Friday, 18 March 2016


വജ്രജൂബിലി നിറവില്‍ കാര്‍ഷിക കോളേജ്


രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജകുടുംബം കേരളത്തിലെ കാര്‍ഷികപഠനത്തിന് സംഭാവന നല്‍കിയതാണ് വെള്ളായണിയിലെ കോയിക്കല്‍മൂല കൊട്ടാരം. 1955 മേയ് മാസത്തില്‍ അഗ്രികള്‍ച്ചര്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം 1972ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ഏറ്റെടുത്ത് ഇന്നു നമ്മള്‍ അറിയുന്ന വെള്ളായണി കാര്‍ഷിക കോളേജായി.
വെള്ളായണി കായലിനെ ചുറ്റി കാര്‍ഷികപഠനത്തിന് അനുയോജ്യമാംവിധം പ്രകൃതിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ഈ സ്ഥാപനം വജ്രജൂബിലി ആഘോഷിക്കുകയാണ്. 2015 ആഗസ്റ്റില്‍ ആരംഭിച്ച വജ്രജൂബിലി ആഘോഷ പരമ്പരയ്ക്ക് ഈ ജൂലൈ മാസത്തോടെ സമാപനമാകും. നിരവധി നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കാര്‍ഷിക കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള കാര്‍ഷിക കോളേജ് അറുപതാം പിറന്നാള്‍ വേളയില്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനമെന്നോണം നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തു ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കി നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിരവധി കര്‍ഷകരാണ് പങ്കുചേരുന്നത്. 

42 പുതിയ വിത്തിനങ്ങള്‍
വെള്ളായണി കാര്‍ഷിക കോളേജ് അധ്യാപകര്‍ നടത്തിയ ഗവേഷണഫലമായി 42 പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വന്‍പയര്‍, മാങ്ങാ ഇഞ്ചി, മഞ്ഞള്‍, ഹെലിക്കോണിയ, ആന്തൂറിയം, തീറ്റപ്പുല്ല, ഓര്‍ഗാനിക്ക് വെണ്ട, ഓര്‍ഗാനിക്ക് പയര്‍, ഓര്‍ഗാനിക്ക് ചീര, ഒരു കുഴിയില്‍ കൃഷി ചെയ്യാവുന്ന രണ്ടു വാഴ, മട്ടുപ്പാവിലെ പച്ചക്കറി, ഇടവിളയായ കൂവ, കസ്തൂരിമഞ്ഞള്‍, ഔഷധസസ്യങ്ങള്‍, പാല്‍ക്കൂണ്‍, ഔഷധക്കൂണ്‍ എന്നിവ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ, കൂണ്‍കൃഷി, തേനീച്ചകൃഷി, ചെറുതേനീച്ച വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള സാങ്കേതികവിദ്യ ഇവയൊക്കെ വിവിധ ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. 
ഡോ.പി.ശിവപ്രസാദ്, ഡോ.മീനാകുമാരി എന്നിവരുടെ പ്രവര്‍ത്തനഫലമായി വികസിപ്പിച്ചെടുത്ത ജീവാണുവളങ്ങള്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് സുസ്ഥിര ജൈവകൃഷിക്ക് സഹായകമാകുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗുണമേന്മയുള്ള വിത്തുല്പാദനകേന്ദ്രം അനേകം കര്‍ഷകര്‍ക്ക് അത്താണിയാണ്. 

പച്ചക്കറിയിലെയും പഴങ്ങളിലെയും വിഷാംശം
പച്ചക്കറിയിലും പഴവര്‍ഗ്ഗങ്ങളിലുമുള്ള വിഷാംശം കണ്ടുപിടിക്കാന്‍ കാര്‍ഷിക കോളേജിലെ അധ്യാപകരായ ഡോ.എസ്.നസീമാ ബീവിയും ഡോ.തോമസ് ബിജു മാത്യുവും വിജയിച്ചതോടെ കോടിക്കണക്കിന് ജനങ്ങളെ വിഷാംശത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളില്‍നിന്ന് രക്ഷിക്കാനായി. കാര്‍ഷിക കോളേജിന്റെ ഈ നേട്ടം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തുകയും വിഷാംശമടങ്ങിയ പഴം, പച്ചക്കറി സാധനങ്ങളുടെ വില്‍പനക്കെതിരെ നടപടിയെടുക്കാനുമായി. കേരളം ജൈവകൃഷിയിലേക്ക് നീങ്ങിയതില്‍ ഈ ഗവേഷണ ഫലത്തിന് വലിയ പങ്കുണ്ടെന്നു പറയാം.

