ലാളിത്യം ശീലമാക്കിയ ടീച്ചര്‍
എനിക്കവരോട് അമ്മയെപ്പോലെ സ്‌നേഹം തോന്നി. കൗതുകത്തോടെ ഓരോ ചേഷ്ടകളും നോക്കിക്കണ്ടു. ബോധേശ്വരനും സ്വാതന്ത്ര്യസമരവും പഴയകാല കോണ്‍ഗ്രസ് നേതാക്കളും എഴുത്തുകാരുമെല്ലാം ടീച്ചറുടെ സംസാരത്തില്‍ കടന്നുവന്നു. പലതും പുതിയ കാര്യങ്ങള്‍. പല പേരുകളും ആദ്യമായി കേള്‍ക്കുന്നവ. എനിക്ക് നിരാശ തോന്നി. ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കാനായില്ലല്ലോ. ഭാഗ്യവാന്മാരാണ് ടീച്ചറുടെ വിദ്യാര്‍ഥികള്‍. അറിവും അനുഭവവും തന്നെയാണ് ആ ഓരോ വാക്കുകളും. മുഖവുരയും കലര്‍പ്പും കൂടാതെ ടീച്ചറെക്കുറിച്ച് ഇങ്ങനെയാക്കെ പറയുന്നത് തീരെ ചെറിയ ആള്‍ക്കാരോടുപോലും അവര്‍ കാണിക്കുന്ന പരിഗണനയും ബഹുമാനവും കൊണ്ടാണ്.
വ്യക്തിപരമായി ഏറെ അടുപ്പം തോന്നിയ വലിയ മനുഷ്യരില്‍ ഒരാളാണ് എനിക്ക് ഹൃദയകുമാരി ടീച്ചര്‍. വലിയ വ്യക്തിത്വങ്ങളോട് സംസാരിക്കുമ്പോഴോ ഇന്റര്‍വ്യൂ ചെയ്യുമ്പോഴോ ഉണ്ടാകുന്ന അങ്കലാപ്പിനെ പാടേ ഉരിഞ്ഞെറിഞ്ഞെറിഞ്ഞു തന്നത് അവരാണ്. നല്ല എഴുത്തുകാരിയും അധ്യാപികയും ചിന്തകയുമൊക്കെയായി ഏറെ അടുപ്പമുള്ള ഒരാളോടെന്ന പോലെ സംസാരിച്ചപ്പോള്‍ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. പിന്നീടത് അടുപ്പത്തിന്റേതായി. പിന്നെപ്പിന്നെ ഇടയ്ക്ക് ഞാന്‍ ടീച്ചറെ കാണാന്‍ പോയി. അപ്പൊഴൊക്കെയും ആ താത്പര്യം അതേപടി കാണിച്ചു.
അപാരമായ ഭാഷാപാണ്ഡിത്യവും അനുഭവപരിചയവുമുള്ള ഹൃദയകുമാരി ടീച്ചര്‍ ഇതാ എന്നെ നോക്കൂ എന്നു സ്വയം പ്രഖ്യാപിച്ച് പ്രദര്‍ശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കാതെ വീടകത്തിനകത്തിരുന്നു സഞ്ചരിച്ചത് വിശ്വസാഹിത്യത്തിന്റെ ആഴത്തിലേക്കാണ്. സാഹിത്യത്തിലെ പ്രദര്‍ശനപരത ടീച്ചറെ തൊട്ടുതീണ്ടിയില്ല. ഇതുതന്നെയായിരിക്കണം അവരെ പണ്ഡിതയാക്കിയത്. സാഹിത്യ പ്രഭാഷണങ്ങളിലും വേദികളിലും മാധ്യമങ്ങളിലും വളരെക്കുറച്ച് മാത്രം പ്രത്യക്ഷപ്പെട്ട് വായനയിലും എഴുത്തിലും അധ്യാപനത്തിലും അതിനുവേണ്ടിയുള്ള മനനത്തിലും സദാ ഏര്‍പ്പെട്ടുജീവിച്ച ടീച്ചര്‍ അനുകരിക്കാന്‍ കഴിയുന്ന മാതൃകയാണെന്നത് എടുത്തുപറയേണ്ടല്ലോ.
നാലു പതിറ്റാണ്ടോളം ഇംഗ്ലീഷ് സാഹിത്യം തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ ടീച്ചറെ ലാളിത്യമാര്‍ന്ന പെരുമാറ്റവും ജീവിതവുമാണ് കുട്ടികള്‍ക്ക് പ്രിയങ്കരിയാക്കിയത്. ശിഷ്യരോടും സഹപ്രവര്‍ത്തകരോടും എഴുത്തുകാരോടും ഈ ലാളിത്യം എല്ലാകാലത്തും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്ന ടീച്ചര്‍ തന്റെ ആശയങ്ങള്‍ ഏറെ സ്പഷ്ടമായി എവിടെയും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോടും വിവാദങ്ങളോടും അകന്നുനില്‍ക്കുന്ന പ്രകൃതം. എന്നാല്‍ ചുറ്റുവട്ടത്തെ എല്ലാ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഉചിതമെന്നു തോന്നുന്ന വേദികളില്‍ അത് പ്രകടിപ്പിക്കാനും ടീച്ചര്‍ മറന്നിരുന്നില്ല.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അപാരമായ അറിവും അത് പാണ്ഡിത്യഗര്‍വ്വ് കൂടാതെ പകര്‍ന്നുനല്‍കാനുള്ള കഴിവും ടീച്ചറെ വ്യത്യസ്തയാക്കി. തനിക്കു മുമ്പിലിരുന്ന് പഠിച്ചതിനേക്കാളേറെ ശിഷ്യരെ പുറത്തും സൃഷ്ടിക്കാന്‍ കഴിഞ്ഞത് ആംഗലേയ സാഹിത്യത്തിലുള്ള ടീച്ചറുടെ ഈ അവഗാഹമാണ്. മലയാള, ഇംഗ്ലീഷ് സാഹിത്യത്തില്‍ എന്തുസംശയവും നിവാരണം ചെയ്യാന്‍ ആര്‍ക്കും സമീപിക്കാവുന്ന ഗുരുനാഥയായിരുന്നു ടീച്ചര്‍. ചെറിയ കുട്ടിക്കുപോലും നല്‍കുന്ന ഈ ബഹുമാനം തന്നെയാണ് അവരുടെ ഔന്നത്യം പിന്നെയും വലുതാക്കുന്നതും.
വീക്ഷണം, നവംബര്‍ 9
No comments:
Post a Comment