Friday, 18 March 2016

പുതിയ പോലീസ് സിനിമ; പോലീസ് നായകന്‍

കണ്ടുശീലിച്ച പോലീസ് കഥകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ആക്ഷന്‍ ഹീറോ ബിജു. നമ്മള്‍ ഇതുവരെ കണ്ടത് സിനിമയിലെ പോലീസുകാരെയാണ്. അവര്‍ക്ക് ജീവിതത്തിലെ പോലീസുകാരുമായി വലിയ ബന്ധമൊന്നുമില്ല. സിനിമയ്ക്കു വേണ്ടിയുള്ള രസക്കൂട്ടുകള്‍ ചേര്‍ത്ത് പ്രേക്ഷകനെ ആകാംക്ഷയിലാക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും കൈയ്യടിപ്പിക്കുകയും ചെയ്തവയായിരുന്നു മലയാളത്തിലെ ഭൂരിഭാഗം പോലീസ് സിനിമകളും. ഒറ്റരാത്രികൊണ്ട് അധോലോകത്തിന്റെ വേരറുക്കുകയും കോളനി ഒഴിപ്പിക്കുകയും മന്ത്രിസഭയെ മറിച്ചിടുകയും ചെയ്ത നായകന്മാരുടെ സിനിമകള്‍.
ഇത്തരം കാഴ്ചശീലങ്ങളോട് മാറിച്ചിന്തിക്കാന്‍ പറഞ്ഞാണ് ബിജുവിന്റെ വരവ്. ബിജുവിലൂടെ നമ്മള്‍ കാണുന്നത് യഥാര്‍ഥ പോലീസ് ഓഫീസറെയാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന എബ്രിഡ് ഷൈന്‍ ചിത്രം സഞ്ചരിക്കുന്നത് ഒരു പോലീസുകാരന്റെ യഥാര്‍ഥ ജീവിതത്തിലൂടെയാണ്. സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത. പോലീസ് സിനിമ എന്നു കേട്ടാല്‍ കുറ്റാന്വേഷണകഥയെന്നു മാത്രം ചിന്തിക്കുന്ന പ്രേക്ഷകനോട് എബ്രിഡ്‌ഷൈന്‍ പങ്കുവെയ്ക്കുന്നത് നമുക്കുചുറ്റും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കുറെ കാര്യങ്ങളാണ്. അവയൊന്നും കഥകളല്ല; സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. നമ്മുടെയാക്കെ ജീവനും സ്വത്തിനും കാവലാളായ പോലീസുകാര്‍ പുറത്തുണ്ടെന്ന ധൈര്യത്തിലാണ് ഓരോരുത്തരും സൈ്വര്യമായി കിടന്നുറങ്ങുന്നത്. സാധാരണക്കാരന്റെ ഏറ്റവും വലിയ അത്താണി പോലീസ് സ്‌റ്റേഷന്‍ തന്നെയാണെന്നും സിനിമ പറഞ്ഞുവെയ്ക്കുന്നുണ്ട്.