തേനീച്ച വളര്‍ത്തല്‍
1990കളില്‍ കേരളത്തില്‍ തകര്‍ന്നുകൊണ്ടിരുന്ന തേനീച്ച വളര്‍ത്തല്‍ പുനരുദ്ധരിക്കാന്‍ ഡോ.എസ്.ദേവനേശന്‍, ഡോ.കെ.എസ്.പ്രമീള എന്നിവരുടെ മേല്‍നോട്ടത്തില്‍ വെള്ളായണി തേനീച്ച പരാഗണ ഗവേഷണകേന്ദ്രം രൂപപ്പെടുത്തിയ നൂതന ശാസ്ത്ര സാങ്കേതികവിദ്യ ഇടയാക്കി. തേനീച്ച വളര്‍ത്തലില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ശില്‍പശാലകള്‍ കാര്‍ഷിക കോളേജ് സംഘടിപ്പിക്കുന്നുണ്ട്. തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ പഞ്ചദിന ബീ കീപ്പേര്‍സ് ഓറിയന്റേഷന്‍ പരിശീലന പരിപാടി ഇപ്പോള്‍ കാര്‍ഷിക കോളേജില്‍ നടന്നുവരികയാണ്.

ശുചിത
മാലിന്യങ്ങള്‍ ഉറവിടത്തില്‍ അന്നന്നുതന്നെ നിക്ഷേപിച്ച് ജൈവവളമാക്കുന്ന 'ശുചിത' എന്ന പദ്ധതിക്ക് കാര്‍ഷിക കോളേജ് തുടക്കമിട്ടു. ഡോ.സുധര്‍മയുടെ ചുമതലയില്‍ നടന്ന ഗവേഷണത്തില്‍നിന്നാണ് ഗാര്‍ഹിക മാലിന്യസംസ്‌കരണത്തിനുള്ള ഈ രീതി വികസിപ്പിച്ചെടുത്തത്. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഈ രീതി വിജയകരമായി പ്രാവര്‍ത്തികമാക്കുന്നുണ്ട്.

ശില്‍പശാലകള്‍, പരിശീലനങ്ങള്‍
കാര്‍ഷിക കോളേജിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ നീരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകള്‍ ശില്‍പശാലകളിലൂടെയും പരിശീലന പരിപാടികളിലൂടെയും കാര്‍ഷിക വികസന ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും ലഭ്യമാക്കുന്നുണ്ട്. സുസ്ഥിരമായ കാര്‍ഷിക വികസനവും സംസ്ഥാനത്തിന്റെ കാര്‍ഷിക സമ്പല്‍സമൃദ്ധിയും ഭക്ഷ്യഭദ്രതയും പാരിസ്ഥിതിക സന്തുലനവും നിലനിര്‍ത്തുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം
വജ്രജൂബിലി ആഘോഷങ്ങളുടെ ബാഗമായി നബാര്‍ഡിന്റെ സഹായത്തോടെ ഐക്യരാഷ്ട സംഘടന ആഹ്വാനം ചെയ്ത അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തില്‍ കാര്‍ഷിക കോളേജും പങ്കുചേര്‍ന്നു. മാര്‍ച്ച് ഒമ്പതുമുതല്‍ 11 വരെ നടന്ന 'പയര്‍വിള വര്‍ധനവിന് കര്‍ഷക പങ്കാളിത്തം' എന്ന വിഷയത്തില്‍ നടന്ന മിനാറില്‍ വന്‍ കര്‍ഷക പങ്കാളിത്തമാണ് ഉണ്ടായതെന്ന് കോളേജ് അധികൃതര്‍ സന്തോഷത്തോടെ പറയുന്നു. 
പയര്‍വര്‍ഗ കൃഷിക്കുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭക്ഷ്യഭദ്രത ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ പോഷിപ്പിക്കുന്ന പയര്‍വര്‍ഗ്ഗവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പോഷകസുരക്ഷ കൈവരിക്കുന്നതിന് അനിവാര്യമാണ്.

കല്ലിയൂര്‍ ഇനി പയര്‍ഗ്രാമം
ലഭ്യമായ സ്ഥലത്ത് ആധുനിക കൃഷിമുറകള്‍ അനുവര്‍ത്തിച്ച് ഉത്പാദനം പരമാവധി വര്‍ധിപ്പിച്ചാല്‍ മാത്രമേ പയര്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനാകൂ. പയര്‍വര്‍ഗ കൃഷിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയും സംസ്ഥാന കൃഷിവകുപ്പും ഒട്ടേറെ പദ്ധതികള്‍  നടപ്പാക്കുന്നുണ്ട്. ഇതിനക്കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കാനും പയര്‍കൃഷിയുടെ ഉത്പാദനവും വിസ്തൃതിയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന കര്‍മപരിപാടികള്‍ നടപ്പിലാക്കാനുമാണ് കാര്‍ഷിക കോളേജ് ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന്റെ സഹായത്തോടെ കാര്‍ഷിക കോളേജ് സ്ഥിതിചെയ്യുന്ന കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനെ പയര്‍ ഗ്രാമമായി ദത്തെടുക്കാന്‍ പദ്ധതി തയ്യാറാക്കിയതായി ഡീന്‍.ഡോ.എസ്.ദേവനേശന്‍ പറഞ്ഞു.

