Sunday, 16 November 2014

നിര്‍മ്മാണം ഭാര്യ
സംവിധാനം ഭര്‍ത്താവ്
സിനിമയെ ജീവനോളം സ്‌നേഹിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട് തിരുവനന്തപുരത്ത്. നന്ദകുമാറും ആശപ്രഭയും. ഊണിലും ഉറക്കത്തിലും എന്നു പറയും പോലെത്തന്നെയാണ് ഇവരുടെ സിനിമാപ്രേമം. സിനിമയോട് ഇഷ്ടം മൂത്ത് വിവാഹമോതിരം വരെ പണയം വച്ച ചരിത്രവും ഇവര്‍ക്കു സ്വന്തം. എന്നാലതില്‍ ഇവര്‍ക്ക് തെല്ലും പരിഭവമില്ലെന്നതിലാണ് കാര്യം. നന്ദകുമാര്‍ സംവിധാന മേഖലയില്‍ ശ്രദ്ധ വെയ്ക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് ആശപ്രഭ. പുതിയ സിനിമയായ യു ക്യാന്‍ ഡു തീയറ്ററുകളിലെത്തുന്ന സന്തോഷത്തിലാണ് ഇരുവരും.
വിവാഹത്തിനുമുമ്പേ സിനിമ പ്രൊഫഷന്‍ ആക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ആശപ്രഭ. സിനിമാക്കാരനെ തന്നെ ഭര്‍ത്താവായി കിട്ടിയതോടെ ആശപ്രഭയ്ക്കു മുന്നില്‍ സിനിമയുടെ ലോകം തുറന്നുകിട്ടി. സിനിമയല്ലാതെ മറ്റൊന്നുമില്ല എന്ന നന്ദകുമാറിന്റെ ആഗ്രഹത്തെ അംഗീകരിക്കാനും അതോടെ ആശയ്ക്ക് കഴിഞ്ഞു. അങ്ങനെ ഇരുവരും ഒരുമിച്ചായി സിനിമാ പ്രവര്‍ത്തനം. പതിനഞ്ചു വര്‍ഷത്തിനിടെ മൂന്നു മലയാള സിനിമകള്‍ ഈ ദമ്പതികളില്‍ നിന്നും പുറത്തുവന്നു. പുതിയ ചിത്രമായ യു ക്യാന്‍ ഡു നവംബര്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും. നന്ദകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആദി കമ്പയിന്‍സിന്റെ ബാനറില്‍ ആശപ്രഭ നിര്‍മ്മിക്കുന്നു.

ചലച്ചിത്ര, മാധ്യമ പഠന കേന്ദ്രങ്ങളിലെ അധ്യാപകരായി മുഴുവന്‍ സമയമല്ലെങ്കിലും ഇരുവരും ജോലിനോക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മേഖലയായതുകൊണ്ടാണ് ഈ ജോലിയിലെ താത്പര്യമെന്ന് ആശപ്രഭ പ്രത്യേകം പറയുന്നു.
അധ്യാപന ജീവിതത്തില്‍ ഇവര്‍ക്ക് ലഭിച്ച സ്വകാര്യാനുഭവങ്ങളാണ് യു ക്യാന്‍ ഡുവില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഈ ചിത്രം ആത്മനിഷ്ഠവും ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ചെറുപ്പക്കാര്‍ സിനിമ ഏറ്റെടുക്കുമെന്നു തന്നെയാണ് വിശ്വാസം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനകാലത്തു ചെയ്ത ആഗ്നേയം എന്ന ഹ്രസ്വചിത്രത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെയാണ് നന്ദകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. മഴനൂല്‍ക്കനവുകള്‍, അവന്‍, ഏറനാടിന്റെ പോരാളി എന്നിവയാണ് നന്ദകുമാര്‍ കാവിലിന്റെ മുന്‍സിനിമകള്‍. സൂസന്ന, നെയ്ത്തുകാരന്‍, കാറ്റുവന്നു വിളിച്ചപ്പോള്‍ തുടങ്ങി ഗൗരവമുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളുടെ തിരക്കഥാരചനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതിനൊപ്പം തന്റെ സര്‍വ്വകലാശാല ഭര്‍ത്താവാണെന്നുകൂടി പറയാന്‍ ആശപ്രഭ ഇഷ്ടപ്പെടുന്നു.

