Monday, 2 February 2015

360 ഡിഗ്രി
ഫേസ്ബുക്കിലെ യുവ ഫോട്ടോഗ്രാഫി കൂട്ടായ്മ

അനാവശ്യ സംവാദങ്ങളും അവനവനെത്തന്നെ പ്രദര്‍ശിപ്പിക്കലും അതില്‍നിന്നുള്ള ആത്മരതിയും മണിക്കൂറുകള്‍ നീണ്ട ചാറ്റിങ്ങുമാണ് ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ ഭൂരിഭാഗത്തിന്റെയും മുഖമുദ്ര.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന പ്രയോഗത്തിലെ വലിയ സാധ്യതയാണ് ഈ തന്നിലേക്കു തന്നെയുള്ള ഈ തീരാ നോട്ടത്തിലൂടെ ഇവര്‍ കാണാതെ പോകുന്നത്. കുട്ടികളേക്കാള്‍ മുതിര്‍ന്നവരാണ് ഇക്കൂട്ടത്തില്‍ ഏറിയ പങ്കുമെന്നും പറയേണ്ടിവരും. യുവജനത ഒരു പരിധി വരെയെങ്കിലും ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നവരാണ്. ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ യുവ കൂട്ടായ്മകളില്‍ ഒന്നാണ് 360 ഡിഗ്രി ഫോട്ടോഗ്രാഫി. 360 ഡിഗ്രി എന്ന ഫേസ്ബുക്ക് പേജ് നോക്കുക. ഭാവനയും സ്ഥിരോത്സാഹവും പുരോഗമനചിന്തയുമാകും നിങ്ങള്‍ക്കതില്‍ കാണാനാകുക.

തിരുവനന്തപുരം ലയോള സ്‌കൂളില്‍ പ്‌ളസ് ടുവിന് പഠിക്കവെ ഗൗതം രവീന്ദ്രന്‍ എന്ന വിദ്യാര്‍ഥിക്ക് മനസ്സില്‍ തോന്നിയ ആശയമായിരുന്നു 360 ഡിഗ്രി ആയി പിറന്നത്. സമാനഹൃദയരായ കൂട്ടുകാരോട് ഗൗതം തന്റെ ആശയം പങ്കുവെയ്ക്കുകയും ഫോട്ടോഗ്രാഫി ഹൃദയത്തോട് ചേര്‍ത്തുപിടിച്ച അവര്‍ പിന്തുണയ്ക്കുകയും ചെയ്തു. 2014ലെ ബാലശ്രീ അവാര്‍ഡ് ജേതാവായ ജാഹ്നവി നായര്‍ തുടക്കത്തിലെ ഗൗതമിനൊപ്പം 360 ഡിഗ്രിയിലെത്തി. സരസ്വതി വിദ്യാലയത്തില്‍ പഠിച്ച അക്ഷയ് ഗിരിയും സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ച അഖില്‍ വിനായകും ഫേസ്ബുക്കിലൂടെ 360 ഡിഗ്രിയിലെത്തി. ഗള്‍ഫ് മോഡല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി അഭിരാമി ബിജി സുനില്‍ അറബിക്കടലിന്നക്കരെ നിന്നാണ് ഈ കൂട്ടായ്മയിലേക്ക് ചേക്കേറിയത്.