മാതൃഭൂമി, മാര്‍ച്ച് 18, 2016
പുതിയ പോലീസ് സിനിമ; പോലീസ് നായകന്‍

കണ്ടുശീലിച്ച പോലീസ് കഥകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ആക്ഷന്‍ ഹീറോ ബിജു. നമ്മള്‍ ഇതുവരെ കണ്ടത് സിനിമയിലെ പോലീസുകാരെയാണ്. അവര്‍ക്ക് ജീവിതത്തിലെ പോലീസുകാരുമായി വലിയ ബന്ധമൊന്നുമില്ല. സിനിമയ്ക്കു വേണ്ടിയുള്ള രസക്കൂട്ടുകള്‍ ചേര്‍ത്ത് പ്രേക്ഷകനെ ആകാംക്ഷയിലാക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും കൈയ്യടിപ്പിക്കുകയും ചെയ്തവയായിരുന്നു മലയാളത്തിലെ ഭൂരിഭാഗം പോലീസ് സിനിമകളും. ഒറ്റരാത്രികൊണ്ട് അധോലോകത്തിന്റെ വേരറുക്കുകയും കോളനി ഒഴിപ്പിക്കുകയും മന്ത്രിസഭയെ മറിച്ചിടുകയും ചെയ്ത നായകന്മാരുടെ സിനിമകള്‍.
ഇത്തരം കാഴ്ചശീലങ്ങളോട് മാറിച്ചിന്തിക്കാന്‍ പറഞ്ഞാണ് ബിജുവിന്റെ വരവ്. ബിജുവിലൂടെ നമ്മള്‍ കാണുന്നത് യഥാര്‍ഥ പോലീസ് ഓഫീസറെയാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന എബ്രിഡ് ഷൈന്‍ ചിത്രം സഞ്ചരിക്കുന്നത് ഒരു പോലീസുകാരന്റെ യഥാര്‍ഥ ജീവിതത്തിലൂടെയാണ്. സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. പോലീസ് സിനിമ എന്നു കേട്ടാല്‍ കുറ്റാന്വേഷണകഥയെന്നു മാത്രം ചിന്തിക്കുന്ന പ്രേക്ഷകനോട് എബ്രിഡ്‌ഷൈന്‍ പങ്കുവെയ്ക്കുന്നത് നമുക്കുചുറ്റും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കുറെ കാര്യങ്ങളാണ്. അവയൊന്നും കഥകളല്ല; സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. നമ്മുടെയാക്കെ ജീവനും സ്വത്തിനും കാവലാളായ പോലീസുകാര്‍ പുറത്തുണ്ടെന്ന ധൈര്യത്തിലാണ് ഓരോരുത്തരും സൈ്വര്യമായി കിടന്നുറങ്ങുന്നത്. സാധാരണക്കാരന്റെ ഏറ്റവും വലിയ അത്താണി പോലീസ് സ്‌റ്റേഷന്‍ തന്നെയാണെന്നും സിനിമ പറഞ്ഞുവെയ്ക്കുന്നുണ്ട്.