കോഴിക്കാട് ഗോവിന്ദാപുരമാണ് നന്ദകുമാറിന്റെ ജന്മനാട്. ആശപ്രഭ വൈക്കംകാരിയും. വഴുതക്കാട് ശിശുവിഹാറിലെ വിദ്യാര്‍ഥികളായ ആദിത്യനും ആദിനാഥനുമാണ് മക്കള്‍. രണ്ടുപേരും സിനിമാക്കമ്പക്കാര്‍. മലയാളത്തേക്കാള്‍ ഇംഗ്ലീഷ്, ഹിന്ദി സിനിമകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ അച്ഛന്റെയും അമ്മയുടെയും മികച്ച നിരൂപകര്‍ കൂടിയാണ്. തിരുവനന്തപുരം മരുതംകുഴിയിലാണ് നന്ദകുമാറും ആശപ്രഭയും ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.

വീക്ഷണം വാരാന്തം, നവംബര്‍ 16

Thursday, 13 November 2014

മദ്യവും മയക്കുമരുന്നും കേരള സമൂഹത്തെ കീഴടക്കുന്നു

പ്രൊഫ. ബി ഹൃദയകുമാരി/ എന്‍ പി മുരളീകൃഷ്ണന്‍

ഹൃദയകുമാരി ടീച്ചറുമായി ഒടുവില്‍ ചെയ്ത ഇന്റര്‍വ്യൂവിലെ പ്രസക്ത ഭാഗങ്ങളില്‍നിന്ന്. കേരളസമൂഹവും സ്ത്രീകളും നേരിടുന്ന പ്രശ്‌നങ്ങളില്‍ ടീച്ചര്‍ നിലപാട് വ്യക്തമാക്കുന്നു.


മുന്‍പെന്നത്തേക്കാളുമേറെ സ്ത്രീകള്‍ സംഘടിക്കുന്നുണ്ട്. തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും തയ്യാറാകുന്നുമുണ്ട്. പലപ്പോഴും ഒറ്റയ്ക്കുള്ള പ്രതിഷേധങ്ങള്‍ വരെ. അത്തരം ഒറ്റയാള്‍ സമരങ്ങള്‍ ആള്‍ക്കൂട്ടങ്ങളെക്കാള്‍ ഫലം കണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. കെട്ട കാലം എന്നൊന്നും വിശേഷിപ്പിക്കുന്നില്ല. എല്ലാറ്റിനുമുള്ളപോലെ കാലത്തിനും രണ്ടുവശങ്ങളുണ്ടായിരിക്കും. നിരന്തരം വാര്‍ത്തകള്‍ പുറത്തുവരുതുകൊണ്ടാകാം കാലം അത്രമേല്‍ ചീത്തയാണെ് നമ്മളെക്കൊണ്ട് തോന്നിപ്പിക്കുന്നത്. എങ്കിലും എന്തൊക്കെയോ പറ്റിയിട്ടുണ്ട് എന്നൊരു തോന്നല്‍ എല്ലാവരിലുമുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും ഏറെ പറയാനുമുണ്ടാകും.

വനിതാദിനത്തിന് പ്രസക്തി കൂടുന്നു?
ഓര്‍മ്മയുണര്‍ത്തും എതില്‍ കവിഞ്ഞ് ഒരു ദിനാചരണത്തിന് പ്രസക്തി കാണുന്നില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഓര്‍ക്കാന്‍ ഒരു മാര്‍ച്ച് 8 ത െവേണമെില്ല. എന്നു വേണമെങ്കിലും ആവാം. ഒരു ദിവസത്തില്‍ മാത്രം ഒതുക്കേണ്ട കാര്യവുമില്ല. എങ്കിലും ചെറുപ്പക്കാര്‍ക്ക് ഗുണപരമായി ആഘോഷിക്കാന്‍തക്ക ഒന്നാണങ്കില്‍ ഇത്തരം ദിനങ്ങള്‍ ഉണ്ടാകട്ടെ. ഒരു ദിനത്തില്‍ സമ്മേളനം കൂടി പ്രമേയം പാസ്സാക്കിയാല്‍ മാറ്റം വരില്ല. നിരന്തരമല്ലെങ്കിലും ജനശ്രദ്ധയില്‍നിന്നും മാഞ്ഞുപോകാത്ത വിധം സംഘടിപ്പിക്കണം. ചുറ്റുവട്ടത്ത് നടക്കുന്ന അക്രമങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ ദിനാചരണങ്ങള്‍ കൊണ്ട് സാധിക്കും. ജനമൈത്രി പൊലിസ് പോലെയുള്ള ആശയങ്ങള്‍ നല്ലതാണ്. അതുപോലെ ഒരുപാട് അവസരങ്ങള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉണ്ട്. പരാതികളിന്മേല്‍ എങ്ങനെ നടപടികള്‍ വരുന്നു എതിനെ ആശ്രയിച്ചിരിക്കും ഇത്തരം ദിനാചരണങ്ങളുടെയും കൂട്ടായ്മകളുടെയും വിജയം. ഒരു പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ഫോറം ആവശ്യമാണ്. അതിനെയെല്ലാം നല്ല രീതിയില്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോഴാണ് ലക്ഷ്യത്തിലെത്തുക.

