വജ്രജൂബിലി നിറവില്‍ കാര്‍ഷിക കോളേജ്
രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജകുടുംബം കേരളത്തിലെ കാര്‍ഷികപഠനത്തിന് സംഭാവന നല്‍കിയതാണ് വെള്ളായണിയിലെ കോയിക്കല്‍മൂല കൊട്ടാരം. 1955 മേയ് മാസത്തില്‍ അഗ്രികള്‍ച്ചര്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം 1972ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ഏറ്റെടുത്ത് ഇന്നു നമ്മള്‍ അറിയുന്ന വെള്ളായണി കാര്‍ഷിക കോളേജായി.
വെള്ളായണി കായലിനെ ചുറ്റി കാര്‍ഷികപഠനത്തിന് അനുയോജ്യമാംവിധം പ്രകൃതിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ഈ സ്ഥാപനം വജ്രജൂബിലി ആഘോഷിക്കുകയാണ്. 2015 ആഗസ്റ്റില്‍ ആരംഭിച്ച വജ്രജൂബിലി ആഘോഷ പരമ്പരയ്ക്ക് ഈ ജൂലൈ മാസത്തോടെ സമാപനമാകും. നിരവധി നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കാര്‍ഷിക കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള കാര്‍ഷിക കോളേജ് അറുപതാം പിറന്നാള്‍ വേളയില്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനമെന്നോണം നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തു ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കി നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിരവധി കര്‍ഷകരാണ് പങ്കുചേരുന്നത്.
42 പുതിയ വിത്തിനങ്ങള്‍
വെള്ളായണി കാര്‍ഷിക കോളേജ് അധ്യാപകര്‍ നടത്തിയ ഗവേഷണഫലമായി 42 പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വന്‍പയര്‍, മാങ്ങാ ഇഞ്ചി, മഞ്ഞള്‍, ഹെലിക്കോണിയ, ആന്തൂറിയം, തീറ്റപ്പുല്ല, ഓര്‍ഗാനിക്ക് വെണ്ട, ഓര്‍ഗാനിക്ക് പയര്‍, ഓര്‍ഗാനിക്ക് ചീര, ഒരു കുഴിയില്‍ കൃഷി ചെയ്യാവുന്ന രണ്ടു വാഴ, മട്ടുപ്പാവിലെ പച്ചക്കറി, ഇടവിളയായ കൂവ, കസ്തൂരിമഞ്ഞള്‍, ഔഷധസസ്യങ്ങള്‍, പാല്‍ക്കൂണ്‍, ഔഷധക്കൂണ്‍ എന്നിവ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ, കൂണ്‍കൃഷി, തേനീച്ചകൃഷി, ചെറുതേനീച്ച വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള സാങ്കേതികവിദ്യ ഇവയൊക്കെ വിവിധ ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
ഡോ.പി.ശിവപ്രസാദ്, ഡോ.മീനാകുമാരി എന്നിവരുടെ പ്രവര്‍ത്തനഫലമായി വികസിപ്പിച്ചെടുത്ത ജീവാണുവളങ്ങള്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് സുസ്ഥിര ജൈവകൃഷിക്ക് സഹായകമാകുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗുണമേന്മയുള്ള വിത്തുല്പാദനകേന്ദ്രം അനേകം കര്‍ഷകര്‍ക്ക് അത്താണിയാണ്.
പച്ചക്കറിയിലെയും പഴങ്ങളിലെയും വിഷാംശം
പച്ചക്കറിയിലും പഴവര്‍ഗ്ഗങ്ങളിലുമുള്ള വിഷാംശം കണ്ടുപിടിക്കാന്‍ കാര്‍ഷിക കോളേജിലെ അധ്യാപകരായ ഡോ.എസ്.നസീമാ ബീവിയും ഡോ.തോമസ് ബിജു മാത്യുവും വിജയിച്ചതോടെ കോടിക്കണക്കിന് ജനങ്ങളെ വിഷാംശത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളില്‍നിന്ന് രക്ഷിക്കാനായി. കാര്‍ഷിക കോളേജിന്റെ ഈ നേട്ടം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തുകയും വിഷാംശമടങ്ങിയ പഴം, പച്ചക്കറി സാധനങ്ങളുടെ വില്‍പനക്കെതിരെ നടപടിയെടുക്കാനുമായി. കേരളം ജൈവകൃഷിയിലേക്ക് നീങ്ങിയതില്‍ ഈ ഗവേഷണ ഫലത്തിന് വലിയ പങ്കുണ്ടെന്നു പറയാം.
