Wednesday, 16 March 2016

മണ്ണിലിറങ്ങിയ മഹേഷും ബിജുവും

ഉമേഷ്, വിനോദ്, അരുണ്‍, പ്രകാശന്‍, ലാലു, സുനി, രമേശന്‍, കൃഷ്ണന്‍, ഫൈസല്‍, ഗിരി.. കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയിലെ നായകന്മാരുടെ പേരുകളാണിത്. നമ്മുടെ തന്നെ പേരുകള്‍. നമുക്ക് ചുറ്റുമുള്ളവരുടെ പേരുകള്‍. നീയും ഞാനും നായകനും രണ്ടല്ലാതാകുന്ന പ്രേക്ഷക-തിരശ്ശീല ബന്ധത്തിന്റെ നേര്‍ക്കാഴ്ച.
ഘടാഘടിയന്‍ പേരുകളും വീരരസപ്രധാനമായ ഭാവഹാവാദികളും പ്രകടനഘോഷങ്ങളും കണ്ടുമടുത്ത പ്രേക്ഷകരിലേക്ക് ചുറ്റുപാടില്‍നിന്ന് ചിലര്‍ കയറിച്ചെന്ന് തോളില്‍ കയ്യിട്ട് സംസാരിക്കാന്‍ തുടങ്ങുകയാണ്. നമ്മള്‍ നിരന്തരം കണ്ടുമുട്ടുന്നവരും സംസാരിക്കുന്നവരുമാണവര്‍. അവരുടെ സംസാരം നമ്മുടേതുപോലെയാണ്. ഏച്ചുകെട്ടലുകളോ മൂര്‍ച്ചകളോ പ്രാസവടിവോ ഇല്ല. കഷണ്ടിയുള്ളവരും കറുത്തവരും മെലിഞ്ഞവരും തടിച്ചവരുമൊക്കെയാണവര്‍. അവരാരും അമാനുഷരല്ല. വെളുത്തവരോ ചുവന്നവരോ ബലിഷ്ഠകായരോ അല്ല. അവരുടെ പ്രവൃത്തികളും സാധാരണമാണ്; ജീവിതവും അതുപോലെത്തന്നെ.

ഇപ്പറഞ്ഞ വിധമൊക്കെയാണ് പുതിയ മലയാള സിനിമയിലെ ആളുകള്‍. ജീവിച്ചിരിക്കുന്ന കാലത്തെ അതേപടി പകര്‍ത്തിവെയ്ക്കുകയാണ് പുതിയ സിനിമകള്‍. അതിലവയ്ക്ക് യാതൊരു സംശയത്തിനും ഇടയില്ല. അങ്ങനെയാണവ റിയലിസ്റ്റിക്ക് എന്ന വിളി കേള്‍പ്പിക്കുന്നതും. പുതിയ സിനിമകളൊന്നും നായകകേന്ദ്രീകൃതമല്ല. നായകന്‍, നായിക, കഥ, കഥാവളര്‍ച്ച, സംഘര്‍ഷം, കഥാവസാനം തുടങ്ങിയ പതിവുകളെയെല്ലാം അവ തെറ്റിച്ചുകളയുന്നുണ്ട്. നായകനും നായികയുമെല്ലാം മറ്റു കഥാപാത്രങ്ങളെപ്പോലെ കൂട്ടത്തിലൊരാള്‍ തന്നെയാണ്. അങ്ങനെയാണ് പുതുതലമുറ സിനിമകളില്‍ ഫഹദ് ഫാസിലിനോ, നിവിന്‍ പോളിയ്‌ക്കോ, ദുല്‍ഖര്‍ സല്‍മാനോ ഒപ്പം തന്നെ പ്രാധാന്യം വിനയ് ഫോര്‍ട്ടിനും, ചെമ്പന്‍ വിനോദിനും, സുധീര്‍ കരമനയ്ക്കും, രണ്‍ജി പണിക്കറിനും, സണ്ണി വെയ്‌നും, അജു വര്‍ഗ്ഗീസിനും, നീരജ് മാധവിനും, സൗബിന്‍ താഹിറിനും കിട്ടുന്നത്. ഇതിനു പുറമെ പേരുകളാല്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത മറ്റനേകം പേര്‍ താരങ്ങളേക്കാള്‍ വലിയ പേരുകാരാകുന്നതിനും ഇത്തരം സിനിമകള്‍ നിമിത്തമാകുന്നു.
ഋതു, ട്രാഫിക്ക്, തട്ടത്തിന്‍ മറയത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ചാപ്പാകുരിശ്, ഈ അടുത്ത കാലത്ത്, നേരം, അന്നയും റസൂലും, ആമേന്‍, മസാലാ റിപ്പബ്ലിക്ക്, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇയ്യോബിന്റെ പുസ്തകം, 1983, ആട് ഒരു ഭീകരജീവിയാണ്, ലൂക്കാചൂപ്പി, പ്രേമം, ഡബിള്‍ ബാരല്‍ ഇങ്ങനെ തുടര്‍ന്നുപോകുന്ന സിനിമാ പേരുകളില്‍ ഏറ്റവും പുതിയ തുടര്‍ച്ചയാണ് മഹേഷിന്റെ പ്രതികാരവും ആക്ഷന്‍ ഹീറോ ബിജുവും. ഇവയിലൊന്നും ഒരു നായകനെ മാത്രമായി കാണാനാകില്ല. നായകന്‍ മാത്രമാകുമ്പോള്‍ ഈ സിനിമകള്‍ക്കൊന്നും നിലനില്‍പ്പുമില്ല.
ബിജുവും മഹേഷും മണ്ണിലിറങ്ങുന്ന നായകന്മാരാണ്. പേരുകളില്‍ ആക്ഷനും പ്രതികാരവുമൊക്കെയാണുള്ളത്. എന്നാല്‍ ഇവര്‍ തറയില്‍ കാലുറപ്പിച്ചുനിന്ന് നമ്മളിലൊരാളായി ജീവിക്കുന്നവരാണ്. എസ്.ഐ ബിജു പൗലോസിനെ നിത്യജീവിതത്തില്‍ ഏറെ പരിചയമുള്ളൊരാളായി തോന്നും. പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുള്ള അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കറിയാം പോലീസുകാര്‍ സിനിമകള്‍ കാണിച്ചുതന്നിട്ടുള്ളതുപോലെ ഭീകരന്മാരോ കോമാളികളോ അല്ലെന്ന്.