അത്തരമൊരു പ്ലാറ്റ്‌ഫോം നല്‍കാന്‍ സ്ത്രീസംഘടനകള്‍ക്ക് സാധിക്കും. അവ എത്രമാത്രം ഫലപ്രദമാകും?
നമ്മള്‍ കേള്‍ക്കാത്ത പല സംഘടനകളും ഉള്‍നാടുകളിലുണ്ടാകും. പഞ്ചായത്തുകളിലോ ഗ്രാമങ്ങളിലോ ഒക്കെ അത്തരം ചെറു സംഘടനകള്‍ ഉണ്ടായിരിക്കും. അവയൊക്കെ നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ടാകാം. പൊതുജനാഭിപ്രായം ശക്തിപ്പെട്ടുവരുന്നുണ്ട്. അതിനെ ഗൗരവത്തില്‍ കാണുിടത്തും ഫലപ്രാപ്തിയിലെത്തിക്കുന്നിടത്തുമാണ് സംഘടനയുടെ വിജയം.

നല്ലതല്ലാത്ത കാര്യങ്ങള്‍, വാര്‍ത്തകള്‍, വര്‍ത്തമാനങ്ങള്‍ നിരന്തരം കേള്‍ക്കുന്നു. സമൂഹത്തിന്റെ/മനുഷ്യന്റെ മാറ്റമാണോ ഇത് കാണിക്കുന്നത്?
ഇത് ദുഷിച്ച കാലം, പഴയ കാലം നല്ലത്. എന്നിങ്ങനെ വേര്‍തിരിച്ച് കാണാനാവില്ല. പ്രശ്‌നങ്ങള്‍ അന്നുമുണ്ടായിരുന്നു. പഴയ സമൂഹം ആദര്‍ശഭാസുരമായ ഒന്നായിരുന്നെന്ന് അഭിപ്രായമില്ല. എങ്കിലും അക്രമം കാണിക്കാനും അതിക്രമം കാണിക്കാനും ഒരു പേടിയുണ്ടായിരുന്നു. പൊലിസിനെയും നിയമത്തിനെയും പേടിയുണ്ടായിരുന്നു. ആ പേടി പോയി. മദ്യവും മയക്കുമരുന്നും സെക്‌സും വയലന്‍സും വലിയ തോതില്‍ കാണിക്കുന്ന സിനിമകള്‍ ഇത്തെപോലെ ഇല്ല. അതുകൊണ്ടുതന്നെ സമൂഹം ഇത്രകണ്ട് വളര്‍ിട്ടില്ല. സാമൂഹിക ചുറ്റുപാടിന് വ്യത്യാസമുണ്ടായിരുന്നു. നന്മ മുന്നിട്ട് നില്‍ക്കുകയും തിന്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാതെ വരികയും ചെയ്യുമ്പോള്‍ തിന്മ ക്ഷീണിക്കും. അത്തരമൊരു കാലത്തെ നമുക്ക് പ്രതീക്ഷിക്കാം.


പൊലിസിന്/ഭരണകൂടത്തിന് എങ്ങനെ ഇടപെടാന്‍ കഴിയും?
തീര്‍ച്ചയായും സാധിക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും പൊലിസ് കൂടുതല്‍ അലര്‍ട്ട് ആകുകയും ചെയ്താല്‍ മാറ്റങ്ങള്‍ വരും. പക്ഷേ പ്രശ്‌നത്തിന്റെ വേരില്‍ സ്പര്‍ശിക്കാന്‍ തയ്യാറാവുന്നില്ല. പ്രശ്‌നങ്ങള്‍ വരുമ്പോഴുള്ള പൊട്ടിത്തെറി മാത്രമാണുള്ളത്. ചിന്തിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടനകളും ആഹ്വാനം നല്‍കുന്നത്. വ്യവസ്ഥ തന്നെ അങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. വേരെന്നു പറയുന്നത് വ്യക്തിയുടെ സാമൂഹികവും രാഷ്ട്രീയവും മാനസികവുമായ ചുറ്റുപാടുകളെയെല്ലാം ആശ്രയിച്ചിരിക്കും. ഇതിനെയൊന്നും സ്പര്‍ശിക്കാതെയുള്ള പ്രവര്‍ത്തനം കൊണ്ട് കാര്യമില്ല. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗം എന്നു പറയുന്നത് പൊലിസ് മാത്രമല്ല. വ്യവസ്ഥിതിയുടെ മാറ്റത്തിന് വീടിനകത്തുനിുള്ള മൂല്യബോധത്തില്‍ നിന്നും തുടങ്ങണം. വീട് സമൂഹത്തിന്റെ ഭാഗമാണ്. അതിന് ഒറ്റയ്ക്കു നിലനില്‍പ്പില്ല. കുടുംബം മാത്രം വിചാരിച്ചാലും നാവില്ല. വയലന്‍സ് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് സമൂഹത്തെ ദുഷിപ്പിക്കുന്നതില്‍ പങ്കുണ്ട്.

പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ആത്മവിശ്വാസമുള്ളവരാണോ?
അങ്ങനെ തോന്നും. എങ്കിലും സംശയമുണ്ട്. വേഷത്തിലും നടപ്പിലും സ്വാതന്ത്ര്യമുണ്ട്. കാര്യത്തോടടുക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മേലുദ്യോഗസ്ഥരോടും രക്ഷിതാക്കളോടും അധ്യാപകരോടുമുള്ള പെരുമാറ്റം കുട്ടികളില്‍ മോശമായതായിക്കാണുന്നു. കുട്ടികളില്‍ ഒരുതരം അഹങ്കാരം. ഇത് ആത്മവിശ്വാസമാണെ് തെറ്റിദ്ധരിക്കുന്നവരുണ്ട്. അത് പാടില്ല. വിദ്യാര്‍ഥികളില്‍ വായന കുറഞ്ഞു. വായനയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു കാര്യം കൊണ്ടും സാധിക്കുകയുമില്ല. നല്ല പുസ്തകം വായിച്ച് നല്ല മനസ്സുകളുമായി സംവദിച്ച് നല്ല ചോദനകളും വികാരങ്ങളുമായി ഒരു കുട്ടി വളരുകയാണെങ്കില്‍ ഒരു നല്ല മനുഷ്യന്‍ രൂപപ്പെടാന്‍ 80% സാധ്യതയുണ്ട്.

സോഷ്യല്‍ മീഡിയ
അഭിപ്രായം പറയാറായിട്ടില്ല. ഉയര്‍ന്ന ജീവിതനിലവാരത്തില്‍പെട്ട് ഒരു വിഭാഗമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. സാധാരണക്കാരിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലെട്ട. അപ്പോള്‍ നോക്കാം.

കുടുംബഘടനയില്‍, മൂല്യങ്ങളില്‍ എല്ലാം മാറ്റങ്ങള്‍ വന്നതുകൊണ്ടാകുമോ വീടുകളില്‍ നിന്നും ക്ലാസ്മുറികളില്‍ നിന്നും വരെ പീഡനവാര്‍ത്തകള്‍ കേള്‍ക്കുന്നത്?
അത്തരം വാര്‍ത്തകളെ പൊതുവായി കാണേണ്ടതില്ലെന്ന് തോന്നുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കും മിക്കതും. കുടുംബഘടനയിലെ മാറ്റങ്ങളുമല്ല. മദ്യവും ആഢംബരഭ്രമവുമാണ് നമ്മുടെ വീടുകളെ ആക്രമിക്കുന്ന പ്രധാന രണ്ടു ഘടകങ്ങള്‍. ഇതുരണ്ടും മനുഷ്യനെ ബാധിക്കുകയും കാര്‍ുതിന്നുകയും ചെയ്തിട്ടുണ്ട്. ഇവയ്ക്ക് അടിമപ്പെട്ടവര്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് ഒരു നിശ്ചയവുമില്ല.

സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയെ് തോന്നുന്നുണ്ടോ?
ഒരുപാടുകാലം ബസ്സിലെയും തീയറ്ററിലെയുമൊക്കെ ശല്യപ്പെടുത്തല്‍ സ്ത്രീകള്‍ സഹിച്ചിരുന്നു. ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്. ബസ്സിലെ ശല്യം ചെയ്യല്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വിധമാണ് കേരളത്തില്‍. അത് മലയാളി പുരുഷന്റെ പ്രത്യേക മനോഭാവത്തിന്റെയാകാം. എന്തായാലും പ്രതികരിക്കാനുള്ള ആര്‍ജവം കൂടിയിട്ടുണ്ടെന്നു തെന്നയാണ് വിശ്വാസം.