തേനീച്ച വളര്‍ത്തല്‍
1990കളില്‍ കേരളത്തില്‍ തകര്‍ന്നുകൊണ്ടിരുന്ന തേനീച്ച വളര്‍ത്തല്‍ പുനരുദ്ധരിക്കാന്‍ ഡോ.എസ്.ദേവനേശന്‍, ഡോ.കെ.എസ്.പ്രമീള എന്നിവരുടെ മേല്‍നോട്ടത്തില്‍ വെള്ളായണി തേനീച്ച പരാഗണ ഗവേഷണകേന്ദ്രം രൂപപ്പെടുത്തിയ നൂതന ശാസ്ത്ര സാങ്കേതികവിദ്യ ഇടയാക്കി. തേനീച്ച വളര്‍ത്തലില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ശില്‍പശാലകള്‍ കാര്‍ഷിക കോളേജ് സംഘടിപ്പിക്കുന്നുണ്ട്. തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ പഞ്ചദിന ബീ കീപ്പേര്‍സ് ഓറിയന്റേഷന്‍ പരിശീലന പരിപാടി ഇപ്പോള്‍ കാര്‍ഷിക കോളേജില്‍ നടന്നുവരികയാണ്.
ശുചിത
മാലിന്യങ്ങള്‍ ഉറവിടത്തില്‍ അന്നന്നുതന്നെ നിക്ഷേപിച്ച് ജൈവവളമാക്കുന്ന 'ശുചിത' എന്ന പദ്ധതിക്ക് കാര്‍ഷിക കോളേജ് തുടക്കമിട്ടു. ഡോ.സുധര്‍മയുടെ ചുമതലയില്‍ നടന്ന ഗവേഷണത്തില്‍നിന്നാണ് ഗാര്‍ഹിക മാലിന്യസംസ്‌കരണത്തിനുള്ള ഈ രീതി വികസിപ്പിച്ചെടുത്തത്. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഈ രീതി വിജയകരമായി പ്രാവര്‍ത്തികമാക്കുന്നുണ്ട്.
ശില്‍പശാലകള്‍, പരിശീലനങ്ങള്‍
കാര്‍ഷിക കോളേജിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ നീരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകള്‍ ശില്‍പശാലകളിലൂടെയും പരിശീലന പരിപാടികളിലൂടെയും കാര്‍ഷിക വികസന ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും ലഭ്യമാക്കുന്നുണ്ട്. സുസ്ഥിരമായ കാര്‍ഷിക വികസനവും സംസ്ഥാനത്തിന്റെ കാര്‍ഷിക സമ്പല്‍സമൃദ്ധിയും ഭക്ഷ്യഭദ്രതയും പാരിസ്ഥിതിക സന്തുലനവും നിലനിര്‍ത്തുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം
വജ്രജൂബിലി ആഘോഷങ്ങളുടെ ബാഗമായി നബാര്‍ഡിന്റെ സഹായത്തോടെ ഐക്യരാഷ്ട സംഘടന ആഹ്വാനം ചെയ്ത അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തില്‍ കാര്‍ഷിക കോളേജും പങ്കുചേര്‍ന്നു. മാര്‍ച്ച് ഒമ്പതുമുതല്‍ 11 വരെ നടന്ന 'പയര്‍വിള വര്‍ധനവിന് കര്‍ഷക പങ്കാളിത്തം' എന്ന വിഷയത്തില്‍ നടന്ന മിനാറില്‍ വന്‍ കര്‍ഷക പങ്കാളിത്തമാണ് ഉണ്ടായതെന്ന് കോളേജ് അധികൃതര്‍ സന്തോഷത്തോടെ പറയുന്നു.
പയര്‍വര്‍ഗ കൃഷിക്കുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭക്ഷ്യഭദ്രത ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ പോഷിപ്പിക്കുന്ന പയര്‍വര്‍ഗ്ഗവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പോഷകസുരക്ഷ കൈവരിക്കുന്നതിന് അനിവാര്യമാണ്.
കല്ലിയൂര്‍ ഇനി പയര്‍ഗ്രാമം
ലഭ്യമായ സ്ഥലത്ത് ആധുനിക കൃഷിമുറകള്‍ അനുവര്‍ത്തിച്ച് ഉത്പാദനം പരമാവധി വര്‍ധിപ്പിച്ചാല്‍ മാത്രമേ പയര്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനാകൂ. പയര്‍വര്‍ഗ കൃഷിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയും സംസ്ഥാന കൃഷിവകുപ്പും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിനക്കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കാനും പയര്‍കൃഷിയുടെ ഉത്പാദനവും വിസ്തൃതിയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന കര്‍മപരിപാടികള്‍ നടപ്പിലാക്കാനുമാണ് കാര്‍ഷിക കോളേജ് ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന്റെ സഹായത്തോടെ കാര്‍ഷിക കോളേജ് സ്ഥിതിചെയ്യുന്ന കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനെ പയര്‍ ഗ്രാമമായി ദത്തെടുക്കാന്‍ പദ്ധതി തയ്യാറാക്കിയതായി ഡീന്‍.ഡോ.എസ്.ദേവനേശന്‍ പറഞ്ഞു.
മാതൃഭൂമി, മാര്‍ച്ച് 18, 2016
No comments:
Post a Comment