'എ റൈഡ് വിത്ത് എ പോലീസ് ഓഫീസര്‍' എന്ന ടാഗ് ലൈനിനോട് ആക്ഷന്‍ ഹീറോ ബിജു പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുണ്ട്. ജോലിയോടും സമൂഹത്തോടും കൂറുപുലര്‍ത്തുന്ന ബിജു പൗലോസ് എന്ന പോലീസ് ഓഫീസറിലൂടെ സമൂഹത്തോട് പോലീസിന്റെ ഉത്തരവാദിത്തവും പ്രതിബദ്ധതയും ചിത്രം ചര്‍ച്ചചെയ്യുന്നു. രാപകലില്ലാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരായി സ്വന്തം ജീവിതസുഖങ്ങള്‍ മാറ്റിവെച്ച് അധ്വാനിക്കുന്ന ഓരോ പോലീസുകാരനും നല്‍കുന്ന ബിഗ് സല്യൂട്ട് തന്നെയാണ് ഈ സിനിമ. 
1983 എന്ന മികച്ച സിനിമയിലൂടെ തന്റെ സാന്നിധ്യമറിയിച്ച എബ്രിഡ് ഷൈനിന്റെ ഗ്രാഫ് രണ്ടാമത്തെ സിനിമയിലും താഴേക്ക് പോകുന്നില്ല. മാത്രമല്ല, അറിഞ്ഞുചേര്‍ക്കുന്ന വിജയച്ചേരുവകളില്ലാതെ യാഥാര്‍ഥ്യത്തോടു തൊട്ടുനില്‍ക്കുന്ന സിനിമ ഒരുക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. ഒരു പോലീസ് സിനിമയില്‍ നിന്ന് സാധാരണ പ്രേക്ഷകന്‍ എന്തു പ്രതീക്ഷിക്കുന്നുവെന്ന് കൃത്യമായി അറിയാമെങ്കിലും അതിനെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കാതെ പുതിയ കാഴ്ച നല്‍കാനാണ് സംവിധായകന്‍ ശ്രമിച്ചത്. അതില്‍ എബ്രിഡ് ഷൈന്‍ പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു. സ്വാഭാവികമായ ഹാസ്യവും ഒട്ടേറെ ഉപകഥകള്‍ കോര്‍ത്തിണക്കിയ ആഖ്യാനരീതിയും സിനിമയ്ക്ക് പുതുമ നല്‍കുന്നു. ഹീറോയിസം കടന്നുവരുന്നതുപോലും സിനിമ അത്രമേല്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.
ആക്ഷന്‍ ഹീറോ ബിജുവിലൂടെ നിവിന്‍പോളി സ്വന്തം ഇമേജിനെക്കൂടിയാണ് മറികടക്കുന്നത്. എസ്.ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറായി നിവിന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അനായാസവും സ്വാഭാവികവുമായുള്ള അഭിനയത്തിലൂടെ ഈ നടന്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകപ്രീതി നേടിയെടുക്കുന്നു. നെടുങ്കന്‍ ഡയലോഗുകള്‍ പറയാതെ സാധാരണ മനുഷ്യരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന പോലീസ് ഓഫീസര്‍. അയാള്‍ ജനങ്ങളുടെ പരാതി കേട്ട് പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കതിരെ ഒരു സാധാരണ പോലീസുകാരന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു; അമാനുഷികമായി ഒന്നും ചെയ്യുന്നില്ലതാനും. നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടനായിട്ടുപോലും വിജയഫോര്‍മുലകള്‍ക്കു പിറകെ പോകാതെ നല്ല സിനിമയുടെ ഭാഗമാകാനും നിര്‍മിക്കാനും തയ്യാറായതില്‍ നിവിന്‍ അഭിനന്ദനമര്‍ഹിക്കുന്നു. 

പോലീസ് സ്‌റ്റേഷനിലേക്ക് നീതി തേടിവരുന്ന ഓരോ മനുഷ്യരിലും നമുക്ക് നമ്മളെത്തന്നെ കാണാം. അവരുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ നിരന്തരം നേരിടുന്നവയാണ്. അത്തരത്തില്‍ ഒരു പരാതിക്കാരനായി രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സുരാജിന്റെ കഥാപാത്രം നേര്‍ത്ത വിങ്ങലായി തീയറ്റര്‍ വിട്ടുപോന്നാലും പ്രേക്ഷകന്റെ മനസ്സിലുണ്ടാവും. മേഘനാഥന്‍, ദേവി അജിത്, രോഹിണി, ജോജു എന്നിവരുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. 
വളരെ ലളിതമായി കഥപറഞ്ഞുപോകുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ ഹീറോയിസമുണ്ട്, തമാശയുണ്ട്, ജീവിതവും സാമൂഹികതയുമുണ്ട് എന്നാല്‍ അതിമാനുഷിക പ്രകടനങ്ങളോ അവിശ്വസനീയമായ കാര്യങ്ങളോ ഇല്ല. അതുതന്നെയാണ് മലയാളത്തിലെ മികച്ച പോലീസ് സിനിമകളില്‍ ഒന്നായി ഇതിനെ മാറ്റുന്നതും.

ചിത്രഭൂമി, ഫെബ്രുവരി 6, 2016

No comments:

Post a Comment