വീക്ഷണം നവംബര്‍ 9

ഈ ചെടികള്‍ ഇനി അനാഥരാണ്..
ഇന്നലെ ഈ വീട്ടുമുറ്റത്തെ പൂക്കളൊന്നും ചിരിച്ചില്ല. ചിരി മറന്നത് തൊട്ടുതലോടാറുള്ള കൈകളെ കാണാഞ്ഞിട്ടാണ്. ഇത് ഹൃദയകുമാരി ടീച്ചറുടെ വീട്ടുമുറ്റത്തെ ചെടികളാണ്. ഇവ ഇനി അനാഥമാകും. ടീച്ചര്‍ മക്കളെപ്പോലെ നട്ടുനനച്ചു നോക്കി വളര്‍ത്തിയതാണ് നന്ദാവനത്തെ വീട്ടുമുറ്റത്തെ ചെടികള്‍.
ആദ്യമായി അവിടെ ചെന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നു മുറ്റത്തെ പച്ചപ്പ്. പുറത്തെ നട്ടവെയിലില്‍നിന്ന് നടന്നുവരുന്ന നമ്മളെ ഈ തണലാണ് സ്വാഗതമരുളുക. പിറകെ ടീച്ചറുടെ ചിരിയും. കൗതുകം കൊണ്ട് ഒരിക്കല്‍ ടീച്ചറോട് ചോദിച്ചു ഈ ചെടികളെപ്പറ്റി. അങ്ങനെയാണ് ടീച്ചര്‍ക്ക് ചെടികളോടുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞത്. വീട്ടുമുറ്റം നിറയെ തണലും തണുപ്പുമേകി നിറഞ്ഞുനില്‍ക്കുന്ന പലജാതി ചെടികള്‍ ടീച്ചര്‍ ഇത്രകാലം നട്ടുനനച്ചുണ്ടാക്കിയതാണ്. കുട്ടികളെപ്പോലെ നോക്കും. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വന്ന കാലത്തിന്റെയത്രയും പഴക്കമുണ്ട് ആ ചെടിസ്‌നേഹത്തിന്. എന്നു പറഞ്ഞാല്‍ അമ്പതു വര്‍ഷത്തിലേറെ.

കേരള കാളിംഗ് ആന്തൂറിയങ്ങളെപ്പറ്റി ഒരു സീരീസ് ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊന്നു സംഘടിപ്പിച്ചുതരാമോ എന്ന് ഇടയ്ക്ക് ചോദിച്ചു. ഞാന്‍ പി ആര്‍ ഡി വിഭാഗത്തില്‍ പോയി അന്വേഷിച്ചു. കിട്ടിയില്ല. ടീച്ചര്‍ ആദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യമാണ്. സാധിച്ചില്ല. ആറുമാസം മാത്രം മുന്‍പാണ് ഈ സംഭവം. ടീച്ചര്‍ക്ക് നല്ല വയ്യായ്കയുണ്ട് അപ്പോള്‍. എന്നിട്ടും മണ്ണില്‍ പച്ചപ്പ് പടര്‍ത്താനുള്ള ആഗ്രഹം. അസുഖം അവശയാക്കിയിട്ടും ചെടികളോടുള്ള സ്‌നേഹം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. നടക്കാന്‍ പോലും പ്രയാസമായിട്ടും രാവിലെയും വൈകുന്നേരവും ചെടികളെ പരിചരിക്കാന്‍ ടീച്ചര്‍ മുറ്റത്തിറങ്ങും. ഈ പച്ചപ്പ് തന്നെയായിരുന്നു ടീച്ചര്‍. ആരോടും പരിഭവമില്ലാതെ ലാളിത്യം മുഖമുദ്രയാക്കി, ആശയങ്ങളിലുറച്ച്, എത്ര അവശതയിലും സ്പഷ്ടമായി സംസാരിച്ച്..