'എ റൈഡ് വിത്ത് എ പോലീസ് ഓഫീസര്‍' എന്ന ടാഗ് ലൈനിനോട് ആക്ഷന്‍ ഹീറോ ബിജു പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുണ്ട്. ജോലിയോടും സമൂഹത്തോടും കൂറുപുലര്‍ത്തുന്ന ബിജു പൗലോസ് എന്ന പോലീസ് ഓഫീസറിലൂടെ സമൂഹത്തോട് പോലീസിന്റെ ഉത്തരവാദിത്തവും പ്രതിബദ്ധതയും ചിത്രം ചര്‍ച്ചചെയ്യുന്നു. രാപകലില്ലാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരായി സ്വന്തം ജീവിതസുഖങ്ങള്‍ മാറ്റിവെച്ച് അധ്വാനിക്കുന്ന ഓരോ പോലീസുകാരനും നല്‍കുന്ന ബിഗ് സല്യൂട്ട് തന്നെയാണ് ഈ സിനിമ. 
1983 എന്ന മികച്ച സിനിമയിലൂടെ തന്റെ സാന്നിധ്യമറിയിച്ച എബ്രിഡ് ഷൈനിന്റെ ഗ്രാഫ് രണ്ടാമത്തെ സിനിമയിലും താഴേക്ക് പോകുന്നില്ല. മാത്രമല്ല, അറിഞ്ഞുചേര്‍ക്കുന്ന വിജയച്ചേരുവകളില്ലാതെ യാഥാര്‍ഥ്യത്തോടു തൊട്ടുനില്‍ക്കുന്ന സിനിമ ഒരുക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. ഒരു പോലീസ് സിനിമയില്‍ നിന്ന് സാധാരണ പ്രേക്ഷകന്‍ എന്തു പ്രതീക്ഷിക്കുന്നുവെന്ന് കൃത്യമായി അറിയാമെങ്കിലും അതിനെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കാതെ പുതിയ കാഴ്ച നല്‍കാനാണ് സംവിധായകന്‍ ശ്രമിച്ചത്. അതില്‍ എബ്രിഡ് ഷൈന്‍ പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു. സ്വാഭാവികമായ ഹാസ്യവും ഒട്ടേറെ ഉപകഥകള്‍ കോര്‍ത്തിണക്കിയ ആഖ്യാനരീതിയും സിനിമയ്ക്ക് പുതുമ നല്‍കുന്നു. ഹീറോയിസം കടന്നുവരുന്നതുപോലും സിനിമ അത്രമേല്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.
ആക്ഷന്‍ ഹീറോ ബിജുവിലൂടെ നിവിന്‍പോളി സ്വന്തം ഇമേജിനെക്കൂടിയാണ് മറികടക്കുന്നത്. എസ്.ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറായി നിവിന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അനായാസവും സ്വാഭാവികവുമായുള്ള അഭിനയത്തിലൂടെ ഈ നടന്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകപ്രീതി നേടിയെടുക്കുന്നു. നെടുങ്കന്‍ ഡയലോഗുകള്‍ പറയാതെ സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന പോലീസ് ഓഫീസര്‍. അയാള്‍ ജനങ്ങളുടെ പരാതി കേട്ട് പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കതിരെ ഒരു സാധാരണ പോലീസുകാരന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു; അമാനുഷികമായി ഒന്നും ചെയ്യുന്നില്ലതാനും. നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടനായിട്ടുപോലും വിജയഫോര്‍മുലകള്‍ക്കു പിറകെ പോകാതെ നല്ല സിനിമയുടെ ഭാഗമാകാനും നിര്‍മിക്കാനും തയ്യാറായതില്‍ നിവിന്‍ അഭിനന്ദനമര്‍ഹിക്കുന്നു. 

പോലീസ് സ്‌റ്റേഷനിലേക്ക് നീതി തേടിവരുന്ന ഓരോ മനുഷ്യരിലും നമുക്ക് നമ്മളെത്തന്നെ കാണാം. അവരുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ നിരന്തരം നേരിടുന്നവയാണ്. അത്തരത്തില്‍ ഒരു പരാതിക്കാരനായി രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സുരാജിന്റെ കഥാപാത്രം നേര്‍ത്ത വിങ്ങലായി തീയറ്റര്‍ വിട്ടുപോന്നാലും പ്രേക്ഷകന്റെ മനസ്സിലുണ്ടാവും. മേഘനാഥന്‍, ദേവി അജിത്, രോഹിണി, ജോജു എന്നിവരുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. 
വളരെ ലളിതമായി കഥപറഞ്ഞുപോകുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ ഹീറോയിസമുണ്ട്, തമാശയുണ്ട്, ജീവിതവും സാമൂഹികതയുമുണ്ട് എന്നാല്‍ അതിമാനുഷിക പ്രകടനങ്ങളോ അവിശ്വസനീയമായ കാര്യങ്ങളോ ഇല്ല. അതുതന്നെയാണ് മലയാളത്തിലെ മികച്ച പോലീസ് സിനിമകളില്‍ ഒന്നായി ഇതിനെ മാറ്റുന്നതും.