സിനിമയ്ക്കു വേണ്ടിയുള്ള രസക്കൂട്ടുകള്‍ ചേര്‍ത്ത് പ്രേക്ഷകനെ ആകാംക്ഷയിലാക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും കൈയ്യടിപ്പിക്കുകയും ചെയ്തവയായിരുന്നു മലയാളത്തിലെ ഭൂരിഭാഗം പോലീസ് സിനിമകളും. ഇത്തരം കാഴ്ചശീലങ്ങളെ ദൂരെ നിര്‍ത്തുകയാണ് മലയാളത്തിലെ ഏറ്റവും പുതിയ പോലീസ് സിനിമ. ബിജുവിലൂടെ നമ്മള്‍ കാണുന്നത് യഥാര്‍ഥ പോലീസുകാരനെയാണ്. സാധാരണക്കാരന്റെ ഏറ്റവും വലിയ അത്താണി പോലീസ് സ്‌റ്റേഷന്‍ തന്നെയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് നീതി തേടിവരുന്ന ഓരോ മനുഷ്യരിലും നമുക്ക് സ്വയം കാണാന്‍ സാധിക്കും. അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതു തന്നെയാണ്. അമാനുഷികരായ പോലീസ് നായകന്മാരുള്ള സിനിമകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുകയാണ് ആക്ഷന്‍ ഹീറോ ബിജു. ഭാവിയില്‍ അത്തരം സിനിമകളെടുക്കാന്‍ ആലോചിക്കുന്നവരെ ഈ സിനിമ ഒന്നിരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച.
ബിജു നമുക്കിടയിലെ പോലീസുകാരനാണെങ്കില്‍ മഹേഷ് നാട്ടിന്‍പുറത്തൊക്കെ ഇപ്പൊഴും കാണാന്‍ സാധിക്കുന്ന ഫോട്ടോഗ്രാഫറാണ്. മഹേഷിന്റെ പ്രതികാരത്തിനുപോലും സൗന്ദര്യമാണ്. അട്ടഹാസങ്ങളോ പോര്‍വിളികളോ ഇല്ലാതെ മഹേഷ് തന്റെ പ്രതികാരം തീര്‍ക്കുമ്പോള്‍ മലയാള സിനിമ ആഖ്യാനത്തിന്റെ പുതുവഴിയാണ് തേടുന്നത്. ഒരു നാടും നാട്ടാരും സ്വാഭാവികമായി എങ്ങനെ പെരുമാറുന്നുവെന്നും ജീവിക്കുന്നുവെന്നും മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ കാണാനാകും. അസ്വാഭാവികത എന്ന വാക്കിന് ഇടമില്ലാത്തവിധം മെനഞ്ഞെടുത്തിരിക്കുന്ന ഈ സിനിമയില്‍ താരശരീരങ്ങളില്ല; മനുഷ്യര്‍ മാത്രമേയുള്ളൂ.
താരങ്ങളില്ലാത്ത സിനിമയ്‌ക്കൊപ്പം ഇടുക്കിയിലേക്കൊരു യാത്ര പോകുന്നു. അവിടെ പ്രകാശ് എന്ന നാടിനെയും നാട്ടാരെയും കാണുന്നു. സംസാരിക്കുന്നു. ചിരിക്കുന്നു. നൊമ്പരപ്പെടുന്നു. പ്രണയിക്കുന്നു. ദേഷ്യപ്പെടുന്നു. പകപോക്കുന്നു. തിരിച്ചുപോരുന്നു. എവിടെയും സിനിമയെ കാണാനാകില്ല. കുറേ നേരം കഴിഞ്ഞ് ഓര്‍ത്തുനോക്കണം, അപ്പോള്‍ കാണാം തെല്ലുമാറിനില്‍ക്കുന്ന സിനിമയെ.
ജീവിതത്തോട് അത്രമാത്രം അടുത്തുനില്‍ക്കുകയും ഇറങ്ങിച്ചെല്ലുകയും ക്യാമറ, അഭിനയം തുടങ്ങിയ സാങ്കേതിക പദങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തരത്തില്‍ പരുവപ്പെടുകയാണ് സിനിമ. ഇത് മലയാള സിനിമയ്ക്ക് ശുഭലക്ഷണമാണ്. അമിതാഭിനയും നാടകീയതയും വിട്ട് സിനിമ യാഥാര്‍ഥ്യത്തിലേക്ക് ചുവടുവെച്ചടുക്കുമ്പോള്‍ കലയും ജീവിതവും രണ്ടല്ലാതായി മാറും. മലയാളസിനിമയുടെ വിതാനമാകെത്തന്നെയാകും അപ്പോള്‍ വലുതാകുക.

സ്ത്രീശബ്ദം, മാര്‍ച്ച്, 2016

No comments:

Post a Comment