വീക്ഷണം നവംബര്‍ 9


ലാളിത്യം ശീലമാക്കിയ ടീച്ചര്‍

എനിക്കവരോട് അമ്മയെപ്പോലെ സ്‌നേഹം തോന്നി. കൗതുകത്തോടെ ഓരോ ചേഷ്ടകളും നോക്കിക്കണ്ടു. ബോധേശ്വരനും സ്വാതന്ത്ര്യസമരവും പഴയകാല കോണ്‍ഗ്രസ് നേതാക്കളും എഴുത്തുകാരുമെല്ലാം ടീച്ചറുടെ സംസാരത്തില്‍ കടന്നുവന്നു. പലതും പുതിയ കാര്യങ്ങള്‍. പല പേരുകളും ആദ്യമായി കേള്‍ക്കുന്നവ. എനിക്ക് നിരാശ തോന്നി. ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കാനായില്ലല്ലോ. ഭാഗ്യവാന്മാരാണ് ടീച്ചറുടെ വിദ്യാര്‍ഥികള്‍. അറിവും അനുഭവവും തന്നെയാണ് ആ ഓരോ വാക്കുകളും. മുഖവുരയും കലര്‍പ്പും കൂടാതെ ടീച്ചറെക്കുറിച്ച് ഇങ്ങനെയാക്കെ പറയുന്നത് തീരെ ചെറിയ ആള്‍ക്കാരോടുപോലും അവര്‍ കാണിക്കുന്ന പരിഗണനയും ബഹുമാനവും കൊണ്ടാണ്.
വ്യക്തിപരമായി ഏറെ അടുപ്പം തോന്നിയ വലിയ മനുഷ്യരില്‍ ഒരാളാണ് എനിക്ക് ഹൃദയകുമാരി ടീച്ചര്‍. വലിയ വ്യക്തിത്വങ്ങളോട് സംസാരിക്കുമ്പോഴോ ഇന്റര്‍വ്യൂ ചെയ്യുമ്പോഴോ ഉണ്ടാകുന്ന അങ്കലാപ്പിനെ പാടേ ഉരിഞ്ഞെറിഞ്ഞെറിഞ്ഞു തന്നത് അവരാണ്. നല്ല എഴുത്തുകാരിയും അധ്യാപികയും ചിന്തകയുമൊക്കെയായി ഏറെ അടുപ്പമുള്ള ഒരാളോടെന്ന പോലെ സംസാരിച്ചപ്പോള്‍ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. പിന്നീടത് അടുപ്പത്തിന്റേതായി. പിന്നെപ്പിന്നെ ഇടയ്ക്ക് ഞാന്‍ ടീച്ചറെ കാണാന്‍ പോയി. അപ്പൊഴൊക്കെയും ആ താത്പര്യം അതേപടി കാണിച്ചു.

അപാരമായ ഭാഷാപാണ്ഡിത്യവും അനുഭവപരിചയവുമുള്ള ഹൃദയകുമാരി ടീച്ചര്‍ ഇതാ എന്നെ നോക്കൂ എന്നു സ്വയം പ്രഖ്യാപിച്ച് പ്രദര്‍ശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കാതെ വീടകത്തിനകത്തിരുന്നു സഞ്ചരിച്ചത് വിശ്വസാഹിത്യത്തിന്റെ ആഴത്തിലേക്കാണ്. സാഹിത്യത്തിലെ പ്രദര്‍ശനപരത ടീച്ചറെ തൊട്ടുതീണ്ടിയില്ല. ഇതുതന്നെയായിരിക്കണം അവരെ പണ്ഡിതയാക്കിയത്. സാഹിത്യ പ്രഭാഷണങ്ങളിലും വേദികളിലും മാധ്യമങ്ങളിലും വളരെക്കുറച്ച് മാത്രം പ്രത്യക്ഷപ്പെട്ട് വായനയിലും എഴുത്തിലും അധ്യാപനത്തിലും അതിനുവേണ്ടിയുള്ള മനനത്തിലും സദാ ഏര്‍പ്പെട്ടുജീവിച്ച ടീച്ചര്‍ അനുകരിക്കാന്‍ കഴിയുന്ന മാതൃകയാണെന്നത് എടുത്തുപറയേണ്ടല്ലോ.
നാലു പതിറ്റാണ്ടോളം ഇംഗ്ലീഷ് സാഹിത്യം തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ ടീച്ചറെ ലാളിത്യമാര്‍ന്ന പെരുമാറ്റവും ജീവിതവുമാണ് കുട്ടികള്‍ക്ക് പ്രിയങ്കരിയാക്കിയത്. ശിഷ്യരോടും സഹപ്രവര്‍ത്തകരോടും എഴുത്തുകാരോടും ഈ ലാളിത്യം എല്ലാകാലത്തും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്ന ടീച്ചര്‍ തന്റെ ആശയങ്ങള്‍ ഏറെ സ്പഷ്ടമായി എവിടെയും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോടും വിവാദങ്ങളോടും അകന്നുനില്‍ക്കുന്ന പ്രകൃതം. എന്നാല്‍ ചുറ്റുവട്ടത്തെ എല്ലാ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഉചിതമെന്നു തോന്നുന്ന വേദികളില്‍ അത് പ്രകടിപ്പിക്കാനും ടീച്ചര്‍ മറന്നിരുന്നില്ല.