ചിത്രഭൂമി, ഫെബ്രുവരി 6, 2016

Wednesday, 16 March 2016

മിജുന് ബൂട്ട് വേണം; ഏഷ്യാകപ്പില്‍ കളിക്കാന്‍

ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്കുവേണ്ടി കളിക്കാനൊരുങ്ങുന്ന താരത്തിന് ബൂട്ട് വാങ്ങാന്‍ കൈയ്യില്‍ കാശില്ല. തീരദേശത്ത് ഫുട്‌ബോള്‍ തട്ടിവളര്‍ന്ന പ്രതിഭയ്ക്ക് ചെറുപ്രായത്തില്‍ കിട്ടിയ വലിയ അംഗീകാരത്തോട് നീതിപുലര്‍ത്താന്‍ ദൈനംദിന ജീവിതപ്രാരാബ്ധം കാരണം വീട്ടുകാര്‍ക്കുമാകുന്നില്ല. വരുന്ന വര്‍ഷം നടക്കുന്ന അണ്ടര്‍ 14 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്നുകാരനാണ് കഷ്ടതകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നിന്ന് രാജ്യാന്തരതലത്തില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം വിഴിഞ്ഞം മുക്കോല കുഴിപ്പള്ളത്ത് വീട്ടില്‍ മത്ത്യാസിന്റെയും റൂബിയുടെയും മകന്‍ മിജുന്‍ മത്ത്യാസാണ് 2017ല്‍ നടക്കുന്ന അണ്ടര്‍ 14 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടിട്ടുള്ളത്.
ഒന്‍പതു വയസു മുതലാണ് മിജുന്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയത്. മകന്റെ ആഗ്രഹം മത്സ്യത്തൊഴിലാളിയായ മത്ത്യാസിന് അറിയാമായിരുന്നെങ്കിലും പണം പ്രോത്സാഹനത്തിന് തടസ്സമായി. അഞ്ചുവര്‍ഷം മുന്‍പ് കടലില്‍ വെച്ച് ബോട്ടുകള്‍ കൂട്ടിയിടിച്ച് മത്ത്യാസിനു നട്ടെല്ലിന് പരുക്കേറ്റിരുന്നു. ചികിത്സയ്ക്ക് വലിയ തുക ചെലവായതോടെ കുടുംബം കടക്കെണിയിലായി. തുടര്‍ന്നാണ് മുന്‍ സന്തോഷ് ട്രോഫി താരവും വിഴിഞ്ഞം സ്വദേശിയുമായ എബിന്‍ റോസിനെ സമീപിച്ചത്. തീരദേശത്തുനിന്ന് നൂറോളം കുട്ടികളെ എബിന്‍ സൗജന്യമായി ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുണ്ട്. അങ്ങനെ ആ കൂട്ടത്തിലേക്ക് മിജുനും എത്തി. ഒന്‍പതു വയസുകാരന്റെ ഫുട്‌ബോള്‍ താല്‍പര്യവും എബിനെപ്പോലുള്ള കോച്ചിന്റെ പരിശീലനവും നാലുവര്‍ഷം കൊണ്ട് മിജുനെ ദേശിയതലത്തില്‍ എത്തിച്ചു. അണ്ടര്‍ 13 വിഭാഗത്തില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ മിജുന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മിജുന്റെ ഇഷ്ടതാരം. റയല്‍ മാഡ്രിഡ് ഇഷ്ടക്ലബ്ബും അര്‍ജന്റീന ഇഷ്ടടീമുമാണ്. സെന്റര്‍ ഹാഫ് ആണ് മിജുന്റെ ഇഷ്ട പൊസിഷന്‍.
വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മിജുന്‍. ഏഷ്യാകപ്പ് ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ക്ലാസ് ടീച്ചറും സഹപാഠികളും ചേര്‍ന്ന് മിജുന് ഒരു ജോടി ബൂട്ട് സമ്മാനിച്ചിരുന്നു. ഇതൊഴിച്ചാല്‍ നാട്ടില്‍നിന്ന് പറയത്തക്ക സഹായമോ പ്രോത്സാഹനമോ ലഭിച്ചില്ല.
മിജുന്റെ അമ്മ പറയുന്നു'എളുപ്പത്തില്‍ ഒഴിവാക്കാവുന്ന എന്തെങ്കിലും ആവശ്യങ്ങള്‍ മാറ്റിവച്ചാലേ കാര്യങ്ങള്‍ പലതും നടക്കൂ. അങ്ങനെ പല ദിവസങ്ങളിലും വീട്ടില്‍ മീനും മറ്റ് സാധനങ്ങളും വാങ്ങാതെ പൈസ മിച്ചം പിടിച്ചാണ് മിജുന് ബൂട്ട് വാങ്ങുന്നത്.' സാമ്പത്തിക ബുദ്ധിമുട്ട് കടുത്തത്തോടെ ശരീരത്തിന്റെ വല്ലായ്കകളെ വകവെയ്ക്കാതെ രണ്ടുവര്‍ഷം മുന്‍പ് മിജുന്റെ പിതാവ് മത്ത്യാസ് വിദേശത്തേക്ക് പോയി. അവിടെ കപ്പല്‍ നിര്‍മ്മാണശാലയില്‍ ജോലിയെടുക്കുന്ന മത്ത്യാസിനു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. സ്വന്തമായി വീടില്ലാത്ത മിജുനും അമ്മയും സഹോദരങ്ങളും ബന്ധുവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായൊരു വീട് മിജുന്റെ സ്വപ്നമാണ്.
മിജുന്റെ സഹോദരന്‍ മിഥുനും ഫുട്‌ബോള്‍ താരമാണ്. ബംഗളൂരുവില്‍ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ കോവളം എഫ്.സി അണ്ടര്‍ 15 ടീമിനെ നയിച്ചത് മിഥുനാണ്. മൂന്നു തവണ ജില്ലാ ടീമിനു വേണ്ടിയും മിഥുന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. മിഥുഷ്ണ സഹോദരിയാണ്.
പരിശീലനത്തിനു ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ വളരെ പരിമിതമായ സ്ഥലത്താണ് മിജുന്‍ ഉള്‍പ്പടെ നൂറോളം പേരെ എബിന്‍ പരിശീലിപ്പിക്കുന്നത്. ഗ്രൗണ്ടിനു വേണ്ടി പലരെയും കണ്ടു. കല്ലുവെട്ടാന്‍കുഴി എസ്.എഫ്.എസ് സ്‌കൂള്‍ അധികൃതര്‍ മാത്രമാണ് തയ്യാറായതെന്ന് കോച്ച് എബിന്‍ പറയുന്നു.
ദിവസവും രണ്ടു മണിക്കൂറാണ് പരിശീലനം. മിജുന്‍ ഉള്‍പ്പടെയുള്ള കുട്ടികള്‍ക്ക് പരിശീലന ശേഷം പോഷകാഹാരത്തിന്റെ ആവശ്യകതയുണ്ട്. എന്നാല്‍ അതിന് വിലങ്ങുതടിയാകുന്നത് സാമ്പത്തികപ്രശ്‌നങ്ങളാണ്. എബിന്‍ പറയുന്നു. മിജുനെപ്പോലെ ഫുട്‌ബോളില്‍ മികവു തെളിയിച്ച ഒട്ടനേകം പ്രതിഭകള്‍ ഉണ്ടെന്നും അവര്‍ക്കുവേണ്ട പ്രോത്സാഹനം ലഭിക്കാത്തതിനാല്‍ മറ്റു വഴികള്‍ തിരഞ്ഞെടുത്ത് പോകുകയാണെന്ന ആശങ്കയും എബിന്‍ പങ്കുവെച്ചു. മിജുനും ആ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുത്തരവാദികള്‍ കായികസമൂഹമല്ലാതെ മറ്റാരുമായിരിക്കില്ല.

