കാണികളുടെ സജീവമായ പങ്കാളിത്തവും സിനിമകളുടെ മികവും കൊണ്ട് ശ്രദ്ധേയമായി 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള. ഐഎഫ്എഫ്കെ ആറാം നാളിലേക്ക് എത്തിയപ്പോള്‍ ലോക സിനിമാ കാഴ്ചകള്‍ വിസ്മയം തീര്‍ക്കുകയും സിനിമ മാത്രം മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെയുമാണ് സിനിമാപ്രേമികള്‍ കടന്നുപോകുന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ നിരവധി സിനിമകളാണ് കാഴ്ചക്കാരെ ആകര്‍ഷിച്ചത്.
ഡിസംബര്‍ 12 ന് ആരംഭിച്ച എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. 26 വിവിധ വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 സിനിമകളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 13000-ത്തിലേറെ ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്കെ-2025 ന്റെ ഭാഗമാകുന്നത്.
കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിലി സംവിധായകന്‍ പാബ്ലോ ലാറോ, പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംവിധായകന്‍ ഷാജി എന്‍ കരുണിനെക്കുറിച്ചുള്ള പുസ്തകമായ 'കരുണയുടെ ക്യാമറ' മന്ത്രി പ്രകാശനം ചെയ്തു. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ രാജീവ് നാഥിനെ ചടങ്ങില്‍ ആദരിച്ചു. ആന്‍ മേരി ജാസിര്‍ സംവിധാനം ചെയ്ത 'പലസ്തീന്‍ 36' ആയിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഫുള്‍ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓണ്‍ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോര്‍ ദി ബോഡി, ഖിഡ്കി ഗാവ്, ദി സെറ്റില്‍മെന്റ്, തന്തപ്പേര്, ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് ചിത്രം നിനോ, തുര്‍ക്കി സംവിധായകന്‍ എര്‍ക്കാന്‍ യാസുജിയുടെ ഫ്രാഗ്മെന്റ്‌സ് ഫ്രം ദി ഈസ്റ്റ്, ബുഗോണിയ തുടങ്ങിയ സിനിമകള്‍ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടി. ലോക സിനിമ വിഭാഗത്തില്‍ പപ്പ ബൂക, ഫ്രാന്‍സ്, ആല്‍ഫ, സോങ്ങ്സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്, ലെറ്റര്‍ ടു ആന്‍ എയ്ഞ്ചല്‍ എന്നിവയും അഭിനന്ദനം നേടി. 2025 കാനില്‍ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ, വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കെല്ലി റെയ്ച്ചര്‍ട്ടിന്റെ ദി മാസ്റ്റര്‍മൈന്‍ഡ്, ലിയെന്‍ റാംസെയുടെ ഡൈ മൈ ലൗ തുടങ്ങിയ സിനിമകളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സെന്റിമെന്റല്‍ വാല്യൂ, ദി പ്രസിഡന്റ്‌സ് കേക്ക് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകപ്രശംസ നേടി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവായ അബ്ദുറഹ്മാന്‍ സിസാക്കോയുടെ ടിംബക്തു എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിച്ചു. സിനിമ ജസീരിയ, യെന്‍ ആന്‍ഡ് എയ്-ലീ, ദി സെറ്റില്‍മെന്റ്, ലൈഫ് ഓഫ് എ ഫാലസ്, കിസ്സിംഗ് ബഗ്, ഷാഡോ ബോക്‌സ്, മലയാള ചിത്രങ്ങളായ മോഹം, പെണ്ണും പൊറാട്ടും, ചാവുകല്യാണം, കാത്തിരിപ്പ്, ഒരു അപസര്‍പ്പക കഥ, എബ്ബ് തുടങ്ങിയവയും പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധേയമായി.
വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കെയ്‌റോ സ്റ്റേഷന്‍, അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍, ദ അദര്‍ എന്നീ ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളിയായ സയ്യിദ് മിര്‍സയുടെ നസീം, സലീം ലാംഗ്‌ഡേ പേ മത് രോ, 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്നീ ചിത്രങ്ങളും റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കാണികള്‍ക്കു മുന്നിലെത്തി.
ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇന്തോനേഷ്യന്‍ സംവിധായകന്‍ ഗരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബേഡ് മാന്‍ ടെയ്ല്‍, എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, സംസാര, വിസ്‌പേഴ്‌സ് ഇന്‍ ദ ഡബ്ബാസ്, ലെറ്റര്‍ റ്റു ആന്‍ ഏയ്ഞ്ചല്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ഹോമേജ് വിഭാഗത്തില്‍ എം ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം, ഇറ്റാലിയന്‍ സംവിധായകന്‍ ഫെഡറികോ ഫെല്ലിനിയുടെ എയിറ്റ് ആന്‍ഡ് ഹാഫ്, സ്വീഡിഷ് സംവിധായകന്‍ താരിഖ് സാലേഖിന്റെ ഈഗ്ള്‍സ് ഓഫ് ദി റിപ്പബ്ലിക്ക്, ചെക്കോസ്ലോവാക്യന്‍ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളില്‍ ഒന്നായ ജിറി മെന്‍സലിന്റെ ക്ലോസ്ലി വാച്ചഡ് ട്രെയിന്‍സ്, പാര്‍ക്ക് ചാന്‍ വുകിന്റെ നോ അദര്‍ ചോയ്സ് എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.
ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ മൗറിത്താനിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്മാന്‍ സിസ്സാക്കോ 'ജി. അരവിന്ദന്‍ സ്മാരക പ്രഭാഷണം' നടത്തി. സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രങ്ങളായ ലൈഫ് ഓണ്‍ എര്‍ത്ത്, ബ്ലാക്ക് ടീ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചാര്‍ലി ചാപ്ലിന്റെ ദി ഗോള്‍ഡ് റഷ് റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചത് മികച്ച അനുഭവമായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്കെയില്‍ സുവര്‍ണചകോരം നേടിയ അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം അബൗട്ട് എല്ലി, സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത എയ്ഞ്ചല്‍ ഫാള്‍, അലി സോവ: പ്രിന്‍സ് ഓഫ് ദി സ്ട്രീറ്റ്‌സ് എന്നിവയും മേളയില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തി. ഇന്തോനേഷ്യന്‍ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിന്‍ ആന്‍ഡ് ഇല്ലിയിന്‍' മിഡ്നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചു.
അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പില്‍ പുരസ്‌കാരങ്ങള്‍ നേടിയ നാല് ചിത്രങ്ങള്‍ 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകര്‍ക്കു മുന്നിലെത്തി.
രണ്ടാം ദിവസം വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, ലോക സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളുമാണ് മൂന്നാം ദിനം പ്രദര്‍ശനത്തിനെത്തിയത്. നാലാം ദിനം 74 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളില്‍ 72 ചിത്രങ്ങളാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്.
ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിനും തുടക്കമായി. മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകള്‍ക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകള്‍ തുറന്നുനല്‍കുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാന്‍ഷ്യല്‍ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാര്‍ക്കറ്റിന്റെ ലക്ഷ്യങ്ങള്‍.
ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം, സിനിമാപ്രവര്‍ത്തകരും വിമര്‍ശകരും പ്രേക്ഷകരും തമ്മില്‍ വിമര്‍ശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും വേദിയൊരുക്കി. 'സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'നിര്‍മിതി ബുദ്ധി സമകാലിക നിരൂപണത്തെ എങ്ങനെ സ്വാധീനിക്കുന്നു' എന്ന വിഷയത്തിലും ചര്‍ച്ച നടന്നു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ഐ.എഫ്.എഫ്.കെ. എക്സ്പീരിയന്‍സിയ, വിഖ്യാത ചലച്ചിത്രക്കാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനം എന്നിവ ടാഗോര്‍ തിയേറ്റര്‍ കാമ്പസിലാണ് നടക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളില്‍ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ഋത്വിക് ഘട്ടക്കിന്റെ അഞ്ച് വിഖ്യാത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത ചിലിയന്‍ ചലച്ചിത്രകാരന്‍ പാബ്ലോ ലറൈന്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസ് സെഷന്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് നഗരത്തിലെ മാനവീയം വീഥി വേദിയായി.
മേളയുടെ സമാപന സമ്മേളനവും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധിയില്‍ നടക്കും.
ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഡിസംബര്‍ 17







No comments:
Post a Comment