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അപാരമായ അറിവും അത് പാണ്ഡിത്യഗര്‍വ്വ് കൂടാതെ പകര്‍ന്നുനല്‍കാനുള്ള കഴിവും ടീച്ചറെ വ്യത്യസ്തയാക്കി. തനിക്കു മുമ്പിലിരുന്ന് പഠിച്ചതിനേക്കാളേറെ ശിഷ്യരെ പുറത്തും സൃഷ്ടിക്കാന്‍ കഴിഞ്ഞത് ആംഗലേയ സാഹിത്യത്തിലുള്ള ടീച്ചറുടെ ഈ അവഗാഹമാണ്. മലയാള, ഇംഗ്ലീഷ് സാഹിത്യത്തില്‍ എന്തുസംശയവും നിവാരണം ചെയ്യാന്‍ ആര്‍ക്കും സമീപിക്കാവുന്ന ഗുരുനാഥയായിരുന്നു ടീച്ചര്‍. ചെറിയ കുട്ടിക്കുപോലും നല്‍കുന്ന ഈ ബഹുമാനം തന്നെയാണ് അവരുടെ ഔന്നത്യം പിന്നെയും വലുതാക്കുന്നതും.

വീക്ഷണം, നവംബര്‍ 9

Monday, 3 November 2014

പുസ്തകപെരുപ്പം കണ്ടമ്പരക്കാന്‍ ദക്ഷിണേന്ത്യയിലെ വലിയ പുസ്തകമേള


അഞ്ഞൂറോളം പ്രസാധകര്‍, പത്തുലക്ഷം പുസ്തകങ്ങള്‍
ഇരുന്നൂറിലേറെ പുസ്തകപ്രകാശനങ്ങള്‍
എ.പി.ജെ. അബ്ദുല്‍ കലാം മുഖ്യാതിഥിയായി എത്തും

അക്ഷരസ്‌നേഹികള്‍ക്ക് ഇനി ആവോളം മധുരം നുകരാം. പുസ്തകങ്ങളുടെ പെരുപ്പവും സ്റ്റാളുകളുടെ എണ്ണവും കണ്ട് കണ്ണുതള്ളാം. പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍ കേട്ട് സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി സര്‍ഗ്ഗാത്മകതയുടെ പൂക്കാലം തീര്‍ക്കാം. വരുന്ന രണ്ടാഴ്ചക്കാലം തിരുവനന്തപുരത്തിന് പുസ്തകക്കാലമാണ്. വൈകുന്നേരങ്ങള്‍ സാഹിത്യചര്‍ച്ചകളുടെതാണ്. ചിരപരിചിതമായ മുഖങ്ങളും ശബ്ദങ്ങളും കനകക്കുന്നില്‍ സജീവമാകും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത് തുടക്കമായി. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയ്ക്കും ശാസ്ത്രസമ്മേളനത്തിനും ഇന്നലെയാണ് അരങ്ങുണര്‍ന്നത്. കനകക്കുന്ന് കൊട്ടാരം മൈതാനത്തില്‍ ഈ മാസം 16 വരെ നടക്കുന്ന മേള ശാസ്ത്ര, സാഹിത്യ, വൈജ്ഞാനിക മേഖലകള്‍ക്ക് ഒരുപോലെ പ്രാമുഖ്യം നല്‍കുന്നുവെന്നതാണ് പ്രത്യേകത.

ഇന്നലെ രാവിലെ വി കെ ശശിധരനും സംഘവും അവതരിപ്പിച്ച 'മലയാള മധുരിമ' എന്ന സംഗീത ശില്‍പ്പത്തോടെയായിരുന്നു മേളയുടെ തുടക്കം. വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം മേളയുടെ ഭാഗമായുള്ള പുസ്തകപ്രകാശനങ്ങളില്‍ ആദ്യത്തേത് നടന്നു. പ്രൊഫ. ഇടനാട് രാധാകൃഷ്ണന്റെ വള്ളംകളിയും വഞ്ചിപ്പാട്ടും എന്ന പഠനഗ്രന്ഥമായിരുന്നു ഇത്. ദുതവാക്യം, പ്രകാശവര്‍ഷങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ആദ്യദിവസം നടന്നു.
ദിവസവും നടക്കുന്ന പുസ്തകപ്രകാശനങ്ങള്‍ക്കു പുറമേ നവംബര്‍ 10 വരെ കനകക്കുന്ന് കൊട്ടാരത്തിലെ ബാന്‍ക്വിറ്റ് ഹാളില്‍ സമകാലിക ലോകം ഇന്ന് ചര്‍ച്ചചെയ്യുന്ന വിഷയങ്ങളിലുള്ള സെമിനാറുകള്‍, സംവാദം, വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവയും നടക്കും. 'ബഹിരാകാശവും മംഗള്‍യാനും' -സിംപോസിയവും 'ബഹിരാകശ ഗവേഷണം മംഗള്‍യാന്‍ വരെ' എന്ന വിഷയത്തില്‍ പ്രഭാഷണവുമാണിന്ന്. പശ്ചിമഘട്ടം എന്തിനു സംരക്ഷിക്കുന്നു?, ശാസ്ത്ര ഗ്രന്ഥരചന: പ്രശ്‌നങ്ങളും പരിഹാരങ്ങളും, മലയാളം കംപ്യൂട്ടിംഗ്, ദൈവകണവും പ്രപഞ്ചത്തിന്റെ ഭാവിയും സ്ത്രീകളും ചാനലുകളും തുടങ്ങിയ വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ സിംപോസിയങ്ങളും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. അതതു മേഖലകളിലെ വിദഗ്ധര്‍ ഇതില്‍ പങ്കെടുക്കുന്നുവെന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് തീര്‍ച്ച.

14ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന 101 ശാസ്ത്രപുസ്തകങ്ങളുടെ പ്രകാശനത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം മുഖ്യാതിഥിയായി എത്തും. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ ജീവിതകഥ, ടാഗോര്‍ കവിതകള്‍, കേരളത്തിലെ ആദിവാസികള്‍: കലയും സംസ്‌ക്കാരവും, ജോണ്‍ എബ്രഹാമിന്റെ കഥകള്‍, തകര, കള്ളന്‍ പവിത്രന്‍, പ്രേമലേഖനം (ഗ്രാഫിക്ക് നോവല്‍), ടി പദ്മനാഭന്റെ നിങ്ങളെ എനിക്കറിയാം തുടങ്ങി ശ്രദ്ധേയങ്ങളായ പുസ്തകങ്ങളുടെ പ്രകാശനവും അവതരണവുമാണ് മറ്റൊരു സവിശേഷത.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ വൈജ്ഞാനിക സാഹിത്യത്തിനുള്ള എന്‍.വി കൃഷ്ണവാര്യര്‍ അവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള എം.പി.കുമാരന്‍ അവാര്‍ഡ്, നിരൂപണത്തിനുള്ള കെ.എം.ജോര്‍ജ് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം എന്നിവയുടെ വിതരണവും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറിലേറെ പ്രസാധകരുടെ പത്തുലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കും. ഇംഗ്ലീഷ്, മലയാളം, ചില്‍ഗ്രന്‍സ്, അക്കാദമിക്ക് എന്നിങ്ങനയൊണ് പുസ്തകങ്ങളുടെ പ്രധാന തരംതിരിവ്.

ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍ ഭാസ്‌ക്രാചാര്യരുടെ 900-ാം ജന്മവാര്‍ഷികാഘോഷം, ഡി സി ബുക്‌സ് ഇ-കാറ്റലോഗിന്റെ ഉദ്ഘാടനം, ശില്‍പ്പശാലകള്‍, സ്മാരകപ്രഭാഷണങ്ങള്‍, വിദ്യാര്‍ഥിസംവാദം, പുസ്തകാവതരണം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌ക്കാര സമര്‍പ്പണം, ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ ഉദ്ഘാടനം, ഡി സി ബുക്‌സ് യു ട്യൂബ് കുക്കറി ചാനല്‍ ഉദ്ഘാടനം, വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, സര്‍ഗ്ഗോത്സവം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും.
വി.എം സുധീരന്‍, വക്കം പുരുഷോത്തമന്‍, രമേശ് ചെന്നിത്തല, കെ.എം മാണി, ജി കാര്‍ത്തികേയന്‍, അടൂര്‍ പ്രകാശ്, കെ ബാബു, എം.കെ മുനീര്‍, വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു, ടി വി ചന്ദ്രന്‍, നെടുമുടി വേണു, ടി പദ്മനാഭനന്‍, സക്കറിയ, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡി ബാബുപോള്‍, പ്രൊഫ. എസ് ശിവദാസ്, സിപ്പി പള്ളിപ്പുറം, ജോര്‍ജ് ഓണക്കൂര്‍, താണുപത്മനാഭന്‍, എന്‍ ആര്‍ എസ് ബാബു, ബീനാപോള്‍, എന്‍. പ്രഭാകരന്‍, പി. മധുസൂദനന്‍ നായര്‍, സി.വി ബാലകൃഷ്ണന്‍, അക്ബര്‍ കക്കട്ടില്‍, വി ആര്‍ സുധീഷ്, അംബികാസുധന്‍ മാങ്ങാട്, ടി.ഡി. രാമകൃഷ്ണന്‍, ഇ സന്തോഷ്‌കുമാര്‍, കെ.ആര്‍ മീര, ബെന്യാമിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വരുംദിവസങ്ങളില്‍ അതിഥികളായി പങ്കെടുക്കുന്നുണ്ട്.


വീക്ഷണം  നവംബര്‍ 2