മാതൃഭൂമി, മാര്‍ച്ച് 16, 2016

മണ്ണിലിറങ്ങിയ മഹേഷും ബിജുവും

ഉമേഷ്, വിനോദ്, അരുണ്‍, പ്രകാശന്‍, ലാലു, സുനി, രമേശന്‍, കൃഷ്ണന്‍, ഫൈസല്‍, ഗിരി.. കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയിലെ നായകന്മാരുടെ പേരുകളാണിത്. നമ്മുടെ തന്നെ പേരുകള്‍. നമുക്ക് ചുറ്റുമുള്ളവരുടെ പേരുകള്‍. നീയും ഞാനും നായകനും രണ്ടല്ലാതാകുന്ന പ്രേക്ഷക-തിരശ്ശീല ബന്ധത്തിന്റെ നേര്‍ക്കാഴ്ച.
ഘടാഘടിയന്‍ പേരുകളും വീരരസപ്രധാനമായ ഭാവഹാവാദികളും പ്രകടനഘോഷങ്ങളും കണ്ടുമടുത്ത പ്രേക്ഷകരിലേക്ക് ചുറ്റുപാടില്‍നിന്ന് ചിലര്‍ കയറിച്ചെന്ന് തോളില്‍ കയ്യിട്ട് സംസാരിക്കാന്‍ തുടങ്ങുകയാണ്. നമ്മള്‍ നിരന്തരം കണ്ടുമുട്ടുന്നവരും സംസാരിക്കുന്നവരുമാണവര്‍. അവരുടെ സംസാരം നമ്മുടേതുപോലെയാണ്. ഏച്ചുകെട്ടലുകളോ മൂര്‍ച്ചകളോ പ്രാസവടിവോ ഇല്ല. കഷണ്ടിയുള്ളവരും കറുത്തവരും മെലിഞ്ഞവരും തടിച്ചവരുമൊക്കെയാണവര്‍. അവരാരും അമാനുഷരല്ല. വെളുത്തവരോ ചുവന്നവരോ ബലിഷ്ഠകായരോ അല്ല. അവരുടെ പ്രവൃത്തികളും സാധാരണമാണ്; ജീവിതവും അതുപോലെത്തന്നെ.

