരുന്നു. മികച്ച എഐ അനിമേഷനുള്ള പുരസ്‌കാരം കയ്‌റ സ്വന്തമാക്കി. ഏറ്റവും നൂതനമായ എഐ സിനിമയായി 'ദ സിനിമ ദാറ്റ് നെവര്‍ വാസ്, മികച്ച എഐ ഷോര്‍ട്ട് ആയി നാഗോരി എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. വടക്കന്‍ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബീയിങ് എന്ന ചിത്രവും എഐ ഹാക്കത്തണില്‍ പുരസ്‌കാരം നേടി.
നവംബര്‍ 20 ന് വര്‍ണാഭമായ ചടങ്ങുകളോടെയാണ് 56-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കമായത്. ലോകത്തെ ശ്രദ്ധേയ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ സ്‌ക്രീനിംഗിനും നിരവധി സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും ഐഎഫ്എഫ്‌ഐ വേദിയായി. 84 രാജ്യങ്ങളില്‍നിന്നുള്ള 270-ല്‍ അധികം ചിത്രങ്ങളാണ് മേളയില്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശപ്പിച്ചത്. ഇതില്‍ 26 ലോക പ്രീമിയറുകളും, 48 ഏഷ്യന്‍ പ്രീമിയറുകളും, ഇന്ത്യയില്‍ നിന്നുള്ള 99 പ്രീമിയറുകളും ഉള്‍പ്പെട്ടു. ഗബ്രിയേല്‍ മസ്‌കാരോയുടെ ബ്രസീലിയന്‍ സിനിമ 'ദ ബ്ലൂ ട്രെയില്‍' മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. പനാജിയിലെ ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 7500 ഓളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുത്തത്.
കാന്‍ പാം ഡി ഓര്‍ നേടിയ ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്', വെനീസ് ഗോള്‍ഡന്‍ ലയണ്‍ നേടിയ ജിം ജാര്‍മുഷിന്റെ 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍', ബെര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഡ്രീംസ്, ബുസാന്‍ ഫെസ്റ്റിവെല്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗ്ലോമിങ് ഇന്‍ ലുവോമു എന്നീ സിനിമകള്‍ ഫെസ്റ്റിവെലിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.
സര്‍ക്കീട്ട്, തുടരും, അജയന്റെ രണ്ടാം മോഷണം എന്നിവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളാണ്. ജപ്പാനില്‍ നിന്നുള്ള ആറ് ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഓഫ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ജാപ്പനീസ് ചിത്രം എ യൂസ്ഫുള്‍ ഗോസ്റ്റ് ആയിരുന്നു മേളയിലെ സമാപന ചിത്രം.
അന്താരാഷ്ട്ര മത്സര വിഭാഗം, മികച്ച നവാഗത സംവിധായകന്റെ ചലച്ചിത്രം, ഐസിഎഫ്ടി-യുനെസ്‌കോ ഗാന്ധി മെഡല്‍, മകാബ്രെ ഡ്രീംസ്, ഡോക്യു-മൊണ്‍ടാഷ്, പരീക്ഷണാത്മക ചലച്ചിത്രങ്ങള്‍, യുനിസെഫ്, റീസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 15 മത്സരാധിഷ്ഠിതവും ക്യൂറേറ്റഡ് വിഭാഗങ്ങളും ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ഗുരുദത്ത്, രാജ് ഖോസ്ല, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപെന്‍ ഹസാരിക, സലില്‍ ചൗധരി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ശതാബ്ദി വാര്‍ഷികത്തില്‍, ഐഎഫ്എഫ്‌ഐ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സലില്‍ ചൗധരിയുടെ മുസാഫിറും ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖയും മേളയില്‍ പ്രദര്‍ശിപ്പിച്ചു.
എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ഓഫീസില്‍നിന്ന് കലാ അക്കാദമിയിലേക്ക് സംഘടിപ്പിച്ച പരേഡോടു കൂടിയാണ് മേളയ്ക്ക് കൊടിയേറിയത്. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം, പ്രൊഡക്ഷന്‍ ഹൗസുകള്‍, പ്രാദേശിക സംസ്‌കാരങ്ങളുടെ വൈവിധ്യം എന്നിവയെ ആഘോഷിച്ച ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരന്നു.
ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് യെശോ നായിക്, ഗോവ ഗവര്‍ണര്‍ അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ 50 വര്‍ഷത്തെ സംഭാവനകളെ മുന്‍നിര്‍ത്തി നടന്‍ നന്ദമുരി ബാലകൃഷ്ണയെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു.
ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ, ദി നോളജ് സീരീസ്, സാംസ്‌കാരിക പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക പരിപാടികള്‍ എന്നിവയും ചലച്ചിത്ര മേളയുടെ ഭാഗമായി നടന്നു. മാസ്റ്റര്‍ക്ലാസ് ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിച്ചു.
ആഗോള തലത്തിലെ സൃഷ്ടിപരമായ വിപ്ലവത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന 'സര്‍ഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം' എന്ന പ്രമേയമാണ് ഐഎഫ്എഫ്‌ഐ 2025 ആഘോഷിച്ചത്. സര്‍ഗാത്മക വിനിമയത്തിനും പുതിയ സഹകരണങ്ങള്‍ക്കും, ചലച്ചിത്ര മികവിന്റെ ആഘോഷത്തിനും അര്‍ത്ഥവത്തായ വേദിയായി മാറിക്കൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 56-ാം പതിപ്പിന് സമാപനമായത്. ചലച്ചിത്ര-സര്‍ഗാത്മക വ്യവസായങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലൂടെ പരമ്പരാഗത ചലച്ചിത്രമേളയുടെ അതിരുകള്‍ മറികടക്കാന്‍ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായിട്ടുണ്ട്.
ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 1







No comments:
Post a Comment