വ്യക്തികളുടേതായി ഫോട്ടോഗ്രാഫി പേജുകള്‍ ധാരാളമുള്ള ഫെയ്‌സ്ബുക്കില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു ഗ്രൂപ്പ് എന്നതാണ് ഇവരെ വ്യത്യസ്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 14ന് തുടങ്ങിയ ഗ്രൂപ്പില്‍ നിലവില്‍ ഏട്ട് അംഗങ്ങളാണുള്ളത്. 15 മുതല്‍ 18 വയസ്സു വരെയുള്ള പ്രായക്കാരാണ് എല്ലാവരും. ഇവരെല്ലാം ഫോട്ടോഗ്രാഫിയെ ചെറുപ്പത്തിലേ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ തുടക്കക്കാരായ യുവ തലമുറയ്ക്ക് തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം എതിലുപരി ഭാവിയിലേക്കുള്ള പ്രചോദനം എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫോട്ടോഗ്രാഫിയുടെ വശങ്ങള്‍ മനസ്സിലാക്കി അതിനെ ഗൗരവപൂര്‍വ്വം സമീപിക്കുന്നവര്‍ക്കേ ഗ്രൂപ്പില്‍ അംഗത്വം നല്‍കൂ. സ്വതസിദ്ധമായ ശൈലിയും താത്പര്യവും ഉള്ളവരെ കണ്ടെത്തിയാല്‍ അവരെയും ഇതിലേക്ക് ക്ഷണിക്കും. അംഗങ്ങളെല്ലാം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും മറ്റും സ്വന്തം നിലയിലാണ്. നിലവില്‍ ഡി ഡി എക്‌സ് ബൈക്ക് സ്റ്റണ്ടിങ് ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫേഴ്‌സ് കൂടിയായ ഗ്രൂപ്പിന് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള ഉപാധി കൂടിയാണിതെന്ന് ഗൗതം പറയുന്നു.

ഞങ്ങള്‍ക്കെല്ലാം സ്വന്തം ഫേസ്ബുക്ക് പേജുണ്ടെങ്കിലും ഒരു ഗ്രൂപ്പില്‍ ചിത്രങ്ങള്‍ നല്‍കുന്നതുവഴി പരസ്പരം പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പ്രോത്സാഹിപ്പിച്ചും ചിത്രങ്ങള്‍ വിലയിരുത്തി കൂടുതല്‍ മികവുറ്റതാക്കുതിനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്്-ഗ്രൂപ്പിലെ മറ്റൊരംഗമായ ജാഹ്നവി പറയുന്നു.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ 360 ഡിഗ്രി നടത്തിയ ഫോട്ടോ എക്‌സിബിഷനില്‍ അന്‍പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എഴുത്തിനപ്പുറം ചിത്രങ്ങള്‍ക്ക് ആശയം കൈമാറാന്‍ സാധിക്കുമെന്ന കാഴ്ചപ്പാടാണ് ഇവര്‍ക്കുള്ളത്.

ഫോട്ടോഗ്രാഫി എന്ന കലയെ അര്‍പ്പണബോധത്തോടെയും ആവേശത്തോടെയും നോക്കിക്കാണുന്ന ഇവര്‍ക്ക് ഫോട്ടോഗ്രാഫി വെറുമൊരു പടമെടുക്കല്‍ കളിയല്ല. കണ്ണില്‍ക്കണ്ട ചിത്രങ്ങളും സ്വന്തം ചിത്രങ്ങളും ഫേസ്ബുക്ക് പേജിലിട്ട് രസിക്കുന്നവര്‍ക്കിടയില്‍ 360 ഡിഗ്രി ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത് നേര്‍ക്കാഴ്ചകളെ ക്യാമറയ്ക്കുള്ളിലാക്കി ചിത്രീകരിക്കുന്ന സ്വന്തം സൃഷ്ടികളാണെന്ന അഭിമാനമാണ്. പുതു തലമുറയില്‍ ക്രിയാത്മക ഫോട്ടോഗ്രാഫിയുടെ ഉത്തമോദാഹരണങ്ങളായി ഇവര്‍ മാറുകയാണ്. പരിചയസമ്പന്നരായ ഹ്രസ്വസിനിമാ സംവിധായകര്‍ വരെ 360 ഡിഗ്രിയുടെ സഹായം തേടുന്നത് ഇവരുടെ പുതുമയും ഭാവനയും ക്രിയാത്മകതയും സമം ചേര്‍ന്ന പരിശ്രമങ്ങള്‍ കൊണ്ടുതന്നെയാണ്. സ്ഥിരോത്സാഹം കൈമുതലായിട്ടുള്ള ഈ യുവ കൂട്ടായ്മയുടെ കൈവിരലുകളും കണ്ണുകളും പുതിയ ഫ്രെയിമുകള്‍ തേടി സഞ്ചാരം തുടരുകയാണ്.

വീക്ഷണം ജനുവരി 29

No comments:

Post a Comment