ഇപ്പറഞ്ഞ വിധമൊക്കെയാണ് പുതിയ മലയാള സിനിമയിലെ ആളുകള്‍. ജീവിച്ചിരിക്കുന്ന കാലത്തെ അതേപടി പകര്‍ത്തിവെയ്ക്കുകയാണ് പുതിയ സിനിമകള്‍. അതിലവയ്ക്ക് യാതൊരു സംശയത്തിനും ഇടയില്ല. അങ്ങനെയാണവ റിയലിസ്റ്റിക്ക് എന്ന വിളി കേള്‍പ്പിക്കുന്നതും. പുതിയ സിനിമകളൊന്നും നായകകേന്ദ്രീകൃതമല്ല. നായകന്‍, നായിക, കഥ, കഥാവളര്‍ച്ച, സംഘര്‍ഷം, കഥാവസാനം തുടങ്ങിയ പതിവുകളെയെല്ലാം അവ തെറ്റിച്ചുകളയുന്നുണ്ട്. നായകനും നായികയുമെല്ലാം മറ്റു കഥാപാത്രങ്ങളെപ്പോലെ കൂട്ടത്തിലൊരാള്‍ തന്നെയാണ്. അങ്ങനെയാണ് പുതുതലമുറ സിനിമകളില്‍ ഫഹദ് ഫാസിലിനോ, നിവിന്‍ പോളിയ്‌ക്കോ, ദുല്‍ഖര്‍ സല്‍മാനോ ഒപ്പം തന്നെ പ്രാധാന്യം വിനയ് ഫോര്‍ട്ടിനും, ചെമ്പന്‍ വിനോദിനും, സുധീര്‍ കരമനയ്ക്കും, രണ്‍ജി പണിക്കറിനും, സണ്ണി വെയ്‌നും, അജു വര്‍ഗ്ഗീസിനും, നീരജ് മാധവിനും, സൗബിന്‍ താഹിറിനും കിട്ടുന്നത്. ഇതിനു പുറമെ പേരുകളാല്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത മറ്റനേകം പേര്‍ താരങ്ങളേക്കാള്‍ വലിയ പേരുകാരാകുന്നതിനും ഇത്തരം സിനിമകള്‍ നിമിത്തമാകുന്നു.
ഋതു, ട്രാഫിക്ക്, തട്ടത്തിന്‍ മറയത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ചാപ്പാകുരിശ്, ഈ അടുത്ത കാലത്ത്, നേരം, അന്നയും റസൂലും, ആമേന്‍, മസാലാ റിപ്പബ്ലിക്ക്, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇയ്യോബിന്റെ പുസ്തകം, 1983, ആട് ഒരു ഭീകരജീവിയാണ്, ലൂക്കാചൂപ്പി, പ്രേമം, ഡബിള്‍ ബാരല്‍ ഇങ്ങനെ തുടര്‍ന്നുപോകുന്ന സിനിമാ പേരുകളില്‍ ഏറ്റവും പുതിയ തുടര്‍ച്ചയാണ് മഹേഷിന്റെ പ്രതികാരവും ആക്ഷന്‍ ഹീറോ ബിജുവും. ഇവയിലൊന്നും ഒരു നായകനെ മാത്രമായി കാണാനാകില്ല. നായകന്‍ മാത്രമാകുമ്പോള്‍ ഈ സിനിമകള്‍ക്കൊന്നും നിലനില്‍പ്പുമില്ല.
ബിജുവും മഹേഷും മണ്ണിലിറങ്ങുന്ന നായകന്മാരാണ്. പേരുകളില്‍ ആക്ഷനും പ്രതികാരവുമൊക്കെയാണുള്ളത്. എന്നാല്‍ ഇവര്‍ തറയില്‍ കാലുറപ്പിച്ചുനിന്ന് നമ്മളിലൊരാളായി ജീവിക്കുന്നവരാണ്. എസ്.ഐ ബിജു പൗലോസിനെ നിത്യജീവിതത്തില്‍ ഏറെ പരിചയമുള്ളൊരാളായി തോന്നും. പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുള്ള അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുള്ള ഒരാള്‍ക്കറിയാം പോലീസുകാര്‍ സിനിമകള്‍ കാണിച്ചുതന്നിട്ടുള്ളതുപോലെ ഭീകരന്മാരോ കോമാളികളോ അല്ലെന്ന്.

സിനിമയ്ക്കു വേണ്ടിയുള്ള രസക്കൂട്ടുകള്‍ ചേര്‍ത്ത് പ്രേക്ഷകനെ ആകാംക്ഷയിലാക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും കൈയ്യടിപ്പിക്കുകയും ചെയ്തവയായിരുന്നു മലയാളത്തിലെ ഭൂരിഭാഗം പോലീസ് സിനിമകളും. ഇത്തരം കാഴ്ചശീലങ്ങളെ ദൂരെ നിര്‍ത്തുകയാണ് മലയാളത്തിലെ ഏറ്റവും പുതിയ പോലീസ് സിനിമ. ബിജുവിലൂടെ നമ്മള്‍ കാണുന്നത് യഥാര്‍ഥ പോലീസുകാരനെയാണ്. സാധാരണക്കാരന്റെ ഏറ്റവും വലിയ അത്താണി പോലീസ് സ്‌റ്റേഷന്‍ തന്നെയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് നീതി തേടിവരുന്ന ഓരോ മനുഷ്യരിലും നമുക്ക് സ്വയം കാണാന്‍ സാധിക്കും. അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതു തന്നെയാണ്. അമാനുഷികരായ പോലീസ് നായകന്മാരുള്ള സിനിമകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുകയാണ് ആക്ഷന്‍ ഹീറോ ബിജു. ഭാവിയില്‍ അത്തരം സിനിമകളെടുക്കാന്‍ ആലോചിക്കുന്നവരെ ഈ സിനിമ ഒന്നിരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച.
ബിജു നമുക്കിടയിലെ പോലീസുകാരനാണെങ്കില്‍ മഹേഷ് നാട്ടിന്‍പുറത്തൊക്കെ ഇപ്പൊഴും കാണാന്‍ സാധിക്കുന്ന ഫോട്ടോഗ്രാഫറാണ്. മഹേഷിന്റെ പ്രതികാരത്തിനുപോലും സൗന്ദര്യമാണ്. അട്ടഹാസങ്ങളോ പോര്‍വിളികളോ ഇല്ലാതെ മഹേഷ് തന്റെ പ്രതികാരം തീര്‍ക്കുമ്പോള്‍ മലയാള സിനിമ ആഖ്യാനത്തിന്റെ പുതുവഴിയാണ് തേടുന്നത്. ഒരു നാടും നാട്ടാരും സ്വാഭാവികമായി എങ്ങനെ പെരുമാറുന്നുവെന്നും ജീവിക്കുന്നുവെന്നും മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ കാണാനാകും. അസ്വാഭാവികത എന്ന വാക്കിന് ഇടമില്ലാത്തവിധം മെനഞ്ഞെടുത്തിരിക്കുന്ന ഈ സിനിമയില്‍ താരശരീരങ്ങളില്ല; മനുഷ്യര്‍ മാത്രമേയുള്ളൂ.
താരങ്ങളില്ലാത്ത സിനിമയ്‌ക്കൊപ്പം ഇടുക്കിയിലേക്കൊരു യാത്ര പോകുന്നു. അവിടെ പ്രകാശ് എന്ന നാടിനെയും നാട്ടാരെയും കാണുന്നു. സംസാരിക്കുന്നു. ചിരിക്കുന്നു. നൊമ്പരപ്പെടുന്നു. പ്രണയിക്കുന്നു. ദേഷ്യപ്പെടുന്നു. പകപോക്കുന്നു. തിരിച്ചുപോരുന്നു. എവിടെയും സിനിമയെ കാണാനാകില്ല. കുറേ നേരം കഴിഞ്ഞ് ഓര്‍ത്തുനോക്കണം, അപ്പോള്‍ കാണാം തെല്ലുമാറിനില്‍ക്കുന്ന സിനിമയെ.
ജീവിതത്തോട് അത്രമാത്രം അടുത്തുനില്‍ക്കുകയും ഇറങ്ങിച്ചെല്ലുകയും ക്യാമറ, അഭിനയം തുടങ്ങിയ സാങ്കേതിക പദങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തരത്തില്‍ പരുവപ്പെടുകയാണ് സിനിമ. ഇത് മലയാള സിനിമയ്ക്ക് ശുഭലക്ഷണമാണ്. അമിതാഭിനയും നാടകീയതയും വിട്ട് സിനിമ യാഥാര്‍ഥ്യത്തിലേക്ക് ചുവടുവെച്ചടുക്കുമ്പോള്‍ കലയും ജീവിതവും രണ്ടല്ലാതായി മാറും. മലയാളസിനിമയുടെ വിതാനമാകെത്തന്നെയാകും അപ്പോള്‍ വലുതാകുക.

സ്ത്രീശബ്ദം, മാര്‍ച്ച്, 2016